അയാളുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി, കേൾക്കാൻ പാടില്ലാത്ത..

(രചന: Joseph Alexy)

ഇന്നത്തെ വെയിലിന് ചൂട് കൂടുതൽ ആണ്.. സാരമില്ല വൈകുന്നേരം കൂലി കയ്യിൽ കിട്ടണമെങ്കിൽ സഹിച്ചേ പറ്റൂ..

അയാൾ ഒന്ന് നടു നിവർത്തി. നെറ്റിയിൽ നിന്നും വിയർപ്പ് ചാലിട്ട് ഒഴുകുന്നു ശരീരം ചുട്ടു പൊള്ളുന്നു….

വേനൽ ചൂടിൽ ഉച്ച പണി പാടില്ല എന്നൊക്കെ പറയുന്നത് കേട്ടു..
മുതലാളിയോട് പറഞ്ഞപ്പോൾ ‘ മടി ‘ ആണേൽ വരണ്ടാന്ന്…

മകളുടെ മുഖം ഓർമ വരുമ്പോൾ ഈ വെയിലിനു ചൂട് കുറയും.. തളർച്ചക്ക് മുകളിൽ ഒരു പിതാവിന്റെ കടമകൾ പുഞ്ചിരിക്കും ..

ഏത് പൊരി വെയിൽ ആണേലും കുടുംബം നോക്കാൻ വേണ്ടി പിന്നെ അങ്ങ് ചോര വിയർപ്പ് ആക്കി പണി എടുക്കും.

പതിവ് പോലെ കരിങ്കല്ലിനോട്‌ ഉള്ള മൽ പിടിത്തം കഴിഞ്ഞ് വൈകുന്നെരം കൂലിയും കാത്ത് നിക്കുമ്പോൾ നൂറു കൂട്ടം കാര്യങ്ങൾ മനസ്സിലെക്ക് ഓടി വരും

കൂലി കിട്ടിയാൽ പിന്നെ വീട്ടിലെക്ക് വിളിച്ചു എന്തേലും വാങ്ങാൻ ഉണ്ടോന്ന് ഒരു ചെറിയ കണക്ക് എടുപ്പ്.. അങ്ങാടിയിൽ കുശലം പറഞ്ഞു ഒരു ചായ കുടി..

പിന്നെ ശരീരത്തിന്റെ വേദനയും പൊള്ളലും അറിയാതെ ഇരിക്കാൻ ഇത്തിരി ‘ ചുവപ്പും ‘

മകൾക്ക് ഇഷ്ടപെട്ട പലഹാരവും കുറച്ചു സാധനങ്ങളും വാങ്ങി പുറപ്പെട്ടു രാത്രിക്ക് മുന്നേ വീട്ടിൽ എത്തി.

വന്ന് കയറിയപ്പോൾ തന്നെ ഹാളിൽ നിന്നും അഞ്ച് വയസ്സ് കാരി മകൾ ഓടി വന്നു..

കയ്യിൽ നിന്നും പലഹാരത്തിനൊപ്പം കോരി എടുത്ത് അപ്പന്റെ വക കുറച്ചു ഉമ്മകൾ കൂടി ‘ പിന്നെ ആർക്ക് വേണ്ടിയാ കുഞ്ഞേ അപ്പൻ കഷ്ടപെടുന്നത് ‘

തന്റെ സ്നേഹ പ്രകടനം കണ്ടിട്ട് ആവും ഭാര്യ ഒളിഞ്ഞു നോക്കുന്നു ‘ നേരെ കുളിക്കാൻ കയറി..

തിരിച്ച് ഇറങ്ങിയപ്പോൾ ഭാര്യ മകളെ അവൾക്ക് അരികിൽ ചേർത്ത് പിടിച്ചിരിക്കുന്നു. അമ്മയും മോളും കൂടി ‘ കാര്യമായ എന്തോ ചർച്ചയിൽ ആണല്ലോ ‘

” മോളെ അറിയാത്ത ആര് വിളിച്ചാലും
മോള് അടുത്ത് പോവരുത് ട്ടോ ” ഭാര്യയുടെ വാക്കുകൾ കേട്ട അയാൾ ചെറുതായി അങ്ങോട്ട് ശ്രെദ്ധിച്ചു.

‘ മോളു.. അമ്മ ഇല്ലാത്തപ്പോൾ അപ്പൻ മോൾക്ക് ഉമ്മ തരാറുണ്ടോ ?? ”

മകൾ ഉണ്ടെന്ന് തല അനക്കി.

” എവിടെയാ ഉമ്മ തരാ?? ”

അവൾ ആകാംഷയോടെ ചോദിക്കുന്നു
മകൾ കവിളും നെറ്റി തടവും കാണിച്ചു കൊടുത്തു.

” അമ്മ ഇല്ലാത്തപ്പോൾ അപ്പ ഉമ്മ തന്നാലൊ എവിടേലും തൊട്ടാലൊ അമ്മയോട് പറയണം പിന്നെ എവിടെയാന്നും പറയണം
കേട്ടോ ?? ”

മകൾ തല അനക്കി അയാളുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയി..

കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെ തനിക്ക് അവകാശമില്ലാത്ത ഏതോ കൂട്ടത്തിൽ ഒറ്റപ്പെട്ട് പോയ പോലെ അയാൾ കിതച്ചു… കുറച്ചു വെളളം എടുത്ത് കുടിച്ചു..

പിന്നെ മുഖത്തു ഒരു പുഞ്ചിരി വരുത്തി അവരെ കടന്ന് പോയി കട്ടിലിൽ കിടന്നു
നെഞ്ചിൽ എന്തോ ഭാരം തങ്ങി നില്ക്കുന്നു..

” എന്താ നേരത്തെ കിടന്നേ ?? ” ഭാര്യ വാതിൽ പടിയിൽ.

” തളർന്നിരിക്കുന്നു.. വെയിലിനു ഇത്തിരി ചൂട് കൂടുതൽ ആണ് ”

അയാൾ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു.

ആരെ കുറ്റപെടുത്തും.?? ആരെ ന്യായികരിക്കും ഭയം എല്ലാവരെയും കീഴ്പെടുത്തിയിരിക്കുന്നു.. കാലം ഇതായിപോയല്ലോ?

Leave a Reply

Your email address will not be published. Required fields are marked *