വസുമതിക്കും ആദ്യമൊക്കെ നന്ദിനിയെ വലിയ ഇഷ്ടമായിരുന്നു പിന്നെ പിന്നെ അച്ഛന്റെ അടുപ്പകൂടുതൽ കാണുമ്പോൾ പതുക്കെ..

നന്ദിനി
(രചന: ദേവൻ)

“അല്ലേലും അച്ഛനെപ്പഴും ഞങ്ങളെക്കാൾ സ്നേഹം നന്ദിനിയോടല്ലേ ” വസുമതി അമ്മയോട് സങ്കടം പറയുമ്പോഴാണ് അച്ഛൻ പണി കഴിഞ്ഞു വരുന്നത്.

അച്ഛനെ കണ്ടതും അവൾ വേഗം കയ്യിലെ സഞ്ചി വാങ്ങി അടുക്കളയിൽ കൊണ്ടു വന്നു വച്ചു…

“എന്താ സുമേ നിന്റെ മോള് പറയുന്നേ..?”

അച്ഛൻ ചിരിച്ചോണ്ട് അമ്മയോട് ചോദിക്കുന്നത് കേട്ടപ്പോൾ വിമലും അടുക്കളയിൽ ചേച്ചിയുടെ അടുത്തേക്ക് പോയി..

“ഉം… അമ്മ അച്ഛനോട് ചേച്ചി ചോദിച്ചതും പറഞ്ഞതും എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.”

അച്ഛൻ വാങ്ങി കൊണ്ട് വന്ന സാധനങ്ങൾ വച്ചിരിക്കുന്ന സഞ്ചി തുറന്നു പലഹാര പൊതി അഴിക്കുന്ന തിരക്കിൽ വിമൽ തന്റെ ചേച്ചിയായ വസുമതിയോട് പറഞ്ഞു.

അത് കൂടി കേട്ടതോടെ വസുമതിക്ക് സങ്കടം കൂടി.

കട്ടൻ ചായ തിളപ്പിച്ച്‌ കപ്പിൽ ആക്കി രണ്ട് ഗ്ലാസുകളും ആയി അവൾ ഉമ്മറത്തേക്ക് നടന്നു.. പിന്നാലെ പലഹാര പൊതിയുമായി വിമലും അവളുടെ പിന്നാലെ ചെന്നു.

ഉമ്മറത്തിണ്ണയിലെ ചാരുപടിയിൽ ചായ കപ്പ് വച്ച ശേഷം ഇരു ഗ്ലാസുകളിലേക്കുമായി ചായ പകർന്നു അച്ഛനും അമ്മയ്ക്കും കൊടുത്തു. ശേഷം പലഹാരപൊതി തുറന്നു വിമൽ എല്ലാവർക്കുമുള്ള പരിപ്പുവട വീതിച്ച ശേഷം അവന്റെ പങ്കുമായി ചേച്ചിയുടെ അരികിൽ വന്നിരുന്നു.

അച്ഛനും അമ്മയും ചായ കുടിക്കുന്നത് നോക്കി കൊണ്ട് തന്നെ വസുമതി പരിപ്പുവട കഴിച്ചു.

“ചേച്ചി കുറച്ചു വെള്ളം…” വിമൽ പറയുന്നത് കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ചെക്കൻ മുളക് കടിച്ചിട്ടുണ്ടാകുമെന്ന്.

അവൾ ഒരു ഗ്ലാസിൽ ചൂട് വെള്ളം കൊണ്ട് വന്നു വിമലിന് കൊടുത്തു. ശേഷം അവന്റെ എതിർവശത്തായി ഇരുന്നു. അച്ഛനും അമ്മയും മക്കളുടെ പ്രവൃത്തികൾ നോക്കി ഇരുന്നു ചിരിക്കുകയാണ്.

“അച്ഛാ ഇതിൽ രണ്ടെണ്ണം കൂടി ബാക്കി ഉണ്ടല്ലോ ഞാനും ചേച്ചിയും കൂടി എടുത്തോട്ടെ അത് ” എന്ന് ചോദിക്കുന്ന വിമലിനെ നോക്കി കണ്ണ് ചിമ്മി കാട്ടി അച്ഛൻ അത് നന്ദിക്ക് ആണെന്നും പറഞ്ഞു എഴുന്നേറ്റു പോയി.

അപ്പോഴേക്കും വസുമതി വീണ്ടും അമ്മക്ക് നേരെ തിരിഞ്ഞു.

“കണ്ടോ അമ്മേ കണ്ടോ… ഞങ്ങൾക്ക് മാത്രം ഓരോന്ന് അവൾക്ക് മാത്രം രണ്ട്.. ഞങ്ങൾ കഴിക്കേണ്ടത് കൂടി അച്ഛൻ അവൾക്ക് കൊണ്ടു കൊടുക്കുന്നത് അമ്മ കണ്ടോ.

ഞാൻ പറയുമ്പോൾ ആയിരുന്നില്ലേ അമ്മക്ക് സംശയം.. “”അങ്ങനെ ഒന്നും ഇല്ല അച്ഛനെന്ന് “” എന്നിട്ടിപ്പോ നേരിൽ കണ്ടല്ലോ ഇപ്പോൾ ബോധ്യം ആയില്ലേ അമ്മക്ക്…..” വസുമതി വീണ്ടും പരിഭവിച്ചു… അവൾ കാലിയായ ചായ ഗ്ലാസുകളും കപ്പും എടുത്തു പിന്നാമ്പുറത്തേക്ക് പോയി.

സമയം അപ്പോൾ 6മണി കഴിഞ്ഞിരുന്നു. വസുമതി ചായ വച്ച പാത്രവും കപ്പും ഗ്ലാസുകളും എല്ലാം കഴുകി വച്ച ശേഷം കുളിക്കാൻ പോയി.

കുളി കഴിഞ്ഞു വന്നവൾ സന്ധ്യാ ദീപം കൊളുത്തി ഉമ്മറത്തു വന്നിരുന്നു നാമം ജപിക്കാൻ തുടങ്ങിയപ്പോൾ വിമലും അവൾക്കൊപ്പം വന്നിരുന്നു…

നാമജപത്തിനിടയിൽ അച്ഛൻ നന്ദിനിയേ വല്ലാതെ വഴക്ക് പറയുന്നത് വിമൽ കേട്ടു.. അവനത് ചേച്ചിയോട് പറയാൻ തുടങ്ങിയപ്പോൾ ചേച്ചി അവനെ നോക്കി കണ്ണുരുട്ടി.

നാമം ജപിക്കുന്നതിനിടയിൽ മറ്റ് സംഭാഷണത്തിന് നിൽക്കരുതെന്ന് വസുമതി എപ്പോഴും വിമലിനോട് പറയും.. അപ്പോഴൊക്കെ തലയാട്ടി സമ്മതിക്കുമെങ്കിലും അന്നേരത്താകും വിമലിന് വിശേഷങ്ങൾ ഒക്കെ ഓർമ വരിക.

പിന്നെ ചേച്ചിയുടെ നാമജപം കഴിയുന്നത് വരെ വിമൽ പറയാനുള്ള വിശേഷങ്ങളുടെ കണക്കെടുപ്പിലായിരിക്കും.

ഇടയിൽ വസുമതി ശബ്ദം ഒന്നും കേൾക്കാതിരിക്കുമ്പോൾ വിമലിനെ ഒന്ന് പാളി നോക്കും അപ്പോൾ മാത്രം അവന്റെ വായിൽ നിന്നും നമഃ ശിവായ എന്ന് കേൾക്കും.. അപ്പോഴേക്കും ചുണ്ടിലൂറുന്ന പുഞ്ചിരി മറച്ചു കൊണ്ടവൾ ശിവസ്തുതി ചൊല്ലി എഴുന്നേൽക്കും.

വിനയന്റെയും സുമതിയുടെയും മക്കൾ ആണ് വസുമതിയും വിമലും. വസുമതി ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. വിമൽ ആറാം ക്ലാസ്സിലും.

വസുമതി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വിനയൻ അവിടേക്ക് നന്ദിനിയെ കൂട്ടി കൊണ്ടു വരുന്നത്.

നന്ദിനി അന്ന് കുഞ്ഞായിരുന്നു..

അവളെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുതൽ എല്ലാവർക്കും അവളോടായി കൂടുതൽ കാര്യം.. വസുമതിക്കും ആദ്യമൊക്കെ നന്ദിനിയെ വലിയ ഇഷ്ടമായിരുന്നു പിന്നെ പിന്നെ അച്ഛന്റെ അടുപ്പകൂടുതൽ കാണുമ്പോൾ പതുക്കെ അത് അവളിൽ പരിഭവം നിറക്കാൻ തുടങ്ങി.

ഭക്ഷണ സാധനങ്ങൾ എന്ത് വാങ്ങുമ്പോഴും നന്ദിനിക്ക് മാത്രം അച്ഛൻ സ്പെഷ്യൽ എന്തെങ്കിലും വാങ്ങും..

അതെന്താ അവൾക്ക് മാത്രം സ്പെഷ്യൽ എന്ന് ചോദിക്കുമ്പോൾ അച്ഛൻ പറയും

“അവൾക്ക് വേണ്ടതൊക്കെ കൊടുക്കാൻ നമ്മൾ മാത്രമല്ലെ ഉള്ളു ” എന്ന്.

അമ്മയും അത് ശരി വക്കും പോലെ അച്ഛന്റെ മറുപടിക്ക് തലയാട്ടും. അത് കൂടി കേൾക്കുന്നത്തോടെ വസുമതിയുടെ പരിഭവം ഒന്നുകൂടി മുറുകും.

“എന്തിനാ എപ്പോഴും അവൾക്ക് വീട്ടിൽ നിന്ന് മാത്രം കൊടുക്കുന്നെ അവളെ എങ്ങോട്ടെങ്കിലും ഒക്കെ വിട്ടൂടെ എവിടേലും പോയി തിന്നിട്ടു വരട്ടെ. ” എന്ന് അടക്കം പറയുന്ന വസുമതിയേ നോക്കി അമ്മ കണ്ണുരുട്ടുമ്പോൾ വിമൽ പോയി ചേച്ചിയേ ആശ്വസിപ്പിക്കും.

ഇടക്ക് അവന്റെ ആശ്വാസ വാക്ക് കേൾക്കുമ്പോൾ ചിലപ്പോൾ അവനും നന്ദിനിയോട് ചെറിയ സോഫ്റ്റ്‌ കോണർ ഇല്ലേന്നൊരു സംശയം അവൾക്ക് തോന്നാതില്ലാതില്ല.

അപ്പോൾ അവളുടെ നോട്ടത്തിനർത്ഥം മനസ്സിലായ പോലെ വിമൽ ഒന്നു തല വെട്ടിക്കും. പിന്നെ വീണ്ടും വസുമതി വായിൽ വരുന്നതൊക്കെ പറയും നന്ദിനിയെ.. അത് കേട്ട് അച്ഛനും അമ്മയും ചിരിക്കുക മാത്രം ചെയ്യും.

ഒരു ദിവസം സ്കൂൾ വിട്ടു വന്ന വസുമതി ഓണ പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടി തുടങ്ങി എന്ന് പറഞ്ഞിരുന്നു.

കണക്ക് പരീക്ഷയുടെ പേപ്പർ ഒഴികെ മറ്റെല്ലാ വിഷയങ്ങൾക്കും ജയിച്ചു എന്ന് സന്തോഷത്തോടെ പറയുന്ന വസുമതിയേ കേട്ടു കൊണ്ടാണ് വിനയൻ അവിടേക്ക് വന്നത്.

“അല്ലേലും അച്ഛന്റെ കുട്ടികൾ എല്ലാവരും മിടുക്കരാണേ ” എന്ന് അമ്മയോട് പറയുന്ന അച്ഛൻ തന്റെ കയ്യിലെ പലഹാര പൊതി അഴിച്ചു അതിൽ നിന്നൊരു ലഡു എടുത്ത് മകളുടെ വായിൽ വച്ച് കൊടുത്തു..

പിറ്റേന്നും വസുമതിക്ക് പരീക്ഷ പേപ്പർ കിട്ടി… അത് കണക്കിന്റെ പേപ്പർ ആയിരുന്നു.. തലേന്നത്തെ ഉത്സാഹം ഒന്നും പിറ്റേന്ന് അവൾക്ക് ഉണ്ടായിരുന്നില്ല…

വീട്ടിൽ എത്തിയപ്പോൾ ഉച്ചക്ക് പണി കഴിഞ്ഞു വന്നത് കൊണ്ട് അച്ഛൻ അമ്മയ്ക്കൊപ്പം ഉമ്മറത്ത് തങ്ങളെ കാത്തിരിക്കുന്നതാണ് കണ്ടത്.

വിമലൂട്ടന്റെ കയ്യും പിടിച്ച് വസുമതി വീട്ടിലേക്ക് കയറി. കുളിയെല്ലാം കഴിഞ്ഞു ഇരുവരും വേഷം മാറി വന്നപ്പോഴേക്കും അമ്മ എല്ലാവർക്കുമുള്ള ചായ ഉമ്മറത്തു കൊണ്ടു വന്നു വച്ചിരുന്നു.

അച്ഛൻ നേരത്തേ വരുന്ന ദിവസങ്ങളിൽ അമ്മ എന്തെങ്കിലും പ്രത്യേകം പലഹാരം ഉണ്ടാക്കുമായിരുന്നു..അതിന്റെ കാരണം വേറൊന്നുമല്ല കടയിൽ നിന്നും കൊണ്ടുവരുന്ന പലഹാരത്തേക്കാൾ ഇഷ്ടം കൂടുതൽ നന്ദിനിക്ക് അമ്മ ഉണ്ടാക്കുന്ന പലഹാരത്തോടായിരുന്നു.

അന്ന് ചായ കുടിക്കാൻ വന്നിരിക്കുമ്പോൾ വസുമതിയുടെ മുഖത്തെ വിഷമം അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു.

കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ വസുമതി ഒന്നുമില്ലെന്ന് തലയാട്ടി എങ്കിലും പാവാടയുടെ കീശയിൽ മടക്കി പിടിച്ച കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് അതിലിരുന്ന് വിറക്കുന്നത് പോലെ തോന്നി അവൾക്ക്.

പരീക്ഷയിൽ മിനിമം മാർക്കെങ്കിലും ഇല്ലാത്തവര് മാത്രം രക്ഷകർത്താവിന്റെ ഒപ്പും അഭിപ്രായവും വാങ്ങിക്കൊണ്ടേ നാളെ ക്ലാസ്സിൽ വരാവൂ എന്ന് പറഞ്ഞ കണക്ക് ടീച്ചറിന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ചായ തരിപ്പിൽ കയറി വസുമതി ഒന്ന് ചുമച്ചു.

അവളുടെ മുഖഭാവവും ആലോചനയും കണ്ടപ്പോൾ തന്നെ വിനയന് ഏകദേശം എന്തായിരിക്കും കാര്യം എന്ന് മനസ്സിലായിരുന്നു. അദ്ദേഹം നന്ദിനിക്ക് ഉള്ള ചായയും പലഹാരവുമായി എഴുന്നേറ്റ് പോയപ്പോൾ അച്ഛൻ പോയ വഴിയേ വസുമതി നോക്കിയിരുന്നു.

നന്ദിനിയുടെ അടുത്ത് നിന്നാകുമ്പോ അഥവാ അച്ഛൻ വഴക്ക് എങ്ങാനും പറഞ്ഞാൽ അമ്മയും വിമലൂട്ടനും അത് കേൾക്കില്ലല്ലോ എന്ന സമാധാനത്തിൽ അവൾ പതിവില്ലാതെ ” ഞാൻ നന്ദിനിയെ കണ്ടിട്ട് വരാം “എന്ന് പറഞ്ഞു അവിടെ നിന്നും എസ്‌കേപ്പ് ആയി.

നന്ദിനിയേ ഊട്ടുന്ന അച്ഛനെ കണ്ടപ്പോൾ അവൾക്ക് ഒരേസമയം ദേഷ്യവും അതുപോലെ പരീക്ഷ പേപ്പറിന്റെ കാര്യം ഓർക്കേ സങ്കടവും വന്നു.

എങ്കിലും നന്ദിനിയോട് ഉള്ള അമർഷം കാണിക്കാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ എന്ന് ഓർത്ത് ചെറിയ പുഞ്ചിരിയോടെ അച്ഛന്റെടുത്ത് പോയി തട്ടീം മുട്ടീം ഒക്കെ നിന്നു അവൾ.

മകളുടെ മട്ടും ഭാവവും കണ്ടയുടനെ അച്ഛൻ പേപ്പർ തന്നെ ഞാൻ ഒന്ന് നോക്കട്ടെ ” എന്ന് പറഞ്ഞതും അവളുടെ കണ്ണുകൾ ബുൾസൈ വലിപ്പത്തിൽ മിഴിഞ്ഞു വന്നു…

അത്യാവശ്യം നല്ല പേടിയോടെ തന്നെ അവൾ കീശയിൽ നിന്നും പരീക്ഷ പേപ്പർ എടുത്തു അച്ഛന് നേർക്ക് നീട്ടിയതും അച്ഛന് മുന്നേ നന്ദിനി അത് കൈക്കലാക്കി.. അല്ല വായിലാക്കി.

ആ ഒരൊറ്റ നിമിഷം മല പോലെ വന്ന പേടി എലി പോലെ പോകുന്നതും ചിരിക്കണോ കരയണോ എന്ന ചിന്താക്കുഴപ്പത്തിൽ ആയി സ്തംഭിച്ചു നിൽക്കുകയും ചെയ്തു വസുമതി.

പ്രിയപ്പെട്ടവളുടെ പ്രവൃത്തി കണ്ട അച്ഛൻ അന്നാദ്യമായി നന്ദിനിയേ നോക്കി വഴക്ക് പറയുന്നത് താൻ കണ്ടപ്പോൾ തന്റെ ഉള്ളിൽ സത്യം പറഞ്ഞാൽ അച്ഛന്റെ പ്രിയ പുത്രിയായ നന്ദിനിയോട്….. നന്ദിനിപ്പശുവിനോട് അവൾക്ക് അത്രമേൽ ഇഷ്ടം തോന്നി.

കാര്യം തനിക്ക് ഭയങ്കര സന്തോഷം ആയെങ്കിലും അച്ഛന്റെ മുന്നിൽ അത് കാണിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം മുഖത്തു ചെറിയൊരു സങ്കടം ഫിറ്റ് ചെയ്തു കൊണ്ടവൾ ഉമ്മറത്തേക്ക് നടന്നു.

അപ്പോഴും അവളുടെ നാവിൽ സ്ഥിരം പല്ലവി ഉണ്ടായിരുന്നു ഒപ്പം ചെറിയൊരു ചിരിയും

“അല്ലേലും അച്ഛന്റെ മക്കൾ എല്ലാവരും മിടുക്കരാ.. പ്രത്യേകിച്ച് നന്ദിനിമോൾ അപ്പോൾ അവളിതല്ല ഇതിനപ്പുറവും ചെയ്യും ”
എന്ന്.

അത് കേട്ടപ്പോൾ അന്നാദ്യമായി അച്ഛൻ താടിക്ക് കയ്യും കൊടുത്തു വിഷണ്ണനായി മകളെ നോക്കി നിന്നു.