എന്തോ പക തീർക്കാനാണോ എന്നെ താലികെട്ടിയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, തനിക്ക് വേണ്ടി വാങ്ങിയ..

(രചന: Jamsheer Paravetty)

“അടിവയറിന് താഴെ ആറിഞ്ചില് മാത്രം സ്നേഹം പ്രകടിപ്പിക്കുന്നൊരാളെ ഭർത്താവായി വേണ്ടമ്മാവാ…. എന്റെ ഹൃദയതാളങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളേയാണ് എനിക്ക് വേണ്ടത്..”

“മാലൂ.. നിന്റെ കഴുത്തിൽ താലികെട്ടിയവനല്ലേ മഹി..”

“പോരാത്തതിന് നിനക്ക് വേണ്ട സുഖസൗകര്യങ്ങളെല്ലാം അവനൊരുക്കി തരുന്നുമുണ്ട്.. പിന്നെന്താ.. മോളേ.. നീ ഇങ്ങനെ..”

“അമ്മാവാ.. എനിക്കിതൊന്നും വേണ്ട.. എന്റെ കൂടെ..എന്റേതായി മാത്രം ജീവിക്കുന്ന ഒരാളെ..
അത് മാത്രം മതിയായിരുന്നു…
ഏത് പാവപ്പെട്ടനായാലും മതിയായിരുന്നു..”

“പണമില്ലാതെ എങ്ങനെയാ മോളേ ജീവിക്കണത്…”

“പണം കൊണ്ട് മാത്രം ജീവിതമാകൂല്ല അമ്മാവാ..”

“എന്നെങ്കിലും നാട്ടിൽ വരുമ്പോൾ കൂട്ട് കിടക്കാനൊരു പെണ്ണ് മതി അയാൾക്ക്…
അത് നാട്ടിലിഷ്ടം പോലെ കിട്ടൂല്ലേ..”

“അവന്റെ ബിസിനസും കാര്യോം തിരക്കും ഒക്കെ നിനക്കറീല്ലേ..മാലൂ..”

“വേണ്ടമ്മാവാ… എനിക്ക് വയ്യിനി.. ഇങ്ങനെ…”

“അയാൾടെ കയ്യീന്ന് കൊറേകാഷ് വാങ്ങീല്ലോ ഈശ്വരാ.. ഞാൻ..
പോരാത്തതിന് വീട്ടിലെ ചെലവ് വരെ മഹിയാ.. ഇപ്പൊ നോക്കുന്നെ..”

“അത് ശരി.. കുറെ പൈസ വാങ്ങി അയാൾക്കെന്നെ വിറ്റതായിരുന്നു ല്ലേ…”

“മോളേ.. അമ്മാവൻ അങ്ങനെയൊന്നും കരുതീല്ല…

നിനക്കറീയാല്ലോ അവരെ പഠിപ്പിക്കാൻ വേണ്ടി കുറച്ചു പൈസ വാങ്ങി…
അതും അവനിങ്ങോട്ട് തന്നതാണ്…”

“സ്വന്തം മക്കളെ പഠിപ്പിക്കാൻ പെങ്ങളെ മോളെ വിറ്റു.. അങ്ങനെ യല്ലേ..”

“മാലൂ.. ഞാനവനോട് ചോദിച്ചു വാങ്ങിയതല്ല.. അവനറിഞ്ഞ് തന്നതാണ്..”

“വലിയ പണക്കാരനെ കൊണ്ട് പെങ്ങളുടെ മോളെ കെട്ടിച്ചു വിട്ടു എന്ന പേര് അങ്ങനെ തന്നെ നിന്നോട്ടേ.. അങ്ങോട്ട് ഞാൻ വരുന്നില്ല… പോരേ..”

“ഞാൻ പറയുന്നതൊന്ന് കേൾക്ക് മോളേ നീ..”

“വേണ്ടമ്മാവാ.. എനിക്കറിയാം ഇനിയെന്ത് ചെയ്യണമെന്ന്..

കുഞ്ഞു നാളിൽ അച്ചനുപേക്ഷിച്ച് പോയന്ന് മുതൽ തുടങ്ങിയതാണെന്റെ കഷ്ടപ്പാടുകള്..
അതിനി മരണം വരെ ഉണ്ടാവുമായിരിക്കും..
എന്നും വാല്യക്കാരിയെപോലെയായിരുന്നു വീട്ടിൽ..

അമ്മയെ വേറെ നായര് വന്ന് താലികെട്ടി കൊണ്ട്പോയതോടെ അമ്മായിയുടെ ആട്ടും തുപ്പും കേട്ട്…..”

”മാലൂ.. എന്റെ ഗതികേട് കൊണ്ട് ഞാൻ… ഇങ്ങനെ”

“ഇല്ലമ്മാവാ… നിങ്ങളോടെനിക്ക് ഒട്ടും വെറുപ്പില്ല..”

പാവം അമ്മാവൻ… അമ്മായി എത്രയോ എതിർത്തിരുന്നു. എങ്കിലും വിദ്യാഭ്യാസം നൽകി.. ബിഎ ഇംഗ്ലീഷ് പാസായി..

കംപ്യൂട്ടർ കോഴ്സും പൂർത്തിയാക്കി ജോലിക്ക് വേണ്ടിയൊരുപാടലഞ്ഞു… ഹൈടെക് കമ്പ്യൂട്ടർ സെന്ററിലേക്ക് ടീച്ചറെ ആവശ്യമുണ്ടെന്ന പരസ്യം… ചെന്നു.. അവർക്കിഷ്ടപ്പെട്ടത് എന്റെ ഭാഗ്യമായി…

അവരുടെ ഹോസ്റ്റലിൽ താമസിച്ചു
ഒരു പുതിയ ലോകത്തെത്തിയ പോലെ…
കൂടെയുള്ള ടീച്ചേഴ്സും തന്നെ പോലെ നിരാലംബരാണ്… ഒരു കുടുംബം പോലെ കഴിഞ്ഞു…

എന്നെ തേടി മഹേഷെന്ന ബിസിനസ്കാരന്റെ ആലോചന വരുന്നത് വരേയും അവിടെ…

മാലൂ.. നിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് അസൂയപ്പെട്ടു…. അവരെല്ലാവരും

മഹിയും അനാഥനാണ്.. അനാഥാലയത്തിൽ വളർന്ന് സ്വപ്രയത്നം കൊണ്ട് ഉന്നതിയിലെത്തിയതാണെന്നറിഞ്ഞപ്പോൾ ഞാനും കൊതിച്ചു പോയി… ഒരുപാട്…
ഇത്രയും കാലത്തെ കഷ്ടപ്പാടുകളിൽ നിന്നൊരു മോചനം… സ്വപ്നങ്ങൾ ഒരുപാട് നെയ്തു…

ബാംഗ്ലൂർ നഗരത്തിൽ സ്ഥിരതാമസമാക്കിയ അയാൾക്ക് കേരളത്തിലൊരു അഡ്രസ് മാത്രമായിരുന്നു ഞാനെന്ന് തിരിച്ചറിയാൻ വൈകി… എന്നെങ്കിലുമൊരിക്കൽ വരും..
നാട് നീളെ കറങ്ങി എപ്പോഴോ കയറിവരും…
പിന്നെയെല്ലാം യാന്ത്രികം..

ഒരു സെ ക്സ് ഡോൾ മാത്രമായിരുന്നുവോ ഞാനയാൾക്ക്… അയാളുടെ മനസ്സിൽ സ്നേഹവും ബഹുമാനവും ഉണ്ടെന്ന് തോന്നിപ്പോകും പലപ്പോഴും…

ഞാനറിയാതെ എന്നെ നോക്കിനിൽക്കുന്നത് കണ്ടിട്ടുണ്ട്…. പക്ഷേ.. വീണ്ടും ക്രൂരമായി പെരുമാറും..

എന്തോ പക തീർക്കാനാണോ എന്നെ താലികെട്ടിയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
തനിക്ക് വേണ്ടി വാങ്ങിയ ഈ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചു അമ്മാവന്റെ വീട്ടിലേക്ക് പോകുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്…

ഹൈടെക് കമ്പ്യൂട്ടർ സെന്ററിലേക്ക് വീണ്ടും കയറി ചെന്നു…

“അല്ല..മാലുടീച്ചറേ.. നിങ്ങള് ബാംഗ്ളൂർക്ക് പോയ്ലേ..”

“ഇല്ല.. കൂടുതലൊന്നും ചോദിക്കരുത്.. ഞാനിന്ന് മുതൽ വീണ്ടുമിവിടെ ജോയിൻ ചെയ്തു..”

പഴയ ലോകത്തില് വീണ്ടും സന്തോഷത്തോടെ…
പലപ്പോഴും തിരിച്ചു വരാനുള്ള കാരണം ആരാഞ്ഞു അവർ.. കൂപ്പ്കൈയ്യോടെ അതേപ്പറ്റി ചോദിക്കരുതെന്ന് പറഞ്ഞു…

മഹിയുടെ ജീപ്പ് കോംപാസ്സ് പോർച്ചിൽ അലറി നിന്നു…
ഡോറ് തുറക്കാതെ ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തു… ഒരനക്കവുമില്ല.
ഹോണടിച്ചു നോക്കി ഇല്ല വാതിൽ തുറക്കുന്നില്ല…

മുഴുവൻ ദേഷ്യവും ആവാഹിച്ച് വാതിലിൽ ആഞ്ഞ് ചവിട്ടി… തുറന്ന വാതിൽ പാളികൾ ക്കൊപ്പം മഹിയും അകത്തേക്ക് വീണു.. വാതില് പോലും അടയ്ക്കാതെ അവളെവിടെ..
മഹേഷിന്റെ മനസ് കൂടുതൽ ജ്വലിച്ചു…

ആ വീട്ടിൽ മാലതി ഇല്ലെന്ന് ബോധ്യമായതോടെ കൃഷ്ണൻ നായരുടെ വീട്ടിലെത്തി നിന്നു ബ്ളാക് കളർ കോംപാസ് ജീപ്പ്…

മുറ്റത്തെചരലിൽ ഞെരിഞ്ഞുനിന്ന ടയറുകൾ…
കൃഷ്ണൻ നായരോടി വന്നു
അപ്പോഴേക്കും മഹി ഇറങ്ങി വന്നിരുന്നു..

“അവളെവിടെ..”

“വാ.. മോനേ.. ഞാൻ പറയാം…”

അവന്റെ കൈയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു..
“എനിക്കവളെ കാണണം..”
മറ്റൊന്നും കേൾക്കാൻ പോലും തയാറായില്ല മഹേഷ്..

ഹോസ്റ്റലിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കി സംസാരിച്ചു കൊണ്ടിരുന്ന മാലതി പേടിയോടെ കണ്ടു വീടിന്റെ മുന്നിൽ വന്നു നിന്ന മഹേഷിന്റെ വണ്ടി…

“ഈശ്വരാ..”

“എന്താ മാലൂ…ആരാ അത്..”
മാലതീ എന്ന വിളിയിൽ ഓടിട്ട ആ കൊച്ചുവീട് പോലും കുലുങ്ങിയോ..
മാലതി വാതിൽ തുറന്നു

വിറയലോടെ നിൽക്കുന്നു കൃഷ്ണനമ്മാവൻ..
ഒന്നും പറയാൻ പോലും അവസരം നൽകാതെ പിടിച്ച് വണ്ടിയിൽ കയറ്റി…

“എന്റെ ഭർത്താവാണ്..”
പോലീസിലറിയിക്കാമെന്ന അവരുടെ കരച്ചിലിന് മറുപടി പറഞ്ഞു..

അമ്മാവനെ വീട്ട് പടിക്കലിറക്കി വണ്ടി യാത്ര തുടർന്നു…

ഒന്നും പറയാതെ.. തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ഡ്രൈവ് ചെയ്യുന്നതും നോക്കിയിരുന്നു… അലസമായി നീട്ടി വളർത്തിയ മുടിയും.. അഗ്രം പിരിച്ചുവെച്ച കട്ടി മീശയും…

ആ വെളുത്തുചുവന്ന നിറത്തിലുള്ള മുഖവും..
ഈശ്വരാ… വീണ്ടും മനസ്സ് പതറുന്നല്ലോ…
എത്ര വേദനിപ്പിച്ചാലും ഈ മുഖം കാണുംതോറും മനസ് വല്ലാതെയാവും.. വീണ്ടും അയാളിലേക്കടുത്തു പോവും..

തൂതപ്പുഴ എന്ന ബോർഡും കടന്ന് വണ്ടി ഓടിക്കൊണ്ടിരിന്നു ഒരു മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിന്നു.. ഈശ്വരാ എന്തിനുള്ള മരുന്ന് വാങ്ങാനാണാവോ..

എന്നെ കൊല്ലാനാണോ കൊണ്ടോവുന്നത്..
ജയ മെഡിക്കൽസ് കടമ്പഴിപ്പുറം..
ബോർഡിലെഴുതിയത് വായിച്ചു.. ഏതോ ഇടറോഡിലൂടെ വീണ്ടും യാത്ര തുടർന്നു…

കരിമ്പനകൾ അതിരിട്ട് നിൽക്കുന്ന വിശാലമായ പാടശേഖരങ്ങൾ.. വലിയ ക്ഷേത്രക്കുളവും കഴിഞ്ഞ് വണ്ടി നിന്നു… സിനിമയിലൊക്കെ കാണുന്നത് പോലെ മനോഹരമായ ചുറ്റുപാടിൽ
ഓടിട്ട ഒരു ചെറിയ വീട്.. മുന്നിൽ നോക്കെത്താ ദൂരത്തോളം നെൽപ്പാടങ്ങൾ…

മല്ലിയും തെച്ചിയും എല്ലാം പൂവിട്ടു നിൽക്കുന്ന മുറ്റം… വണ്ടി നിർത്തിയിട്ട് ചെറു പടികൾ കയറി വീടിന്റെ മുറ്റത്തെത്തി..

“വാതില് തുറക്കൂ…”
മഹേഷിന്റെ സ്ഥിരമുള്ള കനമുള്ള ശബ്ദത്തിന് പകരം സ്നേഹവും ബഹുമാനവും നിറഞ്ഞ ശബ്ദം… തുറക്കാത്ത വാതിലിന് മുന്നിൽ നിന്ന് വീണ്ടും വിളിച്ചു…

“അമ്മേ… വാതില് തുറക്കൂ…”

മാലതിയുടെ പെരുവിരൽ മുതലൊരു തരിപ്പ്… മേലേക്ക് കയറി… മഹിയുടെ അമ്മ… അപ്പോ മഹി അനാഥനല്ലേ..

വാതില് തുറന്നു വന്നു അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന അമ്മ…
അവിടെ നിൽക്കൂ എന്ന് പറഞ്ഞവരകത്തേക്ക് തന്നെ പോയി… വേവലാതിയോടെ നിന്ന മാലുവിന്റെ മുന്നിലേക്ക് നിലവിളക്കുമായി വന്നു
“മോളേ വരൂ..”
അകത്തേക്ക് കൊണ്ടുപോയി….

ആകെയുള്ള രണ്ട് റൂമുകളും സീലിംഗ് ചെയ്ത് ഏസിയൊക്കെ വെച്ച്… ചെറുതെങ്കിലും മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു…
മോളേ… ചേർത്ത് പിടിച്ച് നെറുകയില് സ്നേഹം ചുംബനം നൽകി ആ അമ്മ…

“ഇതൊക്കെ ആരാണമ്മേ നട്ട് വളർത്തുന്നത്..”

“മഹിയാണ് മോളേ.. അവൻ നാട്ടിൽ വരുമ്പോൾ.. പിന്നെ ഞാനതിന് വെള്ളമൊഴിച്ച് കൊടുക്കും..” ഓഹ് ഇങ്ങനെ ഒരു മുഖവുമുണ്ടോ ആൾക്ക്..

താൻ കണ്ടിരുന്ന സ്വപ്നം യാഥാർഥ്യമാകുന്ന പോലെ… അത്രയേറെ മാറ്റം വന്നിരുന്നു മഹിയുടെ പെരുമാറ്റത്തിൽ… ജീവിതത്തിലെ ഏറ്റവും മനോഹരമായ പുലരിയായിരുന്നു… ഇന്ന്…

മനസും ശരീരവും പൂർണതയിൽ എത്തിയ പോലെ…

അടുക്കളയിൽ അമ്മയോടൊപ്പം ചേർന്നു

“മോളേ..മഹി എവിടെയാണ് പോയത്..”
“എന്നോടൊന്നും പറഞ്ഞില്ലമ്മേ..”

മുറ്റത്തെ മല്ലികയും മുല്ലയും മറ്റ് ചെടികളും നനച്ചു.. ചുവടെ വളർന്ന പുല്ലുകൾ പറിച്ചു കളഞ്ഞു… ചുവന്ന മല്ലിക പൂവിന്റെ നറുമണം ആസ്വദിച്ചു… മുറ്റത്തിന് താഴെ മഹിയുടെ വണ്ടി വന്നു നിന്നു… മഹിയോടൊപ്പം കയറി വരുന്ന ആളെ കണ്ട് അടുത്തേക്കോടി ചെന്നു…

“അമ്മാവാ…”

“മോൾക്ക് സുഖല്ലേ…”
“ഊം.”

കൃഷ്ണൻ നായരുടെ കൈപിടിച്ചു..
പുറത്തേക്കിറങ്ങി വന്ന അമ്മയോട് “എന്റമ്മാവനാ…” തെല്ലഹങ്കാരത്തോടെ പറഞ്ഞു…

ഒന്നും പറയാതെ പരസ്പരം നോക്കി നിൽക്കുന്ന അവരെ അൽഭുതത്തോടെ നോക്കി നിന്നു…

കരച്ചിലോടെ അകത്തേക്ക് പോയി അമ്മ..

ഒന്നും മനസ്സിലാവാതെ അമ്മാവനെ കൂട്ടി വീടിനകത്തേക്ക് കയറി മാലു..

“മാലൂ.. നീ.. വാ.. അവര് സംസാരിക്കട്ടെ..”
മഹി മാലുവിനേയും കൂട്ടി പുറത്തേക്കു നടന്നു…
പുറത്തിറങ്ങുന്നതിന് മുമ്പ് മേശവലിപ്പിൽ നിന്നൊരു പഴയ ഫോട്ടോ കൂടി എടുത്തിരുന്നു മഹി..

മാലുവിന്റെ കൈപിടിച്ച് തൊടിയിലൂടെ നടന്ന് താഴെ പാടവരമ്പിൽ ഇരുന്നു…

തോളിലൂടെ കൈകൾ ചേർത്തു പിടിച്ചു മാലുവിനെ… അവൾ ആസ്വദിച്ചു ആ നിമിഷങ്ങൾ.. കയ്യിലിരുന്ന ഫോട്ടോ കാണിച്ചു മാലുവിനെ..

“ഇതമ്മയെപോലെ..
പക്ഷേ.. കൂടെയുള്ള ആൾക്ക് കൃഷ്ണനമ്മാവന്റെ ഛായയാണല്ലോ..”

“ഛായയല്ല..മാലൂ.. അദ്ദേഹം തന്നെ…”

മനസ്സിലാവാതെ മഹിയെ നോക്കി..
“മാലൂ.. ഒരുപാട് പഴയ കഥയാണ്..
നമ്മളിങ്ങട് വന്നപ്പോൾ കണ്ട അമ്പലത്തിനടുത്ത ആ വലിയവീട് അദ്ദേഹത്തിന്റെ ഒരു ബന്ധുവീടാണ്..

ഇവിടത്തെ അമ്പലത്തിലെ ഉത്സവത്തിന് മുടങ്ങാതെ വരുമായിരുന്നു അദ്ദേഹം…
അങ്ങനെയവർ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു…”

“ഈശ്വരാ… എന്നിട്ട്..”

“വലിയ തറവാട്ടിലെ കൃഷ്ണൻനായർക്ക് ആശാരിയുടെ മകളെ കെട്ടാൻ പറ്റില്ലെന്ന് പറഞ്ഞത് മാലുവിന്റമ്മയായിരുന്നു..
അവരെ എതിർത്ത് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.. അന്ന്. പിന്നെ ഒരിക്കൽ പോലും അദ്ദേഹം ഇങ്ങോട്ട് വന്നില്ല..”

“അപ്പോ..അമ്മ വേറെ കല്യാണം കഴിച്ചല്ലേ..”
“ഇല്ല മാലൂ.. അമ്മ ഗർഭിണിയാണെന്ന് പിന്നീടാണറിഞ്ഞത്…”

“അയ്യോ.. എന്നിട്ട്.” “അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു അമ്മ…..”

വിശ്വസിക്കാനാവാതെ മാലു മഹിയുടെ മുഖത്തേക്ക് നോക്കി..

“സത്യാണ് മാലൂ.. നിന്റെ മുറച്ചെറുക്കൻ തന്നെയാ.. ഞാൻ..”

“ഈശ്വരാ… ഞാൻ..”

അവളവന്റെ കൈകൾ നെഞ്ചോട് ചേർത്തു..
“എന്നിട്ട് അമ്മ എന്ത് ചെയ്തു..”

“എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു
ഒടുവിൽ കുഞ്ഞിനേയും കൊണ്ട് സ്നേഹാലയമെന്ന അഗതി മന്ദിരത്തിലഭയം തേടി..”

“എന്നിട്ട്..”

“സ്നേഹാലയത്തിലെ ജോലി ചെയ്ത് മോനോടൊപ്പം കഴിഞ്ഞു..”

“അമ്മാവനെ അറിയിച്ചൂടായിരുന്നോ.
മോനുണ്ടായത്”

“അതിന് വേണ്ടി അവിടെ ചെന്നു….
നിന്റമ്മ ആട്ടിയിറക്കി..

ഒന്നും പറയാൻ പോലും അവസരം നൽകാതെ”
“അമ്മാവനൊന്നും പറഞ്ഞില്ലേ അപ്പൊ..”

“ഇല്ല.. അദ്ദേഹം മിണ്ടാതെ നിന്നെത്രെ..”

“ഞാനച്ചനെ ചോദിക്കാൻ തുടങ്ങിയപ്പോള് എന്നോടെല്ലാം പറഞ്ഞു.. എന്നെങ്കിലും അച്ചനെ പോയി കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.. ഒടുവിൽ പണമൊക്കെ ആയപ്പോഴച്ചനെ കാണാൻ വന്നു..”

“വന്നു കണ്ടപ്പോൾ അവിടുത്തെ നില വല്യ പരുങ്ങലിലാണെന്നറിഞ്ഞു..”

“എല്ലാ കാര്യങ്ങളും ഇവിടെ വന്നമ്മയോട് പറയും.. അദ്ദേഹത്തെ സഹായിക്കാൻ അമ്മയാണ് പറഞ്ഞത്.. പിന്നീടാണ് നിന്റെ കാര്യങ്ങളൊക്കെ അറിയുന്നത്..”

“എന്റമ്മയുടെ കണ്ണീരിന്റെ പകരം നിന്നെ കൊണ്ട് കരയിപ്പിക്കാനായിരുന്നു ആദ്യമൊക്കെ മനസ്സിൽ…”

അവളൊന്നു കൂടി അവനിലേക്ക് ചേർന്നിരുന്നു… ആദ്യമായി അവനെ ചുംബിച്ചു അവൾ… മഹിയുടെ മുഖം മതിവരാതെ നോക്കി നിന്നു… ഏയ് അവരിങ്ങോട്ട് വരുന്നു…

അടുത്ത് വന്ന് നിന്ന കൃഷ്ണൻ നായർ മഹിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… എന്റെ പൊന്നു മോനേ..
ഞാനറിയാതെ പോയല്ലോ… ആ സമാഗമം നിറകണ്ണുകളോടെ നോക്കി നിന്നു മഹിയുടെ അമ്മ… കൂടെ ഭാര്യ മാലതിയും…

Leave a Reply

Your email address will not be published.