ഒറ്റമരം
(രചന: Aparna Nandhini Ashokan)
“രാവിലെ തുടങ്ങിയതല്ലേ അച്ഛനീ പറമ്പ് വൃത്തിയാക്കൽ.. വെയില് കൊണ്ട് വയ്യാണ്ടായാൽ പിന്നെയുള്ളോര് കൊണ്ടോടണം ഹോസ്പിറ്റലിലേക്ക്. അച്ഛൻ കെട്ടിപൂട്ടി വെച്ചിട്ടൊന്നൂല്ല്യാലോ അലമാരയ്ക്കുള്ളില് അതിനുള്ള കാശ്”
“നിനക്കിത് വെറും പറമ്പായിരിക്കും.. എനിക്ക് എന്റെ അച്ഛനും അമ്മയും ഉറങ്ങണയിടമാണിത്.. നിന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും അടക്കിയ മണ്ണ്. അത് വൃത്തിയാക്കാതിരിക്കാൻ എനിക്ക് കഴിയില്ല”
“അവര് ജീവിച്ചിരുന്ന കാലത്ത് അച്ഛൻ അവരോട് സ്നേഹം കാണിക്കുന്നത് എന്റെ ഓർമയിലേ ഇല്ല.. മരിച്ച് ശവായോരോടാ സ്നേഹം..
വെറെ പണിയൊന്നൂല്ല്യാ പറമ്പും വൃത്തിയാക്കി വെയിലും കൊണ്ട് വല്ലതും വരുത്തി വെച്ചാ കാശ് ചെലവാക്കാൻ ഞാനൊരാളുണ്ട് ലോ..”
ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് ഹരി അകത്തേക്ക് കയറി പോയീ..
കേശവേട്ടന്റെ ഇളയമകനാണ് ഹരി. മൂത്തത് മകളാണ്. രണ്ട് മക്കളും വലിയ ഉദ്യോഗക്കാരാണ്.
പുതിയകാല സമൂഹത്തിനൊപ്പം പണംകൊണ്ടും പദവവിക്കൊണ്ടും എത്തിപ്പെടാൻ രണ്ട് മക്കളും തീവ്രശ്രമത്തിലാണ്..
അറുപതു വയസ് കഴിഞ്ഞ കേശവേട്ടൻ അധികപറ്റാണ് ഹരിയുടെ വീട്ടിൽ.
അതുകൊണ്ട് മക്കൾ തന്റെ അച്ഛന്റെ എല്ലാ ചെയ്തികൾക്കും കുറ്റം കണ്ടെത്തി ക്രൂശിക്കുന്നതാണ് ആ വീട്ടിലെ പതിവ് കാഴ്ച.
ഇന്ന് പറമ്പ് വൃത്തിയാക്കാൻ പുറത്തിറങ്ങിയെന്നതായിരുന്നൂ അച്ഛൻ ചെയ്ത കുറ്റം.
കേശവേട്ടൻ ഓർത്തൂ ; ഹരി പറഞ്ഞത് ശരിയാണ്. തന്റെ അച്ഛനെയും അമ്മയെയും ഞാൻ സ്നേഹിച്ചിട്ടേ ഇല്ല..
എനിക്കൊരു കുടുംബം ആയപ്പോൾ ഭാര്യക്കും മക്കൾക്കും വേണ്ടി മാത്രമായിരുന്നൂ പിന്നീട് എന്റെ ജീവിതം. ഒഴിവ് ദിവസങ്ങളിൽ അമ്മയെയും അച്ഛനെയും വീട്ടിലിരുത്തി ഞങ്ങൾ പുറത്ത്ചുറ്റി.
മുത്തശ്ശനോടും മുത്തശ്ശിയോടും അടുക്കാനോ അവർക്കൊപ്പം സമയം ചിലവാക്കാനോ അനുവദിക്കാതെ സ്ക്കൂളിലും പലവിധ ടൂഷ്യൻ ക്ലാസുകളിലുമായി മക്കളെ ഞാൻ നിയന്ത്രിച്ച് നിർത്തി.
ആരോടും ഇടപ്പെടാനനുവദിക്കാതെ ഒരുപകരണം കണക്കേ മക്കളെ ഞാൻ വളർത്തി.
ഒരു അച്ഛനെന്ന നിലയിൽ ഞാൻ പരാജയമായിരുന്നെന്ന് എനിക്കിപ്പോ തോന്നുന്നൂ..
എന്റെ അതേ വഴിയിലൂടെയാണ് ഹരിയും ഇന്ന് പോകുന്നത്.. നമ്മള് കാണിച്ച് കൊടുക്കണ വഴിയിലൂടെ മക്കള് പോവ്വ്വാന്ന് പറയുന്നത് എത്ര ശരിയാണ്..”
കേശവേട്ടൻ തന്റെ അച്ഛന്റെ കുഴിമാടത്തിനടുത്തിരുന്നൂ..
“ഹരീടെ ഭാര്യ വിറക് കൂട്ടിയിട്ടേക്കായിരുന്നൂ ഇവിടെ. മരിച്ച് കഴിഞ്ഞോരാണേലും അവരുടെ നെഞ്ചില് വിറക് കൂട്ടി കണ്ടപ്പോൾ എന്റെ നെഞ്ചാണ് നീറിയത്.
അത് കൊണ്ടാണ് മരുമകളുടെ വഴക്കൊന്നും വകവെക്കാതെ ഇക്കണ്ട വിറകെല്ലാം മാറ്റിയിട്ട് ഇവിടം വൃത്തിയാക്കിയിട്ടത്.. ” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നൂ..
ഒരാൾക്ക് കൊടുക്കാവുന്നതിൽ വലിയ ശിക്ഷ ഏകാന്തതയാണെന്ന് തോന്നുന്നൂ..
കാഞ്ഞിരമരത്തിന്റെ കയ്പിനേ പോലെ അസഹ്യമായ വികാരമാണ് ഏകാന്തത..
താൻ അത്രമേൽ തനിച്ചായെന്ന് അയാൾക്ക് തോന്നി..
“ഹരീടെ ഭാര്യ തന്നോട് മിണ്ടാറേ ഇല്ല്യ.. ഉമ്മറത്ത് വന്നിരുന്നാലോ മുറ്റത്തേക്ക് തുപ്പിയാലോ ഭക്ഷണം കഴിക്കുന്നത് നിലത്തേക്കെങ്ങാനും തൂവി പോയാലോ
അങ്ങനെ എന്തേലും പറ്റിപ്പോയാൽ ശകാരിക്കാൻ വേണ്ടി മാത്രമാണ് അവള് മുഖത്തേക്കൊന്നു നോക്കുന്നതു പോലും..
എന്റെ ചെറുമക്കളെ പോലും തലോടാനോ സ്നേഹിക്കാനോ എനിക്ക് അനുവാദമില്ല..”
താൻ ശരിക്കുമൊരു ഒറ്റമരമാണിപ്പോൾ.
പണ്ട് ഹരി ചെറിയകുട്ടിയായിരുന്നപ്പോൾ തന്റെ അമ്മ അടുപ്പിലിട്ട് ചുട്ട മത്തിയിലൊന്ന് അവന് കൊടുത്തതിന് കുട്ട്യാൾക്ക് വൃത്തിയില്ലാത്ത ഭക്ഷണം കൊടുത്ത് വയറ്കേടാക്കാണെന്ന് പറഞ്ഞ് ഞാനും ഭാര്യയും തന്റെ അമ്മയെ എത്രകണ്ട് ശാസിച്ചൂ..
അന്ന് അമ്മയ്ക്കുണ്ടായ വേദനയോർക്കുമ്പോൾ ഇന്ന് മക്കളുടെ ഈ അവഗണനയ്ക്ക് താൻ അർഹനാണെന്ന് കേശവേട്ടന് തോന്നി..
പിന്നെയും പൊറുക്കാനാവാത്ത തെറ്റുകൾ ഞാൻ ചെയ്തുകൂട്ടി..
കാല് വേദന അസഹ്യമായപ്പോളാവും ധന്വന്തരംകുഴമ്പ് വാങ്ങികൊണ്ട് തരാൻ അമ്മ ആവശ്യപ്പെട്ടത്.. തന്റെ ഭാര്യക്ക് അതിന്റെ മണം എടുത്താൽ ഛർദ്ദിക്കാൻ വരുമെന്ന കാരണത്താൽ ഞാനതു വാങ്ങിച്ചതേയില്ല..
വൈകി കിടക്കുന്ന ചില രാത്രികളിൽ കാലുവേദനകൊണ്ട് ദൈവത്തെ വിളിച്ച് ഇടറിയ ശബ്ദത്തോടെ കരയുന്ന അമ്മയുടെ ശബ്ദം എത്രയോ കേട്ടിരിക്കുന്നൂ..
സ്വന്തം അമ്മയോടും അച്ഛനോടും വേണ്ടത്ര സ്നേഹവും പരിചരണവും കൊടുക്കാത്ത മക്കളെല്ലാം വാർദ്ധക്യത്തിൽ എന്റെ പോലെ ഒറ്റമരമാവേണ്ടവരാണ്..
അതിര് തിരിക്കാൻ വേണ്ടി മാത്രം പറമ്പുകളിൽ ഒരു ഉപകാരവുമില്ലാതെ നിൽക്കുന്ന ഒറ്റമരങ്ങൾ പോലെ ചില മനുഷ്യർ..
കേശവേട്ടൻ തന്റെ അച്ഛന്റെ കുഴിമാടത്തിലേക്കു നോക്കി.. അച്ഛനും അമ്മയും തന്റെ അവസ്ഥകണ്ട് കരയുകയാണെന്ന് അയാൾക്ക് തോന്നി..
അല്ലെങ്കിലും മക്കൾ എത്ര ക്രൂരത കാണിച്ചാലും അതെല്ലാം ക്ഷമിക്കാതിരിക്കാൻ അച്ഛനമ്മമാർക്ക് സാധിക്കില്ലാലോ…
ആലോചനകൾക്കൊടുവിൽ നരകയറി പാറികിടന്ന മുടിയിഴകളിൽ ചൊറിഞ്ഞുകൊണ്ട് അയാൾ ധൃതിയിൽ എഴുന്നേറ്റൂ. എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്നിറങ്ങി തിരക്കേറിയ പാതയിലൂടെ നടന്നു നീങ്ങി…