കല്യാണം കഴിഞ്ഞിട്ട് നാലു മാസം കഴിഞ്ഞു, വന്നു കയറി ഒരാഴ്ച കഴിഞ്ഞപ്പോൾ തുടങ്ങിയതാ എന്റെ കഷ്ടപ്പാട്, രാവിലെ..

(രചന: Sivapriya)

ഈ വീട്ടിലെ ജോലികൾ ചെയ്യാൻ വേണ്ടിയാ എന്റെ മോന്റെ ഭാര്യയായി നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്. അല്ലാതെ കെട്ടിലമ്മ ചമഞ്ഞു മുറിയടച്ച് ഇരിക്കാനല്ല.”

ജോലി കഴിഞ്ഞു വീട്ടിലെത്തിയ സുമേഷ് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അന്തംവിട്ടു.

സുമേഷിന്റെ അമ്മ വസുന്തര സുമേഷിന്റെ ഭാര്യ ഹേമയുടെ നേർക്ക് കലിതുള്ളി ചാടുകയാണ്. അവൾ അത് കേൾക്കാത്ത മട്ടിൽ സുമേഷിന്റെ അടുത്തേക്ക് വന്ന് ബാഗ് വാങ്ങി മുറിയിലേക്ക് പോയി.

“അമ്മേ… എന്താ ഇവിടെ ഒരു ഒച്ചപ്പാടും ബഹളവും. അയല്പക്കത്തുള്ളവർ കേട്ടാൽ എന്ത് വിചാരിക്കും.” സുമേഷ് അമ്മയെ വഴക്ക് പറഞ്ഞു.

“ആദ്യം നിന്റെ ഭാര്യയോട് അതിനകത്തു കയറി അടച്ചിരിക്കാതെ വന്ന് പാത്രം കഴുകി രാത്രിയിലേക്കുള്ള ഭക്ഷണം വയ്ക്കാൻ പറയ്യ്.

നിന്റെ അച്ഛൻ ജോലി കഴിഞ്ഞു വരാൻ സമയം ആയി. അങ്ങേര് വരുമ്പോൾ വല്ലതും വിളമ്പി കൊടുക്കാൻ വേണ്ടേ. ഉച്ച മുതൽ അവൾ അതിനുള്ളിലാ.” വസുന്തരയ്ക്ക് ദേഷ്യം അടക്കാനായില്ല.

സുമേഷ് മുറിയിലേക്ക് ചെന്നു.

“എന്താ ഹേമാ ഇവിടെ പ്രശ്നം?” സാവധാനം അയാൾ ചോദിച്ചു.

“എന്നെ ഇങ്ങോട്ട് കെട്ടികൊണ്ട് വന്നത് അടുക്കള പണി ചെയ്യിപ്പിക്കാൻ ആണോ? ഇവിടെ ഒരു വേലക്കാരി ആയിരുന്നു വേണ്ടതെങ്കിൽ നിങ്ങൾ എന്നെ കെട്ടുന്നതിനു പകരം ഇവിടെ ഒരു ജോലിക്കാരിയെ വച്ചൂടായിരുന്നോ.” ഹേമ പറഞ്ഞു.

“ആദ്യം ഇവിടെ എന്താ പ്രശ്നം എന്ന് പറയ്യ്. അമ്മ എന്തിനാ ഇങ്ങനെ ദേഷ്യം പിടിച്ചു നിന്നെ വഴക്ക് പറഞ്ഞത്.?”

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് നാലു മാസം കഴിഞ്ഞു. വന്നു കയറി ഒരാഴ്ച കഴിഞ്ഞപ്പോൾ തുടങ്ങിയതാ എന്റെ കഷ്ടപ്പാട്. രാവിലെ അഞ്ചു മണിക്ക് എണീറ്റാൽ ഒന്ന് നടു നിവർത്തി കിടക്കാൻ രാത്രി പതിനൊന്നു കഴിയും. അമ്മയ്ക്ക് ആരോഗ്യത്തിന് ഒരു കുഴപ്പോം ഇല്ലല്ലോ. എന്നിട്ടും ഒരു കൈ സഹായം ഇല്ല..

അവനവന്റെ എച്ചിൽ പാത്രം കഴുകാനോ തുണി അലക്കാനോ വയ്യ. ഒരു വാഷിംഗ്‌ മെഷീൻ വാങ്ങിക്കാൻ നിങ്ങളോട് പറഞ്ഞപ്പോൾ കറന്റ്‌ കൂടുതൽ ആകുമെന്ന് പറഞ്ഞു അമ്മ എതിർത്തു. കാരണം അച്ഛൻ കറന്റ്‌ ബിൽ അടയ്ക്കുന്നുവെന്ന കാരണവും.

എനിക്ക് ഒരു ജോലി ശരിയായി വന്നിട്ടുണ്ട്. അടുത്ത മാസം മുതൽ പോയിതുടങ്ങാം. അപ്പൊ ഇതുപോലെ വീട്ട് ജോലി ചെയ്ത് നടു ഓടിച്ചു ജോലിക്ക് പോക്കും നടക്കില്ല. ഇത്രയും നാൾ ഒരു വഴക്ക് വേണ്ടല്ലോ എന്ന് കരുതി ഞാൻ ക്ഷമിച്ചു നിന്നു. എല്ലാത്തിനും ഒരു പരിധി ഇല്ലേ.

ഓരോ ദിവസം കഴിയുമ്പോൾ എന്റെ ജോലി ഭാരം കൂട്ടാനാണ് നിങ്ങളുടെ അമ്മയ്ക്ക് താല്പര്യം. വന്നുവന്ന് നിങ്ങടെ അച്ഛൻ അടിവസ്ത്രം വരെ കഴുകേണ്ട ഗതികേട് ആണ് എനിക്ക്.

അവനവൻ കഴിച്ച പാത്രവും അടിവസ്ത്രങ്ങളും മറ്റുള്ളവരെ കൊണ്ട് കഴുകിക്കുന്നത് അത്ര നല്ല സ്വഭാവമല്ല. നിങ്ങടെ അച്ഛന് കഴുകാൻ വയ്യെങ്കിൽ അമ്മ ചെയ്യട്ടെ. എന്നെകൊണ്ട് എന്തിനാ ചെയ്യിക്കുന്നത്.

ഇന്ന് രാവിലെ പണിയെല്ലാം ഒതുക്കി ചോറും കൂട്ടാനും വച്ചിട്ട് കുറച്ചു നേരം ഞാൻ കയറി കിടന്നു. ഉച്ചയ്ക്ക് ചോറ് എടുക്കാൻ അടുക്കളയിൽ ചെല്ലുമ്പോൾ ചോറും കറികളുമൊക്കെ വിളമ്പി എടുക്കുമ്പോൾ തറയിൽ വീണത് അതുപോലെ കിടപ്പുണ്ട്. രാവിലെ തുടച്ചിട്ട അടുക്കളയാണ്.

ഭക്ഷണം എടുത്തു ഡൈനിംഗ് ടേബിളിൽ വന്നിരുന്നപ്പോൾ അച്ഛൻ കഴിച്ചിട്ട് വച്ചിട്ട് പോയ പാത്രവും അമ്മ കഴിച്ചു വച്ചതുമൊക്കെ ഈച്ച അരിച്ചു അതുപോലെ ഇരിക്കുന്നു. തറയിലും ടേബിളിലുമൊക്കെ ചോറും കറിയും വീണ് വൃത്തികേടായി കിടക്കുന്നു.

ഇങ്ങനെ വൃത്തികേട് ആക്കി ഇട്ടാൽ ഞാൻ തുടയ്ക്കില്ലെന്ന് ഇന്നലെ പറഞ്ഞതാണ്. അതുപോലെ എച്ചിൽ പാത്രവും ഇങ്ങനെ ഇട്ട് പോയാൽ ഞാൻ എടുക്കില്ലെന്ന് പറഞ്ഞതും മൈൻഡ് ചെയ്തിട്ടില്ല.

അതുകൊണ്ട് ഞാൻ കഴിച്ചു കഴിഞ്ഞു പാത്രം കഴുകി വച്ച് റൂമിൽ വന്നിരുന്നു. അവർ എന്തോ ചെയ്യട്ടെന്ന് വിചാരിച്ചു. സഹിക്കുന്നതിനു പരിധി ഉണ്ട്. കൈയും കാലുമൊന്നും ഒടിഞ്ഞു കിടക്കുവല്ലല്ലോ. തന്നതാൻ ചെയ്യട്ടെ.

ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ അങ്ങോട്ട്‌ ചെന്ന് നോക്കിയാൽ മതി. എല്ലാം അങ്ങനെ തന്നെ കിടപ്പുണ്ട്.”

“നീ രണ്ടും കല്പിച്ചാണല്ലേ..” സുമേഷ് ചോദിച്ചു.

“ഹാ.. അതേ.. അമ്മായിഅമ്മ പോരെടുക്കാൻ വന്നാൽ അവർ വിവരം അറിയും. പിന്നെ ഇന്ന് രാത്രിയിലേക്ക് എനിക്കൊരു ചിക്കൻ ബിരിയാണി ഓർഡർ ചെയ്യണം. നിങ്ങൾക്ക് വേണോങ്കി നിങ്ങൾക്കും കൂടി ചെയ്തേക്ക്. ഇന്നിനി ഒന്നും ഉണ്ടാക്കാൻ എനിക്ക് വയ്യ.” ഹേമ പറഞ്ഞു.

തലയാട്ടികൊണ്ട് സുമേഷ് മുറിക്ക് പുറത്തേക്ക് പോയി. വെളിയിൽ അമ്മ എല്ലാം കേട്ടുകൊണ്ട് നിൽക്കുവായിരുന്നു.

“അമ്മ ഇവിടെ വന്ന് ചെവി വട്ടം പിടിച്ചു നിൽക്കുവായിരുന്നോ.?”

“നിന്റെ ഭാര്യ പറഞ്ഞത് ഞാൻ കേട്ടാൽ എന്തായിപ്പോകും. അവളെ ഇങ്ങോട്ട് കെട്ടിച്ചോണ്ട് വന്നത് ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ കൂടിയാ. നിന്റെ അച്ഛൻ എന്നെ കെട്ടികൊണ്ട് വന്നപ്പോൾ ഇതൊക്കെ ഞാനും ചെയ്തതാ. അതോണ്ട് അവളോട്‌ മര്യാദക്ക് വന്ന് ജോലി ചെയ്യാൻ പറ.”

“അവൾ വരില്ല അമ്മേ. അമ്മ തന്നെ ഒറ്റയ്ക്ക് ചെയ്താൽ മതി. പിന്നെ രാത്രി ഭക്ഷണം ഉണ്ടാക്കുമ്പോൾ അച്ഛനും അമ്മയ്ക്കും മാത്രം ഉണ്ടാക്കിയ മതി. ഞങ്ങക്ക് വേണ്ട.

അമ്മ വെറുതെ നാവിട്ട് അലച്ചു തൊണ്ടയിലെ വെള്ളം വറ്റിക്കണ്ട. അമ്മയുടെ അമ്മായിഅമ്മ പോരൊന്നും അവളുടെ അടുത്ത് എടുക്കാൻ നിക്കണ്ട.” താക്കീത് പോലെ പറഞ്ഞിട്ട് സുമേഷ് പോയി.

“അച്ചികോന്തൻ..” പിറുപിറുത്തു കൊണ്ട് വസുന്തര അടുക്കളയിലേക്ക് നടന്നു.

സുമേഷ് ചെന്ന് നോക്കുമ്പോൾ ഡൈനിംഗ് ടേബിളിൽ എച്ചിൽ പാത്രങ്ങൾ ഈച്ച അരിച്ചു കിടപ്പുണ്ട്. അടുക്കളയിൽ സിങ്കിലും രാവിലെ വൈകുന്നേരം ചായ കുടിച്ച ഗ്ലാസും പാൽ കാച്ചിയ പാത്രവും മറ്റും കൂട്ടിയിട്ടിട്ടുണ്ട്.

ഹേമയെ പ്രാകികൊണ്ട് വസുന്തര ഓരോ പണികളായി ചെയ്യാൻ തുടങ്ങി. സുമേഷ് അതൊക്കെ നോക്കി ചുണ്ടിലൂറിയ ചിരി മറച്ചുപിടിച്ചു നിന്നു.

“അതേ ഇത്തരം പ്രവർത്തികൾ മുളയിലേ നുള്ളിയില്ലെങ്കി അമ്മയ്ക്ക് പിന്നെ അത് ശീലമാകും. ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നു.

അടുക്കളയിൽ സഹായിക്കേം അച്ഛന്റേം അമ്മേടേം തുണികൾ നനച്ചു വിരിക്കേം അവർ കഴിച്ച പാത്രമൊക്കെ കഴുകി വയ്ക്കേം ചെയ്യുമായിരുന്നു. ഇപ്പൊ നാലഞ്ചു ദിവസായി നൈസ് ആയിട്ട് എന്നെകൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കാൻ തുടങ്ങി. അമ്മായിഅമ്മ പോരിന്റെ ലക്ഷണം ആണെന്ന് എനിക്കപ്പൊ തന്നെ മനസിലായി.

അല്ലെങ്കിൽ തന്നെ നിങ്ങടെ അമ്മയ്ക്ക് എന്നെ കണ്ണിനു കണ്ടൂടാ. നമ്മൾ സ്നേഹിച്ചു കല്യാണം കഴിച്ചതൊന്നും അവർക്ക് പിടിച്ചിട്ടില്ലല്ലോ. ആ കലിപ്പ് തീർക്കാനാ ഇങ്ങനെ ഓരോന്ന് ഒപ്പിക്കുന്നത്.

അമ്മ വിചാരിച്ചത് ഞാൻ വായും പൂട്ടി പറയുന്നതൊക്കെ ചെയ്തു മിണ്ടാതെ അനുസരിച്ചു കഴിയുമെന്നാ. എന്നോടാ അവരെ പോരെടുക്കൽ. കയ്യോടെ ഓടിച്ചു മടക്കി കൊടുത്തു ഞാൻ.”

രാത്രി കിടക്കാൻ നേരം ഹേമ സുമേഷിന്റെ നെഞ്ചിൽ ചേർന്നു കിടന്നു പറഞ്ഞു.

“അതേതായാലും നന്നായി… ആരോഗ്യം ഉള്ളിടത്തോളം കാലം അവരവരെ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നതാണ് നല്ലത്. നീ അമ്മയുടെ താളത്തിനൊത്തു തുള്ളാൻ നിൽക്കാത്തത് നന്നായി.

വന്നു കയറിയപ്പോ തന്നെ എന്നോട് വന്ന് പരാതി പറഞ്ഞതാ. ഞാൻ അമ്മയോട് തന്നെ ഒറ്റയ്ക്ക് എല്ലാം ചെയ്തോളാൻ പറഞ്ഞു. അമ്മ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. മുഖമൊക്കെ കടന്നല് കൊത്തിയത് പോലെ വീർപ്പിച്ചു വച്ചേക്കുവായിരുന്നു.

അല്ലെങ്കിലും എന്റെ വീട്ടിൽ ഒരു വേലക്കാരി ആക്കാനല്ല നിന്നെ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വന്നത്. എന്റെ ഭാര്യ ആയിട്ടാണ്. നീ ചെയ്യേണ്ട കാര്യങ്ങളെന്ന് നിനക്ക് തോന്നുന്നവ മാത്രം നീ ചെയ്താൽ മതി.

പിന്നെ അമ്മ തല്ക്കാലത്തേക്ക് ഒന്ന് ഒതുങ്ങിയെന്ന് കരുതി സന്തോഷിക്കണ്ട. ചിലപ്പോൾ അടുത്ത പണിയും കൊണ്ട് വരും.

പിന്നെ അമ്മ പ്രശ്നക്കാരി ആയിട്ട് വരുവാണേൽ നിനക്ക് കൂടി ജോലി ശരിയായിട്ട് നമുക്ക് മാറിതാമസിക്കാം.” സുമേഷ് തന്റെ അഭിപ്രായം പറഞ്ഞു.

“അതൊന്നും വേണ്ടി വരില്ല.. നിങ്ങൾ എന്റെ കൂടെ സപ്പോർട്ട് ആയിട്ട് ഉണ്ടായിരുന്ന മാത്രം മതി. എനിക്ക് അത്രയേ വേണ്ടു. നമ്മളെ മനസ്സിലാക്കി സപ്പോർട്ട് ചെയ്തു നിൽക്കുന്ന ഒരു പങ്കാളി ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നം ആയി തോന്നുകയേയില്ല.”

“അതേ… നിനക്ക് ഞാനും എനിക്ക് നീയും എന്നും ഇതുപോലെ ഉണ്ടാവണം. അപ്പൊ ചെറിയ പ്രശ്നങ്ങൾ വലുതാകും മുൻപ് തന്നെ നമുക്ക് ഇതുപോലെ പരിഹരിച്ചു മുന്നോട്ട് ജീവിക്കാൻ പറ്റും.”

“അതേ സംസാരിച്ചു സമയം വൈകി.. രാവിലെ എണീറ്റ് ഓഫീസിൽ പോവാനുള്ളതല്ലേ കിടന്നുറങ്ങാൻ നോക്ക്.” അവന്റെ നെഞ്ചിൽ മുഖം അമർത്തി ഹേമ പറഞ്ഞു.

“എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ഭാര്യേ..” ഹേമയെ തന്റെ കരവലയത്തിനുള്ളിൽ ഒതുക്കി സുമേഷ് കണ്ണുകൾ അടച്ചു.

ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പല വീട്ടിലും. അമ്മയെ ആയാലും ഭാര്യയെ ആയാലും അർഹിക്കുന്ന പരിഗണന നൽകി നിർത്തേണ്ടിടത്തു നിർത്തണം.

ആരാണോ തെറ്റ് ചെയ്യുന്നത് അത് ചൂണ്ടിക്കാട്ടി തിരുത്താനുള്ള നട്ടെല്ലും ചങ്കുറപ്പും വേണം. അങ്ങനെ ആണെങ്കിൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കിട്ടും.