മോളെ നിന്റെ വിവാഹത്തിനു ഞാന്‍ സമ്മാനം തന്ന മാല ഇപ്പോഴും കയ്യിലുണ്ടോ..

നിങ്ങളെല്ലാവരും ചേര്‍ന്ന്
(രചന: Anish Francis)

“മോളെ നിന്റെ വിവാഹത്തിനു ഞാന്‍ സമ്മാനം തന്ന മാല ഇപ്പോഴും കയ്യിലുണ്ടോ ?” ആന്റി എന്നോട് ചോദിച്ചു.

ഡിവോഴ്സിന് ശേഷം ഞാനാദ്യമായാണ് അമ്മയുടെ മൂത്ത ചേച്ചിയെ കാണാന്‍ ചെല്ലുന്നത്. എന്റെ ബാല്യകാലം മുഴുവന്‍ ആന്റിയുടെ വീട്ടില്‍നിന്നാണ് ഞാന്‍ സ്കൂളില്‍ പോയിരുന്നത്.

ഒരു പക്ഷേ അമ്മയേക്കാളും എനിക്ക് അടുപ്പം ആന്റിയോടായിരുന്നു. എന്നും.
മക്കളില്ലാതിരുന്നതിനാല്‍ ആന്റിക്ക് എന്നെ വലിയ കാര്യമായിരുന്നു.

“ഞാനത് തിരിച്ചുതരാനാ വന്നത്.” ഞാന്‍ മെല്ലെ പറഞ്ഞു.

നിവര്‍ത്തി വച്ച തലയിണയില്‍ ,ശിരസ്സ് ഒരല്‍പം നേരേയാക്കി ആന്റി എന്റെ നേരെ സൂക്ഷിച്ചുനോക്കി.

ഇരുവശത്തെക്കും കോതി വച്ച വെള്ളിമുടിയിഴകള്‍ കാറ്റില്‍ പറന്നു. ആന്റിയുടെ കണ്ണില്‍ വല്ലാത്തൊരു ഭാവം നിറഞ്ഞു.

“എനിക്ക് വേണ്ട.” അവര്‍ രൂക്ഷമായി പറഞ്ഞു.

“ഞാനത് എന്ത് ചെയ്യണം ?” ഞാന്‍ ചോദിച്ചു.

“എന്തെങ്കിലും ചെയ്യൂ.”

അത് പറഞ്ഞിട്ട് അവര്‍ പുറത്തേക്ക് നോക്കി കിടന്നു. ആന്റിയും എന്നോട് കടുത്ത ദേഷ്യത്തിലാണ് എന്നെനിക്ക് തോന്നി. ഞാന്‍ പോകാനായി എഴുന്നേറ്റു. പെട്ടെന്ന് അവര്‍ ശിരസ്സ് ചരിച്ചു എന്നെ നോക്കി.

“പോകുവാന്നോ ?”ആന്റി അമ്പരപ്പോടെ ചോദിച്ചു.

“അതെ.”

ആന്റി കൈകൊണ്ട് ഇരിക്കുവാന്‍ ആംഗ്യം കാട്ടി. പിന്നെ കൈ നീട്ടി എന്റെ കരങ്ങള്‍ കവര്‍ന്നു. ചുക്കിച്ചുളിഞ്ഞ വിരലുകള്‍കൊണ്ട് എന്റെ വിരലുകള്‍ തലോടി.ആ കുഴിഞ്ഞ കണ്ണുകളില്‍ വെള്ളം നിറഞ്ഞു.

“നീ ചെയ്തത് തന്നെയാടി ശരി.” അവര്‍ പറഞ്ഞു.

“ആ മാല ..അത് എന്ത് ചെയ്യണം ?” ഞാന്‍ വീണ്ടും ചോദിച്ചു. എന്റെ ശബ്ദം ഇടറിയിരുന്നു.

“നിനക്ക് തോന്നുന്നത് ചെയ്യ്‌ . ഇനിയാര്‍ക്കും അത് കൊടുക്കണ്ട.” ഉറച്ച സ്വരത്തില്‍ ആന്റി പറഞ്ഞു.

ആന്റിയുടെ ആ വാക്കുകളാണ് ഈ യാത്രയ്ക്ക് പ്രേരണ. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞു അസുഖങ്ങള്‍ ബാധിച്ചു വല്യമ്മച്ചി മരിച്ചു .

മലകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാത. നേരം ഉച്ചയാകുന്നതേയുള്ളൂ. എങ്കിലുമിപ്പോഴേ കോടമഞ്ഞിറങ്ങിയിട്ടുണ്ട്.

വഴിയില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ അധികമില്ല. ഓഫ് സീസണ്‍ ആയതുകൊണ്ടാകാം.

വഴിയരുകില്‍ ഒരു വെള്ളച്ചാട്ടം കണ്ടു. അതിനരികില്‍ രണ്ട് മൂന്നു ടൂറിസ്റ്റ് വാഹനങ്ങള്‍ കിടപ്പുണ്ട്. വെള്ളച്ചാട്ടത്തിനരികില്‍ മൂന്നു നാല് ചെറിയ കടകള്‍. ചായ ,ചൂട് ബജി ,ബോണ്ട..

വണ്ടിയൊതുക്കി പുറത്തിറങ്ങി. തണുത്ത കാറ്റില്‍ ദേഹം കുളിര്‍ന്നു. വണ്ടി ഓടിച്ചതിന്റെ ക്ഷീണം. ഒരു ചായ വാങ്ങി. വെള്ളച്ചാട്ടത്തിനു മുന്നില്‍ സെല്‍ഫിയെടുക്കാന്‍ തിരക്കുന്ന കുട്ടികള്‍.

“ഇനിയും നാലഞ്ചു കിലോമീറ്റര്‍ കൂടിയുണ്ട് സൂയിസൈഡ് പോയിന്റിലേക്ക് .”കടക്കാരന്‍ പറഞ്ഞു.

പെട്ടെന്ന് വെള്ളച്ചാട്ടത്തിനു മുന്‍പിലെ കുട്ടികള്‍ റോഡിലേക്ക് തിരിഞ്ഞു ഫോട്ടോയെടുക്കാന്‍ തുടങ്ങുന്നത് കണ്ടു.
ഹെയര്‍പിന്‍ വളവിലൂടെ മെല്ലെ കയറി വരുന്ന ഒരു കെ. എസ് .ആര്‍. ടി. സി ബസ്. ഒരു സിംഹത്തിന്റെ പ്രൌഡി.

“കെ. എസ്. ആര്‍. ടി. സി കേറി വരുന്നത് കാണാന്‍ നല്ല ലുക്കാ.” കടക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ബസ് അരികിലൂടെ പോയപ്പോള്‍ അകത്തു നിന്ന് ആരവം കേട്ടു.

“കോളേജ് പിള്ളേരാ. എല്ലാം സൂയിസൈഡ് പോയിന്റിലേക്കാ.” കടക്കാരന്‍ പറഞ്ഞു.

പെട്ടെന്ന് ആന്റിയെ ഓര്‍മ്മ വന്നു.
എത്ര വര്‍ഷം മുന്‍പാണ് ആന്റി ഇങ്ങനെയൊരു കെ. എസ്. ആര്‍. ടി. സി ബസ്സില്‍ ഈ വഴി യാത്ര ചെയ്തത്.
നാല്പത്തിയഞ്ചു കൊല്ലം മുന്‍പ് ?

“അന്ന് ഞാന്‍ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചുകൊണ്ടിരുന്നത്.” ഓര്‍മ്മയില്‍ ആന്റിയുടെ സ്വരം മുഴങ്ങി.

“ജോര്‍ജിന് അന്ന് പോലീസില്‍ ജോലി കിട്ടിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിരുന്നുള്ളു..”

ആന്റി ഭിത്തിയില്‍ തൂക്കിയ അങ്കിളിന്റെ ചിത്രത്തില്‍ നോക്കി പറഞ്ഞു .പിന്നെ ദീര്‍ഘമായി നിശ്വസിച്ചു. പോലീസ് യൂണിഫോമില്‍ പ്രൌഡഗംഭീരമായ നോട്ടത്തോടെയിരിക്കുന്ന മനുഷ്യന്‍.

ജോര്‍ജ്ജും പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒപ്പമുണ്ടായിരുന്ന ഒന്ന് രണ്ടു സഹപ്രവര്‍ത്തകരും കൂടിയാണ് ഹോസ്റ്റലില്‍ വന്നത് .കല്യാണത്തിനു മുന്‍പ് കറങ്ങാന്‍ ഒന്നും വീട്ടില്‍ സമ്മതിക്കില്ലായിരുന്നു.

ഹോസ്റ്റലില്‍ നിന്ന് അധികം ദൂരെയല്ലായിരുന്നു ഈ സ്ഥലം. രാവിലെ പോയാല്‍ രാത്രി അധികം വൈകാതെ തിരിച്ചെത്താം.

അങ്ങിനെയാണ് ഞങ്ങള്‍ ഈ ബസ് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.
അടിവാരത്ത് നിന്ന് പത്തു പതിനഞ്ചു കിലോമീറ്റര്‍ ധാരാളം ഹെയര്‍ പിന്‍ വളവുകള്‍ ചുറ്റി കുന്നിന്‍മുകളില്‍ എത്താം.

സദാ മഞ്ഞു മൂടി കിടക്കുന്ന കുന്ന്. അവിടെ നിന്നാല്‍ കടല്‍പോലെനീണ്ട ആകാശത്ത് മേഘങ്ങള്‍ നീന്തുന്നത് കാണാം.

സ്വപ്നസുന്ദരമായ ആ കാഴ്ച കാണാനാണ് സഞ്ചാരികള്‍ എത്തുന്നത്.
പോകുന്ന വഴി രണ്ട് മൂന്നു സ്ഥലത്ത് ബസ് നിര്‍ത്തും. ഒരു വെള്ളച്ചാട്ടം ,പിന്നെ സൂയിസൈഡ് പോയിന്റ്..പിന്നെ ഒരു വാച്ച് ടവര്‍.

പ്രതിശ്രുതവരനോടൊപ്പം ഒരു ബസ് യാത്ര. ഞാന്‍ വലിയ ഉത്സാഹത്തിലായിരുന്നു. അടിവാരത്തു ബസ് വരാന്‍ കാത്തു നില്‍ക്കുന്നത്തിനിടയില്‍ ജോര്‍ജ് എന്റെ ചെവിയില്‍ മന്ത്രിച്ചു.

“ദാ ആ നില്‍ക്കുന്നയാളെ കണ്ടോ. അതാണ്‌ സുനില്‍.. മോഷ്ടാവാണ്.”

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കുന്ന മെലിഞ്ഞ ഇരുനിറമുള്ള യുവാവിനെ നോക്കി ജോര്‍ജ് പറഞ്ഞു.

ഞാനയാളെ ശ്രദ്ധിച്ചു. തവിട്ടു നിറമുള്ള മുഷിഞ്ഞ ഷര്‍ട്ട്. പാന്റ്. കുറ്റിത്താടി . അയാള്‍ എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയാണ്.

“ഞാനിയാളെ ജയിലില്‍ വച്ച് കണ്ടിട്ടുണ്ട്. എന്നെ ഓര്‍മ്മ കാണില്ല.” ജോര്‍ജ് പറഞ്ഞു.

അപ്പോഴേക്കും വണ്ടി വന്നു. അയാളെ നോക്കിയപോ കാണുന്നില്ല.

“തന്റെ മാല ഇങ്ങു തന്നെ. ഒരു പണിയുണ്ട്.” കള്ളച്ചിരിയോടെ ജോര്‍ജ് പറഞ്ഞു.

“എന്തിനാ ?” ഞാന്‍ എതിര്‍ത്തു.

“അതൊക്കെ പറയാം. അവനെ കുടുക്കണം. ഇതൊക്കെ ഒരു രസമല്ലേ?”
“അതൊക്കെ വേണോ?”

“വേണം. ഒരു ക്രിമിനലാണ്. അവനീ വണ്ടിയില്ത്തന്നെ കയറും. ടൂറിസ്റ്റുകളുടെ പോക്കറ്റടിക്കാനും മാല പൊട്ടിക്കാനും വരുന്ന വരവാണ്.”

എനിക്ക് ടെന്‍ഷന്‍ തോന്നി. എങ്കിലും എനിക്ക് ജോര്‍ജിനെ അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ മാലയൂരി ക്കൊടുത്തു.
ഞങ്ങള്‍ ബസ്സില്‍ ആ കള്ളന്‍ ഇരുന്നതിന്റെ തൊട്ടു മുന്‍പത്തെ സീറ്റില്‍ കയറിയിരുന്നു.

“നമ്മള്‍ അവനു ഒരു ചൂണ്ടയിട്ട് കൊടുക്കുന്നു. അവന്‍ കൊത്തും .നോക്കിക്കോ.” ജോര്‍ജ് എന്റെ കാതില്‍ പറഞ്ഞു.

“എങ്ങിനെ ?”

“വെള്ളച്ചാട്ടത്തിന്റെയവിടെ എല്ലാരും ഇറങ്ങും. അവന്‍ തിരിച്ചു കേറുന്നതിനു മുന്‍പ് ആരും കാണാതെ അവന്റെ സീറ്റിനു മുന്‍പില്‍ ഈ മാലയിടണം. ഞാന്‍ എല്ലാം ചെയ്തോളാം.”

എനിക്കാകെ പേടിയായി. പക്ഷേ ജോര്‍ജ് ആകെ ത്രില്ലിലായിരുന്നു.

“ഒന്നും പേടിക്കണ്ട. മലയുടെ മുകളില്‍ പോലീസുണ്ട്. ഡി. ഐ. ജിയും ഫാമിലിയും ടൂറിനു വന്നിട്ടുണ്ട്. ഞാനൊന്നും കാണാതെ ഇതൊന്നും ചെയ്യത്തില്ല. ഒരു പ്രൊമോഷന്‍ കിട്ടിയാല്‍ പുളിക്കുവോ ?”

ജോര്‍ജ്ജ് ചോദിച്ചു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

വെള്ളച്ചാട്ടത്തിനു സമീപം വണ്ടി നിര്‍ത്തി. എല്ലാവരും ഇറങ്ങി. ടെന്‍ഷന്‍ കാരണം എനിക്കൊന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

അഞ്ചു പത്തു മിനിട്ട് ബ്രേക്ക് എടുത്തതിനുശേഷം എല്ലാവരും തിരിച്ചു വന്നു വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടെടുത്തു കുറച്ചു കഴിഞ്ഞു ഞാന്‍ ജോര്‍ജിന്റെ ചെവിയില്‍ മന്ത്രിച്ചു.

“അയാള്‍ എടുത്തില്ലെങ്കിലോ ?”

“എടുത്തില്ലെങ്കില്‍ കുഴപ്പമില്ല. അവന്‍ നന്നായി എന്ന് കരുതിയാല്‍ മതി. നമുക്ക് നോക്കാം.”

വണ്ടി വീണ്ടും കയറ്റം വലിഞ്ഞു കയറി. ചുവന്ന ബിഗോനിയ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന വഴിയോരം. പക്ഷേ ഞാന്‍ ഒന്നും കാണുന്നില്ലായിരുന്നു.

“വണ്ടി നിര്‍ത്തണം. എനിക്കൊന്നു ഇറങ്ങണം.” പെട്ടെന്ന് പിറകില്‍ നിന്ന് ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു.

“ഇവിടെ സ്റ്റോപ്പില്ല. ഇനി ഏറ്റവും മുകളിലെ നിര്‍ത്താന്‍ പറ്റൂ.” കണ്ടക്ടര്‍ പറഞ്ഞു. ഇതിനിടയില്‍ ജോര്‍ജ് ഒരു നിമിഷം കുനിഞ്ഞു താഴേക്ക് നോക്കി.

“അവനാ മാല എടുത്തു.” ജോര്‍ജ് എന്റെ ചെവിയില്‍ പറഞ്ഞു.

“അയ്യോ ..എന്റെ മാല..” എനിക്ക് ആധി കയറി.

“ബഹളം വയ്ക്കണ്ട .ഇനി കണ്ടോ കളി ”

ഇതിനിടയില്‍ കണ്ടക്ടറും ആ ചെറുപ്പക്കാരനുമായി വാക്കേറ്റമായി കഴിഞ്ഞിരുന്നു. ചെറുപ്പക്കാരന്‍ ചരടില്‍ വലിച്ചു ബെല്ലടിച്ചു.

“വണ്ടി നിര്‍ത്തടോ ?” അയാള്‍ അലറി.

“തോന്നിയവാസം കാണിക്കരുത്. വണ്ടി മുകളിലെത്താതെ നിര്‍ത്താന്‍ പറ്റില്ല.”
കണ്ടക്ടര്‍ വിട്ടുകൊടുത്തില്ല.

“വണ്ടി നിര്‍ത്തരുത്. അവന്റെ കയ്യില്‍ ഒരു മാലയുണ്ട്. മാല മോഷ്ടാവാണ്.” ജോര്‍ജ് ചാടിയെഴുന്നേറ്റു വിളിച്ചു പറഞ്ഞു.

യാത്രക്കാര്‍ അമ്പരന്നു. രണ്ടു മൂന്നു പേര്‍ ചേര്‍ന്നു ആ ചെറുപ്പക്കാരനെ വട്ടം പിടിച്ചു. ജോര്‍ജ്ജും മറ്റുള്ളവരും ചേര്‍ന്ന് അയാളുടെ പോക്കറ്റില്‍നിന്ന് മാല ബലമായി പിടിച്ചെടുത്തു.

“ഞാന്‍ പോലീസ് ഇന്‍സ്പെക്ടറാണ്. വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ഞാനിവനെ ശ്രദ്ധിക്കുകയായിരുന്നു. മുകളില്‍ പോലീസുണ്ട്. അവര്‍ക്ക് കൈ മാറാം അവനെ.”

ജോര്‍ജ് പറഞപ്പോള്‍ എല്ലാവരും ബഹുമാനത്തോടെ നോക്കി. അവന്‍ ഒരു അക്ഷരം തിരിച്ചു പറഞ്ഞില്ല. ഒരു ആട്ടിന്‍കുട്ടിയെപോലെ അവന്‍ അനങ്ങാതെ നിന്നു.

ഇടയ്ക്ക് അവന്‍ എന്നെ ഒരു നിമിഷം നോക്കി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നോട്ടമായിരുന്നു അത്. ആ നോട്ടമേല്‍ക്കാന്‍ കഴിയാതെ ഞാന്‍ ശിരസ്സ്‌കുനിച്ചു.

ബസ് സൂയിസൈഡ് പോയിന്റില്‍ എത്തി. വണ്ടി സ്ലോ ചെയ്തതും അപ്രതിക്ഷിതമായ് എല്ലാവരെയും കുതറിച്ചുകൊണ്ടു വെളിയില്‍ ചാടി.

“അവനെ വിടരുത്.” ജോര്‍ജ് വിളിച്ചു കൂവി.

ആള്‍ക്കാര്‍ അവന്റെ പിറകെ ഓടി.
അവന്‍ ഓടി സൂയിസൈഡ് പോയിന്റിന്റെ വേലിയുടെ അരികില്‍ എത്തി.

പിറകെ വന്നവര്‍ ഒരു നിമിഷം ഞെട്ടി.
അവന്‍ പൊടുന്നനെ തിരിഞ്ഞു നിന്നു .പിന്നെ ജനകൂട്ടത്തിനു നേരെ വിരല്‍ ചൂണ്ടി..

“നിങ്ങള്‍..നിങ്ങളെല്ലാവരും ചേര്‍ന്ന് .” അവന്‍ എന്തോ പറയാന്‍ തുടങ്ങി.

ഒരു നിമിഷം അവന്‍ എന്നെ ഒന്നുകൂടി നോക്കി. പിന്നെ പറയാന്‍ വന്നത് പൂര്‍ത്തിയാക്കാതെ അവന്‍ വേലിക്കെട്ടിനപ്പുറം കടന്നു കൊ ക്ക യിലേക്ക് എടുത്തുചാടി.

കാര്‍ സൂ യിസൈഡ് പോയിന്റിലെത്തി. അഗാധമായ താഴ്ച. മഞ്ഞു കാരണം കാഴ്ച്ച അവ്യക്തമായിരുന്നു.

ബാഗില്‍നിന്ന് ആ മാലയെടുത്ത് കൊക്കയിലേക്ക് എറിഞ്ഞു.

ഇത് അയാളുടെ ജീവന്റെ വിലയാണ്..

മനസ്സില്‍ ആന്റിയുടെ മുഖം തെളിഞ്ഞു. ഏതൊക്കെയോ ശാപത്തിന്റെ ചങ്ങലകള്‍ അഴിഞ്ഞുവീഴുന്നത് പോലെ തോന്നി.

തിരിച്ചു കാറില്‍ കയറാന്‍ നേരം ഒരു നിമിഷം നിന്നു. സൂയിസൈഡ് പോയിന്റിന്റെ വേലിക്കെട്ടിനരികില്‍ ചെന്ന് ഒന്ന് കൂടി താഴേക്ക് നോക്കി.

ഒന്നും കാണാനില്ല. മഞ്ഞ് .മഞ്ഞു മാത്രം.
ചെവിയോര്‍ത്തു.

അന്തരീക്ഷത്തില്‍ “നിങ്ങള്‍ .. നിങ്ങളെല്ലാവരും ചേര്‍ന്ന് ..” എന്ന ശബ്ദം അപ്പോഴും പ്രതിധ്വനിക്കുന്നത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *