ഇവിടെ ലീവ് എല്ലാം ശരിയാക്കി വിവാഹത്തിന് റെഡിയായി നിൽക്കുമ്പോൾ അവരെന്താ..

നിഴൽമറക്കപ്പുറം
(രചന: Jolly Shaji)

ഫൈസൽ രാവിലെ മുതൽ ഷെമീനയെ വിളിക്കുന്നുണ്ട് പക്ഷേ ഫോൺ എടുക്കുന്നില്ല… അവനാണെങ്കിൽ കമ്പനിയിൽ നല്ല തിരക്കും ഉണ്ട്‌..

നാട്ടിലേക്ക് പോകും മുന്നേ ചെയ്ത്‌ തീർക്കാൻ കുറേ ജോലികൾ ഉണ്ട്‌.. അതിനിടയിൽ ആണ് ഇടക്കൊക്കെ അവളെ വിളിക്കുന്നത്‌…

ഇന്നലെ രാത്രിയിൽ അയച്ച മെസ്സേജിനു മറുപടിയും ഒന്നുമില്ല…

എങ്ങനെയോ ഉച്ചവരെ പിടിച്ചുനിന്ന ഫൈസി പതിവിലും നേരത്തെ കാന്റീനിലേക്ക് പോയി… ഷെമിയെ കിട്ടുന്നില്ലെന്നു കണ്ട അവൻ വേഗം അവളുടെ ബാപ്പയുടെ ഫോണിലേക്കു വിളിച്ചു..

“ബാപ്പാ ഞാൻ ഫൈസി ആണ്…”

“ആ ഫൈസി ഞാൻ അന്റെ പൊരേലോട്ടു വിളിക്കാൻ തുടങ്ങുവായിരുന്നു അപ്പളാ തന്റെ കാൾ..”

“എന്താ ബാപ്പ വിശേഷം അവളെവിടെ ഷെമി…”

“വിശേഷങ്ങൾ അന്റെ വീട്ടിൽ പറഞ്ഞേക്കാം ഇജ്ജ് ഇനി ഷെമിയെ വിളിക്കരുത്… ഞങ്ങളെയും…”

“ഇങ്ങള് എന്താണ് ബാപ്പ ഈ പറയുന്നേ എന്റേം ഷെമിയുടെയും നിക്കാഹ് ഉറപ്പിച്ചതല്ലേ… പിന്നെന്താ വിളിച്ചാൽ…”

“ഈ കല്യാണം നടക്കില്ല ഫൈസി… പടച്ചോൻ എനിക്കു തന്നിരിക്കുന്ന നിധിയാണ് എന്റെ മക്കൾ എനിക്കവരുടെ ഭാവി സുരക്ഷിതമാക്കണം…”

“ഇങ്ങള് ഇങ്ങനൊക്കെ സംസാരിക്കാൻ ഇവിടിപ്പോ എന്താ ഉണ്ടായത്…”

“അതൊക്കെ അന്റെ വീട്ടുകാര് പറഞ്ഞു തരും… ”

ഇത്രയും പറഞ്ഞ ഷെമിയുടെ ബാപ്പ ഫോൺ കട്ട് ചെയ്തു..

ഫൈസിക്ക് എത്ര ആലോചിച്ചിട്ടും ഒന്നും മനസ്സിലായില്ല… ഒരു കുടുംബക്കാരൻ വഴിവന്ന ആലോചന ആണ് ഷെമീനയുടെ… പി ജി ഫൈനൽ സെമെസ്റ്റർ പഠിക്കുകയാണ് അവൾ..

അഞ്ച് വർഷമായി ഗൾഫിൽ ഒരു കമ്പനിയിൽ തരക്കേടില്ലാത്ത ജോലി ചെയ്യുന്ന ഫൈസിക്ക് ഉമ്മയും ഇക്കയും രണ്ട് സഹോദരിമാരുമാണ്…

എല്ലാരും വിവാഹിതർ.. ഇക്കയുടെ വീടുപണി നടക്കുന്നു… തന്റെ വിവാഹം കഴിഞ്ഞാൽ ഉടൻ അവർ വീട് മാറും…

സഹോദരിമാർ ആണെങ്കി അത്യാവശ്യം നല്ല നിലയിൽ ജീവിക്കുന്നു… ഷെമീനയുടെ ആലോചന വരുമ്പോൾ ഒന്നേ അവരോട് പറഞ്ഞൊള്ളൂ തന്റെ ഉമ്മയെ നന്നായി നോക്കണം…

ഒരുപാട് കഷ്ടപെട്ടാണ് ഉമ്മച്ചി തങ്ങളെ വളർത്തിയത്… ഉമ്മക്കും ഷെമിയെ ഒരുപാട് ഇഷ്ടമായി… ഇടക്കൊക്കെ അവൾ ഉമ്മാനെ വിളിക്കാറൂം ഉണ്ട്‌…

ഒരുപാട് പിടിവാശികളോ ആഗ്രഹങ്ങളോ ഒന്നുമില്ലാത്ത ഒരു പാവം കുട്ടിയാണ് ഷെമി… അതാണ് അവളെ തനിക്കും ഇഷ്ടമായത്.. മിക്കവാറും മെസ്സേജ് അയക്കാറുണ്ട് ഇടക്കൊക്കെ വിളിക്കും…

പക്ഷേ ഇന്നലെ രാത്രി മുതൽ മറുപടി ഒന്നുമില്ല…അവനിൽ എന്തോ വല്ലാത്തൊരു വിഷമം ഉടലെടുത്തു..

എങ്ങനെയോ ജോലി തീർത്ത ഫൈസി വേഗം വീട്ടിലേക്കു വിളിച്ചു… ഇക്കാടെ ഇത്താത്ത ആണ് ഫോൺ എടുത്തത്..

“ഇത്താത്ത ഞാൻ ഫൈസി ആണ് ഉമ്മ എവിടെ…”

“എടാ ഉമ്മ കിടക്കുവാണ്… അന്റെ കാൾ വരാൻ കാത്തിരിക്കുവായിരുന്നു ഞങ്ങൾ… ദേ ഇക്കാക്ക ഉണ്ട് ഞാൻ ഫോൺ കൊടുക്കാം..”

“ആ ഇക്കാ ഉമ്മാക്ക് എന്താ പറ്റിയത്…”

“ഫൈസി അന്നെ അങ്ങൊട് വിളിക്കാൻ ഇരിക്കുവാരുന്നു… ആ ഷെമീനേടെ ബാപ്പ വിളിച്ചിരുന്നു ഇന്ന്…”

“എന്താ ഇക്കാ പ്രശ്നം… ഞാൻ അവളെ വിളിച്ചിട്ട് കിട്ടുന്നില്ല… ഓൾടെ ബാപ്പ എന്തൊക്കെയോ പറയുന്നു…”

“മം ഓര് ഇങ്ങോട് വിളിച്ചേർന്നു… ഈ നിക്കാഹിന് ഓർക്കു സമ്മതം അല്ലത്രേ…”

“അവരെന്താ ഇക്കാ പറയുന്നേ… ഞാൻ ഇവിടെ ലീവ് എല്ലാം ശരിയാക്കി വിവാഹത്തിന് റെഡിയായി നിൽക്കുമ്പോൾ അവരെന്താ ഈ പറയുന്നേ… എന്താ അവർക്ക് കാരണം പറയാൻ ഉള്ളത്…”

“അവർക്ക് പറയാനുള്ള കാര്യത്തിന് ഒരുപാട് പ്രസക്തി ഉണ്ടെടാ … നീ അതിൽ സത്യമുണ്ടോ എന്ന് പറഞ്ഞെ പറ്റു..”

“എന്താ ഇക്കാ പ്രശ്നം അത് പറയ് ഇങ്ങള്..”

“അനക്ക് അൻഷാദ് എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നോ…”

“അൻഷാദ്… ഉവ്വ് കോളേജിൽ ഞാനും അവനും ഒരുമിച്ച് ഉണ്ടായിരുന്നതാണ്… ”

“ഓൻ എങ്ങനെയാ പ്രശ്നക്കാരൻ ആണോ..”

“അങ്ങനെ ചോദിച്ചാൽ ക്ലാസ്സിൽ ഒരുമിച്ച് എന്നൊരു ബന്ധമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു… ഓൻ വേറെ റൂമിൽ ആരുന്നു താമസം…”

“ഇജ്ജ് ഓന്റെ റൂമിൽ പോവാറുണ്ടായിരുന്നോ…”

“ഇടക്കൊക്കെ പോയിട്ടുണ്ട് ഇക്കാ.. എന്താ ഇപ്പോ ഇതൊക്കെ ചോയിക്കാൻ ഇണ്ടായ കാരണം..”

“ഇടക്കൊക്കെ പോണത് കള്ളുകുടിക്കാനും ക ഞ്ചാവ് വലിക്കാനും ആരുന്നു അല്ലേ..”

“ഇക്കാ ഇങ്ങള് എന്ത് വർത്താനം ആണ് ഈ പറയുന്നത്..”

ഫൈസി ഇക്കയോട് ദേഷ്യത്തോടെ ചോദിച്ചു…

“ഇയ്യ്‌ ദേഷ്യപ്പെടേണ്ട… ഉള്ളത് പറഞ്ഞാൽ മതി… അന്നെ നമുക്ക് അറിയാം പക്ഷെ ഓർക്ക്‌ സംശയം…”

“ഇക്കാ അൻഷാദ് കുറച്ചു ചീത്ത കൂട്ടുകെട്ട് ഒക്കെ ഉണ്ടായിരുന്നവൻ ആണ്.. പക്ഷേ ഞാനൊരിക്കലും തെറ്റ് ചെയ്തിട്ടില്ല… ഇതാണോ അവർ എന്നിൽ കണ്ട ആരോപണം..”

“അതെ ഇജ്ജ് മ ദ്യത്തിനും മ യ ക്കുമരുന്നിനും അടിമയാണത്രെ… അതോണ്ട് ഓർടെ പെണ്ണിനെ നമ്മുടെ പുരെലേക്ക്‌ അയക്കില്ലത്രെ…”

“ഓഹോ അതാണ് കാര്യം… ആരാണ് ഇക്കാ ഈ അനാവശ്യം പറഞ്ഞ് ഉണ്ടാക്കിയത്…”

“ഷെമീനയുടെ മാമാടെ മോന്റെ സുഹൃത്ത് അൻഷാദിന്റെ സുഹൃത്ത് ആണ്… അങ്ങനെ അറിഞ്ഞതാണ്… അന്റെ ഫോട്ടോസ്‌ കണ്ടെന്ന് അൻഷാദിനൊപ്പം…”

“ഇക്കാ ഓൻ മ ദ്യപിക്കും എന്ന് വെച്ച് അവന്റെ കൂട്ടാളർ എല്ലാരും അങ്ങനെ ആകുമോ… ഞാൻ ഓന്റെ റൂമിൽ പോയിട്ടും ഉണ്ട്.. ഓനും ഞാനുമൊക്കെ ഒരുമിച്ചു കറങ്ങാനും പോയിട്ടുണ്ട്…

അപ്പോൾ ഫോട്ടോസ് എടുത്തിട്ടുണ്ട്… എന്ന് വെച്ച് ഞാൻ മ ദ്യ പാനി ആകുമോ… അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാ ഇക്കാ ഒന്ന് സംസാരിക്കു അവരോട്…”

“നീ എന്തായാലും ലീവ് എടുത്തില്ലേ…. നീ വാ നമുക്ക് തീരുമാനിക്കാം എന്ത് വേണെന്നു…”

ഫൈസൽ ആകെ വിഷമത്തിൽ ആയി… നാളിത്ര ആയിട്ടും ഒരു പെൺകുട്ടിയോടും മുഹബ്ബത്ത് തോന്നിയിട്ടില്ല..

സാഹചര്യം ആവും പ്രണയിക്കാൻ തോന്നിപ്പിച്ചിട്ടും ഇല്ല… ചെറുപ്പത്തിൽ ബാപ്പ മരിച്ച തന്നെയും കൂടെപ്പിറപ്പുകളെയും വളർത്താൻ ഉമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്…മൂത്ത ഇത്ത ഇളയതങ്ങൾക്ക് വേണ്ടി പഠിത്തം ഉപേക്ഷിച്ചു…

ഇതൊക്കെ മനസ്സിൽ ഉണ്ട്… എല്ലാരുടെയും ഇഷ്ടത്തിനേ നല്ലൊരു കുട്ടിയെ നിക്കാഹ് ചെയ്യൂ എന്ന് എപ്പോളും മനസ്സിൽ പറഞ്ഞിട്ടും ഉണ്ട്… അങ്ങനെ ഷെമീനയുടെ ആലോചന വന്നപ്പോൾ ഒരുപാട് സന്തോഷിച്ചതാണ്…

തന്റെയും കുടുംബത്തിന്റെയും ഒപ്പം നിൽക്കുന്ന ഒരു പെണ്ണാണ് അവളെന്നു മനസ്സിലായപ്പോൾ മുതൽ പ്രണയിക്കുകയായിരുന്നു താൻ അവളെ..

പെട്ടെന്ന് അവളെ നഷ്ടപെടുന്നു എന്നത് ഫൈസിക്ക് അംഗീകരിക്കാൻ പറ്റിയില്ല.. ഫൈസൽ മൂത്തസഹോദരി നെസീമയെ വിളിച്ചു…

“നെസീത്താ… ഫൈസി ആണ്…”

“എടാ ഞാൻ അറിഞ്ഞു.. ഇജ്ജ് വിഷമിക്കേണ്ട…ഇത്താ നാളെ ഷെമി പഠിക്കുന്ന കോളേജിൽ പോയി അവളെ കാണാൻ ഇരിക്കുവാ… ഇക്കയും വരും… അവളുടെ തീരുമാനം അറിയാമല്ലോ..”

“അവളും അറിഞ്ഞിട്ടുണ്ടാവും ഇത്താ… അല്ലെങ്കിൽ ഓൾക്ക് ഒരു മെസ്സേജ് എങ്കിലും അയക്കാൻ പാടില്ലേ…

എന്നോട് എന്തും ചോദിക്കാൻ ഉള്ള സ്വാതന്ത്ര്യം ഞാൻ അവൾക്ക് കൊടുത്തിട്ടും ഉണ്ടായിരുന്നു… ഇതിപ്പോ തെറ്റൊന്നും ചെയ്യാതെ ഞാനിങ്ങനെ നീറി നീറി… വയ്യ ഇത്താ… ഞാൻ വരുന്നില്ല നാട്ടിലേക്ക്…”

“ഫൈസി ഇജ്ജ് എന്ത് മണ്ടത്തരമാ പറയുന്നേ… ഇജ്ജ് നാട്ടിൽ വരാനുള്ള കാര്യങ്ങൾ ചെയ്യൂ… നമ്മ നിശ്ചയിച്ച ദിവസം അന്റെ നിക്കാഹ് നടത്തിയിരിക്കും…. നാട്ടിൽ ഒരു പെണ്ണ് മാത്രം അല്ലല്ലോ ഉള്ളത്…”

“കുറച്ചു കഴിയട്ടെ ഇത്താ എനിക്ക് മനസ്സ് ഒന്ന് പാകപ്പെടുത്തണം…”

“മോനെ മ്മടെ ഉമ്മാന്റെ മോഹമാണ് ഇന്റെ നിക്കാഹ് കൂടി കാണണം… അന്റെ ഒരു കുഞ്ഞിനെ ലാളിക്കണം എന്നൊക്കെ… ഉമ്മാക്ക് വയ്യാണ്ടായി തുടങ്ങി… ഇനിയും നീട്ടി വെക്കണോ.. ഇജ്ജ് ആലോചിക്ക്…”

അന്ന് രാത്രിയിൽ ഫൈസലിന് ഉറങ്ങാൻ കഴിഞ്ഞില്ല… ഒരുവശത്തു ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത പെണ്ണ്… ഒരു വശത്ത് തന്നേ പ്രതീക്ഷിക്കുന്ന വീട്ടുകാർ..

പിറ്റേന്ന് ഇത്തയും ഇക്കയും ഷെമീനയെ കാണാൻ കോളേജിൽ പോയി പക്ഷേ അവൾ കുറേ ദിവസങ്ങൾ ആയി വരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്..

ഓഫീസിൽ പോയിട്ടും കാര്യമായി ഒന്നും ചെയ്യാൻ അവന് കഴിഞ്ഞില്ല… ഉച്ചക്ക് ഊണ് കഴിഞ്ഞ് കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ മെസ്സഞ്ജറിൽ ഒരു മെസ്സേജ് വന്നു…

ആരിഫ… ഇത് ഷെമിയുടെ ഫ്രണ്ട് ആണല്ലോ… അവൻ വേഗം ഓപ്പൺ ചെയ്തു… ഒരു ഫോൺ നമ്പർ.. ഫൈസിക്കാ ഞാൻ ഷെമിയാണ് ഈ നമ്പറിൽ ഒന്ന് വിളിക്കുമോ..

ഫൈസി വേഗം വാഷ്‌റൂമിന് അടുത്തേക്ക് ഓടി… അവൻ ആ നമ്പറിലേക്ക് വിളിച്ചു..

“ഹലോ..

“ഫൈസിക്കാ ഞാനാണ്… എന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല ഇക്കാ.. എന്റെ പിഠിത്തവും പോയി… എന്റെ ഫോണും വാങ്ങിയെടുത്തു..”

“ഇപ്പൊ നീയെവിടെയ ഷെമി..”

“ഞാൻ റൂമിലാണ്.. ആരിഫ എന്നെ കാണാൻ വന്നതാണ്… അപ്പോൾ ഞാൻ വിളിച്ചതാണ്… ഇക്കാ സത്യത്തിൽ ഇങ്ങള് തെറ്റ് ചെയ്‌തോ… ഞാൻ വിശ്വസിച്ചില്ല ഇതുവരെ.. എങ്കിലും അന്റെ വായിൽ നിന്നും കേൾക്കണം എനിക്ക് സത്യം..”

“ഇല്ലെടി.. ഞാൻ ഒന്നും നിന്നോട് മറച്ചിട്ടില്ല ഇതുവരെ… ഞാൻ ഈ കാര്യത്തിൽ നിരപരാധി ആണ്… അവർ എന്തോ തെറ്റിദ്ധരിച്ചതാണ്..”

പെട്ടന്ന് വാതിൽ മുട്ടുന്ന ശബ്ദം കേട്ടു..

“ഇക്കാ ആരോ വന്നു.. ബാക്കി ആരിഫ പറയും..”

കാൾ കട്ട് ആയി.. എങ്കിലും ഫൈസിക്ക് നേരിയ സന്തോഷം തോന്നി.. അവൾ മനസ്സിലാക്കിയല്ലോ തന്നേ… ഇനി എത്രയും പെട്ടന്ന് നാട്ടിൽ എത്തണം.. പിന്നെ വേഗന്നായിരുന്നു കാര്യങ്ങൾ നീങ്ങിയത്..

രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആരിഫയുടെ ഫോണിൽ നിന്നും ഫൈസിക്ക് മെസ്സേജ് വന്നു..

“ഫൈസിക്ക ഞാൻ ആരിഫയാണ്… സങ്കടം ഉള്ളൊരു കാര്യം ഞാൻ അറിഞ്ഞു ഇപ്പൊ… ഷെമീനക്ക് വീട്ടുകാർ വേറെ നിക്കാഹ് ഉറപ്പിച്ചെന്ന് കേൾക്കുന്നു..

ഞാൻ അവളെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് അവര് അവളെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല…

ഓൾടെ മാമാന്റെ ഭാര്യടെ ബന്ധു ആണത്രേ ചെക്കൻ… അവരാണ് ഇക്കാ ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത്.. ഓൾടെ മാമനും മാമിയും.. ഇക്കാ എന്നെ വിളിക്കരുത് കേട്ടോ…

എന്റെ വീട്ടിൽ ഉപ്പയും ഉമ്മയുമൊക്കെ വിവരം അറിഞ്ഞു… എന്നോട് ഇടപെടേണ്ട എന്ന് സ്ട്രിക്ട് ആയി പറഞ്ഞേക്കുവാ… ഓൾടെ മനസ്സ് എനിക്കറിയാം അതാണ് ഞാൻ മെസ്സേജ് അയച്ചത്… ഒക്കെ ഇക്കാ..”

ഫൈസലിന് മനസ്സിലായി ഇതിൽ എന്തോ ചതി നടന്നിട്ടുണ്ടെന്ന്… അവൻ ഇക്കയെ വിളിച്ചു വിവരം പറഞ്ഞു… പക്ഷേ അവരൊക്കെ എതിർത്തു ഇനി ഈ നിക്കാഹ് വേണ്ടെന്ന്…

ഫൈസലിന് നാട്ടിലേക്ക് പോകുന്ന ദിവസം അടുക്കുംതോറും ടെൻഷൻ കൂടി വന്നു… ലീവ് ക്യാൻസൽ ചെയ്യാമെന്ന് പറഞ്ഞിട്ട് ഇക്കയും ഇത്താമാരും സമ്മതിക്കുന്നില്ല..

അവർക്ക് വാശിയാണ് നിശ്ചയിച്ച അതെ ദിവസം തന്റെ നിക്കാഹ് നടത്തുമെന്ന്… രണ്ടോ മൂന്നോ പെൺകുട്ടികളുടെ ഫോട്ടോസ് അവർ അയച്ചു…

അവൻ ഒന്നും ശ്രദ്ധിച്ചില്ല… എല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു… അപ്പോളൊക്ക കൂടെ ജോലി ചെയ്യുന്നവരും നാട്ടിലുള്ള സുഹൃത്തുക്കളും അവനോടു പറഞ്ഞു…

“എടാ വിവാഹം ജീവിതത്തിൽ ഒന്ന് മാത്രം സംഭവിക്കുന്നതും ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവേണ്ടതുമാണ്… നിനക്ക് നിന്റെ ഇഷ്ടങ്ങൾ കൂടി നോക്കി കൂടെ…”

“എന്തിഷ്ട്ടം, നഷ്ടപെട്ട ഇഷ്ടത്തിന് പകരമാകില്ല ഒന്നും… പക്ഷേ കിട്ടുന്നതിൽ ഞാൻ തൃപ്‍തൻ ആയിരിക്കും… എന്റെ വീട്ടുകാർ തീരുമാനിക്കുന്നത് എനിക്കിഷ്ടമാകും…”

അങ്ങനെ ഫൈസൽ വിവാഹത്തിനു മൂന്ന് ദിവസം മുൻപ് നാട്ടിലേക്ക് ഫ്ലൈറ്റ് കയറി… വീട്ടുകാരുടെ നിർബന്ധപ്രകാരം അഞ്ച് പവന്റെ താലിമാല മാത്രം വാങ്ങി…

എയർപോർട്ടിൽ അളിയന്മാർ മാത്രമാണ് അവനെ കാത്തുനിന്നിരുന്നുള്ളു…

“ഇക്കയും, ഇത്തമാരും എവിടെ…”

“ഉമ്മാക്ക് നല്ല സുഖമില്ലെടാ… ഹോസ്പിറ്റലിൽ ഒരു ചെക്കപ്പ് ഉണ്ട്… അവരാണ് കൊണ്ടുപോയത്… മറ്റന്നാൾ വിവാഹമല്ലേ ഉമ്മാന്റെ അസുഖം മാറ്റിയില്ലെങ്കിൽ പറ്റില്ലല്ലോ…”

“ഉമ്മാക്ക് എന്താ പെട്ടന്ന്..”

“ഒന്നുല്ലെടാ അവർക്ക് ടെൻഷൻ കൂടി ബി പി ഇത്തിരി കൂടുതൽ… നമ്മ എത്തുമ്പോളേക്കും അവര് എത്തിയിട്ടുണ്ടാവും…”

അവർ വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു… കണ്ടതെ ഉമ്മാ ഫൈസിയെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു…എല്ലാർക്കും ഒരുപാട് സന്തോഷം ആയി…

പിറ്റേന്ന് നേരം പുലർന്നപ്പോളേക്കും ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങി… അതിനിടെ താൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ് ഏതാണെന്നു പോലും ഫൈസി തിരക്കിയില്ല…

വീട്ടുകാർ ഡ്രസ്സ് എടുത്തതൊക്ക അവനെ കാണിച്ചു… അവൻ എല്ലാം ഇഷ്ടപ്പെട്ടതായി അറിയിച്ചു…

രാത്രി തിരക്കൊക്കെ കുറഞ്ഞപ്പോൾ ഫൈസി റൂമിൽ ചെന്ന് ഫോൺ എടുത്തു നോക്കി… ആരിഫയുടെ മെസ്സേജ്… അവൻ വേഗം ഓപ്പൺ ചെയ്‌തു…

“ആശംസകൾ ഇക്കാ”..

അതുകണ്ട് ഫൈസിക്കു ചിരിയാണ് വന്നത്… എല്ലാർക്കും സന്തോഷം തന്റെ ഉള്ളിൽ മാത്രം ഒരുനേർത്ത നൊമ്പരം.. പിന്നിൽ അനക്കം കേട്ട ഫൈസി തിരിഞ്ഞു നോക്കി… ഉമ്മച്ചിയാണ്..

“മോനെ… നിനക്ക് നല്ല വിഷമം ഉണ്ടല്ലേ..”

“ഇല്ല ഉമ്മാ.. ഇങ്ങടെയൊക്ക സന്തോഷം അതാണ് എനിക്ക് വലുത്…”

“എത്ര ഇല്ലെന്നു പറഞ്ഞാലും ഉമ്മാന്റെ കുഞ്ഞിന്റെ മനസ്സ് ഉമ്മാക്ക് കാണാൻ പറ്റുന്നുണ്ട്… ന്റെ കുഞ്ഞ് ഉണ്ടായിട്ടു സന്തോഷിച്ചട്ടെ ഇല്ല…

എല്ലാരും കളിച്ച് നടക്കേണ്ട പ്രായത്തിൽ ന്റെ മോൻ കുടുംബം നോക്കാൻ തുടങ്ങി… ഈ ഉമ്മാന്റെ വയറ്റിൽ പിറന്നതിന്റെ ശാപം ആണോ മോനെ ഇതൊക്കെ..”

ഫൈസി വേഗം ഉമ്മയുടെ വായ പൊത്തി… ഉമ്മയെ തന്നോട് ചേർത്ത് പിടിച്ചു അവൻ…

“ഉമ്മച്ചീടെ വയറ്റിൽ പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം… ആരെയും ദ്രോഹിക്കാതെ സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചതല്ലേ എന്റെ ഉമ്മാ… ഉമ്മാന്റെ മോന് സന്തോഷം ഈ മുഖത്തെ ചിരിയാണ്…”

അന്ന് രാത്രി ഫൈസൽ ഉമ്മയെ കെട്ടിപിടിച്ചുറങ്ങി…

പിറ്റേന്ന് പുലർച്ചെ ഉണർന്ന് നിസ്കരിച്ച ഫൈസൽ മുഖത്തു സന്തോഷം ഭാവിച്ചു… കല്യാണം നടക്കുന്ന ഹാളിലേക്ക് ഉമ്മക്കും കൂടെപ്പിറപ്പുകൾക്കും ഒപ്പം കയറുമ്പോൾ അവന്റെ മനസ്സിൽ ഒരു പെരുമ്പറ മുഴക്കം ഉണ്ടായിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ പെണ്ണിനേയും കൊണ്ട് ഇത്താമാർ സ്റ്റേജിലേക്ക് കയറിയിട്ടും അവൻ മുഖമുയർത്തി നോക്കിയില്ല…

തട്ടത്താൽ മുഖം മൂടിയ തന്റെ പെണ്ണാണ് അടുത്ത് ഇരിക്കുന്നതെന്നു വിശ്വസിക്കാൻ ഫൈസലിന് ബുദ്ധിമുട്ട് ആയിരുന്നു…

താലികെട്ടിനു സമയം അടുത്തപ്പോൾ ഹാളിന്റെ വാതിക്കൽ നിൽക്കുന്നവരെ കണ്ട് ഫൈസൽ ഒന്ന് ഞെട്ടി.. ഷെമീനയുടെ ഉമ്മയും ഉപ്പയും… അവൻ ഇക്കയെ വിളിച്ചു ചെവിയിൽ എന്തോ പറഞ്ഞു…

സ്റ്റേജിൽ നിന്നും ഇറങ്ങിയ ഇക്കാ വേഗം പോയി അവരെ സ്റ്റേജിലേക്ക് കൂട്ടികൊണ്ട് വന്നു… അത് കണ്ട ഫൈസൽ വീണ്ടും അമ്പരന്നു…

പെട്ടെന്നാണ് അത് സംഭവിച്ചത്… താൻ താലികെട്ടാൻ പോണ പെണ്ണ് എണീറ്റു ഷെമീനയുടെ ഉപ്പയെയും ഉമ്മയെയും കെട്ടിപിടിക്കുന്നു… അതിശയത്തോടെ ഫൈസി അവരെ നോക്കി…

ഇത്താമാരും ഇക്കയുമൊക്കെ സന്തോഷത്തിൽ ആണ്.. ഷെമീനയുടെ ബാപ്പ പെണ്ണിനെ കൈപിടിച്ച് ഫൈസയിയുടെ കരങ്ങളിൽ പിടിപ്പിച്ചു… അപ്പോളാണ് അവൻ ആ മുഖത്തേക്ക് നോക്കിയത്… തന്റെ ഷെമി…

സന്തോഷമോ അതിശയമോ എന്തെന്ന് അറിയാത്ത ചിരിയോടെ അവൻ തന്റെ പെണ്ണിനെ നോഞ്ചോടു ചേർത്ത് പിടിച്ചു….

“അതെ ഇതൊക്കെ താലി കെട്ടിയിട്ടു മതി… എത്ര ദിവസം ആയെന്നോ ഇതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നത്… എല്ലാം ഒപ്പിച്ച ആളെ കണ്ടില്ലല്ലോ… എവിടെ ആള്…”

ആളുകൾക്കിടയിൽ നിന്നും ആരിഫ അവർക്ക് അടുത്തേക്ക് വന്നു…

“ദേ ഇവളാണ് ഷെമിയെ നിന്നെകൊണ്ട് കെട്ടിക്കാൻ ഇത്രേം കഷ്ടപ്പെട്ടതും ഓൾടെ വീട്ടിൽ നിന്നു ഇവളെ ഇന്നലെ കൊണ്ടുവന്നതും ഇന്ന് ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതുമൊക്കെ.”

ഫൈസി ആരിഫ്യ്ക്ക് നേരെ കൈകൾ കൂപ്പി… ആരിഫ ഷെമീനയെ കൈപിടിച്ചു ഫൈസിയുടെ അടുത്തേക്ക് ചേർത്ത് നിർത്തി… എല്ലാവരുടെയും സാന്നിധ്യത്തിൽ ഫൈസി ഷെമിയെ താലി അണിയിച്ചു….

Leave a Reply

Your email address will not be published. Required fields are marked *