സ്വന്തം ഭർത്താവിന് പെണ്ണാലോചിക്കാൻ ആണ്, അയാളെ കണ്ടതും അമ്മായിയമ്മ സ്വീകരിച്ചിരുത്തി, അയാൾ ആതിരയെ..

(രചന: J. K)

കല്യാണ ബ്രോക്കർ വീട്ടിലേക്ക് ഒരു കെട്ട് പെണ്ണുങ്ങളുടെ ഫോട്ടോയുമായി വന്നത് കണ്ട് ആതിര ഞെട്ടി..

സ്വന്തം ഭർത്താവിന് പെണ്ണാലോചിക്കാൻ ആണ്… അയാളെ കണ്ടതും അമ്മായിയമ്മ സ്വീകരിച്ചിരുത്തി…

അയാൾ ആതിരയെ ഒന്ന് നോക്കിയിട്ട് ചോദിച്ചു..

“”അല്ല ഈ കുട്ടി പോയില്ലേ.?? പിന്നെ എങ്ങനെയാ കാര്യങ്ങൾ നടക്കുന്നത് എന്ന്..

“” അവൾ അവിടെ ഉള്ളതും ഇല്ലാത്തതും ഒക്കെ കണക്കാ നിങ്ങൾ നല്ല ഒരു കല്യാണ ആലോചന നോക്കി പറ…. ഞങ്ങൾ പറഞ്ഞ പൈസ കിട്ടണം സ്വർണവും അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ പറ””

എന്നുപറഞ്ഞു അമ്മായിയമ്മ…
ആതിര വേഗം മുറിയിലേക്ക് പോയി അവിടെ സുഭാഷ് ഉണ്ടായിരുന്നു എങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്..

“” നിങ്ങളും കൂടി അറിഞ്ഞിട്ടുള്ള കളിയാണോ ഇതെല്ലാം”” എന്ന് ചോദിച്ചപ്പോൾ പുച്ഛത്തോടെ അയാൾ ആതിരയെ നോക്കി എന്നിട്ട് പറഞ്ഞു,

“”ആ ബ്രോക്കർ കൃഷ്ണൻ ചേട്ടൻ വന്നതാണെങ്കിൽ എന്റെ അറിവോടുകൂടി തന്നെയാണ് നിനക്ക് എന്താടി വേണ്ടത് എന്തെങ്കിലും നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ നീ പോയി കാണട്ടെ നിന്റെ മിടുക്ക് എന്ന്!!”

“” നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നു. എന്റെ പുറകെ നടന്നപ്പോൾ ഇതൊന്നുമായിരുന്നില്ലല്ലോ.. “”

എന്ന് പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു..

“” അന്ന് ഞാൻ വിചാരിച്ചത് നിന്നെ ഇങ്ങോട്ട് വിടുമ്പോൾ എന്തെങ്കിലുമൊക്കെ നിന്റെ വീട്ടുകാർ നിന്റെ കയ്യിലും ഒക്കെ ഇട്ടു തരും എന്നല്ലേ ഇത് അവർക്കും വേണ്ടാതെ ചെലവാകാതെ വച്ചിരിക്കുന്ന സാധനമാണെന്ന് ഞാൻ അറിഞ്ഞു ഇങ്ങോട്ട് ഉന്തി തള്ളി വിടുവല്ലായിരുന്നോ…””

അത് കേട്ടതും അവൾക്ക് വല്ലാതെയായി..
തനിക്ക് ഇത് കിട്ടണം അച്ഛനോടും അമ്മയോടും താൻ ചെയ്ത തെറ്റ് അത്രയ്ക്ക് വലുതാണ് ഇതിൽ കൂടുതൽ താൻ അർഹിക്കുന്നു ആതിര ഓർത്തു..

വായിൽ വെള്ളി കരണ്ടിയും ആയിട്ടാണ് തന്റെ ജനനം.. കൊട്ടാരം പോലൊരു വീട് അത്യാവശ്യത്തിന് ഇട്ടു മൂടാൻ പണം സ്നേഹം ഉള്ള ഒരു അച്ഛനും അമ്മയും തന്നെ ഒരു കുഞ്ഞിനെപ്പോലെ നോക്കുന്ന ഒരു ഏട്ടൻ എല്ലാം ഉണ്ടായിരുന്നു ഒരുകാലത്ത് തനിക്ക്..

അച്ഛന് രണ്ടുമൂന്നു ബസ് ഉണ്ടായിരുന്നു ചേട്ടനും അച്ഛനും കൂടിയാണ് എല്ലാം നോക്കി നടത്തിയിരുന്നത് ബസിലെ കണ്ടക്ടർ ആയിരുന്നു സുഭാഷ്..

താൻ കോളേജിലേക്ക് ഇടയ്ക്ക് പോയിരുന്നത് ഈ ബസ്സിലാണ് അങ്ങനെയാണ് അയാളെ പരിചയപ്പെട്ടത് പിന്നെ അയാളെ കാണാൻ മാത്രമായി ബസ്സിൽ കയറാൻ തുടങ്ങി..

അത് പ്രണയമായി അയാളെ തനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല എന്ന അവസ്ഥയായി വീട്ടുകാർ അറിഞ്ഞതോടു കൂടി വലിയ പ്രശ്നമായി വേറെ വിവാഹം ആലോചിച്ചു അത് ഉറപ്പിച്ചു…

ചേട്ടനും അച്ഛനും കാലുപിടിച്ച് പുറകെ നടന്നു പറഞ്ഞതാണ് ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ സുഭാഷ് നല്ലവനല്ല എന്ന്..പക്ഷേ അന്നൊന്നും അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല പ്രണയം തലയ്ക്കു പിടിച്ച അവസ്ഥയായിരുന്നു

മറ്റൊരു വിവാഹം ഉറപ്പിച്ചതും വീട്ടിൽ പൂട്ടിയിട്ടിരുന്നു കല്യാണത്തിന്റെ തലേദിവസം സുഭാഷ് ഒരു കൂട്ടുകാരന്റെ കൈവശം ഒരു എഴുത്തു കൊടുത്തയച്ചു

എല്ലാവരും ഉറങ്ങിയതിനു ശേഷം അയാൾ പുറകുവശത്ത് വരും എന്നും ഇറങ്ങി വരണമെന്ന് അയാൾ പറഞ്ഞത് പ്രകാരം എല്ലാവരും ഉറങ്ങിയതിനു ശേഷം പുറകുവശത്തെ വാതിൽ വഴി പുറത്തേക്ക് കടന്നു..

കല്യാണത്തിന്റെ തലേദിവസം ആയതുകൊണ്ട് ആരും ഇങ്ങനെയൊരു ചതി എന്നിൽ നിന്നും പ്രതീക്ഷിച്ചുകാണില്ല..

പിറ്റേദിവസം വരുന്ന ചെറുക്കന്റെയും കൂട്ടരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിവരുന്ന അച്ഛന്റെയും ചേട്ടന്റെയും അവസ്ഥ പോലും ആലോചിക്കാതെ ഞാൻ അയാളുടെ കൂടെ ഇറങ്ങിപ്പോയി..

എല്ലാവരുടെയും മുന്നിൽ അപമാനിച്ച് ഇറങ്ങിപ്പോയത് കൊണ്ടാവാം എത്രത്തോളം എന്നെ സ്നേഹിച്ചിരുന്നുവോ അത്രത്തോളം അവർക്ക് വെറുപ്പ് ആയത് ഇനി ഒരിക്കലും ആ പടി കയറരുത് എന്ന് പറഞ്ഞിരുന്നു എന്നോട്…

അന്നും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല സുഭാഷിന്റെ പ്രണയം എന്നെ അന്ധയാക്കി..

ഇപ്പോൾ തെറ്റി നിന്നാലും കുറച്ചുകാലം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നെ അവിടേക്ക് തിരിച്ചു വിളിക്കും പിന്നെ അവിടുത്തെ സ്വത്ത് അയാൾക്കും കൂടി കിട്ടും എന്നൊക്കെയാണ് സുഭാഷ് കരുതിയിരുന്നത്

പക്ഷേ അച്ഛനും ചേട്ടനും വർഷം മൂന്നു കഴിഞ്ഞിട്ടും യാതൊരുവിധ കോംപ്രമൈസിനും തയ്യാറായില്ല..

വന്നു കേറിയ ഉടൻ അമ്മ മകനെ ഉപദേശിക്കുന്നതും കേട്ടിരുന്നു വേഗം നിങ്ങൾക്ക് ഒരു കുഞ്ഞാവണം അതിനെ വെച്ച് നമുക്ക് വില പേശാമെന്ന്..

വന്നു കയറി അല്പം കഴിയുന്നതിനുമുമ്പ് തന്നെ ഏകദേശം ഇവരുടെയെല്ലാം സ്വഭാവം എനിക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെയാണ് ഉടൻ ഒരു കുഞ്ഞു വേണ്ട എന്ന് ഞാൻ തീരുമാനിക്കാനും കാരണം..

ക്രമേണ എന്റെ വീട്ടുകാർ എന്നെ അങ്ങോട്ട് തിരിച്ചു വിളിക്കുമെന്ന് അവരുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു അതോടുകൂടി ഞാൻ ഇവർക്ക് ഒരു ശല്യം ആകാൻ തുടങ്ങി ആദ്യം വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന അമ്മ പിന്നെ കുത്തുവാക്കുകൾ കൊണ്ട് മൂടി..

ഇതിപ്പോ വലിയ ഇടത്തുനിന്നാ പെണ്ണ് കൊണ്ടുവന്നത് എന്ന് പറഞ്ഞിട്ടെന്താ ധർമ്മ കല്യാണം കഴിച്ചത് പോലെ ആയില്ലേ എന്ന് അമ്മ കൂടെക്കൂടെ പറയുമായിരുന്നു..

എന്നോടുള്ള പ്രണയം കൊണ്ടൊന്നുമല്ല എന്റെ അച്ഛന്റെ കയ്യിലെ പണം കണ്ടിട്ടാണ് ഈ വിവാഹം സുഭാഷ് നടത്തിയത് തന്നെ എന്ന് എനിക്ക് ഏറെ വൈകാതെ തന്നെ മനസ്സിലായിരുന്നു

എങ്കിലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അവിടെ തന്നെ കടിച്ചുപിടിച്ചു നിന്നു..

സുഭാഷിനെ വേറെ വൃത്തികെട്ട സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് ആരൊക്കെയോ പറഞ്ഞു ഞാൻ അറിഞ്ഞു. അത് ചോദ്യം ചെയ്തതിന് ഒരുപാട് മർദ്ദിച്ചിരുന്നു…

എന്നോട് വല്ല ഇടത്തേക്കും ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അല്ലെങ്കിൽ പോയി ചാവ് അങ്ങനെയെങ്കിലും ആയാളെ ഈ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പറഞ്ഞു…

എനിക്ക് എന്ത് വേണം എന്നറിയില്ലായിരുന്നു അങ്ങനെയാണ് അവർ പുതിയ കല്യാണ ആലോചന തുടങ്ങിയത്..

അവർക്ക് ഇപ്പോൾ മകനെ കൂടുതൽ സ്ത്രീധനം മേടിച്ച് കല്യാണം കഴിപ്പിക്കണം അതിന് തടസ്സം ഞാനും എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം അത് മാത്രമായിരുന്നു അവരുടെ ചിന്ത..

ഏതോ പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു അവർ ഇത്ര സ്ത്രീധനം തരാം എന്നൊക്കെ പറയുന്നുണ്ട് എന്നൊക്കെ ചർച്ച നടക്കുന്നത് കേട്ടു. അത് കേട്ട് എനിക്ക് സഹിച്ചില്ല ആരും ഇല്ലാത്തതു പോലെ തോന്നി അതുകൊണ്ടാണ് ഉറക്കഗുളിക കുറെ എണ്ണം എടുത്തു കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്….

ദൈവത്തിനു പോലും വേണ്ടാതായി ആവണം മരിക്കാതെ പിന്നെയും അവശേഷിച്ചത്.

അവരെന്നെ ധർമ്മത്തിൽ കൊണ്ട് തള്ളി ആരും തിരിഞ്ഞു പോലും നോക്കിയില്ല അവിടെ നിന്ന് ആരോ പറഞ്ഞിട്ട് എന്നെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു ആ കാലുപിടിച്ച് ഞാൻ കരഞ്ഞു..

എന്നോട് ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ലെങ്കിലും എന്നെ വീട്ടിലേക്ക് കൂട്ടി.. ഏട്ടൻ എന്റെ അടുത്തേക്ക് പോലും വന്നില്ല ഒരുകാലത്ത് എന്നെ സ്വന്തം മോളെ പോലെ നോക്കിയതാണ് കുറ്റബോധം കൊണ്ട് ഞാൻ നിന്ന് നീറി എല്ലാം എന്റെ തെറ്റാണ്..

എനിക്കറിയാമായിരുന്നു ഏറെക്കാലം അവർക്ക് എന്നോട് ദേഷ്യം വച്ച് പുലർത്താൻ പറ്റില്ല എന്ന് സത്യമായിരുന്നു അത് എന്നോട് അച്ഛൻ മിണ്ടാൻ തുടങ്ങി ക്രമേണ ഏട്ടനും…

അത് മതിയായിരുന്നു എനിക്ക് ഞാൻ വീണ്ടും അവിടുത്തെ ആ പഴയ ആതു വായി മാറി…

വീട്ടിൽ എന്നെ കേറ്റി എന്നറിഞ്ഞതും സുഭാഷും അമ്മയും തേനിൽ പുരട്ടിയ വാക്കുകളുമായി കാണാൻ വന്നിരുന്നു.. ഇത്തവണ ഞാൻ തന്നെയാണ് അച്ഛനോടും ഏട്ടനോട് പറഞ്ഞത് അവരെ അടിച്ചിറക്കാൻ. ഇനി അങ്ങനെ ഒരു ബന്ധം വേണ്ട എന്ന്…

എന്നോട് പകരംവീട്ടും ഇനി സുഖമായി ജീവിക്കാൻ അനുവദിക്കില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി അയാൾ പോയി പക്ഷേ എന്റെ അച്ഛനും ഏട്ടനും കൂടെയുണ്ടെങ്കിൽ എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു..

നിർത്തിവച്ച എന്റെ പഠനം തുടർന്നു ഒപ്പം
നല്ലൊരു വിവാഹാലോചന അവരായിട്ട് തന്നെ കൊണ്ടുവന്നു… പിന്നെ തടസ്സം പറയാൻ തോന്നിയില്ല…

മുൻപ് നടന്നതെല്ലാം ഒരു ദുസ്വപ്നമായി കരുതി ഇപ്പോൾ മനോഹരമായ ഒരു ജീവിതത്തിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുകയാണ്…

സുനീഷേട്ടനോട് എല്ലാം ഞാൻ പറഞ്ഞിരുന്നു.. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അദ്ദേഹം എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് എന്നെ സ്വീകരിക്കുന്നത്..

അതുകൊണ്ടുതന്നെ എന്റെ ഭാവിയോർത്ത് എനിക്കൊരു വ്യാകുലതയും ഇല്ല.. പോരാത്തതിന് അച്ഛനും ഏട്ടനും എന്റെ കൂടെ ഉണ്ടാവുമല്ലോ…