അവന്റെ കയ്യിൽ നിന്ന് കുതറി ഇറങ്ങാൻ ശ്രമിച്ചവൾ പറയവേ അവന്റെ കൈകൾ കൂടുതൽ ശക്തിയോടെ അവളിൽ മുറുകി..

(രചന: രജിത ജയൻ)

ദേ .. വിൻസിച്ചായന്റെ തമ്പുരാട്ടി കുട്ടി വരുന്നുണ്ട് ട്ടോ ..

കൂട്ടുകാർക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശ്യം പെട്ടെന്ന് വിളിച്ചു പറഞ്ഞതും വിൻസന്റിന്റെ കണ്ണുകൾ കോളേജ് ഗേറ്റിലേക്ക് നീണ്ടു

അവിടെ അവൾ, കഴിഞ്ഞ കുറച്ചു വർഷമായ് വിൻസന്റിന്റെ ഊണിലും ഉറക്കത്തിലും നിറഞ്ഞു നിൽക്കുന്ന അവന്റെ പെണ്ണ് ഗായത്രി നടന്നു വരുന്നുണ്ടായിരുന്നു..

കൂടെയുള്ളവരോട് സംസാരിച്ച് തമാശകൾ പറഞ്ഞു ചിരിച്ചു നടന്നു വരുന്ന ഗായത്രിയെ വിൻസെന്റ് കണ്ണെടുക്കാതെ നോക്കി നിന്നു ..

തൂവെള്ള ചുരിദാറിലും അഴിച്ചിട്ട നീണ്ട മുടിയഴകിലും അവളെ ഒരു സുന്ദര ശില്പം പോലെ തോന്നി അവന്

“ഇങ്ങനെ നോക്കി ആ കൊച്ചിന്റെ ചോര ഊറ്റാതെ ടാ വിൻസീ…

വിൻസെന്റിന്റെ ചെവികരികെ വന്ന് ശ്യം പറഞ്ഞതും അവനൊരു ചമ്മലോടെ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ച് അവൾക്കരികിലേക്ക് നടന്നു

ഓയ് ….,,

അവളുടെ തൊട്ടു മുന്നിൽ പോയവൻ വിളിച്ചതും ഞെട്ടിയവൾ അവനെ നോക്കി…

“നമ്മുടെ കാര്യത്തിൽ വല്ല പുരോഗതിയും ഉണ്ടോ ഗായൂ…?

അവനൊരു ചിരിയോടെ അവളോട് ചോദിച്ചു

അവന്റെ കണ്ണുകളിലെ തിളക്കത്തിലേക്കും ചുണ്ടിലെ പുഞ്ചിരിയിലേക്കും ഒരു നിമിഷം നോക്കി നിന്നു ഗായത്രി ..

അവളുടെ മുഖത്തെ ചിരി മായുന്നതും അവിടൊരു വിഷാദം വന്നു നിറയുന്നതും വേദനയോടെ കണ്ടു നിന്നു വിൻസെന്റ് ..

അവനെ തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെയവൾ മുന്നോട്ടു നടന്നതും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയ് ..

“എന്തിനാണളിയാ യാതൊരു പ്രതീക്ഷയും ഇല്ലാന്നറിഞ്ഞിട്ടും നീ പിന്നെയും പിന്നെയും അവളുടെ മുമ്പിലിങ്ങനെ പോയ് നിൽക്കുന്നത്..?

വേദനയോടെ ശ്യാം ചോദിച്ചതും അവന്റെ കൂടെയുള്ളവർ നൊമ്പരത്തോടെ അവനെ നോക്കി

“മറുപടി ഒന്നും തന്നില്ലെങ്കിലും എനിക്കറിയാടാ അവളുടെ മനസ്സ് നിറയെ ഞാനാണെന്ന്

” അതെനിക്കറിയാന്ന് അവൾക്കും അറിയാം ,സാരമില്ലെടാ എനിക്കവളെ ഇങ്ങനെയെങ്കിലും എന്നും കണ്ടാൽ മതി

“എന്റെ മുമ്പിലിങ്ങനെയെങ്കിലും ഉണ്ടായാൽ മതി .. എന്റേതായിലെങ്കിലും എന്നും കാണാലോ …

നിറയുന്ന കണ്ണുകൾ കൂട്ടുകാർ കാണാതെ മറച്ചു പിടിച്ചവൻ അവിടെ നിന്ന് പോയെങ്കിലും അവനെ അറിയുന്ന അവന്റെ കൂട്ടുകാർ നെഞ്ചിലൊരു വിങ്ങലോടെ അവൻ നടന്നു മറയുന്നത് നോക്കി നിന്നു ..

“എന്നാലും എന്റെ ഗായത്രീ നിനക്കെങ്ങനെ സാധിക്കുന്നെടീ അവന്റെ മുന്നിൽ ഇങ്ങനെ പെരുമാറാൻ ..?

“അതും മനസ്സ് നിറയെ അവനോടുള്ള സ്നേഹവും അവനൊപ്പമൊരു ജീവിതവും സ്വപ്നം കണ്ടോണ്ട്

അരികിൽ വന്ന് ശാരിക ചോദിച്ചപ്പോൾ അവളെ നോക്കി ചിരിച്ചു ഗായത്രി

ആ ചിരിയിലും നിറഞ്ഞു വരുന്ന ഗായത്രിയുടെ കണ്ണുകൾ ശാരികയോട്പറയാതെ പറയുന്നുണ്ടായിരുന്നു അവളെത്ര മാത്രം വിൻസെന്റിനെ സ്നേഹിക്കുന്നുണ്ടെന്ന് ..

ഗായത്രിയും വിൻസെൻറും…

ആ കോളേജിലെ എല്ലാ വർക്കും തന്നെ അറിയാം അവരെ …

ഒരു കടലോളം സ്നേഹം മനസ്സിൽ നിറച്ച് പരസ്പരം ഒരു നോട്ടത്തിലോ ചിരിയിലോ അതെല്ലാം മനസ്സിലൊതുക്കി തികച്ചും അപരിചിതരായ് ജീവിക്കുന്ന രണ്ടു പേർ..

കോളേജിലെ പെൺകുട്ടികളുടെ എല്ലാം ആരാധന പുരുഷനാണ് വിൻസെന്റ് എന്ന വിൻസിഛായൻ

അവനെ മോഹിക്കുന്ന ഒരു പാട് പെൺകുട്ടികൾക്കിടയിൽ അവൻ മോഹിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും അവളെയായിരുന്നു ഗായൂ എന്നവൻ വിളിക്കുന്ന ഗായത്രിയെ

വിൻസെന്റിന്റെ കോളേജ് പ്രൊഫസറായ ഉണ്ണികൃഷ്ണൻ മാഷിന്റെ ഏകമകളാണ് ഗായത്രി..

മനസ്സിലാദ്യമായ് ഗായത്രിയോടൊരിഷ്ട്ടം തോന്നിയപ്പോൾ ചെന്നു പറഞ്ഞത് അവളുടെ അച്ഛനോട് തന്നെയായിരുന്നു

ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളിൽ കുടുങ്ങി ജീവിക്കുന്ന മാഷൊരിക്കലുമാ ബന്ധം മുന്നോട്ടു പോവാൻ സമ്മതിച്ചില്ല ..

അച്ഛനെ ധിക്കരിച്ച് അച്ഛന്റെ സമ്മതമില്ലാതെ വേണമെങ്കിൽ ഗായത്രിക്ക് വിൻസെന്റിനെ സ്വന്തമാക്കാം പക്ഷെ അതോടെ ഇത്രയും കാലം അവൾക്കായ് മാത്രം ജീവിച്ച അച്ഛനെ അവൾക്ക് നഷ്ട്ടപ്പെടും എന്നേക്കുമായ് ..

അച്ഛന്റെ സമ്മതത്തോടെ ഗായത്രി തനിക്കരികിലെന്നെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വിൻസെന്റ് ..ആരെയും വേദനിപ്പിച്ച് അവനൊന്നും നേടാൻ വയ്യ, ആരുടേയും കണ്ണീർ കാണാനും വയ്യ ..

ദിവസങ്ങൾ മാസങ്ങളായ് കൊഴിഞ്ഞു വീണു

കോളേജ് പ0നം കഴിഞ്ഞ് വിൻസെന്റ് തന്റെ പപ്പയുടെ കമ്പനിയിൽ പപ്പയെ സഹായിക്കാനായ് ഒപ്പം കൂടിയെങ്കിലും ഗായത്രി എന്ന മോഹം അവന്റെ ഉള്ളിൽ നിറഞ്ഞുതന്നെ നിന്നിരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് ഗായത്രിയെ കാണാൻ പറ്റാതെ ഭ്രാന്തെടുത്ത അവസ്ഥയിലായിരുന്നു വിൻസെന്റ് ..

അവൾക്കെന്തു പറ്റിയെന്നറിയാതെ അവൻ നീറി

വിൽസിച്ചാ … ഞാനൊരു കാര്യം അറിഞ്ഞു ,പറഞ്ഞാൽ ദേഷ്യപ്പെടരുത് ,സങ്കടപ്പെടരുത്

ശ്യം വന്ന് പറയുമ്പോൾ അവനെന്താണ് പറയാനുള്ളതെന്നറിയാൻ വിൻസെന്റവനെ നോക്കി

അത്.. ഇച്ഛായ.. പിന്നെ

വാക്കുകൾ തൊണ്ടയിൽ തടഞ്ഞെന്ന പോലെ ശ്യം ഭയത്തോടെ അവനെ നോക്കി

നിന്ന് താളം ചവിട്ടാതെ കാര്യം പറയെടാ ..

വിൻസെന്റവനോട് ദേഷ്യപ്പെട്ടു

അത് ഇച്ഛായാ ഗായത്രിയുടെ കല്യാണം ഉറപ്പിക്കലാണ് ഇന്ന്.. അവളിനി വരില്ല …

ശ്യാം പേടിയോടെ പെട്ടന്നു പറഞ്ഞതും തന്റെ കാതുകൾ രണ്ടും കൊട്ടിയടച്ചതു പോലെ തോന്നിവിൻസെന്റിന് …

ഗായത്രിക്ക് കല്യാണമോ ..?

അവനത് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല

ഓർമ്മയിലവളുടെ മുഖം തെളിഞ്ഞു വന്നതും അവൻ കണ്ണുകൾ ഇറുക്കെ പൂട്ടി ..

അടഞ്ഞ കണ്ണുകൾക്കിടയിലൂടെ കണ്ണുനീർ അവന്റെ കവിളിനെ നനച്ച് താഴേക്കിറ്റു വീഴുന്നത് കണ്ടതും ശ്യാം പകച്ച് അവനെ നോക്കി

വിൻസീ….

ഇല്ലെടാ.. എന്റെ പെണ്ണാണവൾ, ഈ കഴിഞ്ഞു പോയ വർഷങ്ങൾ ഞാൻ കാത്തിരുന്നതവൾക്ക് വേണ്ടിയാണ്

അവൾ വാക്കു കൊണ്ട് പോലും വേറൊരാളുടേതാവു ന്നതിന് മുമ്പ് എനിക്കവളെയൊന്ന് കാണണം …

പറഞ്ഞതും കൊടുംങ്കാറ്റുപോലെ വിൻസെന്റ് തന്റെ ബൈക്കെടുത്ത് പാഞ്ഞു ഗായത്രിയെ കാണാൻ

അവളുടെ വീട്ടിലെത്തിയപ്പോഴേ കണ്ടു പൂമുഖത്തിരിക്കുന്ന അവളുടെ അച്ഛനെ

വിൻസെന്റ് എന്താണ് ഈ വഴിയെല്ലാം ..?

എനിക്ക് ഗായത്രിയെ ഒന്നു കാണണം മാഷെ…

അതു ബുദ്ധിമുട്ടാണ് വിൻസെൻറ് ..ഇന്നവളുടെ വിവാഹം ഉറപ്പിക്കുക ആണ് … കുറച്ച് കഴിഞ്ഞാൽ ആളുകൾ വന്നു തുടങ്ങും ,താൻ പോവാൻ നോക്ക് .. പറഞ്ഞതും മാഷ് തിരിഞ്ഞു നടന്നു

ഇല്ല മാഷെ, അവളെ കാണാതെ ഞാൻ മടങ്ങി പോവില്ല, നിങ്ങളുടെ വാക്കിനെ മാനിച്ച് ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇത്രയും കാലം അവൾക്കായ് കാത്തിരുന്നവനാണ് ഞാൻ.. എന്നെ ഇഷ്ട്ടമാണെന്ന് അവൾ പറയുന്നതും കാത്ത് നാലഞ്ച് വർഷങ്ങളായ് ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് …

“ഇനിയൊരിക്കലും അവളതെന്നോട് പറയില്ലാ എന്നെനിക്കറിയാം എന്നാലും എനിക്കവളെ ഒന്ന് കാണണം കണ്ടിട്ടേ ഞാൻ പോവൂ

ഉറച്ച ശബ്ദത്തിലവൻ പറഞ്ഞതും മറുപടിയൊന്നും പറയാതെ മാഷ് ഗായത്രിയുടെ മുറിയുടെ നേർക്ക് വിരൽ ചൂണ്ടി

വിറയ്ക്കുന്ന കാലടികളോടെ ഗായത്രിയുടെ മുറിയിലെത്തിയ വിൻസെന്റ് കണ്ടു എല്ലാം തകർന്നവളെ പോലെ മുറിയിൽ ഇരിക്കുന്ന ഗായത്രിയെ …

അവളുടെ രൂപവും കണ്ണുനീർ ഉണങ്ങിയ മുഖവും കണ്ടതും വിൻസെന്റാകെ തളർന്നു

തീരെ പ്രതീക്ഷിക്കാതെ വിൻസെന്റിനെ മുന്നിൽ കണ്ടതും ഗായത്രിയുടെ കണ്ണുകൾ പെയ്യുവാൻ തുടങ്ങി

“ഗായത്രി അപ്പോൾ മറ്റൊരാളുടേതാവാൻ ….

പറഞ്ഞു വന്നതു പൂർത്തിയാക്കാൻ കഴിയാതെയവൻ വിതുമ്പിയതും ഒരു തേങ്ങലോടെ അവൾ വന്നവന്റെ മാറിൽ വീണു

ഒരു പിഞ്ചുടൽ വിറയ്ക്കുന്നതു പോലെ വിറയ്ക്കുന്ന അവളുടെ ശരീരത്തെ അവൻ തന്നിൽ നിന്നടർത്തിമാറ്റി ..

“കരയണ്ട ഗായൂ, ഈ ജന്മം ഇതാണ് നമ്മുടെ വിധിന്ന് കരുതാം.. എവിടെയാണെങ്കിലും സന്തോഷമായിട്ടിരിക്കണം ,എന്തെങ്കിലും വിഷമം വന്നാൽ എന്റെ കൊച്ചിന്റെ ഇച്ചായൻ ഇവിടെ ഉണ്ടെന്നോർത്താൽ മാത്രം മതി..

പോട്ടെ…

നിറഞ്ഞുതൂവുന്ന കണ്ണുകൾ തുടയ്ക്കാൻ നിൽക്കാതെ വിൻസെന്റവിടെ നിന്ന് തിരിഞ്ഞതും ഗായത്രിയിൽ നിന്നൊരു തേങ്ങൽ ഉറക്കെ പുറത്തു വന്നു

തിരിഞ്ഞവളെ നോക്കിയ അവൻ കണ്ടു ഒട്ടും ഭാരമില്ലാത്തൊരു ശരീരം പോലെ തളർന്നു താഴേക്ക് വീഴുന്ന ഗായത്രിയെ .. അവളുടെ മൂക്കിലൂടെ നിലത്തേക്ക് ഒറ്റി വീഴുന്ന രക്ത തുള്ളികളെ …

“ഗായൂ…..

വിൻസെൻറിന്റെ നിലവിളിയിലാ വീടൊന്ന് കുലുങ്ങി

“പ്രാണനെ പോലെ സ്നേഹിച്ചവനെ അച്ഛനു വേണ്ടി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ആരെയും വേദനിപ്പിക്കാൻ കഴിയാതെ സ്വയം ഇല്ലാതാവാൻ തീരുമാനിച്ചതാവും എന്റെ കുട്ടി…

“എന്റെ പിടിവാശിക്ക് മുമ്പിൽ എന്റെ കുഞ്ഞിന്റെ ഇഷ്ട്ടം ഞാൻ നോക്കീല മോനെ …

“മരണത്തിൽ നിന്നെന്റെ മോൾ തിരിച്ചു വന്നാൽ നീയെടുത്തോ അവളെ.. നിന്റെ പെണ്ണായിട്ട് …

ഒരിത്തിരി ജീവനോടെ ആണെങ്കിലും അവളെ എനിക്ക് തന്നെ തിരിച്ചു തരണേ കർത്താവേന്ന് പ്രാർത്ഥിച്ച് ആശുപത്രിയിൽ തളർന്നിരിക്കുന്ന വിൻസെൻറിനോട് മാഷ് പറഞ്ഞു…

കുറച്ചു ദിവസങ്ങൾക്ക് ശേഷമൊരു ദിവസം…

“ഇനിയെന്റെ കയ്യീന്ന് നീ എങ്ങോട്ടാണ് ഓടി പോവുന്നതെന്ന് എനിക്കൊന്ന് കാണണമല്ലോ ,കല്യാണത്തിന് തലേന്ന് എന്റെ പെണ്ണിനെയൊന്ന് കാണാനായ് ഞാൻ ആരും കാണാതെ വന്നപ്പോൾ നീ എന്നെ ഓടിക്കുന്നോ ..? ഇനി നീ ഓടുന്നത് എനിക്കൊന്ന് കാണണമല്ലോ ..?

കൈകളിലൊരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം ഗായത്രിയെ കോരിയെടുത്ത് ആരും കാണാതെഅവളുടെ മുറിയിലേക്ക് നടക്കുമ്പോൾ വിൻസെൻറവളുടെ കാതോരം ചോദിച്ചു

“ഇന്ന് കഴിഞ്ഞാൽ ഞാൻ ഇച്ചായന്റെ സ്വന്തം അല്ലേ..പിന്നെന്തിനാ ഇന്നിങ്ങോട്ടു വന്നത് ..?ആരെങ്കിലും കാണും പോവാൻ നോക്കിക്കേ …

അവന്റെ കയ്യിൽ നിന്ന് കുതറി ഇറങ്ങാൻ ശ്രമിച്ചവൾ പറയവേ അവന്റെ കൈകൾ കൂടുതൽ ശക്തിയോടെ അവളിൽ മുറുകി..

അവളുടെ കുസൃതി നിറഞ്ഞ കണ്ണുകളും അവനെ കളിയാക്കി എന്നവണ്ണം പുഞ്ചിരിക്കുന്ന അവളുടെ ചുണ്ടുകളും കാണെ അവൻ മെല്ലെ അവളുടെ ചുവപ്പു രാശി പടർന്ന ചുണ്ടുകളിലേക്ക് മെല്ലെ തന്റെ ചുണ്ടുകൾ അടുപ്പിച്ചു

“ഇച്ചായാ …വേണ്ട ട്ടോ .. പ്ലീസ് …

അവന്റെ ഭാവം മാറിയതും അവൾ അവനെ പിൻതിരിപ്പിക്കാൻ ശ്രമിചു…

“വേണ്ട ഇച്ചായാ..

“തടയരുത് ഗായൂ..പ്ലീസ്..

ഒരു യാചന പോലെ അവളോടു പറഞ്ഞിട്ടവൻ തന്റെ ചുണ്ടിനാലവളെ തന്നിലേക്ക് പൂർണ്ണമായും ച്ചേർത്തുനിർത്തുമ്പോഴും മനസ്സിൽ
നന്ദി പറയുകയായിരുന്നു ഈശ്വരൻമാരോട് അവളെ അവനു തിരികെ കൊടുത്തതിന്..

ഇനിയവരുടെ പ്രണയം പൂത്തു തളിർക്കട്ടേ .. നമ്മുക്ക് കാത്തിരിക്കാം