ആ കണ്ണീര് ഉണങ്ങും മുമ്പ് എനിക്ക് അയാൾക്ക് മുന്നിൽ താലികെട്ടാൻ നിന്ന് കൊടുക്കേണ്ടി..

(രചന: ജ്യോതി കൃഷ്ണ കുമാർ)

കാർത്തൂ”””ഡീ എവിടെ പോയി കിടക്കുകയാണ് ഈ നാശം പിടിച്ചവൾ…

സാവിത്രി അലറി വിളിച്ചതും തൊടിയിൽ തെക്കേ പുറത്തേക്ക് മിഴികൾ നട്ട് മൂന്ന് കല്ലറകളോട് തന്റെ പരാതി കെട്ട് അഴിച്ചു വക്കുന്നവൾ ഞെട്ടി എഴുന്നേറ്റു ഓടി…

വല്യമ്മയാണ്… ആ വിളി കേൾക്കുമ്പോൾ അറിയാം എത്ര ദേഷ്യം ഉണ്ട് എന്ന്…

ഇന്നും ചൂരൽ കഷായം കിട്ടും എന്നവൾ ഭീതിയോടെ ഓർത്തു…

കഴിഞ്ഞ ദിവസം തന്നതിന്റെ പാടുകൾ പോലും ദേഹത്തു നിന്നും മാഞ്ഞിട്ടില്ല അതിന്റെ വേദനയും….

കാർത്തിക വേഗം വല്യമ്മയുടെ അടുത്തേക്ക് പോയി… അവിടെ കൊട്ടത്തളത്തിൽ ഇത്തിരി ഏറെ പാത്രങ്ങൾ കഴുകാൻ കിടന്നിരുന്നു…

“” ഇതൊക്കെ നിന്റെ തന്ത വന്ന് കഴുകുമോ “””

കാർത്തികയുടെ കണ്ണിൽ രണ്ട് വലിയ തുള്ളികൾ ഉരുണ്ടു കൂടി വന്നു… അവ അവളുടെ കവിളിനെ നനയിച്ചു താഴേക്കൊഴുകി….

“”” എന്തേലും പറഞ്ഞാൽ തുടങ്ങും അവളുടെ പൂങ്കണ്ണീര് “”””

ഒന്നും മിണ്ടാതെ പാത്രങ്ങൾ കഴുകാൻ ഇരിക്കുമ്പോൾ വല്യമ്മ അവിടെനിന്നും എന്തൊക്കെയോ പിറുപിറുത്ത് ശപിക്കുന്നത് കേട്ടിരുന്നു….

കേട്ടിട്ടും കേൾക്കാത്ത പോലെ ഇരിക്കാൻ അവളുടെ യോഗം…

അല്ലെങ്കിലും പ്രതികരിക്കാനുള്ള തന്റെ അവകാശം എന്നോ നിഷേധിക്കപ്പെട്ടിരിക്കുന്നു …. ആ വീട്ടിൽ ഒരു മാടിനെ പോലെ പണിയെടുത്ത് എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ പാതിരാത്രി യോട് അടുത്ത് കാണും…

അപ്പോഴും ആരും കാണില്ല നീ കഴിച്ചോ???? അല്ലെങ്കിൽ നിനക്ക് വയ്യേ??? എന്നൊന്ന് ചോദിക്കാൻ….

ഒരു വർഷത്തിനു മുന്നെ ഉണ്ടായിരുന്ന തന്റെ സ്വർഗ്ഗം പോലത്തെ ജീവിതം അവളോർത്തു…

ബസ് ഡ്രൈവറായിരുന്നു അച്ഛൻ…. അമ്മ വീട്ടിൽ ഇരുന്ന് നന്നായി തയ്ക്കും…

എന്ത് രസമായിരുന്നു…. ഒരൊറ്റ മോളെ ഉള്ളൂ എന്നതിനാൽ അവർ ഏറെ കൊഞ്ചിച്ചു ആണ് വളർത്തിയത്…..

അച്ഛൻ വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ എനിക്കായി എന്തെങ്കിലുമൊക്കെ കരുതിയിട്ടുണ്ടാകും..

അമ്മ അപ്പോൾ നിങ്ങൾ അവളെ കൊഞ്ചിച്ച് വഷള് ആക്കിക്കോ എന്ന് പറഞ്ഞ് പരിഭവം കാണിക്കും..

അത് കേൾക്കേ അച്ഛൻ, നീ പോടി എന്റെ മോള് വഷളാവത്തൊന്നുമില്ല… എന്നു പറഞ്ഞ് അമ്മയെ നോക്കി കണ്ണുരുട്ടും..

അത് കണ്ട് മനസ്സുനിറഞ്ഞ് ഞാൻ ചിരിക്കും….

എന്റെ ഒരു ആഗ്രഹത്തിനും അവർ എതിര് നിന്നിരുന്നില്ല അച്ഛൻ എന്ത് പറഞ്ഞാലും സാധിച്ചു തന്നിരുന്നു.. അമ്മ ആദ്യം തടസ്സം പറയുമെങ്കിലും പിന്നെ പൂർണ്ണമനസ്സോടെ കൂട്ടുനിൽക്കും…

അതുകൊണ്ട് തന്നെയാണ് കോളേജിൽ
നിന്നും പരിചയപ്പെട്ട സീനിയർ രാഹുലുമായി അടുത്തപ്പോൾ അച്ഛനും അമ്മയും എതിർക്കാഞ്ഞത്…

അച്ഛനോട് പറയാൻ ലേശം ഭയമുണ്ടായിരുന്നു പക്ഷേ കേട്ടപ്പോൾ അച്ഛൻ പറഞ്ഞത് “”””മോളുടെ ഇഷ്ടം എന്താ എന്ന് വെച്ചാൽ അത് നടക്കട്ടെ എന്നായിരുന്നു “””

അങ്ങനെ ആ വിവാഹം നടന്നു… രാഹുൽ ഒരു അനാഥനായിരുന്നു അവന് സ്വന്തം എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല…

അതുകൊണ്ടുതന്നെ എന്റെ അച്ഛനുമമ്മയും അവന് സ്വന്തം അച്ഛനെയും അമ്മയെയും പോലെ ആയിരുന്നു….അവർക്ക് രാഹുൽ സ്വന്തം മകനെ പോലെ ആയി…

പിന്നീടുള്ള ജീവിതം വളരെ മനോഹരമായിരുന്നു സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഞങ്ങൾ അങ്ങനെ കഴിഞ്ഞു ….

അതിനിടയിലാണ് അമ്മയ്ക്ക് പഴനിയിൽ ഒരു നേർച്ച യുണ്ട് എന്ന് പറഞ്ഞത്… ഞങ്ങൾ എല്ലാവരും കൂടി പഴനിയിലേക്ക് തിരിച്ചു…

തിരിച്ചുവരുമ്പോൾ ഒരു ആക്സിഡന്റ് രൂപത്തിൽ അവരെ മൂന്നുപേരെയും വിധി കൊണ്ടുപോയി…

ഞാൻ മാത്രം തനിച്ചായി…

പിന്നെ ആരോരുമില്ലാത്ത ഞാൻ വല്യമ്മയുടെ കൂടെ നിൽക്കാൻ തുടങ്ങി.. ആദ്യമൊക്കെ ഇത്തിരി സ്നേഹവും പരിഗണനയും തന്നു…

അവർക്ക് ഞാനൊരു ബാധ്യതയാവും എന്ന് തോന്നി തുടങ്ങിയതോടുകൂടി അവർ തനി സ്വരൂപം കാണിച്ചു തുടങ്ങി…. അവിടുത്തെ ഒരു ശമ്പളം വേണ്ടാത്ത വേലക്കാരി ആയി മാറിയിരുന്നു ഞാൻ..

ഒരു പരാതിയും പരിഭവവും ഇല്ലാതെ അവിടെ തന്നെ നിന്നു.. കാരണം എന്റെ ജാതകദോഷം ആയി ചിത്രീകരിച്ചിരുന്നു എന്റെ പ്രിയപ്പെട്ടവരുടെ വിയോഗം…..

ഞാനും അതിൽ വിശ്വസിച്ചു പോയി..

അല്ലെങ്കിൽ ഇത്രയും വലിയ ഒരു വിധി എനിക്ക് ദൈവം കാത്തു വക്കുക ഇല്ലായിരുന്നല്ലോ… എല്ലാവരും കണ്ണിനു മുന്നിൽ ഇല്ലാതാകുന്നത് കണ്ടു, പിന്നെയും ജീവിതം ബാക്കി കിടക്കേണ്ടി വരില്ലായിരുന്നു….

ജീവിതം അവസാനിപ്പിക്കുന്നതിന് പറ്റി പലകുറി ചിന്തിച്ചതാണ് പക്ഷേ എന്തോ ഒരു ഭയം…

ദൈവം തന്ന ജീവിതം സ്വയം ഇല്ലാതാക്കാൻ ഒരു മടി… ജീവിക്കാൻ ഒട്ടും ആശ ഇല്ലാതിരുന്നിട്ടുകൂടി ജീവിച്ചു..
എല്ലാം സഹിച്ച് ഒരു വേലക്കാരിയെ പോലെ..

ആയിടയ്ക്കാണ് അടുത്ത വീട്ടിൽ കുറച്ച് താമസക്കാർ വന്നത്..

ഒരു അമ്മയും അച്ഛനും അവരുടെ പോളിയോ ബാധിച്ച മകനും മിടുക്കിയായ ഒരു മകളും…. മകൾക്ക് ഏകദേശം എന്റെ പ്രായം കാണും മിടുക്കിയായി പഠിക്കുകയാണ് അവൾ…

അത്യാവശ്യം നല്ല പണക്കാര് തന്നെ ആയിരുന്നു….. അച്ഛനും അമ്മയ്ക്കും ഗവൺമെന്റ് ജോലി ഉണ്ടായിരുന്നു… അവർ ഇപ്പോൾ റിട്ടേഡ് ആയിട്ടുണ്ട്

എന്റെ ദുരിതം കണ്ട് ആ അമ്മ അവിടെ നിന്ന് അലിവോടെ നോക്കുന്നത് കാണാം…….

പക്ഷേ അവർക്ക് മുഖം കൊടുക്കാറില്ല… അല്ലെങ്കിൽ തന്നെ ആരുടെയെങ്കിലും സഹതാപം കിട്ടിയിട്ട് എന്താണ് കാര്യം…
മടുത്തിരിക്കുന്നു ആളുകളുടെ സഹതാപത്തോടെ ഉള്ള നോട്ടം കണ്ടു…..

ഒരിക്കൽ അവർ വലിയ അമ്മയോട് ഒന്ന് ചോദിക്കട്ടെ അവരുടെ മകനായി എന്നെ കൊടുക്കുമോ എന്ന്….

വല്യമ്മയ്ക്ക് ഒരു നൂറുവട്ടം സമ്മതമായിരുന്നു കാരണം ബാധ്യത തലയിൽനിന്നും ഒഴിയും അല്ലോ….

എന്റെ സമ്മതമോ അറിവോ ഇല്ലാതെ അവർക്ക് വാക്ക് കൊടുത്തു….

ഇനി ഞാൻ അറിഞ്ഞിട്ടും വലിയ വിശേഷം ഒന്നും ഉണ്ടായിരുന്നില്ല എനിക്ക് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല…

എന്റെ നഷ്ടങ്ങൾ മനസ്സിൽ നിന്നും മായും മുമ്പ് ആ കണ്ണീര് ഉണങ്ങും മുമ്പ് എനിക്ക് അയാൾക്ക് മുന്നിൽ താലികെട്ടാൻ നിന്ന് കൊടുക്കേണ്ടി വന്നു…

വീൽ ചെയറിൽ ഇരുന്ന് അയാൾ എന്റെ കഴുത്തിൽ താലി കെട്ടി…

അവിടെ ചെന്ന് കയറിയപ്പോൾ അമ്മ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു…

അച്ഛനും അമ്മയ്ക്കും അനിയത്തി കുട്ടിക്കും എന്നെ ഭയങ്കര ഇഷ്ടമായിരുന്നു….പുതിയൊരു ലോകത്തെത്തപ്പെട്ടപോലെ….

പക്ഷേ അരുൺ എന്ന അവരുടെ മകനുമായി മാത്രമേ എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്റെ മനസ്സിൽ രാഹുൽ ഇങ്ങനെ കിടക്കുന്നത് കൊണ്ടായിരിക്കും….

എന്റെ പെരുമാറ്റം കണ്ടിട്ടോ എന്തോ അരുൺ ഏട്ടനും എന്നോട് കൂടുതൽ സംസാരത്തിനോ ബുദ്ധിമുട്ടിക്കാനോ വന്നില്ല…

അതൊരു ഭാഗ്യമായി ഞാൻ കരുതി..

എനിക്കെന്തോ അരുണിനെ ഫേസ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു മനസ്സ് രാഹുലിൽ നിന്നും തീരെ വിട്ടുപോന്നിട്ടുണ്ടായിരുന്നില്ല…

ഒരിക്കൽ എല്ലാവരും കല്യാണത്തിനു പോയ ഒരു ദിവസം അരുണേട്ടൻ വെള്ളം എടുക്കാൻ വേണ്ടി അടുക്കളയിലെത്തി..

അടുക്കളയുടെ സ്ലാബ്ബിൽ വച്ച വെള്ളം കുപ്പി അദ്ദേഹത്തിന് എത്തുന്നതിനും അപ്പുറത്തായിരുന്നു…. കുറേ പരിശ്രമിച്ചു എന്നിട്ടും എന്നോട് ഒന്ന് എടുത്തു തരാൻ പോലും പറഞ്ഞില്ല…

പെട്ടെന്ന് അതിനിടയിൽ വീൽചെയറിൽ നിന്ന് അദ്ദേഹം താഴത്തേക്ക് വീണിരുന്നു…

ശബ്ദം കേട്ട് ഞാൻ ഓടി വന്നു…

പിടിച്ച് എഴുന്നേൽപ്പിച്ച് വീൽചെയറിൽ ഇരിക്കുമ്പോഴും വേണ്ട എന്ന് പറഞ്ഞിരുന്നു…

വയ്യാത്ത ആളുടെ ആത്മാഭിമാനം അവിടെ മുറിപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി… എന്റെ സഹായം ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും… ഒരുപക്ഷേ ഞാൻ കാണിക്കുന്ന അവഗണന ആവാം കാരണം…

അയാളോട് ചെയ്യുന്നത് തെറ്റാണെന്ന് ആ ഒരു നിമിഷത്തിൽ എനിക്ക് ബോധ്യപ്പെട്ടു… പക്ഷേ അത്രയും ആയപ്പോഴേക്കും ആ മനസ്സ് എന്നിൽ നിന്നും ഒത്തിരി അകന്നിരുന്നു….

മെല്ലെ അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധയോടും അധികം സ്നേഹത്തോടും ഞാൻ ചെയ്യാൻ ശ്രമിച്ചു….

എന്നോടുള്ള മനസ്ഥിതിക്ക് മാറ്റം വന്നു..
പതിയെ അദ്ദേഹം എന്നെ സ്നേഹിച്ചു തുടങ്ങി…

പോയ കാലത്തിന്റെ കുഴിമാടങ്ങൾ തിരയാതെ…. വർത്തമാനകാലത്തിലെ നന്മകൾ ഉൾക്കൊണ്ട ജീവിക്കാൻ ഞാൻ അവിടെ പഠിച്ചു…. അല്ലെങ്കിൽ മുന്നോട്ടു പോകാൻ കഴിയില്ല എന്നും…

ഇന്ന് എനിക്ക് ചുറ്റും ധാരാളം സ്നേഹിക്കുന്നവർ ഉണ്ട്… അതിൽ തന്നെ എന്നെ പ്രാണൻ പോലെ കരുതുന്ന അരുണേട്ടനും…

ഒന്നു കൊടുത്താൽ ഒരു 100 ഇരട്ടിയായി അദ്ദേഹം സ്നേഹം തിരിച്ചു തന്നു…

നഷ്ടപ്പെട്ടത് ഏറെ വലുതാണെങ്കിൽ പോലും ഒരു ചെറിയ കച്ചിത്തുരുമ്പ് എനിക്ക് ഇട്ട് തന്ന ദൈവത്തിനോട് നന്ദി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *