എഴുന്നേറ്റ് വരുമ്പോൾ വലിയ വഴക്ക് കേൾക്കാം, ഞാൻ അമ്മയോട് ചോദിച്ചു എന്താ സംഭവം..

കരി കൊണ്ടഴുതിയ അവറാച്ചൻ
(രചന: Jils Lincy)

വർഷങ്ങൾക്ക് മുൻപേ നടന്ന കഥയാണ്… ഞാൻ അഞ്ചിലൊ ആറിലോ പഠിക്കുന്ന കാലം.. വീടിനടുത്തുള്ള സ്കൂളിലാണ് പഠിക്കുന്നത്…

രാവിലെ ആകാശവാണിയിലെ ആത്മീയ യാത്ര പ്രോഗ്രാം തുടങ്ങുമ്പോൾ മുതൽ എന്നെ ഉറക്കത്തിൽ നിന്ന് എഴുനേൽക്കാൻ വിളിച്ചു തുടങ്ങും….

എഴുന്നേൽക്ക്ലിൻസി… എഴുന്നേൽക്കു ലിൻസി…

എന്ത് കാര്യം!!!!! അതു കഴിഞ്ഞ് മലയാള വാർത്ത തുടങ്ങി അതും കഴിഞ്ഞു സംസ്‌കൃത വാർത്തയുടെ അവസാനം ഇതി വാർത്ത ഹേ എന്ന് പറഞ്ഞു വാർത്ത അവസാനിക്കുമ്പോഴേക്കും ഞാൻ എഴുന്നേൽക്കും….

അപ്പോൾ ഏകദേശം 7 മണി കഴിഞ്ഞിട്ടുണ്ടാവും… പിന്നെ ഒരോട്ടമാണ്….

രാവിലെ എഴുന്നേറ്റാൽ ഉടനെ മുറ്റമടിച്ചിരിക്കണം എന്നുള്ളത് വീട്ടിൽ നിർബന്ധമാണ്..

അല്ലേലും അന്നത്തെ കാലത്തു മുറ്റമടിക്കുന്ന പാത്രം കഴുകുന്ന വീട്ടു ജോലി എടുക്കുന്ന പെൺകുട്ടികളാണ് താരങ്ങൾ… ബാക്കിയുള്ളവരൊക്കെ വെറും വേസ്റ്റ്!! കുടുബത്ത് ഇരുത്താൻ കൊള്ളാത്തവർ…

എന്തായാലും നാടോടുമ്പോൾ നടുവേ ഓടടണമല്ലോ… അതു കൊണ്ട് തന്നെ ഞാൻ എഴുന്നേറ്റപ്പാടെ പല്ലു തേച്ചു മുറ്റമടി തുടങ്ങി അപ്പോൾ നിങ്ങൾ വിചാരിക്കും പേടിച്ചിട്ടാണെന്ന്….

ഒരു പേടിയുമില്ല.. പക്ഷേ രാവിലെ തന്നെ അടിമേടിച്ചു പുറം പൊളിക്കണ്ടല്ലോ എന്നു വിചാരിച്ചുള്ള ഒരു മുൻ കരുതൽ മാത്രം….

അങ്ങനെ ഗംഭീരമായി മുറ്റമടി കഴിഞ്ഞു .. ഒരു ചൂലെടുത്തു ഒരു മിനിറ്റ് കൊണ്ട് കരിയിലകളെ എല്ലാം നാലു ഭാഗത്തേക്ക്‌ ചിതറിപ്പിച്ചിട്ടു അത്രന്നെ….

പിന്നെ ബ്രേക്ക്‌ ഫാസ്റ്റ്…അതു കഴിഞ്ഞ് സ്കൂളിൽ പോകാൻ തയാറാകുന്നു….അച്ഛന്റെ മൂത്ത ചേട്ടന്റെ (5 ചേട്ടന്മാരുണ്ട് )വീടിന് മുൻപിലൂടെയാണ് സ്കൂളിലേക്ക് പോകാനുള്ള വഴി….

ബാഗുമെടുത്തു വീട്ടിൽ നിന്നിറങ്ങി കൂടെ വരാൻ തൊട്ടടുത്തുള്ള അച്ഛന്റെ മറ്റു ചേട്ടന്മാരുടെ മക്കളും അയല്പക്കത്തെ
പിള്ളേരൊക്കെയായിട്ട് കുറച്ചു പേരുണ്ട്…

മൂത്ത ചേട്ടന്റെ വീടിന് മുൻപിൽ കുട്ടികളുടെ പട എത്തിയതും മൂത്ത ചേട്ടന്റെ ഭാര്യ ഞങ്ങളോട് പറഞ്ഞു ..

ദേ പിള്ളേരെ!!!!സ്കൂളിൽ പോകുന്ന വഴി വീടിന്റെ ഭിത്തിയിൽ ചെളി തെറിപ്പിച്ചു വൃത്തികേടാക്കരുത് പുതുതായി പെയിന്റ് ചെയ്തിട്ടേ ഉള്ളു… ഞാൻ നോക്കി ശരിയാണ് നല്ല വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്….

ഇതൊക്കെ ആരു വൃത്തികേടാക്കാൻ ഇങ്ങനത്തെ വൃത്തികെട്ട പണിയൊക്കെ ചെയ്യുന്ന പിള്ളേർക്കിട്ട് നല്ല തല്ല് വെച്ചു കൊടുക്കണം….

അതതങ്ങനെ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു സ്കൂൾ വിട്ടു വരുന്ന വഴി മഴ പെയ്യാൻ തുടങ്ങി കുട എടുത്തിട്ടില്ല..

മഴ നനഞ്ഞു ചെന്നാൽ കുട എടുക്കാത്തതിന് നല്ല അടികിട്ടും ഇന്നത്തെ പോലെ അല്ല അന്ന് എന്തിന്റെ കൂടെയും ഒരടി!! അത് ഉറപ്പാണ് വീണാൽ അടി, മാർക്ക്‌ കുറഞ്ഞാൽ അടി..

എന്തിനേറെ പറയുന്നു കൂടെ നടക്കുന്ന അനിയൻ വീണാൽ പോലും കൊച്ചിനെ നോക്കാഞ്ഞിട്ടല്ലേ എന്ന് പറഞ്ഞു അടി കിട്ടും….

മഴ വരുന്നതും ഓടാൻ തുടങ്ങി ഓടിയോടി മൂത്ത ചേട്ടന്റെ വീടിനടുത്തു എത്തിയതും പെരു മഴയായി… തല്ക്കാലം അവരറിയാതെ വീടിന്റെ പുറത്തു നിന്നു…

മഴ കഴിയുമ്പോൾ പോകാം…. പക്ഷേ മഴ കുറയാതെ ആർത്തു പെയ്യുകയാണ്…

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ രണ്ടാമത്തെ ചേട്ടൻ ആ വഴി വന്നു വീടിന്റെ സൈഡിൽ നിൽക്കുന്ന എന്നോട് എന്താണിവിടെ നിൽക്കുന്നതെന്ന് ചോദിച്ചു ഞാൻ കാര്യം പറഞ്ഞു മഴ തോരാൻ നിൽക്കുകയാണെന്ന് പറഞ്ഞു…

പുള്ളി പോയതും ഞാനവിടെ ഉള്ള ഒരു ചെറിയ നടയിൽ ഇരുന്നു മഴ പെയ്തു കൊണ്ടേയിരുന്നു…

അപ്പോഴാണ് തൊട്ടടുത്തു ഒരു കരിക്കട്ട കണ്ടത് ഞാനത് പതുക്കെ കയ്യിൽ എടുത്തു പിന്നീട് ഒന്നും ഓർക്കാതെ ആ ഭിത്തിയിൽ” അവറാച്ഛൻ ” എന്ന് അല്പം വലുപ്പത്തിൽ തന്നെ എഴുതി വെച്ചു.

അത് അച്ഛന്റെ രണ്ടാമത്തെ ചേട്ടന്റെ പേരാണ് എന്റെ തൊട്ടു മുൻപിലൂടെ അല്പം മുൻപ് അച്ചാച്ചൻ ( ഞാൻ വിളിക്കുന്ന പേര് )നടന്നു പോയതു കൊണ്ടാവാം പുള്ളിയുടെ പേരാണ് പെട്ടന്ന് വന്നത്..

പിന്നെ എഴുതിയതിനു ഒരു ഡെക്കറേഷൻ വട്ടം പൂവ് ഒക്കെ ഇട്ടു കൊടുത്തു ബോറടി മാറ്റി … അല്ലാതെ പെരു മഴയത്തു മറ്റെന്തു ചെയ്യാൻ?…

മഴ ചെറുതായി കുറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഒരോട്ടം വെച്ചു കൊടുത്തു…..

പിറ്റേന്ന് പതിവ് പോലെ സംസ്‌കൃതം വാർത്ത കഴിഞ്ഞു എഴുന്നേറ്റ് വരുമ്പോൾ വലിയ വഴക്ക് കേൾക്കാം

ഞാൻ അമ്മയോട് ചോദിച്ചു എന്താ സംഭവം??

ആ എനിക്കറിയാന്മേലാ… വല്ല്യാച്ഛന്റെ വീടിന്റെ ഭിത്തിയിൽ ആരോ കരി കൊണ്ട് വരച്ചു വൃത്തികേടാക്കി ഇട്ടിരിക്കുന്നു പോലും…

രണ്ടാമത്തെ ചേട്ടന്റെ പേരും എഴുതി വെച്ചിട്ടുണ്ട്.. അവിടുത്തെ പിള്ളേരാണെന്നാണ് (അവരറാച്ഛൻ ചാച്ചന്റെ )പറഞ്ഞു അവര് ചേച്ചിമാരു തമ്മിൽ
തർക്കത്തിലാണ്….

ഞാൻ താഴേക്ക് നോക്കി…. ശരിയാണ് അച്ചാച്ചന്റെ വീട്ടിൽ പിള്ളേര് തല്ല് കിട്ടി കരഞ്ഞു പറയുന്നുണ്ട് ഞങ്ങൾ വരച്ചിട്ടില്ല എന്ന്….

ഞാൻ അമ്മയെ നോക്കി പുതുതായി പെയിന്റ് ചെയ്ത വീടാണ് പിള്ളേരിങ്ങനത്തെ പണിയൊക്കെ ചെയ്താൽ എന്തു ചെയ്യും എന്ന് ആത്മഗതം ചെയ്യുന്നുണ്ട്…

ഒന്നും മിണ്ടാതെ ഞാൻ ചൂലെടുത്തു മുറ്റം തൂക്കാൻ തുടങ്ങി അല്ലേലും ചില സമയത്ത് സത്യം പറയുന്നതു ആരോഗ്യത്തിന് നല്ലതല്ല എന്ന തിരിച്ചറിവ് ചെറുപ്പത്തിലേ ഉണ്ടായിരുന്നു…..

രണ്ടു ദിവസം കഴിഞ്ഞു ഒരു ദിവസം ഞാൻ അച്ചാച്ചന്റെ വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടുത്തെ മൂത്ത ചേട്ടായി എന്നെ വിളിച്ചു….

ലിൻസി ഇങ്ങോട്ട് വാ…

എന്താ കുഞ്ഞാഞ്ഞേ??

ഞാൻ ചോദിച്ചു….

അല്ല നീ ഇതിലൊന്ന് “വ ” എന്ന് ഒന്നെഴുതിക്കെ

എന്തിനാ…?

അതൊക്കെ പറയാം നീ എഴുത്….

ശെടാ ഇതെന്തിനാ??? ഇനി ഞാൻ പഠിക്കുന്ന കുട്ടിയാണോ എന്ന് ടെസ്റ്റ്‌ ചെയ്യാൻ ആണോ…..

എന്നാലും ഈ” വ ” മാത്രം എഴുതിക്കുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല…. എന്തായാലും അവര് തന്ന പേപ്പറിൽ ഞാൻ നല്ല വൃത്തിയിൽ ലക്ഷണം ഒത്ത ഒരു വ എഴുതി…

എഴുതി കഴിഞ്ഞതും അവർ പറഞ്ഞു അപ്പോൾ ഇവളും അല്ല!!! അപ്പോൾ പ്രതീഷ്!!! തന്നെ.. അവന്റെ വ മാത്രം പ പോലെയാണ് എഴുതിയെ…

എന്താ സംഭവം ഞാൻ ചോദിച്ചു…..

അതേയ് ഞങ്ങളുടെ അച്ഛന്റെ പേര് ആരോ ചാച്ചന്റെ വീടിന്റെ ഭിത്തിയിൽ കരി കൊണ്ട് എഴുതി വെച്ചിരിക്കുന്നു…
അതിന്റെ പേരിൽ ഞങ്ങൾക്ക് തല്ല് കിട്ടി…. പക്ഷേ ഞങ്ങളാരും അങ്ങനെ എഴുതീട്ടില്ല….

പക്ഷെ എഴുതിയ ആൾ അവരറാച്ചൻ എന്നെഴുതിയതിലെ “വ ” പ പോലെയാണ് എഴുതിയിരിക്കുന്നത്…

ഇവിടെയുള്ള എല്ലാ കുട്ടികളെ കൊണ്ടും ഞങ്ങൾ വ എഴുതിച്ചു പ്രതീഷ് ( മൂന്നാമത്തെ ചാച്ചന്റെ മോൻ ) മാത്രമാണ് “വ ” “പ ” പോലെ എഴുതിയത്….

( പുള്ളി അല്പം പഠനത്തിൽ പിന്നോട്ടായിരുന്നു )ഇതെഴുതിയത് അവൻ തന്നെ!!!! ഷെർലക് ഹോംസിനെ പോലെ കുഞ്ഞാഞ്ഞ പറഞ്ഞു നിർത്തി…..

പിന്നെ ഞാനവിടെ നിന്നില്ല ഓരോട്ടമായിരുന്നു വീട്ടിലേക്ക്….

കുറച്ചു കഴിഞ്ഞപ്പോൾ കിണറ്റിന്റെ കരയിൽ നിന്ന് വലിയ വഴക്ക് കേട്ടു…

മൂന്നാമത്തെ ചാച്ചന്റെ ഭാര്യയും രണ്ടാമത്തെ ചാച്ചന്റെ ഭാര്യയും തമ്മിലാണെന്ന് പിന്നീട് അമ്മ പറഞ്ഞു …. വിഷയം ഇതു തന്നെ കരികൊണ്ടെഴുതിയ ” അവറാച്ചൻ ”

സ്വന്തം അപ്പന്റെ പേരെഴുതി വെക്കാൻ പിള്ളേരോട് പറഞ്ഞു കൊടുക്കാൻ പറഞ്ഞു കൊണ്ടാണത്രെ വഴക്ക് തുടങ്ങിയത്….

ഞാനൊന്നും മിണ്ടിയില്ല…

ഇതിവിടം കൊണ്ടെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു ദൈവമേ എന്നൊരു നിലവിളി മാത്രം തൊണ്ടയിൽ കുടുങ്ങി കിടന്നു…. പിന്നീടൊരിക്കലും ഞാൻ ” വ ” പ പോലെ എഴുതിയിട്ടില്ല….

Leave a Reply

Your email address will not be published. Required fields are marked *