മോളെ ഇവർ എന്തേലും ചെയ്തോ, ഇല്ലെന്ന് തലയാട്ടിക്കൊണ്ട് അവൾ ഓടിപ്പോയി ലക്ഷ്മിയേടത്തിയെ കെട്ടിപ്പിടിച്ചു അത്..

നിധി
(രചന: Gopi Krishnan)

കടയിലേക്കുള്ള സാധനങ്ങൾ സ്കൂട്ടറിൽ വെച്ചു സൂപ്പർമാർക്റ്റിലെ മൊയ്തീനിക്കയോട് കുശലം പറഞ്ഞു നിൽക്കുമ്പോഴാണ് കൃഷ്ണേട്ടന് കാലിൽ ആരോ തോണ്ടുന്നത് പോലെതോന്നിയത് നോക്കിയപ്പോ അഞ്ചോ ആറോ വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി

ഓമനത്തം തുളുമ്പുന്ന മുഖത്ത് നല്ല ക്ഷീണം കാണുന്നു നിറഞ്ഞകണ്ണുകളോടെ തന്നെനോക്കി നിൽക്കുന്നവളെ കണ്ട് കൃഷ്ണേട്ടൻ എന്താണെന്ന് ചോദിച്ചു…

ദയനീയമായ ഭാവത്തോടെ അവൾ പറഞ്ഞു ” മാമാ വിശക്കുന്നു എന്തേലും തരുവോ”….?

ആ ചോദ്യത്തിനുമുന്നിൽ ഒരുനിമിഷം കൃഷ്ണേട്ടന്റെ കണ്ണുകൾ നിറഞ്ഞു കണ്ണട ഊരി തുടച്ചുകൊണ്ട് അവളെയും വിളിച്ചു അയാൾ ഹോട്ടലിലേക്ക് നടന്നു

പിറകിൽനിന്ന് മൊയ്തീനിക്ക വിളിച്ചുപറയുന്നത് അയാൾ കേട്ടു ” കൃഷ്ണാ വേണ്ട തട്ടിപ്പാണ് ആട്ടിയോടിക്കതിനെ ” അയാളെനോക്കി പുഞ്ചിരി സമ്മാനിച്ചു അവളെയും കൂട്ടി ഹോട്ടലിൽകേറി ഭക്ഷണത്തിനു ഓർഡർ ചെയ്തു..

സപ്ലയർ കൊണ്ടുവന്ന ഭക്ഷണം കൈയിലെ കവറിലേക്കിട്ട് ഓടാനൊരുങ്ങിയ അവളെ കൃഷ്ണേട്ടൻ തടഞ്ഞു ” മോളെ ഇവിടെയിരുന്ന് കഴിച്ചിട്ട് പോ ” നന്ദിയോടെ അയാളുടെ മുഖത്തേക്ക് നോക്കി അവൾ ദൂരേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു….

” അമ്മ ”

അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ അയാൾ പെട്ടന്ന് മുഖം പിൻവലിച്ചു അഴുക്കുചാലിനരികിൽ കീറത്തുണികൾ കൊണ്ടു മറച്ച ഒരു ഷെഡിൽ എല്ലും തോലുമായി ഒരു രൂപം ഈ കുരുന്നുപ്രായത്തിലെ അമ്മയ്ക്ക് തണലാകേണ്ടി വന്ന ആ കുഞ്ഞിനെ അയാൾ ഒരുനിമിഷം നോക്കിയിരുന്നു

ഓടിപ്പോയ അവൾ അമ്മയുടെ വായിലേക്ക് ഭക്ഷണം വെച്ചു കൊടുക്കുന്നത് കണ്ടപ്പോൾ ഒരുനിമിഷം അയാളും കരഞ്ഞുപോയി. കണ്ണുകൾ തുടച്ചു സ്കൂട്ടർ എടുത്തു കൃഷ്ണേട്ടൻ ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

കടയിൽനിന്ന് വന്ന കൃഷ്ണേട്ടൻ എങ്ങോനോക്കി ചിന്തിച്ചിരുന്നത് കണ്ടപ്പോൾ ലക്ഷ്മിയേടത്തിയും സംശയിച്ചു.

അവർ അടുത്തേക്ക് വന്നു ഭർത്താവിന്റെ ചുമലിൽ തട്ടിവിളിച്ചു ” അതേ ഈ ഇരിപ്പ് പതിവില്ലല്ലോ എന്താപറ്റിയെ തലവേദന ഉണ്ടോ ഞാൻ ബാം പുരട്ടിത്തരാം ”

ഇതുംപറഞ്ഞു മുറിയിൽപോകാനൊരുങ്ങിയ അവരെ കൃഷ്ണേട്ടൻ കൈയിൽപിടിച്ചു അവിടെ ഇരുത്തി ഇങ്ങേർക്കിതെന്ത് പറ്റി എന്നമട്ടിൽ നോക്കിയ അവരോട് അയാൾ പറഞ്ഞു”

ഞാനിന്നൊരു കുട്ടിയെ കണ്ടു ലക്ഷ്‌മീ കണ്ടാൽ ഏതാണ്ട് നമ്മടെ അമ്മൂനെ പോലെയിരിക്കും വിശക്കുന്നു ന്ന് പറഞ്ഞുകരഞ്ഞപ്പോൾ ഞാൻ ഭക്ഷണം വാങ്ങികൊടുത്തു

അവളത് കഴിക്കാതെ നേരെ ഷെഡിൽകിടക്കുന്ന അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു അതുകണ്ട ശേഷം മനസിനെന്തോ വല്ലായ്മ പോലെ നമ്മടെ അമ്മു ഉണ്ടായിരുന്നേൽ ഇപ്പൊ കല്യാണം നോക്കണ്ട പ്രായം ആയേനെല്ലേടീ ”

മിഴികൾ തുടച്ചുകൊണ്ട് ലക്ഷ്മിയേടത്തി കൃഷ്ണേട്ടന്റെ തോളിലേക്ക് ചാഞ്ഞു ചുവരിൽ തൂക്കിയ അമ്മുവിന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അവർ വിതുമ്പിക്കരഞ്ഞു അവരുടെ മുടിയിൽ തലോടി കൃഷ്ണേട്ടൻ ആശ്വസിപ്പിച്ചു

” ഇനി കരഞ്ഞു അസുഖം ഒന്നും വരുത്തല്ലേ ഞാൻ ചുമ്മാ പറഞ്ഞു ന്നേ ഉള്ളൂ മ്മടെ മോൾക്ക് ഈശ്വരൻ അത്രേ വിധിച്ചിട്ടുള്ളൂ

അല്ലാതെ എന്താ പറയാ തുള്ളിച്ചാടി സ്കൂളിലേക്ക് പോയവൾ ഒരുദിവസം ആംബുലൻസിലല്ലേ വന്നത് നിർത്താതെ പോയ മണൽ ലോറി നമ്മുടെ കുഞ്ഞിന്റെ ജീവനും കൊണ്ടല്ലേ പോയെ..

ആ എല്ലാം ദൈവനിശ്ചയം നീ കരയാതെ പോയി കഞ്ഞിയെടുത്തു വെക്ക് നാളെ ടൗണിൽ പോണം പറ്റിയാൽ ആ കുഞ്ഞിനെ കാണണം ” ഇതുംപറഞ്ഞു അവരെയും കൂട്ടി അയാൾ ഊണുമുറിയിലേക്ക് നടന്നു …..

അന്ന് പതിവുപോലെ മൊയ്തീനിക്കയോട് സംസാരിച്ചു തിരിച്ചുനടന്ന കൃഷ്ണേട്ടൻ കുറെനേരം ആ കുഞ്ഞിനെ നോക്കി.

കണ്ടെത്താൻ കഴിഞ്ഞില്ല അന്ന് അവളുടെ അമ്മ കിടന്ന ആ ഷെഡ് ഇന്നവിടെ കാണുന്നില്ല നിരാശയോടെ സ്കൂട്ടർ എടുത്തുപോകാൻ ഒരുങ്ങുമ്പോഴാണ് പെട്ടിക്കടയ്ക്ക് പിറകിൽ രണ്ടു കുഞ്ഞിക്കാലുകൾ കണ്ടത്

അങ്ങോട്ട്ചെന്ന് നോക്കിയപ്പോൾ പേടിച്ചുവിറച്ചു നിൽക്കുന്ന അവളെയാണ് അയാൾ കണ്ടത് അടുത്തേക്ക് വിളിച്ചപ്പോൾ അവൾ ഭയത്തോടെ നടന്നുവന്നു അവളുടെ കവിളിൽ തലോടി കൃഷ്ണേട്ടൻ എന്തെന്ന് ചോദിച്ചു അവൾ പറഞ്ഞു തുടങ്ങി

“അന്ന് മാമൻ വാങ്ങിത്തന്ന ആഹാരം കഴിച്ചിട്ട് അമ്മ ഉറങ്ങിയതാ പിന്നേ വിളിച്ചിട്ട് ഉണർന്നില്ല ആ കടേലെ മാമനോട് പറഞ്ഞപ്പോ കുറെ പേര് വന്നു

അമ്മേനെ എടുത്തോണ്ടുപോയി കുറെ കഴിഞ്ഞപ്പോ കുറെ പോലിസ്മാമൻമാർ എന്നെനോക്കി അവിടെവന്നു എനിക്ക് പേടിയാ ഞാൻ അവിടെ ദൂരെ പോയി ഒളിച്ചിരുന്നു .. എനിക്ക് അമ്മേനെ കാണണം അമ്മ എവിടെയാ മാമാ”….?

ആ കളങ്കമില്ലാത്ത മനസിന്റെ ചോദ്യത്തിന് എന്തുത്തരം നൽകുമെന്നോർത്തു കൃഷ്ണേട്ടൻ ഒരുനിമിഷം പകച്ചുനിന്നു പിന്നേ അവളെയെടുത്തു മാറോടു ചേർത്തുപറഞ്ഞു ” മോളു വാ ഞാൻ വേറൊരു അമ്മയെ തരാം ”

അവളെയും സ്കൂട്ടറിൽ കേറ്റി വണ്ടിയെടുത്തുപോയ കൃഷ്ണേട്ടനെ പിറകിലൂടെ വന്ന രഘു കാണുന്നുണ്ടായിരുന്നു ഒരു വഷളൻ ചിരിയോടെ പോക്കറ്റിലെ ഫോൺ എടുത്തു അയാൾ ചെവിയിലേക്ക് വെച്ചു പറഞ്ഞു

” ഹലോ പോലിസ് സ്റ്റേഷൻ കവലയിൽ കട നടത്തുന്ന കൃഷ്ണൻ എന്നയാൾ ടൗണിൽ നിന്നും അഞ്ചാറുവയസുള്ള ഒരു പെൺകുട്ടിയെ എടുത്തോണ്ട് പോയി ആ കുഞ്ഞിന്റെ മാനം പോകും മുമ്പ് ചെന്ന് രക്ഷിക്കൂ സാർ ഇപ്പൊ അയാളുടെ വീട്ടിലേക്ക് പോയാൽ കിട്ടും ”

ഇതും പറഞ്ഞു ഫോൺ പോക്കറ്റിലിട്ടു മുണ്ടും മടക്കിക്കുത്തി അയാൾനടന്നു.

ആയിരം പൂർണചന്ദ്രന്മാർ ഒരുമിച്ചുവിരിഞ്ഞ മുഖത്തോടെ ആ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കുകയായിരുന്നു ലക്ഷ്മിയേടത്തി ആ കാഴ്ചകണ്ടു നിറഞ്ഞമനസോടെ കൃഷ്ണേട്ടൻ അരികത്തുണ്ട്.

അപ്പോഴാണ് വീടിനുമുന്നിൽ ആകെ ബഹളം പോലിസ് ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ കൃഷ്ണേട്ടനും ലക്ഷ്മിയേടത്തിയും കതക്‌തുറന്നു അവളെയും കൂട്ടി പുറത്തേക്കുെചെന്നു

സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ അവരെ അടുത്തേക്ക്വിളിച്ചു അപ്പോഴേക്കും ആളുകൾ ഓടിക്കൂടാൻ തുടങ്ങിയിരുന്നു ആ കൂട്ടത്തിൽ രഘുവും ഉണ്ടായിരുന്നു കൃഷ്ണേട്ടന്റെ അടുത്തെത്തി എസ് ഐ ചോദിച്ചു

” നിങ്ങൾ കവലയിൽ നിന്നുമൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നു എന്നൊരു ഇൻഫർമേഷൻ കിട്ടി അതാണ്‌ വന്നത് എവിടെ ആ കുട്ടി”….. ?

കൃഷ്ണേട്ടൻ ഞെട്ടലോടെ ലക്ഷ്മിയേടത്തിയെ നോക്കി അവർക്ക് പിറകിൽ ഭയന്നുനിന്ന അവളെ അവർ മുന്നിലേക്ക് നിർത്തി അവൾ പതുക്കെ വന്നു കൃഷ്ണേട്ടന്റെ അരികിൽനിന്നു

അവളെ നോക്കി വാത്സല്യത്തോടെ എസ് ഐ അരികിലേക്ക് വിളിച്ചു ഭയത്തോടെ ചെന്ന അവളുടെ മുടിയിൽ തലോടി അയാൾ ചോദിച്ചു

” മോളെ ഇവർ എന്തേലും ചെയ്തോ ” ഇല്ലെന്ന് തലയാട്ടിക്കൊണ്ട് അവൾ ഓടിപ്പോയി ലക്ഷ്മിയേടത്തിയെ കെട്ടിപ്പിടിച്ചു അത് കണ്ടപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞു തുടങ്ങി ”

സാർ ആരോരുമില്ലാതെ തെരുവിൽ അലഞ്ഞുനടന്ന ഇവളെ വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം കൊടുത്തതാണോ ഞാൻ ചെയ്ത തെറ്റ് ആകെ ഉണ്ടായിരുന്ന മോള് വണ്ടിയിടിച്ചു മരിച്ചുപോയി.

ഇവളെ ഞാൻ ഏറ്റെടുത്തോളം എന്റെ മകളായി നോക്കിക്കോളാം അതിനുള്ള എല്ലാ നിയമവിധികളും അനുസരിച്ചു തന്നെ. സാർ പറഞ്ഞോളൂ ഞങ്ങൾ എവിടെയും വരാം എന്തും ഒപ്പിട്ടു തരാം ”

ഇതെല്ലാം കേട്ടപ്പോൾ ഒരുനിമിഷം എസ്ഐ രവീന്ദ്രൻ നിശബ്ദനായി പിന്നേ കൃഷ്ണേട്ടന്റെ ചുമലിൽ കൈവെച്ചു പറഞ്ഞു

” സോറി കൃഷ്ണേട്ടാ ക്ഷമിക്കൂ ജോലി ഇതായിപ്പോയി ഇന്നത്തെ കാലമല്ലേ ഓരോന്ന് കേൾക്കുമ്പോൾ പേടിയാണ് നിങ്ങൾ വിഷമിക്കണ്ട ഇവളെ നിങ്ങൾക്ക് ഏറ്റെടുക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കാം ആദ്യം ഇവളെ എല്ലാം പറഞ്ഞു മനസിലാക്കൂ ….

പിന്നെ ഇങ്ങനൊരു കാര്യം സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞവനെ എന്റെ കൈയിൽകിട്ടും അതിനുള്ളത് ഞാൻ അവനു കൊടുത്തോളാം

അത് കേട്ടപ്പോൾ അവിടെനിന്നും മുങ്ങാൻ തുടങ്ങിയ രഘുവിനെ പോലീസുകാർ പിടിച്ചോണ്ടുവന്നു അവന്റെ മുഖമടച്ചു ഒരെണ്ണം കൊടുത്തിട്ട് എസ്ഐ പറഞ്ഞു

” നീ ഈ കൂട്ടത്തിൽ കാണും എന്നെനിക്ക് അറിയാമെടാ അതിന് വേണ്ടിയാ ഞാൻ അങ്ങനെപറഞ്ഞത് ബാക്കി അങ്ങുചെന്നിട്ട് തരാം നടക്ക ”

കൃഷ്ണേട്ടനോടും ലക്ഷ്മിയേടത്തിയോടും യാത്രപറഞ്ഞു രഘുവിനേം തൂക്കി വണ്ടിയിലിട്ട അവർപോയി ആളുകളെല്ലാം പോയപ്പോൾ ആ കുഞ്ഞുമോൾ കൃഷ്ണേട്ടനോട് ചോദിച്ചു

” മാമാ പോലിസ് ഇനീം വരുവോ”….? ഇല്ലെന്ന് തലയാട്ടി അവളോടയാൾ പറഞ്ഞു ” ഇനി മാമാ ന്ന് വിളിക്കണ്ടട്ടോ അച്ഛാ ന്ന് വിളിച്ചോ ന്റെ മോള് നിന്റെ പേര് എന്താ ”

പുഞ്ചിരിയോടെ അവൾ പറഞ്ഞു ” അമ്മ എന്നെ പൊന്നേന്നാ വിളിക്ക്യാ ” ആ കുഞ്ഞിക്കവിളിൽ തലോടി അയാൾ പറഞ്ഞു ” ഇനി നീ പൊന്നല്ല നിധിയാണ് ഈ അച്ഛനുമമ്മയ്ക്കും ഈശ്വരൻ തന്ന അമൂല്യനിധി “. …..