ഈശ്വരാ ഇന്ന് പുതിയൊരു ആൾക്കൊപ്പം തന്റെ ആദ്യത്തെ രാത്രി ആണ്, ആർജ്ജുവേട്ടനൊപ്പം കിടക്ക..

പുനർജ്ജനിയുടെ നൊമ്പരം
(രചന: Jolly Shaji)

ഇന്നാണ് ദേവികയുടെ രണ്ടാം വിവാഹം…. ആർഭാടങ്ങൾ ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ച് താലികെട്ട് കെട്ട് മാത്രം…

സാക്ഷികളായി ദേവികയുടെ അഞ്ചുവയസ്സുകാരി മകളെ കൈപിടിച്ച് ആദ്യ ഭർത്താവിന്റെ അമ്മയും അച്ഛനും മൂന്ന് വയസുള്ള ഇളയ മോളെയുമായി ദേവികയുടെ അച്ഛനും അമ്മയും…

അവളുടെ കഴുത്തിൽ മിന്നണിയിക്കാൻ ഒരുങ്ങിവന്നിരിക്കുന്ന സുഭാഷിന്റെ കൈകളിൽ തൂങ്ങി അയാളുടെ മക്കളായ പതിനൊന്ന് വയസ്സുകാരായ ഇരട്ട പെൺകുട്ടികളും മാത്രം..

ദേവിക ഒട്ടും സന്തോഷമില്ലാതെ അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി… അവളുടെ മനസ്സ് വായിച്ചെടുത്ത ശാരദാമ്മ നേർത്ത നെടുവീർപ്പോടെ പുഞ്ചിരിച്ചു…

അവൾ അമ്മായി അമ്മയായിരുന്ന രാജമ്മയെ നോക്കി അവർ ചിരിയോടെ കണ്ണടച്ച് കാണിച്ചു… ആ കണ്ണടച്ചതിൽ നിന്നും ദേവികയ്ക് മനസ്സിലായി അവരൊക്കെ സന്തോഷത്തിൽ ആണെന്ന്…

സുഭാഷിന്റെ മക്കളായ ആത്മികയും സ്വാസികയും ലച്ചുമോളെ നോക്കി ചിരിക്കുന്നുണ്ട് പക്ഷെ അവൾ മെല്ലെ മുത്തശ്ശിയുടെ പിന്നിലേക്ക് മാറി… കിച്ചുമോൾ അമ്മയുടെ കയ്യിലേക്ക് ചാടനായി തിടുക്കം കൂട്ടുന്നുണ്ട്…

അകത്തു പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ജപിച്ചു താലി പൂജിക്കുന്ന തിരക്കിൽ ആണ്… സുഭാഷ് ദേവികയെ നോക്കി… അവൾക്ക് മുഖത്ത് ഒരു സന്തോഷവും കാണുന്നില്ല..

“എടോ താനെന്താ ആകെ ഡിസ്റ്റർബ് ആയതുപോലെ… ഈ സമയത്ത് എങ്കിലും ഒന്ന് ചിരിച്ചു കൂടെ…”

അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് സുഭാഷ് കണ്ടു…

“ദേവിക എന്താ ഇത് ആളുകൾ ശ്രദ്ദിക്കും കണ്ണു തുടക്കു…”

ദേവിക കയ്യിലിരുന്ന തൂവാലകൊണ്ട് കണ്ണുകൾ മെല്ലെ ഒപ്പി… എഴുവർഷങ്ങൾക്ക് അപ്പുറത്തേക്ക് അവളുടെ ഓർമ്മകൾ ഓടിപ്പോയി..

നിറയെ ആഭരണങ്ങൾ അണിഞ്ഞു കേരള സാരിയുടുത്തു മുല്ലപ്പൂ ചൂടി നിൽക്കുന്ന തന്നിലേക്കു തന്നെ നോക്കി ദൂരേന്ന് നടന്നുവരുന്ന അർജ്ജുവേട്ടൻ… തന്റെ തൊട്ടടുത്തു വന്നു നിന്നിട്ടു ആരും കേൾക്കാതെ കാതിൽ മെല്ലെ പറഞ്ഞു..

“സത്യത്തിൽ ഇത് കാവിലെ ഭഗവതി തന്നെയാണോ….”

അദ്ദേഹത്തിന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച തന്നോട് കൂട്ടുകാരികൾ ഒക്കെ അടക്കം പറഞ്ഞു..

“എടോ ശിവനും പർവതിയും പോലുണ്ട് രണ്ടാളും…”

പലരും താനും അർജ്ജുവേട്ടനും ഒരുമിച്ച് പോകുമ്പോൾ നോക്കി നിന്നിട്ടുണ്ട്… പക്ഷെ വിധി തന്നിൽ നിന്നും തട്ടിയെടുത്തു തന്റെ ജീവനെ…

ഇളയ മോളെ പ്രസവിച്ചു മൂന്ന് മാസം തികഞ്ഞപ്പോൾ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ സന്തോഷത്തോടെ വന്നതാണ്… മരണം ആക്‌സിഡന്റ് ആയി കടന്നു വന്നപ്പോൾ തകർന്നു പോയത് തന്റെ ജീവിതമാണ്…

കുഞ്ഞിന് ഒരു വയസ്സ് ആയപ്പോൾ തൊട്ട് ഏട്ടന്റെ അമ്മയും അച്ഛനും ഒരോ നിമിഷവും പറയും…

“മോളെ എത്രയെന്നു വെച്ചാണ് ഈ കുഞ്ഞുങ്ങളെയും കൊണ്ട് നീ ഈ വിധവ വേഷം കെട്ടി ജീവിക്കുന്നത് … രണ്ടു പെൺകുട്ടികൾ ആണ്… അതുങ്ങൾ അച്ഛന്റെ സ്നേഹം അറിഞ്ഞിട്ടേ ഇല്ല…”

“ഞാൻ ഇവിടെ ഇങ്ങനെ ഏട്ടന്റെ ഓർമ്മകൾ ആയി ഒതുങ്ങി ജീവിച്ചു കൊള്ളാം അച്ഛാ…”

“മോളെ നീ വേറൊരു വിവാഹം കഴിക്കുന്നത്‌ നിന്റെ മാത്രം ഭാവിക്കു വേണ്ടി അല്ല… ഈ കുഞ്ഞുങ്ങളെ വളർത്തേണ്ടേ നിനക്ക്… അതും രണ്ടു പെൺകുഞ്ഞുങ്ങൾ…”

“അച്ഛനും അമ്മയ്ക്കും ഒരു ഭാരമാണോ ഞാനും മക്കളും…”

“ഭാരമോ… മോളെ നീയൊരിക്കലും അങ്ങനെ ചിന്തിക്കരുത്… നാളെ എനിക്കോ ഇവൾക്കോ എന്തെങ്കിലും സംഭവിച്ചാൽ നിനക്കാരുണ്ട്…

ഇപ്പോ തന്നെ എന്റെ ചെറിയ വരുമാനത്തിൽ നിന്നാണ് നമ്മൾ എല്ലാം ചെയ്യുന്നത്.. കുട്ടികൾ വളരുകയാണ്… അവരെ പഠിപ്പിക്കണം ഡ്രസ്സ് വേണം ഭക്ഷണം കൊടുക്കണം എല്ലാം കൂടി…”

“ഞാനും ജോലിക്ക് എന്തേലും പോകാം അച്ഛാ..”

“ജോലിക്കോ… എന്ത് ജോലി… പത്തു വരെ പഠിച്ച നിനക്ക് എന്ത് ജോലി… ഇപ്പോളും വീട്ടുകാര്യങ്ങൾ പോലും ചെയ്യാൻ പ്രാപ്തിയാവാത്ത നിന്നെ ജോലിക്ക് വിട്ടാൽ അർജ്ജുന്റെ ആത്മാവ് എന്നോട് കോപിക്കും…

അതുമല്ല നീ ചെറുപ്പമാണ് ആൺതുണ ഇല്ലാത്ത നിനക്ക് ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും മോളെ…”

പിൻകഴുത്തിൽ ഒരു വിരൽസ്പർശം അറിഞ്ഞപ്പോളാണ് അവൾ ഓർമ്മകളിൽ നിന്നും വിമുക്ത ആയതു…

മുൻപിൽ താലിയുമായി നിൽക്കുന്ന സുഭാഷേട്ടൻ പിന്നിൽ ആരോ മുടി ഉയർത്തി പിടിച്ചിരിക്കുന്നു… അറിയാതെ കൈകൾ കൂപ്പിയ അവളുടെ മിഴികളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി..

ദേവികയുടെ കരം പിടിച്ചു അമ്പലത്തിനു വലം വെക്കുമ്പോൾ അവന് അറിയാൻ പറ്റുന്നുണ്ടായിരുന്നു അവളുടെ നെഞ്ചിടിപ്പ്..

സുഭാഷിനൊപ്പം കാറിൽ ദേവികയേ കൈപിടിച്ച് കയറ്റിയത് അർജുന്റെ അമ്മയാണ്… അവൾ കിച്ചു മോളെ എടുക്കാൻ കൈനീട്ടി…

“വേണ്ട നിങ്ങൾ ഈ കാറിൽ പൊയ്ക്കോളൂ.. കുട്ടികളുമായി ഞങ്ങൾ വന്നോളാം…”

രാജമ്മ തന്നെ കാറിന്റെ ഡോർ അടച്ചു… അമ്മയുടെ നേരെ നോക്കി കരയാൻ തുടങ്ങിയ കിച്ചുമോളെ ആത്മികയും സ്വാസികയും ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

സുഭാഷിന്റെ വീട്ടിൽ നിലവിളക്കുമായി പ്രായമായ അവന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു…

അച്ഛനിൽ നിന്നും അവൾ നിലവിളക്കു വാങ്ങി ആ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ പിന്നിൽ നിന്നും രാജമ്മയും ശാരദാമ്മയും കുരവയിട്ടു.. അകത്തെ പൂജാമുറിയിൽ ദേവിക നിലവിളക്കു വെച്ച് പ്രാർത്ഥിച്ചു…

സുഭാഷ് ഏല്പിച്ചിരുന്ന കാറ്ററിംഗ് പാർട്ടി ആഹാരം കൊണ്ടുവന്ന് വെച്ചിട്ടുണ്ടായിരുന്നു… എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു… കുട്ടികൾ നാലുപേരും അപ്പോളേക്കും നല്ല കൂട്ട് ആയി മാറിയിരിന്നു…

നാലുമണിക്ക് ചായയും കുടിച്ചിട്ടാണ് അച്ഛന്മാരും അമ്മമാരും പോകാൻ ഇറങ്ങിയത്… ശാരദാമ്മയുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് ദേവിക കണ്ടു…

അർജുന്റെ അച്ഛനും അമ്മയും നല്ല സന്തോഷത്തിൽ ആയിരുന്നു… രാജമ്മ പോകാൻ നേരം സുഭാഷിന്റെ കയ്യിൽ പിടിച്ചു…

“മോനെ ഞങ്ങടെ മോളായിരുന്നു അവൾ… നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങുന്നത്…

ആ കുഞ്ഞുങ്ങൾക്ക് നീ നല്ലൊരു അച്ഛൻ ആയിരിക്കും എന്ന് അമ്മക്കറിയാം… ഇവൾക്ക് നല്ലൊരു ഭർത്താവും… അതുപോലെ ഞങ്ങൾക്ക് നീ ഞങ്ങടെ മകൻ ആയിരിക്കണം എന്നും…”

രാജമ്മ കരഞ്ഞു പോയി അപ്പോളേക്കും… ആർജ്ജുൻ ആ അമ്മയെ ചേർത്തു പിടിച്ചു…

“അമ്മേടെ മോൻ തന്നെയാണ് ഞാൻ ഇനിയും അങ്ങനെ ആയിരിക്കും… ഇനി ഈ കണ്ണുകൾ നിറയരുത്… എപ്പോൾ തോന്നിയാലും ഇങ്ങോട് ഓടി വരണം.. ഞങ്ങളും വരാം അങ്ങൊട്… എന്റെ മക്കൾക്ക്‌ രണ്ടു മുത്തശ്ശിമാരെയും മുത്തശ്ശൻ മാരെയും കിട്ടിയല്ലോ…”

അവർ യാത്ര പറഞ്ഞു പോയപ്പോൾ ദേവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ആത്മികയും സ്വാസികയും കുഞ്ഞമ്മയെ കെട്ടിപിടിച് അശ്വസിപ്പിച്ചു…

“എന്തിനാ കരയുന്നത്… ഞങ്ങടെ അച്ഛൻ പാവമാണ് മുത്തശ്ശനും… ഞാനും സ്വാസിയും കൂടാം കേട്ടോ എല്ലാ ജോലിക്കും..

കുഞ്ഞമ്മ എന്ന് വിളിക്കാൻ ആണ് അച്ഛൻ പറഞ്ഞത് പക്ഷെ ഞങ്ങൾ അമ്മയെന്ന് വിളിച്ചോട്ടെ… ലച്ചുമോളും കിച്ചുമോളും അങ്ങനെ അല്ലേ വിളിക്കുന്നത്‌…”

“അങ്ങനെ മതി… ഞാൻ ഇനി നിങ്ങടെ അമ്മയാണ് കേട്ടോ…”

ദേവിക കുനിഞ്ഞു അവരെ രണ്ടാളെയും ചുംബിച്ചു… രാത്രിയിൽ ഭക്ഷണം കഴിച്ചു അടുക്കളയിൽ പാത്രം കഴുകാൻ രണ്ടാളും അമ്മയെ സഹായിച്ചു… ലച്ചുമോളും കിച്ചുവും സുഭാഷിന്റെ മടിയിൽ ആയിരുന്നു അപ്പോളൊക്കെ… അച്ഛൻ ഭക്ഷണം കഴിച്ചു കിടന്നു..

ദേവിക കുട്ടികളെ മേല് കഴുകി ഉടുപ്പൊക്കെ മാറ്റി ഉറങ്ങാൻ വിളിച്ചു… പക്ഷെ നാലാളും ഒറ്റകെട്ടായി നിന്നു… അവർ ഒരുമിച്ചു ഒരു മുറിയിലെകിടക്കു എന്ന്..

“എങ്കിൽ കിച്ചു വാ അമ്മേടേം അച്ഛന്റെയും കൂടെ കിടക്കാൻ…”

“വേണ്ട, വേണ്ട അമ്മ പോ… ചേച്ചി കൂടെ ഉറങ്ങു ഞാൻ…”

അങ്ങനെ നാൽവർ സംഘം ഒരു മുറിയിലെ കട്ടിലിൽ നിരന്നു കിടന്നു ഉറക്കത്തിനായി… സ്വാസികക്കും ആത്മീകയ്ക്കും നടുവിലായി കിച്ചുവും ലച്ചുവും..

ദേവികയ്ക്ക് മേല് കഴുകാൻ കേറിയപ്പോൾ മുതൽ ഉള്ളിൽ വീണ്ടുമൊരു ഭയം.. ഈശ്വരാ ഇന്ന് പുതിയൊരു ആൾക്കൊപ്പം തന്റെ ആദ്യത്തെ രാത്രി ആണ്…

ആർജ്ജുവേട്ടനൊപ്പം കിടക്ക പങ്കിട്ടതൊക്കെ അവളുടെ ഓർമ്മയിലേക്ക് വന്നു…

അവൾ തന്റെ മാറിടത്തിലൂടെ വിരൽ ഓടിച്ചു… ഇടിഞ്ഞു തൂങ്ങിയ മുലകൾ… നിറയെ പാടുകൾ വീണ വയറും തുടയും… ഈശ്വരാ ഇതൊക്കെ കാണുമ്പോൾ സുഭാഷേട്ടൻ എന്ത് വിചാരിക്കും… അയാൾക്ക്‌ വെറുപ്പാകുമോ..

ലച്ചുമോളെ പ്രസവിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ആർജ്ജുൻ പറഞ്ഞത് അവളുടെ കാതുകളിൽ മുഴങ്ങി… “ഒരു പേറു കഴിഞ്ഞപ്പോളേക്കും മു ലയും തൂങ്ങി വയറും ചാടി… ഇത്രേ ഉള്ളെടി പെണ്ണ്…”

അവൾ കുളികഴിഞ്ഞു ഭയത്തോടെയാണ് റൂമിലേക്ക്‌ ചെന്നത്…

“ദേവീ… എന്താ ഇപ്പോളും തന്റെ മുഖം വല്ലാതിരിക്കുന്നതു… തനിക്ക് എന്നെ ഇഷ്ടമായില്ലേ ഇപ്പോളും..”

അവളുടെ കയ്യിൽ പിടിച്ചു ബെഡിലേക്കു ഇരുത്തി സുഭാഷ്…

“അത് ഏട്ടാ ഞാൻ ഒരു ഭാര്യ ആയിരുന്നില്ലേ… രണ്ടു പ്രസവിച്ചവളും..”

“അതിനെന്താ എന്റെ കാർത്തിക ഒറ്റപ്രസവത്തിൽ രണ്ടു മക്കളെ എനിക്ക് തന്നതാ… ഏഴെട്ട് കൊല്ലം ഒരുമിച്ചു ജീവിക്കുകയും ചെയ്തു…

പ്രതീക്ഷിക്കാതെ വന്ന രോഗം അവളെ തട്ടിയെടുത്തു പോകുമ്പോൾ തളർന്നു പോയവനാണ് ഞാനും… പക്ഷെ എന്റെ മക്കൾക്കായി ഞാൻ പുനർജനിച്ചു…

ദേ ഇന്നിപ്പോ അവർക്ക് ഒരമ്മയും അനുജത്തിമാരും ആയി.. തനിക്ക് എന്നെ അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുട്ടികൾക്കൊപ്പം പോയി കിടന്നോളു… എനിക്ക് പരാതി ഇല്ല..”

“അതല്ല ഏട്ടാ… ഏട്ടന് എന്നെ ഇഷ്ടമാകുമോ എന്നാണ് എന്റെ വിഷമം..”

“ഇഷ്ടമായത് കൊണ്ടല്ലെ ഞാൻ തന്നെ കെട്ടിയതു… എന്നിട്ട് ഇപ്പൊ..”

“എന്റെ ന ഗ്നത കാണുമ്പോൾ എന്നോടുള്ള ഇഷ്ടം കുറയും ഏട്ടന്… അതാണ് എന്റെ പേടി…”

സുഭാഷ് പൊട്ടിച്ചിരിച്ചു..

“എടി പൊട്ടിപ്പെണ്ണേ… എന്റെ ഭാര്യയെയും പ്രസവത്തിനു ശേഷം കണ്ടതല്ലേ ഞാൻ… എന്തിനേറെ..

എന്റെ അമ്മ മുണ്ട് ഉടുത്ത് നടക്കുമ്പോൾ പലപ്പോഴും ഞാൻ ആ വയറിൽ തൊട്ടുനോക്കി സങ്കടപ്പെടും… ആ എന്നോട് ആണല്ലേ…”

അവൾ ചമ്മിയ ചിരിയോടെ മുഖം പൊത്തി.. സുഭാഷ് അവളുടെ കരങ്ങൾ പിടിച്ചു മാറ്റി നെറ്റിയിൽ അമർത്തി ചുംബിച്ചു…

Leave a Reply

Your email address will not be published. Required fields are marked *