അച്ചനേയും അമ്മയേയും വിളിച്ചുകൊണ്ട് വന്ന് അപമാനിച്ചതില് പവി വല്ലാതെ നൊമ്പരപ്പെട്ടു, അവന്റെ സങ്കടം..

പ്രഭില
(രചന: Jamsheer Paravetty)

“അതേ.. എനിക്ക് പലതും കൂടുതലുണ്ട്.. എന്താ തനിക്ക് കാണണോ…”

“അയ്യേ.. വേണ്ടേ…” പ്രവീൺ കൈകൂപ്പി

“നാണമില്ലല്ലോടാ… ആ പെണ്ണിന്റെ മുന്നിൽ പേടിച്ചോടി നാണം കെട്ട്…”

“പേടിച്ചോടിയതൊന്നുമല്ല മോനേ.. അവളീ വർഷം വന്നതല്ലേയുള്ളൂ.. നമ്മളിവിടെ നിന്ന് പോകുന്നതിന് മുമ്പ് അവളെകൊണ്ട് ഞാൻ ഐലൗയു പറയിപ്പിക്കും..”

“നീ പോടാ തള്ളിമറിക്കാതെ..” അന്നും രാവിലെ തന്നെ സ്ഥിരം പരിപാടി തുടങ്ങിയിരുന്നു…

“എടാ പവീ നമ്മുടെ സാധനം വരുന്നുണ്ട്..”

“നമ്മുടെയല്ല എന്റെ..”

“ന്റമ്മോ..എന്നാൽ നിന്റെ..”

“നീ നിന്റെ നിന്റെ എന്ന് പറയുന്നതാല്ലാതെ അവള് നിന്നെ നോക്കുന്നത് പോലുമില്ലല്ലോ ടാ പവീ…”

“നിങ്ങള് കണ്ടോ ഇന്ന് ഞാനവളെകൊണ്ട് സംസാരിപ്പിക്കുന്നത്..”

നടന്ന് വരുന്ന നാൽവർ സംഘത്തിന്റെ അടുത്തേക്ക് ചെന്നു പവി.

“നിനക്കെന്താടീ വല്യ ജാഡയാണല്ലോ..”

“എനിക്ക് ചിലപ്പോൾ ജാഡയും അഹങ്കാരവുമുണ്ടാകും അത് താനറിയേണ്ട കാര്യമില്ല..”

കൂട്ടുകാർ നോക്കി നിൽക്കുന്നു.. വീണ്ടും നാണക്കേട് അവളുടെ മുന്നിലേക്ക് വഴി തടഞ്ഞ് കയറി നിന്നു..

“തന്റെ അഹങ്കാരമൊന്ന് കാണട്ടെ…”

അവളുടെ കൈ മുഖത്ത് പതിഞ്ഞപ്പോൾ കേട്ട ശബ്ദത്തേക്കാൾ കൂട്ടുകാരുടെ പൊട്ടിച്ചിരിയാണ് പവിയെ തളർത്തിയത്..

പിന്നെ അവളൊരു വാശിയായി മനസ്സിൽ.. ഓരോ ദിവസവും അവളെ കാണും പക്ഷേ.. അവളുടെ ആ പോടാ എന്ന മുഖഭാവം വീണ്ടും വാശിയേറ്റി… അവളുടെ പേര് പ്രഭിലയാണെന്നും പ്രഭി എന്നാണ് വിളിക്കുന്നത് എന്നും മനസ്സിലായി..

പ്രഭിലയെ കുറിച്ച് കൂടുതൽ അറിയുംതോറും മനസ്സിൽ ചെറിയൊരു പേടി ഇല്ലാതില്ല..
കാരണം അവളുടെ അച്ഛൻ വലിയ സംഭവമാണ്.. ജ്വല്ലറി ഷോപ്പുകളും മറ്റൊരുപാട് ബിസ്സിനസ്സ് സാമ്രാജ്യങ്ങളുമുണ്ട്…

തന്റെ കൂട്ടുകാരെ പോലും പ്രവീൺ അതൊന്നും അറിയിച്ചില്ല… പ്രഭില താൻ കരുതുന്നത് പോലെ പെട്ടെന്ന് വീഴില്ല എന്ന് മനസിലായി… എങ്കിലും പരിശ്രമം തുടർന്നു..

“പ്രവീൺ… താനിങ്ങനെ ഉഴപ്പി നടന്നാൽ പോരാ… നൂറ് മീറ്ററിൽ കഴിഞ്ഞ പ്രാവശ്യത്തെ കോളേജ് ചാമ്പ്യനാണ് താൻ.. ഈ പ്രാവശ്യം അത് മാത്രം പോരാ.. നമ്മുടെ കോളേജിന്റെ പേര് ദേശീയ തലത്തിൽ ഉയരണം.. ദിവസവും പ്രാക്ടീസ് സമയം കൂട്ടണം..”

ചന്ദ്രൻ സാറിന്റെ സ്വപ്നം പോലെ തന്നെക്കൊണ്ട് ആവാൻ കഴിയുമോ..

ഒന്നിനും ഒരു താൽപര്യവും ഇല്ല.. എങ്കിലും ഡ്രസ്സ് ചേഞ്ച് ചെയ്തു.. സിന്തറ്റിക് ട്രാക്കിൽ പലരും പ്രാക്ടീസ് ചെയ്യുന്നുണ്ട്. മനമില്ലാ മനസ്സോടെ 100 മീറ്ററിൽ കോളേജിൽ നിന്ന് മൽസരിക്കുന്നവരുടെ കൂടെ ട്രാക്കിൽ കയറി..

വെറുതെ ഒന്ന് സിമന്റ് ഗാലറിയിലൂടെ കണ്ണോടിച്ചു.. ഈശ്വരാ പ്രഭില.. അവൾ തന്നെ ആണല്ലോ നോക്കുന്നത്.. പവി കണ്ണെടുത്തു..
അവളുടെ മുന്നിൽ ജയിക്കണം

ഓടി… തന്റെ ഏറ്റവും മികച്ച സമയം.. ചന്ദ്രൻ സാറിന്റെ വെൽഡൺ മൈബോയ് എന്നതിനേക്കാൾ പ്രഭിലയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി… മനസ്സിൽ ഒരായിരം സൂര്യകാന്തി വിടർന്നു…

“ആള് കൊള്ളാലോ…വെറും വായ്നോട്ടം മാത്രമാണെന്ന് കരുതി..”

“ഓഹ്..താങ്ക്സ്..”

“വെൽക്കം” പറഞ്ഞു പോയി അവൾ

അവളെതന്നെ നോക്കി നിന്നു പവി..

കുറച്ചു ദൂരം നടന്ന് തിരിഞ്ഞു നോക്കി പ്രഭില.
തന്നെ തന്നെ നോക്കി നിൽക്കുന്ന പവിയെ നോക്കി ഒന്ന് കൂടി പുഞ്ചിരിച്ചു അവൾ… സ്ഥിരം വായ്നോട്ട വേദിയായ ചെമ്പകത്തിന്റെ ചോട്ടിലേക്ക് ഓടി പവി… ബിനുവിനെ കെട്ടിപ്പിടിച്ചു തുള്ളിച്ചാടുന്ന പ്രവീൺ..

“അവള് സംസാരിച്ചു മോനേ….”

“ഓഹ് അതാണോ കാര്യം.. തന്റച്ചൻ നായർക്ക് ലോട്ടറിയടിച്ചെന്ന് കരുതി..”

“അച്ചനല്ലെടാ മകനാണ് ലോട്ടറിയടിച്ചത്…” അന്നത്തെ മുഴുവൻ ചിലവും പവിയുടെ വക..

പ്രഭിലയെ കോളേജിൽ വരുന്ന എന്നും കാണും
ഓരോ ദിവസവും അവർ തമ്മിൽ കൂടുതൽ അടുത്തു… പവി ഇന്റർസോണിലും ചാമ്പ്യനായി..

കോളേജ് കാലഘട്ടം അവസാനിക്കുന്നു…
തന്റെ കൂട്ടുകാരെ പിരിയുന്ന അതിലേറെ വേദന പ്രഭിലയെ പിരിഞ്ഞു പോകുന്നതിൽ ഉണ്ട്.. ഇത്രയും കാലമായി എല്ലാം സംസാരിച്ചു പക്ഷേ ഒരിക്കലും എന്നെ ഇഷ്ടമാണോ അല്ലെങ്കിൽ നിന്നെ ഇഷ്ടമാണ് എന്നോ പറഞ്ഞിട്ടില്ല…

ഇവിടെ നിന്നും പോകുന്നതിന് മുമ്പ് അവളുടെ മനസൊന്നറിയണം.. ഹാപ്പി കൂളിലെ ടേബിളിൽ അഭിമുഖമായി ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി.. പരസ്പരം കണ്ണുകൾ സംസാരിക്കുന്നു…

“പ്രഭീ…പ്രഭിയ്ക്ക് എന്താ വേണ്ടത്..”
“പവിയുടെ ഇഷ്ടം…”

ഐസ്ക്രീം നുണയുന്ന പ്രഭിയെ നോക്കി ഇരുന്നു.. പവി..

“അത് വെള്ളമാകും ട്ടോ..”
“ഓഹ്..”

“കോളേജിൽ നിന്ന് പോവാനേ തോന്നുന്നില്ല..”

“എന്നാൽ പോകാതിരിക്കാം..”
അതും പറഞ്ഞു ചിരിച്ചു അവൾ

“നിങ്ങളീ പെൺകുട്ടികൾ ഇങ്ങനെയാണ്… എല്ലാം നിസാരമാണ്…”

“അല്ല പവീ.. ഞാൻ വെറുതെ സങ്കടം കൂട്ടേണ്ടാ എന്ന് കരുതി പറഞ്ഞതാണ്…”

“ഓരോ ദിവസവും രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ല…”

“അതിനിത്ര സങ്കടാവുന്നതെന്തിനാ… എന്നെ വിളിക്കാല്ലോ പവിക്ക്…”

“ഓഹ് എന്നാലും.. ഇങ്ങനെ അടുത്ത് കാണുന്ന പോലെയാണോ..”

“അതൊക്കെ ശരിയാണ്..”

എങ്ങനെയാണ് അവളോടൊന്ന് ചോദിക്കുന്നത്..
“പ്രഭീ.. ഇനിയിപ്പോ വെറും ഫോൺ വിളി മാത്രാവും.. തന്റെ കല്യാണത്തിന് നേരിട്ട് കാണാല്ലേ..”

“പവീ.. അപ്പോ പെണ്ണ് കാണൽ ചടങ്ങിന് താൻ വീട്ടുകാരെ മാത്രം പറഞ്ഞുവിടാ ചെയ്യാ…”

പൊട്ടിച്ചിരിച്ചു പവി… ഒരുപാട് നേരം അവനാ ജോക് ആസ്വദിച്ചു…

“തനിക്കപ്പോൾ എന്നെ…”

“കുറച്ച് ഇഷ്ടമാണ്… വളരെ കുറച്ച്….”

അവളും അവനോടൊപ്പം ചിരിച്ചു…

സ്പോർട്സ് ക്വാട്ടയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കരമന ബ്രാഞ്ചിൽ ജോലിക്ക് കയറുമ്പോൾ അമ്മയുടെയും അച്ഛന്റെയും കൂടെ അകലങ്ങളിൽ ആണെങ്കിലും പ്രാർത്ഥനയോടെ പ്രഭിയുമുണ്ടായിരുന്നു…

“ഭാനുമതീ.. നീയാ കുടയിങ്ങെടുത്തേ.. നല്ല മഴക്കാറുണ്ട്..”

“ഈ ചായ കുടിച്ചിട്ട് പോയാൽ പോരേ..”

“അത് വന്നിട്ടും കുടിക്കാല്ലോ..
സൊസൈറ്റിയില് ഒരു സമയമുണ്ട്.. അത് കഴിഞ്ഞാ അവര് പോകും…” പടികടന്ന് റോഡിൽ ഇറങ്ങിയതേയുള്ളൂ.. അബ്ദുള്ള ഹാജിയുടെ കാർ അടുത്ത് വന്നു നിന്നു..

“അല്ല.. നായരേ ഇനിയെങ്കിലും അവറ്റകളെ ഒഴിവാക്കികൂടേ.. നിങ്ങൾക്ക്”

“ഇല്ല ഹാജിയാരേ.. ഇത്രയും കാലം ജീവിച്ചത് ആ മിണ്ടാപ്രാണികളുടെ ഐശ്വര്യം കൊണ്ടാണ്…”

“ശരിയാണ് നായരേ.. പശുക്കളുള്ള വീട്ടിൽ എപ്പോഴും ഐശ്വര്യമുണ്ടാകും…”

ഹാജിയാരുടെ കാറിൽ സൊസൈറ്റിയിലേക്ക്..

“മോന് ജോലിയൊക്കെ ആയിഎന്ന് കേട്ടു.”

“ആ… ഹാജിയാരേ തിരുവനന്തപുരത്താണ്…
സുഖാണ്.. ശമ്പളം കിട്ടിത്തുടങ്ങി..”

“നല്ല പയ്യനാണവൻ… അവന് നല്ലതേ വരൂ…” മക്കളെ കുറിച്ച് നാട്ടുകാരുടെ നല്ല അഭിപ്രായം കേൾക്കാൻ ഏതൊരു പിതാവും ആഗ്രഹിക്കും…

ജീവിതം ഒരു വിധം കരകയറി വരുന്നു..
വീട്ടിൽ വിളിക്കുന്ന പോലെ പവി പ്രഭിയ്ക്കും വിളിക്കുന്നുണ്ട്.. ഓരോ അസ്തമയവും അവരുടെ സല്ലാപങ്ങൾ ക്ക് വേണ്ടി ആണെന്ന് തോന്നും… കോളേജ് ഹോസ്റ്റലിൽ ആവുമ്പോൾ മുഴുവൻ ഫ്രീയാണ്..പ്രഭില.

ഈ വർഷം ഫൈനൽ ഇയറാണ്..

“ഡിഗ്രി കഴിഞ്ഞാൽ തുടർന്ന് പഠിക്കാനാണോ പ്ളാൻ..”

“ഏയ് ജോലിക്കൊന്നും അച്ഛൻ എന്തായാലും വിടില്ല…”

“ഈ പഠിക്കാൻ തന്നെ എത്രയാള് പറഞ്ഞിട്ടാണെന്നറിയോ സമ്മതിച്ചത്…”

പകൽസമയത്തെ തിരക്ക് പിടിച്ച ബാങ്കിലെ ലോകത്ത് നിന്ന് രാത്രികളിൽ പ്രഭിലയുടെ കാളാണ് ആശ്വാസം.. മൊബൈൽ റിംഗ് ചെയ്തത് പ്രഭിയുടെ പേര് പറഞ്ഞാണ്.. ഈ ഉച്ചസമയത്ത് അവൾ വിളിക്കാറില്ലല്ലോ…

” ഹലൊ.. പവീ..” ആകെ പരിഭ്രമിച്ച ശബ്ദം..

“എന്ത് പറ്റി മോളേ..”

“വീട്ടിൽ കല്യാണം അന്വേഷിക്കുന്നു..”

“ഓഹ്.. ഈശ്വരാ.. ഞാൻ കരുതി കല്യാണം ഉറപ്പിച്ചു എന്ന്..”

“പോ.. പവീ.. ഞാനാകെ ടെൻഷനിലാണ്..”

“എന്റെ പ്രഭീ.. നമുക്ക് വഴിയുണ്ടാക്കാം…
ഞാൻ വൈകിട്ട് വിളിക്കാം..”

“ഫ്രീ അയാലപ്പൊ വിളിക്കണേ..”

“വിളിക്കാം പ്രഭീ..”

ഈശ്വരാ.. അവളെ വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു എങ്കിലും എന്താണ് ചെയ്യാ എന്നറിയില്ല..

പ്രഭിക്ക് വിളിച്ചു.. ഒരുപാട് നേരം സംസാരിച്ചു..

“എന്റെ പ്രഭീ ഞാനുണ്ട് നിന്റെ കൂടെ..
പിന്നെന്തിനാണ് നീ ഇങ്ങനെ ടെൻഷനാവുന്നത്…”

“എന്തൊക്കെ വന്നാലും നിന്നെ ഞാൻ മറ്റാർക്കും കൈവിട്ടു കൊടുക്കില്ല…. പോരേ..”

“പവീ.. ഞാനത്ര മാത്രം നിന്നെ സ്നേഹിക്കുന്നു…”

“എനിക്കറിയാം പ്രഭീ… നീ ഉണ്ടാവും എന്നും എപ്പോഴും എന്റെ കൂടെ…”

അവൾക്ക് കുറച്ചെങ്കിലും ആശ്വാസമാകട്ടെ എന്ന് കരുതി പലതും പറഞ്ഞു ധൈര്യം കൊടുത്തു.. പ്രഭി പറഞ്ഞത് പോലെ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കുക എന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല..

പ്രഭി നഷ്ടപ്പെട്ടു പോവാനും പാടില്ല..

വിളിച്ചിറക്കി കൊണ്ട് വരാം.. പക്ഷേ.. അച്ഛനേയും അമ്മയേയും ധിക്കരിച്ച് അവളൊട്ട് പോരുകയുമില്ല… എന്തെങ്കിലും ചെയ്തേ പറ്റൂ… ബാങ്കിൽ നിന്ന് നാല് ദിവസത്തെ ലീവ് വാങ്ങി നാട്ടിലേക്ക് ബസ്സ് കയറി പവി….

“ഈ ഭാനുമതിയമ്മയിത് നാൾക്കുനാൾ സൗന്ദര്യം കൂടുകയാണല്ലോ…”

“ഓഹ്.. സുഖിച്ചു..ട്ടോ”

“അല്ലമ്മേ സത്യം….”

“ഓഹ്.. ആയ്ക്കോട്ടേ.. അല്ല..ഇന്നെന്താ പവീ.. രാവിലെതന്നെ ഒരു കിന്നാരം…”

“ഏയ് ഒന്നൂല്ലമ്മേ..”

“നിന്നെ എനിക്കറിയില്ലേ പവീ…”

“അമ്മേ…”

“എന്താടാ… നീ കാര്യം പറയ്…”

“അമ്മ…വാ…ഇവിടിരിക്ക്..”

“എന്താടാ…പവീ..”

“അമ്മേ… പ്രഭിയ്ക്ക് ഒരാലോചന വന്നിട്ടുണ്ട്…”

“ഓഹ് അതാണ് കാര്യല്ലേ..
അത് നടന്നോട്ടെ മോനേ അതാ നല്ലത്…”

“അമ്മേ….”

പവി ദേഷ്യത്തോടെ ഭാനുമതിയമ്മയെ നോക്കി..
“അമ്മ കൂടി അങ്ങനെ പറയാണോ..”
“പവീ… അവരൊക്കെ വലിയ ആളുകളല്ലേ..
വെറുതെ എന്തിനാ നീ നാണംകെടാൻ പോവുന്നെ…”

“ഇനി അഥവാ നടന്നാൽ തന്നെ നിനക്കവിടെ ഒരു വിലയുമുണ്ടാവില്ല… പിന്നെ നിന്റച്ചന് പണമൊന്നുമില്ലെങ്കിലും അഭിമാനത്തിന് ഒരു കുറവുമില്ല… എത്ര വലിയ പണക്കാരാണെങ്കിലും
അവരീഴവരാണെന്നത് അച്ചന് പറ്റില്ല…”

“അമ്മേ.. ജാതിയിലൊന്നും ഒരു കാര്യവുമില്ല..”

“നമുക്ക് നല്ല നായർ കുടുംബത്തില് നിന്ന് അവളേക്കാൾ സുന്ദരിയായ ഒരുവളെ കണ്ടെത്താം…”

“അമ്മേ…. ഏത് നയാര് കുട്ടി ആയാലും പ്രഭിലയാവില്ലല്ലോ അത് മാത്രമല്ലമ്മേ മറ്റൊരു കുട്ടിയെ സങ്കൽപിക്കാൻ എനിക്കാവുകയുമില്ല…”

“അച്ഛനോട് നീ തന്നെ ചോദിച്ചു നോക്കൂ..
എനിക്ക് ആരായാലും എന്റെ പൊന്നു മോന് ഇഷ്ടായാൽ മതി…” പവിയുടെ കവിളിൽ ഒരുമ്മ കൊടുത്തു ഭാനുമതിയമ്മ..

“അമ്മേ.. അച്ഛനോട് അമ്മ തന്നെ പറഞ്ഞു സമ്മതിപ്പിക്കണം.. ഞാൻ പറഞ്ഞാൽ ആദ്യം തന്നെ വേണ്ടാന്നേ പറയൂ…”

ഒടുവിലവന്റെ നിർബന്ധത്തിന് വഴങ്ങി
പവനൻ മുതലാളിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു അവർ… വരുമെന്ന് പവി വിളിച്ച് പറഞ്ഞത് കൊണ്ട് പ്രഭില ഒരുപാട് നേരമായി കാത്തിരിക്കുകയാണ്…

വീടിന് മുമ്പില് വന്ന്നിന്ന ഓട്ടോയിൽ നിന്ന് കരുണാകരൻ നായരും ഭാര്യയും പ്രവീണുമിറങ്ങി…. ആ വീടിന്റെ മോടി അവരെ അൽഭുതപ്പെടുത്തി… അകത്തേക്ക് പോവാൻ പേടിതോന്നി അവർക്ക്..

“പവീ.. നമുക്ക് തിരിച്ചു പോകാം…
ഇവരൊക്കെ വലിയ ആളുകളാണ്..”

“എന്തായാലും ഇവിടം വരെ വന്നതല്ലേ അച്ഛാ.. വരൂ…” പ്രവീണവരെ അകത്തേക്ക് കൊണ്ട് പോയി.. രാജകീയമായി അലങ്കരിച്ച സിറ്റൗട്ടിലെ ചാരുകസേരയില് കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു പവനൻ മുതലാളി…

ആഗതരുടെ മുരടനക്കം കേട്ടയാൾ കണ്ണ് തുറന്നു.. മുമ്പിലുള്ള അപചരതിരോട് കയറിവരാൻ കൈകൊണ്ടാംഗ്യം കാട്ടി…

“ആരാ… എന്തു വേണം..”

“സഹായമെന്തെങ്കിലുമാണെങ്കിൽ ഓഫീസിലാണ് പോകേണ്ടത്…”

ഒന്നിരിക്കാൻ പറയാൻ പോലും മര്യാദ കാണിക്കാത്ത അയാളുടെ അഹങ്കാരം ആ പാവം നായരെ കുപിതനാക്കി… എങ്കിലും മൗനം പാലിച്ചു..

“ഞാൻ കരുണാകരൻ നായർ… ഇതെന്റെ ഭാര്യ ഭാനുമതി.. അത് മകൻ പ്രവീൺ.”
..
“സഹായത്തിന് വന്നതല്ല.. ഈ വീട്ടിലെ കുട്ടിയെ ഇവനിഷ്ടമാണെന്ന് പറയുന്നു… അവൾക്കിവനേയും.. അതിനൊരു തീരുമാനമുണ്ടാക്കാൻ വന്നതാ….”

“പ്ഫാ… നാട്ടിലുള്ള തെണ്ടികൾകൊക്കെ എന്റെ മോളെയേ പ്രേമിക്കാൻ കിട്ടിയുള്ളൂ…..”

പവനൻ മുതലാളി ഒരാട്ടായിരുന്നു.. ഇതെല്ലാം അകത്തിരുന്ന് കാണുകയായിരുന്നു പ്രഭില… അവളോടി വന്നു…. അച്ചന്റെ കാൽചുവട്ടിലിരുന്നു….

“അച്ചാ…. എനിക്ക് പവിയെ ഒരുപാടിഷ്ടാണച്ചാ….”

“പോടീ…എരണംകെട്ടവളെ.. ഈ ചെറ്റയെ മാത്രേ നീ പ്രേമിക്കാൻ കണ്ടുള്ളു…
പോടീ… അകത്ത്…”

അയാളവളെ കാലുകൊണ്ട് കുടഞ്ഞിട്ടു….
ആ വീട്ടിലുള്ളവരാരും അവിടേക്ക് വന്നില്ല.. അവരെല്ലാം കാണുന്നുണ്ട് എങ്കിലും മൂകമായിരുന്നു… പവനൻ മുതലാളിയുടെ മുന്നിൽ മറുത്തു പറയാൻ ആർക്കും ധൈര്യമില്ല..
പ്രഭിലയെ അകത്തേക്ക് കൊണ്ടുപോയി വലിയ വാതിൽ വലിച്ചടച്ചു.. അയാൾ

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു അവർ. പവിയുടെ കൈകൾ ചേർത്ത് പിടിച്ച് കരുണാകരൻ നായർ അവിടെ നിന്നും ഇറങ്ങി നടന്നു.. പിറകെ ഭാനുമതിയമ്മയും…

അച്ചനേയും അമ്മയേയും വിളിച്ചുകൊണ്ട് വന്ന് അപമാനിച്ചതില് പവി വല്ലാതെ നൊമ്പരപ്പെട്ടു…
അവന്റെ സങ്കടം അറിയാവുന്നത് കൊണ്ട് അവരവനെ സമാധാനിപ്പിക്കുകയാണ് ചെയ്തത്… ഒരിക്കൽ പോലുമവനെ കുറ്റപ്പെടുത്തിയില്ല…

രാവിലെ തന്നെ നല്ല തിരക്കായിരുന്നു… കോട്ടക്കുന്നിന്റെ മനോഹാരിത ആസ്വദിക്കാൻ വന്നവരും.. പ്രിയപ്പെട്ടവരോടൊപ്പം കുറച്ച് നിമിഷങ്ങൾ സൊറ പറഞ്ഞിരിക്കാൻ വന്ന പ്രണയജോടികളും..

പവി നടവഴിയിൽ നിന്ന് മാറി സാധാരണ വന്നിരിക്കാറുള്ള ഗുൽമോഹറിന്റെ ചുവട്ടിൽ ഇരുന്നു.. കോളേജിലേക്കെന്ന് പറഞ്ഞ് പ്രഭില വരും.. പതിനൊന്നു മണിക്ക് വരാം എന്നാണ് പറഞ്ഞത്.. ഇനിയും അരമണിക്കൂർ നേരം കൂടി..
മനസ് പ്രക്ഷുബ്ദമാണ്… ചിന്തകളിൽ മുഴുകി പവി..

“പവീ..” താൻ കേൾക്കാൻ കൊതിക്കുന്ന ആ മധുരശബ്ദം… പ്രവീൺ കണ്ണ് തുറന്നു.. മുന്നിൽ പ്രഭില

“ഓഹ് പ്രഭീ…”അവളുടെ കൈകൾ ചേർത്ത് പിടിച്ച് തന്റെ അരികിൽ ഇരുത്തി.. “മുഖം ആകെ വാടിയ പോലെ.. ആകെ ക്ഷീണിച്ച പോലെ..”

“ഏയ് തോന്നാവും..”

പവിയോട് ചേർന്നിരുന്നു അവൾ…
ചേർത്ത് പിടിച്ച വിരലുകളും നോക്കി നിന്ന കണ്ണുകളും പരസ്പരം സംസാരിച്ചു… എത്രയോ നേരമായി ഇരുപ്പ് തുടങ്ങിയിട്ട്… പവിയുടെ മടിയിൽ കിടന്ന് പരസ്പരം നോക്കിയിരിക്കുകയാണ് നെഞ്ചിലെ വിങ്ങൽ പരസ്പരം മനസിലാവുന്നുണ്ട്… തൊണ്ടയിൽ എന്തോ കനമുള്ള പോലെ

“പവീ…”

“ഊം..”

“നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ…”

“വേണ്ട മോളേ… നിന്റച്ഛൻ നമ്മെ കണ്ടെത്തിയാൽ… പിന്നെ എന്താ ഉണ്ടാവാ എന്നറിയില്ലേ…”

“അതപ്പോൾ നോക്കാം പവീ…”

“എനിക്കിങ്ങനെ ജീവിക്കാൻ കഴിയില്ല…” പവി അവളെ പറഞ്ഞു മനസിലാക്കാൻ ആവതു ശ്രമിച്ചു…

“ഞാൻ ഒരുപാട് ആലോചിച്ചു… അതല്ലാതെ വേറെ ഒരു വഴിയും ഇല്ല… പവി വരണം.. ഇന്നു രാത്രി.. ഞാൻ കാത്തിരിക്കും…”

“പ്രഭീ.. നിന്നെയും കൊണ്ട് എന്റെ വീട്ടിലേക്ക് ചെന്നാൽ രണ്ടു കൈകളും നീട്ടി സ്വീകരിക്കും..അവർ പക്ഷേ..”

“എന്തും വരട്ടെ പവീ.. ഞാൻ വരാം ട്ടോ നിന്റെ കൂടെ..”

“ഇല്ലെടാ നമ്മൾ കാരണം അച്ഛനും അമ്മയും ഒരിക്കലും കഷ്ടപ്പെടാൻ പാടില്ല..”

“എന്നാൽ എവിടേക്ക് വേണമെങ്കിലും പോവാം.. നീ വരണം.. എനിക്ക് കഴിയില്ല.. ഇനിയും ഇങ്ങനെ മരിച്ചു ജീവിക്കാൻ… നീ വന്നില്ലെങ്കിൽ ഒറപ്പായിട്ടും ഞാൻ കടലുണ്ടിപുഴയിൽ ചാടി മരിക്കും…”

പവിയവളുടെ വായ പൊത്തി…

“ഞാൻ വരും…”

“രാത്രി പന്ത്രണ്ട് മണിക്ക് വരണം…നീ വരുന്നതും കാത്തിരിക്കും ഞാൻ.. പന്ത്രണ്ടരയ്ക്കും നീ വന്നില്ലെങ്കിൽ ഉറപ്പായും ഞാൻ പുഴയിൽ ചാടും…”

“ഇല്ല..മോളേ..ഞാൻ..വരും..”

“ശരി മുതലാളി… അവനിനി ജീവിക്കൂല…”

“ഈ രാത്രി തന്നെ… തീർക്കണം”

“ഓഹ്… ഓകേ…”

പവനൻമുതലാളി പാട്ടാളിഷിബുവിനെ ഏൽപിച്ചു.. രൂപ രണ്ട് ലക്ഷം പോയാലും മനസ്സമാധാനമുണ്ടാവുമല്ലോ…. വീട്ടില് കയറി കൊല്ലരുതെന്ന് ആദ്യമെ പറഞ്ഞിരുന്നു…

സമയം രാത്രി ഒമ്പതര മണി. പാട്ടാളിഷിബു പ്രവീണിന് വിളിച്ചു..

“പ്രവീണല്ലേ…”

“ആ..അതേ.. ആരാണ്..”

“അതൊക്കെയുണ്ട്…എവിടെയാണുള്ളത്.. എനിക്കൊന്ന് കാണണമായിരുന്നു”

“ഇന്നെനിക്ക് അത്യാവശ്യമായി ആനക്കയം വരെ ഒന്ന് പോകണം നാളെ കാണാം..”

“ഈ രാത്രിയോ..”

“ആ.. അതേ”

പിന്നെ പ്ളാനിങ് എളുപ്പമായിരുന്നു ഷിബുവിന്..

പ്രവീൺ അച്ചനുമമ്മയും കിടക്കാൻ കാത്തിരുന്നു… പതിനൊന്നു മണിയായിട്ടുണ്ടാവും… അവൻ വീട്ടില് നിന്നിറങ്ങി…

തന്റെ മോട്ടോർസൈക്കിളില് കുറച്ച് മുമ്പ് പെയ്ത പെരുമഴയുടെ ഓളങ്ങളിലൂടെ ബൈക്ക് ഓടിച്ചുപോയി…. ആറേഴ് കിലോമീറ്റർ അകലമുണ്ട് പ്രഭിലയുടെ വീട്ടിലേക്ക്… ഇഷ്ടം പോലെ സമയമുണ്ടെങ്കിലും.. ലേറ്റായാൽ അവള് പറഞ്ഞത് പോലെ ചെയ്യുമെന്നറിയാവുന്നത് കൊണ്ടാണ് പരമാവധി നേരത്തെ ഇറങ്ങിയത്.

വിജനമായ റോഡ്… മുമ്പില് റോഡിന് നടുവിലായി ഒരു കറുത്ത സ്കോർപിയോ… പ്രവീൺ ബൈക്ക് നിർത്തി…

മഴക്കോട്ടിട്ട് ഡ്രാക്കുളയെ പോലെ ഒരാൾ തന്റെ നേരേക്ക് നടന്ന് വരുന്നു…. ചെറിയൊരു പേടി തോന്നിയെങ്കിലും മെല്ലെ മുന്നോട്ട് പോയി. പ്രവീണടുത്ത് വന്നതും ആ ആജാനഭാഹു കൈയ്യിൽ ഉള്ള വടിവാൾ വീശി…. നിലവിളിയോടെ ബൈക്കടക്കം മറിഞ്ഞു വീണു… പ്രവീൺ

തോളിലാണ് വെട്ട് കൊണ്ടത്…. കിടന്ന് പിടയുന്ന അവനെ വീണ്ടും വടിവാൾ കൊണ്ട് വെട്ടി….

“നീ ഒറ്റയടിക്ക് ചാകാൻ പാടില്ല… ഇഞ്ചിഞ്ചായി വേദനസഹിച്ച് ചാകെടാ….” പാട്ടാളി ഷാജി വണ്ടിയിൽ കയറി ഓടിച്ചു പോയി…

പ്രവീണിന്റെ നിലവിളി നേർത്തു നേർത്തു വന്നു…

സമയം പന്ത്രണ്ടുകഴിഞ്ഞു…. പവി ഇനിയും വന്നില്ല… പ്രഭില പലതും ചിന്തിച്ചു… പവി വരാരിതിരിക്കുമോ… അവനെന്നെ ഇഷ്ടമാണെങ്കിൽ വരും… വന്നില്ലെങ്കിൽ പിന്നെ… എന്തിന് ജീവിക്കണം.. അവനറിയണം എന്റെ പ്രണയം സത്യമായിരുന്നുവെന്ന്…. എന്റെ മൃതശരീരം കാണാൻ എങ്കിലും അവൻ വരണം…

പന്ത്രണ്ട്ഇരുപതായി… വീട്ടിൽ നിന്നും നോക്കിയാൽ കാണും കടലുണ്ടിപുഴ… കുറച്ചു ദൂരം മേലേക്ക് നടന്നാൽ ആനക്കയം പാലം… ചാറ്റൽ മഴ അപ്പോഴുമുണ്ട്.. എങ്കിലും ഇറങ്ങി നടന്നു ആനക്കയം പാലത്തിലേക്ക്…

പന്ത്രണ്ടരയായി… ഇനിയും വന്നില്ല പവി…
പന്ത്രണ്ടുകഴിഞ്ഞാൽ ഞാനീ പാലത്തില് വരും..
നീ ഇങ്ങോട്ട് വരണം… പന്ത്രണ്ടരയ്ക്കും നീ വന്നില്ലെങ്കിൽ ഞാനീ പുഴയിൽ ചാടുമെന്നവനോട് പറഞ്ഞതാണ്…

വളരെ അപൂർവം പോകുന്ന വാഹനങ്ങളിൽ നിന്ന് മറയാൻ പാലത്തിനോട് ചാരി നിൽക്കുന്ന മാവിന്റെ ചുവട്ടിലേക്ക് മാറി നിന്നു…

നൈറ്റ് പെട്രോളിംഗിലായിരുന്നു ആ പോലീസ് ജീപ്പ്… വീണ് കിടക്കുന്ന ബൈക്കും രക്തത്തിൽ കുളിച്ച് കിടക്കുന്ന ആളേയും അകലെ നിന്നേ കണ്ടു അവർ… കമിഴ്ന്ന് കിടക്കുന്ന ആ ബോഡി മറിച്ചിട്ടു…

“ഓഹ്… സാർ ഇയാൾക്ക് ജീവനുണ്ട്…”

“എന്നാൽ വേഗമെടുത്ത് വണ്ടിയിൽ കയറ്റൂ…”

“എ….ന്റെ…..പ്ര…ഭി….”

“സർ.. ഇയാൾ എന്തൊ പറയുന്നു..”

“മൊഴി രേഖപ്പെടുത്തടോ..”

കുഴയുന്ന നാവിലും പവി പോലീസുകാരനോട് തന്റെ പ്രാണനായ പ്രഭില തന്നെ കണ്ടില്ലെങ്കിൽ പുഴയിൽ ചാടി മരിക്കുന്ന കാര്യം പറഞ്ഞു മനസിലാക്കി….

പ്രവീൺ പറഞ്ഞ പാലത്തിലേക്ക് പാഞ്ഞു പോലീസ് ജീപ്പ്.. അകലെ നിന്നേ കണ്ടു പാലത്തിന്റെ കൈവരിയില് കയറി നിൽക്കുന്ന യുവതിയെ… ജീപ്പവളുടെ അരികില് പറന്ന് വന്നു നിന്നു….

ഈശ്വരാ പോലീസ് ജീപ്പ്.. തന്നെ കാണാഞ്ഞച്ഛൻ വിട്ടതാവുമോ…. ആടി ആടിയാണവൾ ആ കൈവരിയില് ബാലൻസ് ചെയ്ത് നിൽക്കുന്നത് തന്നെ… പോലീസ് ജീപ്പില് നിന്ന് വേച്ച് വേച്ച് ഇറങ്ങിവരുന്ന ആളെ പ്രഭില തിരിച്ചറിഞ്ഞു… തന്റെ പവി…

ആകെ ചോരയില് മുങ്ങി…. തിടുക്കത്തിൽ പവിയുടെ അരികിലേക്ക് ഇറങ്ങാൻ ശ്രമിച്ചതാണ്..പ്രഭില.. പക്ഷേ… കാല്… തെന്നി….. നേരെ പുഴയിലേക്ക്….. ആ വീഴ്ചയിലും അവളുടെ “പവീ….” എന്നയലർച്ച വ്യക്തമായി കേട്ടു….അവർ

ആടിയാടി കൈവരിയില് വന്ന് താഴേക്ക് നോക്കി പവി….. ഒന്നും കാണുന്നില്ല… പുഴയുടെ ഭ്രാന്തമായ അലർച്ച മാത്രം….

പോലീസുകരനവനെ പിടിച്ചു മാറ്റും മുമ്പെ…. കൈവരിയില് കമിഴ്ന്നു കിടന്നിരുന്നു പവി….
തന്റെ പ്രണയിനി പോയ അതേ ആഴങ്ങളിലേക്ക് അവനും….

തന്റെ കൈകളിൽ നിന്ന് പിടിവിട്ട് പോയ മനുഷ്യൻ ആരാണെന്നറിയില്ലെങ്കിലും… അയാളെയും അയാളുടെ പ്രണയിനിയേയും രക്ഷപ്പെടുത്താൻ കഴിയാതെ പോയ സങ്കടത്തിൽ ആ പാവം പോലീസുകാരൻ മുഖം പൊത്തി കരഞ്ഞു…

പവിയപ്പോൾ യാത്ര തുടങ്ങിയിരുന്നു… പ്രിയപ്പെട്ടവളോടൊപ്പം… തന്റെ മടിയിൽ കിടത്തി ഇനിയുമൊരുപാട് കഥ പറഞ്ഞുകൊടുക്കാൻ…. ഇടയ്ക്കൊരു മുത്തം കൊടുക്കാൻ…. ആരും തടയാൻ ഇല്ലാത്ത ലോകത്തേക്ക്….
അവരുടെ മാത്രമായ ലോകത്തിലേക്ക്…….

പുഴ എന്നും അങ്ങനെയാണ്… എല്ലാവരേയും സ്വീകരിക്കും…. തന്റെ മാറിലൊളിപ്പിക്കും… ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും എന്നില്ലാതെ…..

Leave a Reply

Your email address will not be published. Required fields are marked *