വാക്കുകളിൽ തേൻ പുരട്ടാൻ പലർക്കും കഴിയും മോളേ, എന്തായാലും ഒരു ശ്രദ്ധ വേണം ഞങ്ങൾക്കാകെ നീ ഒരു മോളേയുള്ളു..

ലിസ
(രചന: Jamsheer Paravetty)

തന്നെ പൊതിഞ്ഞു പിടിച്ച കൈകളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…

“ലോകത്ത് ഏറ്റവും മനോഹരമായത് എന്താണ് മാഷേ….”

“നമ്മുടെ സ്നേഹം മനസിലാക്കാൻ കഴിയുന്ന ഒരാൾ കൂടെ ഉണ്ടാവുന്നത് ആണെടോ……”

“ഓഹ്… ജോസഫും എൽസമ്മയും പോലെ..”
ചിരിയോടെ അവളുടെ മൂക്കിൻ തുമ്പത്തൊരു കടി കൊടുത്തു…. അവളും കൂടെ ചിരിച്ചു..

“അപ്പോ..ഓകെ… ജോസഫ് മാഷേ…
ഗുഡ് നൈറ്റ്..”

റൂമിലെത്തി മൊബൈലിൽ നെറ്റ് ഓൺ ചെയ്തതേയുള്ളൂ.. പഞ്ഞിമുട്ടായിക്കാരന്റെ മണിനാദം പോലെ തുരുതുരാ വന്നു മെസേജുകൾ…

സ്ക്രീനിൽ കണ്ട വട്ടപ്പുള്ളിയെ കുത്തിപൊട്ടിച്ചു ലിസ.. ഓരോ വാക്കുകളിലും
നോബിളിന്റെ പ്രണയം…

നീ ഇല്ലാതെ കഴിയില്ല ലിസാ… ഓരോ നിമിഷവും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്…. എനിക്ക് ഇനിയും നിന്നെ കാണാതിരിക്കാൻ കഴിയില്ല….
നിന്നോടുള്ള സ്നേഹം കൊണ്ട് എന്റെ മനസ് വിങ്ങുകയാണ്…. ഒരു ദിവസമെങ്കില് ഒരു ദിവസം നേരത്തെ നിന്നെ സ്വന്തമാക്കണം….

കിടന്നാൽ ഉറക്കം വരുന്നില്ല… എങ്ങനെ കിടന്നാലും മനസിൽ തെളിയുന്നത് നോബിളിന്റെ വാക്കുകൾ……
നോബിളിന്റെ മുഖം…

പപ്പയോട് പറയാതെ ഒരു രഹസ്യവും ഇല്ല…

പപ്പയുടെ നെഞ്ചിലെ ചൂടിൽ ചേർന്നിരിക്കുന്നതാണ് ലിസയുടെ ലോകത്ത് ഇന്ന് ഏറ്റവും മനോഹരമായത്….

“പറയൂ പപ്പാ… അവനെ ഞാൻ പ്രേമിച്ചോട്ടെ..”

“ഫേസ്ബുക്ക് ചാറ്റ് കണ്ടൊന്നും ആരെയും വിലയിരുത്തരുത് മോളേ”

“ആള് നല്ലവനാണ് പപ്പാ…..” എപ്പോഴും തന്നെ ചേർത്ത് പൊതിഞ്ഞു പിടിക്കുന്ന ആ കൈകൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു…

“മോളേ.. വാക്കുകളിൽ എല്ലാവരും നല്ലതാണ്..”

“പക്ഷേ.. ഇയാൾ അങ്ങനെ അല്ല ജോസഫ് മാഷേ.”

“നിനക്കയാളെ ഒരുപാട് പരിചയമൊന്നും ഇല്ലല്ലോ…”

“ഇല്ല..”

“വാക്കുകളിൽ തേൻ പുരട്ടാൻ പലർക്കും കഴിയും.. മോളേ… എന്തായാലും ഒരു ശ്രദ്ധ വേണം.. ഞങ്ങൾക്കാകെ നീ ഒരു മോളേയുള്ളു… നിന്റെ നല്ല ജീവിതമാണ് ഞങ്ങളുടെ സ്വപ്നം…”

“എനിക്കറിയാം പപ്പാ…”

പപ്പേടെ കവിളിൽ ചേർത്ത അധരങ്ങൾ അയാളോടുള്ള ഇഷ്ടം പറയാതെ പറഞ്ഞു….

കടലിന് അഭിമുഖമായി ആരും ഇഷ്ടപ്പെട്ടു പോവുന്ന അത്ര മനോഹരമായ നിർമിതി….
തിരുവനന്തപുരം നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി … വെട്ടുകാട് പള്ളി…

യൂണിവേഴ്സിറ്റി കോളേജിൽ ആണ് പഠനം എങ്കിലും താമസം ഇവിടെയാണ്…. തികഞ്ഞ ദൈവവിശ്വാസിയായ പപ്പയുടെ നിർബന്ധമായിരുന്നു ഇവിടെ നിന്ന് പഠിക്കണം എന്ന്… ഫാദറും പപ്പയും ഒരേ ക്ളാസിൽ ഒരുമിച്ച് പഠിച്ചവരാണ്…

പലപ്പോഴും സുവിശേഷം വായിക്കാൻ ലിസയേയാണ് ഫാദർ ഏൽപിക്കുന്നത്….

ഇന്നലെ ഓശാന ഞായർ ഇന്നത്തെ
വൈകുന്നേര കുർബാനയും.. പ്രാർത്ഥനയും തുടങ്ങുന്നതിനും ഒരുപാട് മുൻപേ ലിസ പള്ളിയിൽ വന്നിരുന്നു… ഈ തിരുരൂപങ്ങളുടെ മുമ്പിൽ ഇരിക്കുന്നത് തന്നെ വലിയ സന്തോഷമാണ്….

മുന്നിലുള്ള തിരുരൂപത്തെ കൈതൊട്ടുചുമ്പിച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന ആ പുതിയ മുഖത്തെ വെറുതെ നോക്കി ലിസ… മനസ് വീണ്ടും കാണാൻ കൊതിപ്പിക്കുന്ന മുഖം
താടി മനോഹരമായി വെട്ടിയൊതുക്കി…
മുടി അലക്ഷ്യമായി പാറി…
അവനെ തന്നെ നോക്കി നിന്നു…

പള്ളിയിലെ മനോഹരമായ അകത്തളങ്ങളിൽ ആദ്യമായി കാണുന്നവന്റെ കണ്ണുകളിലെ തിളക്കം… ആ കണ്ണുകളിൽ കണ്ടു… ഒരോ തിരുരൂപങ്ങളേയും തൊട്ടു വണങ്ങി… അവൻ..

ഒരോ തിരുരൂപങ്ങളേയും തൊട്ടു വണങ്ങി.. കുർബാനയും കാത്തിരിന്നു അവൻ, കുർബാന തുടങ്ങി.. പള്ളിയിലെ വലിയ മനോഹരമായ അൾത്താരയുടെ അതേ പ്രൗഢിയോടെ ഫാദർ….

“………… കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ…” സുവിശേഷത്തിനിടയിലെ പ്രാർത്ഥന…

ആ മനോഹരമായ ശബ്ദത്തോടൊപ്പം വായിക്കുന്ന മുഖം അവന്റെ മനസ്സിൽ സൂര്യകാന്തി പൂ പോലെ വിടർന്നു നിന്നു… കുർബാന കഴിഞ്ഞ് പുറത്തിറങ്ങി കാത്തു നിന്നു… തന്റെ മനസ്സിൽ കയറിയ ആ തിരുരൂപത്തെ ഒന്ന് കൂടി കാണണം…

അവൾ തൊട്ടപ്പുറത്തെ ഇരിപ്പിടത്തിൽ നിന്നും നോബിളിന്റെ
ഹൃദയത്തിനുള്ളിലൂടെയാണ് സുവിശേഷം വായിക്കാൻ നടന്ന് പോയത്…..

റോസ് കളർ ലെഗിൻസിന്റെ മേലെ കറുപ്പിൽ വെള്ള പുള്ളികളുള്ള ടോപ്പ്.. തലയിൽ ചുറ്റി ഇട്ട തൂവെള്ള ഷാളിൽ അവളൊരു ദേവതയെ പോലെ….. അവളുടെ വിടർന്ന കണ്ണുകളും
ചേർന്ന് നിൽക്കുന്ന മുടിയും… മനോഹരമായ അധരഭംഗി.. അവന്റെ ഇടനെഞ്ചിൽ ഒരു തുടിപ്പ്…

ഓഹ്.. ഗോഡ് മനസ്സിനിണങ്ങിയ പെണ്ണിനെ കാണിച്ചു തരണേ എന്ന് പറഞ്ഞു തീരും മുൻപേ ഒരു മാലാഖയെ കാണിച്ചു തന്നല്ലോ.. ….
ദൈവപുത്രനായ യേശുവിനോടുള്ള നന്ദി കണ്ണടച്ച് പറഞ്ഞു….

വീണ്ടും കണ്ണുകൾ തുറന്നു നോക്കിയത് ആ മാലാഖയുടെ മുഖത്തേക്ക്….

“ആദ്യമായി വരാല്ലേ…”

“ഓഹ് എങ്ങനെ മനസ്സിലായി…”
അത്ഭുതത്തോടെ നോക്കി അവളെ

“ആളെ കണ്ടാൽ അറിയാല്ലോ..” ഉടുത്തിരുന്ന ഡ്രസ്സുകളിൽ വല്ല കുറവും…
അവനാകെയൊന്ന് സ്വയം നോക്കി…ഏയ് ഒന്നുമില്ല..

“ഞാൻ വെറുതെ പറഞ്ഞതാ മാഷേ…”

“ഞാൻ നോബിൾ…എന്താണ് ഇയാളുടെ പേര്…”

“ലിസ” ഓഹ് ആ പല്ലുകൾ കാട്ടിയുള്ള ചിരി…

“എവിടെയാണ് വീട്…”

“കണ്ണൂരിൽ… ”

“അപ്പോ ഇവിടെ..”

“ഇവിടെയാണ് പഠിക്കുന്നത്..മാഷേ” കൂടുതൽ ഒന്നും ചോദിക്കാൻ അവസരം നൽകാതെ ഹൃദയം നിറച്ച് അവളോടിപോയി…..

ഒടുവിലവളെ തേടിപിടിച്ച് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചു… അസെപ്റ്റ് ചെയ്തത് പോലും ആഘോഷിച്ചു…. ചാറ്റ് ചെയ്യാതെ ഉറങ്ങാൻ വയ്യ എന്നായി….. മനസ് പുതിയൊരു ലോകത്തായിരുന്നു… അവളുടെ ആ മാഷേ എന്ന വിളിയിൽ മനസ് പൂത്തു വിടരുന്നു…

അവൾക്കും തന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് ആ വാക്കുകളിൽ അറിയുന്നു

“ജോസഫ് മാഷിന്റെ വീടല്ലേ…”

“ആ..അതെ.. ആരാണെന്ന് മനസ്സിലായില്ല..”

“മാഷേ…ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്..”

“ഞാൻ പ്രഭാകരൻ നായർ ഇത് അമ്മാവൻ അച്ചുതൻ നായർ…”

“ഈരാറ്റുപേട്ടയിൽ ആണ് വീട്..”

“വരൂ കയറി ഇരിക്കൂ….”

“ഇവിടെ വരാനുള്ള കാരണം..”

“പറയാം മാഷേ.”

“മഹേഷ് എന്ന മഹി ഞങ്ങളുടെ ഒരേയൊരു മോനാണ്…”

വൽസമ്മ ടീച്ചർ ചായ കൊണ്ട് വന്നു വെച്ചു…

വീണ്ടും പറഞ്ഞു തുടങ്ങി..

“എല്ലാ സന്തോഷവും ദൈവം നൽകില്ലല്ലോ നമുക്ക്… എല്ലാം തികഞ്ഞ ഒരാളെപ്പോലെ തന്നെയാണ് ഞങ്ങളുടെ മോൻ.. പക്ഷേ..
മഹിയുടെ ഹൃദയം എപ്പോഴാണ് നിലച്ചു പോകുന്നത് എന്നറിയില്ല… ..

ഒരുപാട് ചികിത്സകൾ… ഞങ്ങളുടെ ജീവിതം അവന്റെ ചികിത്സയ്ക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു… ഒടുവിൽ ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല എന്നായി…

എറണാകുളത്ത് ലിസി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.. യോജിക്കുന്ന ഒരു ഹൃദയത്തിന് വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം ദാനം ചെയ്യാൻ കുടുംബം തയ്യാറാണ് എന്നറിയുന്നത്..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…”

“ഓഹ്…. സുഖമായി ഇരിക്കുന്നോ ഇപ്പോ..”

“ആ ടീച്ചറെ.. എല്ലാം ഭംഗിയായി തന്നെ നടന്നു..
പക്ഷേ..”

“പറയൂ.. എന്താണ്..”

“അവൻ ആളാകെ മാറിയ പോലെ..”

“മനസിലായില്ല..”

“അവന് ഓർമ വന്നപ്പോൾ ആദ്യമായി ചോദിച്ചത് ലിസയെ ആയിരുന്നു..”

“ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല…”

“അവന് ഞങ്ങളെല്ലാവരേയും ഓർമ്മയുണ്ട്… എല്ലാം തിരിച്ചറിയാം.. പക്ഷേ.. അവന്റെ മനസ്സിലെവിടെയോ ലിസയും വെട്ടുകാട് പള്ളിയും… ഉണ്ട്..”

“ഡോക്ടറുടെ നിർദേശപ്രകാരം അവിടെ പോയി അന്വേഷണം നടത്തിയപ്പോഴാണ് ലിസയേയും അവളുടെ കുടുംബത്തേയും കുറിച്ച് വിവരം കിട്ടിയത്… നേരെ ഇങ്ങോട്ട് പോന്നു..

അവന് ലിസയെ കാണണമെന്ന് പലവട്ടം പറഞ്ഞു… ആള് അപകടനില തരണം ചെയ്തെന്ന് ഡോക്ടർ പറഞ്ഞു..
എങ്കിലും മനസ് വേദനിപ്പിക്കാതെ നോക്കണമെന്ന് കൂടി പറഞ്ഞു..ഡോക്ടർ ”

ഇനി ഇവനായിരിക്കുമോ ലിസയുടെ നോബിൾ..
കള്ളപ്പേരിൽ വന്നതാണോ… കൂടുതൽ ഒന്നും മനസ്സിലായില്ലെങ്കിലും അവരുടെ വേദനകൾ അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു…

ലിസയോട് ഏകദേശം ഒരു രൂപം പറഞ്ഞു കൊടുത്തു… തങ്ങളെ പോലെ അവൾക്കും വല്ലാത്തൊരു ആധിയുണ്ട്.. അവളുടെ നോബിൾ തന്നെ ആണോ…

വന്നവരോടൊപ്പം അവരും യാത്ര തിരിച്ചു…
എറണാകുളം ലിസി ആശുപത്രിയിലേക്ക്..

ലിസയോടൊപ്പം ജോസഫ് മാഷും വൽസമ്മ ടീച്ചറും കൂടി ഐസിയുവിൽ കയറി മലർന്നു കിടക്കുന്ന മഹേഷിന്റെ മാറിൽ എന്തൊക്കെയോ മെഷീനുകൾ… കണ്ണുകൾ അടച്ച് കിടക്കുന്നു…

“ഏയ്… ഇതെന്റെ നോബിൾ അല്ല പപ്പാ..”
ലിസയുടെ അത്രയും നേരത്തെ ടെൻഷൻ അവസാനിച്ചിരുന്നു…

“വാ പോവാം പപ്പാ..”

“നിൽക്കൂ മോളേ .. ഇയാളാരാണെന്ന് നോക്കണ്ടേ…”

“മഹേഷ്…” ഡോക്ടർ വിളിച്ചു നോക്കി

“മഹേഷ്.. കണ്ണുകൾ തുറക്കൂ…”

“ആരാണ് വന്നതെന്ന് നോക്കൂ…” അവന്റെ കണ്ണുകൾ മെല്ലെ തുറന്നു… ഡോക്ടറിൽ നിന്നും മുഖങ്ങൾ മാറി മാറി ലിസയുടെ മുഖവുമായി കണ്ണുകൾ തട്ടിയത്… ഹൃദയമിടിപ്പിന്റെ ബീപ് ശബ്ദത്തിന്റെ മാറ്റത്തിൽ പോലും തിരിച്ചറിഞ്ഞു…

“മഹേഷ്…. ഇതാണോ നീ അന്വേഷിച്ച ലിസ..”
അതേ എന്ന് തലയാട്ടി… അവന്റെ കണ്ണുകൾ നിറയുന്നുണ്ട്.. വല്ലാത്തൊരു തിളക്കം ആ കണ്ണുകളിൽ… ഒന്നും മനസ്സിലാവാതെ ആ മൂന്ന് മുഖങ്ങൾ…. പരസ്പരം നോക്കി

തിരികെ നടന്നിരുന്നു ലിസ…

“എനിക്കറിയില്ല പപ്പാ.. ഇയാളെ…”

“ഡോക്ടർ ഒന്നും മനസിലായില്ല…”

“വരൂ എല്ലാം വിശദമായി പറയാം….”

ഡോക്ടറുടെ റൂമിലേക്കാണ് പോയത്..

“ഇരിക്കൂ..” മൂവരും ഇരുന്നു..

“ജോസഫ് മാഷ്… ല്ലേ..”

“അതേ ഡോക്ടർ.. ഇത് ഭാര്യ എൽസമ്മ..
മോള് ലിസ..”

“അറിയാം..”

“ഇയാളെ അറിയുമോ നിങ്ങൾ… ”

ഡോക്ടർ കാണിച്ച ഫോട്ടോ…

“പപ്പാ… ഇതാണെന്റെ നോബിൾ..”

“ഡോക്ടർ.. അറിയോ.. എന്റെ നോബിളിനേ… എവിടെയാണ് എന്റെ നോബിൾ.. പറയൂ..സർ”

“ലിസാ…. ഇയാളെ എങ്ങനെ അറിയും. നീ.”

മറുപടി പറഞ്ഞത് ജൊസഫ് മാഷാണ്
“ഡോക്ടർ.. അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു…”

“മോള് എല്ലാം ഞങ്ങളോട് പറയുമായിരുന്നു..”

“നിങ്ങൾ നോബിളിനെ കണ്ടിട്ടില്ലേ”

“ഇല്ല ഡോക്ടർ.. ഞങ്ങൾക്ക് കാണാൻ വേണ്ടിയാണ് അവനോടവൾ തിരുവനന്തപുരത്ത് വീണ്ടും വരാൻ പറഞ്ഞത്..”

“ഞാനും എൽസമ്മയും മോളോടൊപ്പം അവന് വേണ്ടി അവർ ആദ്യമായി കണ്ട വെട്ടുകാട് പള്ളിയിൽ കാത്തിരുന്നു…”

“എന്നിട്ട് കണ്ടില്ലേ അവനെ..”

“ഇല്ല.. അവൻ അവസാനമായി വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്..”

“പക്ഷേ.. പിന്നീട് അവനെ വിളിച്ചിട്ട് കിട്ടുന്നില്ല…”
“നമ്പർ സ്വിച്ച് ഓഫ്”

“ഞങ്ങള് കൂടെ ഉണ്ട് എന്ന് മോള് പറഞ്ഞത് കൊണ്ടവൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായിരുന്നു..”

“പിന്നീട് അവനെ കണ്ടിട്ടില്ല അല്ലെ”

“ഇല്ല ഡോക്ടർ… മോളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പാട് പെട്ടു..

“ഭാഗ്യത്തിന് ഈ വിവരം മോള് ഞങ്ങളോടല്ലാതെ വേറെ ആരോടും പറഞ്ഞിരുന്നില്ല…”

“ലീവെടുത്ത് മോളേയും കൂട്ടി കണ്ണൂരിലേക്ക് തിരിച്ചു പോയി.. ഞങ്ങൾ..”

“മോള് വല്ലാതെ കൊതിച്ചു പോയിരുന്നു അവനെ”

“പക്ഷേ..”

“ഞാൻ അന്ന് തന്നെ അവളോട് പറഞ്ഞിരുന്നു.. ഈ പരിചയപ്പെടാൻ വരുന്നവരേയൊക്കെ കണ്ണടച്ച് വിശ്വസിക്കരുത് എന്ന്…” ജോസഫ് മാഷിനെ മൗനമായി കേട്ടു ഡോക്ടർ ജിഎസ് സുനിൽ

“ഡോക്ടറുടെ ആരെങ്കിലും ആണോ ഇയാൾ”

“പറയാം…”

“നോബിൾ.. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി.. എന്റെ അകന്ന ഒരു ബന്ധുവാണ്…”

“പ്ളീസ് ഡോക്ടർ.. എനിക്കവനെ ഒന്ന് കാണണം… പ്ളീസ്.. അവനെവിടെയുണ്ട് ഇപ്പോ”

“ലിസാ… ഞാൻ പറയട്ടെ..” മോളുടെ കൈയ്യിൽ ചേർത്ത് പിടിച്ചു ജോസഫ് മാഷ്…

“അവരെത്തിയില്ലേ..” ഫോൺ കട്ട് ചെയ്തു ഡോക്ടർ

“ലിസ എന്ന സുന്ദരി കുട്ടിയെ അവന് എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് അവന്റെ പപ്പയും മമ്മിയും പറയും…” രാഷ്ട്രീയ നേതാവിനെ പോലെ തോന്നിക്കുന്ന ഒരാൾ.. കൂടെ സാരിയുടുത്ത സ്ത്രീയും
അവരുടെ മുന്നിലേക്ക് വന്നു…

നോബിളിന്റെ പപ്പയും മമ്മിയും..

“ഞാൻ ജോയി..
ഇത് ഭാര്യ മോളി..”

എണീറ്റു നിന്ന ലിസയുടെ കൈഎടുത്ത് പിടിച്ചു മോളി…

“മോളേ… നിന്നെ അവനൊരുപാട് ഇഷ്ടമായിരുന്നു…..”

“ഞങ്ങൾക്കും.. മോളെ ഒത്തിരി ഇഷ്ടായി ട്ടോ..”..
“അവനെപ്പോഴും നിന്റെ വിശേഷങ്ങൾ പറയാനേ നേരമുള്ളൂ…”

“ജോസഫ് മാഷ്..” ജോയി മാഷോട് ചേർന്ന് ഇരുന്നു..

“ഞങ്ങള് കണ്ണൂരിൽ വരാൻ ഇരിക്കായിരുന്നു..”

“അപ്പോഴാണ് നിങ്ങളവനെ കാണാൻ തിരുവനന്തപുരം വന്നത്..”

“നീ.. പോയി വാ മോനേ.. ഇനി അത് കഴിഞ്ഞ് പോകാം നമുക്ക് കണ്ണൂരിലേക്ക്”

“ഞങ്ങളാണവനെ പറഞ്ഞയച്ചത്..” മോളി മുഖം പൊത്തി തേങ്ങി കരഞ്ഞു… ആ മൂന്ന് മുഖങ്ങൾ ആകാംക്ഷയോടെ…

ബാക്കി പറഞ്ഞത് ഡോക്ടറാണ്…
“നിങ്ങളെ കാണാനുള്ള ആകാംക്ഷയോടെ നോബിൾ തിരുവനന്തപുരം നഗരത്തിൽ എത്തിയിരുന്നു… പക്ഷേ..”

“പറയൂ ഡോക്ടർ..”

“തമ്പാനൂരിൽ നിന്ന് വെട്ടുകാട് പള്ളിയിലേക്ക് ഓട്ടോയിൽ ആണ് വന്നിരുന്നത്.. പാറ്റൂര് വെച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ തൽക്ഷണം മരിച്ചു… ഗുരുതരമായി പരിക്കേറ്റ നോബിളിനെ കിംസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു…”

“ഡോക്ടർ.. എനിക്കൊന്ന് കാണണം…
പ്ളീസ് പപ്പാ… ഡോക്ടറോട് പറയൂ…”

ജോസഫ് മാഷ് അവളെ ചേർത്ത് പിടിച്ചു…

“മോള് വാ… നോബിളിനെ കാണാം…”

ആകാംക്ഷയോടെ ഡോക്ടറുടെ പിറകെ…. അവർ ചെന്നു നിന്നത് ആദ്യം കണ്ട മഹേഷിന്റെ മുന്നിൽ…. തന്നെ

“ലിസാ… നിന്റെ നോബിൾ ഇവനിലൂടെ ജീവിക്കുന്നു…”

“ഡോക്ടർ…..”
ആ വിളിയിൽ എല്ലാം ഉണ്ടായിരുന്നു..

“കിംസ് ആശുപത്രിയിൽ നോബിളിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു….”

“പിന്നെ.. മഹേഷിന്റെ നെഞ്ചില് നോബിളിന്റെ ഹൃദയം മിടിക്കുന്നത് വരെ… എല്ലാം ദൈവത്തിന്റെ കൈയിലായിരുന്നു..”

നീർത്തുള്ളികളായ് പെയ്തു. അവളുടെ കണ്ണുകൾ…

തന്റെ നോബിളിന്റെ ഹൃദയമിടിപ്പിന് താഴെ
കൽ മുട്ടിൽ കുത്തിയിരുന്ന് കൈകൾ കൊണ്ട് മുഖം പൊത്തി കരയുന്ന… ലിസയെ ചേർത്ത് പിടിക്കാൻ.. അപ്പോൾ ഒരുപാട് കരങ്ങൾ കൂടുതലുണ്ടായിരുന്നു…….

മഹേഷിന്റെ കൈകളോട് ലിസയുടെ കൈകൾ ചേർത്തു വെച്ചപ്പോൾ.. നോബിളിന്റെ ഹൃദയം ചേർത്ത് വെച്ച നിമിഷത്തേക്കാൾ മനോഹാരിത തോന്നി ഡോക്ടർ ജിഎസ് സുനിലിന്….

Leave a Reply

Your email address will not be published. Required fields are marked *