നിനക്കെന്താ വട്ടാണോ ഇനി വീണ്ടും ഒന്നൂടെ കെട്ടാൻ, നമ്മുടെ മോനിപ്പോൾ വയസ് ആറായി..

കല്യാണ ആൽബം
(രചന: Bibin S Unni)

” സേതു തനിക്കിതെന്തുപറ്റി… ആകെയൊരു ഉഷാറില്ലാത്ത പോലെ ”

എന്നും പ്രസരിപ്പോടേ ഓരോ ദിവസത്തെയും വിശേഷങ്ങൾ പറഞ്ഞു തന്റെ പുറകെ നടക്കാറുള്ള ഭാര്യയുടെ

പതിവില്ലാത്ത മൗനവും പ്രവർത്തികളും കണ്ട ജീജൻ തന്റെ ഭാര്യയായ സേതുലക്ഷ്മി എന്ന സേതുവിനോട് ചോദിച്ചു…

” ഏയ്‌ ഒന്നുല്ല ജീജേട്ടേ… ജീജേട്ടന് വെറുതെ തോന്നുന്നതാ.. ”

സേതു ജീജന്റെ ചോദ്യം കേട്ട് പെട്ടന്ന് മുഖത്തൊരു ചിരി വരുത്തികൊണ്ട് പറയാൻ ശ്രെമിച്ചെങ്കിലും മുഖത്ത് ചിരി വരുത്തുന്നതിൽ സേതു നന്നേ പരാജയപ്പെട്ടിരുന്നു…

” എടൊ ഭാര്യേ… തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തു പതിനൊന്നായില്ലേ…

ആ എനിക്ക് തന്റെ ഈ മാറ്റം തിരിച്ചറിയാൻ കഴിയാതിരിക്കുവോ… ”

ജീജൻ സേതുവിന്റെ അടുത്തേയ്ക്കു വന്നിരുന്നു അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ മറുപടി ഒന്നും പറയാതെ അവന്റെ തോളോട് ചേർന്നിരുന്നു….

” ഇന്ന് മാളവികയുടെ വീട്ടിൽ പോയിട്ട് വന്നപ്പോൾ മുതലാണല്ലോ തന്റെയീ മാറ്റം… എന്താ എന്തുപറ്റി… ”

ജീജൻ വീണ്ടും അവളോട് ചോദിച്ചതും…

” ഏയ്‌… ”

” ഒന്നൂല്ലാന്ന് നീ പറയേണ്ട… എന്തോ ഉണ്ട്… എന്താ അത്… ”

സേതു എന്തോ പറയാൻ തുടങ്ങിയതും അതിന് മുൻപ് തന്നെ ജീജൻ വീണ്ടും ചോദിച്ചതും… ഇനി രെക്ഷയില്ലാന്ന് കണ്ടു സേതു പറയാൻ തുടങ്ങി…

” അത്… ഇന്ന് മാളുവിന്റെ വീട്ടിൽ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ അവളുടെ കല്യാണത്തിന്റെ കാര്യമൊക്കെ സംസാര വിഷയമായി വന്നു… ആ കൂട്ടത്തിൽ അവളുടെ കല്യാണ ആൽബവും കണ്ടു… ”

” അതിനു… ” സേതു പറഞ്ഞത് കേട്ട് ഒന്നും മനസിലാകാതെ ജീജൻ വീണ്ടും ചോദിച്ചു..

” അല്ല… അവളുടെ കല്യാണ ആൽബത്തിലേ ഓരോ ഫോട്ടോകളും വെഡിങ് ഫങ്ക്ഷണുമൊക്കെ കണ്ടപ്പോൾ, എന്തോ എനിക്ക് വല്ലാത്തൊരു വിഷമം…

അവൾ എല്ലാവരുടെയുമൊപ്പം സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയുള്ള ഓരോ ഫോട്ടോകൾ കണ്ടപ്പോൾ… ഞാൻ നമ്മുടെ കല്യാണത്തെ പറ്റിയും ആ കല്യാണ ആൽബത്തെ പറ്റിയൊക്കെയൊന്നു ഓർത്തു പോയി…

നമ്മുടെ കല്യാണ ആൽബത്തിലേ ഏതേലും ഒരു ഫോട്ടോയിൽ നമ്മുടെ ചിരിച്ച ഒരു മുഖമെങ്കിലുമുണ്ടോ… മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായ നമ്മുക്ക് ആ നിമിഷം അതിന്റെ എന്തേലുമൊരു സന്തോഷമുണ്ടായിരുന്നൊ…

ഒരു ഭാഗത്തു എന്റെ വീട്ടുകാർ എന്തേലും പ്രശ്നമുണ്ടാക്കുമൊന്നുള്ള ഭയം… ആ ദിവസത്തോടെ അവരെല്ലാം എനിക്കന്യയാകുവാണല്ലോ എന്ന സങ്കടം…

മറു ഭാഗത്തു നിന്റെ കൈ പിടിക്കുന്നതിൽ സന്തോഷമുണ്ടേലും എനിക്കൊന്ന് ചിരിക്കാൻ പോയിട്ട് മനസറിഞ്ഞു സന്തോഷിക്കാൻ പോലും പറ്റിയില്ലല്ലോ ഏട്ടാ… ”

സങ്കടം നിറഞ്ഞ സേതുവിന്റെ വാക്കുകൾ കേട്ടതും ജീജന്റെ മനസിലും ഒരു നോവുണർന്നു…

അവൾ പറഞ്ഞതെല്ലാം ശെരിയാണ്… മൂന്നു വർഷത്തെ പ്രണയം ഇരുമത വിശ്വാസികളായിരുന്നത് കൊണ്ടു തന്നെ ഒരുമിക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതായി വന്നു…

അതിൽ ആദ്യത്തെത് ഇരു വീട്ടുകാരെയും പറഞ്ഞു സമ്മതിപ്പിക്കലായിരുന്നു….

തന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ തനിക്ക് കഴിഞ്ഞെങ്കിലും സേതുവിന്റെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ പല വട്ടം സേതുവിന്റെ വീട്ടുകാരോട് സംസാരിക്കാൻ തയാറായെങ്കിലും

അവർ തങ്ങളെയൊന്നു കേൾക്കാൻ പോലും തയാറായില്ല അവർക്ക് സ്വന്തം മകളുടെ ഇഷ്ടത്തെക്കാൾ വലതു ആരുടെയൊക്കെയോ വാക്കുകളായിരുന്നു…

ആ വാക്കിന്റെ പേരിൽ സേതുവിന് അവളുടെ സമ്മതം പോലും ചോദിക്കാതെ വിവാഹം ഉറപ്പിച്ചു…

ചെയ്യുന്നത് തെറ്റാണന്നറിഞ്ഞിട്ടും, വേറെ വഴിയില്ലാതെ സേതുവിനെ അവളുടെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വരേണ്ടി വന്നു, തന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെ സാനിധ്യത്തിൽ രജിസ്റ്റർ മാര്യേജ് ചെയ്തു…

അവളുടെ ഇഷ്ടപ്രകാരം അടുത്തുള്ള അമ്പലത്തിൽ വച്ചു ചെറിയൊരു താലികെട്ടും നടത്തി… അന്ന് തന്നെ സേതുവിനെ അവളുടെ വീട്ടുകാർ പടിയടച്ചു പിണ്ഡവും വച്ചു…

പിന്നെ മോന് നാലു വയസായപ്പോഴാണ് പിണക്കം മറന്നു സേതുവിന്റെ വീട്ടുകാർ ഞങ്ങളെ അംഗീകരിച്ചത്…

ഇപ്പോൾ രണ്ടു വീട്ടുകാരും സന്തോഷത്തിൽ തന്നെയാണ്… എന്നാലും കല്യാണം നടന്ന ദിവസവും ആ കാര്യങ്ങളും ഓർക്കുമ്പോൾ ഇപ്പോഴും ഒരു കുറ്റബോധം തന്നെയും വേട്ടയാടാറുണ്ട്…

” ജീജേട്ടാ, ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടൻ എതിര് പറയുവോ.. ”

സേതുവിന്റെ ചോദ്യമാണ് ജീജനെ ചിന്തകളിൽ നിന്നുണർത്തിയത്…

” എന്താടാ… ”

” നമുക്കൊന്നൂടെ കെട്ടിയാലോ… ”

ജീജന്റെ തോളിൽ നിന്നും തലയുയർത്തി കൊണ്ടു സേതു ചോദിച്ചതും…

” ഏഹ്… എന്താ…… ”

താൻ കേട്ടത് തെറ്റിയോന്നുള്ള ഭാവനെ ജീവൻ പെട്ടന്ന് തന്നെ അവളോട് വീണ്ടും ചോദിച്ചു…

” അല്ല നമ്മുക്ക് ഒന്നൂടെ കെട്ടിയാലോന്ന്…”

സേതു ചെറിയൊരു പരുങ്ങലോടെ പറഞ്ഞു… അതു കേട്ടു ജീജൻ അവളെ രൂക്ഷമായി നോക്കിയതും…

” അല്ല… ഇപ്പോൾ നമ്മുടെ രണ്ടു വീട്ടുകാരും നമ്മുടെ കൂടെയുണ്ട്… അപ്പോൾ രണ്ടു വീട്ടുകാരുടെയും മുന്നിൽ വച്ചു നമ്മുക്ക് ഒന്നൂടെ കെട്ടിയാലോ… ”

അവൾ പറഞ്ഞു നിർത്തിയതും…

” നിനക്കെന്താ വട്ടാണോ… ഇനി വീണ്ടും ഒന്നൂടെ കെട്ടാൻ… നമ്മുടെ മോനിപ്പോൾ വയസ് ആറായി, അതു നീ മറന്നു പോയോ…. ”

ജീജൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും…

” അതിനു നമ്മൾ വേറെ കെട്ടുവല്ലല്ലോ… എന്റെ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചു ഏട്ടൻ ഒന്നൂടെ കെട്ടുന്നു അത്രയെല്ലേയുള്ളൂ….”

സേതു വീണ്ടും പറഞ്ഞതും…

” എടി എന്നാലും…”

” ഒരേന്നാലുമില്ല….

ഇപ്പോൾ നമ്മുടെ കല്യാണ ആൽബം തന്നെ നോക്ക് അന്ന് കിട്ടിയ ദിവസമല്ലാതെ പിന്നെ ഒരിക്കലെങ്കിലും അതു തുറന്നു നോക്കിയിട്ടുണ്ടോ… ഇല്ലല്ലോ എന്താ കാരണം അതിൽ നമുക്കാർക്കും ഒരു സന്തോഷമില്ലാ…

പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒരു ആഗ്രഹം കാണില്ലായിരുന്നോ എന്റെ കല്യാണം കൂടാൻ…

അതെന്തായാലും അന്ന് നടന്നില്ല അതുമല്ല ഓരോ കല്യാണത്തിന് കല്യാണപെണ്ണ് അനുഭവിക്കുന്ന ടെൻഷനൊക്കെ അനുഭവിക്കാൻ എനിക്കുമൊരു ആഗ്രഹം… അതൊക്കെ കൊണ്ടാ ഞാനിങ്ങനെ ഒരു ആഗ്രഹം പറഞ്ഞേ…

സാധിച്ചു തരുവോ… ”

ജീജന്റെ കണ്ണുകളിലേയ്ക്ക് നോക്കി സേതു പ്രതീക്ഷയോടെ ചോദിച്ചതും ഒരു നിമിഷം ജീജനിൽ അമ്പരപ്പ് നിറഞ്ഞെങ്കിലും പതിയെ ജീജന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…

ആ ഒരു ചിരി മാത്രം മതിയായിരുന്നു സേതുവിന്റെ മനസ് നിറയാൻ… അവൾ നിറഞ്ഞ ചിരിയോടെ ജീജനേ ആഞ്ഞു പുൽകി….

പിന്നെ അധികം വൈകാതെ തന്നെ ജീജനും സേതുവും തങ്ങളുടെ ആഗ്രഹം ഇരു വീട്ടുകാരോടുമായി തുറന്നു പറഞ്ഞു, ആദ്യം അവർ എതിർത്തെങ്കിലും പിന്നെ മക്കളുടെ സന്തോഷത്തിന് എതിര് നിൽക്കണ്ടാന്ന് കരുതി അവരും സമ്മതിച്ചു…

അങ്ങനെ അവരുടെ എട്ടാം വിവാഹ വാർഷികത്തിന്റ അന്ന് സേതുവിന്റെ ആഗ്രഹപ്രകാരം പോലെ അടുത്തുള്ള അമ്പലത്തിൽ വച്ചു ഒന്നൂടെ താലികെട്ടാമെന്ന് തീരുമാനിച്ചു….

വിവാഹത്തിന്റെ തലേ ദിവസം സേതുവും ജീജനും അവർക്കും വീട്ടുകാർക്കും വിവാഹത്തിന് അണിയാനുള്ള ഡ്രെസ്സും ആഭരണങ്ങളുമൊക്കെ എടുത്തു…

സേതുവിന്റെ സഹോദരൻ വഴി മാലയും ബൊക്കയും വിവാഹത്തിന്റെ മറ്റു ഒരുക്കങ്ങളും നടത്തി…

തലേ ദിവസം സേതുവിനെ സേതുവിന്റെ വീട്ടുകാർ അവരുടെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോയിരുന്നു… കൂട്ടത്തിൽ അവരുടെ ആറു വയസുകാരൻ മകനെയും,…

കല്യാണ ദിവസം രാവിലെ ബ്യൂട്ടിഷൻ വന്നു സേതുവിനെ ഒരു കല്യാണപെണ്ണിനെ പോലെ ഒരുക്കി വിവഹം കവർ ചെയ്യാനായി സേതു ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറേയും റെഡിയാക്കിയിരുന്നു…

രാവിലെ തന്നെ അവരെത്തി അവരുടെ ജോലി തുടങ്ങി പല പോസിൽ നിർത്തിയും നടത്തിച്ചും ഓടിച്ചും സേതുവിനെ ഒരു വഴിക്കാക്കിയിരുന്നു അവർ…

സേതുവും വീട്ടുകാരും അമ്പലത്തിലേയ്ക്കു എത്തിയപ്പോൾ അവിടെ ജീജനും വീട്ടുകാരും രണ്ടു പേരുടെയും ഫ്രണ്ടസും എത്തിയിരുന്നു…

മുഹൂർത്തത്തിന് മുൻപ് തന്നെ ജീജൻ സേതുവിന്റെ കഴുത്തിൽ ആദ്യം കെട്ടിയ താലിയും മാലയും ഊരി എടുത്തു… ആ താലി അവളിൽ നിന്നും ഊരുമ്പോൾ എന്തിനോ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…

താലി ജീജൻ പൂജാരിയെ ഏൽപ്പിച്ചു അൽപ്പ സമയത്തിനുള്ളിൽ തന്നെ പൂജാരി പൂജിച്ച താലി ജീജന്റെ കൈയിൽ തിരികെ കൊടുത്തു… താലി കൈയിൽ വാങ്ങിയ ജീജൻ സമ്മതത്തിനായി സേതുവിനെ നോക്കിയതും അവൾ ചിരിയോടെ തല താഴ്ത്തി നിന്നു…

അതു കണ്ടൊരു ചിരിയോടെ ജീജൻ അവളുടെ കഴുത്തിലേയ്ക്കു ഒരിക്കൽ ചാർത്തിയ താലി വീണ്ടും ചാർത്തി… താലി ചരട് മൂന്നു വട്ടം കെട്ടിയതും ജീജന്റെ ചുണ്ട് സേതുവിന്റെ നെറ്റിയിലും അമർന്നു…

അതു കണ്ടു നാണത്തോടെ അവൾ മുഖം താഴ്ത്തിയതും അതു കണ്ടു കൂടി നിന്നവരിലെല്ലാമൊരു ചിരി നിറഞ്ഞു… അപ്പോഴും ആ സുന്ദര നിമിഷങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർമാർ….

ദിവസങ്ങൾ കഴിഞ്ഞു തന്റെ കൈയിലിരിക്കുന്ന തങ്ങളുടെ കല്യാണ ആൽബം കാണുമ്പോൾ സേതുവിന്റെ ചുണ്ടിൽ ഒരേ സമയം സന്തോഷവും നാണവും നിറഞ്ഞു നിന്നു…

അതു കണ്ടു ഒരു ചിരിയോടെ ജീജൻ സേതുവിനെ ചേർത്തു പിടിച്ചതും അവൾ അവന്റെ കവിളിലായൊരു സ്നേഹ ചുംബനം നൽകി….

അപ്പോഴും അവിടെ ഇതൊന്നും ശ്രെദ്ധിക്കാതെ അവരുടെ നടുക്കിരുന്ന ആറു വയസുകാരൻ തന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിലേ തന്റെ ഫോട്ടോകൾ നോക്കുന്നതിന്റെ തിരക്കിലായിരുന്നു….

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിൽ നിറഞ്ഞു നിന്ന ഒരു വിവാഹ ആൽബത്തിന്റെ വാർത്തയും…

എനിക്ക് ഏറെ പരിചയമുള്ള ഒരു ചേച്ചിയുടെ ആഗ്രഹവും കൂടി അറിഞ്ഞപ്പോൾ തോന്നിയ പ്രേരണയാൽ എഴുതിയ രചന…. ഇഷ്ടപ്പെട്ടാൽ ഒരു വാക്ക് കുറിക്കാൻ മറകല്ലെ..

Leave a Reply

Your email address will not be published. Required fields are marked *