അമ്മയ്ക്ക് ആദ്യം മുതലേ തന്നെ ഈ ബന്ധത്തിനോട്‌ എതിർപ്പായിരുന്നു, അപ്പോൾ പിന്നെ..

എൻ പാതിയായ്
(രചന: അരുണിമ ഇമ)

” ടാ.. നിനക്ക് ഈ നാട്ടിൽ വേറെ പെൺപിള്ളേരെ കിട്ടാഞ്ഞിട്ടാണോ.. ഇവൾ തന്നെ മതി എന്ന് നീ വാശി പിടിക്കുന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.. ”

ദേഷ്യത്തോടെ ചോദിക്കുന്ന അമ്മയെ അവൻ നിസ്സഹായനായി നോക്കി.

” അമ്മ പറയുന്നത് അവൾക്ക് എന്ത് കുറവുണ്ട് എന്നാണ്..എനിക്ക് മനസ്സിലാകുന്നില്ല.. ”

അവൻ നിരാശയോടെ പറഞ്ഞു.

“നിനക്ക് മനസ്സിലാകില്ലല്ലോ.. അവൾ നിന്നെ അവളുടെ സാരിത്തുമ്പിൽ കെട്ടിയിട്ടിരിക്കുക ആണല്ലോ..!”

പുച്ഛത്തോടെ അമ്മ പറഞ്ഞത് കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു.

“അതിന് അവൾ സാരി ഉടുക്കാറില്ലല്ലോ..”

അവൻ പിറുപിറുത്തു. അമ്മ അവനെ തറപ്പിച്ചു നോക്കി.

“ഞാൻ ഒരു സംശയം ചോദിക്കട്ടെ.. നീ പൊട്ടൻ ഒന്നും അല്ലല്ലോ.. ഇന്ന് നിന്റെ മുന്നിൽ വച്ചു തന്നെ അല്ലേ ഡോക്ടർ അവളുടെ കാര്യം പറഞ്ഞത്..?”

അവർ കോപത്തോടെ അവനെ നോക്കി. അവൻ മുഖം കുനിച്ചു.

“എന്തൊക്കെയാ ലളിതേ നീ ഈ ചോദിക്കുന്നതും പറയുന്നതും..? ”

അമ്മയുടെയും മകന്റെയും വാക്ക് തർക്കം നോക്കി ഇരുന്ന അച്ഛൻ അവസാനം വായ തുറന്നു.

“നിങ്ങളോട് ഈ കാര്യത്തിൽ ആരും അഭിപ്രായം ചോദിച്ചില്ല. അല്ലെങ്കിൽ തന്നെ അച്ഛൻ എന്ന് പറഞ്ഞു ഇരിക്കാൻ അല്ലാതെ നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം..? ”

അവർ പുച്ഛത്തോടെ ചോദിച്ചു. അയാൾ അപമാനത്തോടെ തല കുനിച്ചു.

“ഒരു കാര്യം നിങ്ങൾ അറിഞ്ഞ് വച്ചോ.. ഞങ്ങളുടെ കൂട്ടുകാരന്റെ മകൾ ഇല്ലേ.. ഇവിടെ മരുമകൾ ആയി വാഴിക്കാൻ വേണ്ടി നിങ്ങൾ കണ്ടെത്തിയ രാജകുമാരി.. അത്‌ ഇനി നടക്കില്ല.”

അയാളെ തറപ്പിച്ചു നോക്കി അത്രയും പറഞ്ഞു കൊണ്ട് അവർ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

അയാൾ വിഷമത്തോടെ മകനെയും ഭാര്യയെയും മാറി മാറി നോക്കി.

“എന്താ മോനെ.. നിന്റെ അമ്മ ഇത് എന്തൊക്കെയാ പറയുന്നത്?”

അയാൾ ചോദിച്ചത് കേട്ട് അവൻ അയാൾക്ക് നേരെ തിരിഞ്ഞു.

“അച്ഛാ.. ഇന്ന് അപ്പുവിന് ഒരു ആക്‌സിഡന്റ് പറ്റി.. അവളെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു..”

അവൻ വിഷമത്തോടെ പറഞ്ഞു. ഞെട്ടലോടെ ഇരുന്ന സ്ഥലത്തു നിന്ന് ചാടിയെഴുന്നേറ്റു.

” എന്നിട്ട് ഈ വിവരം നിങ്ങൾ ആരും എന്നോട് പറഞ്ഞില്ലല്ലോ.? മോൾക്ക് എന്താ പറ്റിയത്..? എന്തെങ്കിലും കുഴപ്പമുണ്ടോ..? ”

അയാൾ വെപ്രാളത്തോടെ ചോദിച്ചു.

” കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ ചെറിയൊരു പ്രശ്നമുണ്ട്.. അവൾ വീണത് വയറിടിച്ച് ആയിരുന്നു..

ഡോക്ടർമാർ പറയുന്നത് അവളുടെ ഗർഭപാത്രത്തിന് തകരാർ ഉണ്ടെന്നാണ്. അതായത് ഇനി ചിലപ്പോൾ അവൾക്ക് ഒരു ഗർഭധാരണം നടന്നു എന്നു വരില്ല.. ”

അവൻ വിഷമത്തോടെ പറഞ്ഞു. അയാൾ വല്ലാതെയായി. മകനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

അതിനേക്കാളുപരി അപ്പുവിന്റെ അവസ്ഥ അയാളെ വിഷമിപ്പിച്ചു. ആ കുടുംബം അതെങ്ങനെ സഹിക്കും എന്ന് അയാൾ ചിന്തിച്ചു.

” ഇതിന് ചികിത്സ ഒന്നും ഇല്ല മോനെ..? ഒരു കാരണവശാലും അപ്പു മോൾക്ക് ഗർഭിണി ആകാൻ കഴിയില്ല എന്നാണോ.?”

അയാൾ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചു.

” അങ്ങനെയൊന്നും ഡോക്ടർമാർ പറഞ്ഞിട്ടില്ല അച്ഛാ.. ഈ കാര്യം പോലും അവർ ഒരു സംശയം പറഞ്ഞതാണ്. അതിൽ ഉറപ്പ് ഒന്നുമില്ല.

ഇനിയും എന്തൊക്കെയോ ടെസ്റ്റുകൾ ചെയ്യാനുണ്ട്. അതു കൂടി കഴിഞ്ഞാലേ കൃത്യമായ വിവരം പറയാനാകൂ എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ” അവൻ അച്ഛനോട് വിവരങ്ങൾ ധരിപ്പിച്ചു.

” എന്നിട്ടാണോ നിന്റെ അമ്മ ഇവിടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്..? ”

അയാൾ അത്ഭുതത്തോടെ ചോദിച്ചു.

” അച്ഛാ ഡോക്ടർ പറയുന്നത് മുഴുവനും കേൾക്കാൻ അമ്മ അവിടെ നിന്നില്ല. ഗർഭപാത്രത്തിനു തകരാറുണ്ട് എന്ന് ഡോക്ടർ സംശയം പറഞ്ഞ നിമിഷം തന്നെ അമ്മ അവിടെ നിന്ന് ഇറങ്ങി പോന്നു.”

അവൻ സങ്കടത്തോടെ പറഞ്ഞു.

” മോൻ അത് കാര്യമാക്കണ്ട. മോന് അറിയാമല്ലോ നിന്റെ അമ്മയ്ക്ക് ആദ്യം മുതലേ തന്നെ ഈ ബന്ധത്തിനോട്‌ എതിർപ്പായിരുന്നു.

അപ്പോൾ പിന്നെ ഇങ്ങനെ ഒരു കാര്യം കിട്ടിയാൽ അവൾ അത് മാക്സിമം ഉപയോഗിക്കാൻ അല്ലേ ശ്രമിക്കൂ..

അതുതന്നെയാണ് അവൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.. താൻ ചെയ്തത് തെറ്റാണ് എന്ന് അവൾക്ക് എപ്പോഴെങ്കിലും തോന്നുമ്പോൾ അവൾ അത് തിരുത്തികൊള്ളും.”

അച്ഛൻ ഉറപ്പോടെ പറഞ്ഞു.

” പക്ഷേ ഈ കാര്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയില്ല. അമ്മ എന്തൊക്കെ വന്നാലും ഇനി അവളെ ഈ വീട്ടിലേക്ക് കയറ്റില്ല.

പക്ഷേ അവൾ അല്ലാതെ മറ്റൊരാളും എന്റെ ഭാര്യയായി ഇവിടേക്ക് വരികയുമില്ല. അത് എന്റെ ഉറപ്പാണ്.”

ഉറപ്പോടെ പറഞ്ഞു കൊണ്ട് അവൻ തന്റെ മുറിയിലേക്ക് കയറിപ്പോയി.

ദിവസങ്ങൾ കഴിഞ്ഞു പോയിട്ടും അമ്മയുടെ സ്വഭാവത്തിൽ മാറ്റം ഒന്നും വന്നില്ല. പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ വിവാഹം കഴിപ്പിച്ചു അയച്ച മകൾ വീട്ടിലേക്ക് വന്നപ്പോൾ അമ്മ ഒന്ന് പരിഭ്രമിച്ചു.

” എന്താ മോളെ നിനക്ക് എന്താ പറ്റിയത്..? ”

അവർ ആധിയോടെ ചോദിച്ചു.

” എന്നെ അവിടെ നിന്നും ഇറക്കി വിട്ടതാണ്.”

അവൾ കണ്ണീരോടെ പറഞ്ഞു. അവൾ പറഞ്ഞത് വിശ്വാസം വരാതെ അമ്മ അവളെ നോക്കി.

” ഇറക്കി വിടാൻ മാത്രം എന്ത് തെറ്റാണ് നീ ചെയ്തത്..? ”

അവർ ആകുലതയോടെ ചോദിച്ചു.

” എന്റെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായി..പക്ഷെ, എനിക്ക് ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള യോഗം ഉണ്ടായില്ലല്ലോ അമ്മേ.. ”

വിങ്ങിപ്പൊട്ടി മകൾ പറയുന്നത് കേട്ട് അവർ അമ്പരന്നു.

” നിങ്ങൾക്ക് രണ്ടാൾക്കും പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ലല്ലോ..? ഇതൊക്കെ ദൈവം തീരുമാനിക്കുന്നത് അല്ലേ മോളേ..? അല്ലാതെ മനുഷ്യർക്ക് എങ്ങനെ പറയാൻ പറ്റും ഇതൊക്കെ..? ”

അവർ മകളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ തുടങ്ങി.

“അതെന്താ നീ അങ്ങനെ പറഞ്ഞത്..? ഇതൊക്കെ മനുഷ്യൻ തന്നെയല്ലേ തീരുമാനിക്കുന്നത്..?”

അവരുടെ വർത്തമാനം കേട്ട് വന്ന അച്ഛൻ ചോദിച്ചു. അവർ പകയോടെ അയാളെ തിരിഞ്ഞു നോക്കി.

” നിങ്ങൾ എന്ത് വിവരക്കേടാണ് പറയുന്നത്..? ഇവളുടെ വീട്ടുകാർ ഇവളെ ഗർഭിണി ആകില്ല എന്ന് പറഞ്ഞു എന്ന് കരുതി പ്രസവിക്കാതിരിക്കണം എന്നുണ്ടോ..?”

അവർ അയാൾക്ക് നേരെ ആക്രോശിച്ചു.

” നിന്നോട് ആരാടി മോളെ പറഞ്ഞത് നീ ഗർഭിണിയാകില്ല എന്ന് ..”

അവർ മകൾക്ക് നേരെ തിരിഞ്ഞു.

” അമ്മ പറഞ്ഞതാണ്.. ”

അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു.

” ആ തള്ളക്ക് വിവരമില്ലാതെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ അതുകേട്ട് വിഷമിക്കുന്നത് എന്തിനാ..? ”

അവർ മകളെ സാന്ത്വനിപ്പിച്ചു.

” അമ്മേ.. ഞങ്ങൾ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ ഒരു സംശയം പറഞ്ഞു.

എന്റെ ഗർഭപാത്രത്തിന് കട്ടി ഇല്ലാത്തതു കൊണ്ടാണ് എനിക്ക് ഒരു ഗർഭധാരണം നടക്കാത്തത് എന്ന്. അത് കേട്ടതോടെയാണ് അമ്മയ്ക്ക് ദേഷ്യം വന്നത്. ”

അവൾ സങ്കടത്തോടെ പറഞ്ഞു.

” അങ്ങനെയുള്ള എത്രയോ പേരുടെ കാര്യങ്ങളിൽ അത്ഭുതം സംഭവിച്ചിരിക്കുന്നു.

നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് ഒരു ഡോക്ടർമാരും പറഞ്ഞിട്ടില്ലല്ലോ.. പിന്നെ നീ എന്തിനാ പേടിക്കുന്നത്..? നിന്റെ ഭർത്താവ് എന്തു പറയുന്നു..? ”

” ചേട്ടൻ അമ്മയെ എതിർത്ത് ഒന്നും ചെയ്യില്ല എന്ന് അമ്മയ്ക്ക് അറിയാമല്ലോ.. ”

അവരുടെ സംസാരം കേട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു.

” നിനക്ക് സ്വന്തം മകളുടെ കാര്യം വന്നപ്പോൾ ഇതൊന്നും ഒരു പ്രശ്നവുമില്ലാതെ ആയി അല്ലേ..? ”

അയാൾ ചോദിച്ചത് കേട്ട് അവരുടെ നെറ്റി ചുളിഞ്ഞു.

” കുറച്ചു ദിവസം മുമ്പ് അപ്പു മോളെ ചികിത്സിച്ച ഡോക്ടർ ഇങ്ങനെയൊരു സംശയം പറഞ്ഞതിന്റെ പേരിൽ നിന്റെ സ്വന്തം മകന്റെ വിവാഹം വേണ്ടെന്ന് വച്ച് സ്ത്രീ അല്ലേ നീ..? നീ എന്താ പറഞ്ഞത്..

പ്രസവിക്കാൻ കഴിയാത്ത സ്ത്രീകൾ ദൈവത്തിന്റെ കണ്ണിൽ വെറുക്കപ്പെട്ടവർ ആണ് എന്ന്.. എന്നിട്ട് നിന്റെ മക്കളെ കുറിച്ച് നീ എന്താ അങ്ങനെ പറയാത്തത്..?”

അയാളുടെ ചോദ്യം കേട്ട് അവർ തല കുനിച്ചു.

” എനിക്ക് അന്ന് അതൊന്നും ചിന്തിക്കാനുള്ള ബോധമില്ലാതെ ആയിപ്പോയി. അതുകൊണ്ട് മാത്രം പറ്റി പോയതാണ്.

എത്രയും പെട്ടെന്ന് അവരുടെ വിവാഹത്തിനുള്ള തീയതി നോക്കണേ. ഞാൻ ഈ പേരും പറഞ്ഞു ഒരിക്കലും അവളെ കുത്തിനോവിക്കില്ല. കുട്ടികളൊക്കെ അതിന്റെ സമയമാകുമ്പോൾ ഉണ്ടായിക്കൊള്ളും.

ഉണ്ടായില്ലെങ്കിൽ, അച്ഛനമ്മമാർ ഇല്ലാത്ത എത്രയോ മക്കളുണ്ട്.. അവർക്ക് കച്ചറ അമ്മയുമാകാൻ എന്റെ മക്കൾക്ക് കഴിയും..!”

അവർ ഉറപ്പോടെ പറഞ്ഞത് കേട്ട് അച്ഛന്റെയും മകളുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

” അമ്മ ഇപ്പോൾ പറഞ്ഞ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലല്ലോ..? ”

അവൾ വീണ്ടും ചോദിച്ചു.

“എന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ല.. മാറാനും പോകുന്നില്ല..”

അവർ ഉറപ്പിച്ചു പറഞ്ഞു.

” എന്നാൽ അമ്മയോട് ഞാൻ ഒരു സത്യം പറയട്ടെ..? ”

അവർ ആകാംക്ഷയോടെ അവളെ നോക്കി.

” എനിക്ക് സത്യത്തിൽ യാതൊരു പ്രശ്നവുമില്ല.. മാത്രമല്ല ഞാൻ ഗർഭിണിയാണ്.. ഈ സന്തോഷ വാർത്ത ഇവിടേക്ക് പറയാൻ വരുമ്പോൾ ആണ് ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഞാൻ അറിഞ്ഞത്.

അപ്പോൾ ഈ കാര്യങ്ങളൊക്കെ അമ്മയെ ഒന്നു ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഞാൻ ഒരു കള്ളം പറഞ്ഞത്.

പക്ഷേ ഇതിന്റെ പേരും പറഞ്ഞ് അമ്മ നേരത്തെ പറഞ്ഞ വാക്കുകൾ മാറ്റി പറയരുത്.. ”

അവൾ പറഞ്ഞത് കേട്ട് അവർ ഒരു നിമിഷം അന്തിച്ചു പോയെങ്കിലും തന്റെ പ്രവർത്തിയുടെ ഫലം ആണ് മകളെ കൊണ്ട് ഇങ്ങനെ ഒരു കള്ളത്തരം ചെയ്യിച്ചത് എന്നുള്ള ഓർമ്മയിൽ അവർ അവളെ ചേർത്തു പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *