ആ കുട്ടി എന്നെ തന്നെ നോക്കിയിരിക്കുന്നു, ഒരുപക്ഷേ എനിക്ക് അവന്റെ അച്ഛന്റെ ച്ഛായ..

ഹര്‍ഷനെ തിരഞ്ഞ്
(രചന: Anish Francis)

മഞ്ഞുമൂടിയ മലകള്‍ക്കിടയിലായിരുന്നു ഞാന്‍ തിരയുന്ന ആ ആശുപത്രി. അതിനെ ആശുപത്രിയെന്നോ ,ഹോട്ടല്‍ എന്നോ ദേവാലയം എന്നോ വിളിക്കാം.

സത്യം പറഞ്ഞാല്‍ അതിനു പേര് കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണം കഴിക്കാന്‍ പോകുന്നയിടം ഹോട്ടല്‍, രോഗം ഭേദപ്പെടാന്‍ പോകുന്ന സ്ഥലം ആശുപത്രി, മനശ്ശാന്തി തിരഞ്ഞു പോകുന്ന സ്ഥലം ദേവാലയം.

എന്നാല്‍ സ്വസ്ഥമായി മരിക്കാന്‍ പോകുന്ന സ്ഥലമോ ? അതിനു പേരില്ല. അതിനു പേര് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

നീലനിറമുള്ള ചില്ലുജനാലകളുള്ള ഒരു ബസ്സിലാണ് ഞാന്‍ ഈ സ്ഥലത്തേക്ക് പോയത്.അത് ശിശിരത്തിന്റെ ആരംഭമായിരുന്നു. മലകളില്‍ സദാ മഴ പെയ്തുകൊണ്ടിരുന്നു.

ഒരു പെണ്‍കുട്ടിയുടെ പ്രണയം നിറഞ്ഞ മിഴികളിലെ തൂവല്‍വെളുപ്പ്‌ പോലെ പാതയുടെ ഇരുവശത്തേയും കുന്നുകൾ മഴയില്‍ വെളുത്തുനിന്നു.

“ഈ സ്ഥലത്തേക്ക് യാത്രക്കാര്‍ കുറവാണ്.”ഡ്രൈവര്‍ പറഞ്ഞു.

അയാള്‍ അങ്ങിനെ ഉറക്കെ പറഞ്ഞു എന്നെനിക്ക് ഉറപ്പില്ല.ഒരുപക്ഷേ അയാളുടെ ചിന്തകള്‍ ഞാന്‍ കേട്ടതാകാം.അല്ലെങ്കിലും ആരാണ് മരിക്കാന്‍ ഒരു വിജനമായ മലമുകളില്‍ പോയി താമസിക്കുക?

അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാന്‍ പലപ്പോഴും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്നു.ഈ പ്രദേശത്തു വന്നിട്ടുള്ള ഒരു സന്യാസിയെ ഒരു വഴിയമ്പലത്തില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഈ സ്ഥലത്തേകുറിച്ച് വിശദമായ് പറഞ്ഞുതന്നു.

എന്തിനാണ് ഇങ്ങനെയൊരു സ്ഥലം?ആരാണ് അവിടെ പോവുക എന്നൊക്കെ ഞാന്‍ സംശയിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു.

“ഒരു കുന്നു ബദ്ധപ്പെട്ട് കയറിയാല്‍ ,പിന്നെ ഏതൊരു മനുഷ്യനും ആദ്യം തോന്നുന്ന ചിന്ത എന്താണ് ?”

“ഒന്നിരിക്കാന്‍.ശ്വാസം വിടാന്‍ .”ഞാന്‍ പറഞ്ഞു.

സന്യാസി എന്നെ നോക്കി പുഞ്ചിരിച്ചു.ഉത്തരം ഞാന്‍ തന്നെ പറഞ്ഞല്ലോ എന്ന മട്ടില്‍.

“അവിടെ കുറെ പേര്‍ വരുന്നുണ്ട്. കൂടുതലും പണക്കാര്‍. ഏകാന്തത ജീവിതത്തിന്റെ സായംസന്ധ്യയില്‍ എല്ലാവരെയും കാര്‍ന്നുതിന്നുന്നു. ഇന്നത്തെ വൃദ്ധരെ കൂടുതലും.

പുതിയതരം രോഗങ്ങള്‍ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു.മരണാസന്നരെ പരിചരിക്കാന്‍, രോഗമില്ലാത്ത ,മരണം ഉടനെ സ്പര്‍ശിക്കില്ലെന്ന് സ്വയം കരുതുന്ന ബന്ധുക്കള്‍ മടിക്കുന്നു.

അപ്പോള്‍ ചില മനുഷ്യര്‍ ഏകാന്തമായ ,സ്വസ്ഥമായ മരണം ആഗ്രഹിക്കുന്നു.ചിലര്‍ തനിയെ ഉറങ്ങാന്‍,തനിയെ ഭക്ഷണം കഴിക്കാന്‍ ,തനിയെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പോലെ.

മഞ്ഞുമൂടിയ കൊടുമുടിയുടെ ശിഖരത്തില്‍ , ദേവതാരുമരങ്ങള്‍ കാവല്‍നില്‍ക്കുന്ന മലമ്പാതകള്‍ കടന്നുചെന്ന് ,ഒരു ആശ്രമത്തില്‍ അവസാനദിവസങ്ങള്‍ കഴിക്കുക എന്നത് അത്തരം ചിലരെ ആകര്‍ഷിക്കും.” അദ്ദേഹം പറഞ്ഞു.

ബസ് ആ കെട്ടിടത്തിനു മുന്‍പില്‍ നിര്‍ത്തി. വലിയ ഒരു ദേവതാരു മരം ശിഖരങ്ങള്‍ പടര്‍ത്തി കെട്ടിടത്തിനു മുന്‍പില്‍ നില്‍ക്കുന്നു.

ആ മലയുടെ അഗ്രത്തിലാണ് ഈ കെട്ടിടം. അതിനു പുറകില്‍ ഒരു പറ്റം മലനിരകള്‍ ഉറക്കം തൂങ്ങിനില്‍ക്കുന്നു.

ഹര്‍ഷന്‍.

ഞാന്‍ ഹര്‍ഷനെ തിരഞ്ഞാണ് ഇവിടെ വന്നത്. അയാള്‍ ഇവിടെ ഉണ്ടാകും എന്ന് എനിക്കുറപ്പാണ്. എന്റെ ജോലി അലഞ്ഞുതിരയലാണ്.

എന്തിനാണ് ഞാന്‍ അലയുന്നത് ?

മനുഷ്യരെ കണ്ടെത്താന്‍.ഒളിച്ചോടി പോയവര്‍ ,നിയമത്തെ വെട്ടിച്ചു കടന്നു കളയുന്നവര്‍ ,അങ്ങിനെയുള്ളവരെ കണ്ടെത്തുന്നതാണ് എന്റെ ജോലി. എന്റെ കയ്യില്‍ അതിനുവേണ്ടി സൂത്രവിദ്യകള്‍ ഒന്നുമില്ല.

പോലീസുകാര്‍ അവരുടെ സാങ്കേതികവിദ്യയും സംവിധാനങ്ങളും പരാജയപെടുമ്പോള്‍ എന്റെയടുത്തു വരും.കുറ്റവാളി തങ്ങാനിടയുള്ള സ്ഥലങ്ങള്‍ പറയും.അയാളുടെ രേഖാചിത്രംകാണിക്കും.

മുഖങ്ങള്‍.

അതാണ്‌ എന്റെ ഏറ്റവും വലിയ കഴിവ്.

ഒരു രേഖാചിത്രത്തിലുള്ള മുഖം ഒരിക്കല്‍ കണ്ടാല്‍ അതെന്റെ മനസ്സില്‍ ഒരു ഫോട്ടോ പോലെ പതിയും.പിന്നെ ഏതു മുഖം കണ്ടാലും ,ഞാന്‍ തിരയുന്ന മുഖമാണോ അതെന്നു എനിക്ക് തിരിച്ചറിയാന്‍ കഴിയും.

അയാള്‍ താടി വച്ചാലും,മുഖം എങ്ങിനെയൊക്കെ വികൃതമാക്കിയാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും.

പിന്നെ ചെയ്യാന്‍ ഉള്ളത് ഒന്ന് മാത്രം .
അലയുക . നിരീക്ഷിക്കുക.ബസ് സ്റ്റാന്‍ഡുകളില്‍,റെയില്‍വേ സ്റ്റേഷനുകളില്‍ ,ലോഡ്ജ് മുറികളില്‍, നഗരങ്ങളുടെ ഇരുണ്ടമൂലകളില്‍ ..

ആളെ കണ്ടെത്തിയാല്‍ വലിയ തുക പ്രതിഫലം എനിക്ക് ലഭിക്കുന്നു. പോലീസുകാര്‍ മാത്രമല്ല. തങ്ങളുടെ ശത്രുക്കളെ കണ്ടെത്താനും ,ഒളിച്ചോടിയ അടുത്ത ബന്ധുക്കളെ കണ്ടെത്താനും സാധാരണ മനുഷ്യര്‍ എന്റെ സഹായം തേടുന്നു.

പക്ഷേ ഹര്‍ഷനെ കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടതു സാദാ പോലീസ്കാരല്ല. ഒളിച്ചോടിയ മകനെ തിരയുന്ന പിതാവോ ,തന്റെ ഭാര്യയെയോ മകളെയോ വശീകരിച്ചു കൊണ്ടുപോയ കാമുകനെ തിരയുന്ന പുരുഷനോ അല്ല.

ഹര്‍ഷനെ നിയമപാലകരും തിരയുന്നുണ്ട്. പക്ഷേ അയാളെ കണ്ടെത്താന്‍ കഴിയുന്നില്ല

കാരണം അയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഒരു ക്രിമിനല്‍ ചിന്തിക്കുന്നത് പോലെയല്ല അയാള്‍ ചിന്തിക്കുന്നത്. അതാണ്‌ നിയമപാലകരെ അയാളെ കണ്ടെത്തുന്നതില്‍നിന്ന് കുഴയ്ക്കുന്നത്.

ഹര്‍ഷന്‍ ഒരു സാമ്പത്തിക കുറ്റവാളിയാണ്.

കോടിക്കണക്കിന് രൂപ മോഷ്ടിച്ച് അയാള്‍ എവിടെയോ മുങ്ങി.അയാള്‍ വഞ്ചിച്ചത് വലിയ ബാങ്കുകളെയാണ്. അവര്‍ക്കാണ് ഹര്‍ഷനെ വേണ്ടത്. അവരാണ് എന്നെ സമീപിച്ചത്.

അലഞ്ഞുതിരയുന്നതിനിടയില്‍ ഞാന്‍ അറിഞ്ഞു.ഹര്‍ഷന് ഒരു മാറാരോഗം പിടിപെട്ടിരിക്കുന്നു.അയാള്‍ മരണം ആഗ്രഹിക്കുന്നു.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ , ഞാന്‍ കയറിയ നീലനിറമുള്ള ബസ്സില്‍ കയറി ഇങ്ങോട്ട് പോന്നതായി എനിക്ക് വിവരം ലഭിച്ചു.

ഇന്നൊരു ദിവസം ഞാനിവിടെ തങ്ങും. ഹര്‍ഷനെ കണ്ടെത്തും. ആ കെട്ടിടത്തിനു ചുവന്ന നിറമാണ്.

“മരണത്തിന്റെ കെട്ടിടത്തിനു ഇതില്പരം നല്ല നിറം എന്താണ്?” ഒരു ശബ്ദം ഞാന്‍ കേട്ടൂ.

നീണ്ട വെളുത്ത താടിയും അയഞ്ഞ വസ്ത്രങ്ങളും ധരിച്ച ഒരു മനുഷ്യന്‍.അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി കളിയാടുന്നു.

“ഞാന്‍ ഡോക്ടര്‍ ദേവന്‍ ..ഏറെ നാളായി ഞങ്ങള്‍ക്ക് പുതിയ ഒരു അന്തേവാസിയെ ലഭിച്ചിട്ട്.”അയാള്‍ പറഞ്ഞു.

ഞാന്‍ ഒരു നിമിഷം ആലോചിച്ചു.ഞാന്‍ ഹര്‍ഷനെ തിരഞ്ഞു വന്നതാണ് എന്ന് അയാള്‍ അറിയണ്ട. ഒരു പക്ഷേ അയാള്‍ അത് അറിഞ്ഞാല്‍ അകത്തു കയറാന്‍ സമ്മതിക്കില്ല.

ഞാന്‍ തലയാട്ടി. അയാള്‍ പുഞ്ചിരിതൂകി എന്നെ അകത്തേക്ക് കൊണ്ടുപോയി.

ഒരു ചുവന്ന സസ്യം ആ കെട്ടിടം മുഴുവന്‍ പടര്‍ന്നു കയറിയിരിക്കുന്നു.വലിയ ചുവന്നയിലകള്‍,വലിയ തണ്ട്..അതാണ്‌ കെട്ടിടത്തിനു ചുവന്ന നിറം നല്‍കുന്നത്.

“താങ്കളാണോ ഇത് നടത്തുന്നത് ?” ഞാന്‍ ചോദിച്ചു.ഡോക്ടര്‍ ദേവന്‍ അതിനു മറുപടി പറഞ്ഞില്ല.അയാള്‍ തലകുലുക്കി ചിരിച്ചത് മാത്രമേയുള്ളൂ.

അകത്തെ ഹാളിലേക്ക് കടക്കുന്നതിനു മുന്‍പ് അയാള്‍ ഒരിക്കല്‍ കൂടി ചോദിച്ചു.ഒരു മുന്നറിയിപ്പു പോലെ.

“കയറുകയല്ലേ ?”

ഞാന്‍ വീണ്ടും തലകുലുക്കി.

അകത്തു തേന്‍കൂട്ടിലെ ചെറിയ അറകള്‍പോലെ മുറികള്‍.അല്ല കൂടുകള്‍. ചിലത് പുസ്തകങ്ങള്‍കൊണ്ട് ഉണ്ടാക്കിയവയാണ്.

നാല് ചുവരും പുസ്തകങ്ങള്‍.ചിലത് വൃക്ഷങ്ങളുടെ തടിയും വേരുകളും . ചിലത് പൂക്കള്‍..ചിലത് കടലാസുകള്‍.. ചിലത് കണ്ണാടി..ചിലത് സംഗീത ഉപകരണങ്ങള്‍.

എല്ലാ അറകളിലും ജനാലകള്‍ ഉണ്ട്.ജനാലയ്ക്കപ്പുറം സദാ മഴ പെയ്തുകൊണ്ടിരിക്കുന്നു.

ഞാന്‍ അറകളില്‍ നോക്കി.എല്ലാ അറകളിലും വെളുത്ത തൂവല്‍കിടക്കകള്‍.

അവയില്‍ നീല നിറമുള്ള തലയിണകള്‍. ചില അറകളില്‍ ആളുകള്‍ ഉറങ്ങുന്നു. ചില അറകളില്‍ ചെറിയ സ്വരത്തില്‍ ഗസലുകള്‍ കേള്‍ക്കുന്നു.ചില അറകളില്‍ ആളുകള്‍ പുസ്തകം വായിക്കുന്നു.

മഴ പെയ്യുന്ന സ്വരം മാത്രമേയുള്ളൂ.ആരും സംസാരിക്കുന്നില്ല.

അതിന്റെ ആവശ്യമില്ലല്ലോ.ഞാന്‍ വിചാരിച്ചു.

“ഒരു സംശയം ചോദിക്കട്ടെ.ഒരുപാട് മാറാരോഗങ്ങളുമായാണല്ലോ മനുഷ്യര്‍ ഇവിടെ വരുന്നത്?അപ്പോള്‍ അവരുടെ അവസാനനിമിഷങ്ങള്‍ക്ക് വേദനയുണ്ടാകില്ലേ..

ഇവിടെ കരച്ചിലും നിലവിളിയും ഒന്നുമില്ല. അതെന്തു കൊണ്ടാണ് ?”ഞാന്‍ ഡോക്ടര്‍ ദേവനോട് ചോദിച്ചു.

“ശരീരമെന്ന പൊക്കിള്‍ക്കൊടിയില്‍ ജനനം മുതലേ ബന്ധിക്കപെടുന്ന പ്രാണന്‍. ആര്‍ത്തിയും സ്നേഹരാഹിത്യവും ആ ചങ്ങല കൂടുതല്‍ കഠിനമാക്കുന്നു.

അതുരഞ്ഞു പ്രാണന് വേദനിക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഈ സ്ഥലത്ത് യഥാര്‍ത്ഥമായ അറിവ് നിറഞ്ഞുനില്‍ക്കുന്നു. ഇവിടെ വേദനയില്ല.

ഒരു മഞ്ഞുപാളിയിലൂടെ തെന്നിപോകുന്നത് പോലെ ശാന്തമായി മരണത്തിലേക്ക് നിങ്ങള്‍ വഴുതിപോകുന്നു. സുഖകരമായ അനുഭവമാണിത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം.” ഡോക്ടര്‍ ദേവന്‍ പറഞ്ഞു.

ഞാന്‍ പിന്നെയും സംശയം ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കയ്യുയര്‍ത്തി എന്നെ തടഞ്ഞു.

“ഏതെങ്കിലും ഒരു അറ തിരഞ്ഞെടുക്കൂ..ഉറങ്ങൂ..സ്വപ്നങ്ങളിലേക്ക് നടക്കൂ..”അദ്ദേഹം പറഞ്ഞു.

ഞാന്‍ ഓരോ അറകളും തിരഞ്ഞു.

ഹര്‍ഷന്‍.അയാള്‍ ഏതു അറയിലാണ് ?

ഒടുവില്‍ ഞാന്‍ കണ്ടെത്തി .

നോട്ടുകെട്ടുകള്‍ കൊണ്ടുണ്ടാക്കിയ ഒരു അറ.അതിനുള്ളില്‍ ഹര്‍ഷന്‍ ഉറങ്ങികിടക്കുന്നു.അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി.. ഞാന്‍ അയാളെ തട്ടിവിളിച്ചു.

“ഹര്‍ഷന്‍ ഉണരൂ..”

അയാള്‍ ഉണര്‍ന്നു.

അയാള്‍ എന്നെനോക്കി പുഞ്ചിരിച്ചു. പിന്നെ കെട്ടിപ്പിടിച്ചു.

“നിങ്ങളെ ഓരോ രാത്രികളിലും ഞാന്‍ സ്വപ്നം കാണുന്നു.നിങ്ങള്‍ എന്നെത്തിരഞ്ഞു വന്നതല്ലേ?”അയാള്‍ ചോദിച്ചു.

എന്നിട്ട് കൊച്ചുകുട്ടിയെ പോലെ ചിരിച്ചു.എന്റെ യാത്രകള്‍ക്കിടയില്‍ അത്തരം ഒരു ചിരി ഞാനാദ്യമായി കാണുകയായിരുന്നു.

ഞാന്‍ തലയാട്ടി.

“ഞാന്‍ നിങ്ങള്‍ക്കൊപ്പം വരാം.നാളെ രാവിലെ നമ്മുക്ക് പോകാം.”ഹര്‍ഷന്‍ പറഞ്ഞു.

“അപ്പോള്‍ നിങ്ങള്‍ കീഴടങ്ങാന്‍ തീരുമാനിച്ചോ ?”ഞാന്‍ ചോദിച്ചു.

“ഞാനത് എന്നേ തീരുമാനിച്ചു.പക്ഷേ ആരും എന്നെ തിരഞ്ഞു ഇവിടെ വന്നില്ല. ആര്‍ക്കും ഇവിടെ വരാന്‍ താത്പര്യമില്ലായിരുന്നുവെന്ന് ഞാന്‍ വിചാരിച്ചു..

പക്ഷേ നിങ്ങള്‍ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” സന്തോഷത്തോടെ ഹര്‍ഷന്‍ എന്നെ അറിയിച്ചു.

ഇത് വലിയ വിജയമാണ്.ഞാന്‍ കരുതി. സാഹസികരെ ഇത്തരം വിജയങ്ങൾ കാത്തിരിക്കുന്നു.

“ഇതന്റെ അലച്ചിലിലെ ഏറ്റവും വലിയ അനുഭവം.”ഞാന്‍ മനസ്സില്‍ പറഞ്ഞത് അയാള്‍ കേട്ടതു പോലെ തോന്നി.

“താങ്കള്‍ പോയി ഉറങ്ങൂ..നമ്മുക്ക് രാവിലെ പോകാം.”ഹര്‍ഷന്‍ പറഞ്ഞു.

ഞാന്‍ നല്ല ഒരു അറ തിരഞ്ഞു പോയി.പുസ്കകങ്ങള്‍കൊണ്ട് തീര്‍ത്ത ഒരു അറ ഞാന്‍ കണ്ടു. അതിസുന്ദരിയായ ഒരു യുവതി അതിനുള്ളിലിരുന്നു കവിത എഴുതുന്നു.

ഞാന്‍ അവളുടെ അറയുടെ തൊട്ടടുത്തുള്ള ശൂന്യമായ അറയില്‍ കയറിക്കിടന്നു. അവളുടെ അഴിച്ചിട്ട നീണ്ട മുടി രാത്രിയുടെ കണ്ണുനീര് പോലെ അലസമായി തൂവല്‍കിടക്കയിലെ തലയിണയിലേക്ക് ചാഞ്ഞുകിടക്കുന്നു.

പുസ്തകങ്ങളുടെ ഇടയിലൂടെ ഞാന്‍ അവളെ ഒളിഞ്ഞു നോക്കി. ജനാലയ്ക്കപ്പുറം രാത്രി വന്നു.രാത്രി നിലാവിനെ കൊണ്ടുവന്നു.

നേര്‍ത്ത നിലാവില്‍ രാത്രിമഴ പെയ്തു കൊണ്ടിരുന്നു. മലകളില്‍ ,ദേവതാരു മരങ്ങളിലെ ചെറുകൂടുകളില്‍ കുരുവികള്‍ പാടി. എനിക്കുറക്കം വരുന്നുണ്ടായിരുന്നു.

എന്നിട്ടും പുസ്തകങ്ങള്‍ക്കിടയിലൂടെ അവളെ നോക്കുന്നത് ഞാന്‍ തുടര്‍ന്നു.പെട്ടെന്ന് എഴുത്ത് നിര്‍ത്തി അവളെന്നെ നോക്കി. അപ്പോള്‍ ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ട ഒരു സ്വപ്നം മിന്നല്‍പോലെ ഓര്‍മ്മിച്ചു.

ഒരു പൂന്തോട്ടത്തിലൂടെ ഓടിപ്പോകുമ്പോൾ ചെടികളില്‍നിന്ന് പൂക്കള്‍ എന്റെ പിറകെ പറന്നുവരുന്നതായിരുന്നു ആ സ്വപ്നം. ആ സ്വപ്നം അവളുടെ കണ്ണിണകള്‍ക്കിടയില്‍ എനിക്കായി കാത്തിരിക്കുകയായിരുന്നു.

“നീ എഴുതിയ കവിത ഒന്ന് കാണിക്കുമോ ?”ഞാന്‍ മന്ത്രിച്ചു..

ഉറക്കം എന്റെ കണ്‍പോളകളെ തഴുകി.

അവള്‍ തലയാട്ടി.എന്നിട്ട് അവള്‍ പുസ്തകഭിത്തിക്കപ്പുറം വന്നിരുന്നു. പിന്നെ പ്രേമകവിതകളുടെ പുസ്തകങ്ങളുടെ താളുകള്‍ മടക്കി ,ആ ഭിത്തിയില്‍ ഒരു വലിയ സുഷിരമുണ്ടാക്കി .

അതിലൂടെ ഞങ്ങള്‍ ചുംബിച്ചു.ഞങ്ങള്‍ ചുംബിച്ചുകൊണ്ടേയിരുന്നു.കായാമ്പൂവിന്റെ ഗന്ധമുള്ള ഒരു കാറ്റ് ഞങ്ങളുടെ ചുണ്ടുകളെ തഴുകി.

നേരം പുലര്‍ന്നപ്പോള്‍ എന്നെ ഹര്‍ഷന്‍ ഉണര്‍ത്തി.

“നീല ബസ് വരാന്‍ നേരമായി.നമുക്ക് പോകണ്ടേ..”അയാള്‍ ചോദിച്ചു.

തലേന്നത്തെ കാര്യമെല്ലാം മറന്നു ഞങ്ങള്‍ പുറത്തുവന്നു.ദേഹത്തു ഒരു കമ്പിളി പുതപ്പ് പുതച്ചു ഡോക്ടര്‍ ദേവന്‍ ദേവതാരുവിന്റെ ചുവട്ടില്‍ നില്‍പ്പുണ്ടായിരുന്നു.

മലമ്പാതയില്‍ ഒരു നീലപ്പൊട്ട് പ്രത്യക്ഷപെട്ടു. മെല്ലെ ആ പൊട്ട് വലുതായി.ബസ് ഞങ്ങളുടെ അടുത്തെത്തുന്നു.

ഡോക്ടര്‍ ദേവന്‍ എന്നെ നോക്കി കൈവീശി കാണിച്ചു.

“ബസ് നിര്‍ത്തില്ല.അത് വളരെ മെല്ലെയാണ് വരുന്നത്. നമ്മൾ ചാടിക്കയറണം.”ഡോക്ടര്‍ ദേവന്‍ പറയുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി.

ബസ് മെല്ലെ ഞങ്ങളുടെ മുന്‍പിലെത്തിയപ്പോള്‍ ഞങ്ങൾ ചാടിക്കയറി.

ബസ്സില്‍ കുറച്ചു ആളുകള്‍ ഉണ്ടായിരുന്നു. പർവ്വതങ്ങളുടെ മുകളിലെ ഗ്രാമവാസികൾ.

എനിക്ക് വളരെ രസം തോന്നി.ആരും തിരഞ്ഞിട്ടു കണ്ടെത്താത്ത ഹര്‍ഷന്‍ ഇതാ എന്റെ കൂടെ..ഞാൻ അയാളെ കെട്ടിപ്പിടിച്ചു.

ബസ്സിനു വേഗം കൂടി.അപ്പോള്‍ എന്റെ അപ്പുറത്തെ സീറ്റിലിരുന്നു ആരോ എന്നെ നോക്കുന്നത് പോലെ തോന്നി.

അതൊരു കൊച്ചുകുട്ടിയാണ്. അവന്റെയൊപ്പം അവന്റെ അമ്മയും കുഞ്ഞു സഹോദരിയുമുണ്ട്.അമ്മ കുഞ്ഞു പെണ്‍കുട്ടിയെ മടിയില്‍ കിടത്തി ഉറക്കിയിരിക്കുന്നു.

അവരും നല്ല ഉറക്കത്തിലാണ്.എന്നാല്‍ ആ ആണ്‍കുട്ടി എന്നെ തന്നെ ശ്രദ്ധിക്കുന്നു. എനിക്ക് അസ്വസ്ഥത തോന്നി. ബസ്സില്‍ എല്ലാവരും മയക്കത്തിലാണ്.

ഹര്‍ഷനും ഉറങ്ങിയിരിക്കുന്നു.പുറത്തു മഴയുടെ നിറം കാരണം, മലയിറങ്ങുമ്പോള്‍ വെളുത്ത കര്‍ട്ടനുകള്‍ക്കിടയിലൂടെ നൂണ്ടു പോകുന്നത് പോലെ എനിക്കുതോന്നി .

ആ കുട്ടി എന്നെ തന്നെ നോക്കിയിരിക്കുന്നു. ഒരുപക്ഷേ എനിക്ക് അവന്റെ അച്ഛന്റെ ച്ഛായ ഉണ്ടാകും. പാവം .എനിക്ക് സഹതാപം തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ നോട്ടത്തില്‍ എന്തോ ദേഷ്യം ഉള്ളത് പോലെ നാന്‍ സംശയിച്ചു.അച്ഛന്‍ ആയിരിക്കില്ല,അവന്റെ ഗണിത അദ്ധ്യാപകന്റെ ഛായ ആവാം.

അയാള്‍ അവനെ ഹോം വര്‍ക്ക് ചെയ്യാത്തതിന് തല്ലുന്നുണ്ടാവാം. എനിക്ക് ആ അധ്യാപകനോട് ,എന്നോട് തന്നെ ദേഷ്യം തോന്നി.

ബസ് താഴ്‌വരയിലേക്ക് എത്തുന്നു. ആളുകള്‍ ഇറങ്ങാന്‍ തുടങ്ങുകയാണ്. ഇപ്പോള്‍ അവന്റെ നോട്ടം സ്നേഹപൂര്‍ണ്ണമായിരിക്കുന്നു. ഉവ്വ്. എനിക്ക് അവന്റെ മരിച്ചു പോയ അച്ഛന്റെ ച്ഛായ തന്നെ ആവും.ഞാന്‍ കരുതി.

ബസ് നിര്‍ത്തി .അപ്പോള്‍ മുന്‍പിലിരുന്ന മറ്റൊരു മനുഷ്യന്‍ എളിയില്‍ ഒരു കുട്ടിയുമായി വന്നു ആ സ്ത്രീയെ ഉണര്‍ത്തി.

അത് ആ സ്ത്രീയുടെ ഭര്‍ത്താവാണ് എന്ന് ഞാന്‍ ഞെട്ടലോടെ , മനസ്സിലാക്കി. എന്നെ നോക്കിക്കൊണ്ടിരുന്ന ആണ്‍കുട്ടി അവന്റെ ശരിക്കുമുള്ള അച്ഛന്റെ കൈ പിടിച്ചു ബസ്സില്‍നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു.

ഇറങ്ങുന്നതിനു മുന്‍പ് അവന്‍ എന്നെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി.കടുത്ത നിരാശയില്‍ എന്റെ മുഖം കുനിഞ്ഞു.

ഹര്‍ഷന്‍ എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

“ആ കുട്ടി നിങ്ങളെ കണ്ടുവല്ലേ?.” അയാള്‍ ചോദിച്ചു.

“ഉവ്വ്..എന്താ കാര്യം.”ഞാന്‍ പറഞ്ഞു.

“കുട്ടികള്‍ക്ക് ..ചില കുട്ടികള്‍ക്ക് നമ്മളെ കാണാന്‍ കഴിയുമെന്നു ഡോക്ടര്‍ ദേവന്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് മാത്രം.” ഹര്‍ഷന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *