നമ്മുടെ മോൾ എന്നെ പോലെ മിടുക്കി ആണെന്ന്, അവൾ എന്നെ പോലെ ഒരു എൻജിനീയർ..

പശ്ചാത്താപം
(രചന: അരുണിമ ഇമ)

ഓഫീസിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ പതിവില്ലാത്ത വിധം ചിരിയുമായി നിൽക്കുന്ന അയാളെ അവൾ അത്ഭുതത്തോടെ നോക്കി.

അയാളുടെ മുഖത്ത് വല്ലപ്പോഴും മാത്രമേ ഇങ്ങനെയുള്ള ചിരി വിരിയാറുള്ളൂ.. അതുകൊണ്ട് തന്നെ അവൾക്ക് ആ ഭാവം വല്ലാത്ത അത്ഭുതം നൽകി.

” ഇന്നെന്താ പതിവില്ലാതെ ഇത്രയും സന്തോഷം? ”

അയാൾ വാങ്ങി കൊണ്ടു വന്ന മധുരപലഹാരങ്ങളിലേക്ക് നോക്കി അവൾ അമ്പരപ്പോടെ ചോദിച്ചു.

“അതെ. ഇന്ന് സന്തോഷം തന്നെയാണ്. വല്ലാത്തൊരു സന്തോഷം.”

അയാൾ അടങ്ങാത്ത ആഹ്ലാദത്തോടെ പറഞ്ഞു.

” ഇത്രയ്ക്കും സന്തോഷിക്കാൻ എന്താ കാര്യം? എന്നോടു കൂടെ പറയൂ..”

അവൾ പറഞ്ഞത് കേട്ട് അയാൾ മന്ദഹസിച്ചു.

” ഇന്ന് നമ്മുടെ മോളുടെ ക്ലാസ് ടീച്ചർ വിളിച്ചിരുന്നു. അവളെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു.

ഞാൻ ഓഫീസിൽ ആയതുകൊണ്ട് തന്നെ സംസാരിക്കാൻ എനിക്ക് ചെറിയൊരു മടി ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ മോളുടെ കാര്യമല്ലേ.. സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ”

അയാൾ പറഞ്ഞ വാക്കുകളിലേക്ക് അവൾ ശ്രദ്ധ ചെലുത്തി.

” എന്നിട്ട് ടീച്ചർ എന്തു പറഞ്ഞു? ”

ആകാംക്ഷ അടക്കാനാവാതെ അവൾ ചോദിച്ചു.

” അവരുടെ ക്ലാസിലെ ഏറ്റവും മിടുക്കി നമ്മുടെ മോൾ ആണെന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ ഉണ്ടായ സന്തോഷം എത്രയാണ് എന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല.

അത്രത്തോളം സന്തോഷമാണ് എനിക്ക് ഇന്നുണ്ടായത്. അതുകൊണ്ടാണ് ഞാൻ ഇത്രയും മധുരപലഹാരങ്ങൾ ഒക്കെ വാങ്ങി വന്നത്. മോൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ അല്ലേ? ”

അയാൾ പറഞ്ഞ വാർത്ത അവളിലും ചെറുതല്ലാത്ത സന്തോഷം തന്നെ സൃഷ്ടിച്ചു. സന്തോഷത്തേക്കാൾ ഉപരി അവർക്ക് അഭിമാനമായിരുന്നു.

“ടീച്ചർ മറ്റൊരു കാര്യം കൂടി പറഞ്ഞു കേട്ടോ..”

അതും പറഞ്ഞ് അയാൾ അവരെ ഒളിഞ്ഞു നോക്കി. അവർ അടക്കാനാകാത്ത സന്തോഷത്തോടെ വീണ്ടും അയാളെ ശ്രദ്ധിച്ചു.

” നമ്മുടെ മോൾ എന്നെ പോലെ മിടുക്കി ആണെന്ന്. അവൾ എന്നെ പോലെ ഒരു എൻജിനീയർ ആകുമെന്ന്. ”

അയാൾ അഭിമാനത്തോടെ പറഞ്ഞതും അവളുടെ മുഖം മങ്ങി.

” നീ ഇങ്ങനെ മുഖം വീർപ്പിക്കേണ്ട കാര്യമൊന്നുമില്ല. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയറായ എന്നെ പോലെ നമ്മുടെ മകൾ ആകുമെന്ന് ആ ടീച്ചർ പറഞ്ഞത് എന്താണ് തെറ്റ്?

അല്ലാതെ പിന്നെ നിന്നെപ്പോലെ കരിയും പുകയും കൊണ്ട് അടുക്കളയിൽ നിൽക്കും എന്ന് പറയണം ആയിരുന്നോ?”

അയാൾ പുച്ഛത്തോടെ ചോദിച്ചത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അയാൾക്ക് മുന്നിൽ കരയാൻ അവൾ തയ്യാറല്ലായിരുന്നു.

” എത്രയൊക്കെ പഠിച്ചാൽ എന്താണ് കാര്യം? അവസാനം എന്താകും സ്ഥിതി എന്നും എനിക്ക് അറിയാമല്ലോ.. ”

അവൾ പുച്ഛത്തോടെ മറുപടി പറഞ്ഞു. അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ അയാൾ അവളെ തുറിച്ചു നോക്കി.

” ഞാൻ പറഞ്ഞത് മനസ്സിലായില്ല അല്ലേ?”

അവൾ അയാളെ പരിഹസിച്ചു. അയാൾക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.

” നീ എന്നെ പരിഹസിക്കാതെ കാര്യം പറയൂ.. ”

അയാൾ അമർഷത്തോടെ പറഞ്ഞു. അവർ പുച്ഛത്തോടെ ചിരിച്ചു.

“നിങ്ങൾ ഇപ്പോൾ വലിയ അഭിമാനത്തോടെ പറയുന്നുണ്ടല്ലോ അവൾ നിങ്ങളെപ്പോലെ വലിയ എൻജിനീയർ ആകുമെന്ന്. അത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്.

അവൾ പഠിച്ച് നല്ല നിലയിൽ എത്തണമെന്ന് തന്നെയാണ് അവളുടെ അമ്മ എന്ന നിലയിൽ എന്റെ ആഗ്രഹം.

പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ? അവളുടെ വിജയത്തിൽ വല്ലാതെ അഭിമാനം കൊള്ളുന്ന നിങ്ങൾ അവൾക്ക് എപ്പോഴാണ് ഒരക്ഷരം എങ്കിലും പഠിപ്പിച്ചു കൊടുത്തത്?”

അവരുടെ ആ ചോദ്യത്തിനു മുന്നിൽ അയാൾ ചൂളിപ്പോയി. പക്ഷേ അവർക്കു മുന്നിൽ തോൽവി സമ്മതിക്കാൻ അയാൾ തയ്യാറല്ലായിരുന്നു.

“ഞാൻ പഠിപ്പിച്ചാലും പഠിച്ചില്ലെങ്കിലും എന്റെ മകൾക്ക് എന്റെ ബുദ്ധിയാണ്. അതുകൊണ്ടല്ലേ അവൾ ഒന്നാം സ്ഥാനത്ത് എത്തിയത്?”

അയാൾ ഗർവ്വോടെ പറഞ്ഞു..

” കുറച്ചു കൂടി വലിയ കുട്ടിയായിരുന്നു എങ്കിൽ അത് സ്വയം പഠിച്ച് പരീക്ഷ എഴുതിയതാണ് എന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ സമ്മതിച്ചു തന്നേനെ. പക്ഷേ ഇവിടെ അതല്ലല്ലോ സ്ഥിതി.

അവൾ നാലാം ക്ലാസുകാരിയാണ്. അതായത് എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടി. ആ പ്രായത്തിൽ ഉള്ള ഒരു കുട്ടിക്ക് എല്ലാ കാര്യങ്ങളും സ്വയം പഠിക്കാൻ കഴിയില്ല. അതിന് ആരുടെയെങ്കിലും സപ്പോർട്ട് വേണം.

ആരുടെയും സപ്പോർട്ട് ഇല്ലാതെ പഠിച്ചു പരീക്ഷ എഴുതാൻ നമ്മുടെ മകൾ അമാനുഷിക ഒന്നുമല്ലല്ലോ. അവൾ ഒരു സാധാരണ കുട്ടി അല്ലേ? ”

അവർ ചോദിച്ചത് കേട്ട് അയാൾ നെറ്റി ചുളിച്ചു.

” നീ എന്താ പറഞ്ഞു വരുന്നത്?”

അയാൾ സംശയത്തോടെ അവരെ നോക്കി.

” നമ്മുടെ മകളെ ഈ വീട്ടിൽ പഠിപ്പിച്ചതും പരീക്ഷയ്ക്ക് വേണ്ടി അവളെ തയ്യാറാക്കിയത് ഞാനാണ്.”

അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്ന് പുച്ഛിച്ചു.

” അപ്പോൾ അവൾ ഈ പഠിച്ചതിൽ ഒന്നും ഒരു വിലയുമില്ല..പഠിപ്പിച്ച നിനക്കാണ് വില..”

അയാൾ അവരെ പുച്ഛിച്ചു.

“എടീ.. നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ബുദ്ധിയുള്ള കുട്ടികൾ മാത്രമേ ഈ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ പഠിക്കൂ.

അല്ലാതെ ബുദ്ധി കുറവുള്ള കുട്ടികൾ ഒന്നും പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ അതേ പോലെ പഠിക്കുകയോ ക്ലാസിൽ പോയി പരീക്ഷയ്ക്ക് എഴുതുകയോ ചെയ്യില്ല.

അവൾക്ക് ജന്മ സിദ്ധമായി ഉള്ള കഴിവു കൊണ്ടാണ് അവൾ പഠിച്ചത്. അവളുടെ ആ കഴിവ് കിട്ടിയതാകട്ടെ, എന്നിൽ നിന്നും.”

അയാൾ ഗർവോടെ പറഞ്ഞു.

“ശരി ഞാൻ സമ്മതിച്ചു. നിങ്ങളുടെ കഴിവാണ് അവൾക്ക് കിട്ടിയതെന്ന് തന്നെ ഇരിക്കട്ടെ. അവൾ ഇപ്പോൾ നന്നായി പഠിക്കുകയും ചെയ്യുന്നുണ്ട്.

നാളെ അവൾ പഠിച്ച് നല്ല നിലയിൽ എത്തും. നല്ല വിദ്യാഭ്യാസം നേടും. അതിന് അപ്പുറത്തേക്ക് അവൾക്ക് എന്തിനു കഴിയും?”

അവൾ ചോദിച്ചത് മനസ്സിലാകാതെ അയാൾ നെറ്റി ചുളിച്ചു.

“ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?അവൾ പഠിച്ച് വിലയുള്ള ഒരു സർട്ടിഫിക്കറ്റ് നേടുമെന്ന് അല്ലാതെ അവളെ ഈ പഠിപ്പിക്കുന്നത് കൊണ്ട് എന്താണ് ഗുണം?”

അയാൾ അമ്പരന്നു അവരെ നോക്കി.

” എന്താ ഗുണം എന്നോ? അവൾ നന്നായി പഠിച്ച് കഴിഞ്ഞാൽ അവൾക്ക് നല്ലൊരു ജോലി വാങ്ങാൻ സാധിക്കും. അതിലൂടെ അവളുടെ ജീവിതം തന്നെ സുരക്ഷിതമായില്ലേ? ”

അയാൾ പ്രത്യാശയോടെ അവരെ നോക്കി. അവർ പൊട്ടിച്ചിരിച്ചു.

” ആ സമയം ആവുമ്പോഴേക്കും അവളുടെ വിവാഹം കഴിയില്ലേ? അങ്ങനെയെങ്കിൽ പിന്നെ അവൾ എങ്ങനെ ജോലിക്ക് പോകും? ”

അവൾ ചോദിച്ചത് മനസ്സിലാകാതെ വീണ്ടും അയാൾ അവരെ നോക്കി.

” അവളെ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരനെ അവൾ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെങ്കിലോ? പിന്നെ അവൾക്ക് ജോലിക്ക് പോകാൻ സാധിക്കുമോ? ”

അവർ ചോദിച്ചത് കേട്ട് അയാൾക്ക് ദേഷ്യം വന്നു.

” അവൾക്ക് അച്ഛനുണ്ട്. എന്റെ മകളെ അങ്ങനെ ആരും വീട്ടിൽ അടച്ചിടാൻ ശ്രമിക്കേണ്ട. അവൾക്ക് ആവശ്യമുള്ളത് വരെ പഠിക്കാനും ജോലിക്ക് പോകാനും ഉള്ള സ്വാതന്ത്ര്യമുണ്ട്.

അവളെ വിവാഹം ചെയ്യുന്നതിന് അവൾ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല എങ്കിൽ ബാക്കി കാര്യം എന്ത് വേണം എന്ന് എനിക്കറിയാം. ”

അയാൾ അത്രയും പറഞ്ഞപ്പോഴേക്കും അവർ പൊട്ടിച്ചിരിച്ചു.

“അതു കൊള്ളാമല്ലോ.. നിങ്ങളുടെ ഭാര്യക്ക് ഒരു ന്യായം.. നിങ്ങളുടെ മകൾക്ക് മറ്റൊരു ന്യായം.”

അവർ ചിരിയോടെ പറഞ്ഞത് കേട്ട് മനസ്സിലാകാത്തത് പോലേ അയാൾ അവരെ തുറിച്ചു നോക്കി.

“മനസ്സിലായില്ല അല്ലേ? ഞാൻ പറഞ്ഞു തരാം. നിങ്ങളുടെ ഭാര്യയായി ഈ വീട്ടിലേക്ക് വന്നു കയറുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു നല്ല രീതിയിൽ പഠിച്ചു ഡിഗ്രി എടുത്ത ഒരു സർട്ടിഫിക്കറ്റ്.

ഒരു ജോലിയുടെ ഓഫർ കയ്യിലുള്ള സമയത്തായിരുന്നു വിവാഹവും.

വിവാഹ ശേഷം ജോലിക്ക് പോയി തുടങ്ങാം എന്ന് വിചാരിച്ചിരുന്ന എന്റെ സ്വപ്നങ്ങൾക്ക് മേൽ ആണിയടിച്ചു കൊണ്ടാണ് നിങ്ങൾ ആ ആഗ്രഹത്തെ തള്ളിക്കളഞ്ഞത്. അന്ന് നിങ്ങൾ പറഞ്ഞ ഒരു ന്യായമുണ്ട്.

പ്രായമായ നിങ്ങളുടെ അച്ഛനെയും അമ്മയെയും വീട്ടിൽ തനിച്ച് ആക്കാൻ കഴിയില്ല എന്ന്. പക്ഷേ അന്ന് ഞാൻ വരുന്ന സമയത്ത് അവർ ഇരുവർക്കും ആരോഗ്യത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.

അവരുടെ കാര്യങ്ങളൊക്കെ അവർ തന്നെ ആയിരുന്നു നോക്കിയിരുന്നത്. എന്നിട്ടും നിങ്ങൾ എന്റെ ഭാവി നശിപ്പിച്ചു.

തുടക്കത്തിൽ തന്നെ കല്ലുകടി ആകേണ്ട എന്നു കരുതി നിങ്ങളുടെ തീരുമാനത്തെ ഞാൻ എതിർത്തില്ല. അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. പിന്നീട് മക്കളുണ്ടായി അവരുടെ കാര്യങ്ങൾ ആയി.

എല്ലാവർക്കും ഒപ്പം നിൽക്കാൻ ഞാൻ ഉണ്ട്. ഇന്ന് പറഞ്ഞതുപോലെ നമ്മുടെ മക്കളെ പഠിപ്പിക്കുന്ന ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്യുന്നത്.

പക്ഷേ പുറത്തുനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ച് ഞാൻ വെറും ഒരു വീട്ടമ്മയാണ്. ”

അത്രയും പറഞ്ഞുകൊണ്ട് അവർ നിന്നു കിതച്ചു.

” എനിക്കുമുണ്ടായിരുന്നു ഒരു അച്ഛൻ. അദ്ദേഹത്തോട് പറഞ്ഞ് പ്രശ്നങ്ങൾ വീണ്ടും ഉണ്ടാക്കേണ്ട എന്ന് കരുതി മാത്രം ഞാൻ ഉള്ളിലടക്കിയതാണ് എന്റെ സ്വപ്നങ്ങൾ.

നിങ്ങൾക്ക് ഒരു തരമായി. ഇന്നും നിങ്ങൾ സൃഷ്ടിച്ച തടവറയിൽ അല്ലേ ഞാൻ?

എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം ഉണ്ടോ? എന്നിട്ട് നിങ്ങളുടെ മകൾക്ക് അതൊക്കെ വേണമെന്നാണോ? നമുക്ക് നോക്കാം.. ”

അത്രയും പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് നടക്കുമ്പോൾ, താൻ ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്തപിച്ച് അയാൾ തറഞ്ഞു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published.