പിള്ള ചേട്ടന് ഭാര്യയെ സ്നേഹിക്കുകയല്ല പൂജിക്കുകയാണ് എന്ന് ചിലപ്പോള്‍ എനിക്ക്..

ഗായത്രി ടീ ഷോപ്പ്
(രചന: Anish Francis)

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനീ പട്ടണത്തിലേക്ക് തിരിച്ചു വരുന്നത്. തീര്‍ത്തും വിചാരിക്കാത്ത യാത്ര.

ഒരു പകല്‍ ഇവിടെ ചെലവഴിക്കേണ്ട ഒരു കാര്യം വന്നു. അതിനിടയില്‍ പണ്ട് ജോലി ചെയ്തിരുന്ന ഓഫീസില്‍ കയറി. ഓര്‍മ്മകള്‍ പുതുക്കി.

ഓര്‍മ്മകള്‍ ചില പെയിന്റിംഗുകള്‍ പോലെയാണ്. കാലം ചെല്ലും തോറും അവ മങ്ങും.

തികയാത്ത വസ്തുതകള്‍ ചിലപ്പോള്‍ ഭാവനകൊണ്ട് പൂര്‍ത്തികരിക്കും. വിചാരിക്കാത്ത അര്‍ത്ഥങ്ങള്‍ കൈവരും. ഈ ചെറിയ പട്ടണത്തില്‍ ഞാന്‍ ഏകദേശം എട്ടു മാസങ്ങള്‍ മാത്രമാണ് ചെലവഴിച്ചത്‌.

എങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഈ പട്ടണത്തിലെ ഒരു സ്ഥലവും അവിടുത്തെ ആള്‍ക്കാരും ഒളിമങ്ങാതെ നിന്നു. ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള ഗായത്രി ടീ ഷോപ്പ് ആണത്.

ഞാനിപ്പോള്‍ നടക്കുന്നതു അങ്ങോട്ടാണ് .പട്ടണം വല്ലാതെ വളര്‍ന്നിരിക്കുന്നു. ഗായത്രി ടീ ഷോപ്പ് എന്ന പഴഞ്ചന്‍ ചായക്കട അവിടെ കാണുവാന്‍ ഒരു സാധ്യതയുമില്ല. എങ്കിലും ഞാന്‍ അങ്ങോട്ട്‌ നടക്കുകയാണ്.

ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസ് പട്ടണത്തിന്റെ അതിരിലായിരുന്നു. എങ്കിലും തിരക്കിനു യാതൊരു കുറവുമില്ല. രാവിലെ എട്ടു മണി മുതല്‍ ആളുകള്‍ വരും.

സമയം പോകുന്നതറിയില്ല. ഞാന്‍ താമസിച്ചിരുന്നത് ,ഇവിടെ നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ അകലെ ഒരു വാടകവീട്ടിലും. അതിനാല്‍ ഭക്ഷണം അന്നൊരു വലിയ പ്രശ്നമായിരുന്നു.

പലപ്പോഴും പത്തു മണിയാകുമ്പോള്‍ ഓഫീസിന്റെ അടുത്തുള്ള ഉന്തുവണ്ടിക്കടയില്‍ പോയി പൊടിക്കാപ്പിയും ബണ്ണും ബോണ്ടുയും ഒക്കെ കഴിച്ചു വിശപ്പടക്കും.

നഗരത്തിലെ വലിയ ഹോട്ടലുകളിലെ ഭക്ഷണം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ഉച്ച കഴിഞ്ഞു രണ്ടു മണിയാവുമ്പോഴാണ് പിന്നെ ഓഫീസിലെ തിരക്ക് കുറച്ചു കുറയുന്നത്. അപ്പോള്‍ ഞാന്‍ മെല്ലെ ഓഫീസില്‍ നിന്നിറങ്ങി അരകിലോമീറ്റര്‍ അകലെയുള്ള ഗായത്രി ടീ ഷോപ്പിലേക്ക് നടക്കും.

രാമചന്ദ്രന്‍ പിള്ളയും അയാളുടെ ഭാര്യ സുനന്ദയും മകന്‍ വിനോദുമാണ് കട നടത്തുന്നത്. പിള്ളക്ക് ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവളുടെ പേരിലാണ് ഹോട്ടല്‍ എന്ന് ഞാന്‍ മനസ്സിലാക്കി.

ഉച്ചകഴിഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ചൂട് ഇഡലിയും മുളക് പൊടിയും ഓംലറ്റും ഉണ്ടാകും. ഭക്ഷണം ഉണ്ടാക്കുന്നത്‌ പിള്ളയും ഭാര്യയും കൂടിയാണ്.

രുചികരമായ ഭക്ഷണം. അത് കൂടാതെ പട്ടണത്തിനെ വലംവച്ച് പോകുന്ന ആറിന്റെ ഇറമ്പിലായിരുന്നു ഈ നാടന്‍ ചായക്കട. അതിനോട് ചേര്‍ന്ന് ഒരു വലിയ മുളംകൂട്ടമുണ്ടായിരുന്നു.

മഞ്ഞ മുളയിലകള്‍ വീണു കിടക്കുന്ന ആറ്റുതീരത്ത് ,നിശബ്ദമായ ഉച്ചനേരങ്ങളില്‍ ഒരു കാറ്റും കൊണ്ടങ്ങു നില്‍ക്കുന്നത് പകലത്തെ ജോലി ഭാരത്തിനു ഞാന്‍ സ്വയം നല്‍കുന്ന ഒരു പ്രതിഫലമായിരുന്നു.

ഹോട്ടലിന്റെ അടുത്ത് ഒരു പലചരക്ക് കടയുണ്ട്. എല്ലാ നാട്ടിലും ഉള്ളത് പോലെ ഒരു കുമാരേട്ടന്‍ നടത്തുന്ന കട.

ഗായത്രിയില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം കുമാരേട്ടന്റെ കടയില്‍ നിന്ന് ഒരു വില്‍സ് വാങ്ങി ഞാന്‍ ആ മുളംകൂട്ടത്തിന്റെ ചുവട്ടില്‍ പോയി നിന്ന് വലിക്കും.

അത്തരം ചെറിയ നിമിഷങ്ങളിലാണ് ജീവിതത്തിലെ സൗഭാഗ്യമെന്ന് അന്നേ എനിക്കൊരു ഫിലോസഫിയുണ്ടായിരുന്നു.

ചില ദിവസങ്ങളില്‍ വൈകുന്നേരവും അവിടെനിന്നു കഴിക്കും. ഓഫീസില്‍ നിന്ന് താമസിച്ചിറങ്ങുന്ന രാത്രികളില്‍ ചില ചിലപ്പോള്‍ പട്ടണത്തിലെ മറ്റൊരു സുഹൃത്തിന്റെ കടയില്‍ പോയി കൂടാറുണ്ടായിരുന്നു.

അതൊരു വേനല്‍ക്കാലമായിരുന്നു. വല്ലപോഴും ഒരു തണുത്ത ബിയര്‍ , അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്ത ഒന്നോ രണ്ടോ പെഗ് വോഡ്‌ക.

ഇതൊക്കെയായിരുന്നു ആ രഹസ്യ ലക്ഷ്വറികള്‍. അങ്ങിനെയുള്ള ദിവസം ഗായത്രി ടീ ഷോപ്പില്‍ നേരത്തെ പറയും. അവര്‍ ചോറും വരുത്തരച്ച കോഴിക്കറിയും ഉണ്ടാക്കി വയ്ക്കും.

മഞ്ഞ നിറമുള്ള പഴുത്ത വാഴക്കുലകള്‍ തൂങ്ങി നില്‍ക്കുന്ന ഗായത്രി ടീ ഷോപ്പിലേക്കുള്ള യാത്രകള്‍ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ,അത്ര സന്തോഷകരമായിരുന്നില്ല.

അവിടുത്തെ ഭക്ഷണം രുചികരമായിരുന്നുവെങ്കിലും ,ഹോട്ടല്‍ നടത്തുന്ന ആളുകളെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമുണ്ടായിരുന്നില്ല.

അവരെക്കാള്‍ കൂടുതല്‍ സൊഹൃദം അടുത്തുള്ള പലചരക്ക് കട നടത്തുന്ന കുമാരേട്ടനുമായി ഉണ്ടായിരുന്നു. അവിവാഹിതനായ അയാളുടെ പെരുമാറ്റത്തില്‍ ഹൃദ്യമായ ഒരു ഉദാസീനത ഉണ്ടായിരുന്നു.

മറ്റു കടക്കാരില്‍ നിന്ന് വിഭിന്നമായി അയാള്‍ കടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന മാസികകള്‍ വായിക്കുകയും , അത്യാവശ്യം ലോകവിവരം ഉള്ള ആളെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്തു. അയാളുടെ കടയില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു.

ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു വരെ അയാള്‍ പാട്ട് കേട്ടുകൊണ്ട് കിടക്കും. രണ്ടു മണി മുതല്‍ രണ്ടു പത്തു വരെയുള്ള സമയം അയാള്‍ ഓഫ് ചെയ്യാന്‍ മറന്ന റേഡിയോയില്‍ നിന്ന് ഇടക്ക് ഞാന്‍ ഇംഗ്ലീഷ് വാര്‍ത്തകള്‍ കേട്ടൂ.

ഒരു വലിയ നഗരത്തിലേക്ക് കുടിയേറാന്‍ കൊതിച്ച ആ നാളുകളില്‍ ആ ഇംഗ്ലിഷ് വാര്‍ത്തകള്‍ ഞാന്‍ ജീവിക്കുകയാണ് എന്ന ഓര്‍മ്മ എനിക്ക് പകര്‍ന്നു.

ഗായത്രി ടീ ഷോപ്പില്‍ ഞാനേറ്റവും വെറുത്തത് പിള്ളച്ചേട്ടന്റെ മകന്‍ വിനോദിനെയാണ്.

ചില മനുഷ്യരോട് നമ്മുക്ക് പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഒരു ഇഷ്ടക്കേട് തോന്നുമല്ലോ. വിനോദിന് ഒരു ഇരുപതു ഇരുപത്തിരണ്ടു വയസ്സ് പ്രായം വരും.

മിക്കവാറും കാവി മുണ്ടും പൂക്കള്‍ വാരി വിതറിയ പാര്‍ട്ടി സ്റ്റൈല്‍ ഷര്‍ട്ടുമാണ് വേഷം. അവന്‍ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല. സദാ എല്ലാവരോടും ദേഷ്യത്തിലാണ് എന്ന് തോന്നിക്കുന്ന കലിപ്പന്‍ മുഖഭാവം.

പ്ലസ് ടൂ തോറ്റതിന് ശേഷം ഹോട്ടലില്‍ സഹായിക്കുകയാണ്. ഭക്ഷണം ടേബിളില്‍ കൊണ്ടുവന്നു വയ്ക്കു,കാശ് വാങ്ങുക തുടങ്ങിയവയാണ്‌ വിനോദിന്റെ ചുമതല. മിക്ക സമയവും മൊബൈലില്‍ തോണ്ടലാണ് ചെക്കന്റെ ഹോബി.

അത്രയും കാലം അവിടെനിന്നു ഭക്ഷണം കഴിച്ചെങ്കിലും ,അവന്‍ എന്റെ പേര് ചോദിക്കുകയോ ,ഒന്ന് ചിരിക്കുകയോ കൂടി ചെയ്തിട്ടില്ല. വേണമെങ്കില്‍ കഴിച്ചിട്ട് പോ എന്ന ലൈനിലാണ് ഭക്ഷണം ടേബിളില്‍ കൊണ്ട് വന്നു വയ്ക്കുന്നത്.

ഭക്ഷണം ലഭിക്കാന്‍ താമസിച്ചാല്‍ , അവനെ വിളിക്കുന്നത്‌ അവനില്‍ ഒരു അനിഷ്ടം ഉണ്ടാക്കും. പല സമയവും അടുക്കളയില്‍ ,പിള്ള ചേട്ടനോ സുനന്ദയുമായോ ഇവന്‍ കയര്‍ക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

“അവനെ ഒരു ദിവസം മാറ്റി നിര്‍ത്തി ചെപ്പക്കുറ്റി തീര്‍ത്തു ഒന്ന് കൊടുത്താലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. ഒരു ദിവസം ഞാന്‍ കുമാരേട്ടനോട് വിനോദിനെ പറ്റി ഉള്ളിലുള്ള കാര്യം തുറന്നു പറഞ്ഞു.

കുമാരേട്ടന്‍ കസേരയിലിരുന്നു ഉറക്കം തൂങ്ങുകയായിരിരുന്നു.

“ചെക്കന്റെ പ്രായത്തിന്റെയാ. പിന്നെ ലേശം ക ഞ്ചാ വും ഉണ്ടെന്നു ഞാനറിഞ്ഞു.” കുമാരേട്ടന്‍ പതിവുള്ള അലസമായ ചിരിയോടെ പറഞ്ഞു.

എന്നാല്‍ പിള്ള ചേട്ടന്‍ ഇങ്ങനെയായിരുന്നില്ല. അയാള്‍ക്ക് ഒരല്‍പം കേള്‍വിക്കുറവുണ്ട്.

കൈലിയും ബനിയനുമാണ് വേഷം. നെഞ്ചിലെ നരച്ച രോമക്കാടുകള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന രുദ്രാക്ഷവും ,പിരിയന്‍ സ്വര്‍ണ്ണമാലയും.

അയാളുടെ വിവാഹം താമസിച്ചാണ് കഴിഞ്ഞതെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം ഭാര്യ സുനന്ദ അയാളെക്കാള്‍ വളരെ ചെറുപ്പം തോന്നിച്ചു. പിള്ളച്ചേട്ടനെ കണ്ടാല്‍ സുനന്ദയുടെ അച്ഛനാന്നേ പറയൂ..

പിള്ള ചേട്ടന് ഭാര്യയെ സ്നേഹിക്കുകയല്ല പൂജിക്കുകയാണ് എന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. അത്ര സുന്ദരിയായ ഭാര്യക്കുള്ള യോഗ്യത തനിക്കില്ല എന്ന മട്ടിലാണ് പിള്ളചേട്ടന്‍ അവരോട് പെരുമാറുന്നത്.

അയാള്‍ ഒരു ദുര്‍ബലനായ മനുഷ്യനായിരുന്നെങ്കില്‍ സുനന്ദ നേരെതിരിച്ചാണ്.

ഗോതമ്പ് നിറമുള്ള സുന്ദരിയും ഊര്‍ജസ്വലയുമായ ഒരു സ്ത്രീ. വിനോദില്ലാത്ത ദിവസങ്ങളില്‍ അവരാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നതും ഭക്ഷണം കൊണ്ട് വന്നുതരുന്നതും.

കടും നിറങ്ങളുള്ള നൈറ്റികളാണ് സ്ഥിരം വേഷം. അവരുടെ ഉത്സാഹഭരിതമായ ചലനങ്ങളും , ചുണ്ടില്‍ തങ്ങിനിന്ന ചെറുപുഞ്ചിരിയും കണ്ടാല്‍ ആര്‍ക്കും അവരോട് മതിപ്പ് തോന്നും.

ഹോട്ടലിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു.

ഗായത്രി ടീ ഷോപ്പ് എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാനിടയായ സംഭവം നടന്നത് ,ഞാന്‍ ആ പട്ടണത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് ട്രാന്‍സ്ഫര്‍ ആവാറായി ഇരിക്കുന്ന കാലത്തായിരുന്നു.

അന്ന് വളരെ വൈകിയാണ് ഞാന്‍ ചായക്കടയിലെത്തിയത്.

ട്രാന്‍സ്ഫറുമായി ബന്ധപെട്ടു സ്റോക്കെടുപ്പിന്റെയും മറ്റും തിരക്കുകള്‍. നേരം ഒരു അഞ്ച്,അഞ്ചരയായിട്ടുണ്ടാവും. ഞാന്‍ കടയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ,ഒന്ന് പരുങ്ങി.

തൊട്ടടുത്ത കടയില്‍ കുമാരേട്ടന്‍ ഉണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇല്ല കട അടച്ചിട്ടിരിക്കുകയാണ്. അയാള്‍ പുറത്തെങ്ങോ പോയിരിക്കുന്നു. ഈയിടെയായി അയാളുടെ കട പലപ്പോഴും അടഞ്ഞു കിടക്കുകയാണ്.

എന്തൊക്കെയോ സാമ്പത്തിക പ്രശ്നങ്ങളുണ്ട്‌. കുറച്ചു ദിവസങ്ങളായി ഞാന്‍ കുമാരേട്ടന് മുഖം കൊടുക്കുന്നില്ല. ഒരു വലിയ തുക അയാള്‍ എന്നോട് കടം ചോദിച്ചു.

പിണക്കാന്‍ വയ്യാത്തത് കൊണ്ട് പിന്നെ നോക്കാം എന്നൊക്കെ പറഞ്ഞു ഞാന്‍ ഒഴികഴിവ് പറഞ്ഞു. ഒരുദിവസം എന്നെ തേടി ഓഫിസിലും വന്നിരുന്നു.

മുന്‍പ് ചെറിയ തുകകള്‍ ഞാന്‍ കടം കൊടുത്തിരുന്നു. അതില്‍നിന്നു കുറച്ചു പണം അയാള്‍ എനിക്ക് തിരികെ തരാനുമുണ്ട്.

“സാറിനു ട്രാന്‍സ്ഫര്‍ ആകാറായി എന്ന് അവന്‍ എങ്ങിനെയോ അറിഞ്ഞു. ഇതവന്റെ സ്ഥിരം പരിപാടിയാണ്. ഏതായാലും വലിയ തുക ഒന്നും കടം കൊടുക്കണ്ട.

തിരിച്ചുകിട്ടാന്‍ പാടാ. പിന്നെ ഇവിടെനിന്നു പോയിട്ട് ,ഇവന്റെ പൈസക്ക് വേണ്ടി മാത്രം ഇവിടെ വരെ വരേണ്ടി വരും.” ഓഫീസിലെ പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നെ ഉപദേശിച്ചു.

ഏതായാലും കുമാരേട്ടന്‍ സ്ഥലത്തില്ല. ആശ്വാസം. ഞാന്‍ ടീ ഷോപ്പിലേക്ക് കയറി. നല്ല വിശപ്പുണ്ട്.

“രൂപാ ഒന്നും രണ്ടുമല്ല , പതിനായിരമാ.. നിനക്കെന്തിനാ ഇത്രയും തുക.?” പിള്ള ചേട്ടന്റെ ഉച്ചത്തിലുള്ള സ്വരം കേട്ട് ഞാന്‍ ഞെട്ടി.

അടുക്കളയില്‍ വലിയ ഒരു വാക്കേറ്റം നടക്കുന്നു.

“അച്ഛാ,സത്യം അച്ഛാ,ഞാന്‍ പൈസ എടുത്തിട്ടില്ല,തലേ തൊട്ടു സത്യം ചെയ്യാം..” വിനോദിന്റെ ചിലമ്പിച്ച സ്വരം.
ഞാന്‍ ബഞ്ചിലിരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി.

വിനോദ് എനിക്ക് പുറം തിരിഞാണ് നില്‍ക്കുന്നത്. അടുക്കളയില്‍ ഒരു ഒരു അരഭിത്തിക്കപ്പുറം പൈസ എണ്ണിനോക്കുന്ന പിള്ള ചേട്ടന്‍.

അരഭിത്തിയുടെ മുകള്‍ ഭാഗം ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നതിനാല്‍ അടുത്തു നില്‍ക്കുന്ന സുനന്ദയുടെ മുഖം വ്യക്തമല്ല
.
“നീ പലതവണ ,അരപ്പെട്ടിയില്‍ നിന്ന് പൈസ എടുത്തു. ഇതാദ്യമല്ല. നിനക്ക് നാണമില്ലേ ഇങ്ങനെ ജീവിക്കാന്‍. തെണ്ടി . നീ എങ്ങിനെയാടാ കഴുവേറി എന്റെ മകനായത്‌?”

പിള്ളച്ചേട്ടന്റെ സ്വരം ഒരു മൃഗത്തിന്റെ മുറുമ്മല്‍ പോലെ തോന്നി. അയാള്‍ ഏതു നിമിഷവും വിനോദിനെ തല്ലുമെന്ന് എനിക്ക് തോന്നി.

“ഒന്ന് മിണ്ടാതിരിക്ക്‌ ,കടയില്‍ ആരോ വന്നിട്ടുണ്ട്. ആളുകള്‍ കേള്‍ക്കും.” സുനന്ദയുടെ ശബ്ദം.

“ഞാന്‍ ഒന്ന് കൂടി എണ്ണി നോക്കാം..” സുനന്ദ ഭര്‍ത്താവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.

പിള്ള ചേട്ടന്‍ കയ്യിലുണ്ടായിരുന്ന നോട്ടുകള്‍ വലിച്ചെറിഞ്ഞു.

“ഗായത്രിടെ കൊച്ചിനു ഇനി മോതിരം കൊടുക്കണ്ട. എന്തോ ഭാഗ്യത്തിന് ഇത് നോക്കാന്‍ എനിക്ക് തോന്നി. ഇനി നിന്റെ മോനും നീയും കൂടി എണ്ണിനോക്ക്..” അയാള്‍ക്ക് ദേഷ്യം കൊണ്ട് കണ്ണുകാണാതായി.

“ഞാനെടുത്തിട്ടില്ല അച്ഛാ…ഞാനെത്ര പ്രാവശ്യം പറഞ്ഞു.” വിനോദിന്റെ സ്വരം ദുര്‍ബലമാണ്.

എനിക്ക് കാര്യങ്ങള്‍ ഊഹിക്കാന്‍ കഴിയുമായിരുന്നു. മകളുടെ ആവശ്യത്തിനുവേണ്ടി പിള്ളചേട്ടന്‍ കരുതി വച്ച പൈസ നഷ്ടപ്പെട്ടിരിക്കുന്നു. അത് വിനോദ് എടുത്തതാവണം.

പിള്ള ചേട്ടനെ കുറ്റം പറയാന്‍ കഴിയില്ല. എനിക്ക് വിനോദിനോടുള്ള വെറുപ്പ്‌ കൂടി.

പെട്ടെന്ന് വിനോദ് വെട്ടിത്തിരിഞ്ഞു പുറത്തേക്ക് വന്നു. ബഞ്ചിലിരിക്കുന്ന എന്നെ അവന്‍ ശ്രദ്ധിച്ചു പോലുമില്ല. ചവിട്ടി തുള്ളി പുറത്തു പോയി ,സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന ശബ്ദം കേട്ടു.

ഇപ്പോള്‍ അടുക്കളയില്‍ നിന്ന് ശബ്ദം കേള്‍ക്കാനില്ല. എന്റെ വിശപ്പ്‌ കെട്ടു. ഞാന്‍ മെല്ലെ അവിടെ നിന്നിറങ്ങി തിരിച്ചു ഓഫീസിലേക്ക് നടന്നു.

പിറ്റേന്നു ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ പോലീസ് ജീപ്പുകള്‍ പാഞ്ഞു പോകുന്നത് കണ്ടു.

“വിനോദ് ,അവന്റെ തന്തയെ കുത്തി. അയാള്‍ ഗുരുതരാവസ്ഥയിലാണ്.” ഓഫീസിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

ഞാന്‍ ഞെട്ടി. പക്ഷേ എനിക്ക് അത്ഭുതം തോന്നിയില്ല. വിനോദ് ക ഞ്ചാ വിനു അടിമയായതിനാല്‍, അതും അതിനപ്പുറവും ചെയ്യും എന്ന് എനിക്ക് തോന്നി.

ആ ആഴ്ച അവസാനം എനിക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നു. ഓഫീസില്‍ ചെലവഴിച്ച അവസാന ദിവസം ഹോസ്പിറ്റലിലായിരുന്ന പിള്ള ചേട്ടന്‍ മരിച്ചു. വിനോദിന് ജീവപര്യന്തം തടവ് കിട്ടി എന്നു പിന്നീട് പത്രങ്ങളില്‍ നിന്നുമറിഞ്ഞു.

അതിനുശേഷം ഇന്നാണ് ഞാന്‍ വീണ്ടും അവിടെയെത്തുന്നത്. ഞാന്‍ ഗായത്രി ടീ ഷോപ്പിനായി തിരഞ്ഞു.

പഴയ ഹോട്ടല്‍ നിന്ന സ്ഥാനത്തു ,ഇപ്പൊ വലിയ ഒരു പുതിയ ഹോട്ടല്‍ വന്നിരിക്കുന്നു. പണ്ട് കുമാരേട്ടന്റെ ചായക്കട നിന്ന സ്ഥലവും കൂടി ചേര്‍ത്താണ് പുതിയ ഹോട്ടല്‍.

ഹോട്ടല്‍ കുമാര്‍സ്.

ഞാന്‍ അകത്തു കയറി. നല്ല തിരക്കുണ്ട്‌.
കടും നിറമുള്ള നൈറ്റി അണിഞ്ഞു സുനന്ദ എന്റെ അരികില്‍ ഓര്‍ഡര്‍ വാങ്ങാനായി വന്നു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതിനാല്‍ അവര്‍ എന്നെ തിരിച്ചറിഞ്ഞില്ല.

പക്ഷേ അവര്‍ പണ്ടത്തെക്കാള്‍ സുന്ദരിയായത്‌ പോലെ തോന്നി.

“ഇതിന്റെ അടുത്ത് പണ്ടൊരു പലചരക്ക് കടയില്ലായിരുന്നോ ..ഒരു കുമാരേട്ടന്റെ ..” ഞാന്‍ അടുത്തിരുന്ന പ്രായംചെന്ന മനുഷ്യനോടു അന്വേഷിച്ചു.

“അവന്റെയാ ഈ ഹോട്ടല്‍.” അയാള്‍ പറഞ്ഞു.

പിള്ള ചേട്ടന്‍ മരിച്ചതിനു ശേഷം സുനന്ദ കുമാരനുമായി വിവാഹം കഴിച്ചു. അവര്‍ തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നത്രേ. ജയിലില്‍ നിന്ന് ഇടക്ക് പരോളില്‍ വന്ന വിനോദു പഴയ ചായക്കടയില്‍ തൂങ്ങി മരിച്ചു.

വല്ലാത്ത ഒരു ഭാരം എന്റെ മനസ്സില്‍ നിറഞ്ഞു.

വിനോദിനെ ഞാന്‍ വേറുക്കണ്ട കാര്യമുണ്ടായിരുന്നോ ? അവന്റെ സദാ അനിഷ്ട മുഖഭാവത്തിനു പിന്നില്‍ എന്തായിരിക്കും കാരണം?

അന്ന് ,പിള്ള ചേട്ടനോട് സത്യം ചെയ്ത പോലെ അവന്‍ അല്ലായിരിക്കുമോ ആ പൈസ എടുത്തത്‌ ?

അറിയില്ല.

ഓര്‍മ്മയില്‍ ,അന്നത്തെ അവരുടെ വാക്കുതര്‍ക്കം എന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. ഗ്ലാസ് ഭിത്തിക്കപ്പുറം നിന്ന സുനന്ദയുടെ അവ്യക്തമായ മുഖത്തെ ഭാവം ഓര്‍മ്മിക്കുവാന്‍ ഞാന്‍ വീണ്ടും വെറുതെ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *