സാരി ആകുമ്പോൾ ഇച്ചിരി മച്ചൂരിറ്റി തോന്നിക്കും ഇച്ചേ, ഞാൻ വായിനോക്കിയാലും..

ഹെല്ലോ ഹായ് ബൈ ബൈ
(രചന: Jinitha Carmel Thomas)

അങ്ങനെയൊരു അവധിക്കാലം… തെറ്റിപ്പോയി മ്മക്ക് അവധിയുള്ള ഒരു ദിവസം.. ശെടാ, ഇത് പറയാൻ ഇത്രേയും ആർഭാടം വേണോ?? വേണം വേണം..

ഇനം തള്ളൽ ആയതിനാൽ കുറച്ച് ആർഭാടമൊക്കെ ആവാം… എന്നാൽ രാഹുകാലം വരുന്നതിന് മുന്നേ മ്മക്ക് തുടങ്ങാം ഹെല്ലോ ഹായ് ബൈ ബൈ…

നാല് വർഷത്തിലൊരിക്കൽ അമ്മായീടെ വീട്ടിൽ എന്നമട്ടിൽ എഴുന്നള്ളുന്ന മ്മടെ സ്വന്തം പിറന്നാളിന്, കെട്ടിയോന്റെ പോക്കറ്റ് കാലിയാക്കാനുള്ള വഴി ഏതാണ്ട് റെഡിയാക്കി, സൈറൺ മുഴക്കി റൂമിലേക്ക് വച്ചു പിടിച്ചു..

“ഇച്ചായോ??” മറുപടി ഇല്ല…

“കൂയ് ഇച്ചായോ…” വീണ്ടും മറുപടി ഇല്ല..

ശെടാ.. ഈ മനുഷ്യൻ നട്ടുച്ചനോക്കി ഇതെവിടെപോയി?? എന്നൊക്കെ ആത്മഗതിച്ചു മുന്നുംപിന്നും നോക്കാതെ ഈയുള്ളവൾ വായനാമുറിയിൽ ചെന്നു..

“ഹെല്ലോ ഹായ് ബൈ ബൈ.. തേടിയവള്ളി ദേ കിടക്കുന്നു അല്ല ദേ ഇരിക്കുന്നു..”

“ഇച്ചേ” എന്ന് നീട്ടിവിളിച്ചു ചെന്നതിലും വേഗത്തിൽ കുരിശു കണ്ട കുട്ടിച്ചാത്താൻ കണക്കെ മ്മള് ഇറങ്ങി..

എങ്ങനെ മ്മള് കുട്ടിച്ചാത്തൻ ആകാതെയിരിക്കും?? ഹെഡ്സെറ്റും കുത്തി മാഗസീനും വിഴുങ്ങി ഇരിക്കുന്ന പ്രാണനാഥൻ കൈത്താളം ഇടുന്നത്;

ആർത്തിപിടിച്ചു വാങ്ങിക്കൂട്ടി ഇതുവരെ ഞാൻ തുറന്ന് നോക്കാത്ത പുസ്തക കെട്ടിലാണ്..

ഈശ്വരാ, വാങ്ങിയ ആക്രാന്തം വായിക്കാനില്ല എന്നത് മ്മള് ആരോട് പറയാൻ??

ചെന്ന് കേറികൊടുത്താൽ പിടിച്ചിരുത്തി അടുത്തപിറന്നാൾ വരെ അങ്ങേർ അതൊക്കെ എന്നെക്കൊണ്ട് വായ്പ്പിക്കും.. ഹെല്ലോ ഹായ് ബൈ ബൈ മ്മളോടാ കളി..

ആവശ്യം എന്റെയാണല്ലോ എന്നതിനാൽ പുറത്തുനിന്ന് “മൂൻട്രാം പിറയ്” ക്ലൈമാക്സ് സീനിലെ കമലഹാസൻ കണക്കെ കയ്യുംകാലുമൊക്കെ കാട്ടിനോക്കി..

അവിടെ അനക്കമൊന്നുമില്ല.. എന്റെ വിധി.. മ്മക്ക് പ്രാണവേദന അവിടെ കഠോരകുഠോരന്റെ വീണ വായന..

മാഗസീൻ തിന്നുതീരാതെ ആര്യപുത്രൻ എണീക്കില്ലെന്ന് ഉറപ്പായതിനാൽ ടിവിയ്ക്ക് മുന്നിലെ ചാരുകസേരയിൽ മ്മള് മൊബൈലുമായി ചുരുണ്ടുമടങ്ങി ഇരുന്നു..

“ഹോ ദാരിദ്ര്യം.. ഇൻബോക്സിൽ ഒരൊറ്റയെണ്ണം ഇല്ല.. ഹാം പോട്ടെ, ഇനി ടിവിയുടെ നെഞ്ചത്തോട്ടു കുറച്ചുനേരം കേറാം…”

അങ്ങനെ അലക്സയെ വിളിച്ചു അങ്ങോട്ടുമിങ്ങോട്ടും ചാനൽ മാറ്റി കളിക്കുന്നതിനിടെ ഒരു അശരീരി…

“ചാനൽ എണ്ണി കഴിഞ്ഞോ??”

ചോദ്യം കേട്ട് നോക്കിയപ്പോൾ മ്മടെ കെട്ടിയോൻ ഇളിച്ചോണ്ടു നിൽപ്പുണ്ട്..

“ഓഹ് പുസ്തകപുഴു..” എന്നൊക്കെയാ മനസ്സിൽ വന്നതെങ്കിലും വളരെ സാഹസികമായി മ്മൾ അതൊക്കെ തടഞ്ഞു… പകരം നൂറ് വാട്ട് ബൾബ് തെളിയിച്ചു…

“ഞാൻ നോക്കുമ്പോൾ ഇച്ച മാഗസീൻ വായിക്കുകയായിരുന്നു.. അതോണ്ട് ഞാൻ ശല്യം ചെയ്തില്ല…”

“ഉഫ്.. ത്യാഗം..”

“ഹെല്ലോ ഹായ് ബൈ ബൈ.. ഈ മനുഷ്യൻ എന്താ ഒരുമാതിരി കുത്തുന്നപോലെ?? ശേ അങ്ങനെ കളിയാക്കുവോ?? ഏയ് ഇല്ല, എന്നെപോലെയല്ല നല്ലവനാ..”

എന്നെല്ലാം ആത്മഗതിച്ചു നിൽക്കവേ കെട്ടിയോന്റെ തിരുവായ് മൊഴിഞ്ഞത് ഇങ്ങനെ..

“മാഗസീൻ വിഴുങ്ങുന്നത് മുതൽ നല്ലവനാ എന്ന് പറഞ്ഞത് വരെ ഞാൻ കേട്ടു..”

“കള്ളൻ.. എല്ലാം ഒളിച്ചുനിന്ന് കേട്ടു..” (ആത്മഗതം)

“ഒളിച്ചു കേട്ടത് നിന്റെ കുഞ്ഞമ്മ.. ആദ്യം ഈ വീട് മുഴുവൻ കേൾക്കാൻ പാകത്തിന് ആത്മഗതം നടത്തുന്നത് നിർത്തു..”

“ഹെല്ലോ ഹായ് ബൈ ബൈ, എല്ലാം കൈവിട്ട് പോയി.. ഇനി കീഴടങ്ങലാ നല്ലത്.. ആവശ്യം മ്മടെയാണല്ലോ..” (ശരിക്കും ആത്മഗതം)

‘ദ മാസ്‌ക്’ സിനിമയിലെ ജിമ്മിന്റെ ചിരി കടം വാങ്ങിയ മ്മൾ,

“ഇച്ചേ, എനിക്കേ പിറന്നാളിന് ഗിഫ്റ്റ് വേണം..”

“അതിന് ഇനിയും വർഷം കിടക്കുവല്ലേ?? ഇതിനാണോ ഹിറ്റ്‌ലർ മാധവൻകുട്ടിയെ കണ്ട ഹൃദയഭാനു കണക്കെ നീ ഓരോന്ന് കാട്ടികൂട്ടിയത്??”

“ങേ.. മേരി പ്യാരാ പളനി ആണ്ടവാ, എന്റെ കമലഹാസൻ ഇങ്ങേർക്ക് ഹൃദയഭാനു ആണെന്ന്.. ദുഷ്‌ടൻ, കശ്മലൻ..” എന്നതൊക്കെയാ ആത്മഗതിച്ചു മ്മള് ചോദിച്ചു..

“അതുശരി എല്ലാം കണ്ടു ല്ലേ?? എന്നിട്ടാണോ മനുഷ്യാ വെള്ളംതൊടാതെ ആ മാഗസീൻ വിഴുങ്ങി ഇരുന്നെ??”

ഉത്തരം തരാതെ ചിരിച്ച കെട്ടിയോനെ മ്മള് നോക്കി പേടിപ്പിച്ചു.. പാവം പേടിച്ചുപോയി..

“ഞാൻ വായിച്ചുകഴിഞ്ഞു എണീക്കാൻ തുടങ്ങുമ്പോഴാ നിന്റെ സൈറൺ കേട്ടെ.. ബാക്കികൂടി കാണാനും കേൾക്കാനുമായി ഇരുന്നതാ.. ഹെഡ്സെറ്റ് വെച്ചിരുന്നത് ഒരു ചെവിയിൽ മാത്രമാ അതും വെറുതെ…”

ഹെല്ലോ ഹായ് ബൈ ബൈ, ബലേഭേഷ്.. ഇങ്ങേർക്ക് പകരം വേറെ വല്ലവനും ആയിരുന്നേൽ ഇതിനുമുന്നേ മ്മടെ പതിനാറ് നടത്തിയേനെ..

എന്നാലും ന്റെ ഈശോയെ ഈ മനുഷ്യന് ദേഹം മുഴുവൻ ബുദ്ധിയാണല്ലോ.. പിള്ളേരുകളി ഈയിടെ കൂടുന്നുണ്ട് ഇങ്ങേർക്ക്.. (ആത്മഗതം)

“ദേ മനുഷ്യാ എന്റെ സ്വഭാവം മാറ്റരുത്.. ഫെബ്രുവരി ഇരുപത്തിയെട്ട് രാത്രി പന്ത്രണ്ട് അടിച്ചാൽ എന്റെ പിറന്നാളാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. മര്യാദയ്ക്ക് എനിക്ക് സമ്മാനം വാങ്ങിതാ.. പിന്നെ നമുക്ക് കുറെ യാത്രയും പോണം..”

“ഇല്ലെങ്കിൽ??”

“ഇല്ലെങ്കിൽ നിങ്ങടെ കാർഡ് വെച്ച് ഞാൻ റമ്മി കളിക്കും.. നോക്കിക്കോ…”

“നിന്റെ മമ്മി വരുമിവിടെ, റമ്മി ഒഴിപ്പിക്കാൻ.. അതൊക്കെപോട്ടെ നിന്റെ കാർഡ് എന്തിയെ?? ഇഷ്‌ടമുള്ളത് വാങ്ങരുതോ??”

“ഹെല്ലോ ഹായ് ബൈ ബൈ.. എന്തോ?? എങ്ങനെ?? എന്റെ കാർഡ് എടുത്താൽ എന്റെ പൈസ പോകൂലേ?? എനിക്ക് നിങ്ങടെ ഏതേലും കാർഡ് വേണം..”

“ങേ.. മാസംതോറും കിട്ടുന്ന ശമ്പളം പോരാഞ്ഞു, ഞാനും പൈസ ഇട്ടു തരുന്നല്ലോ?? പിന്നെന്താ സ്വന്തം കാർഡ് എടുക്കാൻ ബുദ്ധിമുട്ട്??”

“അയ്യടാ മനമേ.. എന്റെ അക്കൗണ്ടിൽ എന്നും കാശ് നിറഞ്ഞുകവിഞ്ഞു മഴക്കാലത്തെ മുല്ലപ്പെരിയാർ ഡാം പോലെ കിടക്കണം…

അതാ മ്മടെ എളിയ ആഗ്രഹം.. അതോണ്ടല്ലേ മൊബൈൽ റീചാർജ്ജ് പോലും നിങ്ങളെകൊണ്ടു ഞാൻ ചെയ്യിപ്പിക്കുന്നത്.. ഹും..”

തെല്ലും അഹങ്കാരമില്ലാതെ നല്ലൂട്ടിയായി കെട്ടിയോനെ നോക്കിയ മ്മള് കണ്ടു; മ്മള് മാത്രേ കണ്ടുള്ളൂ.. ദേ അവിടെ പുച്ഛം.. പരമപുച്ഛം… മനുഷ്യന്റെ ഓരോ അവസ്ഥകൾ എന്ന ഭാവത്തിൽ കെട്ടിയോൻ,

“ഹെന്റെ ഈശോയെ.. ഇതിനെ ആർക്കും കൊടുക്കാതെ കൃത്യമായി എനിക്ക് തന്നെ നീ തന്നല്ലോ.. പെരുത്തു നന്ദിയുണ്ട് ട്ടാ..” ശേഷം മ്മടെ തലയിൽ ഒരു കൊട്ടും തന്നിട്ട്,

“ഈ കുരുട്ടുബുദ്ധിയിൽ തെളിഞ്ഞ ഐഡിയ പറഞ്ഞേ…”

“നല്ല ഐഡിയയാ ഇച്ചേ.. നമുക്കെ കഴിഞ്ഞ തവണ ഞാൻ പരീക്ഷാഡ്യൂട്ടിക്ക് പോയ സ്കൂൾ ഇല്ലേ?? അവിടത്തെ ചായക്കടയിൽ പോകാം?? അവിടുന്ന് അടുത്ത സ്ഥലം പറയാം…”

“അതെന്താ അവിടെ??”

“ഞാൻ പറഞ്ഞില്ലാരുന്നോ?? അവിടെ ചായ അടിക്കുന്നത് ഒരു ചുള്ളനാ..”

“ടീ പിടക്കോഴി… നീയേ എന്നെ നോക്കിയാൽ മതി…..”

ഹെല്ലോ ഹായ് ബൈ ബൈ, നടക്കണ കാര്യം വല്ലോം പറയ് മനുഷ്യാ.. (ആത്മഗതം)

“അതല്ല ഇച്ചേ.. അവിടെ ‘കണ്ടൻ ചായ’ എന്നെഴുതി വെച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ആ ചായ എനിക്കൊന്നു കുടിക്കണം.. പിന്നെ ചെറിയൊരു നയനസുഖവും ഇല്ലാതില്ല..”

“ഉം ശരി.. അപ്പോൾ വേറെ സമ്മാനമൊന്നും വേണ്ടേല്ലോ??”

“വേണം.. വേണം..”

“ഉം.. വായിക്കാതെ വച്ചിരിക്കുന്ന പുസ്തകകെട്ടിന് അടുത്തായ് പിറന്നാൾ സമ്മാനം വെച്ചിട്ടുണ്ട്… ചെന്നെടുത്തോ…”

ഓടിച്ചെന്ന് സമ്മാനവും എടുത്തു.. സന്ധ്യയായി ഉഷസ്സായി അടുത്ത ദിവസം.. സമ്മാനത്തിലെ കാഞ്ചീപുരം പട്ടുസാരിയും ഉടുത്തു കെട്ടിയോന്റെ കൂളിംങ്ഗ്ലാസ്സുമായി നിന്ന മ്മളെ കണ്ട കെട്ടിയോൻ,

“ടാ.. ചായ കുടിക്കാൻ അല്ലെ പോകുന്നേ?? അതും വായ്നോക്കാൻ.. നിന്നെ കണ്ടാൽ കല്യാണത്തിന് പോകുന്ന പോലുണ്ടല്ലോ…”

ഹെല്ലോ ഹായ് ബൈ ബൈ, തളർത്തി… വായ് നോക്കാൻ പോകാനുള്ള ആ ഗും അങ്ങു പോയി.. (ആത്മഗതം)

“സാരി ആകുമ്പോൾ ഇച്ചിരി മച്ചൂരിറ്റി തോന്നിക്കും ഇച്ചേ.. ഞാൻ വായിനോക്കിയാലും ആരും എന്നെ ശ്രദ്ധിക്കില്ല..

പട്ടുസാരിയാകുമ്പോൾ ഒരു ഗമയൊക്കെ ഉണ്ടാകും.. പോരാത്തതിന് ഈ കൂളിങ്ഗ്ലാസ്സും.. ഞാനിന്ന് പൊളിക്കും….”

“ഹെന്റെ വ്യാകുലമാതാവേ, ഇവൾക്ക് കൊടുത്ത കുരുട്ടുബുദ്ധിയിൽ ഒരല്പം വേറെ ആർക്കെങ്കിലും കൊടുക്കാരുന്നു.. സാരിയിൽ കൂടി മച്ചൂരിറ്റി??”

നിരുത്സാഹപെടുത്താൻ പലതും കെട്ടിയോൻ പറഞ്ഞിട്ടും മ്മൾ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വച്ചില്ല.. മ്മളാരാ മോൾ… അങ്ങനെ ചായക്കടയിൽ എത്തി..

ആ ചെറിയ ഹോട്ടലിന് മുന്നിൽ ഒട്ടിച്ച വെള്ള കടലാസിൽ സ്കെച്ച് പേന കൊണ്ട് എഴുതിയിരിക്കുന്നു..

“കണ്ടൻ ചായ – ആര് രൂപ, പാൽ ചായ- ഫത്ത് രൂപ, പരിപ്പുവട – ട്ട് രൂപ, പഴംപൊരി – ട്ട് രൂപ, ബിരിയാണി, ഊണ് റെഡി… കീടം കിടക്കാറില്ല..”

“ഇച്ചേ, നോക്കിയേ.. ജൈവവളം ആകും ഇവർ ഉപയോഗിക്കുന്നെ.. അതാ കീടം കിടക്കാത്തെ ല്ലേ??”

“ടാ.. എനിക്ക് മൊത്തത്തിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നുണ്ട്.. ആര് രൂപയുടെ കണ്ടൻ ചായ?? പിറന്നാൾ ആയി വയർ കേടാക്കാൻ നിക്കണ്ട.. നമുക്ക് വേറെ പോകാം..”

“ഹെല്ലോ ഹായ് ബൈ ബൈ.. വേറെ പോയാൽ ഇവിടുള്ളവനെ ഞാനെങ്ങനെ വായിനോക്കും… പോരാത്തതിന് എനിക്ക് കണ്ടൻ ചായ വേണം..

ഇംഗ്ലീഷ് അറിയില്ലെങ്കിലും മലയാളത്തെ മംഗ്ലീഷാക്കി സംസാരിക്കുന്നവർക്കായി ആകും ആ ‘ആര്’ രൂപ..”

“പറഞ്ഞാൽ മനസിലായില്ലെങ്കിൽ അനുഭവിച്ചോ… എന്ത് വേണേലും സ്വന്തമായി ഓഡർ ചെയ്തേക്കണം.. കേട്ടല്ലോ??”

കെട്ടിയൊന്റെ വാക്ക് ശിരസ്സാവഹിച്ചു മ്മള് ഉള്ളിൽ കയറി, വലിയ സ്റ്റൈലിൽ കസേരയിൽ ഇരിക്കുമ്പോൾ ദേ വരുന്നു.. മ്മടെ ഇര, ചുള്ളൻ..

മ്മൾ കെട്ടിയോന്റെ കണ്ണുകളും കടംവാങ്ങി ഓനെ നോക്കുമ്പോൾ ദേ പോണ് ലവൻ;

എന്റെ എതിർവശം ഇരിക്കുന്ന കെട്ടിയോന്റെ മോന്തയും നോക്കി.. കെട്ടിയോൻ അവനെ കണ്ണ് കാണിച്ചു എന്റെനേർക്ക് തിരിച്ചുവിട്ടു.

ഹെല്ലോ ഹായ് ബൈ ബൈ.. ഇരേ ഇബിടെ കമോൻ.. മ്മള് ഗമ ഒട്ടും കുറച്ചില്ല..

“നാല് പരിപ്പുവട.. രണ്ട് കണ്ടൻ ചായ..”

ചുള്ളൻ – “ഹെന്ത് ചായ??”

ഇവനെന്താ ചെവി കേൾക്കില്ലേ എന്നമട്ടിൽ, ഗൗരവത്തിൽ മ്മൾ

“കണ്ടൻ ചായ.. പുറത്ത് എഴുതി വച്ചിട്ടില്ലേ??”

“അയ്യോ ആന്റി, അത് കണ്ടൻ അല്ല കട്ടൻ ചായയാ.. കറുത്ത കണ്ണട ആയതിനാൽ ആന്റിക്ക് തെറ്റിയതാ…”

അവന്റെ ആന്റി വിളിയിൽ മ്മടെ സർവ്വകിളികളും തളർന്ന് പോയി..

ദ്രോഹി.. കട്ടൻചായയെ കണ്ടൻചായ എന്നെഴുതിയതും പോര, എന്റെ കാഴ്ചയുടെ കുറവാണ് പോലും.. പോരാഞ്ഞിട്ട് സാമദ്രോഹി എന്നെ ആന്റിയെന്ന് വരെ വിളിച്ചു.. അവന്റെ കുഞ്ഞമ്മേടെ ഒരു ആന്റി… (ആത്മഗതം)

എന്റെ എന്തോരം സ്വപ്നങ്ങൾ തകർത്തിട്ടു ദ്രോഹി വീണ്ടും ചോദിക്കുവാ,

“ആന്റി, എന്താ വേണ്ടേ??”

“നിന്റെ കൊരവള്ളി..” എന്ന് മ്മൾ പറയും മുന്നേ കെട്ടിയോൻ കട്ടൻ ചായയും പരിപ്പുവടയും പറഞ്ഞു അവനെ വിട്ടു..

ദൈവമേ അവന്റെ ചായയിൽ പല്ലി വീഴണേ, അവന്റെ ബിരിയാണി കരിഞ്ഞു പോണേ എന്നൊക്കെ ആത്മാർത്ഥമായി പ്രാർത്ഥിച്ച മ്മൾ ദയനീയമായി കെട്ടിയോനെ നോക്കി.. അവിടെ കുനിഞ്ഞിരുന്നു കുലുങ്ങുന്നു..

“ഇയാൾക്കിത് എന്തിന്റെ കേടാ?? വല്ല ബാധയും കേറിയാ??” എന്നൊക്കെ ആത്മഗതിച്ചു ഒന്നൂടെ സൂക്ഷിച്ചു നോക്കുമ്പോൾ മനസിലായി, ദുഷ്‌ടൻ കുനിഞ്ഞിരുന്നു ചിരിക്കുന്നതാ..

നെഞ്ചത്തടിച്ചു കരഞ്ഞു വെറുതെ സാരിയിൽ ചുളിവ് വീഴ്ത്തേണ്ടെന്ന കരുതി മാത്രം മ്മള് വെറുതെ കെട്ടിയോന്റെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തു.. വെറും മനസുഖം…

“കർത്താവേ എനിക്കെന്തിന്റെ കേടായിരുന്നു.. പാൽക്കോവപോലെ ചുള്ളനായ കെട്ടിയോനെയും കൂട്ടി, നേരാവണ്ണം ‘ട്ട’ യും ‘ണ്ട’ യും തിരിച്ചറിയാൻ കഴിവില്ലാത്ത ഒന്നിനെ വായ് നോക്കാൻ വന്നിരിക്കുന്നു..

എന്നെ പറഞ്ഞാൽ മതിയല്ലോ.. ഇതിലുംഭേദം വല്ല തേപ്പും വാങ്ങുന്നതാ… ഈശോയെ ഈ മനുഷ്യൻ എന്നെയിന്ന് കളിയാക്കി കൊല്ലും.. പാവം ഞാൻ…” (ആത്മഗതം)

മ്മടെ അവസ്‌ഥ മനസിലാക്കിയ പാവപ്പെട്ട കെട്ടിയൊൻ മ്മടെ അടുത്തു വന്നിരുന്നു..

“സാരമില്ല ടാ.. അബദ്ധം പിണയുന്നത് ഇത് ആദ്യമല്ലല്ലോ… ഹെല്ലോ ഹായ് ബൈ ബൈ പറഞ്ഞു നാളെയും വിമാനത്തിൽ പോകുന്ന പണി നമ്മൾ ചോദിച്ചു വാങ്ങിയിരിക്കും.. മ്മളോടാ കളി… ഇതൊക്കെ നിസ്സാരം…”

എന്നൊക്കെ പറഞ്ഞു പ്രോത്സാഹനം തരുന്നുണ്ട്..

കെട്ടിയോൻ ഒരുവഴിയ്ക്ക് മ്മളെ ആശ്വസിപ്പിക്കുമ്പോൾ വീണ്ടും അവന്റെ ശബ്ദം,

“ചേട്ടാ, ഇതാ കട്ടനും വടയും…”

“ചേട്ടനാ.. ആര്?? മ്മടെ കെട്ടിയോൻ… ഇച്ചിരി സൗന്ദര്യം ഇല്ലാത്തോണ്ട് അങ്ങേരുടെ കെട്ടിയോളായ ഞാൻ അവന് ആന്റിപോലും.. ഇവനെയൊക്കെ കാലേ തൂക്കി മതിലിൽ അടിക്കേണ്ട കാലംകഴിഞ്ഞു..”

എന്ന ഭാവത്തിൽ കെട്ടിയോനെ നോക്കിയപ്പോൾ അങ്ങേർ മൊബൈലും കുത്തിമറിച്ചു ഒന്നും കേൾക്കാത്തമട്ടിൽ ചിരിച്ചോണ്ട് ഇരിക്കുന്നു..

“എന്റെ ദൈവമേ എത്രയോ ഇടി പാഴായി പോകുന്നു.. കണ്ടൻ ചായയ്ക്ക് ആര് രൂപ വാങ്ങുന്ന ഇവന് വേണ്ടി ഒരിടി ഞാൻ സ്പോൺസർ ചെയ്യാം…”

എന്നൊക്കെ ആത്മഗതിച്ചു കട്ടനും കുടിച്ചു കെട്ടിയോന്റെ പോക്കറ്റിൽ നിന്നും കാശുമെടുത്ത് മ്മള് എണീറ്റു.. പുറകെ കെട്ടിയോനും..

ബിൽ തുക അടച്ചു.. ബാക്കി വാങ്ങാൻ നിൽക്കവേ,

“ആന്റി, ബാക്കി ആറ് രൂപ ഞാൻ തരണം.. ഇവിടെ ഒരു രൂപ ഇല്ല.. ഞാൻ ആന്റിക്ക് അഞ്ച് രൂപയും ഒരു രൂപയ്ക്ക് മിട്ടായിയും തരട്ടെ??”

ഇവനെ ഞാനിന്ന് കൊന്ന് കൊലവിളിച്ചു ദുർഗാഷ്‌ടമി ആഘോഷിക്കും എന്നമട്ടിൽ,

“ആന്റിക്കുള്ള മിട്ടായി ആന്റിയുടെ ഈ ചേട്ടൻ വാങ്ങി തരും.. ഞാനങ്ങോട്ടു മിട്ടായി അല്ലല്ലോ തന്നത്?? താനിപ്പോ ആറ് രൂപ ഇങ്ങെടുക്ക്..”

മ്മൾ പറഞ്ഞതും; സമാധാനത്തിന്റെ വെള്ളരിപ്രാവ്, മ്മടെ കെട്ടിയോൻ വായ് തുറന്നു..

“മിട്ടായി ഒന്നും വേണ്ട.. അഞ്ച് രൂപ മതി..”

എന്നോട് തരിമ്പും സ്നേഹമില്ലാതെ അഞ്ച് രൂപയും വാങ്ങി കെട്ടിയോൻ മ്മളെയും കൂട്ടി ഹോട്ടൽ വാതിൽക്കൽ എത്തി..

“അനിയാ ഒരുകാര്യം, ഈ ഹോട്ടൽ നോക്കി കുറച്ചുദൂരെ നിന്നും വന്നതാ ഞങ്ങൾ.. പുറത്ത് എഴുതി വച്ചിരിക്കുന്ന ബോർഡിൽ അക്ഷരപിശകുണ്ട്.. അത് തിരുത്തുക.. വന്നവരുടെ കണ്ണിനല്ല തെറ്റായി എഴുതിയതാണ് പ്രശ്നം..”

യാഹൂ… മ്മക് വീണ്ടും സന്തോഷമായി…

തിരിച്ചു പോരുമ്പോൾ,

“പട്ടുസാരി ചുറ്റിയപ്പോഴേ ഞാൻ പറഞ്ഞതാ വേറെ വല്ലോം ഇടാൻ.. അന്നേരം മച്ചൂരിറ്റി.. പോരാത്തതിന് ‘കടം കൊടുക്കില്ല’ എന്നത് ‘കീടം കിടക്കില്ല’ എന്നെഴുതിയവനെ വായ് നോക്കണംപോലും..

തള്ളലിന് ഒരു കുറവും ഇല്ലാരുന്നു വരുമ്പോൾ.. ഇപ്പോൾ ഏതാണ്ട് ധ്യാനത്തിൽ ഇരിക്കുവാ.. ആ വായൊന്ന് തുറന്നു അടുത്ത ഊഴം എവിടാന്ന് പറഞ്ഞേ..”

“എന്നാലും മനുഷ്യാ, അവൻ ആന്റിയെന്ന് വിളിച്ചത് നിങ്ങൾ ചോദിച്ചില്ലല്ലോ..”

“സാരിയും കൂളിങ്ഗ്ലാസ്സുമായി ഖുഷി കുമാരി ഗുപ്‌ത സിങ് റായ്സാദ എന്നാണ് പൊന്നൂസിന് സ്വയം തോന്നിയതെങ്കിൽ, എനിക്കത് ഹെല്ലോ ഹായ് ബൈ ബൈ മനോരമ മാമി ആയാണ് തോന്നിയത്..

അതേ ആ പയ്യനും തോന്നിയുള്ളൂ.. മേക്കപ്പ് വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ??”

കരയും എന്നിരുന്ന മ്മളോട്,

“പോട്ടെടാ.. ആരെന്തു വിളിച്ചാലും എനിക്കറിയരുതോ എന്റെ കെട്ടിയോളെ…

ഏലക്കയും ഇഞ്ചിയുമൊക്കെ ചേർത്ത നല്ല ‘കണ്ടൻ’ ചായ നമുക്ക് കിട്ടിയല്ലോ.. വിട്ടേക്ക്.. നമുക്ക് കോളേജ് ജംഗ്ഷനിലെ പിസ്സഹട്ടിൽ പോയി വായ്നോക്കി ഈ ക്ഷീണം തീർക്കാം… റെഡിയല്ലേ??”

“ഈ കോലത്തിലോ??”

“ഹ ഹ ഹ ഹ…” രണ്ടാളും പൊട്ടിച്ചിരിച്ചു യാത്ര തുടർന്നു……

Leave a Reply

Your email address will not be published. Required fields are marked *