രണ്ടാനച്ഛനെങ്കിലും അച്ഛനെ കൊന്നവൾ എന്ന പേരുമായി ചേച്ചി ജയിലിലേക്ക് പോയി, തന്നെക്കാൾ അഞ്ചു വയസിനു..

ചേച്ചിയമ്മ
(രചന: Gopi Krishnan)

” നാളെ എന്റെ ചേച്ചിയമ്മ മോചിതയാവുകയാണ് അല്ലേ മനുവേട്ടാ ”

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അഞ്ജലി മനുവിനോട് ചോദിച്ചു അതേയെന്ന അർഥത്തിൽ തലയാട്ടിക്കൊണ്ട് മനു അവളെ നെഞ്ചോടുചേർത്തു പറഞ്ഞു… ”

നേരമൊന്ന് വെളുക്കട്ടെ പെണ്ണെ നിന്റെ ചേച്ചിയമ്മയെ നമുക്ക് കൂട്ടിക്കൊണ്ട് വരാം ഇപ്പൊ കിടന്നുറങ്ങ് ഇത്രേം കാലം നീ കാത്തിരുന്നില്ലേ ഇനി ഈ ഒരു രാത്രിയല്ലേ ഒന്നും ആലോചിക്കേണ്ട ഉറങ്ങിക്കോ”

അവന്റെ നെഞ്ചോടു ചേർന്നു കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല പതിയെ എണീറ്റ് അവൾ ജനലിലൂടെ ആകാശം നോക്കിയിരുന്നു അനന്തമായ ആകാശലോകം അവളെ ഓർമകളുടെ ഭൂതകാലത്തേക്ക് ഒരു നിമിഷം കൊണ്ടെത്തിച്ചു….

രണ്ടു പെൺകുഞ്ഞുങ്ങളെ കൈയിൽ നൽകി അച്ഛനെന്ന സ്നേഹദീപം വാഹനാപകടത്തിൽ പൊലിഞ്ഞപ്പോൾ ചേച്ചിയമ്മയെയും തന്നെയും നെഞ്ചോടുചേർത്തു പൊട്ടിക്കരഞ്ഞ അമ്മയുടെ മുഖം മങ്ങിയ ചിത്രം പോലെയേ മനസിലുള്ളൂ….

മുതിർന്നുവരുന്ന പെൺകുട്ടികളെ കണ്ടു പലരും വന്നെങ്കിലും തലയിണക്കീഴിലെ വെട്ടുകത്തികൊണ്ട് അവരെ ഓടിച്ചുവിട്ട അമ്മയെന്ന കരുത്ത അവൾ ഓർത്തു.

ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിൽ അച്ഛന്റെ വകയിലെ ഒരു ബന്ധുവിന് മുന്നിൽ അമ്മയ്ക്ക് കഴുത്തുനീട്ടേണ്ടിവന്നു.

മദ്യത്തിന് അടിമയായ അയാൾ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു ഉറങ്ങാതെ കരഞ്ഞുതീർത്ത രാത്രികൾ .

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ കണ്ടത് വെട്ടുകത്തിയുമായി ഇരുന്ന് കരയുന്ന ചേച്ചിയമ്മയെയും മരിച്ചു കിടക്കുന്ന അയാളെയും ആണ് അമ്മയെവിടെയെന്ന് ചോദിച്ചപ്പോൾ അകത്തേക്ക്ചൂണ്ടി വിറച്ചുനിന്ന ചേച്ചിയുടെ മുഖം കണ്ണുകളിൽ വീണ്ടും നനവുപടർത്തി.

അകത്തേക്ക് നോക്കിയപ്പോൾ കണ്ണ് തുറന്നു മരിച്ചുകിടന്ന അമ്മയുടെ മുഖം ഇന്നും മന്സീന്ന് പോയിട്ടില്ല.

മദ്യപിച്ചുവന്നു അമ്മയുമായി വഴക്കിട്ടു കാമം തീർക്കാൻ ചേച്ചിയേ കേറിപ്പിടിക്കാൻ ഒരുങ്ങിയപ്പോൾ അയാളെ വെട്ടിക്കൊല്ലേണ്ടി വന്നു ചേച്ചിക്ക.

അതിന് മുന്നേ അമ്മയെ അയാൾ കൊന്നിരുന്നു രണ്ടാനച്ഛനെങ്കിലും അച്ഛനെ കൊന്നവൾ എന്ന പേരുമായി ചേച്ചി ജയിലിലേക്ക് പോയി..

തന്നെക്കാൾ അഞ്ചു വയസിനു മൂത്ത ചേച്ചി അമ്മയുള്ളപ്പോഴും തനിക്ക് ചേച്ചിയമ്മ ആയിരുന്നു പലപ്പോഴും സ്നേഹം കൊണ്ടു നെഞ്ചോടുചേർത്തു പാട്ടുപാടി ഉറക്കിയ ചേച്ചിയമ്മ.

ചേച്ചിയമ്മ ജയിലിൽ പോയപ്പോൾ അമ്മാവന്റെ വീട്ടുകാർ തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

അമ്മായി വേലക്കാരിയുടെ സ്ഥാനത്ത് കണ്ടപ്പോൾ ഇത്തിരി സ്നേഹം തന്നത് പത്രമിടാൻ വന്നിരുന്ന മനുവേട്ടൻ ആയിരുന്നു.

സ്വന്തമായി ഒരു ജോലി നേടി മനുവേട്ടൻ തന്നെ വിളിച്ചിറക്കി താലി കെട്ടിയപ്പോൾ പൂവണിഞ്ഞത് ആരോരുമില്ലാത്ത ഒരു പെണ്ണിന്റെ സ്വപ്നങ്ങളായിരുന്നു.

സ്വർഗം ഭൂമിയിൽ തീർത്ത ജീവിതത്തിൽ സ്നേഹം കൊണ്ടു തോൽപ്പിക്കുന്ന ഒരു ഭർത്താവും അവന്റെ സ്നേഹമായ ജീവന്റെ തുടിപ്പും തനിക്കിന്ന സ്വന്തം അവൾ വയറിൽ ഒന്ന് തടവിക്കൊണ്ട് ഉറങ്ങാൻ കിടന്നു.

സെൻട്രൽ ജയിലിനു മുന്നിൽ കോരിച്ചൊരിയുന്ന മഴയത്ത് അഞ്ജലിയും മനുവും കാത്തുനിന്നു .

കുറച്ചുനേരത്തിനുശേഷം വാതിൽ തുറന്നു ഒരു കുഞ്ഞു സഞ്ചി മാറോടടുക്കിപ്പിടിച്ചു ചേച്ചിയമ്മ പുറത്തേക്ക് വന്നു സ്നേഹം കൊതിക്കുന്ന പ്രായത്തിൽ കൊലയാളിയായ ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അപ്പോഴും ആ മുഖത്ത്.

അവളെ കണ്ടതും ഓടിവന്നു അവർ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഒരായുസിന്റെ നൊമ്പരം ഒരാലിംഗനത്തിൽ പറഞ്ഞു തീർത്ത ആ ചേച്ചിയെയും അനിയത്തിയേയും നോക്കി പുഞ്ചിരിയോടെ മനു നിന്നു. കാറിലേക്ക് കയറുന്ന നേരം പുഞ്ചിരിയോടെ മനു പറഞ്ഞു ”

അതേ ഈ ചേച്ചിയമ്മയെ അങ്ങനെ വെറുതെവിടാൻ ഉദ്ദേശിച്ചിട്ടില്ല ട്ടോ എന്റെ ഓഫിസിൽ ജോലി ചെയ്യുന്ന സന്തോഷേട്ടൻ പണ്ടേ ഒരു ചെറിയ ഇഷ്ടം പറഞ്ഞിട്ടുണ്ടായിരുന്നു.

നമ്മുടെ കഥകൾ എല്ലാം ആൾക്ക് അറിയാം എല്ലാം അറിഞ്ഞുകൊണ്ട് ചേച്ചിയമ്മയെ സ്വീകരിക്കാൻ പുള്ളി തയ്യാറാണ്.

എനിക്ക് വളരെ അടുത്തറിയുന്ന ആളാണ് ചേച്ചിയെ പുള്ളി പൊന്നുപോലെ നോക്കും ഈ അനിയൻ ഗ്യാരണ്ടി.

എല്ലാം കേട്ടു കണ്ണുതള്ളി ഇരുന്ന അഞ്ജലി മനുവിനെ ചേർത്തുപിടിച്ചു ഇങ്ങനൊരു നായകനെ ഈശ്വരൻ തന്നതിന് മിഴികൾ തുടച്ചവൾ ദൈവത്തോട് നന്ദി പറഞ്ഞു .

ആ യാത്ര അവിടെ അവസാനിച്ചില്ല തുടരുകയാണ് സ്നേഹമെന്ന ആയുധം കൊണ്ട് ലോകം കീഴടക്കുന്ന കൂട്ടുകുടുംബമായി ….

Leave a Reply

Your email address will not be published. Required fields are marked *