എന്തായാലും ഉമേ താൻ ഇയാളെ ഉച്ചക്കു പട്ടിണിയാക്കല്ലേട്ടോ, ഗായത്രിയുടെ വാക്കുകൾ..

അന്നം
(രചന: Jomon Joseph)

“എനിക്ക് നാളെ മുതൽ ഒരു പൊതി ചോറ് കൂടി വേണം. എന്റെ ഒരു സുഹൃത്തിനു വേണ്ടിയാണു, അവന്റെ ഭാര്യ പ്രസവത്തിനായി നാട്ടിൽ പോയിരിക്കുവാ. ”

“അതിനെന്താ പ്രശാന്തേട്ടാ ഉള്ളതുകൊണ്ട് ഞാൻ ഒപ്പിച്ചു തരാം, കറിയൊക്കെ കുറവായിരിക്കും, പിന്നെ നമ്മുടെ റേഷൻ അരിയില്ലേ അയാൾക്ക്‌ ഇഷ്ടപ്പെടുമെങ്കിൽ…..”

“അതൊന്നും സാരമില്ലാ, അവനു നല്ല വിശപ്പിന്റെ അസുഖം ഉള്ളവനാണ്,
വയ്ക്കുമ്പോൾ എനിക്ക് അല്പ്പം ചോറ് കുറച്ച്ചാലും അവനു ഇത്തിരി കൂട്ടി വയ്ക്കാൻ മറക്കല്ലേ…”

പിറ്റേന്ന് രാവിലെ രണ്ടു പൊതി ചോറുമായി പ്രശാന്ത് പുറത്തേക്കു നടന്നു. ദിവസങ്ങൾ കടന്നുപോയി,

ആദ്യനാളുകളിൽ ചോറു പൊതിഞ്ഞുകൊടുത്തുവിട്ടിരുന്ന ഉമയുടെ മുഖത്തു ഉണ്ടായിരുന്ന ചിരിയെല്ലാം ഇന്ന് ദേഷ്യമായി മാറിയിരിക്കുന്നു.

“ഇന്നു മുതലേ ഒരു പൊതിച്ചോർ കൊണ്ടുപോയാൽ മതി.

മാസം 2 കഴിഞ്ഞു ഒരാൾ മറ്റൊരാളെ ആശ്രയിക്കാൻ തുടങ്ങിയിട്ട്, അയാൾക്ക്‌ പുറത്തു നിന്ന് കഴിച്ചുകൂടെ, ഇവിടെ ഓരോ ദിവസങ്ങൾ തള്ളി നീക്കുന്നപാടു
ബാക്കിയുള്ളവൾക്ക് അറിയാം.

ഓണത്തിന് കൊച്ചുങ്ങൾക്ക് സ്കൂളിൽ നിന്നും കിട്ടിയ അരികൊണ്ടാണ് ഓരോ ദിവസങ്ങൾ മുൻപോട്ടുപോയത്.

ഇന്നാ,ചേട്ടന്റെ ചോറു, കൂട്ടുകാരനോട് പുറത്തു നിന്നും കഴിക്കാൻ പറ…”
ദേഷ്യത്തോടെ കയ്യിൽ ഇരുന്ന ചോറുപൊതി അവൾ അവനുനേരെ നീട്ടി

കയ്യിൽ ഒരു കവറുമായി പ്രശാന്ത് പതിവുപോലെ പുറത്തേക്കു നീങ്ങി.

“ഇന്നെന്താ പ്രശാന്തേ നിനക്ക് ഊണില്ലെ, ബാ നമുക്ക് ഷെയർ ചെയ്യാം..”
ഉച്ചയ്ക്ക് ഉണ്ണുവാൻ നേരം കൂടെ ജോലിചെയ്യുന്ന ഒരു സുഹൃത്ത് ചോദിച്ചു.

“ഹേയ് വേണ്ടാ, ഞാൻ ഡയറ്റ് ആണ്, നിങ്ങൾ കഴിച്ചോ…”

പ്രശാന്തിന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അവിടെ കൂടിയിരുന്നവർ അവനെ നോക്കിചിരിച്ചു.

“നിനക്ക് ഡയറ്റോ, എന്ത് വണ്ണം ഉണ്ടായിട്ടു”

ഒരു സുഹൃത്തു ചോദിച്ചു. ഒരു ചിരി മാത്രം പാസ്സ് ആക്കികൊണ്ട് പ്രശാന്ത് പുറത്തേക്ക് പോയി.

“ഡി പെണ്ണെ എത്ര കാലമായി നിന്നെ കണ്ടിട്ട്. നീ ഈ ക്ഷേത്രത്തിൽ വരാറുണ്ടോ….”ഉമയെ കണ്ട സന്തോഷത്തിൽ ഒരു കൂട്ടുകാരി ചോദിച്ചു.

“ഹായ് ഗായത്രി, നീ ഇവിടെയോ, എത്രകാലമായി പെണ്ണെ കണ്ടിട്ട്. സുഖമാണോ നിനക്ക്…”ഉമ അവളോട്‌ തിരക്കി.

“നമ്മുടെ സ്കൂൾ ജീവിതമൊക്കെ നീ ഓർക്കുന്നുണ്ടോ, ആ പഴയ മഞ്ചാടി മരവും, തൊണ്ടിയും, തുടലിയുംഎല്ലാം നുള്ളി തിന്ന് പാടവരമ്പിൽ കൂടി സ്കൂളിലേക്ക് പോയിരുന്ന ആ കാലം.

വൈകിട്ട് കനാലിൽ ഒരു കുളിയുണ്ട്. മുങ്ങാൻ കുഴിയിട്ടു നീന്തി കുളിച്ച ഒരു കാലം. എന്റെ അന്നത്തെ റെക്കോർഡ് നീ ഇതുവരെ തിരുത്തിയിട്ടില്ല.”

ഗായത്രി കുറെ പഴയ ഓർമകളിലൂടെ കയ്പിടിച്ചു കൂട്ടിക്കൊണ്ടുപോയി .

“എങ്ങനെ മറക്കാനാടി, വൈകിട്ടു പലവീടുകളുടെ ഉമ്മറത്തു വട്ടം കൂടിയിരുന്നു ചക്കയും, കപ്പയും തിന്നതൊക്കെ മറക്കാൻ പറ്റുമോ .

എന്തൊരു മധുരം ആ ഓർമകൾക്ക് .”ഉമ കൂട്ടുകാരിയോടുള്ള കുശലം പറച്ചിൽ തുടർന്ന് കൊണ്ടേയി രുന്നു…

” ഉമ നമുക്ക് പോയാലോ… ” പ്രശാന്ത് അവർക്കു അരുലേക്ക് വന്നു.

“പ്രശാന്ത്, താൻ ഇവിടെയോ,”
ഗായത്രി തിരക്കി

ഗായത്രിയെ കണ്ടപ്പോഴേ പ്രശാന്തിന്റെ മുഖം ഒന്ന് വിളറി

“താൻ അറിയുമോ എന്റെ ഭർത്താവിനെ…..” ഉമ ചോദിച്ചു

“ഓ , തന്റെ ഭർത്താവാണോ പ്രശാന്ത്, ഞങ്ങൾ ഒരു കമ്പനിയിൽ അല്ലെ ജോലി ചെയുന്നത് ” ഗായത്രി പറഞ്ഞു.

“പ്രശാന്ത് ചേട്ടൻ ഇതുവരെ പറഞ്ഞിട്ടില്ല, ആ പിന്നെ നമ്മൾ സുഹൃത്തുക്കൾ ആണെന്ന് ഇദ്ദേഹത്തിന് അറിയില്ലല്ലോ.”

“എന്തായാലും ഉമേ താൻ ഇയാളെ ഉച്ചക്കു പട്ടിണിയാക്കല്ലേട്ടോ,”
ഗായത്രിയുടെ വാക്കുകൾ കേട്ടു ഉമ അത്ഭുതത്തോടെ നോക്കി.

എത്ര ദിവസമായി എന്നറിയാമോ ഇയാൾ ഉച്ചക്കു വല്ലതും കഴിച്ചിട്ടു, ചോദിച്ചാൽ പറയും ഡയറ്റ് ആണെന്ന്.. ”
ഗായത്രി തുടർന്നു.

“ഉമ നമുക്ക് പോകാം ”

പ്രശാന്ത് അല്പം ശബ്‌ദം കൂട്ടി പറഞ്ഞു.

“ഇല്ല ഗായത്രി എല്ലാദിവസവും ഞാൻ ചോറു കൊടുത്തു വിടാറുള്ളതാണല്ലോ. കഴിഞ്ഞ മാസം ഒരു സുഹൃത്ത്‌ പട്ടിണിയാണെന്ന് പറഞ്ഞ് ഒരു പൊതി കൂടി കൊണ്ട് പോകുമായിരുന്നു.”

“സുഹൃത്ത്, ഓഫീസിൽ ആരും…… ഹേയ് അങ്ങനെ പട്ടിണി കിടക്കുന്ന ആരും ഇല്ല…ഓക്കേ ഡീ ദെ ചേട്ടൻ വിളിക്കുന്നു. നീ ഫോണിൽ എന്നെ വിളിക്കു,

പ്രശാന്തിന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട് ” അത് പറഞ്ഞു ഗായത്രി ധൃതിയിൽ ഒരു ആൾക്കൂട്ടത്തിനു
അരികിലേക്ക് പോയി.

അന്ന് രാത്രി മുഴുവൻ ഉമയുടെ പരിഭവം
പറച്ചിലുകളും ഏങ്ങൽ അടിയും ആയിരുന്നു. ആരാണ് പ്രശാന്തിന്റെ ആ സുഹൃത്തെന്നു അറിയാതെ അവൾ തന്റെ പരിഭവങ്ങൾ നിർത്തുവാൻ തയ്യാർ അല്ലായിരുന്നു.

“വേണ്ട, നീ ഇനിയും കരയേണ്ട, നാളെ എന്റെ കൂടെ പോരെ, ഞാൻ കാട്ടിത്തരാം…”

പ്രശാന്ത് മറുപടി പറഞ്ഞു.

പിറ്റേന്ന് രാവിലെ പ്രശാന്തിന്റെ കൂടെ ഉമയും ഉണ്ടായിരുന്നു. ബസ് ഇറങ്ങി മുൻപോട്ട് നടക്കുമ്പോൾ പ്രശാന്ത് ഇടക്ക് ഇടക്ക് അവളുടെ മുഖത്തേക്കു നോക്കും.

തല ഉയർത്താതെ ചിരിയുടെ അംശം പോലും ഇല്ലാതെ അവൾ കൂടെ നടന്നു.

“നീ ആ സ്ഥലം കണ്ടോ “കുറേ ദൂരം ചെന്നപ്പോൾ പ്രശാന്ത് കൈ വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു.
അവൾ അവിടേക്കു നോക്കി.

തിരക്ക് ഒഴിഞ്ഞ ഒരു കവല….. ഇടയ്ക്കു ഇടയ്ക്ക് വണ്ടികൾ അതു വഴി പോകുന്നുണ്ട്. അതിനു അരികിലായി പല കടകളിലെയും, വീടുകളിലെയും മാലിന്യങ്ങൾ കുന്നു കൂട്ടി ഇട്ടിരിക്കുന്നു.

“ഒരു ദിവസം ഞാൻ ഈ വഴി പോകുമ്പോൾ ഒരു കാഴ്ച്ച കണ്ടു. ആരോ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഒരു കാറിൽ നിന്നും പുറത്തേക്കു വലിച്ചെറിയുന്നു.

അതു താഴെ വീണ ഉടനെ രണ്ടു കുരുന്നു കുട്ടികൾ അതിനെ
റാഞ്ചിയെടുത്തു .

കീറിപ്പറിഞ്ഞ കുപ്പായം അണിഞ്ഞു, ദേഹം മുഴുവൻ അഴുക്കു നിറഞ്ഞു, തലമുടി ജടപിടിച്ച രണ്ടു കുട്ടികൾ. ആരുകണ്ടാലും അറക്കും വിധം അഴുക്കു നിറഞ്ഞതായിരുന്നു അവരുടെ ദേഹം.

പക്ഷെ ആ കുട്ടികൾ ആ എച്ചിൽ പൊതി താഴെ നിന്നും ഉയർത്തിയെടുക്കുമ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞു വന്ന സന്തോഷം പറഞ്ഞു അറിയിക്കാവുന്നതിലും വലുതായിരുന്നു.

ഞാൻ കുറെ നേരം അവരെ തന്നെ നോക്കി നിന്നു. അവർ ആ ഭക്ഷണം കഴിക്കുന്നത് കാണാൻ ഞാൻ അവരുടെ പിറകെ നടന്നു.

റോഡിലൂടെ സൈക്കിളിൽ വന്ന ഒരാളുടെ മുന്നിലേക്ക്‌ ഒരു കുട്ടി ഓടിക്കയറി. സൈക്കിൾ നിർത്തി അയാൾ ആ കുട്ടിയെ

“ഡാ പാണ്ടി…… നോക്കി നടക്കട പിച്ചകളെ” എന്നു പറഞ്ഞു റോഡിൽ വലിച്ചിഴക്കുമ്പോൾ, കയ്യിൽ ഉള്ള പൊതി നഴ്ടപ്പെടാതെ അതിനെ അവൻ മുറുകെ പിടിക്കുകയായിരുന്നു.

ചോര മുഖത്തു കൂടി ഇറ്റിറ്റു വരുമ്പോഴും അവന്റെ കണ്ണുകളിൽ ആ പൊതി നഷ്ട്ടപ്പെടാത്തതിന്റെ സന്തോഷം ആയിരുന്നു.

അവർ രണ്ടുപേരും ആ പൊതിയുമായി നടന്നു. കുറെ ദൂരെ മാറി ഒരു മരത്തിനു ചുവട്ടിൽ പോയിരുന്നു അവർ അതു കഴിക്കുമ്പോൾ അവർക്കു അരികിലായി അവരുടെ കുഞ്ഞു അനിയൻ കൂടി ഉണ്ടായിരുന്നു.

ശൈശവത്തിലെ ഓമനത്തം നിറഞ്ഞുനിൽക്കുന്ന ആ കുഞ്ഞിന്റെ മോണകാട്ടിയുള്ള ചിരിക്കണ്ടപ്പോൾ എന്റെ ഉള്ളം അറിയാതെ ഒന്ന് പിടഞ്ഞു.

അവരുടെ വിശപ്പിനുപരിഹാരമായി എനിക്ക് കൊടുക്കാൻ എന്റെ കയ്യിൽ ആ ഒരു പൊതിച്ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാൻ അതു അവരുടെ കൈകളുലേക്കു
നീട്ടുമ്പോൾ അവർ ഒരുനിമിഷം എന്റെ മുഖത്തേക്ക് ഒന്നു നോക്കി.

പിന്നീട് എന്ന് ഞാൻ ഈ വഴി പോയാലും എന്റെ ഉള്ളം എന്നോട് പറയും ” പ്രശാന്തേ, ആ കുട്ടികൾ എന്തേലും കഴിച്ചു കാണുമോ….”

നീ എനിക്കായി മാത്രം ചോറു തന്നയച്ചപ്പോൾ ഞാൻ എന്റെ വിശപ്പിനെ മറന്നുപോയി.

ദാ. നോക്ക് അതാണ് ആ കുട്ടികൾ ”

പ്രശാന്തിന്റെ വാക്കുകൾ കേട്ടു ഉമ തിരിഞ്ഞ് നോക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ അവൾ
തുടക്കുന്നുണ്ടായി.

പ്രശാന്തിനെ കണ്ടതും ആ കുട്ടികൾ
അരിലേക്ക് ഓടിവന്നു. ഉമയെ കണ്ടു ഒന്നു പരിഭ്രമിച്ചെങ്കിലും പ്രശാന്തിന്റെ ദേഹത്തോട് ചേർന്ന് നിന്നു.

കയ്യിൽ ഇരുന്നപൊതി അവർ തുറന്നു കഴിക്കുമ്പോൾ ഒരു പിടി ചോറു വാരി ഉമയുടെ നേരെ ഒരാൾ നീട്ടി. ഉമ പ്രശാന്തിന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കി.

പ്രശാന്തിന്റെ അരികിൽ നിന്നും ഒരു ചുവടുമുന്നോട്ടു വച്ചു അവൾ ആ കുഞ്ഞിന്റെ കയ്യിൽ നിന്നും ഒരു പിടി വാങ്ങികഴിച്ചു.

“ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിനു ഇത്രയും രുചിയുണ്ടോ
പ്രശാന്തേട്ടാ…..”

എന്നവൾ പറയുമ്പോൾ അവളുടെ കണ്ണുകൾ തോരാതെ പെയ്യുകയായിരുന്നു.

കുറെ ദൂരെ മാറിയിരുന്ന ഒരു സ്ത്രീയുടെ
അരുകിലേക്ക് ഓടിയടുത്ത പിഞ്ചു കുഞ്ഞിനെ പ്രശാന്തും ഉമയും ഒന്നു നോക്കി.

കുഞ്ഞിളം കൈകളിൽ വാരിക്കൂട്ടിയ ചോറു വറ്റുകൾ ആ സ്ത്രീയുടെ ചുണ്ടോടു അവൻ ചേർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു പറഞ്ഞു…..

“ഭ്രാന്തൻ………. ഭ്രാന്തൻ……. പട്ടിണിപ്പാവങ്ങളെ രക്ഷിക്കുവാൻ ഇറങ്ങിയിരിക്കുന്നു…….. ഹ ഹ ഹ ഹ……”

ഉടുത്തിരുന്ന പഴയ സാരി കീറി, തലയിലെ ജഡ കുടഞ്ഞു അവർ അട്ടഹസിച്ചപ്പോൾ ഉമ പ്രശാന്തിന്റെ അരികിലേക്ക് ചേർന്ന് നിന്നു……

“ആരാണവർ……”

പ്രശാന്ത് അരികിൽ നിന്ന കുഞ്ഞിനോട് ചോദിച്ചു……. അപ്പോഴും ആ സ്ത്രീ തന്റെ മാറത്തു മുല കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തലോടികൊണ്ട് വിളിച്ചു പറഞ്ഞു….

“പാവങ്ങളുടെ വിശപ്പുതീർക്കാൻ
വന്നിരിക്കുന്നു….. ഹ ഹ ഹ ഹ ഭ്രാന്തൻ…….. ഹഹ ഹഹ “

Leave a Reply

Your email address will not be published. Required fields are marked *