നന്ദേട്ടാ ഞാൻ എന്റെ ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞതിനാണോ ഈ അവഗണന, പാറു നിന്നോട് ഒരുപാട് തവണ..

(രചന: ഭ്രാന്തന്റെ പെണ്ണ്)

നന്ദേട്ടാ ” പാടവരമ്പിലൂടെ ഓടി അണച്ചുകൊണ്ട് അവൾ വീണ്ടും വിളിച്ചുകൂവി

“നന്ദേട്ടാ നിക്ക് ” ഓടിവന്നവൾ നന്ദന്റെ കയ്യിൽ പിടിച്ചു. അപ്പോഴേക്കും അവളുടെ മുഖത്ത് പോലും നോക്കാതെ അവനാ കൈകൾ തട്ടിമാറ്റിയിരുന്നു.

“നന്ദേട്ടാ, ഞാൻ വിളിച്ചിട്ടെന്താ വിളികേൾക്കാത്തത് ”

പരിഭവം കലർന്ന അവളുടെ ചോദ്യത്തിന് യാതൊരു ഭാവവിത്യാസവുമില്ലാത്ത നോട്ടമായിരുന്നു മറുപടി.

“നന്ദേട്ടാ, ഞാൻ എന്റെ ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞതിനാണോ ഈ അവഗണന ”

“പാറു നിന്നോട് ഒരുപാട് തവണ പറഞ്ഞു ഇനി ഇതും പറഞ്ഞു വരരുതെന്ന്.

ഇനിയും ഇതും പറഞ്ഞു വന്നാൽ നാട്ടിൽ നിന്നും മാറി നിൽക്കണം എന്നുള്ള കാരണത്താൽ ഞാൻ ഒഴിവാക്കാൻ ഇരിക്കുന്ന ജോലിക്ക് മനസ്സില്ലാ മനസ്സോടെ പോകേണ്ടി വരും എനിക്ക്…..”

എന്ത് പറയണം എന്നറിയാതെ കലങ്ങിയ കണ്ണുകളുമായി നിൽക്കാനേ പാറുനു കഴിഞ്ഞുള്ളു. അപ്പോഴേക്കും നന്ദൻ അവളുടെ കണ്മുന്നിൽ നിന്നും മാഞ്ഞുകഴിഞ്ഞിരുന്നു.

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ നിയന്ത്ര ണമില്ലാതെ അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ ഒഴുകിഇറങ്ങുകയായിരുന്നു. കാലുകൾക്ക് ബലം ഇല്ലാത്തത് പോലെ തോന്നി അവൾക്കു.

നിലാവിന്റെ വെളിച്ചത്തിൽ ബാൽക്കണിയിൽ ഇരുന്നപ്പോൾ പതിനഞ്ചു വർഷത്തെ ഓർമപുസ്തകത്തിന്റെ അക്ഷരത്താളുകളിലേക്ക് നന്ദന്റെ ചിന്തകൾ പാറിപ്പോയിരുന്നു.

പാറൂട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവർ ഇവിടേക്ക് താമസിക്കാൻ വരുന്നത്.

വളരെ പെട്ടന്ന് തന്നെ ഇരുവീടുകളും തമ്മിൽ നല്ല സ്നേഹബന്ധത്തിലായി. സന്തോഷത്തിലും സങ്കടത്തിലും ആഘോഷത്തിലുമെല്ലാം രണ്ടു കുടുംബവും ഒന്നിച്ചായി.

പാറൂട്ടിയുടെ അച്ഛനും അമ്മയും എന്നെ സ്വന്തം മകനെ പോലെ തന്നയാണ് കാണുന്നത്. ഞാനും പാറൂട്ടിയും പെട്ടന്ന് തന്നെ കൂട്ടായി….

അവളുടെ കുസൃതിയും കുറുമ്പും എല്ലാം എന്നെ അവളിലേക്ക് വല്ലാണ്ട് അടുപ്പിച്ചു. സൗഹൃദമെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. ഓരോ ദിവസവും നന്ദേട്ടാ… ന്നുള്ള അവളുടെ വിളിക്കായി കാതോർത്ത് ഇരുന്നു.

പക്ഷെ, എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഒരു വീട് പോലെ കഴിയുന്ന ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ പിരിയേണ്ടി വരുമോ എന്നുള്ള ഭയം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒരു പക്ഷെ, എല്ലാവരും എന്നെ വെറുക്കും.

ഞാൻ പാറൂട്ടിയെ ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് സ്നേഹിക്കണം എന്നായിരിക്കും അവളുടെയും എന്റെയും വീട്ടുകാർ ആഗ്രഹിച്ചിട്ടുണ്ടാവുക…..ഇതെല്ലാം എന്റെ മനസ്സിലെ പ്രണയത്തിന്റെ മുൾനാമ്പുകളെ തളർത്തിക്കൊണ്ടിരുന്നു.

ഇണക്കവും പിണക്കവും ദേഷ്യവും വാശിയും നിറച്ചു അവളുടെ മുന്നിൽ എന്റെ പ്രണയത്തെ മറച്ചു പിടിച്ചു.

എന്നാൽ എല്ലാത്തിനുമുപരിയായി പാറൂട്ടി എന്നോട് ഇഷ്ടമാണ് എന്നു പറഞ്ഞപ്പോൾ സന്തോഷത്തിലുപരി നിരാശയോടെ നിസ്സഹായനായി നിന്നു.

പിന്നീട് പലപ്പോഴായി അവൾ ഇതേ കാര്യം പറഞ്ഞു വരുമ്പോഴും എന്റെ ഉള്ളം വിങ്ങിപ്പൊട്ടുകയായിരുന്നു.

നീ ഇപ്പോൾ പ്ലസ് 2 ആണ്, പഠിക്കാൻ നോക്ക്, ഇതൊക്കെ തോന്നലാണ്, പിന്നീട് പതിയെ മാറും എന്നൊക്ക ആദ്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴും അവൾ ഉറച്ച തീരുമാനം എടുത്ത പോലെ ഒറ്റ വാക്ക് മാത്രമാണ് പറഞ്ഞത് ഞാൻ നന്ദേട്ടന്റെ പാറൂട്ടിയാണന്ന്……..

പതിയെ പതിയെ സമാധാനത്തിൽ പറഞ്ഞു മനസ്സിലാക്കുന്നതിൽ നിന്നും വരിഞ്ഞു മുറുകിയ മുഖവുമായി അവളോട് ദേഷ്യപ്പെടാൻ തുടങ്ങി.

പാറൂട്ടി എന്നുള്ള വിളിയിൽ നിന്നും പാറൂ മാത്രമായി ചുരുക്കി. അപ്പോഴൊക്കെയും അവൾ വിഷമിക്കുന്നതിന്റെ നൂറിരട്ടി ഞാൻ വേദനിച്ചിരുന്നു….

“തുറന്നു പറയാനാവാത്ത പ്രണയം ഹൃദയത്തിന്റെ വിങ്ങലാണ് “എന്നവൻ മനസ്സിലാക്കി.

ഓർമകളുടെ അക്ഷരത്താളുകൾ മടക്കി നിദ്രയെ പുൽകാൻ പോകുമ്പോഴും ഒരു മതിലിനപ്പുറമുള്ള വെള്ളാരം കണ്ണുള്ള കുസൃതിപ്പെണ്ണിനെ അവന്റെ മിഴികൾ തിരയുന്നുണ്ടായിരുന്നു.

രാവിലെ ഉറക്കമുണർന്നത് തന്നെ എന്റെ പാറൂട്ടിയുടെ കലപില ശബ്ദം കേട്ട്കൊണ്ടാണ്. ഉറക്കച്ചടവോടെ താഴേക്കു ചെന്നപ്പോഴാണ് പാറൂട്ടിയുടെ അച്ഛൻ എന്നെ അന്വേഷിച്ചതായി അമ്മ പറഞ്ഞത്. വേഗം തന്നെ ഞാൻ അവിടേക്കു ചെന്നു.

“അച്ഛാ… ”

“ആഹ്.. നീ എത്തിയോ? ”

“അച്ഛനെന്നെ അന്വേഷിച്ചുന്നു പറഞ്ഞു. ”

“നന്ദാ…. മോനെ ഞാൻ നിന്നെ അന്വേഷിച്ചതു വേറൊന്നിനുമല്ല. ഇന്ന് പാറൂനെ കോളേജിൽ ചേർക്കണം. എനിക്ക് പോകാൻ പറ്റില്ല. നീ ഒന്നു പോണം. ”

“ആം ഞാൻ കൊണ്ട് ചേർത്തോളാം അച്ഛാ… ”

ഇതെല്ലാം കേട്ട്കൊണ്ട് വാതിലിനപ്പുറം അവളുണ്ടെന്നു ആ കൊലുസ്സിന്റെ ശബ്ദത്തിൽ നിന്നും എനിക്ക് മനസിലായി.

എന്നാൽ ആ വീടിന്റെ പടികളിറങ്ങി മുന്നോട്ടു നടക്കുമ്പോഴും എന്റെ ഹൃദയം ഒരു കടലെന്നപോൽ ആർത്തിരമ്പുകയായിരുന്നു.

ആ അച്ഛന്റെ സ്നേഹവും വിശ്വാസവും വീണ്ടും വീണ്ടും എന്നെ പരാജയപ്പെടുത്തുകയായിരുന്നു. ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ചെയ്തു കൊടുക്കുന്നതു പോലാകും അവർ ഇതിനെ കാണുക.

ഞാൻ വീട്ടിലെത്തി കഴിച്ചു, പോകാൻ റെഡിയായി വന്നപ്പോൾ അവളും എത്തിയിരുന്നു. ഒരുമിച്ചു ബൈക്കിൽ അടുത്തിരുന്നു പോകുമ്പോഴും മനസ്സുകൾ ഒരുപാട് അകലെയാണെന്ന് തോന്നിപ്പോയി.

പാറൂട്ടിയും വല്ലാണ്ട് മാറിയത് പോലെ…..
അവളിലെ മൗനം എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു. എപ്പോഴും കുസൃതികൾകാട്ടി, കലപില സംസാരിച്ചുകൊണ്ടിരുന്നവൾ……

ഇന്ന് മൗനത്തിന്റെ പാളികൾക്കിടയിൽ ഒളിച്ചതുപോലെ….. അവളുടെ കവിളുകളിലെ നുണക്കുഴികൾ പോലും ഇന്നെന്നോട് പിണങ്ങിയോ?

കോളേജിൽ നിന്ന് തിരികെ പോകുന്നവഴി
ഞാൻ തന്നെ മൗനത്തെ വെടിഞ്ഞു അവളോടായി ചോദിച്ചു.

“നിനക്ക് ദാഹിക്കുന്നുണ്ടോ? കുടിക്കാൻ വല്ലതും വേണോ? ”

“വേണ്ട “എന്ന ഒറ്റ വാക്കിൽ അവൾ മറുപടി ഒതുക്കി.

എന്നിട്ടും ഞാൻ വണ്ടി നിർത്തി. തിരക്കുള്ള റോഡ് മുറിച്ചു കടന്ന്ചെന്ന് അവൾക്കു ഏറ്റവും ഇഷ്ടമുള്ള മംഗോജ്യൂസ്‌ വാങ്ങി തിരിഞ്ഞതും, നിയന്ത്രണം വിട്ട ലോറി എന്റെ പാറൂട്ടിയെ ഇടിച്ചു തെറിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുവാനെ നന്ദന് കഴിഞ്ഞുള്ളു.

“പാറൂട്ടി “ഒരലർച്ചയോടെ ഏറെനാളുകൾക്ക് ശേഷം അങ്ങനെ വിളിച്ചോണ്ട് അവൾക്കരികിലായ് ഓടിയണയുമ്പോൾ രക്തത്തിൽ കുളിച്ചു ജീവന് വേണ്ടി പിടയുകയായിരുന്നു നന്ദന്റെ പാറൂട്ടി.

ഓടിച്ചെന്നു ഇരുകൈകളാൽ അവൻ അവളെക്കോരിയെടുക്കുമ്പോഴും അവളുടെ വെള്ളാരം കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞുതുളുമ്പുകയായിരുന്നു.

“ന…ന….ന്ദേ…… ട്ടാ…… ഒരിക്ക….ലെ…ങ്കിലും… എന്നോട്… ഇഷ്ടാന്ന്…. പറയ്യോ… നന്ദേട്ടാ….. ”

“നീ…. നീയെന്റെ പ്രാണനാ പെണ്ണേ…. നീയെന്റെ ജീവനാ… നന്ദേട്ടന്റെ പാറൂട്ടിയാ നീയ്…… ”

നന്ദൻ അവന്റെ വാക്കുകൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ പ്രാണൻ അവനെ വിട്ടകന്നിരുന്നു….

Leave a Reply

Your email address will not be published.