ഓടിച്ചെന്നു നോക്കിയപ്പോൾ അടുത്ത വീട്ടിലെ വിഷ്ണുവിനോടൊപ്പം നവവധുവിന്റെ വേഷത്തിൽ അങ്ങോട്ട് ചെല്ലുന്ന മകളെയാണ്..

ജനകൻ
(രചന: Gopi Krishnan)

കുട്ടേട്ടന്റെ ഓട്ടോയുടെ നിർത്താതെയുള്ള ഹോൺ മുഴക്കൽ കേട്ടപ്പോൾ ശേഖരൻ ഉള്ളിലേക്ക് നോക്കി ഉറക്കെ ഭാര്യയെയും മക്കളെയും വിളിച്ചു ശാരദാമ്മയും ശാലിനിയും ഇറങ്ങിവരുന്നത് കണ്ടപ്പോൾ

ആശ്വാസത്തോടെ അയാൾ ഓട്ടോയിൽ കയറി മൂത്ത മോളും മരുമോനും അങ്ങോട്ട് എത്താമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് അയാൾ കുട്ടേട്ടനോട് വണ്ടിയെടുക്കാൻ പറഞ്ഞു…..

ശേഖരേട്ടന്റെ മനസ്സിൽ ഒരായിരം ആകുലതകൾ മിന്നിമറഞ്ഞു…..

അങ്ങനെ തന്റെ രണ്ടാമത്തെ മോളുടെ വിവാഹവും നടക്കാൻ പോകുന്നു ശാലിനി ഭാഗ്യവതി ആണ് സ്ത്രീധനം ഒന്നും വേണ്ടെന്ന് തന്റെ മുന്നിൽ നിന്നു പറഞ്ഞ അരുൺ അവളെ പൊന്നുപോലെ നോക്കും.

തന്റെ രണ്ടുമക്കളും നന്നായി ജീവിക്കുന്നത് തനിക്ക് കാണാമെന്നോർത്തപ്പോൾ ആ അച്ഛന്റെ കണ്ണിൽ സന്തോഷത്തിന്റെ അശ്രുക്കൾ പെയ്തിറങ്ങി…..

ചിന്തിച്ചിരുന്ന സ്വർണക്കടയിൽ എത്തിയതറിഞ്ഞില്ല… നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ ഒരുവിധം ആഭരണങ്ങൾ എല്ലാം ഒരുക്കി കടക്കാർ അവരെ കാത്തിരുന്നിരുന്നു…

മൂത്ത മോളുടെ മകളെ മടിയിൽ വെച്ച് ശേഖരേട്ടൻ സ്വർണക്കടയിൽ ഇരുന്നു….

ആഭരണങ്ങൾ സെലക്ട്‌ ചെയ്യുമ്പോൾ മറ്റുള്ളവരുടെ ഇഷ്ട്ടം പറഞ്ഞു മകൾ ഒഴിഞ്ഞു മാറുമ്പോൾ അവിടുത്തെ ജോലിക്കാർ പരസ്പരം നോക്കി ചിരിക്കുന്നത് അയാൾ കണ്ടില്ല…

സ്വർണവും വസ്ത്രവും എടുത്തു അവരെ വീട്ടിലാക്കി സദ്യയുടെ കാര്യങ്ങൾക്കായി അയാൾ ഓടിനടന്നു എല്ലാം കഴിഞ്ഞു പാതിരാ നേരത്ത് വീട്ടിൽ വന്നു തളർന്നുറങ്ങി….

പുലർസൂര്യൻ പുഞ്ചിരിച്ചെത്തിയ പ്രഭാതത്തിൽ ഉറക്കമുണർന്ന ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് ശാരദാമ്മ ചായയും കൊണ്ടു വന്നത്….

എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ ഈ ബുധനാഴ്ച മോളുടെ കല്യാണം കഴിഞ്ഞാൽ സ്വസ്ഥമായി ഇരിക്കാമല്ലോ ഇത് കുടിച്ചിട്ട് പോയി കുളിക്കൂ എന്ന് പറഞ്ഞ അവരെനോക്കി അയാളൊന്ന് പുഞ്ചിരിച്ചു…..

തന്റെ ഇത്രയും കാലത്തെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വേദനകളും ഓർമ്മകളും വാത്സല്യവും എല്ലാമുണ്ടായിരുന്നു ആ ചിരിയിൽ…

ശാലിനിയുടെ മുറിക്ക് മുന്നിൽ എത്തിയപ്പോൾ തുറന്നു കിടക്കുന്നത് കണ്ട അയാളൊന്ന് ഭയന്നു… വാങ്ങിച്ച സ്വർണവും വസ്ത്രവും എല്ലാം കട്ടിലിനു താഴെ ഭദ്രമായി വെച്ചിരിക്കുന്നു…

റൂമിൽ ആരുമില്ല… ശാരദാമ്മയെ വിളിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്നല്ലോ എന്നുപറഞ്ഞവർ ഓടിവന്നു… അപ്പോഴാണ് പുറത്തൊരു ബൈക്കിന്റെ ശബ്ദം കേട്ടത്…..

ഓടിച്ചെന്നു നോക്കിയപ്പോൾ അടുത്ത വീട്ടിലെ വിഷ്ണുവിനോടൊപ്പം നവവധുവിന്റെ വേഷത്തിൽ അങ്ങോട്ട് ചെല്ലുന്ന മകളെയാണ് കണ്ടത്…..

ചങ്കിനുള്ളിൽ ഒരുനൂറ്‌ കത്തി കുത്തിയിറക്കുന്ന വേദനയോടെ അങ്ങോട്ട് ചെന്നപ്പോൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു ഇവളെന്റെ ഭാര്യയാണ് എന്ന്…..

ബസിലെ ക്ലീനർ ആയ വിഷ്ണു മാസത്തിൽ നാലോ അഞ്ചോ ദിവസം ജോലിക്ക് പോയാൽ ആയി.. ബാക്കി ദിവസങ്ങളിൽ മദ്യപിച്ചു ബോധമില്ലാതെ വഴിയിൽ കിടക്കുന്ന അവനെ പലപ്പോഴും താൻ കണ്ടിട്ടുണ്ട്…

അമ്മ മരിച്ചുപോയ അവന്റെ അച്ഛനും മദ്യത്തിന് അടിമയാണ്……എല്ലാമോർത്തപ്പോൾ അയാൾ അവിടെ തളർന്നുവീണു… ഓടിക്കൂടിയ അയൽക്കാർ അയാളെ താങ്ങി വീട്ടിലെത്തിച്ചു…..

വാങ്ങിച്ച സ്വർണം തിരിച്ചു കൊടുക്കാൻ അയാൾ വീണ്ടും ആ കടയിലെത്തി…. കല്യാണം ഒരുക്കങ്ങൾ എന്തായെന്ന് ചോദ്യങ്ങൾക്കു മുന്നിൽ അയാൾ നിന്നുരുകി……

താൻ ചോര നീരാക്കി അധ്വാനിച്ചു വളർത്തിയ മകൾ ഒരു കള്ളുകുടിയൊനോടൊപ്പം പോയെന്നും ചെറുക്കന്റെ വീട്ടുകാർ തന്നെ അപമാനിച്ചുവെന്നും അയാൾ പറയുന്നത് കടക്കാർ സങ്കടത്തോടെ കേട്ടിരുന്നു….

സ്വർണം തിരിച്ചു കൊടുത്തു പണവുമായി മടങ്ങിപ്പോകുന്ന അയാളെ നോക്കി അവർ മനസ്സിൽ തട്ടിയ വിഷമത്തോടെ നിന്നു……..

ഒന്നുമില്ലേലും അയാളൊരു അച്ഛനല്ലേ… ജന്മം നൽകിയ മകൾ ചതിച്ചു കളഞ്ഞ ജനകൻ…….

ഇത് വെറുമൊരു കഥയല്ല ഇത്തിരി കാലങ്ങൾക്ക് മുന്നേ സ്വർണക്കടയിലെ ജോലിക്കിടയിൽ ഞാൻ നേരിട്ട് കണ്ട സത്യം……

വിവാഹം തീരുമാനിക്കും മുന്നേ ഇവർക്കൊക്കെ ഇത് പറഞ്ഞൂടെ എന്ന് അന്ന് ആ കടയിലിരുന്ന് ഞങ്ങൾ പറഞ്ഞിരുന്നു…..

ആ അച്ഛന്റെ നൊമ്പരം ഇന്നും ഓർമകളിൽ വരാറുണ്ട്….. ഇനിയൊരു അച്ഛനും അങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…