എടാ വർഗീസേ, ആ വലിഞ്ഞു കയറി വരുന്നവർക്ക് പിറകിൽ കൊണ്ട് പോയി കൊടുക്ക് ഇന്നെങ്കിലും..

സ്വന്തവും ബന്ധവും
(രചന: Jamsheer Paravetty)

“രണ്ടീസം പോര സാർ”

“ഒരാഴ്ച്ചയൊന്നും ലീവാക്കാൻ പറ്റില്ല.. അത്ര നിർബന്ധമാണെങ്കിൽ പകരം ആളെ ഏൽപ്പിച്ച് പൊയ്ക്കോ..”

അല്ലെങ്കിൽ തന്നെ ക്ളിനിക്കും പരിസരവും ആകെ മൊത്തം ഒരു ചന്തയിൽ പോയ അവസ്ഥയാണ്..

കല്യാണിയുടെ തൊട്ടടുത്ത വീട്ടിൽ കല്യാണമാണെത്രെ.. ഒടുവിൽ നാല് ദിവസത്തെ ലീവിന് അവള് പോയി.

രോഗികളെ പരിശോധിക്കുകയും മരുന്ന് കൊടുക്കലും.. ഇനിയിപ്പോ അടിച്ച് വാരല് കൂടി സ്വയം ചെയ്യണം.. ആൽബി ഉണ്ടാവുന്നത് വരെ ലിജിയും കൂടെ വന്നിരുന്നു..

ഇന്നിപ്പോ ആൽബിയെ നോക്കാൻ തന്നെ അവൾക്ക് വേറൊരു ആളെ വേണ്ട കോലമാണ്..
അത്രയ്ക്കുണ്ട് അവന്റെ വികൃതി.. കള്നിക്ക് വൃത്തിയാക്കി വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു..

ദൂരെ നിന്ന് തന്നെ കേട്ടു ആൽബിയുടെ കാറൽ..

“എന്റീശോയേ.. എനിക്ക് മടുത്തു.. അവൻ മനസിൽ കരുതുന്നത് അവന് കിട്ടണം.. കിട്ടുന്നത് വരെ ദേ… ഈ കാറൽ..”
വീട്ടിൽ കയറിയ പാടെ ലിജിയുടെ പരിഭവം..

എന്നെ കണ്ട പാടെ ആൽബി മുട്ടുകുത്തി വന്ന് കാലിൽ പിടിച്ച് നിന്നു.. ഇനി അവനെ എടുക്കണം.. ഇല്ലെങ്കിൽ കാറൽ തുടരും.. ഒക്കത്ത് കയറിയതോടെ താടിയിൽ പിടിച്ച് കളിച്ചു..

“പപ്പയുടെ മോൻ പപ്പക്ക് ഒരുമ്മ തന്നേ….”
അവന്റെ നാവും ചുണ്ടുകളും എല്ലാം ചേർത്ത് നല്ലൊരു അവ്വ്വ തന്നു..

എന്നിട്ടവന്റെ കുഞ്ഞു പല്ലുകൾ കാട്ടി ചിരിച്ചു…
“കണ്ടോ.. ഇത്രയും നല്ല കൊച്ചിനേയാണോ നീ ഈ കുറ്റം പറയുന്നത്…”

“ആ… ഒരു ദിവസം മുഴുവൻ ഇവനെ നോക്ക്.. അല്ലാതെ വല്ലപ്പോഴും ഒരു പത്തു മിനിറ്റ് ആകുമ്പോൾ ഇങ്ങനെ കളിയും ചിരിയും ഒക്കെ തന്നെ ആവും..”

“എന്നാപ്പിന്നെ നമുക്കിവനെ ആർക്കെങ്കിലും കൊടുക്കാം… ല്ലേ”

“പോ.. ഇച്ചായാ.. എന്റെ പൊന്നിനെ ഞാനാർക്കും കൊടുക്കൂല്ല..”

ആൽബിയെ വാങ്ങാൻ ശ്രമിച്ച അവളുടെ അടുത്തേക്ക് പോയില്ല അവൻ..

“ആ.. നിന്റെ പപ്പയുടെ കൂടെ പൊയ്ക്കോണം രാവിലെ.. എനിക്ക് വേണ്ട നിന്നെ..”
അപ്പോഴും ആൽബി ചിരിച്ചു..

ഫ്രഷായി വന്ന് ഭക്ഷണം കഴിക്കാൻ നേരവും ആൽബി മടിയിൽ കയറി.. ഒടുവിൽ അവനെ ഉറക്കിയതിന് ശേഷമാണ് ഭക്ഷണം കഴിച്ചത്.

“ഇച്ചായാ..”

“പറയ് പെണ്ണേ… ഇന്നെന്താ പരിഭവം..”

“നമ്മളോട് കല്യാണം പറയൂല്ലേ..”

“എന്റെ ലിജീ.. നീ ഇപ്പോഴും അത് വിട്ടില്ലേ… ”

“എന്റെ അനിയത്തിയുടെ കല്യാണത്തിന് ഞാൻ ഇല്ലാതെ..”

“നീ അവളുടെ ചേച്ചിയാണെന്ന തോന്നൽ അവൾക്കെങ്കിലും ഉണ്ടായിരുന്നു എങ്കിൽ നിന്നോട് വന്ന് കല്യാണം പറയുമായിരുന്നു… ”

“ഇച്ചായാ… അവരുടെ ഭാഗത്ത് നിന്നും നോക്കിയാൽ തെറ്റൊന്നുമില്ല.. എന്റെ മമ്മി മരിച്ച് പപ്പ വേറെ കല്യാണം കഴിച്ചപ്പോഴും എന്നെ ഉപേക്ഷിച്ചില്ല… നമ്മളല്ലേ കുറഞ്ഞ് കൊടുക്കേണ്ടത്…”

“ആ.. എന്നിട്ടാണ് പഠിക്കാൻ വിടാതെ വീട്ടുവേലക്കാരിയുടെ റോളിൽ ആക്കിയത്… ല്ലേ… എന്റെ പൊന്നു മോള് ഇപ്പോ ആ കല്യാണ വീട്ടിൽ നിന്നും ദേ ഇങ്ങോട്ട് വാ… ”
അവനവളെ തന്നിലേക്ക് ചേർത്തു…

“ഇച്ചായാ… നമുക്ക് പോകണ്ടേ…”

രാവിലെ തന്നെ ലിജിയുടെ പരിഭവം കേട്ട് ഉണർന്നു…

“എന്റെ ലിജിക്കുട്ടീ.. നാളെയല്ലേ കല്യാണം.. നമുക്ക് പോവാം.. ഞാനിത്തിരി കൂടി ഉറങ്ങട്ടെ..”

“അയ്യടാ.. അങ്ങനെ ഇപ്പം ഉറങ്ങേണ്ട.. എണീറ്റ് വാ.. സമയം ഏഴരയായി..”

അവള് തന്നെ വലിച്ച് എഴുന്നേൽപ്പിച്ചു..

“വേഗം പോയി ഫ്രഷായി വാ..”

പാവം ലിജി.. അഞ്ച് മണിക്ക് എണീക്കും.. ഞാൻ പോവുന്നതിനു മുമ്പ് ഉച്ചയ്ക്കുള്ള ഊണ് വരെ റെഡി ആക്കും… മോനെണീറ്റാൽ പിന്നെ വേറൊരു ലോകമാണ് വീട്.. അവനെ നോക്കലും വീട് വൃത്തിയാക്കലും ഡ്രസ് കഴുകലും…

അതിനിടയിൽ ആൽബിക്ക് ഭക്ഷണം കൊടുക്കലാണ് ഏറ്റവും വലിയ ജോലി.. ഈ സ്ത്രീകളെ സമ്മതിക്കണം… നേരം പുലർന്നത് മുതൽ രാത്രി വരെ യാന്ത്രികമായി അങ്ങനെ….

നാളേക്കുള്ള ഡ്രസ്സുകളും മറ്റും എടുത്ത് വെക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…

ഒത്തിരി നാളായി അവളുടെ വീട്ടിൽ പോവാണ്..
അന്ന് ലിജിയുടെ മനസ്സമ്മതത്തിന്റെ തലേന്ന് അവളുടെ കൈപിടിച്ച് ഇറങ്ങിയതാണ്..
താൻ ബി എച്ച് എം എസ് കഴിഞ്ഞതേയുള്ളൂ.. ജോലിയൊന്നും ആയില്ല..

അവളെ കെട്ടാൻ വന്ന പയ്യൻ കാണാൻ ചന്തമില്ലെങ്കിലും ഏതൊ ഒരു പണക്കാരനാണ്..
പോരാത്തതിന് സ്വന്തമായി എന്തോ ബിസിനസ്സുമുണ്ട്..

പക്ഷേ.. എനിക്കാണെങ്കിൽ ജോലിയും കൂലിയും ഒന്നും ഇല്ല..

വീട്ടിൽ ആണെങ്കിൽ കുറച്ചു റബറുള്ളത് കൊണ്ട് അരിഷ്ടിച്ച് കഴിഞ്ഞു പോകുന്നു..
ഞാനാണ് ഇനി ആകെയുള്ള പ്രതീക്ഷ…

തുടുത്ത മുഖവും മനസ് നിറയെ സ്നേഹവുമുള്ള ലിജിയെ നഷ്ടപ്പെടുത്താൻ മനസ് വന്നില്ല.
വരുന്നത് വരട്ടെ എന്ന് കരുതി
അവളുടെ കൈപിടിച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മമ്മിയെങ്കിലും തന്നെ മനസിലാക്കും എന്ന് കരുതി..

അപ്പച്ചൻ ഇറക്കി വിട്ടപ്പോൾ മമ്മിയുടെ ഒരു പിൻവിളിക്കായ് കാതോർത്തു…

പക്ഷേ.. ഒന്നും ഉണ്ടായില്ല.. ഒടുവിൽ കൂടെപ്പഠിച്ചവരുടെ സഹായത്തോടെ ഈ വെട്ടിക്കാട്ടിരിയിൽ വന്ന് ക്ളിനിക്ക് തുടങ്ങുമ്പോൾ കൂടുതലും പട്ടിണിയും പരിവെട്ടവുമായിരുന്നു…

ഇന്നിപ്പോ വാടക വീട്ടിൽ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നു… ഓർമ്മകൾ പെയ്തു തോർന്നപ്പോഴും അവൾ ഒരുക്കത്തിലാണ്…

“ലിജീ.. വാ.. വന്ന് ഉറങ്ങ്.. അല്ലെങ്കിൽ നാളെ ആകെ മൊത്തം കാണാൻ ഒരു ചന്തവും ഉണ്ടാവില്ല..”

പിന്നെയും കുറേ നേരം കഴിഞ്ഞാണവൾ വന്ന് കിടന്നത്.. ഇടയ്ക്ക് പലപ്പോഴും അവളുടെ നെടുവീർപ്പുകൾ പാതി മയക്കത്തിൽ കേട്ടു…

ആ പഴയ മാരുതി എണ്ണൂറിൽ ലിജിയുടെ വീടിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ നിറയെ വിലകൂടിയ കാറുകൾ.. അതിനിടയിൽ ഒതുക്കി പാർക്ക് ചെയ്ത്.. ലിജിയുടെ പിറകിൽ മോനേയും എടുത്ത് നടന്നു…

അകലെ നിന്ന് തന്നെ ഞങ്ങളുടെ അഭയാർത്ഥികളെ പോലെയുള്ള വരവ് കണ്ടു ലിജിയുടെ അപ്പൻ.

“എടാ വർഗീസേ…. ആ വലിഞ്ഞു കയറി വരുന്നവർക്ക് പിറകിൽ കൊണ്ട് പോയി കൊടുക്ക്… ഇന്നെങ്കിലും വയറ് നിറയെ കഴിച്ചോട്ടേ…”

മുന്നിൽ നടന്ന ലിജി നിന്നു.. നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകൾ എന്നെ നോക്കി..

“സാരല്ല..”

പന്തലിലേക്ക് ഇറങ്ങി വരുന്ന ചിറ്റമ്മയേയും അനിയത്തിയേയും പ്രതീക്ഷയോടെ നോക്കി ലിജി…

“അവര് വിളിക്കാൻ വന്നതാ…”

എന്നെ നോക്കി അങ്ങനെ പറയുമ്പോൾ ലിജിയുടെ മുഖത്തെ സന്തോഷം.. തങ്ങളുടെ തൊട്ടപ്പുറത്ത് നിൽക്കുന്നവരുടെ അടുത്ത് വന്നു കുശലം പറഞ്ഞു അവർ.. പക്ഷേ.., ഒന്ന് നോക്കുന്നത് പോലും ഇല്ല.

“മമ്മീ… ഞാൻ..”

“ഏതാടീ.. ഇവര്.. നീ വിളിച്ചിട്ട് വന്നതാണോ..”

“ഏയ് അല്ല മമ്മീ..”

ലിജി ഇപ്പോ ഹൃദയം പൊട്ടി മരിക്കും എന്ന് തോന്നി..

അവളുടെ കൈപിടിച്ച് തിരികെ നടക്കുമ്പോൾ തിരിച്ചറിഞ്ഞു.. ലോകത്ത് ഏറ്റവും വലിയ ബന്ധു അമ്മയാണ്… അമ്മ കഴിഞ്ഞാൽ പിന്നെ പണമാണ്.. ഇത് രണ്ടും കൂടെ ഉണ്ട് എങ്കിലേ മറ്റുള്ള ബന്ധങ്ങളൊക്കെ കൂടെ ഉണ്ടാവൂ…

അവിടെ നിന്നിറങ്ങി തിരിച്ചു കാറോടിച്ച് വരുമ്പോൾ വിദൂരതയിലേക്ക് നോക്കി ഇരുന്നു ലിജി.

“അവരെന്റെ പൊന്നു മോനെ ഒന്ന് നോക്കുക പോലും ചെയ്തില്ല..”

“എന്റെ ലിജി കുട്ടീ.. നീ ഇങ്ങനെ സങ്കടപ്പെടാതെ… നമുക്കല്ലേ അവൻ പൊന്നും തങ്കവും.. മറ്റുള്ളവർക്ക് ഏതോ ഒരു കുട്ടി…”

“എന്നാലും… ഇച്ചായാ… എങ്ങനെ കഴിഞ്ഞിരുന്നതാണ്..”

“ആ… അതാണ്.. എന്നെങ്കിലും നമ്മുടെ കൈയ്യിൽ പണം ഉണ്ടാവുമ്പോൾ ഇവരൊക്കെ നമ്മെ തേടി ഇങ്ങോട്ട് വരും..”

“അതൊക്കെ ഈ ജന്മം നടക്കുമോ..”

“ദേ.. നീ കൂടെ ഉണ്ട് എങ്കിൽ എല്ലാം നടക്കും…”

“അല്ലിച്ചായാ.. നമ്മളെങ്ങോട്ടാ..”

“അതൊക്കെ ഉണ്ട്”

കല്യാണിയുടെ വീട് ചെമ്പ്രശ്ശേരിയിലെ വട്ടമലയിലാണെന്ന് അറിയാം.. ഒരുവിധം ചോദിച്ചു ചോദിച്ച് അവിടെ എത്തി..

ദൂരെ നിന്ന് തന്നെ കേട്ടു കല്യാണത്തിന്റെ ആരവം.. തങ്ങളെ ആർക്കും മനസിലായില്ല എങ്കിലും വളരെ ബഹുമാനത്തോടെ ആളുകൾ ഒതുങ്ങി നിന്നു വഴിയിൽ…

നിറയെ വീടുകൾ… അതിനിടയിൽ ഏതാണ് കല്യാണവീടെന്ന് പോലും അറിയില്ല.. ഒരുപാട് വീടുകളിൽ പന്തല് ഇട്ടിട്ടുണ്ട്..

“കല്യാണിയുടെ വീടേതാ…”

“കമ്പോണ്ടറ് കല്യാണിയേടത്തിയാണോ…”

“ആ..”

അകത്തെവിടെ നിന്നോ ഓടി വന്ന് മുഴുക്കെ ചിരിച്ച് മുന്നിൽ നിന്നു കല്യാണി..

“സാറേ….”

ആ വിളിയിൽ സ്നേഹവും ബഹുമാനവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു….

“ആ… ഞങ്ങള് കല്യാണത്തിന് വന്നതാ…”

അപ്പോഴേക്കും ഒരുപാട് ആളുകൾ ചുറ്റും..
കസേര വലിച്ചിട്ട് തന്ന്.. ഇരിക്കാൻ പറഞ്ഞ്…. ലിജിയുടെ കൈയ്യിൽ നിന്നും ആൽബിയെ പല കൈകൾ കൈമാറി..

അവനും ശരിക്കും ആസ്വദിക്കുന്നുണ്ട് എന്ന് അവന്റെ ചിരി കണ്ടാൽ അറിയാം.
ലിജിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പുതുപ്രകാശം..

അവളും ആ സാഹചര്യത്തോട് പെട്ടെന്ന് ഇണങ്ങി… ഒടുവിൽ മനസും വയറും നിറഞ്ഞ്.. കാറിൽ കയറുമ്പോൾ ലിജിയുടെ മുഖം കൂടുതൽ പ്രാകാശിച്ചു.

“ലിജീ…നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ അല്ല… നമ്മെ സ്നേഹിക്കുന്ന., നമ്മെ ബഹുമാനിക്കുന്നവരോടാണ് ചേർന്ന് നിൽക്കേണ്ടത്.. അത് സ്വന്തമായാലും ബന്ധുവായാലും..”

“ശരിയാണ്.. അങ്ങനെ എങ്കിൽ നമുക്ക് ചുറ്റും നൂറായിരം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാവും…”

“ലിജീ..കാലങ്ങൾക്ക് ശേഷം മരണം തൊണ്ടക്കുഴിയിൽ വന്ന് നിൽക്കുന്ന സമയത്ത് തിരിച്ചറിവുണ്ടായി അവർ നമ്മെ തിരക്കി വരുമ്പോഴും നിന്റെ മുഖത്ത് ഈ ചിരിയുണ്ടാവണം…”

“എന്റെ ഇച്ചായൻ കൂടെ ഉണ്ട് എങ്കിൽ.. ഞാൻ ചിരിക്കും.. എല്ലാം നേടിയവളുടെ ഹൃദയം നിറഞ്ഞ പുഞ്ചിരി….”

അപ്പോഴും ആൽബി കുഞ്ഞു പല്ലുകൾ കാട്ടി ചിരിചു കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *