തന്റെ രഹസ്യബന്ധങ്ങള്‍ അവള്‍ക്ക് അറിയാമോയെന്ന് രാജീവിന് ഈയിടെയായി..

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
(രചന: Anish Francis)

രാജീവ്‌ ഡോര്‍ ബെല്‍ രണ്ടു മൂന്നു തവണ അമർത്തി. ഫ്ലാറ്റിന്റെ വാതില്‍ തുറന്നില്ല.

അയാള്‍ക്ക് കലി കയറി. ഹേമ എന്തെടുക്കുകയാണ്? അയാള്‍ ദേഷ്യം മുഴുവന്‍ ഡോര്‍ബെല്ലില്‍ തീര്‍ത്തു. ഒറ്റഞെക്ക്. ഹേമയുടെ കഴുത്തില്‍ കുത്തിപിടിക്കുന്ന സുഖം.

പെട്ടെന്ന് വാതില്‍ തുറന്നു. ഉറക്കച്ചടവുള്ള മുഖവുമായി മുന്നിൽ. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടികൊണ്ട് അവള്‍ ചോദിച്ചു.

“രാജീവേട്ടനെന്താ ഇത്ര താമസിച്ചത് ?”

അയാള്‍ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരിക്കൊണ്ട് അകത്തേക്ക് കയറി. മ ദ്യ ഗന്ധംകൊണ്ട് ഹേമയുടെ മുഖം ചുളിഞ്ഞു.

“ഒരു സാഹിത്യമാസികയുടെ സബ് എഡിറ്റര്‍ന്നു പറഞ്ഞാല്‍ ,സര്‍ക്കാര്‍ ജോലിയാന്നാണോ താന്‍ വിചാരിച്ചത് ?”

ഷര്‍ട്ടൂരിയെറിഞ്ഞതിനുശേഷം സോഫയിലിരുന്നു സോക്സ്‌ മാറ്റുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.
ഹേമ അതിനു മറുപടി പറഞ്ഞില്ല.

അവള്‍ തറയിൽ വീണ ഷര്‍ട്ടും പാന്റും എടുത്തുകൊണ്ട് അകത്തേക്ക് നടന്നു. അയാളുടെ വസ്ത്രങ്ങളില്‍ മ ദ്യത്തിന്റെ ഗന്ധം മാത്രമല്ല മറ്റേതോ ഗന്ധം കൂടി അവൾ അറിഞ്ഞു.

സ്ത്രീയുടെ ഗന്ധം.

പ്രമുഖ സാഹിത്യമാസികയുടെ എഡിറ്റര്‍ എന്ന നിലയില്‍ പല സ്ത്രീകളുമായി അയാള്‍ സൗഹൃദം പുലര്‍ത്തുന്നുണ്ട്.

അതിന്റെ മറവില്‍ ചില അരുതാത്ത ബന്ധങ്ങളും അയാള്‍ക്കുണ്ടെന്നും ഹേമയ്ക്കറിയാം.

പെട്ടെന്ന് അകത്തുനിന്ന് ചിന്നു കരയുന്നത് ഹേമ കേട്ടു. അവള്‍ വേഗം അകത്തുചെന്ന് കുഞ്ഞിന്റെ അരികിലിരുന്നു. എന്തോ ദു:സ്വപ്നം കണ്ടു കുഞ്ഞു കരഞ്ഞതാണ്.

ചിന്നു കണ്ണ് തുറന്നു. അമ്മയെ കണ്ടപ്പോള്‍ അവള്‍ സ്വപ്നത്തിന്റെ രാക്ഷസകോട്ടയില്‍നിന്ന് ഇറങ്ങി വന്ന സന്തോഷത്തില്‍ ചിരിച്ചു.

ഹേമ അവളുടെ കവിളില്‍ ഉമ്മ വച്ചു. ചിന്നുവിന്റെ കുസൃതിച്ചിരിയുടെ മുന്‍പില്‍ ഹേമ സര്‍വവും മറക്കുന്നു.

“കുഞ്ഞുറങ്ങിക്കോ…അമ്മ അടുത്തുണ്ട്..”അവള്‍ കുഞ്ഞിന്റെ ദേഹത്തു കിടന്ന പുതപ്പ് ഒന്ന് കൂടി വലിച്ചിട്ടു. തണുക്കാതിരിക്കട്ടെ.

“ഹേമേ ചോറെടുത്ത് വയ്ക്ക്..” രാജീവ്‌ വിളിക്കുന്നു. അവള്‍ തീന്‍ മുറിയിലേക്ക് നടന്നു.

അയാള്‍ ഒരു മാസികയുമായി തീന്‍ മേശയുടെ മുന്‍പില്‍ കാത്തിരിപ്പുണ്ടായിരുന്നു.

“കുളിക്കുന്നില്ലേ ?” ഹേമ തിരക്കി.

‘ഇല്ല. കഴിച്ചിട്ട് വേഗം കിടക്കണം. നാളെ തിരുവനന്തപുരം വരെ പോകണം.”

“മീറ്റിംഗ് വല്ലതുമാണോ ?” ചോറ് വിളമ്പുന്നതിനിടയില്‍ ഹേമ ചോദിച്ചു.

“അതൊന്നുമല്ല..നരച്ച കണ്ണുകളുള്ള പെണ്‍കുട്ടിയെ കണ്ടെത്തണം..” അയാള്‍ മാസികയില്‍ നിന്ന് മുഖമുയര്‍ത്താതെ പറഞ്ഞു.

‘എന്താ ?”ഹേമയ്ക്ക് മനസ്സിലായില്ല.

“ഞാന്‍ മാസികയില്‍ പുതിയ ഒരു കോളം തുടങ്ങുവാ ..നിന്നോട് പറഞ്ഞില്ലേ.. മാനേജിംഗ് എഡിറ്റര്‍ വളരെ എക്സൈറ്റഡാണ് ..

അവിടെ വേറെയും രണ്ടു കിഴങ്ങന്‍മാര് സബ് എഡിറ്റര്‍മാരായിട്ടുണ്ടല്ലോ..

അവന്‍മാര്‍ക്കൊന്നും ഇത്തരം ഒരു ഐഡിയ കിട്ടിയില്ല. ഇത് വന്നാല്‍ സെയില്‍സ് കുതിച്ചു കയറുമെന്ന് ഇന്നലെ മീറ്റിംഗില്‍ മാനേജിം എഡിറ്റര്‍ പറഞ്ഞു.”

“മോര് വേണോ ?”

“വേണ്ട. ഹാ…നീയിതു വല്ലോം കേള്‍ക്കുന്നുണ്ടോ ? അതിനു നിന്നോടിതു പറഞ്ഞിട്ടെന്താ കാര്യം.

സാഹിത്യത്തില്‍ ഡിഗ്രി ഉണ്ടെന്നല്ലാതെ വല്ല കിഴങ്ങും അറിയാമോ ?” രാജീവിന്റെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നു.

“രാജീവേട്ടന്‍ പറ. ഞാന്‍ കേള്‍ക്കുന്നുണ്ട്.”

“അതായത് ..പത്തു പതിനഞ്ചു കൊല്ലം മുന്‍പു മാസികയില്‍ മികച്ച കവിതയും കഥയുമൊക്കെ എഴുതി പിന്നീട് സാഹിത്യത്തില്‍നിന്ന് അപ്രത്യക്ഷരായ എഴുത്തുകാരെ കണ്ടുപിടിക്കുക.

അവരുമായി അഭിമുഖം നടത്തുക.. അതാണ് എന്റെ പുതിയ പരമ്പരയുടെ ആശയം.”

“അത് കൊള്ളാമല്ലോ..”ഹേമ താള് കറി വിളമ്പുന്നതിനിടയില്‍ പറഞ്ഞു.

“അതല്ലേ ഞാന്‍ പറഞ്ഞത്..മാനേജിംഗ് എഡിറ്റര്‍ എന്നോട് രണ്ടു മാസത്തെ ലീവ് എടുത്തു ഈ കോളത്തിനുള്ള സ്റ്റഫ് കണ്ടുപിടിച്ചോളാന്‍ പറഞ്ഞിരിക്കുകയാ..”

രാജീവ് അഭിമാനത്തോടെ പറഞ്ഞു.

“പക്ഷേ പഴയ ആളുകളെ കണ്ടുപിടിക്കല്‍ ഒക്കെ ബുദ്ധിമുട്ടാവില്ലേ..” ഹേമ സംശയിച്ചു.

‘ഹോ എന്ത് പറഞ്ഞാലും നീയിങ്ങനെ നെഗറ്റീവ് പറയാതെ ഹേമേ.. അതെങ്ങിനാ വല്ല ലിറ്റററി സെന്‍സും വേണ്ടേ..” രാജീവ്‌ നീരസം മറച്ചുവച്ചില്ല.

പക്ഷേ ഹേമയുടെ മുഖം മാറിയത് കണ്ട് രാജിവ് കൂടുതല്‍ പറഞ്ഞില്ല. തന്റെ രഹസ്യബന്ധങ്ങള്‍ അവള്‍ക്ക് അറിയാമോയെന്ന് രാജീവിന് ഈയിടെയായി സംശയമുണ്ട്.

അതുകൊണ്ട് ഹേമയുടെ മുഖം വാടുന്നത് കണ്ടാല്‍ അയാളുടെ അബോധമനസ്സിലെ കുറ്റബോധമുണരും.

“സോറി രാജീവേട്ടാ .ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചില്ല. പിന്നെ എന്തോ ഒരു നരച്ച പെണ്ണിന്റെ കാര്യം പറഞ്ഞല്ലോ..

അതെന്താ ?” ഗ്ലാസിലേക്ക് വെള്ളം പകരുന്നതിനിടെ ഹേമ ചോദിച്ചു.
രാജീവിന്റെ മുഖം വീണ്ടും ആവേശം കൊണ്ട് വിടര്‍ന്നു. അയാള്‍ മാസികയില്‍ നിന്ന് ആ കവിത ഉറക്കെ വായിച്ചു.

“നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി.
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്

അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളുടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൌര്‍ണ്ണമിയുടെ നിറം
അവളുടെ കണ്ണുകള്‍ക്കും.”

“ഇത് പന്ത്രണ്ടു വര്‍ഷം മുന്‍പ് ആഴ്ച പതിപ്പില്‍ വന്ന കവിതയാണ്. ഒരു പെണ്‍കുട്ടിയാ കവയിത്രി.

മഷിത്തുള്ളി എന്ന തൂലികാനാമത്തിലാ അവര്‍ കവിത മാസികയിലേക്ക് അയച്ചത്. കിടിലം കവിതയല്ലേ…വിഷാദം ഇത്ര ഗംഭീരമായി ആരും എഴുതിയിട്ടില്ല..”

“എന്നിട്ട്..ആളിനെ കിട്ടിയോ ?”

“അതല്ലേ രസം. അത്രയും പഴയതായത് കൊണ്ട് വിലാസവും മറ്റും ഓഫിസില്‍ നോക്കിയിട്ട് കിട്ടിയില്ല.

പിന്നെ അന്നത്തെ എഡിറ്ററെ വിളിച്ചു ഞാന്‍ എഴുത്തുകാരിയെ പറ്റി അന്വേഷിച്ചു. അപ്പോഴല്ലേ രസം?”

“എന്താ ?” സിങ്കിലേക്ക് പാത്രങ്ങൾ കഴുകാനിടുന്നതിനിടയില്‍ ഹേമ അടുക്കളയിൽനിന്നു ചോദിച്ചു.

“ ഈ ടൈപ്പ് ആളുകള്‍ ഭയങ്കര ഇന്റ്രോവേര്‍ട്ടുകളായിരിക്കും. അവരിപ്പോഴും ഡയറിയില്‍ അവര്‍ക്ക് വേണ്ടിത്തന്നെ എഴുതുന്നുണ്ടാവും എന്നാ പുളളി പറയുന്നത്.”

“അപ്പൊ ആളെ എങ്ങിനെ കിട്ടും ?” ഹേമ തിരക്കി.

രാജിവ് അപ്പോഴേക്കും ചോറ് മതിയാക്കി എഴുന്നേറ്റു. ഹേമ വന്നു പാത്രങ്ങള്‍ കൊണ്ടുപോകുന്നതിനിടെ അയാള്‍ വാഷ്ബേസിന്റെ അരികിലേക്ക് നടന്നു.

“ആളിനെ കിട്ടി..അതല്ലേ നാളെ തിരുവനന്ത പുരത്തിന് പോകുന്നെ .. പഴയ എഡിറ്റര്‍ തന്ന വിവരങ്ങള്‍ വച്ച് ഞാന്‍ ശരിക്കും അന്വേഷിച്ചു.”

കൈ കഴുകുന്നതിനിടയില്‍ രാജീവ്‌ പറഞ്ഞു.

“അപ്പൊ നാളെ അവരുമായാണോ മീറ്റിംഗ്..” ഹേമ തിരക്കി.

“അതെ.” തന്റെ സ്വരത്തിലെ മാറ്റം ഹേമ അറിയാതിരിക്കാന്‍ രാജീവ്‌ പൈപ്പ് മുഴുവന്‍ തുറന്നു .ചീറ്റിയൊഴുകുന്ന വെള്ളത്തില്‍ അയാള്‍ കൈ വീണ്ടും വീണ്ടും കഴുകി.

അടുക്കളയിലെ പണികള്‍ ഒതുക്കി ഹേമ വന്നപ്പോഴേക്കു രാജിവ് ഉറങ്ങിയിരുന്നു.

അവള്‍ മെല്ലെ തന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പഴയ പെട്ടി തുറന്നു. അതില്‍നിന്ന് താളുകള്‍ മങ്ങിത്തുടങ്ങിയ ഒരു ഡയറി പുറത്തെടുത്തു. താളുകള്‍ മറിച്ചു അവളാ പഴയ കവിത കണ്ടെത്തി.

“ന രച്ച ക ണ്ണുകളുള്ള പെ ണ്‍കുട്ടി.
മ നസ്സു നുറുക്കി മ ത്സ്യങ്ങളെ ഊട്ടി
മ ഴയും മഴതോര്‍ന്ന ആ കാ ശത്ത്
മ ഴവില്ലും സ്വ പ് നം ക ണ്ടവളുറങ്ങി. ”

കുറച്ചു നേരം ആ അക്ഷരങ്ങള്‍ നോക്കിയിരുന്നശേഷം ഹേമ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.

ചിന്നുവിനെ പുണര്‍ന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഹേമയുടെ മനസ്സില്‍ ആ കവിത ഒരു സ്വപ്നമായി രൂപം മാറുകയായിരുന്നു.

Note: കവിത പരേതയായ കവയിത്രി നന്ദിതയുടേതാണ്.

Leave a Reply

Your email address will not be published.