ഭാര്യയുടെ വാക്കുകൾ കേട്ട് അമ്മച്ചിയെ ഇവിടെ ആക്കാൻ പാടില്ലായിരുന്നു, പപ്പാ ഞാൻ നോക്കിക്കോളാം..

(രചന: Jamsheer Paravetty)

“ഇക്കാ… ഏതോ നമ്പറാണ്..”

“എടുത്തു നോക്കെടീ…”

“ഏതോ പെണ്ണാണ്..”

“ആരാന്ന് ചോദിക്ക്…”

“അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞ് വെച്ച്…”

ഷവറിന്റെ പെയ്ത്തിൽ മുഖത്തെ സോപ്പ് ഒഴുകി പോയ വിടവിലൂടെ മനസിലേക്ക് അതാരാണെന്നറിയാനുള്ള ആധി കയറിക്കൂടി…

കൊട്ടിപ്പിടഞ്ഞ് പുറത്ത് ചാടി..
തല തുവർത്തുന്നതിനിടയിൽ തന്നെ ആ അറിയാത്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

“ഹലോ…” പരമാവധി ശബ്ദം മനോഹരമാക്കി..

“ഹലോ.. ഞാൻ ഷീനയാണ്”

“ഓഹ്..നിങ്ങളായിരുന്നോ.”

ഒരു പത്തു മിനിറ്റ് സംസാരിച്ചു…

ഭാര്യ ആകാംക്ഷയോടെ അത്രയും സമയം കാത്തിരുന്നു..

ആരാണെന്നറിയാനുള്ള അവളുടെ നോട്ടം
“അത് ഷീന..”
“ഷീനയോ എവിടുത്തെ..”

“എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ് പെണ്ണേ….”

എന്തിനാണ് വിളിച്ചതെന്ന് അവളുടെ കണ്ണുകളിൽ വീണ്ടും സംശയം…

“അവരുടെ കോളേജ് ബാച്ചൊരു ഒത്തുകൂടൽ പ്ളാൻ ചെയ്തു..”

“അതിന് നിങ്ങൾക്കെന്ത് കാര്യാള്ളത്”

“അല്ലെടീ.. അവര് ഇവിടെ ആകാശപ്പറവയിലാണ് പരിപാടി പ്ളാൻ ചെയ്യുന്നേ..”

“ഓഹ്.. അങ്ങനെ..”

ഭാര്യയുടെ മുഖത്ത് വീണ്ടും നിലാവുദിച്ചു…

എല്ലാം ഏർപ്പാട് ചെയ്തു..
ഹാളും സമയവും ഭക്ഷണവും..

കുടുംബത്തോടൊപ്പം ആയിരുന്നു കൂടുതൽ ആളുകളും വന്നത്.. അവരെല്ലാവരും കൂടി
നൂറോളം പേര്..വന്നു കൂടെ ഞാനും..

ഷീനയും ഹസ്ബന്റും മകൾ സാന്ദ്രയും..
ഭർത്താവിനോടൊപ്പം കൂടെയുള്ളവർക്കും എന്നെ പരിചയപ്പെടുത്തി..

കാത് കുത്താതെ മുടി തോളോടൊപ്പം വെട്ടിയൊതുക്കി ജീൻസും ടീഷർട്ടും ധരിച്ച സെലിൻ..

എന്റെ നോട്ടം അവളിൽ തന്നെ ആയത് കൊണ്ടാവാം ഷീനയുടെ കമന്റ് വന്നു..
“കൂട്ടത്തിൽ അവള് മാത്രേ കെട്ടാനുള്ളൂ… ഒരു കൈനോക്കണോ…മാഷേ”

എല്ലാവരോടുമൊപ്പം ഞാനും സെലിനും ചിരിച്ചു…

പരിചയപ്പെട്ടത് മുതൽ സാന്ദ്രമോൾ എന്റെ കൂടെ തന്നെ.. പലപ്പോഴും സെലിനും ഞങ്ങളോടൊപ്പം കൂടി..

ആദ്യം എല്ലാവരും കൂടി കോൺവെന്റ് നടന്നു കാണാൻ തീരുമാനിച്ചു… ഓരോ അന്തേവാസികളേയും പരിചയപ്പെട്ടു.. അവരോട് സംസാരിക്കുന്നത് ഏതോ പുണ്യം ചെയ്യുന്ന പോലെ.. അവർക്ക്.. അത്രമേൽ അവർ ആസ്വദിക്കുന്നു..

സെലിന്റെ മുഖം എന്തോ ഒരു വല്ലായ്മ പോലെ…

“സെലിൻ.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…”

“ഏയ് ഇല്ല..”

“ഉണ്ടെങ്കിൽ പറയണം.. എന്റെ വീട്
തൊട്ടടുത്താ…”

“ഓഹ് തീർച്ചയായും..”

വിത്യസ്തമായ ഒരുപാട് ആളുകൾ..
പ്രായമുള്ളവരും.. മാനസിക വളർച്ച ഇല്ലാത്തവരും… അങ്ങനെ…

പലരേയും റോഡിൽ അലഞ്ഞു നടക്കുന്നത് കണ്ട് ആരെങ്കിലും ഇവിടെ കൊണ്ട് വന്നാക്കിയതാണ്..
പക്ഷേ അതിനിടയിലും എല്ലാവരും ഉണ്ടായിട്ടും അനാഥരായി കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരും..

കുഞ്ഞു മക്കളെ കണ്ട അവരുടെ സന്തോഷം..
നാടും നഗരവും വിട്ട് ഈ കോൺവെന്റിന്റെ നാലതർത്തിക്കുള്ളിൽ ജീവിതം ഒതുങ്ങിയതിന്റെ വേദന ഓരോ മുഖത്തും പ്രകടം…

പലരും നാട്ടിലെ പ്രമാണിയായിരുന്നിരിക്കാം…
മക്കൾക്കും മരുമക്കൾക്കും ഭാരമായപ്പോൾ ഇവിടെ എത്തപ്പെട്ടതാവം… വല്ലപ്പോഴും അപൂർവം ഇത് പോലെ ഒത്തുകൂടലുകളിൽ അവരും ജീവിതം ആസ്വദിക്കുകയാണ്..

ഇത് പോലുള്ള സ്ഥലങ്ങളിൽ ഒത്തുകൂടുമ്പോൾ എല്ലാവരെയും കാണാം എന്നതിലുപരി നമ്മുടെ മക്കൾക്ക് മറ്റുള്ളവരുടെ ജീവിതം കൂടി മനസിലാക്കാൻ കഴിയും…

എന്നും കാണുന്ന കാഴ്ചകളിൽ നിന്ന് മാറി പുതിയ മുഖങ്ങളും ആളുകളും… കളിചിരികളിൽ അവരുടെ സങ്കടങ്ങൾ പെയ്തു തീരുന്ന പോലെ…..

ആദ്യം കണ്ടതിനേക്കാൾ തെളിച്ചം ഓരോ മുഖങ്ങളിലും…

ഒരെഴുപത് വയസ്സെങ്കിലും തോന്നിക്കുന്ന ആ വല്യപ്പൻ സെലിന്റെ കൈയ്യിൽ പിടിച്ച് മോളേ കാണാൻ നല്ല ചേലുണ്ട് എന്ന് പറഞ്ഞതിന് ശേഷം പിന്നെ സെലിൻ ആകെ മൂഡ് ഓഫ് ആണ്..

ഞാനും സാന്ദ്ര മോളും പരമാവധി ശ്രമിച്ചു.. പക്ഷേ സെലിൻ ഫുൾ ടെൻഷൻ.. ചെറിയ രീതിയിൽ കലാപരിപാടികൾ അരങ്ങേറി… ശേഷം ഭക്ഷണം കഴിച്ചു.. എല്ലാവരും ഒരുമിച്ച്..

സെലിനെ ശ്രദ്ധിക്കുക യായിരുന്നു
അവളൊന്നും കഴിക്കുന്നില്ല… അപ്പോഴേക്കും എന്റെ വീട് കാണാൻ വരുന്നവരുടെ എണ്ണം കൂടിയിരുന്നു…

ഭാര്യയോട് വിളിച്ചു പറഞ്ഞു.. ഒരു പത്തിരുപത് ആളുകൾ ഉണ്ടാവുമെന്ന്.. പെട്ടെന്ന് കയറി ചെല്ലുമ്പോൾ അവൾക്കൊരു ബുദ്ധിമുട്ടാവേണ്ട..

സെലിൻ അടുത്തേക്ക് വന്നു…

“ഇക്കാ.. ഈ ഹിമ ഇവിടെ അടുത്താണോ..”

“ഓഹ്.. ഒരു ഇരുപത് കിലോമീറ്റർ ദൂരം..”

“ബുദ്ധിമുട്ടാവില്ലെങ്കിൽ നമുക്കൊന്ന് പോയാലോ അവിടെ..”

“ഓഹ് പോവാം..”

ഷീനയും ഫാമിലിയും കൂടി വരാമെന്ന് പറഞ്ഞു…

വീട്ടിൽ വിളിച്ചു ക്യാൻസൽ പറഞ്ഞു… എന്റെ വണ്ടിയിൽ കയറി എല്ലാവരും.. ഷീനയുടെ ഹസ്ബന്റ് റെജി മാത്യു മുന്നിൽ കയറി..

കാളികാവ് അടക്കാകുണ്ടിലെ ഹിമയിലേക്ക്…

വളരെ മനോഹരമായ ചുറ്റുപാടിൽ വീടിന്റെ അതേ തനിമയോടെ പല പല കൊച്ചു വീടുകൾ..
ഓരോ വീട്ടിലും മൂന്നും നാലും ആളുകൾ ഒരു കുടുംബം പോലെ കഴിയുന്നു…

ജോലി ചെയ്യുന്നവരാണ് എങ്കിലും കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടവർ… അതേപോലെ ജോലി ഒന്നും ഇല്ലെങ്കിലും പൂർണമായും സ്വയം പര്യാപ്തരും കൂടി ഒരുമിച്ച് ഒരു വീട്ടിൽ…

ആരോഗ്യം തീരെ ഇല്ലാത്തവരും.. വയസായവരും മാനസിക വളർച്ച ഇല്ലാത്തവരും വലിയ കെട്ടിടങ്ങളിൽ… അവരെ പരിചരിക്കാൻ ഒരുപാട് സ്റ്റാഫുകൾ… ഹിമയുടെ വിശാലമായ കോമ്പൗണ്ട്
ഏതോ വിദേശ രാജ്യത്ത് പോയ പോലെ…

എല്ലാം നടന്ന് കണ്ടു…
സെലിൻ മുന്നിൽ തന്നെ ഉണ്ട്… ഹാളിന്റെ അവസാനത്തിലുള്ള കട്ടിലിന്റെ മുന്നിൽ നിന്നു…സെലിൻ തൂവെള്ള ഡ്രസ്സിൽ അതേപോലെ ഒരു വല്യമ്മച്ചി…

ആ കൈകൾ എടുത്തു പിടിച്ചു…

“വല്യമ്മച്ചീ…” ആ വൃദ്ധ കണ്ണുകൾ തുറന്നു…
മുന്നിൽ കാണുന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാതെ അവരന്ധാളിച്ച് നിന്നു…

“വല്യമ്മച്ചീ… ഞാനാ.. സെലിൻ..”

ഒത്തിരി ഒത്തിരി നാളായി തമ്മിൽ കാണാതിരുന്ന അവരുടെ സ്നേഹപ്രകടനങ്ങൾ
കണ്ട് നിന്ന ഞങ്ങളെ കണ്ണീരിലാഴ്ത്തി..

ഹിമയുടെ ചുമതലയുള്ള ഉസ്താദ് അരികിലേക്ക് വന്നിരുന്നു… എന്റെ വല്യമ്മച്ചിയെ എനിക്ക് വിട്ട് തരണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു സെലിൻ..

“നിങ്ങളുടെ മനോവിഷമം മനസിലാകും.. പക്ഷേ..”

“ഇവരെ ഇവിടെ കൊണ്ട് വന്നാക്കിയതാണ്… അവരുടെ അനുവാദമില്ലാതെ വിടാൻ കഴിയില്ല…”

സെലിന്റെ പപ്പയെ വിളിച്ച് എത്രയും വേഗം ഹിമയിൽ എത്താൻ പറഞ്ഞു… ഉസ്താദ്.. എന്താണ് കാര്യമെന്നറിയണമായിരുന്നു സിറിയക് ജോണിന്.

എല്ലാം ഇവിടെ വന്ന് വിശദമായി പറയാമെന്ന് പറഞ്ഞു ഉസ്താദ്.. സെലിന്റെ വീട് നിലമ്പൂരിലാണ്.. അവിടെനിന്ന് ഏകദേശം ഒരു മണിക്കൂർ നേരം ഹിമയിലേക്ക്…

സെലിൻ അമ്മച്ചിയുടെ കൂടെത്തന്നെ…

ഞങ്ങള് വീണ്ടും എല്ലാം നടന്ന് കണ്ടു..
അവരുടെ നിർബന്ധം കാരണം കാന്റീനിൽ പോയി ചായയും പഴംപൊരിയും കഴിച്ചു…

സെലിന്റെ പപ്പ വന്നത് നേരെ ഓഫീസിലേക്കായിരുന്നു… ഞങ്ങളും ഓഫീസിലേക്ക് ചെന്നു..

വല്യമ്മച്ചി ഇല്ലാതെ ഞാനില്ലെന്ന് സെലിൻ തീർത്ത് പറഞ്ഞു…

“മോളേ നിനക്ക് വേണ്ടിയല്ലേ ഞാനും മമ്മിയും ജീവിക്കുന്നത്…”

“ആണല്ലോ.. എനിക്ക് വേണ്ടിയാണല്ലോ ജീവിക്കുന്നത്..?”

“നീയല്ലാതെ വേറെ ആരാണ് മോളേ ഞങ്ങൾക്കുള്ളത്..”

“നിനക്കറിയില്ലേ..

അമ്മച്ചിയും മമ്മിയും ഒരുമിച്ച് ചേരൂല്ല.. അതല്ലേ അമ്മച്ചിയെ ഇവിടെ ആക്കിയത്…”

“പപ്പാ.. അത് പോലെ തന്നെ നിങ്ങൾക്ക് വേണ്ടി മാത്രമല്ലേ വല്യമ്മച്ചിയും ജീവിച്ചത്… ഒടുവിൽ വയ്യാതെ ആയപ്പോൾ ചേർത്ത് നിർത്തുന്നതിന് പകരം ഇവിടെ….”.. വല്യമ്മച്ചിക്ക് എത്ര ആഗ്രഹമാണെന്നറിയോ നമ്മോടൊപ്പം നിൽക്കാൻ”

“നിങ്ങളൊന്ന് വന്ന് കാണൂ…ആ പാവത്തിനെ..”
സെലിൻ പപ്പേടെ കൈയ്യിൽ പിടിച്ച് വലിച്ച് വല്യമ്മച്ചിയുടെ അരികിലേക്ക് നടന്നു…

മാസാമാസം ഹിമയിൽ വന്ന് അന്വേഷണം നടത്തി ആവശ്യമുള്ള പണം കൊടുത്ത് മടങ്ങാറാണ് സിറിയക് ജോൺ..
ഒരിക്കലും അമ്മച്ചിയുടെ അടുത്ത് പോവാറില്ല..

അത് കൊണ്ട് തന്നെ ഒരുപാട് നാളായിരുന്നു അവർ പരസ്പരം കണ്ടിട്ട്… തന്റെ മകനെ കണ്ടതും വല്യമ്മച്ചി ഹൃദയം പൊട്ടി കരഞ്ഞു…

“മോനേ… നിനക്കെന്നെ ഒന്ന് വന്ന് കാണുകയെങ്കിലും ചെയ്യാല്ലോ… നീയും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു എന്നറിഞ്ഞാൽ മതിയല്ലോ… അമ്മച്ചിക്ക്…”

സെലിന്റെ പപ്പയും കരഞ്ഞു കൊച്ച് കുട്ടികളെ പോലെ.. അയാളുടെ പുത്രമനസ് വേദനകൊണ്ട് പുളഞ്ഞു…

ഭാര്യയുടെ വാക്കുകൾ കേട്ട് അമ്മച്ചിയെ ഇവിടെ ആക്കാൻ പാടില്ലായിരുന്നു….

“പപ്പാ.. ഞാൻ നോക്കിക്കോളാം വല്യമ്മച്ചിയെ.. നമുക്ക് കൊണ്ട് പോകാം പപ്പാ…”

“മോളേ.. നിന്റെ മമ്മിയുടെ വാക്കുകൾ കേട്ട്.. ഞാൻ… ഛെ… ഈശോയേ… ”

“വാ പപ്പാ…”

ഓഫീസിൽ പോയി തിരികെ കൊണ്ട് പോകുന്നു എന്ന് പറഞ്ഞ് എഴുതി കൊടുത്തു…

“പപ്പാ… ഇനി മമ്മി എന്തെങ്കിലും പറഞ്ഞാലോ…”

“ഇറങ്ങി പോകാൻ പറയും അവളോട്…. ഇത്രയും കാലം മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല മോളേ…”

“ഇപ്പഴാണ് എന്റെ പപ്പ ശരിക്കും കുന്നേൽ സിറിയക്ജോണായത്…”

അവരുടെ സന്തോഷത്തോടൊപ്പം ഞങ്ങളും ചേർന്നു… അവരെ യാത്രയാക്കിയതിന് ശേഷമാണ് ഞങ്ങൾ മടങ്ങിയത്….

മാതാപിതാക്കൾ ഉള്ള സമയത്ത് സ്നേഹവും കരുതലും നൽകി ചേർത്ത് നിർത്താം നമുക്ക്……

ജീവിച്ചിരിക്കുന്ന സമയത്ത് നൽകുന്ന സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി.. അതാണ് മാതാപിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശംസ…

Leave a Reply

Your email address will not be published. Required fields are marked *