പിന്നെ ഇവിടെ മലമറിക്കൽ അല്ലേ, ഇത്തിരി ചോറും കറിയുംഉണ്ടാക്കും രണ്ട് തുണിയും..

അവളിടങ്ങളിലൂടെ
(രചന: Jolly Shaji)

അലാറം അടിക്കുകയും സൂര്യ ബെഡിൽ നിന്നും എഴുന്നേൽക്കുകയും ഒപ്പമായിരുന്നു.. കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്നതല്ലേ..

ഇപ്പോൾ ബെൽ അടിക്കുന്നില്ലന്നെ ഉള്ളു അലാറത്തിന്റെ അലാറം ആയി അവൾ മാറിക്കഴിഞ്ഞു….. തലമുടി വാരിക്കെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് അവൾ നേരെ അടുക്കളയിലേക്ക് ഓടി…

ചോറിനുള്ള വെള്ളം അടുപ്പത്തു വെച്ചിട്ടാണ് അവൾ ബ്രെഷ് എടുത്തു ടോയ്‌ലെറ്റിലേക്ക് പോയത്..

പതിവുപോലെ എഫ്. എം ൽ നിന്നുംപ്രഭാതഗീതങ്ങൾ ഒഴുകിയെത്തിതുടങ്ങി.. ശബ്‍ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്…

ഒരോ പണികൾ ധൃതിയിൽ ചെയ്യുമ്പോൾ അവളൊരു യന്ത്രപാവ പോലെ ആയി മാറിയിരുന്നു…

ഭർത്താവിനെ ജോലിക്കും മക്കളെ സ്കൂളിലേക്കും പറഞ്ഞയച്ച അവൾ നേരെ ഹാളിലെ സെറ്റിയിലേക്ക് വീഴുകയായിരുന്നു…

അറിയാതെ കണ്ണുകൾ അടഞ്ഞുപോയി… മിനിറ്റുകൾക്കകം അവൾ ഞെട്ടി എഴുന്നേറ്റു.. അയ്യോ അടുക്കള വൃത്തിയാക്കിയില്ലല്ലോ..

നേരെ അടുക്കളയിലേക്കു ചെന്ന് പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി കൊണ്ടിരിക്കുമ്പോളാണ് പിറ്റേന്നത്തേക്കുള്ള ദോശക്ക് അരിയും ഉഴുന്നും വെള്ളത്തിൽ ഇടുന്നത് ഓർത്തത്‌….

ജനാലവഴി മുറ്റത്തേക്ക് നോക്കുമ്പോൾ മഴക്കാറ് കീറിമാറ്റി വെയിലിന്റെ കിരണങ്ങൾ ഒഴുകിയെത്തുന്നത് കണ്ടു…

നേരെ ഓടി ചായ്‌പ്പിൽ വിരിച്ചിരുന്ന ഭർത്താവിന്റെയും മക്കളുടെയും ഡ്രെസ്സുകൾ എടുത്തു വെയിലിൽ ഉണങ്ങാൻ ഇട്ടു…

ദേ കേൾക്കുന്നു കൂട്ടിൽ നിന്നും മണിക്കുട്ടിയുടെയും മക്കളുടെയും നിലവിളി.. വേഗന്ന് ഓടി അവർക്കടുത്തേക്ക്..

അമ്മയെയും മക്കളെയും പറമ്പിലേക്ക് അഴിച്ചു കെട്ടിയപ്പോളേക്കും വയറ്റിൽ നിന്നും വിശപ്പിന്റെ വിളി മുഴങ്ങിതുടങ്ങി…

അടുക്കളയിൽ ചെന്ന് പാത്രത്തിൽ അവശേഷിക്കുന്ന രണ്ട് ദോശ കഴിക്കാൻ എടുത്തു വെച്ചപ്പോൾ കാളിങ്ബെൽ അടിക്കുന്നു… വേഗം ചെന്ന് വാതിൽ തുറന്നു.. മീൻകാരി കനകമ്മയാണ്…

ചേച്ചിയെ നല്ല നാടൻ കൊഞ്ച് ഉണ്ട്കെട്ടാ, പെടക്കുന്ന ചാളയും ഉണ്ട്…
കൊഞ്ച് തീയൽ സത്യേട്ടന് ഇഷ്ടമാണ്… ചാള പൊള്ളിച്ചത് ഉണ്ടങ്കിൽ മക്കൾ ചോറ് വയറു നിറയെ കഴിക്കും..

രണ്ടും വാങ്ങി പൈസകൊടുക്കുമ്പോൾ കനകമ്മ വെള്ളം ചോദിച്ചു.. ചേച്ചി ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് കനകമ്മ പറഞ്ഞു..

നേരെ അടുക്കളയിൽ പോയി പാത്രത്തിൽ ഇരുന്ന ദോശയും ചമ്മന്തിയും ചായയും അവൾക്കെടുത്തു കൊടുത്തു…

അവൾ കഴിച്ച് ആശ്വാസത്തോടെ റോഡിലേക്ക് ഇറങ്ങിയപ്പോൾ സൂര്യയുടെ വയർ വിശന്നു പൊരിഞ്ഞു തുടങ്ങി…

ഇനി ഏതായാലും എന്തേലും കഴിച്ചിട്ടാവാം ബാക്കി ജോലി… അടുക്കളയിലെ ഒരോ പാത്രങ്ങൾ ഉയർത്തി നോക്കി..

ഇന്നലെ വൈകിട്ട് ചായക്ക്‌ ഉണ്ടാക്കിയ ഉപ്പുമാവ് ഇത്തിരി ഫ്രിഡ്ജിൽ ഇരുന്നത് ചൂടാക്കാൻ അടുപ്പത്തേക്ക് വെക്കുമ്പോൾ ആണ് പുറത്ത് മഴ ചാറുന്നതു ശ്രദ്ധിച്ചത്…

പിന്നൊരു ഓട്ടം ആയിരുന്നു.. പുറത്ത് ഉണക്കാനിട്ടിരുന്ന തുണികളും വിറകുമൊക്കെ പെറുക്കി വെച്ചപ്പോളാണ് തൊടിയിൽ നിന്നും മണിക്കുട്ടിയുടെ നിലവിളി..

വേഗം ഓടി അവളെയും മക്കളെയും അഴിച്ചു കൂട്ടിൽ കെട്ടിയപ്പോളേക്കും പാതി കുളിച്ചപോലെ ആയിരുന്നു അവൾ..

ഇനിയേതായാലും മീൻ നന്നാക്കി വെച്ചിട്ട് കുളിച്ച് ചോറുണ്ണാം… അവൾ ഒരുഗ്ലാസ് ചൂടുവെള്ളം എടുത്തു കുടിച്ചിട്ട് വേഗം മീനൊക്കെ വൃത്തിയാക്കി…

ചാളയിൽ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചു… കൊഞ്ച് തീയലിനുള്ള തേങ്ങ ചുരണ്ടി വറത്തു വെച്ചു…

ദേ വീണ്ടും വെയിലു തെളിയുന്നു… തുണികൾ വീണ്ടും അയയിലേക്ക് ഇട്ട് അരിവാൾ എടുത്തു പറമ്പിൽ പോയി കുറച്ചു പുല്ലുവെട്ടി മണിക്കുട്ടിക്കും മക്കൾക്കും കൊടുത്തു…

ഇനിയൊന്നു കുളിക്കാം.. വേഗം കുളിമുറിയിൽ കയറി കുളിച്ചു വന്നപ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു.. ഓടിച്ചെന്ന് എടുത്തു അമ്മയാണ്.. നീയിത് എവിടെ ആയിരുന്നു മോളെ ഞാൻ എത്രവട്ടം വിളിച്ചു…

ഞാൻ കുളിക്കുവാരുന്നു അമ്മേ… ഈ നാട്ടുച്ചക്കാണോ മോളെ കുളിക്കുന്നത്…

അമ്മയോട് കുറച്ചുനേരം സംസാരിച്ച സൂര്യ വേഗം പോയി ചോറെടുത്തു കഴിക്കാൻ ഇരുന്നു… വെറുതെ ടി. വി ഓൺ ആക്കിയപ്പോൾ ഒരു ഡാൻസ് പ്രോഗ്രാം ആണ്….

അവൾ പെട്ടന്ന് തന്റെ ബാല്യത്തിലേക്കും കൗമാരത്തിലെക്കും പോയി…. ചിലങ്ക കെട്ടി ആടിയ ദിവസങ്ങൾ അവൾ ഓർത്തെടുത്തു… അവളുടെ പാദങ്ങൾ തറയിൽ അറിയാതെ നൃത്തം ചവിട്ടി…

ചോറുപാത്രം മേശയിൽ വെച്ച അവളുടെ കൈകളിൽ മുദ്രകൾ വിടർന്നു… സൂര്യ ആ പഴയ കൗമാരക്കാരിയിലേക്ക് മാറീതുടങ്ങുമ്പോളാണ് പുറത്ത് ശക്തമായ ഇടിമിന്നൽ…

പെട്ടന്ന് കറണ്ട് പോയി… അവളുടെ ദേഹം വിയർപ്പിൽ മുങ്ങിയിരുന്നു അപ്പോൾ.. അയ്യോ തുണികൾ… വീണ്ടും മുറ്റത്തേക്ക് ഓടി അവൾ..

തുണികൾ വിരിച്ചിട്ട് വീണ്ടും അടുക്കളയിലേക്കു കയറി.. കുട്ടികൾക്ക് ചായക്ക്‌ കൊടുക്കാൻ അരിപ്പൊടി തിളച്ച വെള്ളത്തിൽ കുഴച്ചെടുത്തു തേങ്ങയും ശർക്കരയും ഏലക്കായും ജീരകവും ചേർത്ത് ഇലയട ഉണ്ടാക്കി…

അതിനിടെ ചെമ്മീൻ തീയൽ ഉണ്ടാക്കി… പൊള്ളിക്കാൻ ഉള്ള മീൻ ഫ്രിഡ്ജിൽ നിന്നും വെളിയിലെടുത്തു വെച്ച്.. പുറത്ത് മഴ നന്നായി പെയ്യുന്നുണ്ട്..

കുട്ടികളുടെ ബസ് വരാറായി ഈ മഴയത്തു ബാഗും ചുമന്ന് അതുങ്ങൾ വരേണ്ടേ.. വേഗം കുടയെടുത്തു ബസ്റ്റോപ്പിലേക്ക് പോയി അവൾ… കുട്ടികളെ കൂട്ടിവന്നു അവർക്കു ചായകൊടുത്തു..

ഉണ്ണിമോൾക്ക് നാളേക്ക് എന്തൊക്കെയോ പ്രൊജക്റ്റ്‌ ചെയ്യാനുണ്ട്.. അവളെ കുറച്ചു നേരം സഹായിച്ചു…

അപ്പോളാണ് അരിയരക്കാൻ ഓർത്തത്.. അരി അരച്ചുവെച്ചിട്ടു നേരെ മണിക്കുട്ടിക്കും മക്കൾക്കും കാടിവെള്ളം ചൂടാക്കി കൊടുത്തു… അപ്പോളേക്കും വിളക്ക് വെയ്ക്കാറായി…

കുട്ടികളെയും കൂട്ടി വിളക്ക് വെച്ചു നാമം ചൊല്ലുമ്പോളാണ് സത്യൻ വരുന്നത്… കയ്യിലിരുന്ന കവർ അവൾക്ക് നേരെ നീട്ടി പറഞ്ഞു എടി നല്ല സിലോൺ കപ്പ കണ്ടപ്പോൾ രണ്ടുകിലോ വാങ്ങി…

നാടൻ ചാളയുമുണ്ട്… കപ്പ പുഴുക്ക് ആക്കി ചാള മുളകിട്ട് പറ്റിക്കുവേഗം..
ഇലയട ഉണ്ടാക്കിയത് ഉണ്ട് സത്യേട്ടാ ചായക്ക്‌ കപ്പ നാളെ ഉണ്ടാക്കിയാൽ പോരെ..

ഇന്ന് കഴിക്കാൻ ആണ് വാങ്ങിയത് പറ്റില്ലെങ്കിൽ ആ പറമ്പിലേക്ക് എടുത്തു കളഞ്ഞേക്ക്…

സത്യൻ ദേഷ്യത്തിലാണെന്നു മനസ്സിലാക്കിയ അവൾ വേഗം അടുക്കളയിൽ പോയി കപ്പ നുറുക്കി അടുപ്പിൽ വെച്ച്..

പൊടിച്ചാളയാണ് പകുതിയോളം നന്നാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട് പച്ചമുളകും ചുന്നുള്ളിയും കീറിയിട്ടു മുളകുപൊടിയും മഞ്ഞൾപൊടിയുമിട്ട് പുളിവെള്ളം ഒഴിച്ച് മീൻ അടുപ്പത്തു വെച്ചു…

വേഗം തേങ്ങ ചിരവി ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ജീരകവും ഒതുക്കി ചേർത്ത് കപ്പയിളക്കി വാങ്ങി… മീൻ പറ്റിത്തുടങ്ങി അതിലേക്ക് കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് ചട്ടിയൊന്നു ചുറ്റിച്ചു വാങ്ങിവെച്ചു..

മേശയിൽ കപ്പയും കറിയും ചോറുമൊക്ക എടുത്തുവെച്ചു എല്ലാരേയും വിളിച്ചു.. അച്ഛനും മക്കളും കഴിക്കാൻ ഇരുന്നു…

പിറ്റേന്ന് ഇട്ടോണ്ട് പോവേണ്ട യൂണിഫോം തേച്ചില്ലല്ലോ എന്നോർത്ത് അവൾ വേഗം അകത്തേക്ക് പോയി…

എടി നീയിത് എങ്ങോട് പോണേ… ഭക്ഷണം വിളമ്പി തരാൻ ഇനി ആരു വരും…

അത് സത്യേട്ട യൂണിഫോം തേച്ചില്ല… തേക്കാൻ പോകുവാ…

പകല് മുഴുവൻ വെറുതെ ഇവിടെ ഇരുന്നിട്ട് നിനക്ക് അത് തേക്കാൻ പറ്റിയില്ല അല്ലേ… അതെങ്ങനെ ടി വി കാണൽ തീറ്റ ഉറക്കം ഇതല്ലേ പണി…
അപ്പൊ ഇവിടുത്തെ ജോലികൾ ചെയ്യുന്നതോ ഏട്ടാ…

പിന്നെ ഇവിടെ മലമറിക്കൽ അല്ലേ.. ഇത്തിരി ചോറും കറിയുംഉണ്ടാക്കും രണ്ട് തുണിയും കഴുകും അതല്ലേ പണി…

സൂര്യ ഒന്നും മിണ്ടിയില്ല.. മിണ്ടിയിട്ടും കാര്യമില്ല.. അവർക്ക് ജോലി ചെയ്താൽ ശമ്പളം ഉണ്ട് തനിക്കോ… അവൾ മേശക്കരുകിൽ നിന്ന് വിളമ്പികൊടുത്തു…

അടുക്കള ഒതുക്കി കിടക്കാൻ ചെന്നപ്പോൾ സത്യേട്ടന് നടു വേദന… കുഴമ്പിട്ടു തിരുമ്മി വെള്ളം തിളപ്പിച്ച്‌ ചൂട് പിടിച്ചു വന്നപ്പോളേക്കും ആളാകെ ചൂടായി…

പിന്നീട് അയാളുടെ കൈപ്പിടിയിൽ ഞെരുങ്ങി ഒരു മാൻ പേട പോലെ ആയി അവൾ…

കാ മം അടങ്ങിയ അയാൾ കൂർക്കം വലിച്ചു തുടങ്ങിയിട്ടും അവൾക്ക് ഉറക്കം വന്നില്ല… ശരീരം ആകെ നോവ്… പൊട്ടിപ്പോവുന്ന തലവേദന…

അവൾ വിക്സ് എടുത്തു നെറ്റിയിൽ പുരട്ടി…കൈ എത്തിച്ചു ടൈംപീസ് എടുത്തു അലാറം ഓൺ ആക്കി വെച്ചു…. അവളിലെ ഇന്നത്തെ ദിനവും അലാറത്തിൽ അവസാനിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *