ഒടുവിൽ അവന്റെ മുമ്പിൽ അവളെല്ലാം സമർപ്പിച്ചതിന് ശേഷമാണ് അവർ തമ്മിലുള്ള പ്രണയം അറിയുന്നത്, കരയാനും..

(രചന: Jamsheer Paravetty)

“എല്ലാം ഞെക്കി പിഴിഞ്ഞ് ഒരു കോലത്തിലായപ്പോൾ ഒഴിവാക്കുന്നത് ശരിയല്ല അജീ…”

“അല്ലാതെ പിന്നെ..”

“അവളെ കല്യാണം കഴിക്കണം.. നീ..” “പോടാ.. തമാശ പറയാതെ… അതിനൊന്നും എനിക്ക് പറ്റില്ല..”

“എടാ അവള് വല്ല കടും കൈയും ചെയ്താൽ നീ കുടുങ്ങും… പറഞ്ഞേക്കാം”

“എന്ന്കരുതി ജീവിതകാലം മുഴുവൻ അവളെ കൂടെ പൊറുപ്പിക്കണോ..”

“പിന്നെ എന്തിനാടാ.. ആ പാവത്തിനെ…..”

“സ്നേഹിച്ച് തുടങ്ങുമ്പോൾ അവൾക്ക് സൗന്ദര്യം ഉണ്ടായിരുന്നു.. നല്ല ഭംഗിയുള്ള ശരീരം ഉണ്ടായിരുന്നു… ഇപ്പോ ഇടിഞ്ഞ് തൂങ്ങി തിളക്കം നഷ്ടപ്പെട്ട മുഖവും… കൂടെ കൊണ്ട് നടക്കാൻ പറ്റില്ല മോനേ…”

“നീയല്ലേ അവളുടെ ഈ കോലത്തിൽ ആക്കിയത്……

“അതവൾ കൂടി സപ്പോർട്ട് ചെയ്തിട്ടല്ലേ..”

“നിനക്കൊരിക്കലും അവളോട് പ്രണയം തോന്നിയിട്ടേയില്ല…?”

“പ്രണയം.. അതൊരു ഭംഗി വാക്ക് മാത്രമാണ്…”

“””””ഒരാളെ കണ്ടു മുട്ടുക… ആദ്യം ചിരിക്കുക… പിന്നെ സംസാരിച്ചു തുടങ്ങുക… സംസാരത്തിന്റെ ദൈർഗ്യം കൂട്ടുക…. സൗഹൃദമാണെന്നു തെറ്റിദ്ധരിപ്പിക്കുക…..
അതിൽ നിന്ന് സ്നേഹത്തെ വേർതിരിച്ചെടുക്കുക…. പരസ്പരം കണ്ണിൽ നോക്കി സ്നേഹം പറയുക…..

സ്നേഹത്തിന്റെ അനന്ത വിഹായസ്സിൽ പറന്നു നടക്കുക….. ഭ്രാന്തമാവുക…
ലഹരിയാവുക…. ആസ്വദിക്കുക…. ഉടലും ഉയിരും ഒന്ന് ചേരുക… തങ്ങൾക്ക് ഉള്ളതെല്ലാം പരസ്പരം ഷെയർ ചെയ്യുക……

ഒരാൾക്ക് സ്വന്തമാക്കണമെന്നു തോന്നി തുടങ്ങുമ്പോൾ മറുപാതി പിരിയാൻ ആഗ്രഹിച്ചു തുടങ്ങുക…. പതിയെ പതിയെ സ്നേഹ കൂടുതലിന് പരാതി കേട്ട് തുടങ്ങുക…. രാവന്തിയോളം കരയുക….

വിങ്ങലുകളുടെ അമർഷവും ആവലാതിയും നാല് ചുമരിൽ ഒതുക്കാൻ കഴിയാതെ വരിക…..
രണ്ട് ഭ്രാന്തിൽ ഒരാളുടെ ഭേദമായെന്നു തിരിച്ചറിയുക…… മടുക്കുക
മറക്കുക…… അടുത്ത ഭ്രാന്ത് തേടി പോവുക….””””””””””””

“ജയാ..ഇതിനുമപ്പുറം മറ്റെന്താണ് പ്രണയം”

അവന്റെ ഫിലോസഫി കേട്ട് സത്യത്തിൽ കണ്ണ് തള്ളി.. ജയന്
“നീയീ പറഞ്ഞത് മറ്റാരോ പറഞ്ഞതല്ലേ…”
“മറ്റാരും പറയാത്ത ഒരു വാക്കുപോലും ഈ ഭൂമി ലോകത്ത് ഇല്ല മോനെ”

“”””””കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവൻ കളഞ്ഞു സ്നേഹിക്കുന്നതും പ്രണയമാണ്””””””

അവനോട് അത് പറയുമ്പോൾ അനുവിന്റെ മുഖം മനസ്സിൽ വന്നിരുന്നു..

“എടാ.. അവൾ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്… എന്നിട്ടും നീ..”

“ഇതേക്കുറിച്ച് ഇനി കൂടുതൽ ഒന്നും എനിക്ക് പറയാനില്ല…”

“നിനക്ക് വേണമെങ്കിൽ എന്റെ കല്യാണത്തിന് വരാം…”

“ഞാൻ വരില്ല..”

“നീ വരണ്ട.. യുകെയിൽ നഴ്സാണ് അവൾ.. കല്യാണം കഴിഞ്ഞ് അവളോടൊപ്പം ഞാനും യുകെയിൽ പോകും… പിന്നെ അവിടെയാണ് ഞങ്ങളുടെ ജീവിതം..”

“അനുവിന്റെ ശാപം നിനക്ക് എന്നുമുണ്ടാകും”
“നീയിവിടെയിങ്ങനെ ആദർശത്തെയും കെട്ടി പിടിച്ച് കിടന്നുറങ്ങി കാലം കഴിച്ചോ…”

ഒന്നും പറയാൻ തോന്നിയില്ല..
പാവം… അനുപമ

എന്നത്തേയും പോലെ അന്നും കുളിച്ച് ഫ്രഷായി കഴിഞ്ഞപ്പോൾ സമയം എട്ടര.. എട്ടേമുക്കാലിന്റെ ആദിത്യൻ കിട്ടാൻ പിന്നെ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി..

“എടാ ചെക്കാ.. നിന്റെ ഈ ചീഞ്ഞ വിയർപ്പ് എന്റെ മേല് ആക്കല്ലേ…”

“സോറി.. ഓടി വന്ന് കയറിയതാ.. അടുത്ത സ്റ്റോപ്പിലിറങ്ങി പുറകില് പോയി കയറാം..”

ഒരുവിധം ആ ഇടുങ്ങിയ സ്റ്റെപ്പില് അവളെ മുട്ടാതെ ഒതുങ്ങി നിന്നു.. അടുത്ത സ്റ്റോപ്പിൽ ബസ്സ് നിൽക്കുന്നതിന്റെ മുമ്പേ ഇറങ്ങിയിരുന്നു..

ഓടി പിറകിൽ പോയി അള്ളിപ്പിടിച്ച് തൂങ്ങി നിന്നു… കോളേജ് സ്റ്റോപ്പിൽ ഇറങ്ങി.. ഓഹ്.. വിയർപ്പ് അലർജിയുളള അവളും ഇതേ കോളേജിൽ തന്നെ ആണോ.. അവളെ നോക്കി പുഞ്ചിരിച്ചു എങ്കിലും തിരിച്ച് അതുണ്ടായില്ല..

“ജയാ ഇതാരുടെയാ..” അനൂപ് എടുത്തു കാണിച്ചപ്പോഴാണ് കാണുന്നത്.., ബാഗിന്റെ സിബ്ബിൽ കൊളുത്തി നിൽക്കുന്ന കൈചെയിൻ..

“ഈശ്വരാ.. ഇതവളുടേതാകും..”

“ആരുടെ”

കാര്യങ്ങള് ഓടിച്ചു പറഞ്ഞു അവനോട്..
“വാ.. ഇപ്പോ തന്നെ കൊടുത്തു വരാം..”

“എനിക്കപ്പോഴേ തോന്നി അവനൊരു കള്ളനാണെന്ന്.. മനപ്പൂർവം ഓടി വന്നു കയറിയതാ..”

നിനക്ക് അപ്പോൾതന്നെ നോക്കാമായിരുന്നു.. എന്നാ കൈയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാൻ പറ്റിയിരുന്നു” അനുപമയുടെ കൂടെ മായയും അഭിരാമിയും കൂടി വന്നു പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക്..

“എടീ..ദേ.. ആ കള്ളൻ ഇങ്ങോട്ട് വരുന്നു.. ”
“ഈശ്വരാ അവന്റെ ഒരു ധൈര്യം നോക്ക്..”

“ഇതെന്റെ ബാഗിന്റെ സിബ്ബിൽ കൊളുത്തി നിന്നിരുന്നതാണ്..”

“നിങ്ങളുടേത് ആണെങ്കില് വാങ്ങാം..
ഇല്ലെങ്കിൽ പ്രിൻസിപ്പലിനെ ഏൽപ്പിക്കാണ്..”

“നീ മനപ്പൂർവ്വം എടുത്തതല്ലേ ഇത്..”

“എന്നാപ്പിന്നെ ഇതും കൊണ്ട് ഇങ്ങോട്ട് വരണോ.. നിനക്ക് വേണമെങ്കിൽ വാങ്ങാം.. ഇല്ലെങ്കിൽ ഓഫീസിൽ നിന്ന് വാങ്ങിക്കോ..”

അവളത് പിടിച്ചു വാങ്ങുകയായിരുന്നു..
“ആ അതിൽ കുറച്ച് വിയർപ്പൊക്കെ പറ്റിയിരിക്കും..” അതും പറഞ്ഞ് അവളുടെ മുഖഭാവം പോലും നോക്കാതെ തിരിഞ്ഞ് നടന്നു..

അവളും ആദിത്യനിലെ സ്ഥിരം യാത്രക്കാരിയാണ് എന്ന് പിന്നീട് മനസിലായി…

പിന്നെ പിന്നെ കാണുമ്പോൾ വിടരുന്ന അവളുടെ മുഖം.. ആദ്യമൊക്കെ കണ്ടില്ലെന്നു നടിക്കാൻ ശ്രമിച്ചു… ഒടുവിൽ അവളുടെ മനോഹരമായ പുഞ്ചിരിയുടെ മുന്നിൽ മനസ് തോറ്റു. അവൾ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയത് പിന്നെ വളരെ പെട്ടെന്നായിരുന്നു…

അനുപമ.. ഒരു നല്ല കൂട്ടായി എപ്പോഴും കൂടെ തന്നെ ഉണ്ട്..

ജയന്റെ കൂടെ പലപ്പോഴും അവളെ കണ്ടപ്പോഴാണ് അജിത് അവളെ ശ്രദ്ധിക്കുന്നത് തന്നെ…
ഒടുവിൽ അവന്റെ മുമ്പിൽ അവളെല്ലാം സമർപ്പിച്ചതിന് ശേഷമാണ് അവർ തമ്മിലുള്ള പ്രണയം അറിയുന്നത്…

കരയാനും സങ്കടപ്പെട്ട് ഇരിക്കാനും അവൾ തന്റെ ആരാണ് എന്ന് പലയാവർത്തി സ്വയം ചോദിച്ചു…
ഒരു നല്ല സുഹൃത്ത്.

അവൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്..
അങ്ങനെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു എങ്കിലും മനസ്സിൽ എവിടെയൊക്കെയോ ഒരു നീറ്റൽ..

കോളേജ് ജീവിതം കഴിഞ്ഞ ശേഷം എല്ലാവരും പലവഴിക്ക് പിരിഞ്ഞു..

പിന്നീട് അവരെ രണ്ടു പേരെയും കുറച്ചു കാലങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ലാൽബാഗിൽ വെച്ചാണ് കാണുന്നത്.. ഭാര്യ ഭർത്താക്കന്മാരെ പോലെ അവരെ കണ്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ തോന്നി എങ്കിലും അവരുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചു.

“ആ.. ജയാ നീ ഇവിടെ ഉണ്ടായിരുന്നു ല്ലേ..”
“ആ…. ”

“ഞങ്ങള് രണ്ടാളും ഐബിഎമ്മില് ഉണ്ട്..”

“ഓഹ്.. ഞാൻ ആനന്ദ് ആന്റ് കമ്പനിയിൽ..”

“എന്നാലും നിങ്ങള് രണ്ടാളും എന്നോട് കല്യാണം പറഞ്ഞില്ല..”

“എടാ മണ്ടാ.. അതിനാരാണ് കല്യാണം കഴിച്ചത്..
“പിന്നെ….”

“ഇഷ്ടമുള്ളവർക്ക് ഒരുമിച്ച് കഴിയാൻ കല്യാണം കഴിക്കണമെന്നില്ല മോനേ..”

രണ്ടു പേരേയും മാറി മാറി നോക്കി.. അവർ തന്നെ ഒരു മണ്ടൻ കുഞ്ചു എന്ന പോലെ നോക്കി ചിരിക്കുന്നു..

പിന്നെയും പല പ്രാവശ്യം കണ്ടു..

പിന്നെ പിന്നെ പലപ്പോഴും അവർ തമ്മിലുള്ള വഴക്കുകളിൽ മധ്യസ്ഥനായി…

ബാംഗ്ലൂരിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്നതിനു ശേഷം അജിത്തിനെ കാണുന്നത് ഇന്നാണ്…

പാവം അനു… അജിത്തിനെ വിശ്വസിച്ചു പോയിട്ടുണ്ടാവും അവൾ… ഒരിക്കലും ഇട്ടേച്ച് പോവില്ല എന്ന് കരുതിക്കാണും.. ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ട് പോലും പരസ്പരം മനസ്സിലാക്കാൻ കഴിയാതിരിക്കുന്നവരെ എന്താണ് വിളിക്കുക..

ഇന്നാണ് അജിത്തിന്റെ കല്യാണം.
പോകുന്നില്ല എന്ന തീരുമാനം മാറ്റിയില്ല.
അമ്മയോടൊപ്പം മുറ്റത്തെ കള പറിച്ച് കൊടുത്തു..
അമ്മയ്ക്കൊരു കൂട്ട് വേണമെന്ന് ഒരുപാട് കാലമായി പറയുന്നു..

“ഈ മുറ്റമടിക്കാനെങ്കിലും ഒരാള്..”

“ഞാനടിച്ചോളാം അമ്മേ..”

“പോടാ.. അല്ലെങ്കിൽ തന്നെ കുലം മുടിഞ്ഞു.. ഇനി ആണൊരുത്തൻ മുറ്റമടിക്കുക കൂടി ചെയ്യാത്രേ..”

തുറന്നു കിടക്കുന്ന ഗെയിറ്റ് കടന്ന് വന്ന നീല കളർ നെക്സോൺ അജിത്തിന്റെയാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു.. തിടുക്കത്തിൽ ഇറങ്ങി വന്നു അവൻ
“എടാ.. ജയാ.. വാ.. പ്രശ്നമാണ്..”
ഒന്നും മനസ്സിലാവാതെ ജയനും അമ്മയും അവനെ നോക്കി..

“എടാ നീ വേഗം ഒരു ഷർട്ടെടുത്തിട്ട് വാ..”

“നീ കാര്യം പറയൂ മോനേ..”

“അമ്മേ.. ഇന്നെന്റെ കല്യാണമാണ്.. പക്ഷേ.. അത് മുടക്കാൻ ഒരാള് വന്നിരിക്കുന്നു…”

“ഈശ്വരാ…. ജയാ.. നീ വേഗം ചെല്ല്…മോനേ അവന്റെ കൂടെ..”

“ജയാ… അവള്.. ആ തെണ്ടി വന്നിരിക്കുന്നു…”

“അനു എവിടെയാണ്”

“വീട്ടിൽ… ഈ കല്യാണം എങ്ങാനും മുടങ്ങിയാൽ കൊല്ലും ഞാനവളെ..” അതി രാവിലെ തന്നെ കല്യാണത്തിന് വന്ന വേണ്ടപ്പെട്ടവർ എല്ലാം ചേർന്ന് അജിത്തിന്റെ വീട്ടിൽ ചെറിയൊരു ആൾക്കൂട്ടം…

“എടാ.. അവളിവിടെ കെട്ടി തൂങ്ങി ചാകുമെന്ന്…”
അജിത്തിന്റെ അച്ഛന്റെ വാക്കുകൾ കേട്ടാലറിയാം മനസിന്റെ ബേജാറ്..

“ആകെ ഗുലുമാൽ ആയല്ലോ ഈശ്വരാ…”
പതം പറയുന്നു കാരണവൻമാർ..

“എടാ.. ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ..”
അതും പറഞ്ഞ് അകത്തേക്ക് കയറി പോകുമ്പോൾ മനസ്സിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു… ഉറച്ച മനസ്സോടെ അവളുടെ അടുത്ത് ചെന്നിരുന്നു.

“അനൂ…”

“ജയാ.. നീ…”

“അനൂ.. വാ.. നമുക്ക് പോവാം..”

“നീ എന്തിനാ ഇപ്പൊ ഇവിടെ വന്നത്…”

“നീ വാ അതൊക്കെ പറയാം..”

അവളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു.
അജിത്തിന്റെ കാറിൽ ഒന്നും ഉരിയാടാതെ അവൾ ഇരുന്നു.

“അനൂ.. അപ്പൊ നിന്റെ ആദർശം ഒക്കെ എവിടെ..”

“ജയാ… ഞാൻ.. അവനെന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല..”

“അനൂ.. സ്നേഹം അങ്ങനെയാണ്… പച്ചയായ സ്നേഹം നമുക്ക് വേണ്ടി യാചിക്കുമ്പോഴും പ്രണയത്തിന്റെ വർണങ്ങൾ തേടി അലയുകയാവും നാം..”

“ജയാ… എന്നെ ചതിച്ചിട്ട് അവൻ സുഖിച്ചു ജീവിക്കേണ്ട..”

“അനൂ… ആ പഴയ ഇഷ്ടം എവിടെ എങ്കിലും ബാക്കി ഉണ്ട് എങ്കിൽ നീ അതെല്ലാം മറന്നേക്കൂ…”

“അവനോട് ഇഷ്ടമോ… അതൊക്കെ എന്നേ മരിച്ചു..”

“എന്നാലവനെ മറന്നേക്ക് അനൂ… അവനാ ഫോറിൻ കാരിയെക്കൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കട്ടേ…”

മുറ്റത്തേക്ക് വീണ്ടും വന്നു നിന്ന കാറിൽ നിന്നും ഇറങ്ങി വരുന്ന ജയനും കൂടെ ഒരു പെൺകുട്ടിയും..

“അമ്മേ… ഇത് അനുപമ. എനിക്ക് ഒരുപാട് കാലമായി അറിയാം.. ഇടക്ക് അവളൊരു ചെളിക്കുണ്ടിൽ വീണമ്മേ….” അമ്മ അനുപമയെ ആകെ മൊത്തം നോക്കി..

“പക്ഷേ ഇന്നവളാ അഴുക്ക് കഴുകി കളഞ്ഞാണ് വന്നതമ്മേ….” ഒന്നും മനസ്സിലാവാതെ അമ്മയും അനുവും ജയനെ നോക്കി…

“അമ്മയ്ക്ക് മുറ്റമടിക്കാനൊരു മരുമകളെ വേണമെന്ന് പറഞ്ഞിരുന്നില്ലേ… ഇതാ ഇവളെ പറ്റുമെന്ന് നോക്കമ്മേ…”

താനീ നിമിഷം ഉരുകി തീർന്നിരുന്നു എങ്കിലെന്ന് തോന്നി അനുപമയ്ക്ക്… ചുറ്റും ഭൂമി കറങ്ങുന്നു… ജയനോട് എന്ത് പറയണം എന്ന് പോലുമറിയാതെ അനുപമ നിന്ന് ഉരുകി.. കൂപ്പി നിന്ന കൈകൾ വിറച്ചു..

“ഞാൻ… ഞാൻ അറിയാതെ പോയല്ലോ… ഈശ്വരാ…”

“അനൂ… പ്രണയം സത്യമാണ് എങ്കിൽ ഒരിക്കലും മനസിൽ അത് മരിക്കില്ല… ശരീരം പുഴുവരിച്ചാൽ പോലും നമുക്കവരോട് അറപ്പ് തോന്നില്ല…”

“വാ.. മോളേ അകത്തേക്ക് വരൂ..” അനു ആ അമ്മയെ കെട്ടിപ്പിടിച്ചു…

“അമ്മേ… ജയനെ പോലെ ഒരു മകന് ജന്മം നൽകാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവതിയാണ്….”
അമ്മയ്ക്ക് രണ്ടു കവിളിലും മുത്തം കൊടുത്തു…

“അമ്മേ.. മരിക്കുവോളം ഓർമ്മിക്കാൻ എനിക്ക് ഈ സ്നേഹം മതി” ആ അമ്മയുടെ തലോടലിൽ നിന്നും തിരിഞ്ഞു അവൾ..

“ജയാ… വാ.. എന്റെ ബാഗ് അവിടെയാണ്… ”

“നീ അവിടെ ചെന്ന് സീനുണ്ടാക്കരുത് ട്ടോ..”
അവളൊന്നും പറഞ്ഞില്ല.

വന്നു നിന്ന കാറിൽ നിന്ന് ഇറങ്ങിയ അനുവിനെ കണ്ടപ്പോൾ അജിത്തിന്റെ മുഖം വിവർണമായി..
അവിടെയും ഇവിടെയും നിന്നിരുന്നവർ മുന്നിലേക്ക് വന്നു… അജിത്തിന്റെ മുഖത്ത് വീണ അനുപമയുടെ കൈയ്ക്ക് നൂറു ഡിഗ്രി ചൂടുള്ളത് അജിത് ശരിക്കും അറിഞ്ഞു..

അടി കിട്ടിയ കവിൾ പൊത്തി നിന്നു അജിത്.
“പെണ്ണ് ഉപകരണം മാത്രമല്ലെടാ നാറീ… അതിനുള്ളിലും ഒരു മനസ്സുണ്ട്.. നിന്നെപ്പോലെയുള്ള നായ്ക്കൾക്ക് അത് കാണാൻ കഴിയില്ല…” അവരെല്ലാവരും നോക്കി നിൽക്കെ ജയന്റെ കവിളിൽ ഉമ്മ വച്ചു അവൾ..
ഒന്നല്ല ഒരുപാട് വട്ടം…

“അനൂ.. പോയി.. വാ” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അനു ഒരിക്കൽ കൂടി ജയനെ കെട്ടിപ്പിടിച്ചു….

“ഞാൻ… തിരിച്ചറിയാതെ പോയല്ലോ… ഈ മനസ്…”

“അനൂ.. ആളുകൾ നോക്കുന്നു.. പോയി വേഗം ബാഗ് എടുത്തു കൊണ്ട് വാ…”

“ജയാ…. ” അവന്റെ കണ്ണുകളിൽ നോക്കി നിന്നു കുറച്ചു നിമിഷങ്ങൾ….

ഒരിക്കൽ കൂടി ഉമ്മ വച്ചു അനു… കണ്ണിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ ജയന്റെ കവിളിൽ വീണ് ചിതറി….

അകത്തേക്ക് പോയ അനുവിനെ കാത്ത് അക്ഷമയോടെ നിന്നു അവർ..

“അജീ.. അവളെന്താ ഇനിയും വരാത്തത്…”

“വാ… പോയി നോക്കാം…”

അകത്ത് നിന്ന് ലോക് ചെയ്ത വാതിൽ പണിപ്പെട്ട് തുറന്ന് അകത്തേക്ക് കയറിയ അവർ തരിച്ചു നിന്നു… ഫാനിൽ തൂങ്ങി ആടുന്ന അനുപമ…. ഓടിച്ചെന്ന് ജയനും അജിത്തും കൂടി അവളെ താങ്ങി നിർത്താൻ ശ്രമിച്ചു…

കെട്ടറുത്ത് താഴെ ഇറക്കി.. കല്യാണം കൂടാൻ വന്ന ഡോക്ടമ്മാവൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ…. ജയനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് അജിത് ആയിരുന്നു….

“അനൂ.. എന്റെ പൊന്നു മോളേ…. ഞാൻ… നിന്നെ കൊലക്ക് കൊടുത്തല്ലോ… ഈശ്വരാ….”

കണ്ണിൽ നിന്നും ഉതിർന്നു വീണ രക്തവർണമുള്ള നീർതുള്ളികൾ ജയന്റെ കവിളിലൂടെ ഒഴുകി ഒലിച്ചു… അപ്പോഴും പൊട്ടിക്കരയുന്ന അജിത്തിനെ സമാധാനിപ്പിക്കാൻ പാടുപെട്ടു ജയൻ…

“വേണ്ടാ.. എനിക്കിനി കല്യാണം വേണ്ടാ… എന്റെ അനുവില്ലാത്ത ലോകത്ത് ഇനി മറ്റൊരു പെണ്ണും വേണ്ട….”… ഒരു ഭ്രാന്തനെപ്പോലെ മുന്നിൽ കണ്ടതെല്ലാം തട്ടിത്തെറിപ്പിച്ചു അജിത്..

സ്വാർഥതയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തുന്ന സ്നേഹം തിരികെ പിടിക്കാൻ തോന്നിത്തുടങ്ങുമ്പോൾ ഒരു പക്ഷെ…. തിരികെ ലഭിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ട് പോയിരിക്കും….

Leave a Reply

Your email address will not be published.