അമ്മയെ ഒറ്റയ്ക്ക് നിർത്തി ഒന്നും കഴിക്കുന്ന ശീലം എന്തോ എന്റെ മനസിന്‌ ഒരു വിങ്ങൽ..

അമ്മ
(രചന: Jomon Joseph)

“എത്ര പറഞ്ഞാലും, എത്ര എഴുതിയാലും തീരാത്തതാണല്ലേ അമ്മ എന്ന അത്ഭുതം….”

“ശരിയാ നീ പറഞ്ഞത്, എനിക്ക് എല്ലാം എന്റെ മമ്മി ആണ്… മമ്മി ജോലിക്ക് പോയി വരുമ്പോൾ എന്നും പുറത്തു നിന്നു എന്തേലും വാങ്ങാതെ വരാറേയില്ലാ…..

ഒരിത്തിരി കീറിയ ഡ്രെസ്സു പോലും ഇടാൻ സമ്മതിക്കില്ല…. എന്ത് സ്നേഹമാണെന്നോ എന്നോട്….

കുട്ടിക്കാലത്തു മാസത്തിൽ ഒരിക്കൽ പുറത്തു കൊണ്ടുപോയി ഫുഡ്‌ വാങ്ങിത്തരും…….മമ്മിയെ ആണ് എനിക്ക് ഡാഡിയേക്കാൾ ഇഷ്ട്ടം……”

അഞ്ജുവിന്റെ വാക്കുകളിലൂടെ ഒഴുകുന്ന അമ്മയോടുള്ള സ്നേഹം കണ്ടു ഞാൻ ഒന്ന് പകച്ചു നോക്കി….

“എന്താ നീ ഇതുവരെ കഴിച്ചു തുടങ്ങിയത് പോലും ഇല്ലല്ലോ………”
അവൾ ചോദിച്ചു

“ഞാൻ കഴിക്കാം…… അമ്മ കഴിച്ചു കാണുമോ എന്നു ചിന്തിച്ചതാണ്…..”

“പിന്നെ അമ്മ ഈ 2 മണിവരെ നിന്നെ വെയിറ്റ് ചെയ്തിരിക്കാനോ…നോ നെവർ….. നീ കഴിക്കടാ …..”

ഓരോ പിടിവാരി വായിലേക്ക് വയ്ക്കുമ്പോഴും ഓർമ്മകൾ എന്നെ പഴയ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി….

അമ്മയെ ഒറ്റയ്ക്ക് നിർത്തി ഒന്നും കഴിക്കുന്ന ശീലം എന്തോ എന്റെ മനസിന്‌ ഒരു വിങ്ങൽ ആണ്….

അച്ഛൻ മരിച്ചതിന്റെ പിറ്റേ മാസം മുതൽ അമ്മ പാടത്തു പണിക്കിറങ്ങുമ്പോൾ അമ്മയുടെ നെറ്റിയിലെ സിന്തൂരത്തിന്റെ കറ മാഞ്ഞിട്ടില്ലായിരുന്നു..

അരിവാൾ പിടിക്കാൻ പോലും അറിയാത്ത അമ്മ വിളഞ്ഞ നെൽകതിരുകൾ മുറിച്ചെടുക്കുമ്പോൾ കൂട്ടുകാർ നോക്കി പറയും… “ഡീ പെണ്ണെ കയ് നോക്കണേ….”

ഒരിക്കൽ പഴയ ഒരു തുണികൊണ്ട് കെട്ടിയ രക്തക്കറ നിറഞ്ഞ കയ്പ്പത്തി എന്നെ കാണാതെ മറച്ചു പിടിച്ചു അകത്തേക്ക് പോകുമ്പോൾ ഞാൻ തിരക്കി…..

“ഒന്നുമില്ലടാ… ഒരിത്തിരി പോറിയതാണ് ”
കെട്ടഴിച്ച കയ്കളിൽ കമ്മ്യൂണിസ്റ്റ് പച്ച വെച്ചുപുരട്ടി അതിലേക്കു
ഊതുമ്പോൾ ആ മുറിവിന്റെ ആഴം കണ്ടു എന്റെ കണ്ണ് നിറഞ്ഞു….

വേദന കൊണ്ട് പുളയുമ്പോഴും എനിക്കായി ഭക്ഷണമുണ്ടാക്കുവാൻ വേവലാതി കൂട്ടുന്ന അമ്മയെ ഞാൻ പിറകിലൂടെ ചെന്ന് കെട്ടിവരഞ്ഞു….

“കുട്ടാ…. പോയി പഠിച്ചേ അമ്മയെ വിയർപ്പു നാറിയിട്ടു വയ്യ….” എന്നു അമ്മ പറയുമ്പോഴും എന്റെ കൈകൾ സ്നേഹത്തിന്റെ ആഴത്തിൽ ആ ശരീരത്തെ ഇറുക്കി വരഞ്ഞു…

ഒരിക്കൽ തന്റെ സാരി തുമ്പിൽ പൊതിഞ്ഞ ഒരു ലഡ്ഡു എന്റെ നേരെ നീട്ടിയിട്ടു അമ്മ പറഞ്ഞു ”

നമ്മുടെ ജലജ ചേച്ചിയുടെ മകൻ sslc 1st ക്ലാസ്സിൽ പാസായത്തിന് തന്നതാ…. നീ കഴിക്കു, അടുത്ത കൊല്ലം നമുക്കും കൊടുക്കണോട്ടോ …..

പകുതി ലഡ്ഡു അമ്മയുടെ വായിൽ വച്ചു പകുതി ഞാനും കഴിക്കുമ്പോൾ അതിനു മധുരത്തെ കീറിമുറിക്കുന്ന ഉപ്പുരസം ഉണ്ടായിരുന്നു……..

പാതി ഷീറ്റു മേഞ്ഞ തേച്ച് തീരാത്ത ആ പഴയവീട്ടിൽ വിളക്ക് കരിന്തിരി കത്തി തുടങ്ങുമ്പോഴേക്കും അമ്മ അടുത്ത വീട്ടിലേക്കു ഓടും….

മൂടിയില്ലാത്ത മണ്ണണ്ണ കുപ്പിയിൽ അരകുപ്പിയോളം എണ്ണയുമായി ഓടിക്കയറി വന്നു വിളക്കിന്റെ തല ഊരി അതിലേക്കു പകർത്തിയിട്ടു അമ്മ പറയും “ഇനി എന്റെ കുട്ടൻ പടിച്ചോട്ടോ…..”

“കാലത്തു നേരത്തെ എന്നെ വിളിച്ച്ചുണർത്തി ഒരു ഗ്ലാസ് കട്ടൻ ചായ എന്റെ നേരെ നീട്ടിയിട്ടു അമ്മയും ഉറക്കം കളഞ്ഞു എന്റെ അരികിൽ ഇരിക്കും…..

ഞാൻ പരീക്ഷ ഹാളിലേക്ക് തിരിക്കുമ്പോൾ അമ്മയുടെ നെഞ്ച് കിടുകിടാ വിറക്കുന്നത് ആ കണ്ണുകളിൽ നിന്നും എനിക്ക് കാണാം…

ഓരോ പരീക്ഷ കഴിഞ്ഞു വരുമ്പോഴും അമ്മ എന്റെ മുഖത്തേക്ക് ഒരു നോട്ടമുണ്ട്…

“നന്നായിരുന്നു അമ്മേ ”

എന്നു എന്റെ നാവിലൂടെ കേൾക്കുമ്പോൾ ഒരുപുഞ്ചിരിയോടെ ഭഗവാന്റെ രൂപത്തിലേക്കു ഒന്നു നോക്കും….

മെയ് 26 നു പരീക്ഷയുടെ റിസൾട്ട്‌ വരും ദിവസം അമ്മ രാവിലെ അമ്പലത്തിലേക്ക് പോയതു ഇന്നും ഞാൻ ഓർക്കുന്നു.

11 മണിക്ക് ഒരു ഇന്റർനെറ്റ്‌ കഫെയിൽ നിന്നും റിസൾട്ടുമായി ഞാൻ വീട്ടിലേക്കു എത്തുമ്പോൾ അമ്മ ആ വാതിൽ പടിയിൽ എന്നെയും കാത്തു ഒരു നിൽപ്പായിരുന്നു…….

“എന്തായട മോനെ…. നീ ജയിച്ച്ചില്ലേ…” എന്നു അമ്മ എന്നോട് ചോദിക്കുമ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി …

അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
“അമ്മയുടെ മോൻ ഡിസ്റ്റിങ്ഷനിൽ ആണ് പാസ്സായത് “എന്നു പറയുമ്പോൾ

വെയിലിക്കൽ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു…

“ഡാ മോനെ നീ ആണല്ലോ സ്കൂൾ ഫസ്റ്റ് ”

അകത്തേക്കു ഓടിയ അമ്മ ഒരു പഴയ കളിമൺ കുടുക്ക എന്റെ മുന്നിൽ കൊണ്ടുവന്നു പൊട്ടിച്ചിട്ടു പറഞ്ഞു

“മോനെ പോയി ലഡ്ഡു വാങ്ങിക്കൊണ്ടു വാടാ…..”

ഏതോ കാലം മുതൽ എന്റെ വിജയത്തിന് മധുരം ഒരുക്കാൻ അമ്മ കൂട്ടിവച്ച നാണയതുട്ടുകൾ…..

പിറ്റേന്ന് അയൽ കൂട്ടത്തിൽ നിന്നും കടമെടുത്ത 500 രൂപ അമ്മ എന്റെ നേരെ നീട്ടിയിട്ടു പറഞ്ഞു “ഇന്നാ മോനെ അമ്മയുടെ കയ്യിൽ ഇതേ ഉള്ളൂ…. നീ ഒരു ജോഡി ഡ്രസ്സ്‌ വാങ്ങിച്ചോ….”

ആ നോട്ടുമായി തുണിക്കടയിൽ എത്തിയപ്പോഴും വിലകൂടിയ
കുപ്പായങ്ങളിലൂടെ കയ്‌വിരൽ ഓടിയെങ്കിലും മനസ്സിൽ പിടിച്ചത് വിലകുറഞ്ഞ ഒരു മഞ്ഞ ഷർട്ട്‌ ആയിരുന്നു.

കാരണം ഞാൻ കടയിൽ കയറും മുന്നേ അമ്മയ്ക്ക് ഒരു സാരി മനസ്സിൽ കണ്ടിരുന്നു……

“ഞാൻ മതിയാക്കി അഞ്ജു. നീ കഴിച്ചോ…..”

“എന്തു പറ്റി വിവേക് നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു….” അവൾ എന്നോട് തിരക്കി..

“ഹേയ് ഒന്നുമില്ല…..”

ഞാൻ കയ് കഴുകി ബില്ല് അടക്കാൻ പോകും നേരം ഹോട്ടൽ ഉടമയോട് പറഞ്ഞു… “ചേട്ടാ ഒരു ബിരിയാണി പാർസൽ….. അഞ്ജു നിനക്ക് വേണോ…”

“വേണ്ട വിവേക് വീട്ടിൽ ചെല്ലുമ്പോൾ തണുത്തു പോകും, തണുത്താൽ പിന്നെ അമ്മ കഴിക്കില്ല……”

“Ok, ok…. ഇത് മിക്കവാറും കല്യാണത്തിന് മുൻപുള്ള നമ്മുടെ ലാസ്റ്റ് കൂടിക്കാഴ്ച ആവും……” ഞാൻ അതു പറഞ്ഞു അവളെ ബസ് കയറ്റി വീട്ടിലേക്കു തിരിച്ചു.

ഞാൻ ചെല്ലുമ്പോൾ വീടിന്റെ ഉമ്മറത്ത് അമ്മ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

“എന്താ മോൻ വൈകിയത്, അവളെ ബസ് കയറ്റിവിട്ടോ…..”

അമ്മ എന്നോട് തിരക്കി

“വിട്ടു, കഴിക്കാനും വാങ്ങിക്കൊടുത്തിട്ടുണ്ട്…..”
ഞാൻ അമ്മയെ നോക്കി ചിരിച്ചു..

“അമ്മ ഊണ് കഴിച്ചോ…”

” ഇല്ല…നീ വാ, നീ വന്നിട്ട് കഴിക്കാൻ കാത്തിരിക്കുകയായിരുന്നു…”

” ഞാൻ കഴിച്ച്ചായിരുന്നു…. ബിരിയാണി….. ഇതാ ഇത് അമ്മയ്ക്ക് വാങ്ങിയതാണ്…., ”

“എന്തിനാ മോനെ, അമ്മക്ക് ഇവിടെ ചോറും, കൂട്ടാനും ഒക്കെ ഉണ്ടായിരുന്നല്ലോ…..”

“അതൊന്നും സാരമില്ല, ഞാൻ കഴിച്ച്ചപ്പോൾ അമ്മക്ക് കൂടി വാങ്ങണം എന്നു തോന്നി…കഴിക്കു……”

ഒരു പാത്രത്തിലേക്കു പാതി വിളമ്പിയ ബിരിയാണിയിൽ ആ കറുത്ത കൈകൾ ഓരോ പിടി ചോറു വാരുന്നതും ഞാൻ നോക്കിയിരുന്നു…..

പകുതി മാറ്റിവച്ച ബിരിയാണി മറ്റൊരു പാത്രത്തിലേക്കു വിളമ്പിയിട്ടു അമ്മ എന്റെ നേരെ നീട്ടി….. ഞാൻ അതു വാങ്ങിയിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി…

“ഞാൻ കഴിച്ച്ചതാണ് അമ്മേ…..”

“അതു സാരമില്ല, നിന്റെ മുഖം കണ്ടാൽ അറിയാം വയറു നിറഞ്ഞിട്ടില്ല എന്നു….”

അമ്മയോടൊപ്പം അതു കഴിക്കുമ്പോൾ എന്തോ രുചി കൂടിയത് പോലെ….. മനസിന്‌ വല്ലാത്ത സന്തോഷം നിറഞ്ഞത് പോലെ……

“അയ്യോ നിനക്ക് ചെറിയ കഷ്ണമാണോ .. ഇന്നാ ഇതിന്റെ പകുതി കൂടി എടുത്തോ….”

എന്നു അമ്മ പറയുമ്പോൾ ഞാൻ ഓർത്തു…. ഇന്നും അമ്മയുടെ മനസ് നിറയണമെങ്കിൽ ആദ്യം എന്റെ എന്റെ വയറു നിറയണമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *