ആദ്യരാത്രി മുതൽ കേട്ട് തുടങ്ങിയതാണ് അദ്ദേഹം ഈ കഥ, പക്ഷേ എങ്ങനെ പറയാതിരിക്കും ഞാൻ വയറിൽ ചിരവ..

മറക്കില്ലൊരിക്കലും
(രചന: Jolly Varghese)

മാറിലും വയറിന്മേലും പതിഞ്ഞിട്ടുള്ള ആ പാടുകൾ ഞാനെങ്ങനെ മറക്കാനാണ് ചേട്ടാ…?

എന്റെ ജോളി നീ ഒന്ന് നിർത്തുന്നുണ്ടോ.. നിന്റെയീ വർത്തമാനം കേട്ട് കേട്ട് മടുത്തു.
അതല്ല ചേട്ടാ.. എന്റെ… അപ്പോഴത്തെ.. അവസ്ഥ.

മതി.. മതി.. നിർത്തിക്കോ.. ചേട്ടൻ കൈ ഉയർത്തി തടഞ്ഞു. എന്നാലും എനിക്കിത് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. ഇനിയാരോട് പറയും.? എന്നാപ്പിന്നെ നിങ്ങളോട് പറയാട്ടോ.

ഒരു കാര്യം പറയുമ്പോ സമയവും സന്ദർഭവും നോക്കണം എന്നാണല്ലോ വെപ്പ്.
അങ്ങനെനോക്കിയാൽ ഇപ്പോ സന്ദർഭം ശരിയാണ്. ഇനിസംഭവത്തിലേയ്ക്ക് വരാം.

എനിക്കന്നു എട്ട് വയസ്സ് പ്രായം, ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ സമയം. ക്രിസ്തുമസ്സിനു പതിവായി അപ്പന്റെ തറവാട്ടിൽ പോകും. അങ്ങനെ പോകാനായി അമ്മ ഞങ്ങക്കെല്ലാം പുത്തൻ തുണികൾ എടുത്തു കൊണ്ടുവന്നു.

അന്നൊക്കെ വർഷത്തിലൊരിക്കലാണ് ഒരു പുത്തനുടുപ്പ് കിട്ടുന്നത്. പ്രത്യേകിച്ച് എനിക്ക്. കാരണം എനിക്ക് ഒരു ചേച്ചിയുള്ളതിനാൽ അവൾക്ക് പാകമാകാത്ത വരുന്നതാണ് എനിക്ക് കിട്ടാറ്‌.

അങ്ങനെ അവൾ ഇട്ടുപഴകിയതിന്റെ അവകാശിയായി ഞാൻ മാറുന്നതിനാൽ ഈ കിട്ടുന്ന പുത്തനുടുപ്പിന്റെ സ്ഥാനം വളരെ വലുതാണ്.

ഇപ്രാവശ്യം കിട്ടിയത്. , “മെറൂൺ കളറിൽ ഇളം റോസ് നിറത്തിലെ പൂക്കളുള്ള പുറകിൽ കെട്ടുള്ള മനോഹരമായ ഒരുടുപ്പ്.” അതങ്ങനെ കിട്ടിയപാടെ ഇട്ടുനോക്കി..അമ്മയും ചേച്ചിയും കൊള്ളാം എന്ന് പറഞ്ഞു.

എന്നാലും അവരുമാത്രം പറഞ്ഞാൽ പോരല്ലോ.. തന്നെയുമല്ല പുത്തനുടുപ്പ് രണ്ട് നാട്ടുകാരെ കാണിച്ചില്ലങ്കിൽ എങ്ങനെയാ.. ഏത്.. അത് തന്നെ. !

എന്നാൽപ്പിന്നെ എന്റെ കൂട്ടുകാരിയെ കൊണ്ടോയി കാണിച്ചിട്ട് വരാം. തന്നെയുമല്ല പോകുന്ന വഴിയിൽ മൂന്നാല് വീട്ടുകാർ വേറെയും ഉണ്ടല്ലോ.. അവരും കണ്ടോട്ടെ.. ന്ന്.

അമ്മേ.. ഞാൻ.. സിനിയെ ഉടുപ്പു കാണിച്ചിട്ട് ഇപ്പോ വരാട്ടോ.. അങ്ങനെ പറച്ചിലും ഓട്ടവും ഒപ്പം കഴിഞ്ഞു.

ഉടുപ്പേൽ അഴുക്ക് ആക്കരുത് കേട്ടോ.. നാളെ ബസ്സിൽ കേറി പോകാനുള്ളതാ. അമ്മ വിളിച്ചു പറഞ്ഞു..

ആം…. എന്ന് ഞാനും വിളിച്ചു പറഞ്ഞു.
പുത്തനുടുപ്പിട്ട് തുമ്പിയെ പോലെ പറന്ന് പോകുന്ന എന്റെ കാലിൽ ഒരു പിടി..

അല്ല കടി യാണ്. തിരിഞ്ഞു നോക്കുന്നതിനു മുന്നേതന്നെ അവനെന്നെ വലിച്ചു താഴെയിട്ടു എന്റെ പുത്തനുടുപ്പ് കടിച്ചു കീറി എന്നെ കുടഞ്ഞെറിഞ്ഞു എന്നിട്ടെന്റെ മാറിലും വയറിലും തുടയിലും എന്ന് വേണ്ട സകലയിടത്തും കടിച്ചുമുറിച്ചു..

പിന്നെ അവനും ഞാനും മൽപ്പിടുത്തം നടത്തി ഉരുണ്ടുരുണ്ടു ഒരു കയ്യാലകെട്ടിൽ നിന്നും താഴേയ്ക്ക് വീണു..

ആ സമയത്തെല്ലാം അവന്റ ആക്രാന്തഅക്രമത്തിൽ ഞാൻ അലറികരയുന്നുണ്ട്. അവനെ തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ആൾസേഷനായ അവനെ നേരിടാൻ കുഞ്ഞായ എനിക്ക് പറ്റില്ലല്ലോ…

അങ്ങനെ അറഞ്ചംപുറഞ്ചം കടി ഏറ്റുവാങ്ങി ഞാൻ മണ്ണിലും അവനെന്റെ നെഞ്ചിലും കേറിയിരുന്നു മർമ്മ സ്ഥാനത്തു കടിക്കുന്നതിന് മുന്നേ തന്നെ കാറിച്ച കേട്ട് ഓടിവന്ന അവന്റ വീട്ടുകാരും നാട്ടുകാരും അവനെ പിടിച്ചുമാറ്റി കൂട്ടിലടച്ചു.

ആരൊക്കെയോ എന്നെ പൊക്കിയെടുത്തു ആ വീടിന്റെ തിണ്ണയിൽ കിടത്തി.

എന്റെ പുത്തനുടുപ്പിന്റെ ശകലം ഭാഗം മാത്രമേ എന്റെ ദേഹത്തുള്ളൂ.. ബാക്കിയൊക്കെ അവൻ കടിച്ചെടുത്തു.എന്ന് മനസ്സിലാക്കിയ ഞാൻ പിന്നെ കാറിയ കാറിച്ചയൊന്നും അവൻ കടിച്ച വേദനയിൽ ആയിരുന്നില്ല..

എന്റെ ഉടുപ്പിനെ ഓർത്തായിരുന്നു. സത്യത്തിൽ ശരീരം മുഴുവൻ നീറ്റലും വേദനയും ചോരയും ആയിരുന്നു. പച്ചവെള്ളം ഒഴിച്ച് കഴുകിക്കഴുകി എന്നെ വീണ്ടുമൊരു പരുവമാക്കി.

അവരൊക്കെ എന്റെ ഉടുപ്പ് കീറിപോയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. കൂടെ അമ്മയും ചേച്ചിയും എന്നോടൊപ്പം കരയുന്നുണ്ട്.

അമ്മ ബോധം കെട്ടുവീണിരുന്നു. എന്നിട്ട് വെള്ളം ഒക്കെ തളിച്ച് എഴുന്നേപ്പിച്ചതാണ്. ആകെമൊത്തം ആൾക്കൂട്ടവും ബഹളവും, എന്നെയാണെങ്കിൽ ആ വീട്ടിലെ ചേട്ടന്റ മുണ്ടുകൊണ്ടു മൂടി പിടിച്ചു ആശുപത്രിയിയിലേക്ക് കൊണ്ടോയി.

ചെറുതും വലുതുമായി പതിനഞ്ചോളം മുറിവുകൾ ഉണ്ടായിരുന്നു.നഖം കൊണ്ട് മാന്തിയ കീറലുകൾ വേറെയും. പിന്നീട് ഏഴ് ദിവസം ആശുപത്രിയിൽ കിടന്നു.

എന്നെ കടിച്ചവൻ അന്ന് തന്നെ വേറൊരു ചേച്ചിയെയും ചെറുതായി കടിച്ചു.

പിന്നീട് അവനെയും ഞങ്ങളെയും നിരീക്ഷണം ആയിരുന്നു. “പേ “ലക്ഷണം വല്ലതും ഉണ്ടോന്നു. ഭാഗ്യത്തിന് അങ്ങനൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പൊക്കിളിനു ചുറ്റും കുത്തിവെയ്പ്പും എടുത്തില്ല..

അവൻ എന്ന് പറഞ്ഞാൽ അടുത്തവീട്ടിലെ പട്ടിയാണ്. എപ്പോഴുമവനെ കൂട്ടിൽ തന്നെയാണിടാറ്. അന്ന് കൂടിന്റെ ലോക്കിന് എന്തോപറ്റി തുറന്നു പോന്നതാണ്.

എന്നെ അവനും അവനെന്നെയും അറിയാമെങ്കിലും കിട്ടിയ സ്വാതന്ത്ര്യത്തിൽ കൂട്ടിൽ അടച്ചിട്ടെക്കുന്നതിന്റെ പ്രതിഷേധവും, വൈരാഗ്യവും, ദേഷ്യവും എല്ലാമെല്ലാം അവനെന്നിൽ തീർത്തു.

വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും എന്റെ ശരീരത്തിൽ അന്നേറ്റ മുറിവിന്റെ പാടുകൾ തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഓർമകൾക്ക് മങ്ങലേറ്റും തുടങ്ങിയിരുന്നു.

അപ്പോഴാണിപ്പോ പട്ടിസംഭവം വാർത്തകളിൽ നിറഞ്ഞാടുന്നത്.. അന്ന് ഞാനേറ്റ കടി ഇന്നാരുന്നേൽ ചാനലുകളിൽ മുണ്ട് മൂടി കിടക്കുന്ന എന്നെ കണ്ടേനെ..

ടിവിയിൽ വാർത്ത കാണുമ്പോ ഞാനെന്റെ പട്ടികഥ ചേട്ടനോട് പറയും. അപ്പോ ചേട്ടൻ ദേഷ്യപെടും. ആദ്യരാത്രി മുതൽ കേട്ട് തുടങ്ങിയതാണ് അദ്ദേഹം ഈ കഥ. പക്ഷേ എങ്ങനെ പറയാതിരിക്കും ഞാൻ.

വയറിൽ ചിരവ കൊണ്ട് മാന്തിയപോലെയും മാറിൽ പല്ലുകൊണ്ടുള്ള പാടുമല്ലേ..കുടുംബജീവിതത്തിൽ സംശയരോഗം വരുമെന്ന കാര്യം പട്ടിക്കറിയില്ലല്ലോ…

എന്നോട് ചേർന്നു കിടക്കാൻ ഭാഗ്യമില്ലാതെ പോയ ഉടുപ്പിനെയും അതില്ലാതാക്കിയ അവനും മണ്മറഞ്ഞു പോയെങ്കിലും ഞാനിന്നും ഓർക്കുന്നു. കാലത്തിനു മായ്ക്കാൻ കഴിയാത്ത പാടുകൾ അല്ലേ അവനെന്നിൽ ശേഷിപ്പിച്ചത്.

എന്നെ കടിച്ചതിൽ അവനോടു ദേഷ്യം ഇല്ല.. പക്ഷേ എന്റെ ഉടുപ്പ് നശിപ്പിച്ചതിന്റെ പകയിൽ ഇന്നും..അവനെ മനസ്സിലിട്ട് കൊല്ലുന്നുണ്ട് ഞാൻ.., അല്ല പിന്നെ…