അയാള്‍ തന്റെ പിന്നാലെ ഓടി വരികയാണ്, അവള്‍ വണ്ടിക്ക് വേഗം കൂട്ടി കുറച്ചു ദൂരം..

സുനിതയുടെ ആദ്യത്തെ ദിവസം
(രചന: Anish Francis)

ബ്ലൂഹില്‍ എസ്റ്റെയിറ്റ് . പേര് മാത്രമേ രസമുള്ളു. ഏകദേശം നാലായിരം ഏക്കര്‍ വരുന്ന ഒരു വനമാണ് അതെന്നു വേണമെങ്കില്‍ പറയാം.

കുറച്ചു ഭാഗത്ത്‌ റബ്ബര്‍. കുറച്ചു ഭാഗത്ത്‌ പൈനാപ്പിള്‍. ബാക്കി മിക്കവാറും കാട് കയറി കിടക്കുകയാണ്.

തൊഴിലാളികളുമായി ഉള്ള പ്രശ്നം ,റബ്ബറിന്റെ വിലയിടിവ്‌ ,അത് കൊണ്ട് തോട്ടത്തിന്റെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടിലാണ്.

മെയിന്‍ റോഡില്‍ നിന്ന് തോട്ടത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റിനു സമീപം സുനിത സ്കൂട്ടര്‍ നിര്‍ത്തി. പിന്നെ സംശയത്തോടെ തന്റെ ബാഗ് തുറന്നു.

ബ്ലൂഹില്‍ എസ്റ്റെയിറ്റിനു സമീപത്തെ പൂവഞ്ചി എന്ന ചെറുഗ്രാമത്തിലെ പോസ്റ്റ്‌ വുമന്‍ ആണ് സുനിത. നീണ്ടു കോലുന്ന പെണ്‍കുട്ടി. ഒരു കൊച്ചു ചാമ്പക്ക പോലെ മുഖത്തു വിയര്‍പ്പ് ചാലിട്ടൊഴുകുന്നു.

പരിഭ്രമം. ഇന്ന് സുനിതയുടെ ആദ്യത്തെ ദിവസമാണ് പൂവഞ്ചിയിലെ പോസ്റ്റ്‌ ഓഫിസില്‍.

ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ശേഷം നേടിയ ജോലി. ഈ കിഴക്കന്‍ മലയോരത്തിലേക്ക് അമ്മയെയും അനിയനെയും തനിച്ചാക്കി പോരുമ്പോള്‍ ഉള്ളില്‍ ഭയമുണ്ടായിരുന്നു.

“ഭയം കൊണ്ട് ജീവിക്കാന്‍ കഴിയില്ല സുനിതേ…”അമ്മക്ക് നല്ല ധൈര്യമായിരുന്നു.

അല്ലെങ്കില്‍ത്തന്നെ താന്‍ തരണം ചെയ്തത് വച്ച് നോക്കുമ്പോള്‍..ഇനി ജീവിതത്തില്‍ കൂടുതലൊന്നും വരാനില്ല എന്ന് അവള്‍ക്ക് പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷേ..

“ബ്ലൂഹില്‍ എസ്റ്റെയിറ്റിലോട്ട് കത്ത് വന്നാല്‍ കൊണ്ട് കൊടുക്കണ്ട..എന്നെ വിളിച്ചാല്‍ മതി.”

ജോയിന്‍ ചെയ്യാന്‍ വന്ന ദിവസം പൂവഞ്ചിയിലെ പഴയ പോസ്റ്റ്മാന്‍ ബിനു തന്നോട് പറഞ്ഞിരുന്നു. അയാള്‍ പൂവഞ്ചി ഗ്രാമത്തില്‍തന്നെയുള്ള ചെറുപ്പക്കാരനാണ്.

പോസ്റ്റ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനായ ബിനുവിനു തന്റെ സ്ഥിരം നിയമനത്തോടെ പണി പോയി.

“അതെന്താ ബിനു..”അവള്‍ ചോദിച്ചു.

“അത്..അതത്ര നല്ല ഏരിയല്ല. ഇപ്പൊ ടാപ്പിംഗ് ഒന്നുമില്ലാത്തത് കൊണ്ട് ആരും തോട്ടത്തിലോട്ടു പോകാറില്ല. കള്ളവാറ്റുകാരും അലമ്പുപാര്‍ട്ടികളും ഒക്കെയാ..പിന്നെ..”

“പിന്നെ..?” അവള്‍ ചോദിച്ചു. അയാള്‍ കൂടുതല്‍ പറഞ്ഞില്ല.

നേരം നട്ടുച്ചയാണ്. സുനിത സ്കൂട്ടറിന്റെ കാരിയറില്‍ വച്ച ബാഗില്‍ നിന്ന് വാട്ടര്‍ ബോട്ടിലെടുത്തു കുറച്ചു വെള്ളം കുടിച്ചു. പിന്നെ താന്‍ എത്തിക്കണ്ട പോസ്റ്റ് കവറിലെ വിലാസം ഒന്ന് കൂടി നോക്കി.

“അലോഷ്യസ് പഞ്ഞിക്കാരന്‍ , എസ്റ്റെയിറ്റ്‌ സൂപ്പര്‍വൈസര്‍ , ബ്ലൂ ഹില്‍ എസ്റ്റെയിറ്റ് ,പൂവഞ്ചി പി.ഓ.

റബ്ബര്‍മരങ്ങള്‍ക്കിടയിലെ ചെറിയ റോഡിലൂടെ സുനിത സ്കൂട്ടര്‍ മെല്ലെയോടിച്ചു.

എല്ലാ കാര്യത്തിലും ബിനുവിനെ ആശ്രയിക്കുന്നത് ശരിയല്ല. താന്‍ അയാളോട് ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോഴും അയാളുടെ മുഖത്ത് ഒരു പുച്ഛമുണ്ടായിരുന്നു.

അനിഷ്ടം കാണും .താന്‍ കാരണം അയാളുടെ പണി പോയില്ലേ..

എങ്ങും റബ്ബര്‍ മരങ്ങള്‍ മാത്രം. അല്‍പ്പം കഴിഞ്ഞു റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ഇല്ലിക്കൂട്ടങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നത് കാണാനായി.

ഒരിടത്തും വീടുകളില്ല.

എവിടെയാണ് എസ്റ്റെയിറ്റ് സൂപ്പര്‍വൈസര്‍മാര്‍ താമസിക്കുന്നത്.?

റബ്ബര്‍മരങ്ങള്‍ക്കിടയില്‍ രണ്ടു പശുക്കള്‍ മേയുന്നത് കണ്ടപ്പോള്‍ സുനിതക്ക് ആശ്വാസം തോന്നി. ഭാഗ്യം മനുഷ്യര്‍ ഇതുവഴി വരാറുണ്ട്. പതിയെ പതിയെ വഴിയുടെ സ്വഭാവം മാറാന്‍ തുടങ്ങി.

കല്ലുകള്‍. അവിടവിടെ ഇളകികിടക്കുന്ന റോഡ്‌. ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം അവള്‍ വീഴാന്‍ തുടങ്ങി. സ്കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചു ലൈസന്‍സ് എടുത്തിട്ടു ഒരു മാസമായതേ ഉള്ളു.

ബിനുവിനെ വിളിക്കാമായിരുന്നു. ദുരഭിമാനം !

ടക്ക്!

വണ്ടി പാളി .സുനിത റോഡില്‍ മലര്‍ന്നടിച്ചു വീണു.

കാക്കി ചുരിദാര്‍ മുട്ടിന്റെ ഭാഗത്ത്‌ കീറി. കൈ മുട്ടിലെ തൊലി പോയി.
ആദ്യത്തെ ദിവസം കലക്കി.

ഉരുണ്ടു പിരണ്ട എഴുന്നേറ്റപ്പോഴാണ് അവള്‍ റോഡിന്റെ അരികില്‍ വച്ചിരിക്കുന്ന സ്റ്റീല്‍ തൊട്ടി കണ്ടത്.
അവള്‍ അതിനടുത്തു ചെന്ന് നോക്കി. അതില്‍ നിറയെ റബ്ബര്‍ പാല്‍ നിറച്ചിരിക്കുന്നു.

അവള്‍ സ്കൂട്ടര്‍ ഒതുക്കിയശേഷം കാട് പിടിച്ചു കിടക്കുന്ന റോഡിലേക്ക് ഇറങ്ങി.
ഒരു മരത്തിന്റെ ചുവട്ടില്‍ നിന്ന് പുക ഉയരുന്നു,

അവള്‍ അടുത്തുള്ള ഒരു പാറയുടെ മുകളില്‍ വലിഞ്ഞു കയറി നോക്കി.
തലയില്‍ മുഷിഞ്ഞ ചുവന്ന തോര്‍ത്തു കെട്ടിയ ഒരു മനുഷ്യന്‍ ബീ ഡി വലിക്കുകയാണ്‌.

“ചേട്ടാ …”അവള്‍ ഉറക്കെ വിളിച്ചു.
അയാള്‍ തിരിഞ്ഞു നോക്കി.

ചുവന്നു കലങ്ങിയ കണ്ണുകള്‍. കൊമ്പന്‍ മീശ. റബര്‍ കറ പറ്റിയ കറുത്ത ചെക്ക് ഷര്‍ട്ട്‌. ബീഡി വലിച്ചെറിഞ്ഞിട്ടു അയാള്‍ എഴുന്നേറ്റു അവളെ കൌതുകത്തോടെ നോക്കി.

“എന്നാ കൊച്ചെ..എങ്ങോട്ട് പോകുവാ ?” അയാള്‍ തിരക്കി.

“സൂപ്പര്‍വൈസര്‍ അലോഷ്യസിന്റെ വീടെവിടാ ചേട്ടാ ..” അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു.

“അത് പിന്നെ ..ഇവിടുന്നു ഒരു ഒന്നര കിലോമീറ്റര്‍ കൂടി വേണം. ചെല്ലുമ്പോള്‍ സെക്ഷന്‍ മൂന്നു ബി എന്നെഴുതിയ ബോര്‍ഡ് കാണാം. അവിടെനിന്നു ഇടത്തോട്ട് പോണം.” അയാള്‍ പറഞ്ഞു.

അവള്‍ പാറയില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ കയറി വരാന്‍ തുടങ്ങുന്നത് സുനിത കണ്ടു.
സുനിത ചുറ്റിനും നോക്കി. കടല്‍ പോലെ പരന്നു കിടക്കുന്ന റബ്ബര്‍ക്കാട്. അടുത്തെങ്ങും ഒരു കുഞ്ഞു പോലുമില്ല.

“കൊച്ചെ ..അവിടെനിന്നെ …ഞാനൊന്നു പറയട്ടെ ..” അയാള്‍ പിറകില്‍നിന്ന് ഉറക്കെ വിളിക്കുന്നത് സുനിത കേട്ടു. അവള്‍ നിന്നില്ല.

“തിരക്കിലാ ചേട്ടാ..”ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവള്‍ വേഗമോടി വന്നു സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.

മിററിലൂടെ അയാളുടെ ചുവന്ന തലക്കെട്ട് പിന്നാലെ മിന്നായം പോലെ വരുന്നത് സുനിത കണ്ടു. അയാള്‍ തന്റെ പിന്നാലെ ഓടി വരികയാണ്. അവള്‍ വണ്ടിക്ക് വേഗം കൂട്ടി.

കുറച്ചു ദൂരം മുന്‍പോട്ടു ചെന്നിട്ട് അവള്‍ തിരിഞ്ഞു നോക്കി. ഭാഗ്യം അയാളെ കാണുന്നില്ല. ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ടു അവള്‍ വേഗം മുന്‍പോട്ടു പോയി.

അല്പമകലെ പൈനാപ്പിള്‍ കൃഷിക്കായി തെളിച്ചിട്ടിരിക്കുന്ന മലകള്‍ കണ്ടു. പൈനാപ്പിള്‍ കുന്നുകള്‍.

അവയ്ക്ക് മുകളിലൂടെ അപ്പൂപ്പന്‍ താടി പോലെ തെന്നി പറക്കുന്ന വെള്ളിമേഘങ്ങള്‍. ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയില്‍ ആ കാഴ്ച സുനിതക്ക് തെല്ലാശ്വാസം പകര്‍ന്നു.

ഇടയ്ക്കിടെ ഒരേ ആകൃതിയിലുള്ള വീടുകള്‍ കണ്ടു. തൊഴിലാളികള്‍ക്ക് വേണ്ടി പണികഴിപ്പിച്ച ലയങ്ങള്‍. ആള്‍ത്താമാസമില്ലാതെ മിക്ക വീടുകളും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. ഒരു വീടിന്റെ തിണ്ണയില്‍ ഒരു കൊക്കോ വളര്‍ന്നുനില്‍ക്കുന്നത് അവള്‍ കണ്ടു.

കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ മണ്ട ഉണങ്ങിനില്‍ക്കുന്ന ഒരു റബ്ബര്‍മരത്തിന്റെ മുകളില്‍ ഒടിഞ്ഞു തൂങ്ങിയ മരക്കഷണത്തില്‍ കറുത്ത പെയിന്റു കൊണ്ടെഴുതിയിരിക്കുന്നത് സുനിത ആശ്വാസത്തോടെ വായിച്ചു.

സെക്ഷന്‍ മൂന്നു ബി.

ആ വലിയതോട്ടം പലഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്..ഓരോ സെക്ഷനും ഓരോ സൂപ്പര്‍വൈസര്‍മാരുടെ ചുമതലയാണ്. ഇവിടെനിന്ന് ഇടത്തോട്ടോ വലത്തോട്ടൊ ആണോ തിരയേണ്ടത് ?

ആ തടിയന്‍ വിളിച്ചു പറഞ്ഞത് ശരിക്കും കേള്‍ക്കാന്‍ പറ്റിയില്ല.സുനിതക്ക് പരിഭ്രമം തോന്നിയില്ല.

അവള്‍ പൂവഞ്ചി കവലയിലെ ഉണ്ണിമിശിഹാ പള്ളിയുടെ ഭിത്തിയിലെ തിരുവചനം ഓര്‍മ്മിച്ചു.

“ദൈവമായ കര്‍ത്താവ് എന്റെ വലതു ഭാഗത്തുണ്ട്.ഞാന്‍ ഭയപ്പെടുകയില്ല.”

സുനിത വണ്ടി വലതുവശത്തെ വഴിയിലൂടെ ഓടിച്ചു..

നേരം ഉച്ചയാണെങ്കിലും പെട്ടെന്ന് ഇരുട്ട് പരന്നത് പോലെ. നാളുകളായി വെട്ടാതെ കിടക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ആര്‍ത്തു വളരുന്ന കാട്. അകലെ കൂമന്‍ കൂവുന്ന സ്വരം.

പോകെ പോകെ റബ്ബര്‍ മരങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. ഇപ്പോള്‍ പേരറിയാത്ത വലിയ വൃക്ഷങ്ങളാണ് ഇരുവശത്തും. വഴിയില്‍ ഒരിടത്തു പാറക്കെട്ടില്‍നിന്ന് പുറപ്പെടുന്ന നീര്‍ച്ചാല്‍.

അവള്‍ സ്കൂട്ടര്‍ അവിടെ നിര്‍ത്തി മുറിവുകള്‍ കഴുകി. നീറ്റല്‍ സഹിക്കാന്‍ കഴിയുന്നില്ല. പക്ഷേ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ ആശ്വാസം തോന്നി.

ഇനി അധികം ദൂരം കാണില്ല. അവള്‍ വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. തിരിച്ചു പോയാലോ എന്ന് മനസ്സില്‍ പെട്ടെന്ന് ഒരു തോന്നല്‍.

പറ്റില്ല.അങ്ങിനെ തിരിച്ചു പോയാല്‍ എന്നും തിരിച്ചു പോകേണ്ടി വരും. ഒരു അമ്പതു മീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ റോഡ്‌ അവസാനിച്ചു.

ഇനി വണ്ടി മുന്നോട്ടു പോകില്ല. റോഡു മുഴുവന്‍ കുണ്ടും കുഴിയുമാണ്. പക്ഷേ എസ്റ്റെയിറ്റുകാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പാണ് ഉപയോഗികുന്നതെന്ന് അവള്‍ കേട്ടിരുന്നു.

കുറച്ചു ദൂരം നടന്നുനോക്കാം. രക്ഷയില്ലെങ്കില്‍ തിരിച്ചു പോകാം. അവള്‍ സ്കൂട്ടര്‍ ഒതുക്കി വച്ചിട്ട് ബാഗും തോളിലിട്ടു നടന്നു. കാട്ടുവള്ളികള്‍ പടര്‍ന്നു കയറിയ കൂറ്റന്‍ മരങ്ങള്‍.

ആദ്യമായാണ്‌ ഒരു എസ്റ്റെയിറ്റിനുള്ളിലൂടെ തനിച്ചു പോകുന്നത്. ഇവരൊക്കെ എങ്ങിനെയാണോ ഇതിനുള്ളില്‍ തനിച്ചു കഴിയുന്നത്‌. ഒരു ധൈര്യത്തിനായി ഓര്‍മ്മ വന്ന ഒരു ഭക്തിഗാനത്തിലെ ആദ്യവരി സുനിത ഉറക്കെപ്പാടി.

“ഇസ്രായേലില്‍ നാഥനായി വാഴും ഏകദൈവം…സത്യജീവമാര്‍ഗമാണ് ദൈവം..”

അതിന്റെ അടുത്ത വരികള്‍ ആരോ പുറകില്‍നിന്ന് പാടുന്നത് സുനിത ഞെട്ടലോടെ കേട്ടു.

“ആബാ പിതാവെ ദൈവമെ , അവിടുത്തെ രാജ്യം വരേണമെ…”

അതൊരു സ്ത്രീ ശബ്ദമാണ്. സുനിത തിരിഞ്ഞുനോക്കി. റോഡിന്റെ നടുക്ക് ,കറുത്ത ഉടുപ്പും ശിരോവസ്ത്രവും ധരിച്ച ,മഞ്ഞു പോലെ വെളുത്ത ഒരു കന്യാസ്ത്രീ. എങ്ങും കാറ്റ് വീശുന്നില്ല. പക്ഷേ അവരുടെ ശിരോവസ്ത്രം മാത്രം കാറ്റില്‍ ഉലയുന്നു.

“എന്താ സുനിതേ പേടിച്ചു പോയോ..”

കന്യാസ്ത്രീ ചിരിച്ചുകൊണ്ട് തിരക്കി.
അവരുടെ ചിരിക്കും ശബ്ദത്തിനും എന്തോ പ്രത്യേകത ഉള്ളത് പോലെ സുനിതക്ക് തോന്നി. മുളംങ്കൂട്ടങ്ങളില്‍ കാറ്റ് പിടിക്കുന്നത്‌ പോലെ. രണ്ടു ചില്ല് തുണ്ടുകള്‍ അവരുടെ കണ്ണുകള്‍.,

“അല്ല സിസ്റ്റര്‍ക്ക് എന്റെ പേരെങ്ങിനെ അറിയാം..’അവള്‍ ചോദിച്ചു.

“ഞാന്‍ കഴിഞ്ഞ ദിവസം പള്ളി സെമിത്തേരിയില്‍ വച്ച് ലോറന്‍സ് പാപ്പനെ കണ്ടു. ഇവിടുത്തെ വെട്ടുകാരന്‍ വിന്‍സെന്റിന്റെ അപ്പന്‍.. പുള്ളിയാ പറഞ്ഞത് പുതിയ പോസ്റ്റ്‌ വുമനെക്കുറിച്ച്…”

“ഓ..സിസ്റ്റര്‍ ഈ അലോഷ്യസ് പഞ്ഞിക്കാരന്‍..എവിടെയാ താമസിക്കുന്നത് ..” അവള്‍ തിരക്കി.

സിസ്റ്റര്‍ അവളുടെ അടുത്തേക്ക് നീങ്ങി.
അഴുകിയ ഗാര്‍ഡിലിയ പൂക്കളുടെ ഗന്ധം സുനിതക്ക് അനുഭവപ്പെട്ടു.

“ഞാന്‍ കുറച്ചു നാള്‍ പള്ളിടെ ആശുപത്രിയിലെ ഹോസ്പിറ്റലില്‍ നഴ്സായി സര്‍വ് ചെയ്തിരുന്നു.അതായീ റോട്ടന്‍ സ്മെല്‍..” സിസ്റ്റര്‍ ചിരിച്ചു.

അവര്‍ ചിരിച്ചപ്പോള്‍ മോണയുടെ ഭാഗം അഴുകിയിരിക്കുന്നത് പോലെ സുനിതക്ക് തോന്നി.ഭയം മറച്ചു സുനിത വിളറിയ ചിരി ചിരിച്ചു.

“അലോഷ്യസ് പഞ്ഞിക്കാരന്‍..അവന്‍ തൃശൂര്‍ക്കാരനാ..ആ സെക്ഷന്‍ മൂന്നു ബി ബോര്‍ഡ് കണ്ടില്ലായിരുന്നോ .. അവിടുന്ന് ഇടത്തോട്ട് പോണം.പക്ഷേ അവനിപ്പോള്‍ അവിടെയില്ല..”

“ഓ..എന്നാല്‍ ഞാന്‍ പോട്ടെ..” സുനിത തിരിഞ്ഞുനടക്കാന്‍ ഭാവിച്ചു.

“എങ്ങോട്ട്..”സിസ്റ്റര്‍ അവളുടെ കയ്യില്‍ പിടിച്ചു.

ഐസ് കട്ട എടുത്തു കയ്യില്‍ വച്ചുത് പോലെ സുനിതക്ക് തോന്നി.

“കത്ത് ഞാന്‍ ആലോഷിക്ക് കൊടുത്തോളാം..പിന്നെ ഇത് സുനിതയുടെ ആദ്യത്തെ ദിവസമല്ലെ.. ഈ മുറിവൊക്കെ ഡ്രസ് ചെയ്തതിട്ട് എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി…”

സിസ്റ്റര്‍ അവളെ നോക്കി വീണ്ടും ചിരിച്ചു.മോണയുടെ ഇരുവശത്തുമുള്ള കറുത്ത കോബ്രിച്ച പല്ലുകള്‍ കണ്ടു സുനിത നടുങ്ങി.

സിസ്റ്റര്‍ അവള്‍ക്ക് മുന്നേ നീങ്ങി.അവര്‍ നടക്കുയാണെന്ന് തോന്നിയില്ല.മെല്ലെ തെന്നിനീങ്ങുന്നത്‌ പോലെ..

“അവിടെയാണ് ഞങ്ങള്‍ താമസിക്കുന്നത്…”

ഇല്ലിക്കൂട്ടങ്ങള്‍ക്കിടയില്‍ ഓടിട്ട ഒരു വെളുത്ത കെട്ടിടം ചൂണ്ടിക്കാണിച്ചു സിസ്റ്റര്‍ പറഞ്ഞു.ഓടിട്ട മേല്‍ക്കൂരയില്‍ പരന്നുകിടന്ന ഇല്ലിയിലകള്‍ കാറ്റില്‍ പറന്നു.

“ഫാദര്‍ വില്യംസ്..”സിസ്റ്റര്‍ ഉറക്കെ വിളിച്ചു..

പെട്ടെന്ന് വീടിന്റെ ജനാലകളും വാതിലും തനിയെ തുറക്കപ്പെട്ടു.മേല്‍ക്കൂരയുടെ മുകളില്‍നിന്ന് മൂന്നു നരിച്ചീറുകള്‍ ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറന്നു.

“വീ ഹാവ് എ ഗസ്റ്റ് ഫാദര്‍ വില്യംസ്…”സിസ്റ്റര്‍ പറഞ്ഞു.

വെളുത്ത ളോഹയണിഞ്ഞ മെലിഞ്ഞു നീണ്ട ഒരു വൈദികന്‍ വരാന്തയുടെ വാതില്‍ തുറന്നു പുറത്തുവന്നു. അദ്ദേഹം ക്രച്ചസില്‍ പിടിച്ചു കൊണ്ട് ആയാസപ്പെട്ടാണ് വെളിയില്‍ വന്നത്.

“എനിക്ക് പോണം..”സുനിത വീണ്ടും വിക്കി.

“പോകാനോ..സുനിത വരുമെന്ന് അറിഞ്ഞത് കൊണ്ട് ഞങ്ങള്‍ കുറച്ചു ഫുഡ് ഒരുക്കി വച്ചിട്ടുണ്ട്..”

സിസ്റ്റര്‍ക്കും ഫാദര്‍ വില്യംസിനും ഒരേ സ്വരം. ഫാദര്‍ വില്യംസ് അവളെ അകത്തേക്ക് ക്ഷണിച്ചു. ഇപ്പോള്‍ അവള്‍ അവരുടെ ഭക്ഷണ മുറിയിലാണ്.

മേശയില്‍ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരത്തി വച്ചിരിക്കുന്നു.

“സുനിതയെ ഞങള്‍ വിടില്ല.” സിസ്റ്റര്‍ അവളുടെ പിന്നില്‍നിന്ന് പറഞ്ഞു.

“അതെ.ഞങ്ങള്‍ വിടില്ല.” ഫാദര്‍ വില്യംസ് ആവര്‍ത്തിച്ചു.

‘നിനക്കറിയുമോ ..ഈ തോട്ടം എന്ത് ശാന്തമാണ് എന്ന്. കാണുമ്പോള്‍ ഭീകരം എന്ന് തോന്നിക്കുമ്പോഴും ശരിക്കും ഈ തോട്ടം ശാന്തമാണ്. അതിനു കാപട്യമില്ല.

പക്ഷേ നീ ജോലി ചെയ്യുന്ന ആ സ്ഥലം. പൂവഞ്ചി.. മനോഹരമായ പേര് മാത്രമേ ഉള്ളു..കാപട്യം ..കാപട്യമാണ് ആ നാടിന്റെ മുഖംമൂടി.”

സിസ്റ്റര്‍ അണച്ച് കണ്ട് പറഞു.അവരുടെ കണ്ണുകള്‍ ഇപ്പോള്‍ രണ്ടു ചുവന്ന തീക്കട്ടകല്‍ പോലെ.. മേശയിലെ അടച്ചു വച്ച ഭക്ഷണത്തിന്റെ മൂടികള്‍ തനിയെ മാറുന്നത് സുനിത കണ്ടു.

“സുനിത ഭക്ഷണം കഴിക്കൂ..എന്നിട്ട് വിശ്രമിക്കൂ..”

“എനിക്ക് പോകണം.” ബാഗുമായി അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി..

“നിനക്ക് പോകണോ..” സിസ്റ്ററുടെ മഞ്ഞു പോലെ വെളുത്ത മുഖത്തിനു ഇപ്പോള്‍ ചെറിയ മാറ്റമുണ്ട്.അവരുടെ ചുണ്ടുകള്‍ കറുത്ത് തുടങ്ങിയിരികുന്നു. കണ്ണുകളും.

“സുനിത ,നീ കത്തുമായി വന്ന അലോഷ്യസ് കുറച്ചു നാള്‍ ഞങള്‍ക്കൊപ്പം കഴിഞ്ഞതാണ്.അവന്‍ കുറച്ചു നാള്‍ കഴിഞ്ഞു പോയി. അവനെയും അവരാണ് നശിപ്പിച്ചത്.”

“അവര്‍?”

“അതെ. പുറംലോകം. പ്രണയവും സൌഹ്യദവും തിരിച്ചറിയാത്ത പുറം ലോകം. അവര്‍ നീ അറിയാതെ നിനക്ക് വിഷം തരും. നിന്നെ ഇല്ലാതാക്കും.” ഫാദര്‍ വില്യംസ് മെല്ലെ പറഞ്ഞു.

“എനിക്ക് പോകണം.” സുനിത എഴുന്നേറ്റു. അവളുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു.

“മകളെ തിരിച്ചറിയാത്ത ഒരു അച്ഛനുണ്ടായിരുന്നു എനിക്ക്. ഞാന്‍ വിഷം കഴിച്ചതാണ് മരിക്കാന്‍. മരണത്തിന്റെ അങ്ങേയറ്റം ചെന്നിട്ടു തിരികെ വന്നതാണ് ഞാന്‍.

എന്റെ അമ്മക്ക് വേണ്ടി. എനിക്ക് ജീവിക്കണം. ഇതെന്റെ ജോലിയിലെ ആദ്യത്തെ ദിവസമാണ്.”

കത്തുകള്‍ കൊണ്ടുവന്ന ബാഗ് തന്റെ നേര്‍ക്ക് അടുത്ത രൂപങ്ങള്‍ക്ക് നേരെ അവള്‍ ആഞ്ഞുവീശി.

പെട്ടെന്ന് മുറിയില്‍ ആരുടെയൊ ഭയന്നുള്ള നിലവിളികള്‍ ഉയര്‍ന്നു. എവിടെനിന്നോ നിറയുന്ന പുകമഞ്ഞിലൂടെ സുനിത വെളിയിലേക്ക് ഇറങ്ങിയോടി. എത്ര ദൂരം ഓടിയെന്നു സുനിതയ്ക്ക് നിശ്ചയമുണ്ടായിരുന്നില്ല.

കാട്ടിലൂടെ ഉരുണ്ട് പിരണ്ടു..വീണ്ടും ചാടി എഴുന്നേറ്റു.. വീണ്ടുമോടി.. എപ്പോഴോ ഒരു ചെടിയുടെ വേരില്‍ തട്ടി താഴെവീണത്‌ മാത്രം അവള്‍ക്ക് ഓര്‍മ്മയുണ്ട്.

ആരോ തട്ടി വിളിച്ചപ്പോഴാണ് അവള്‍ ഉണര്‍ന്നത്. തലയുയര്‍ത്തിയപ്പോള്‍ ഒരു ചുവന്ന തലക്കെട്ട് കണ്ടു. താന്‍ ആദ്യം വഴി ചോദിച്ചയാള്‍..

“ഞാന്‍ കൊച്ചിനോട് നില്ക്കാന്‍ പറഞ്ഞതാ.. അപ്പോഴേക്കും ഓടി..വഴി തെറ്റി ഇങ്ങോട്ട് വന്നല്ലേ..”

അയാള്‍ അവളുടെ കൈ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു. അവള്‍ അയാളുടെ ചുമലില്‍ താങ്ങി നടന്നു.

‘എന്റെ ബാഗ്..അതിലെ ലെറ്റര്‍ ?”

“അതെല്ലാം ഞാന്‍ ഭദ്രമായി വച്ചിട്ടുണ്ട്..’

“എനിക്ക് അലോഷിക്ക് കത്ത് കൊടുക്കണം..”അവള്‍ പുലമ്പി..

“അലോഷി തൃശൂരില്‍ മെന്റല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാ കൊച്ചെ…” അയാള്‍ പറഞ്ഞു.

“സ്കൂട്ടര്‍ ഞാന്‍ അപ്പുറത്ത് കൊണ്ട് പോയി വച്ചു.. വല്ലതും കണ്ടു പേടിച്ചാരുന്നോ..” അവള്‍ തളര്‍ന്ന സ്വരത്തില്‍ മൂളി.

“ഉം.” അയാള്‍ ഒന്നിരുത്തി മൂളി.

“ഇതൊരു ചള്ള് സ്ഥലമാ..പക്ഷേ ഈ വിന്‍സെന്റിനെ മാത്രം ഒരു പ്രേതവും ശല്യം ചെയ്യില്ല..” അയാള്‍ പറഞ്ഞു.

“ഇവിടെ പൂവഞ്ചി പള്ളിയില്‍ പണ്ടൊരു അച്ചനുണ്ടായിരുന്നു.മഠത്തിലെ ഒരു കന്യാസ്തീയുമായി ബന്ധമുണ്ടെന്നു നാട്ടുകാര്‍ ഇല്ലാവചനം പറഞൊണ്ടാക്കി. പക്ഷേ അവര് തമ്മില്‍ അങ്ങിനൊന്നുമില്ലാരുന്നു.” വിന്‍സെന്റ് പറഞ്ഞു.

“എന്നിട്ട് ?”

“രണ്ടു പേരെയും പള്ളിയില്‍ നിന്ന് പുറത്താക്കി. നാട്ടുകാരുടെ കളിയാക്കലും തെറി വിളിയും സഹിക്കാനാവാതെ അവര്‍ തോട്ടത്തിലെ ആ ലയത്തില്‍ വന്നു താമസിച്ചു.

അന്ന് എന്റെ അപ്പനാ അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തെ..” അയാള്‍ പറഞ്ഞു.

‘നിങ്ങള്‍..നിങ്ങളുടെ അപ്പന്റെ പേര് ലോറന്‍സ് എന്നാണോ ?” അവള്‍ മെല്ലെ ചോദിച്ചു.

“അതെ. മരിച്ചു പോയി. കൊച്ചിനെങ്ങിനെ അറിയാം…” അയാള്‍ ചോദിച്ചു. സുനിത അതിനു മറുപടി പറഞ്ഞില്ല. ഇനി കൊടുക്കാനുള്ള വിലാസങ്ങള്‍ മനസ്സിലോര്‍ക്കുകയായിരുന്നു അവള്‍.

Leave a Reply

Your email address will not be published. Required fields are marked *