പാവം പെൺകുട്ടി, വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ മുതലേ അതിന്..

സമയം
(രചന: Jolly Shaji)

ക്ളോക്കിൽ അലാറം അടിച്ചത് കേട്ട മൈഥിലി ചാടി എഴുന്നേറ്റു… ഉറക്കം കാൻപോളകളേ വിട്ടു പോയിട്ടില്ല…

അവൾ നേരെ അടുക്കളയിലേക്ക് പോയി… ഒരടുപ്പിൽ ചോറിനു വെള്ളവും മറ്റെ അടുപ്പിൽ ഇഡലി പാത്രത്തിൽ വെള്ളവും വെച്ച് അവൾ ടോയ്‌ലെറ്റിലേക്ക് പോയി….

എണീറ്റാൽ പിന്നെ ധൃതി പിടിച്ചു പണികൾ ആണ്…

ചോറും,, സാമ്പാറും ഇഡലിയും പത്രങ്ങളിൽ ആക്കി ഡ്രസ്സ് മാറി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സമയം ആറിന് അഞ്ചു മിനിറ്റ്…

ബസ്റ്റോപ്പിലേക്ക് ഓടുകയായിടുന്നു മൈഥിലി… അവൾ ഓടിവരുന്നത് കണ്ട ഡ്രൈവർ ബസ് അവൾക്കായി നിർത്തിയിട്ടു…

ടൗണിലേക്കുള്ള ബസ് ആണ്.. ഡ്രൈവറുടെ സീറ്റിനടുത്തു ഭക്ഷണപാത്രം വെക്കുമ്പോൾ അവൾ പറഞ്ഞു..

“സുകുമാരൻ ചേട്ടാ, കയ്യിൽ കാശ് ഉണ്ടെങ്കിൽ ഒരു അൻപത് രൂപ കൂടി അവന് കൊടുത്തേക്കു..ഞാൻ വൈകിട്ടു തരാം..”

ആയാൾ അവളെ സൂക്ഷിച്ചു നോക്കി…

“എന്തിനാ മോളെ ഇനിയും
നീയിങ്ങനെ ..”

അവൾ അയാളെ നോക്കി ചിരിച്ചു…

അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു അവൾ…

“ഇതാ ക ള്ളു കുടിയൻ സജീവന്റെ ഭാര്യ അല്ലെ സുകുമാരൻ ചേട്ടാ….തങ്കം പൊലിരുന്ന പെണ്ണായിരുന്നു ഇപ്പൊ അതിന്റെ കോലം..”

“പാവം പെൺകുട്ടി…വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ മുതലേ അതിന് കഷ്ടപ്പാടാണ്…

കുടുംബം നോക്കാത്ത ഒരുത്തൻ ആരുന്നു കെട്ടിയോൻ.. എങ്ങനെയോ രണ്ട് മക്കൾ ഉണ്ടായി..

നന്നായി പഠിക്കുന്ന കുട്ടികൾ ആണ് അവൾക്ക് ദൈവം കൊടുത്തത്… രാവിലെ ഒരു ഫ്ലാറ്റിൽ ജോലിക്ക് കേറിയാൽ അഞ്ചോ ആറോ വീട്ടിലെ പണി ചെയ്യും…

മോളെ നഴ്സ് ആക്കാൻ വിട്ടേക്കുവാ ആ ചെറുക്കൻ കൊച്ച് എൻട്രൻസിന് പോകുവായിരുന്നു അപ്പോളല്ലേ സജീവൻ വെള്ളം കുടിച്ചു കാലുതെന്നി ആ കലുങ്കിനു ഇടയിലേക്ക് വീണത്…

അവനെയും കൊണ്ട് മോൻ ടൗണിൽ ആശുപത്രിയിൽ ആണ്..

അവർക്കുള്ള ഭക്ഷണം ആണ് ഇത്‌… നാളെയോ മാറ്റൊ അവന് ഓപ്പറേഷൻ ആണ് അതിനുള്ള പണം ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ആണ് ആ കൊച്ച്…

പകലിന് അല്പം ദൈർഘ്യം കൂടി ഉണ്ടായിരുന്നെങ്കിൽ ആ കൊച്ച് രണ്ട് വീട്ടിൽ കൂടി പണിയെടുത്തേനേ… ഓരോരുത്തരുടെ സമയദോഷം അല്ലാതെന്താ…”

“എന്താ ചെയ്യുക ഓരോ പെൺകുട്ടികളുടെ വിധി…. മാതാപിതാക്കൾ കൂടുതൽ ഒന്നും തിരക്കാതെ തങ്ങളുടെ ബാധ്യത ഒഴിവാക്കാൻ ഏതേലും ഒരുത്തന്റെ തലയിൽ കെട്ടിവെക്കും…”

“കെട്ടുമ്പോൾ ഒന്നും അവനത്ര പ്രശ്നക്കാരൻ ആയിരുന്നില്ല.. കുറേ കൂട്ടുകെട്ടാണ് അവനെ ഇങ്ങനെ ആക്കിയത്…”

“കുട്ടികൾ അറിവായി.. ഇനിയെങ്കിലും സ്വഭാവം മാറിയാൽ മതിയായിരുന്നു.. അതുങ്ങളും അച്ഛനെ കണ്ടല്ലേ വളരുന്നത്…”

“അച്ഛനെ മാത്രമല്ലല്ലോ അമ്മേയെകൂടി കണ്ടല്ലേ അവർ വളരുന്നത്… അതുങ്ങൾ നന്നാവും.. പാവം മൈഥിലിക്കു നല്ലൊരു സമയം ഉണ്ടാവും…”

“ചില പെണ്ണുങ്ങൾ ഉണ്ട്‌ എന്തും അങ്ങ് സഹിക്കും… ഭൂമിയോളം ക്ഷമയുള്ളവൾ എന്നൊക്കെ പറയില്ലേ അത് ഈ കൊച്ചിനെയൊക്കെ ഉദ്ദേശിച്ചാവും കവി എഴുതിയത്…”

“അവൾക്ക് മക്കളിൽ നിന്നും സുഖം കിട്ടുമായിരിക്കും ഒരു പക്ഷെ… ഇനിയും സമയം ഉണ്ടല്ലോ മുന്നിൽ…”

“സമയമാണ് എവിടെയും പ്രശ്നം അല്ലെ സുകുമാരൻചേട്ടാ…”

അവർ സമയത്തെ ചൊല്ലി ചിരിക്കുമ്പോൾ മൈഥിലി തന്റെ ഒരു സെക്കന്റ്‌ സമയം പോലും പാഴാക്കി കളയാതെ കഷ്ടപ്പെടുകയായിരുന്നു… നാളെ നല്ലൊരു സമയം ഉണ്ടാകാൻ വേണ്ടി….

Leave a Reply

Your email address will not be published. Required fields are marked *