മോളെ മോൾടെ അച്ഛന്റെ സ്വഭാവം മോൾക്ക്‌ അറിയാവുന്നതല്ലേ, ഈ രാത്രിയിൽ പോയാൽ പിന്നിവിടെ സമാധാനം..

സ്വാതന്ത്ര്യം
(രചന: Jolly Shaji)

“അമ്മേ എല്ലാവരും രാത്രി കുടുംബശ്രീക്ക് പോകുന്നുണ്ടല്ലോ അമ്മ എന്താ പോവാത്തത്…” പന്ത്രണ്ടു വയസ്സുകാരിയായ കിങ്ങിണി മോളുടെ ചോദ്യം കേട്ട ലത മെല്ലെ പുഞ്ചിരിച്ചു…

“എന്താ അമ്മ ചിരിക്കൂന്നേ അപ്പുറത്തെ രജനി ചേച്ചിയൊക്കെ പോയല്ലോ…”

“മോളെ മോൾടെ അച്ഛന്റെ സ്വഭാവം മോൾക്ക്‌ അറിയാവുന്നതല്ലേ… ഈ രാത്രിയിൽ പോയാൽ പിന്നിവിടെ സമാധാനം തരുമോ അമ്മക്ക്…”

“സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തുന്ന യോഗം എന്നാണല്ലോ പാറു പറയുന്നത് കേട്ടത്..”

“അതൊക്കെ ശെരിയാണ് മോളെ പക്ഷെ…”

“അപ്പൊ രാത്രി നടത്തതിനും അമ്മ പോവുന്നില്ലേ…”

“ഇല്ല മോളെ… സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സമ്മതിക്കാത്ത ആളല്ലേ മോൾടെ അച്ഛൻ…”

“ആപ്പോ പകൽ കുടുംബശ്രീ കൂടുമ്പോൾ പഞ്ചായത്ത് മീറ്റിങ്ങിനൊക്കെ അച്ഛൻ അമ്മേ കൊണ്ടാക്കാറുണ്ടല്ലോ ചിലപ്പോളൊക്കെ… അതോ ” കിങ്ങിണി മോളുടെ ശ്രദ്ധയോടെയുള്ള ചോദ്യം കേട്ട ലത വീണ്ടും ചിരിച്ചു..

“അത് മോളെ ജെ എൽ ജി, ലിങ്കേജ് തുടങ്ങിയ ലോണുകൾ ഒക്കെ കിട്ടാനുള്ള മീറ്റിങ്ങുകൾ പഞ്ചായത്തിൽ വെച്ചു നടക്കുമ്പോളല്ലേ…”

“കുടുംബശ്രീയിൽ നിന്നും അച്ഛന് ലോൺ എടുത്ത് കൊടുക്കാൻ മാത്രമാണല്ലേ അമ്മ കൂടിയേക്കുന്നത്…”

“മോളെ അച്ഛൻ മാത്രമല്ല സമൂഹത്തിൽ ഒരു പറ്റം പുരുഷന്മാർ ഇന്നും കുടുംബശ്രീക്ക് പോകാൻ അനുവദിക്കുന്നത് അവർക്ക് തിരിമറിക്കു കുറഞ്ഞ നിരക്കിൽ ലോൺ കിട്ടുന്നതുകൊണ്ട് മാത്രമാണ്…”

“ഹും ലോൺ വേണം സ്വാതന്ത്ര്യം മാത്രം സ്ത്രീക്ക് നിഷേധിക്കുന്നു കഷ്ടമുണ്ട്…”

“കുടുംബത്തു സമാധാനം അല്ലേ മോളെ ഏറ്റവും പ്രധാനം… അതല്ലേ ഒട്ടുമിക്ക സ്ത്രീകളും എല്ലാം സഹിക്കുന്നതിനു കാരണം…”

“അമ്മേ ഇന്നും നിങ്ങടെയൊക്കെ ഈ ഇടുങ്ങിയ ചിന്താഗതിയാണ് നിങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കാൻ അച്ഛനെ പോലുള്ളവർക്ക് പിടിവള്ളി… പ്രതികരിക്കണം നമ്മുടെ ഭാഗത്തെ ശെരികൾ മുൻ നിർത്തി…”

“അതൊക്കെ വാക്കാൽ പറയാൻ അല്ലേ മോളെ പറ്റു… കാര്യത്തോട് അടുക്കുമ്പോൾ എല്ലാരും പിന്നോട്ട് മാറും…”

“എന്നിട്ടാണോ വടക്കേതിലെ മീനച്ചേച്ചിയുയൊക്കെ എല്ലാത്തിലും മുന്നിൽ നിൽക്കുന്നത്…”

“കൊള്ളാം എത്ര തല്ലു കൊണ്ടിട്ടുണ്ടെന്നോ മീനേച്ചി കുടുംബശ്രീ സെക്രട്ടറി ആയ സമയത്ത്… നാട്ടുകാര് ആ പാവത്തെക്കുറിച്ച് എത്ര അപവാദം പറഞ്ഞെന്നോ…”

“എന്നിട്ട് മീനേച്ചി തോറ്റു പിന്മാറിയോ… അവർക്കൊപ്പം എത്ര പേരെ മുൻ നിരയിലേക്ക് കൊണ്ടുവന്നു… ഇപ്പൊ കണ്ടോ ചന്ദ്രേട്ടനും മക്കളും ഫുൾ സപ്പോർട്ട് ആയി കൂടെ ഉണ്ട്‌… അങ്ങനെ വേണം സ്ത്രീകൾ….”

“എനിക്ക് പേടിയാണ് മോളെ അച്ഛനെ ധിക്കരിക്കാൻ…”

“ധിക്കാരം അമ്മ മറ്റൊന്നിനും പോകാൻ അല്ലല്ലോ… അമ്മയുടെ വീട്ടിലെ ബുദ്ധിമുട്ടുകളിൽ സഹായിക്കുന്ന കുടുംബശ്രീയുടെ ഒരു പ്രോഗ്രാമിനു പോകാൻ അല്ലേ…

അമ്മക്ക് ഈ കുടുംബശ്രീയും തൊഴിലുറപ്പും ജെ എൽ ജി യുമൊക്കെ അല്ലാതെ വേറെ എന്താ സന്തോഷം ഉള്ളത്… അച്ഛൻ പാതിരാ വരെ കൂട്ടുകാർക്കൊപ്പം കമ്പനി കൂടി നടക്കുന്നുണ്ടല്ലോ അമ്മ എതിർക്കുന്നുണ്ടോ…”

“അച്ഛൻ പുരുഷൻ അല്ലേ മോളെ… അവർക്ക് എന്തും ആകാമല്ലോ…”

“ഒന്ന് മിണ്ടാതിരി അമ്മേ.. നമ്മുടെ വീട് നിയന്ത്രിച്ചു കൊണ്ടുപോകുന്നത് ആരാണ് അമ്മയല്ലേ…

അച്ഛൻ പുറത്ത് മാത്രം ജോലി ചെയ്യുന്നു അമ്മ വീട്ടുപണി കഴിഞ്ഞു തൊഴിലുറപ്പ് പോലുള്ള ജോലിക്ക് പോകുന്നു… പിന്നെ വിത്യാസം എന്താ..”

“അത് ശെരിയാണല്ലോ…”

“ആ അതാണ് ശെരി… അമ്മ വേഗം ഡ്രസ്സ് മാറു നമുക്കും പോവാം രാത്രി നടത്തതിന്…”

“അയ്യോ മോളെ അച്ഛൻ..”

“അമ്മ ഇനി മിണ്ടേണ്ട ഡ്രസ്സ് മാറു..” കിങ്ങിണി വേഗം അച്ഛന്റെ ഫോണിലേക്കു വിളിച്ചു..

“അച്ഛൻ എവിടെയാ വരാറായോ…”

“ഇല്ല മോളെ ഞങ്ങൾ ഒരു കമ്പനി കൂടുവാ കുറച്ചു വൈകും… എന്താ മോളെ..”

“അതെ ഞങ്ങൾ കുടുംബശ്രീ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തുന്ന രാത്രിയിൽ നടത്തതിന് പോവാ.. ടൗണിൽ വരെ പോയെ വരു…”

“വേണ്ട വേണ്ട അതൊന്നും കുടുംബത്തു പിറന്ന പെണ്ണുങ്ങൾക്ക്‌ പറഞ്ഞേക്കുന്ന കാര്യമല്ല.. മര്യാദക്ക് വീട്ടിൽ അടങ്ങി ഇരുന്നാൽ മതി…”

ദേഷ്യത്തോടെയുള്ള അച്ഛന്റെ സംസാരം കേട്ട കിങ്ങിണി ചിരിയോടെ അച്ഛനോട് പറഞ്ഞു…

“അച്ചേ ജെ എൽ ജി ക്കാർക്ക് ലിങ്കേജ് ഒരു ലക്ഷം വീതം അനുവദിച്ചു അത്രേ…

ഈ പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് അതുകൊടുക്കേണ്ട എന്നാണ് സി ഡി എസ് തീരുമാനം എന്ന്…” മോൾടെ സംസാരം കേട്ട വാപൊത്തി…ഇവൾ ഇതെന്തൊക്കെയാ പറയുന്നത്… കിങ്ങിണി അമ്മയുടെ നേരെ നോക്കി കണ്ണിറുക്കി കാണിച്ചു…

“ആണോ.. അങ്ങനെ പറഞ്ഞെങ്കിൽ പൊയ്ക്കോളൂ.. മോളും പൊയ്ക്കോ ട്ടോ അമ്മേടെ കൂടെ… അധികം ഓട്ടവും പാച്ചിലും ഒന്നും വേണ്ടാട്ടോ നാട്ടുകാര് ശ്രദ്ധിക്കും… കഴിയുമ്പോളെ ഇങ്ങ് വന്നേക്കണേ…”

ഫോൺ കട്ട് ചെയ്ത കിങ്ങിണി തുള്ളിചാടി…

“ഐവ… അച്ഛൻ സമ്മതിച്ചു വാ നമുക്ക് പോകാം അമ്മേ…” അവൾ അമ്മയെ ചേർത്തു പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി…

“എന്നാലും മോളെ.. നീ..”

“ഒരെന്നാലും ഇല്ല… നമ്മൾ പോകുന്നു ബാക്കിയൊക്കെ പിന്നെ..”

ലതയും കിങ്ങിണിയും ചെല്ലുമ്പോൾ മെഴുകുതിരി കത്തിച്ചു സ്ത്രീകൾ നിരന്നു തുടങ്ങിയിരുന്നു നടത്തത്തിനായി..

Leave a Reply

Your email address will not be published.