സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ മകൾ പതിവില്ലാതെ നിശബ്ദ ആയിരുന്നു, അവളുടെ..

കടങ്ങൾ
(രചന: അരുണിമ ഇമ)

സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ മകൾ പതിവില്ലാതെ നിശബ്ദ ആയിരുന്നു. അവളുടെ ആ ഭാവം ചെറുതല്ലാത്ത ഒരു ഭയം മാതാപിതാക്കളിൽ വളർത്തി.

ഊണു മേശയിലും നിശബ്ദമായി ഇരിക്കുന്ന മകളെ ഇരുവരും അല്പം ഭയത്തോടെയാണ് നോക്കിയത്. ഇന്നത്തെ കാലമാണ്. പെൺകുട്ടികൾ വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത കാലം.

ഈ സമയത്ത് അവൾക്ക് സ്കൂളിൽ വച്ച് പുറത്ത് എവിടെയെങ്കിലും വച്ച് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടായോ എന്ന് അവർ ഒരു നിമിഷം ഭയപ്പെട്ടു.

” മോളെ.. നീ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ്..നിനക്ക് എന്താ പറ്റിയത്? ”

അച്ഛനെ ചോദ്യത്തിന് അവൾ തലയുയർത്തി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുകയായിരുന്നു. അവളുടെ ആ ഭാവം അച്ഛനെയും അമ്മയെയും കൂടുതൽ ഭയപ്പെടുത്തി.

” എന്താടാ? മോള് പറയൂ.. മോൾക്ക് എന്താ ഇത്ര വിഷമം? മോളെ ആരെങ്കിലും അനാവശ്യമായി പെരുമാറുകയോ എന്തെങ്കിലും പറയുകയോ ചെയ്തോ?”

അച്ഛൻ ആവലാതിയോടെ മകളോട് ചോദിച്ചു. ഒന്നും ചോദിച്ചില്ല എങ്കിലും അമ്മയുടെ മനസ്സിലും അതെ ചോദ്യങ്ങൾ തന്നെയായിരുന്നു. ഒന്നും മനസ്സിലാകാതെ അവളുടെ അനിയനും ആ ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്നു.

” നമുക്ക് കടങ്ങൾ എന്തെങ്കിലുമുണ്ടോ അച്ഛാ? ”

മകളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ആ അച്ഛനുമമ്മയും ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു പോയി.

” മോൾ എന്താ അങ്ങനെ ചോദിച്ചത്? ”

അമ്മയുടേത് ആയിരുന്നു ആ ചോദ്യം .

” ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയ് അച്ഛാ.. ”

അവൾ സ്വരം കടുപ്പിച്ചു.

“അല്ലറ ചില്ലറ കടങ്ങളൊക്കെ ഇല്ലാത്ത ഏതു മനുഷ്യരാണ് ഉള്ളത്?അച്ഛനും ഉണ്ട് അങ്ങനെ കുറച്ച് കടങ്ങൾ.”

അയാൾ എങ്ങും തൊടാത്ത വിധത്തിൽ ഒരു മറുപടി പറഞ്ഞു.

” അച്ഛന് ലോൺ ഒക്കെ ഉണ്ടല്ലേ?”

അവൾ വിഷമത്തോടെ വീണ്ടും ചോദിച്ചു.

“നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ എന്തിനാ ചോദിക്കുന്നത്? നിന്നോട് ഇവിടെ ആരെങ്കിലും പണം ചോദിച്ചോ?

നിന്റെ അച്ഛൻ കടം വാങ്ങുകയോ ലോൺ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കാൻ ആ മനുഷ്യന് അറിയാം.

അതിൽ നീ ഇടപെടാൻ നിൽക്കണ്ട. അവൾ വലിയൊരു ചോദ്യം ചെയ്യലിന് വന്നിരിക്കുന്നു.”

അനിഷ്ടത്തോടെ അമ്മ അവളോട് പറഞ്ഞു.

” നീ വെറുതെ മോളെ വഴക്കു പറയരുത്. അവൾ ഇങ്ങനെയൊക്കെ ചോദിക്കുന്നു ഉണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും എന്തെങ്കിലും കാരണം ഉണ്ടാവും.

അവൾ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ. ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുകയാണ്. അതായത് പതിനാല് വയസ്സ് പ്രായം.

വീട്ടിലെ അത്യാവശ്യം കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കാൻ ഉള്ള പ്രായം ഇപ്പോൾ അവൾക്കായി. അതുകൊണ്ടു തന്നെ അവൾ ചോദിച്ചാൽ മറുപടി കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ”

അയാൾ ഭാര്യയെ ശകാരിച്ചു കൊണ്ട് മകളെ നോക്കി.

” മോൾക്ക് ഇപ്പോൾ ഇതൊക്കെ അച്ഛനോട് ചോദിക്കണം എന്ന് തോന്നാൻ എന്താ കാരണം? ”

അയാൾ വാൽസല്യത്തോടെ മകളെ നോക്കി.

” അച്ഛാ.. ഇന്ന് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ ആ ത്മഹത്യ ചെയ്തു. ”

അവൾ പറഞ്ഞ ഓരോ വാക്കും ആ മാതാപിതാക്കൾ ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു.

“അതിന്റെ കാരണം എന്താണെന്ന് അച്ഛന് അറിയാമോ?”

അവൾ ചോദ്യ ഭാവത്തിൽ അച്ഛനെ നോക്കി. അയാൾ അറിയില്ല എന്ന് തല ചലിപ്പിച്ചു.

” ആ അച്ഛൻ ആ ത്മഹത്യ ചെയ്യുന്നത് വരെ ആ കുടുംബത്തിനും അറിയില്ലായിരുന്നു അയാൾ എന്തിനാണ് ആ ത്മഹത്യ ചെയ്തത് എന്ന്. വളരെ വൈകിയാണ് അവരൊക്കെ കാര്യങ്ങൾ അറിഞ്ഞത്. ”

അവൾ ഗൗരവത്തോടെ സംസാരിക്കുകയാണ്.

“എന്തായിരുന്നു കാരണം?”

ആകാംക്ഷയോടെ അമ്മ ചോദിച്ചു.

“അദ്ദേഹത്തിന് കുറേ ലോണും കടങ്ങളും ഒക്കെ ഉണ്ടായിരുന്നു. അത് തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കുറെ നാളുകളായി അദ്ദേഹം അതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു. ഇപ്പോൾ കടം വാങ്ങിയ അവരൊക്കെ അത് വീട്ടിൽ വന്നു ചോദിക്കാൻ തുടങ്ങിയതോടെ അയാളുടെ പിടിവിട്ടു.

അതാണ് ആ ത്മഹത്യയിലേക്ക് നയിച്ചത്. അവർ നല്ല രീതിയിൽ അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന ആൾക്കാർ ആയിരുന്നു.”

മകൾ പറഞ്ഞ അവസാനിപ്പിച്ചതും അച്ഛൻ പകപ്പോടെ മകളെ നോക്കി. അതേ ഭാവം തന്നെയായിരുന്നു അമ്മയിലും.

” വീട് മോടി പിടിപ്പിക്കാനും കാർ വാങ്ങാനും അവരുടെ ആഡംബര ജീവിതത്തിനും ഒക്കെയാണ് അവർ ഈ കടങ്ങളും ലോണുകളും ഒക്കെ എടുത്തത്. അയാൾക്ക് സർക്കാർ ജോലിയാണ്.

എന്നു കരുതി മാസം കിട്ടുന്ന ശമ്പളത്തിന് ഒരു പരിധിയുണ്ടല്ലോ? ആ ശമ്പളം ലോൺ അടയ്ക്കാൻ പോലും തികയില്ല എന്ന് ഒരു അവസ്ഥയിലേക്ക് എത്തി. അവിടുത്തെ അമ്മയ്ക്കാണെങ്കിൽ ജോലിയില്ല.

ജോലിക്ക് പോകാൻ താല്പര്യം ഇല്ലാത്തത് ആണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. ചിലപ്പോൾ അതും സത്യം ആയിരിക്കാം. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് കൃത്യമായി അറിയാം.

അവരുടെ കയ്യിൽ നിൽക്കാത്ത തരത്തിൽ കടങ്ങളും ലോണുകളും വന്നതോടുകൂടി ഒരു രക്ഷപെടൽ എന്നുള്ള തരത്തിലാണ് അയാൾ ആ ത്മഹത്യയെ സമീപിച്ചത്. പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ..

അയാൾ സുഖമായി രക്ഷപ്പെട്ടു പോയില്ലേ? അയാൾ മരിച്ചു പോയി എന്ന് കരുതി ഈ ലോണും കടങ്ങളും ഒക്കെ ആരെങ്കിലും എഴുതി തള്ളുമോ? ചിലപ്പോൾ കുറച്ച് സാവകാശം കിട്ടിയെന്ന് വരും.

എന്നാലും ഇതൊക്കെ അടച്ചു തീർത്താൽ അല്ലേ പറ്റൂ? അത് അപ്പോൾ ആരുടെ ഉത്തരവാദിത്വമാണ്? അവിടത്തെ അമ്മയുടെ ഉത്തരവാദിത്വം. അത് മാത്രമാണോ..

അവർക്ക് രണ്ടു ചെറിയ മക്കൾ ആണ്. അവരുടെ കാര്യങ്ങളും നോക്കണ്ടേ? എല്ലാം കൊണ്ടും അവിടുത്തെ അമ്മ ഇപ്പോൾ പ്രതിസന്ധിയിൽ ആയില്ലേ?”

മകൾ കാര്യഗൗരവത്തോടെ സംസാരിക്കുന്നത് കേട്ട് അച്ഛനുമമ്മയും വല്ലാത്തൊരു ഭാവത്തോടെ അവളെ കേട്ടിരുന്നു.

” നാളെ ഒരു സമയത്ത് ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് അവർ കൂടി മരണപ്പെട്ടാലോ? ചിലപ്പോൾ മക്കളെ ഒറ്റപ്പെടുത്തേണ്ടത് എന്ന് കരുതി ആ കൊച്ചു മക്കളെയും കൊന്നിട്ട് അവരും മരിക്കും.

അങ്ങനെ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തില്ല എന്ന് ഉറപ്പിച്ചു പറയാൻ ഒന്നും പറ്റില്ലല്ലോ.. ”

അത്രയും പറഞ്ഞു കൊണ്ട് അവൾ ഒന്നു കിതച്ചു.

” ഇത്രയും അപകടകരമായ ഒരു അവസ്ഥയിലേക്ക് ആ കുടുംബത്തെ എത്തിച്ചത് എന്താണ്? അവരുടെ അനാവശ്യ ചെലവുകളും ആർഭാടവും.

ലോണെടുത്ത് പൈസ കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയാതെ പോയത്. ഇതൊക്കെയല്ലേ ആ കുടുംബത്തെ ഒന്നാകെ തകർത്തു കളഞ്ഞത്? ”

അവൾ ചോദിച്ചത് കേട്ട് അച്ഛനും അമ്മയും അറിയാതെ തല കുലുക്കി പോയി.

” നമുക്കും ലോണും കടങ്ങളും ഒക്കെ ഉണ്ട് എന്ന് എനിക്കറിയാം. നമ്മുടെ ഈ വീട് വച്ചത് ലോൺ എടുത്തിട്ട് അല്ലേ? അത് അച്ഛൻ മാസംതോറും തിരിച്ചടക്കുന്നുണ്ടാവും. ഇല്ലേ? ”

അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി. എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ ഒരു നിമിഷം പകച്ചു പോയി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ ലോൺ അടവ് മുടങ്ങി കിടക്കുകയാണ് എന്ന് അയാൾ ആ നിമിഷം ചിന്തിച്ചു.

” അപ്പോൾ എന്റെ ഊഹം തെറ്റിയില്ല. ആ ലോൺ അടവ് മുടങ്ങി കിടക്കുകയല്ലേ? അത് മുടങ്ങി കിടക്കാൻ ഉള്ള കാരണമെന്താണെന്ന് അച്ഛന് അറിയാമോ? നമ്മുടെയൊക്കെ ആർഭാട ജീവിതം തന്നെയാണ്.

അനാവശ്യമായി കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ എന്തുമാത്രം പണമാണ് ചെലവഴിക്കുന്നത്? നമുക്ക് അതിനൊക്കെ ഒരു കുറവ് വരുത്തിയാൽ നിസ്സാരമായി ആ ലോൺ അടച്ചു തീർക്കാം.

അത് അടച്ചു തീർന്നാൽ നമുക്ക് സന്തോഷത്തോടെ പിന്നീടുള്ള കാലങ്ങൾ ആഡംബരമായി തന്നെ ജീവിച്ചൂടെ? ”

അവൾ ചോദിച്ചത് കേട്ട് അച്ഛന്റെയും അമ്മയുടെയും തല കുനിഞ്ഞു. തങ്ങളുടെ മകളാണ്. തീരെ ചെറിയ കുട്ടി എന്ന് ഇന്ന് രാവിലെ പോലും ചിന്തിച്ച മകൾ.

ഒരു പ്രശ്നം മുന്നിലേക്ക് വന്നപ്പോൾ അവൾ എത്ര കാര്യമായാണ് അതിനെക്കുറിച്ച് ചിന്തിച്ചത് എന്ന് ഓർത്ത് ഒരു നിമിഷം അവർക്ക് അഭിമാനം തോന്നി പോയി.

അവൾ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്. തങ്ങളുടെ ആഡംബരം തന്നെയാണ് ആ ലോൺ അടവ് മുടങ്ങി പോകാൻ കാരണം.

ഒരു മാസം അടവ് മുടങ്ങിയാൽ അടുത്ത മാസം അടക്കാമല്ലോ എന്നൊരു ചിന്തയായിരുന്നു.

പക്ഷേ അത് മുടങ്ങി കിടക്കുന്നു തോറും തങ്ങളുടെ മേലുള്ള കടങ്ങൾ വർധിക്കുകയാണെന്ന് ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല.

“മോള് പറഞ്ഞത് ശരിയാണ്. ഇതുവരെ അച്ഛനോ അമ്മയോ ചിന്തിക്കാത്ത കാര്യങ്ങളാണ് മോള് പറഞ്ഞത്.

പക്ഷേ നീ പറഞ്ഞതോർത്ത് ഞങ്ങൾക്ക് വിഷമം ഒന്നുമില്ല. മറിച്ച് അഭിമാനം തോന്നുന്നുണ്ട്. നിന്റെ അച്ഛനായും അമ്മയായും ജനിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ പുണ്യമാണ്.”

മകളെ ചേർത്തു പിടിച്ച് അച്ഛൻ പറയുമ്പോൾ, ഇനിയുള്ള മാസങ്ങളിൽ ലോണ് കൃത്യമായി അടയ്ക്കും എന്നും

താങ്കളുടെ മേലുള്ള കനത്ത ഭാരം അവസാനിപ്പിക്കുമെന്നും ഒരു ദൃഢനിശ്ചയം കൂടി ആ അച്ഛന്റെ മനസ്സിലുണ്ടായിരുന്നു.

NB : ആ ത്മഹത്യ എന്ന ചിന്തയിലേക്ക് എഴുതുന്നതിനേക്കാൾ മുന്നേ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ചിന്തിക്കാനുള്ള വിവേകം എല്ലാവർക്കും ഉണ്ടാകണം. ആ ത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.

Leave a Reply

Your email address will not be published.