എന്നാപ്പിന്നെ അവൾക്ക് നല്ലൊരു കിളുന്ത് പയ്യനെ കിട്ടിയപ്പോൾ എന്തിന് നിങ്ങളെന്ന് തോന്നിയിരിക്കണം, ഏതായാലും..

(രചന: Jamsheer Paravetty)

പറയാതെ വന്ന മഴയിൽ നനയാതെ, അവളേയും കൊണ്ട് പള്ളിമുക്കിലെ ബസ് സ്റ്റോപ്പിലേക്ക് ഓടി…

മുന്നിലുള്ള ഓട്ടോക്കാർ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു.. തലകുലുക്കി വന്ന ആനവണ്ടി മുന്നിൽ വന്നു നിന്നു…

ഈശ്വരാ മുടിഞ്ഞ തിരക്കാ.. അടുത്ത വണ്ടിക്ക് പോകാം.. മൂന്നാമത് വന്ന തിരുവനന്തപുരം വണ്ടിയും തഥൈവ..

ഒരു രക്ഷയുമില്ല മോളേ.. വാ.. ഇതില് കയറാം…
തിക്കിത്തിരക്കി നടുവിലെത്തി നിന്നു..

തുറിച്ചുന്തി നിൽക്കുന്ന സിന്ധുവിന്റെ നെഞ്ച് പോലെതന്നെ പലരുടെയും കണ്ണുകളും പുറത്തേക്കുന്തി നിൽക്കുന്നു.

കുറച്ചൂടെ മാന്യമായി ഡ്രസ്സ് ചെയ്താ മതിയായിരുന്നു… ബസിൽ കയറുന്നതിനു മുമ്പ് തന്നെ അവളോട് പറഞ്ഞതാണ്…

ഇനിയിപ്പോ നേരം ഒരുപാടായില്ലേ.. ഇത് മതി ..
മതിയെങ്കിൽ മതി..എന്ന് പറഞ്ഞു..

അവിടെ ടിക്കറ്റ്.. രണ്ട് ഉള്ളൂര്..

ചേട്ടാ.. മുമ്പിലൊരു സീറ്റ് കൊട്ടിയത്തിറങ്ങും..
അവിടെ പോയിരുന്നോ.. അവളെ ഇവിടെ നിർത്തി ഞാൻ പോയിരിക്കണോ…

ഏട്ടൻ പോയിരിന്നോ ഞാനിവിടെ നിന്നോളാം..
അവളുടെ കൂടി നിർബന്ധത്തിൽ മുന്നിൽ പോയി ഇരുന്നു..

എവിടേക്കാ…

തിരുവനന്തപുരത്തേക്കാണ്..

ആ..എന്നാലവിടെ ഇരുന്നോളൂ… ഞാനതിന് മുമ്പിറങ്ങും… സൈഡ് സീറ്റിലിരുന്ന ആൾ ഇപ്പുറത്തേക്ക് നീങ്ങി..

അവിടെ എന്താണ്..?

മെഡിക്കൽ കോളജിലെ ട്രീറ്റ്മെന്റാണ്..
ഓഹ്..

ചെക്കപ്പിന് പോവാണ്..

ഒറ്റയ്ക്കാണോ…

അല്ല.. അവള് പുറകിലുണ്ട്..

ആരാണ് കൂടെ..

അത്… നമ്മുടെ ഒരാളാണ്..

ഓഹ്.. സെറ്റപ്പാണോ..

ഏയ് അല്ല..

പിന്നെ..

അവളാരാണെന്ന് പറഞ്ഞു..

അമ്മയെ തിരുവനന്തപുരം ശ്രീ ചിത്തിരയിൽ അഡ്മിറ്റായ സമയത്താണ് അവളും ഭർത്താവുമായി അവിടെ തൊട്ടടുത്ത മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്…

കണ്ടു.. പരിചയപ്പെട്ടു.. സൗഹൃദമായി… പിന്നെ ഫോൺവിളിയായി… ഒടുവിൽ ഭർത്താവിനെ ഒഴിവാക്കി അവള് എന്റെ കൂടെ വന്നു…

ഓഹ്.. നിങ്ങളാള് കൊള്ളാല്ലോ…

നാണത്തോടെ ചിരിച്ചു..

കൊട്ടിയവും ചാത്തന്നൂരും കഴിഞ്ഞു..
ബാക്കിലേക്ക് ഒന്നെത്തി നോക്കി… ഏതോ പയ്യനോട് സംസാരിച്ച് അവളവിടെ തന്നെ നിൽക്കുന്നു…

പാരിപ്പള്ളിയും കൂടി കഴിഞ്ഞപ്പോൾ ബസിൽ കാല് കുത്താൻ സ്ഥലമില്ലാത്തത്ര തിരക്കായി..

ഉള്ളൂര് ടിക്കറ്റൊക്കെ ബേക്കിലോട്ട് വരൂ…

ആളുകളെ വകഞ്ഞുമാറ്റി ബാക്കിലെ ഡോറ് വരെ എത്തൽ വലിയൊരു സാഹസം തന്നെയായിരുന്നു… കഴക്കൂട്ടം കഴിഞ്ഞപ്പോഴേ എണീറ്റു വന്നാൽ മതിയായിരുന്നു..

തിരക്കിനിടയിൽ സിന്ധു എവിടെയാണാവോ..
ഉറക്കെ വിളിച്ചു പറഞ്ഞു
സിന്ധൂ.. എറങ്ങാനായി..

ഒരു വിവരവും ഇല്ല..

ഈശ്വരാ.. അവളെവിടെ..

കണ്ടക്ടർ പുറത്തിറങ്ങി വിളിക്കുന്നു..
ഉള്ളൂര് ടിക്കറ്റ് ഇനിയുമുണ്ടല്ലോ…

വീണ്ടും തിക്കിത്തിരക്കി മുന്നോട്ട് പോയി നോക്കി.. ഇല്ലല്ലോ അവളെ കാണാനില്ല..

ഇയാളെ ഭാര്യയെ കാണാനില്ലെന്ന്..
നിങ്ങളിങ്ങോട്ടിറങ്ങി വന്നേ.. കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.. മൊബൈലിൽ വിളിച്ചു നോക്ക്.. ആകെ ബഹളം…

നിങ്ങളുടെ കൂടെ കയറിയ പെണ്ണ് ആ പയ്യന്റെ കൂടെ പാരിപ്പള്ളിയിലിറങ്ങിയല്ലോ…

ഈശ്വരാ…

എന്നാ പിന്നെ അവിടെ പോയി നോക്ക് കാർന്നോരേ…. വലിച്ച് താഴെയിറക്കി..

പുറത്തിറങ്ങിയ ഉടനെ ബസ് യാത്ര തുടർന്നിരുന്നു.. ഈശ്വരാ അവളെ കാണാനില്ലല്ലോ…. എവിടെ പോയാണ് അന്വേഷിക്കുക..

ആ ചെറുക്കനേതാണാവോ.. അവന്റെ കൂടെ.. എന്തിനാണ് ഇറങ്ങിയത്.. എന്നോടൊന്ന് പറയുകപോലും ചെയ്യാതെ..

കൂടെ ആരുമില്ലേ എന്ന സ്ഥിരം ചോദ്യത്തിന് മറുപടിയായാണ് സിന്ധുവിനെ കൂട്ടി വന്നത്…
വേണ്ടായിരുന്നു.. ഒറ്റയ്ക്ക് വന്നാ മതിയായിരുന്നു.. ഈശ്വരാ.. ഇതിപ്പോ വല്ലാത്തൊരു പോരലായി..

തിരികെ കൊല്ലം വണ്ടിക്ക് കയറി..
പാരിപ്പള്ളിയിലിറങ്ങി സ്റ്റാൻഡിൽ കിടന്ന ഓട്ടോക്കാരോട് ചോദിച്ചറിഞ്ഞു…

ആ.. വെള്ള ബ്ളൗസ് തന്നെ..

പോടാ.. അയാളുടെ ഭാര്യയോ മറ്റോ ആണെന്ന് തോന്നുന്നു..

ഒരു റോസ് കളറ് സാരിയായിരുന്നു..

കുറച്ചു തടിയൊക്കെയുണ്ട്.. മുഖത്ത് വലത് വശത്തൊരു മറുകുണ്ട്..

ഓഹ്.. എന്നാപ്പിന്നെ നോക്കണ്ടാ.. എന്റെ ഓട്ടോയിലാ അവര് പോയത്..

എവിടെയാണ് പോയത്..

അവരെ ഇനി നോക്കീട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല.. ഓഹ് എന്തൊക്കെ ആയിരുന്നു… കെട്ടിപ്പിടിച്ച് ഉമ്മ വെച്ച്.. ആ ചെക്കനവളുടെ മുഖത്ത് ഉമ്മ വെക്കുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ…

അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല…

നിങ്ങളുടെ മക്കളെയൊക്കെ അറിയിച്ചോ..
പറയ് കാരണോലേ..

അവള് എന്റെ കൂടെ പോന്നിട്ട് ഒരുപാട് കാലമൊന്നും ആയില്ല..

ഓഹ്.. അത് ശരി… ആള് കൊള്ളാല്ലോ

എന്നാപ്പിന്നെ അവൾക്ക് നല്ലൊരു കിളുന്ത് പയ്യനെ കിട്ടിയപ്പോൾ എന്തിന് നിങ്ങളെന്ന് തോന്നിയിരിക്കണം…

ഏതായാലും ഞാനവര് ഇറങ്ങിയ സ്ഥലത്ത് കൊണ്ട് വിടാം…

ഇവിടെയാണിറങ്ങിയത്.. ദേ..ആ വീട്ടിലേക്കാണ് പോയത്.. ഓട്ടോക്കാരൻ പറഞ്ഞ വീട്ടിലേക്ക് കയറിച്ചെന്നു… പുറത്ത് ആരുമില്ല..
വാതിൽ തുറന്നു കിടക്കുന്നു..

അകത്തേക്ക് കയറി ചെന്നു.. കട്ടിലിൽ കിടക്കുന്ന മനുഷ്യരൂപത്തിന്റെ അരികിൽ ഇരുന്ന് നെഞ്ച് തടവിക്കൊണ്ടിരിക്കുന്നു സിന്ധു…

അയാളെകണ്ടവൾ പിടഞ്ഞെഴുന്നേറ്റു..
ആരാ.. സിന്ധൂ.. വന്നത്.. ഏതോ ഒരാൾ.. മനൂന്റെ പരിചയക്കാരനാകും..

മനു.. എവിടെ.. അവനങ്ങാടിയിൽ പോയി..ഏട്ടാ.. ഒന്നും മനസ്സിലാവാതെ നിൽക്കുന്ന സമയത്താണ് മനു വന്നത്… ആ.. മോനേ നിന്റെ സുഹൃത്ത് വന്നത് കണ്ടില്ലേ…

ആ.. അമ്മ പോയി ചായ ഇട്ടു വാ…
അത് വരെ ഞാൻ തടവാം അച്ചനെ…

ഈശ്വരാ… സിന്ധുവിന്റെ ഭർത്താവും മകനും…

റൂമിന് പുറത്തിറങ്ങി…

സിന്ധു ആകെ മാറിയിരിക്കുന്നു… അന്യനെ പോലെ എന്നെ നോക്കി..

എന്റെ ബുദ്ധിമോശം കൊണ്ടാണ് നിങ്ങളുടെ കൂടെ വന്നത്… ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു… നിങ്ങള് കുമാരപുരത്തേക്ക് തിരിച്ചു പോവണം… ഭാര്യയേയും
മക്കളേയും ശരിക്ക് നോക്കണം…

എന്നോട് ക്ഷമിക്കൂ… കൂടുതലൊന്നും എന്നോട് ചോദിക്കല്ലേ… തൊഴുകൈയോടെ അവൾ വീണ്ടും റൂമിലേക്ക് പോയി….

മനു ഇറങ്ങിവന്നു.. പതിനെട്ട് വയസ്സേയുള്ളൂ എങ്കിലും ഒരാജാനബാഹു തന്നെ…

ഈശ്വരാ.. അക്രമിക്കോ..
പേടിയോടെ ഒതുങ്ങി നിന്നു…

അങ്കിള് വരൂ… അവന്റെ പിറകെ ഇറങ്ങി നടന്നു…

അമ്മയും അച്ഛനും ഞാനും അടങ്ങുന്ന മനോഹരമായ ജീവിതമായിരുന്നു…. അതിനിടയിൽ അച്ഛൻ തെങ്ങിൽ നിന്ന് വീണതും.. കിടപ്പിലായതും.. വിശദമായി പറഞ്ഞു..

പത്തു വർഷത്തോളം പഴക്കമുള്ള അച്ചന്റെ ഈ കിടത്തം അമ്മയുടെ ഇച്ഛാ ശക്തി കൊണ്ടാണ് കഴിഞ്ഞു പോയത്…. അച്ഛന്റെ കിടത്തം പോലെ
എന്റെ അമ്മയുടെ അവസ്ഥയിലും ഒരുപാട് സങ്കടമുണ്ടായിരുന്നു..

ആയിടക്കാണ് അമ്മ നിങ്ങളെ പരിചയപ്പെടുന്നതും നിങ്ങളുടെ കൂടെ പോരുന്നതും.. എനിക്ക് മനസിലാക്കാൻ കഴിയും അമ്മയെ… അത് കൊണ്ടാണ് ഞാൻ നാട്ടിൽ എല്ലാവരോടും അമ്മ ജോലിക്കു പോയതാണ് എന്ന് പറഞ്ഞത്..

അമ്മ പോയതോടെ അച്ചനാകെ തളർന്നു..
അച്ഛന്റെ പെങ്ങളുടെ വീടാണിത്…
പൊങ്ങുംമൂട്ടിലെ വാടക വീട്ടിൽ നിന്ന് ഇവിടെ വന്നത് വാടക എങ്കിലും ലാഭിക്കാമെന്ന് കരുതിയാണ്…

ഞനമ്മയോട് തിരികെ വരാനൊന്നും പറഞ്ഞില്ല…
അച്ഛന്റെ മരുന്ന് വാങ്ങാൻ കൊല്ലത്ത് പോയതായിരുന്നു… സമാജം വക മരുന്നുകൾ ഫ്രീയായി വാങ്ങാൻ.. മടങ്ങി വരുന്നവഴിയാണ് അമ്മയെ കണ്ടത്…

മോനേ… നിന്റെ പകുതി പോലും വിവരമില്ലാതെ പോയി ഞങ്ങൾക്ക്..

ഞാൻ സിന്ധൂനെ കൂട്ടി പോയതിന് ശേഷം മക്കളേയും ഭാര്യയേയും മറന്നു പോയല്ലോ…

ഏയ് ഇല്ല അങ്കിൾ… ഇനിയും വൈകിയിട്ടില്ല…
അവരുടെ അടുത്തേക്ക് തിരിച്ചു പോകൂ…
നമ്മൾ സ്നേഹിക്കുന്നവരേയല്ല നമ്മെ സ്നേഹിക്കുന്നവരേയാണ് ചേർത്ത് പിടിച്ചു സംരക്ഷിക്കേണ്ടത്… എങ്കിൽ മാത്രമേ ജീവിതം അർത്ഥപൂർണ്ണമാകൂ…

ഞാനമ്മയെ വിളിക്കാം.. അമ്മേ.. വരൂ.. സിന്ധു ഇറങ്ങി വന്നു..

എനിക്ക് എന്റമ്മയുടെ സന്തോഷമാണ് വലുത്.. എന്ന് കരുതി അമ്മയെ നഷ്ടപ്പെടലല്ല…

മനൂ.. എന്നോട് പൊറുക്കെടാ..

അമ്മേ.. എനിക്ക് ഒരിത്തിരി പോലും വെറുപ്പില്ല…

അങ്കിളിന് അമ്മയെ എപ്പോഴെങ്കിലും കാണാൻ തോന്നിയാൽ ധൈര്യമായി ഇവിടെ വരാം…

പാവം ന്റെ അച്ഛൻ… ഇന്നോ നാളെയോ എന്ന് കരുതി കിടക്കുന്നു… സ്നേഹവും സന്തോഷവും നൽകി സമാധാനത്തോടെ അച്ചനെ യാത്രയാക്കണമെങ്കിൽ അമ്മ കൂടെ വേണം.. അതാണ്…

ഇല്ല മോനെ… ഇനി ഞാൻ വരില്ല… നിന്നെ പോലെ ഒരു മകൻ പിറന്നതാണ് ആ അച്ഛന്റെ ഭാഗ്യം..

തൊഴുകൈയോടെ അവരോട് യാത്ര പറഞ്ഞിറങ്ങി… മനസ്സിൽ പുതിയ ഒരു വേലായുധൻ പിറവിയെടുത്തു…

ഭാര്യയും മക്കളും മനസ് നിറഞ്ഞ് നിൽക്കുന്നു…
കുമാരപുരം ലോകത്തിന്റെ അങ്ങേ തലയ്ക്കലാണോ… പോയിട്ടും പോയിട്ടും എത്തുന്നില്ല…

കുറച്ചു സാധനങ്ങൾ വാങ്ങി നേരെ വീട്ടിലേക്ക്…

മൂന്നാല് കവറുകളുമായി കയറി വരുന്ന ആളെ കണ്ട് അവരോടി വന്നു… അച്ഛൻ.. മൂന്ന് പേരേയും മാറി മാറി ഉമ്മ കൊടുത്തു…

വാതിലിന്റെ മറവിൽ എവിടെങ്കിലും ഉണ്ടോ.. ഇല്ല.. ലളിതയെ കാണുന്നില്ല…

മക്കളേ.. അമ്മയെവിടെ..

അമ്മ പണിക്കു പോയി.. അച്ഛൻ പോയില്ലേ.. അപ്പോ അമ്മ ജോലിക്കു പോകാൻ തുടങ്ങി….
ഇപ്പോ വരും.. വരാൻ നേരായി…

അടുക്കളയിൽ പോയി കാപ്പിയിട്ടു…
മക്കൾക്കും കൂടി ഗ്ളാസിൽ ഒഴിച്ച് വെച്ചു..

അച്ഛാ..ദേ അമ്മ വര്ണു…

കോലായിലേക്ക് കയറിയ ലളിതയെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു… എന്ത് സുന്ദരിയാണ് ലളിത എന്നാദ്യമായി തോന്നി… മിഴിച്ചു നില്ക്കുന്നത് തന്റെ ഭർത്താവാണ് എന്നത് ലളിതയിലും ഞെട്ടലായിരുന്നു…

ആകെ വിയർപ്പിന്റെ നാറ്റാണേട്ടാ… ആ വിയർപ്പിന്റെ സുഗന്ധം പോലും ആസ്വദിക്കുകയാണ്…..

ഞാനൊരുപാട് വേദനിപ്പിച്ചു ല്ലേ…
വീണ്ടും അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു..
ഏട്ടാ… ദേ… മക്കള് നോക്ക്ണുണ്ട്….. മക്കളുടെ മുന്നിലാണ് കെട്ടിപ്പിടിച്ച് നിന്നിരുന്നതെന്ന് അപ്പോഴാണ് ഓർമ്മ വന്നത്…

ഭൂമിയിലെ സ്വർഗം നമ്മുടെ കാൽച്ചുവട്ടിൽ തന്നെയാണ്… പക്ഷേ., നാമത് തിരിച്ചറിയണമെന്ന് മാത്രം…..

Leave a Reply

Your email address will not be published. Required fields are marked *