എന്റെ മീനൂ ചിലർക്ക് ശരീരമാണ് വേണ്ടത്, മറ്റ് ചിലർക്ക് പണം എന്തായാലും സ്നേഹം കൊണ്ട് അവർ..

(രചന: Jamsheer Paravetty)

“എന്നെ വിട്ടേക്ക്..മാഷേ..”

“ഏയ് ഞാൻ കാര്യമായിട്ട് പറഞ്ഞതാടോ”..

“ഈ കോവിലിൽ തൽക്കാലം ദേവൻമാർ വേണ്ട..”

“എന്നാലാ നടവാതിലിങ്ങനെ തുറന്നിടാതിരുന്നൂടെ..”

“ഒന്ന് ചിരിച്ചാലോ മിണ്ടിയാലോ കാട് കയറി ചിന്തിക്കുന്ന നിങ്ങളുടെ മനസ്സാണ് അടച്ചിടേണ്ടത്..”

“ഇല്ല.. ഞാൻ കാട് കയറുന്നില്ല.. പക്ഷേ.. ഇഷ്ടമുള്ള ദേവിയെ ആരാധിക്കുന്നതിന് വല്ല കുഴപ്പോണ്ടോ..”

മീനു ഒന്നും മറുപടി പറഞ്ഞില്ല..
ഒരുപാട് നാളായി ഇവൻ തന്നെ പിന്തുടരുന്നു..
രാവിലെയും വൈകിട്ടുമുള്ള മെട്രോയിലെ യാത്രകൾ പലപ്പോഴും സഹയാത്രികനായി അടുത്ത് എവിടെയെങ്കിലും അവനുമുണ്ടാകും..

വൈശാഖ്.. ജെപി ആന്റ് കമ്പനിയിൽ ജോലിചെയ്യുന്ന ഈരാറ്റുപേട്ടക്കാരൻ
എപ്പോഴാണ് തന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് കുടിയേറ്റം നടത്തിയതെന്ന് മീനുവിന് പോലുമറിയില്ല..

പിന്നെ പിന്നെ.. ജോലിയുടെ മുശിപ്പും ടെൻഷനും മാറുന്ന ഒരിടമായി ബാംഗ്ലൂരിന്റെ സ്വന്തം നമ്മ മെട്രോ..

വീടും വീട്ടുകാരും വിശേഷങ്ങളും പരസ്പരം പങ്കു വെച്ചു..

മീനുവിന്റെ ഒറ്റപ്പെടലിന്റെ തുരുത്തിൽ വൈശാഖിന്റെ സാമീപ്യവും സാന്ത്വനവും ആശ്വാസത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു..
സന്തോഷങ്ങളെ പോലെ ദുഃഖങ്ങളും പരസ്പരം പങ്കു വെച്ചു..

ഒരിക്കൽ പോലും തന്റെ ശരീരം വൈശാഖ് ആഗ്രഹിക്കുന്നില്ല.. പകരം തന്റെ സ്നേഹവും സാമീപ്യവും അവൻ വല്ലാതെ കൊതിക്കുന്നുണ്ട് താനും.. അത് മീനുവിനെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു..

അമ്മയുടെ മരണശേഷം അവളുടെ കാര്യങ്ങളിൽ അച്ഛൻ കൂടുതൽ ശ്രദ്ധ വെക്കുന്നുണ്ട്..
മീനുവിന്റെ ഏറ്റവും നല്ല സുഹൃത്ത് ഇന്നും അച്ഛൻ തന്നെയാണ്…ഓരോ രാത്രിയും ഒരുപാട് വിശേഷങ്ങൾ പങ്കു വെക്കും..
വൈശാഖും അവന്റെ സ്നേഹവും എന്ത് കൊണ്ടോ അച്ഛനും എതിർത്തില്ല..

മീനുവിന്റെ മനസ്സ് പോലെ കോടമഞ്ഞിൽ പൊതിഞ്ഞു നിന്ന താമരശ്ശേരി ചുരത്തിലൂടെ വളരെ പതുക്കെയാണ് ഹരീന്ദ്രൻ കാറോടിച്ചത്..

“എത്രയെത്ര നല്ല ആലോചനകൾ വന്നതാണ്…
എന്ത് ചെയ്യാനാണ്., അനുഭവിക്കുക തന്നെ”
“അവൾക്കറിയാമായിരുന്നോ അവൻ ചതിക്കുമെന്ന്…”

“പിന്നെ… അറിയണ്ടേ.. പ്രണയിക്കാൻ പോകുമ്പോൾ അതൊക്കെ നോക്കണം…”

“എടീ മണ്ടീ.. അതൊന്നും നോക്കിയല്ല ആരും പ്രണയിക്കുന്നത്..”

“ആ.. ഞാൻ മണ്ടി.. നിങ്ങളുടെ മോൾക്കൊരു കുഴപ്പവുമില്ല..”

“എടീ.. ആരെങ്കിലും ആദ്യം തന്നെ നീ ചതിക്കുമോ എന്ന് ചോദിച്ചാണോ പരസ്പരം ഇഷ്ടപ്പെടുന്നത്..”

“അച്ഛാ… ആന്റി പറഞ്ഞോട്ടെ… എല്ലാം എന്റെ മാത്രം തെറ്റാണ്… ഞാൻ സമ്മതിച്ചു…”

“കണ്ണിൽ കണ്ടവർക്ക് ലക്ഷങ്ങൾ എടുത്തു കൊടുത്തപ്പോഴെങ്കിലും ഓർക്കണമായിരുന്നു…”

“ഞാനെന്റെയമ്മയുടെ പണമാണ് കൊടുത്തത്..”

“ആ.. അവസാനം തെണ്ടി നടക്കുന്നത് കാണാല്ലോ..”

“എന്റെ മാലിനീ.. നീ ഒന്ന് മിണ്ടാതിരിക്കെടീ.. പ്ളീസ്..”

മീനുവിന്റെ അമ്മ മരിച്ചപ്പോൾ കല്യാണം കഴിച്ചതാണ് മാലിനിയെ.. അകന്ന ബന്ധത്തിൽ ഉള്ളതാണ്.. ഹരീന്ദ്രന് ബാംഗ്ലൂരിൽ സെറ്റിലായതോടെ വീട്ടിൽ ആള് നിർബന്ധമായിരുന്നു…

“ആ അനൂപിനെ ഒന്ന് കൂടി വിളിച്ചു നോക്കച്ഛാ…”

“കാരശ്ശേരി ജംഗ്ഷനിൽ ഉണ്ടാവും മോളേ അവൻ..”

“അങ്ങോട്ടിനിയും ഒരുപാട് ദൂരമുണ്ടോ..”

“ഇല്ല.. പത്തിരുപത് കിലോമീറ്റർ കാണും..”
വയനാട് എംപിയുടെ ഓഫീസിന് മുന്നിൽ നിന്ന് അനൂപും കയറി.

മീനുവിന് വലിയ ആശ്വാസമായി അവന്റെ സാമീപ്യം. അനൂപും ബാംഗ്ലൂരിൽ ഒരുമിച്ച് ഉണ്ടായിരുന്നു.. വൈശാഖിന്റെ കൂടെ..
പലപ്പോഴും അവരൊരുമിച്ച് മെട്രോയിൽ ഉണ്ടാവും…

“അനൂപ് പോയിട്ടുണ്ടോ വൈശാഖിന്റെ വീട്ടിൽ..”
“ഇല്ല.. അങ്കിൾ.. പൂഞ്ഞാർ റോഡിൽ കിഴക്കേക്കരയാണ് വീട് എന്ന് മാത്രമറിയാം..”
ഈരാറ്റുപേട്ടക്ക് ഏകദേശം മുന്നൂറ് കിലോമീറ്റർ ദൂരമുണ്ട് ഇനിയും…

സമയം പന്ത്രണ്ടു മണിയായി… അവിടെ എത്തുമ്പോൾ എന്തായാലും രാത്രിയാവും..
ഇന്ന് നമുക്കെല്ലാവർക്കും വല്ലപ്പുഴയിൽ മാലിനിയുടെ വീട്ടിൽ തങ്ങാം.
നാളെ അതിരാവിലെ തന്നെ പോവാം അവിടേക്ക്..

യാത്രയിൽ പലവട്ടം വിളിച്ചു നോക്കി വൈശാഖിന്റെ നമ്പറിൽ.
ഫോൺ സ്വിച്ച് ഓഫ് തന്നെ..
ഫേസ്ബുക്കിലോ വാട്സാപ്പിലോ ഒന്നും വൈശാഖ് പിന്നെ വന്നിട്ടേയില്ല…

അന്ന് പണവുമായി പോകുന്നത് വൈകിട്ട് ഏകദേശം അഞ്ചു മണിക്കാണ്…
പിന്നെ ആകെ വന്നത് ഞാൻ നാട്ടിൽ പോവുന്നു എന്നൊരു മെസേജ് മാത്രം..

വൈശാഖിന് എമർജൻസി ഒരു പത്തു ലക്ഷം രൂപ വേണമെന്ന് പറഞ്ഞപ്പോൾ എല്ലാം തുറന്നു പറയാറുള്ള അച്ഛനോട് തന്നെ പറഞ്ഞു..

“മോളേ… നിനക്ക് വിശ്വാസമുണ്ട് എങ്കിൽ കൊടുത്തോളൂ.. പിന്നെ. പണം ആവശ്യത്തിനുള്ളതാണ്… അത് ആര് ഉപയോഗിച്ചാലും…”

അന്ന് എന്നത്തേയും പോലെ കണ്ടപ്പോൾ ആകെ തളർന്ന വൈശാഖിന്റെ മുഖം വല്ലാതെ വേദനിപ്പിച്ചു.. ഒരുപാട് ചോദിച്ചതിന് ശേഷമാണ് ഒരു പത്തു ലക്ഷം രൂപയുടെ പ്രശ്നമുണ്ടെന്നവൻ പറഞ്ഞത് തന്നെ…

അന്ന് താനാ പണം നൽകിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… നന്ദി പറയാൻ വാക്കുകളില്ലാതെ അവൻ പരുങ്ങിയപ്പോൾ അവനോടു ചേർന്ന് നിന്ന് സമാധാനിപ്പിച്ചത് അവൻ നിറഞ്ഞ കണ്ണുകളോടെ സ്വീകരിച്ചു…

പിന്നെ…പലരോടും അന്വേഷിച്ചു വൈശാഖിനെ.. ആർക്കും കൂടുതൽ ഒന്നും അറിയില്ല..
കാണുമ്പോൾ ഉള്ള സൗഹൃദം മാത്രം…

“പറ്റിക്കൽ ടീമുകൾക്ക് ശരിക്കും അഭിനയിക്കാൻ അറിയും..”

പണം കൊടുത്തത് അറിഞ്ഞപ്പോൾ പലരും പറഞ്ഞു..

“എന്റെ വൈശാഖ് അങ്ങനെയല്ല..”
“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ…”

വൈശാഖ് തന്നെ പറ്റിക്കാൻ വേണ്ടി അഭിനയിച്ചതാണ് തന്നോടുള്ള സ്നേഹമെന്ന് ഒരിക്കലും മീനു കുരുതുന്നില്ല..

“എന്റെ മീനൂ.. ചിലർക്ക് ശരീരമാണ് വേണ്ടത്.. മറ്റ് ചിലർക്ക് പണം.. എന്തായാലും സ്നേഹം കൊണ്ട് അവർ കീഴ്പ്പെടുത്തും… ഞാനിതൊക്കെ എത്ര കണ്ടതാ…”

കൂടെ ജോലി ചെയ്യുന്ന ഹേമേച്ചി പറയും..
“ഈ ബാംഗ്ലൂർ നഗരത്തിൽ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവർ ഏറ്റവും കൂടുതൽ മലയാളികൾ തന്നെയാണ്..”

“ഒടുവിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുറത്ത് പറയാൻ പോലും പറ്റാത്ത അവസ്ഥയാകും…”

“എന്റെ വൈശാഖ് അങ്ങനെയല്ല..”

അങ്ങനെ പറയുമ്പോഴും മനസിൽ എവിടെയോ ഒരു വിങ്ങൽ

“അച്ഛാ.. പ്ളീസ്..”

“വേണ്ട മോളേ.. പണം മാത്രമല്ലേ പോയത്.. അത് പോവട്ടെ..”

“അല്ലച്ചാ.. എനിക്കറിയണം വൈശാഖിന് എന്ത് പറ്റിയെന്ന്.. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ നീറി നീറി കഴിയേണ്ടി വരും..”

ഒടുവിൽ മീനുവിന്റെ നിർബന്ധത്തിൽ ഹരീന്ദ്രൻ വൈശാഖിനെ തേടി ഇറങ്ങി.. മാലിനിയും മീനുവും കൂടെ വന്നു…
അങ്ങനെ തുടങ്ങിയ യാത്രയിലാണവർ….

ഉച്ചയോടെ ഈരാറ്റുപേട്ടയിൽ എത്തിയിരുന്നു..
കണ്ടത്തിൽ ഹാർഡ് വേർസിന്റെ മുന്നിൽ വണ്ടി നിർത്തി.. വൈശാഖിന്റെ സ്ഥലം ഏകദേശം ചോദിച്ചു മനസ്സിലാക്കി ഒടുവിൽ ഒരു വിധം വൈശാഖിന്റെ വീട് കണ്ടെത്തി.

വാതിൽ തുറന്നു വന്നത് വൈശാഖിന്റെ അമ്മയാണെന്ന് മനസിലായി.. പലപ്പോഴും ഫോട്ടോ കണ്ടിരുന്നു വൈശാഖിന്റെ മൊബൈലിൽ. ഒരു നിമിഷം ആഗതരെ സൂക്ഷിച്ചു നോക്കി അവർ..

“ആരാ.. മനസിലായില്ല..”

“വൈശാഖിന്റെ ഫ്രണ്ട്സാണ്..”

“ഓഹ് കയറി ഇരിക്കൂ..”
അവർ അകത്തേക്ക് തന്നെ പോയി..
സിറ്റൗട്ടിൽ ഇരുന്നു അവർ.

“വൈശാഖിനെ വിളിച്ചു വരാനാവും പോയത്”

“ആ.. ഇവിടെ ഉണ്ടായാൽ മതിയായിരുന്നു..”

“അകത്തേക്ക് വരൂ..”

“വൈശാഖെവിടിയാ..”

അടുക്കളയോട് ചേർന്ന മുറിയുടെ അകത്തേക്ക് ചൂണ്ടിക്കാട്ടി..

ഒരു മനുഷ്യ കോലം കട്ടിലിൽ കിടക്കുന്നു..
രണ്ട് മൂന്ന് നിമിഷങ്ങൾ വേണ്ടി വന്നു മീനുവിന് അത് വൈശാഖാണ് എന്ന് മനസ്സിലാക്കാൻ..
നിർജീവമായ പാതി തുറന്ന കണ്ണുകൾ.. തുറന്നു കിടക്കുന്ന വായ.. വരണ്ട ചുണ്ടുകൾക്ക് താഴെ മഞ്ഞക്കളർ പല്ലുകൾ…

ചങ്കിന് താഴെ ഭക്ഷണം കഴിക്കാനും ശ്വാസം എടുക്കാനും പൈപ്പുകൾ… എല്ലുന്തിയ നെഞ്ചിന് മേലെയും എന്തൊക്കെയോ വയറുകൾ…

“ഈശ്വരാ… എന്റെ വൈശാഖ്..”
കരയുന്ന മീനുവിനെ അൽഭുതത്തോടെ നോക്കി വൈശാഖിന്റെ അമ്മ ജയശ്രീ…

“മീനുവാണോ… മോളേ നീ..”

“അതേ.. എന്നെ എങ്ങനെ അറിയാം അമ്മയ്ക്ക്..”

“മോളേ… ബാംഗ്ലൂരിൽ നിന്ന് എല്ലാം അവൻ വിളിച്ചു പറയും.. നിന്നെ ആദ്യമായി കണ്ടത് മുതൽ.. നീ അവന് പത്തു ലക്ഷം രൂപ കൊടുത്തത് വരേയും… അവൻ പറഞ്ഞു..”

“എന്റീശ്വരാ… എന്താണമ്മേ വൈശാഖ് പറയാറ്..”

“നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. മോളേ അവന്..”
മീനു മുഖം പൊത്തി കരഞ്ഞു..

“വൈശാഖിന് എന്താണ് പറ്റിയത്”

ഹരീന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയാൻ കുറച്ചു സമയം എടുത്തു ജയശ്രീ..

വൈശാഖിന്റെ അച്ഛന്റെ ചികിത്സക്ക് വേണ്ടിയും അല്ലാതെയും പലപ്പോഴായി വർഗീസിന്റെ അടുത്ത് നിന്നും പണം കടം വാങ്ങി..
ഒടുവിൽ ആധാരം പണയം വെച്ചാണ് പണം തന്നത്..

ചികിത്സക്കിടയിൽ അച്ഛൻ മരിച്ചു.. ഒടുവിൽ വൈശാഖിന്റെ ശമ്പളം ഏകദേശം മുഴുവൻ മാസാമാസം നൽകിയിരുന്നു…
വാങ്ങിയ പണം ഏതാണ്ട് തിരികെ നൽകിയതാണ്..

പക്ഷേ ഒന്നിനും കണക്കില്ല..
ഇത് വരേയും ഒന്നും തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് ടൗണിൽ വെച്ച് ഒരുപാട് വഴക്ക് പറഞ്ഞു… പിന്നെ വീട്ടിൽ നിന്നും ഇറക്കാൻ വന്നു.. ആ വർഗീസ്

നാട്ടുകാരുടെ മധ്യസ്ഥതയിൽ പത്തു ലക്ഷം രൂപ നൽകാൻ സമ്മതിക്കേണ്ടി വന്നു…

വീട് പഴയതാണെങ്കിലും ഒരേക്കറോളം പുരയിടവും അച്ഛൻ ഉറങ്ങുന്ന മണ്ണും വെറുതെ വിട്ടു കളയരുതെന്ന് വൈശാഖും പറഞ്ഞു..
ആധാരം ലഭിച്ചതിന് ശേഷം ഏതെങ്കിലും ബാങ്കിൽ നിന്ന് ലോണെടുത്ത് മീനൂന്റെ കടം വീട്ടാനായിരുന്നു മോന്റെ പ്ളാൻ…

“എന്നിട്ട്..”

“വൈശാഖ് ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ കയറിയത് വിളിച്ചു പറഞ്ഞിരുന്നു..”

“പിന്നെ”

“പിന്നെ ഹൊസൂര് എന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിൽ വീണ് കിടക്കുന്നത് കണ്ട് ആരോ ആശുപത്രിയിൽ ആക്കി…”

“ഈശ്വരാ.. എന്നിട്ട്”

“വിവരം അറിഞ്ഞ് നാട്ടുകാരെല്ലാവരൂം കൂടി ഇവിടേക്ക് കൊണ്ട് വരുമ്പോൾ ദേ.. ഈ ശരീരം മാത്രമായിരുന്നു..”

“അവന്റെ കൈയ്യിൽ പണമുണ്ട് എന്നറിയുന്ന ആരോ കൊള്ളയടിച്ചതാണ് ന്റെ പൊന്നു മോനെ..”

“തലയിടിച്ചാണ് വീണതെത്രെ.. വേറെ എവിടെയും ഒരു പരിക്കുമില്ല.. തലയ്ക്ക് പിറകിൽ ഒരു മുറിവ് മാത്രം..”

“ഡോക്ടർമാർ എന്താണ് പറഞ്ഞത്”

“ഈശ്വരനോട് പ്രാർത്ഥിക്കാൻ പറഞ്ഞു…”

ഉതിർന്നു വീണ കണ്ണീർ തുള്ളികൾ ആ അമ്മ മനസിന്റെ മുഴുവൻ വേദനയും പറയുന്നുണ്ടായിരുന്നു….

“മീനൂ…. ഇനിയും വരാറായില്ലേ.. നിങ്ങൾക്ക്”

“ഓഹ്.. കഴിഞ്ഞു… ദാ വരുന്നു..”

“എന്റെ മീനൂ.. ഇവൻ കാറുന്നുണ്ട്.. വേഗം വാ..”

“ഒരു പത്തു മിനിറ്റ് മോനെ നോക്കുമ്പോഴേക്കും അവൻ കുഴങ്ങും… നമ്മള് നേരം വെളുത്തു അന്തിയാകും വരേയും നോക്കുന്നതല്ലേ..”
മീനു ചിരിച്ചു..

രണ്ടു പേരും പോയാൽ പിന്നെ അമ്മയാണ് മോനെ നോക്കുന്നത് മുഴുവൻ..

“ഈ ഏട്ടൻ അങ്ങനെ തന്നെയാണമ്മേ…”

“അവൻ മാത്രമല്ല മോളേ ഈ ആണുങ്ങളൊക്കെ അങ്ങനെ തന്നെയാണ്.. ഭാര്യമാരുടെ ഒക്കത്തിരുത്തി കളിപ്പിക്കാൻ വല്യ മിടുക്കൻമാര്… ഒറ്റയ്ക്ക് ഒരഞ്ചു മിനിറ്റ് കൊച്ചിനെ നോക്കാൻ പറഞ്ഞാൽ അവർക്ക് പറ്റില്ല…”

അവർ രണ്ടുപേരും ചിരിച്ചു.

ഒരുപാട് കാലങ്ങൾക്ക് ശേഷം മീനുവിന്റെ അച്ഛനും ആന്റിയും വരാണ്… അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട പത്തിരിയും കോഴിക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുറച്ചു മീനും കൂടി കുടംപുളിയിട്ട് വെക്കാമെന്ന് അമ്മയ്ക്ക് തന്നെയായിരുന്നു നിർബന്ധം…

“അവൻ പോയാൽ നല്ലത് കിട്ടൂല.. നീ..വാ മോളേ നമുക്ക് പോയി വരാം..” കാറുമായി ഈരാറ്റുപേട്ടയിൽ എത്തിയതേയുള്ളൂ.. അപ്പോഴേക്കും എത്ര വട്ടം വിളിച്ചു.. അവൻ

മീനുവിനെ തങ്ങൾക്ക് തന്ന ദൈവത്തിനു എത്ര സ്തുതി പറഞ്ഞാലും തീരാത്ത അത്രയും നന്ദിയുണ്ട് ആ അമ്മമനസിന്…

ജീവച്ഛവമായി കിടന്ന തന്റെ മോനെ എറണാകുളത്ത് നല്ല ആശുപത്രിയിൽ ചികിത്സിച്ചു.. വീടിന്റെ കടം വീട്ടി..

അവളുടെ പരിചരണവും പ്രാർത്ഥനയും കൂടി ചേർന്നപ്പോൾ വൈശാഖ് പെട്ടെന്ന് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു… രണ്ട് വർഷം അവന് വേണ്ടി അവളുടെ ഊണും ഉറക്കവും ആരോഗ്യവും അവൾ മാറ്റി വെച്ചു….

അസുഖം ഭേദമായപ്പോൾ
സ്വന്തമായി ഒരു ഐടി കമ്പനി തന്നെ തുടങ്ങി…
അവളുടെ അമ്മ അവൾക്ക് വേണ്ടി മാറ്റി വെച്ച പണം മുഴുവൻ തങ്ങൾക്ക് കൂടി വേണ്ടി ചിലവഴിച്ച എന്റെ പൊന്നു മോൾ… മീനു…
അവർ അഭിമാനത്തോടെ നോക്കി മരുമകളെ…

“എന്റെ വൈശാഖേട്ടാ ഒരെണ്ണം ആയപ്പോ തന്നെ ഇങ്ങനെ… അപ്പോഴിനി നാലും അഞ്ചും ഒക്കെ ആവുമ്പോൾ എന്താ ചെയ്യാ….”

“നാലും അഞ്ചും പത്തുമല്ല… ഒരു സ്കൂൾ തുടങ്ങാനുള്ളത് തന്നെ ആയ്ക്കോട്ടേ….”

കുടുകുടെ ചിരിച്ച് വൈശാഖിന്റെ ഒക്കത്തിരുന്ന് അവനോടൊപ്പം ആ കുഞ്ഞുവാവയും മീനുവിനെ തല്ലാൻ കുഞ്ഞു കൈകൾ നീട്ടി………
തന്നെ കിട്ടില്ലെന്ന പോലെ മീനു ചിരിച്ചു കൊണ്ട് അമ്മയുടെ പിറകിൽ ഒളിച്ചു……

നമ്മുടെ സന്തോഷങ്ങള് നാം സ്വയം കണ്ടെത്തണം.. ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരാം… പക്ഷേ അപ്പോഴും പ്രതീക്ഷകളും സ്വപ്നങ്ങളുമായി കാത്തിരിക്കണം…. നല്ലൊരു നാളേക്കായി…

Leave a Reply

Your email address will not be published.