അമ്മ കണ്ടെത്തിയ പെൺകുട്ടി അവനെ ഇഷ്ടപ്പെടുന്ന ഒരുവൾ ആയിരുന്നില്ല, അവൾക്ക്..

നഴ്സ് ആണോ എങ്കിൽ വേണ്ട
(രചന: അരുണിമ ഇമ)

“അയ്യേ.. പെണ്ണ് നേഴ്സ് ആണോ..? എന്നാൽ അത്‌ വേണ്ടാ..”

മകന് വേണ്ടി പെണ്ണ് നോക്കുന്ന കൂട്ടത്തിൽ ബ്രോക്കർ ഒരു പെൺകുട്ടിയുടെ ഫോട്ടോ നോക്കി അമ്മ പറഞ്ഞു. അതുകേട്ട് ബ്രോക്കറുടെ നെറ്റി ചുളിഞ്ഞു.

പക്ഷേ പണത്തിന്റെ കാര്യത്തിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന അവരോട് എങ്ങനെ എതിർത്തു സംസാരിക്കും? അയാൾ പതിയെ ആ ഫോട്ടോ മാറ്റി വെച്ചു കൊണ്ട് മറ്റ് ഫോട്ടോകൾ അവരെ കാണിച്ചു.

പക്ഷേ അപ്പോഴും തന്റെ പിന്നിൽ നിന്ന മകന്റെ മുഖം മങ്ങുന്നത് അവർ കണ്ടില്ല. അവൻ പതിയെ മുന്നോട്ട് വന്നു.

മാറ്റിവച്ചിരുന്ന പെൺകുട്ടികളുടെ ഫോട്ടോയിൽ നിന്ന് നേരത്തെ കാണിച്ച നേഴ്സ് ആയ പെൺകുട്ടിയുടെ ഫോട്ടോ കണ്ടുപിടിച്ചെടുത്തു. അത് എടുത്ത് അമ്മയ്ക്ക് നേരെ നീട്ടി.

” അമ്മേ..ഈ പെൺകുട്ടിയെ എനിക്കിഷ്ടപ്പെട്ടു..എനിക്ക് ഇവളെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്.”

അവൻ ഭവ്യതയോടെ അമ്മയോട് പറഞ്ഞു. അവരുടെ മുഖം വീർത്തു.

” നിനക്കെന്താ ജിത്തു.. ഈ പെൺകൊച്ച് ഒരു നേഴ്സ് ആണെന്ന് പറഞ്ഞത് നീ കേട്ടതല്ലേ..? അതുകൊണ്ട് ആണ് ഞാൻ വേണ്ടെന്ന് വെച്ചത്. ”
അവർ ഇഷ്ടക്കേടോടെ പറഞ്ഞു.

” ഈ നഴ്സുമാർക്ക് എന്താണ് പ്രശ്നം..? അവർ മാന്യമായി ജോലി ചെയ്ത് അല്ലേ ജീവിക്കുന്നത്..? അവരെ ഇങ്ങനെ തരം താഴ്ത്തി കാണിക്കുന്നതിന്റെ ആവശ്യമെന്താണ്..?”

അവൻ ദേഷ്യത്തോടെ ചോദിച്ചു.

” കണ്ടവന്റെ മലവും മൂത്രവും കോരുന്ന നഴ്സിനെ തന്നെ നിനക്ക് ഭാര്യയായി വേണമെന്ന് എന്താണിത്ര നിർബന്ധം?”

അവർ ദേഷ്യത്തോടെ ചോദിച്ചു.

” എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെയാണ് അവളെ വേണം എന്ന് ഞാൻ വാശി പിടിക്കുന്നത്.”

അവൻ വാശിയോടെ പറഞ്ഞു.

“നിനക്ക് വാശി ആണെങ്കിൽ നിന്നെക്കാൾ കൂടുതൽ വാശി കാണിക്കാൻ എനിക്കറിയാം..

ഇവളെ ഒഴികെ വേറെ ആരെ വിവാഹം ചെയ്താലും ഞാൻ അംഗീകരിക്കാം. ഒരു നഴ്സിനെ എന്റെ മരുമകളായി ഈ വീട്ടിലേക്ക് കൊണ്ടു വന്ന് വാഴിക്കാമെന്ന് നീ കരുതരുത്.”

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവർ എഴുന്നേറ്റ് തന്റെ മുറിയിലേക്കു നടന്നു. അവൻ വിഷമത്തോടെ ആ പോക്ക് നോക്കി നിന്നു.

“നമ്മൾ വിചാരിച്ച പോലെ ഒന്നും ആയില്ലല്ലോ ജിത്തു മോനെ..?”

ബ്രോക്കർ വിഷമത്തോടെ അവനോട് പറഞ്ഞു.

” ഞാനും അത് തന്നെയാണ് രവിയേട്ടാ ആലോചിക്കുന്നത്.. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല.. അവളുടെ ജോലി ഇത്ര വലിയ പ്രശ്നമായി അമ്മ കാണും എന്ന് ഞാൻ അറിഞ്ഞില്ല..

ഇനി ഒരു വഴിയേ ഞാൻ കാണുന്നുള്ളൂ.. ഞാനും അവളും വർഷങ്ങളായി പ്രണയത്തിലാണെന്ന് അമ്മയെ അറിയിക്കാം. അല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല.. ”

അവൻ എന്തൊക്കെയോ ചിന്തിച്ചു പറഞ്ഞു.

ഇന്ദ്രജിത്ത് എന്ന ജിത്തുവിന് വിവാഹം ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. പക്ഷേ അവൻ വർഷങ്ങളായി ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ്.

ആ പെൺകുട്ടി അടുത്ത് ഒരു ഗവൺമെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.

അമ്മ കണ്ടുപിടിക്കുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം ചെയ്യൂ എന്ന പണ്ടെപ്പോഴോ ജിത്തു പറഞ്ഞിട്ടുണ്ട്.

ആ ഒരു വാക്ക് വിശ്വാസത്തിൽ എന്തുകൊണ്ട് അമ്മ നാടായ നാടു മുഴുവൻ പെൺകുട്ടികളെ അന്വേഷിക്കാൻ തുടങ്ങി.

പക്ഷേ ഓരോ ആലോചനകളും അവൻ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കി കൊണ്ടിരുന്നു.

അവന്റെ ആ പ്രവർത്തിയിൽ എന്തോ ഉദ്ദേശം ഉണ്ട് എന്ന് മനസ്സിലാക്കിയ ബ്രോക്കർ രവിയേട്ടൻ കാര്യം അന്വേഷിച്ചു.

പക്ഷേ അപ്പോൾ ഒന്നും തുറന്നു പറയാൻ അവൻ തയ്യാറല്ലായിരുന്നു. പിന്നീട് ചേട്ടന്റെ നിരന്തരമായ നിർബന്ധത്തെ തുടർന്നാണ് അവൻ കാര്യം തുറന്നു പറഞ്ഞത്.

കാര്യങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോൾ രവി ഏട്ടൻ പറഞ്ഞ ബുദ്ധിയായിരുന്നു പെൺകുട്ടിയുടെ ഫോട്ടോ കൊണ്ടു വന്ന് അമ്മയെ കാണിക്കാം എന്നുള്ളത്.

അങ്ങനെ കൊണ്ടു വന്ന് കാണിച്ചാൽ അമ്മയ്ക്ക് പെൺകുട്ടിയെ ഇഷ്ടമാകും എന്ന് ജിത്തുവിന് ഉറപ്പായിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അവളെ കണ്ടു അമ്മയ്ക്ക് ഇഷ്ടമായി. സ്വത്തും പണവും ഒന്നും നോക്കണ്ട പെൺകുട്ടിയെ മാത്രം നോക്കിയാൽ മതി എന്ന് ആദ്യം തന്നെ അമ്മ തീരുമാനിച്ചിരുന്നു.

അതുകൊണ്ട് തന്നെ അവളുടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രത്യേകിച്ച് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.

പക്ഷേ ആ പെൺകുട്ടി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിലൂടെ അവൻ കണ്ട സ്വപ്നങ്ങൾ എല്ലാം തകർന്നു വീഴുകയായിരുന്നു. അവൾ നേഴ്സാണ് എന്ന് പറഞ്ഞതോടെ അമ്മയുടെ ഭാവം മാറി.

ഒരിക്കൽ കൂടി അവൻ അമ്മയോട് ആ വിഷയത്തെ കുറിച്ച് സംസാരിച്ചു നോക്കി. പക്ഷേ അതിനുള്ള അമ്മയുടെ പ്രതികരണം അവനെ പൂർണമായും തകർത്തു കളഞ്ഞു.

” നീ എന്നെ വിഡ്ഢിയാക്കാൻ വേണ്ടിയാണ് അല്ലേ അപ്പോൾ ആ ബ്രോക്കറെ കൂട്ടുപിടിച്ചത്..?

നീ പ്രണയിച്ച ഒരുത്തിയെ വിവാഹം കഴിക്കാൻ വേണ്ടിയുള്ള നിന്റെ അടവ് ആയിരുന്നു ഇതൊക്കെ..

നിന്റെ വാക്ക് വിശ്വസിച്ച ഞാനിപ്പോൾ ആരായി..? ഇത്രയും വലിയ ചതി നീ എന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. ”

അവർ സങ്കടത്തോടെ പറഞ്ഞു. അമ്മയുടെ സങ്കടം മകന്റെ മനസ്സിനെയും വേദനിപ്പിച്ചു.

” അമ്മേ ഞാൻ ഇഷ്ടപ്പെട്ടു പോയി. അതിൽ എന്ത് തെറ്റാണുള്ളത്..? അമ്മയ്ക്ക് ഇഷ്ടമല്ല എങ്കിൽ ഞാൻ ഈ നിമിഷം അതൊക്കെ അവസാനിപ്പിച്ചോളാം.. ”

അവൻ സങ്കടത്തോടെ പറഞ്ഞത് കേട്ട് അവരുടെ മുഖത്ത് ഒരു വിജയ ചിരി വിരിഞ്ഞു.

“എന്നോട് നിനക്ക് സ്നേഹമുണ്ടെങ്കിൽ നീ അത് തന്നെയാണ് ചെയ്യേണ്ടത്.

അവളെ ഈ നിമിഷം മറന്നു കളയണം. ഞാൻ പറയുന്ന വിവാഹത്തിന് നീ സമ്മതിക്കുകയും വേണം. ഈ വാക്കിന് എന്തെങ്കിലും മാറ്റം വന്നാൽ ആ നിമിഷം ഞാൻ എന്റെ മരണം സ്വീകരിക്കും..”

അവർ കടുപ്പിച്ച് പറഞ്ഞത് കേട്ട് അവന്റെ മനസ്സ് വേദനിച്ചു. അവന്റെ മനസ്സിൽ ഒരു പിടിവലി നടന്നു.

വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന പെണ്ണും പെറ്റമ്മയും.. അതിൽ പെറ്റമ്മയുടെ തട്ട് താണ് തന്നെ ഇരുന്നു. അമ്മയ്ക്ക് അവൻ വാക്ക് കൊടുത്തു.

അവൻ പ്രണയിച്ച പെൺകുട്ടിയെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് ആലോചിക്കുമ്പോൾ അവന്റെ ചങ്ക് പിടയുന്നുണ്ടായിരുന്നു. പക്ഷേ അവനു അവന്റെ അമ്മയുടെ ജീവൻ ആയിരുന്നു പ്രധാനം.

അമ്മയ്ക്ക് വാക്ക് കൊടുത്തത് അനുസരിച്ചു അമ്മ പറഞ്ഞ പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടി. പക്ഷേ അമ്മയുടെ കണക്കുകൂട്ടലുകൾ എവിടെയോ പിഴച്ചു പോയിരുന്നു.

അമ്മ കണ്ടെത്തിയ പെൺകുട്ടി അവനെ ഇഷ്ടപ്പെടുന്ന ഒരുവൾ ആയിരുന്നില്ല. അവൾക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.

വീട്ടുകാരുടെ നിർബന്ധം കൊണ്ട് അവന്റെ താലി സ്വീകരിക്കേണ്ടി വന്നതാണ്.

അത് അവൾക്ക് മാനസികമായി അവനോട് അകൽച്ച ഉണ്ടാകാൻ കാരണമായി. അത് പതിയെ പതിയെ അവന്റെ അമ്മയോടും ആയി.

അവർ തമ്മിൽ കയ്യാങ്കളി ആയി. ജീവിതത്തിലോ കുടുംബത്തിലോ സമാധാനം ഇല്ലാത്ത അവസ്ഥ..!

പക്ഷേ ഒരു ദിവസം കാര്യങ്ങൾ വല്ലാതെ കൈവിട്ടുപോയി. അന്ന് അവൾ അമ്മയെ കയ്യിൽ കിട്ടിയ തടി എടുത്ത് അടിച്ചു. അത് അമ്മയുടെ തലയിൽ തന്നെ കൃത്യമായി വന്നു കൊള്ളുകയും ചെയ്തു.

നമ്മൾ തല പൊട്ടി ചോര വാർന്നു കിടക്കുമ്പോൾ, അവൾ തന്റെ പെട്ടി പാക്ക് ചെയ്തു വീട്ടിലേക്ക് പോയി. ഇനി ഒരിക്കലും ഈ വീട്ടിലേക്ക് ഒരു മടങ്ങി വരവുണ്ടാകില്ല എന്ന് കൂടി അവൾ പ്രസ്താവിച്ചു.

എന്തോ ആവശ്യത്തിന് വീട്ടിലേക്ക് വന്ന ജിത്തു കാണുന്നത് ചോരവാർന്ന് കിടക്കുന്ന അമ്മയെ ആണ്. അവൻ അമ്മയെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

കുറെ ഏറെ നേരത്തെ ടെസ്റ്റുകൾക്കും ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണങ്ങളുടെയും ഫലമായി അമ്മയ്ക്ക് ബോധം തെളിഞ്ഞു. ജിത്തുവിന് ആശ്വാസം തോന്നി.

പിന്നീടുള്ള ഓരോ ദിവസവും നഴ്സുമാരുടെ പരിചരണം എങ്ങനെയാണ് എന്ന് അമ്മ അനുഭവിച്ചറിയുകയായിരുന്നു.

വേദനിക്കുന്നവർക്ക് സാന്ത്വനമേകുന്ന മാലാഖമാരാണ് നഴ്സുമാർ എന്ന് അമ്മ മനസ്സിലാക്കി.

അവർക്ക് ആദ്യമായി മകൻ സ്നേഹിച്ച പെൺകുട്ടിയെ ഒഴിവാക്കിയതിൽ വേദന തോന്നി.

” മോനേ.. ചിത്ര ഇനി ഒരിക്കലും നമ്മുടെ വീട്ടിലേക്ക് മടങ്ങി വരില്ല എന്ന് പറഞ്ഞാ പോയത്. നിങ്ങൾ തമ്മിലുള്ള ബന്ധം ഒഴിവാക്കിയാൽ നിനക്ക് നീ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൂടെ..? ”

അവർ ചോദിച്ചത് കേട്ട് അവൻ ഒന്നു ചിരിച്ചു. പക്ഷേ അതിൽ നിറയെ വേദനയും പുച്ഛവുമായിരുന്നു.

” അമ്മയ്ക്ക് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ ഉണ്ടായത് സ്വയം ഒരു വീഴ്ച വന്നപ്പോൾ അല്ലേ..? അന്ന് അമ്മയോട് കരഞ്ഞു പറഞ്ഞതല്ലേ അവൾ തന്നെ മതി എന്റെ ജീവിതത്തിൽ എന്നു..

ആ വാക്ക് ഒരിക്കൽ പോലും കേൾക്കാൻ ശ്രമിച്ചില്ലല്ലോ.. അതിന്റെ ഫലം അമ്മയും ഞാനും ആവോളം അനുഭവിച്ചു കഴിഞ്ഞു. ഇനി ഒരിക്കൽ കൂടി ഒരു പരീക്ഷണത്തിന് ഞാനില്ല.. ”

അവൻ തറപ്പിച്ചു പറഞ്ഞു.

” എനിക്ക് തെറ്റു പറ്റിയതാണ്. ഇനി ഒരിക്കലും അത് ആവർത്തിക്കുകയും ഇല്ല.. ആ പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂടെ കൂട്ടണം.. ”

അവർ അവനെ നിർബന്ധിച്ചു.

” ഇനി അമ്മ എന്തൊക്കെ പറഞ്ഞാലും അവർ നടക്കില്ല.. ”

അവൻ പറഞ്ഞത് കേട്ട് അവർ അവനെ സംശയത്തോടെ നോക്കി.

” അമ്മ ഇത് പറയാൻ എടുത്ത സമയം ഒരുപാട് വൈകിപ്പോയി. അവൾ ഇപ്പോൾ നാട്ടിൽ ഇല്ല.. അവളുടെ ഭർത്താവിനോടൊപ്പം വിദേശത്താണ്.. ”

അവൻ വേദനയോടെ പറഞ്ഞത് കേട്ട് അവർക്കും ഒരു ഞെട്ടൽ ഉണ്ടായി.

താൻ കാരണം തന്റെ മകന്റെ കൈയിലുണ്ടായിരുന്ന നല്ലൊരു ജീവിതം കൈവിട്ടു പോയി എന്ന് അവർക്ക് ആ നിമിഷം കുറ്റബോധം തോന്നി.

പക്ഷേ ജീവിതത്തിൽ വൈകി ഉണ്ടായ ആ തിരിച്ചറിവ് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ.. മിക്കപ്പോഴും ജീവിതത്തിൽ നമുക്ക് രണ്ടാമത് ഒരു അവസരം കിട്ടണമെന്നില്ല ..

Leave a Reply

Your email address will not be published. Required fields are marked *