അയാളെ കണ്ടപ്പോൾ അവൾ അറപ്പോടെ മുഖംതിരിച്ചു കഞ്ഞി മേശപ്പുറത്തുവെച്ചു ഒന്നുംമിണ്ടാതെ അയാൾ പുറത്തേക്കുനടന്നു..

കോമാളി
(രചന: Gopi Krishnan)

“അമ്മേ എന്തിനാ കോളേജിലേക്ക് കുഞ്ഞമ്മാവനെ പറഞ്ഞുവിട്ടത് മനുഷ്യൻ ആകെ നാണംകെട്ടുപോയി ”

ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴേ കാർത്തിക നല്ലചൂടിലാണ് അവളുടെ ചോദ്യം കേട്ടപ്പോൾ നന്ദിനി ചിരിയോടെ പറഞ്ഞു

” അമ്മയ്ക്കൊരു തലവേദന അതാണ്‌ മാമനെ വിട്ടത് നിനക്ക് ചോറുകൊണ്ടുതരാൻ എന്തായിപ്പൊ ഉണ്ടായേ”..?

” അങ്ങേരുടെയൊരു വേഷവും സംസാരവും കൂട്ടുകാരുടെ ഇടയിലേക്ക് മുണ്ടും ചുറ്റി തോളത്തൊരു തോർത്തുമിട്ടു കേറിവന്നിട്ട് എന്നെക്കേറി വിളിക്കുവാ വാവേന്ന് ഞാനാകെ നാണംകെട്ടുപോയി

അവളുമാരൊക്കെ ഇപ്പൊ എന്നെ വാവേന്ന് വിളിച്ചുകളിയാക്കുവാ അങ്ങേരെകാണുമ്പോൾ എനിക്കിപ്പോ ഓർമ്മവരുന്നത് സർക്കസിലെ കോമാളിയെയാണ് ”

അതുപറഞ്ഞുതീരുംമുന്നേ നന്ദിനിയുടെ കൈ കാർത്തികയുടെ കവിളിൽപതിഞ്ഞു കരഞ്ഞുകൊണ്ട് മുറിയിലേക്കോടിയ അവൾകണ്ടു മുറ്റത്ത് തന്നെനോക്കി കണ്ണുതുടയ്ക്കുന്ന കുഞ്ഞമ്മാവനെ…..

നന്ദിനി അയാളെ വേദനയോടെ ഒന്നുനോക്കി ഒന്നുമില്ലെന്ന അർഥത്തിലൊന്ന് കണ്ണടച്ചുകാണിച്ചു അയാൾ പുഞ്ചിരിയോടെ പാടത്തേക്ക് നടന്നു…

വീട്ടുകാരെ എതിർത്തു പ്രണയിച്ചു വിവാഹം കഴിച്ചവരാണ് നന്ദിനിയും പ്രസാദും…… കാർത്തിക പിറന്നശേഷം വാഹനാപകടത്തിൽ പ്രസാദ് ഈ ലോകം വിട്ടുപോയപ്പോൾ മരിച്ചുകളയാൻ ഒരുങ്ങിയ ആളാണ് നന്ദിനി…

ആ മരണത്തിൽ നിന്നും അവളെ പിന്തിരിപ്പിച്ചു ജീവിക്കാൻ കരുത്തനൽകിയത് അവളുടെ കുഞ്ഞേട്ടനാണ്. നന്ദിനിയുടെ ഒരേയൊരു ഏട്ടനാണ് കുഞ്ഞികൃഷ്ണൻ.

അവളെക്കാൾ പത്തുവയസിനു മൂത്ത അയാൾ അവൾക്ക് അച്ഛനെപ്പോലെയാണ് വൈകിവന്ന കുഞ്ഞനിയത്തിയെ തലയിൽവെച്ചു താലോലിച്ചാണ് അയാൾ നോക്കിയത്

അവൾ തന്നിഷ്ടപ്രകാരം മറ്റൊരുവനോടൊപ്പം പോയപ്പോൾ അച്ഛനെക്കാളും അമ്മയെക്കാളും കരഞ്ഞത് അയാളായിരുന്നു….

പ്രസാദിന്റെ മരണശേഷം അവർക്കുകാവലായി അയാൾ കൂടെയുണ്ടായി കൃഷിപ്പണി മാത്രമറിയുന്ന അയാൾ കാവിമുണ്ടും ചുറ്റി തോളിലൊരു തോർത്തുമിട്ടു അതിരാവിലെ പാടത്തേക്കുപോകും

മോളെ സ്കൂളിൽവിട്ടു നന്ദിനിയും കൂടെച്ചെല്ലും പകലന്തിയോളം അധ്വാനിച്ചു അമ്മയും അമ്മാവനും ചേർന്ന് കാർത്തികയെ വളർത്തിവലുതാക്കി വക്കീൽ ആവണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നഗരത്തിലെ ലോ കോളേജിൽ പഠനം ശരിയാക്കി.

പക്ഷെ അവിടെച്ചെന്ന് വലിയവീട്ടിലെ കുട്ടികളെ കണ്ടതുമുതൽ കാർത്തികയ്ക്ക് കുഞ്ഞമ്മാവനെ കണ്ണിന് പിടിക്കാതെയായി അയാളുടെ വേഷവും ജോലിയും തന്റെ അന്തസ്സിന് ചേരില്ല എന്നൊരു തോന്നൽ

ഒരിക്കലവളെ കാണാൻ കോളേജിലെത്തിയ അയാളെ വീട്ടിലെ പണിക്കാരനാണെന്നു പറഞ്ഞു അവൾ അപമാനിച്ചുവിട്ടു നിറഞ്ഞകണ്ണുകളുമായി ചിരിച്ചുകൊണ്ടാണയാൾ അവിടെനിന്നുംപോയത്.

” അമ്മേ വയറു വേദനിക്കുന്നു ” ഇതുംപറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ കാർത്തിക റൂമിൽ തളർന്നുവീണു ഒന്നും മനസിലായില്ലെങ്കിലും അവളെയും വാരിയെടുത്ത് നന്ദിനിയും കുഞ്ഞിക്കൃഷ്ണനും ആശുപത്രിയിലേക്കോടി

വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ മഹേഷ്‌ നമ്പ്യാർ അവരെ മുറിയിലേക്ക് വിളിപ്പിച്ചു മിഴികൾതുടച്ചു മുന്നിലിരുന്ന അവരെനോക്കി അയാൾ പറഞ്ഞു

” പറയുന്നതിൽ എനിക്കും വിഷമമുണ്ട് എങ്കിലും ജോലി ഇതാണല്ലോ കാർത്തികയുടെ വൃക്കകൾ തകരാറിലാണ് എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണം ചിലവ് പ്രശ്നമില്ല

ഒരു സാമൂഹികസംഘടയുണ്ട് അവരെ കാര്യം ഞാനറിയിച്ചുകഴിഞ്ഞു മൊത്തം ചിലവും അവർ ഏറ്റെടുക്കും എനിക്ക് നേരിട്ടറിയുന്ന ആളാണ് അതിന്റെ ചെയർമാൻ നല്ലൊരു മനുഷ്യനാണ് പേടിക്കണ്ട.

പ്രശ്നം എന്താണെന്നുവെച്ചാൽ ഇപ്പോൾ വൃക്ക തരാൻ ഒരാളെ വേണം കാർത്തികയുടെ ബ്ലഡ്‌ഗ്രൂപ്പിൽ ഉള്ളത് കിട്ടാനില്ല. അതും ഞാൻ അന്വേഷിച്ചു ഓ നെഗറ്റീവ് ആണ് ”

പെട്ടെന്നെന്തോ ഓർത്തതുപോലെ കുഞ്ഞികൃഷ്ണൻ ചാടിയെണീറ്റു ” ഡോക്ടറെ എന്റെ ആ ഗ്രൂപ്പ്‌ ആണെന്നുതോന്നുന്നു മുൻപെങ്ങോ അസുഖം വന്നപ്പോൾ ഒരു ഡോക്ടർ പറഞ്ഞത് ഓർമയുണ്ട് ”

” എങ്കിൽ ഞങ്ങൾക്ക് ഓകെയാണ് കുറച്ചു പേപ്പറുകളിൽ നിങ്ങൾ ഒപ്പിട്ടുതരണം പിന്നേ അറിയാമല്ലോ ജീവിതംകൊണ്ടുള്ള കളിയാണ് ഒരുപക്ഷെ എന്തെങ്കിലും സംഭവിച്ചാൽ….. ”

അതുമുഴുവൻപറയാൻ ഡോക്ടറെ അയാൾ അനുവദിച്ചില്ല ” എനിക്ക് എന്തും പറ്റിക്കോട്ടേ ഡോക്ടറെ ന്റെ വാവ രക്ഷപ്പെട്ടാൽ മതി…പിന്നെ നന്ദിനീ നീ ഒരിക്കലും അവളോട് പറഞ്ഞേക്കരുത് ഞാനാണ് വൃക്ക തന്നതെന്ന് ”
മിഴികൾ തുടച്ചുകൊണ്ട് നന്ദിനി ഇല്ലെന്ന് തലയാട്ടി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു ഓപ്പറേഷൻ നന്നായി കഴിഞ്ഞു രണ്ടുപേർക്കും സുഖമായി ഡോക്ടർ വിശ്രമിക്കാൻ പറഞ്ഞെങ്കിലും കുഞ്ഞികൃഷ്ണൻ ഒന്ന് ഭേദമായപ്പോൾ വീണ്ടും പാടത്തേക്കുപോയി.

ആശുപത്രിക്കിടക്കയിൽ അമ്മയുടെകൂടെ ഇരിക്കുമ്പോഴാണ് കഞ്ഞിയുമായിവരുന്ന കുഞ്ഞമ്മാവനെ കാർത്തിക കണ്ടത്

പാടത്തുനിന്നും പണികഴിഞ്ഞു ഓടിപ്പോയി കഞ്ഞിയുമെടുത്തു വിയർത്തുകുളിച്ചു ദേഹം മൊത്തം മണ്ണുമായി വന്ന അയാളെ കണ്ടപ്പോൾ അവൾ അറപ്പോടെ മുഖംതിരിച്ചു കഞ്ഞി മേശപ്പുറത്തുവെച്ചു ഒന്നുംമിണ്ടാതെ അയാൾ പുറത്തേക്കുനടന്നു

ഉള്ളിൽനിന്നും കാർത്തികയുടെ അവജ്ഞയോടെയുള്ള സംസാരം അയാൾകേട്ടു നിറഞ്ഞമിഴികൾ തുടച്ചുകൊണ്ട് ആ വരാന്തയിൽ അയാളിരുന്നു പെട്ടന്നാണ് കാർത്തിക പിന്നിലൂടെവന്നു കെട്ടിപ്പിടിച്ചത്

അയാളുടെ വിയർപ്പ് നിറഞ്ഞ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ചവൾ കരഞ്ഞുകൊണ്ടുചോദിച്ചു

” എന്തിനാ കുഞ്ഞമ്മാവാ ഈ പൊട്ടിപ്പെണ്ണിനെ രക്ഷിക്കാൻ സ്വന്തം ജീവിതം നശിപ്പിച്ചത് ”

അത് കേട്ടപ്പോൾ പുറകിൽനിന്ന നന്ദിനിയെ അയാളൊന്ന് നോക്കി ഉറച്ച ശബ്ദത്തോടെ നന്ദിനി പറഞ്ഞു

” അത് അവളറിയണം കുഞ്ഞേട്ടാ എന്നാലേ സർക്കസിലെ കോമാളി എന്നുപറഞ്ഞു കളിയാക്കിയ എന്റെ കുഞ്ഞേട്ടന്റെ മനസ്സ് അവൾക്കു മനസിലാകൂ എന്നോടുക്ഷമിക്കൂ കുഞ്ഞേട്ടാ ”

” സാരമില്ല മോളെ ഇപ്പോഴെങ്കിലും മോൾക്ക് ഈ കോമാളിയെ ഇഷ്ടമായല്ലോ സന്തോഷമായി കുട്ടിയായിരുന്നപ്പോൾ ഈ കുഞ്ഞമ്മാവന്റെ തോളത്തൂന്ന് മാറില്ലായിരുന്നു നീയ് ഓർമ്മയുണ്ടോ അതൊക്കെ ”

ഇതും പറഞ്ഞു ചിരിച്ചുകൊണ്ടയാൾ അവരെയും ചേർത്തുപിടിച്ചു നടന്നു ഒരു പുതിയ തുടക്കത്തിലേക്ക്…..