കല്യാണം കഴിച്ചെങ്കിലും അത് അധികം താമസിയാതെ വിവാഹമോചനത്തില്‍ കലാശിച്ചു..

ചൂരൽ
(രചന: Anish Francis)

പാലക്കുഴിയിലെ ആഗ്നസ് ടീച്ചര്‍ മരിച്ചു. ഈ വാര്‍ത്ത‍ വളരെ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്.

സത്യത്തില്‍, അടുത്തിടെ ഇത്രനല്ല ഹൃദയം കുളിര്‍പ്പിക്കുന്ന ഒരു വാര്‍ത്ത ഞാന്‍ കേട്ടിട്ടില്ല. രണ്ടു ഡോസ് വാ ക് സി ന്‍ ഒരുമിച്ചു ലഭിച്ചതുപോലെ മനസ്സിനൊരു ഉന്മാദം തോന്നി.

ഞാനത് പുറത്തുകാണിച്ചില്ല. സന്തോഷം പുറത്തുകാണിക്കുന്നത് അപകടമാണ് എന്ന് പത്തുമുപ്പത്തിനാലുകൊല്ലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു.

“ടാ ജോമോനേ, നീ പാലക്കുഴിയില്‍ പോകുന്നില്ലേ? അടക്ക് ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ്.” അമ്മച്ചി മുറിയുടെ വാതില്‍ക്കല്‍വന്നു പറഞ്ഞു.

ഞാനപ്പോള്‍ മൊബൈല്‍ നോക്കി കട്ടിലില്‍ കിടക്കുകയായിരുന്നു. നേരം പതിനൊന്നു മണിയായി. അല്പം വൈകി. പക്ഷേ നേരത്തെ എഴുന്നേറ്റിട്ട് എന്ത് ചെയ്യാനാ?

ഞങ്ങളുടെ റബ്ബര്‍ത്തോട്ടം മുറിച്ചുകടന്നാല്‍ പാലക്കുഴിയില്‍ വീടായി.

“കൊ റോ ണ ആയകൊണ്ട് ഇരുപതുപേരില്‍ക്കൂടുതല്‍ അടക്കിനു പറ്റുകേല.” ഞാന്‍ പറഞ്ഞു.

“എന്നാരു പറഞ്ഞു?”

“പള്ളീടെ വാട്സപ്പ്ഗ്രൂപ്പില്‍ അച്ചന്‍ വോയ്സിട്ടിട്ടുണ്ട്..”

“ഓ, അല്ലാതെ നിനക്ക് പോകാന്‍ കഴിയേലാഞ്ഞിട്ടല്ല. നമ്മുടെ തൊട്ടയല്‍പക്കമാണ്. ആ സെലിന്‍ തനിച്ചു് എന്ത് ചെയ്യാനാ?

ചത്തുകഴിഞ്ഞാപ്പിന്നെ വാശിയും വൈരാഗ്യവും മനസ്സില്‍വച്ചിട്ട് കാര്യമില്ല. ഒന്നുമല്ലേലും നിന്നെ പഠിപ്പിച്ച ടീച്ചറല്ലേ അവര്?” അമ്മച്ചി ചോദിച്ചു.

ഞാനത് കേള്‍ക്കാത്തമട്ടില്‍ തിരിഞ്ഞുകിടന്നു. പുതപ്പു തലവഴി മൂടി, മൊബൈല്‍ ഓണ്‍ചെയ്തു. പിന്നെ വാട്സാപ്പ് തുറന്നു.

സ്കൂള്‍ഗ്രൂപ്പിന്റെ ഡി. പി മാറിയിരിക്കുന്നു. രണ്ട് ചുവപ്പ് റോസപ്പൂക്കള്‍ക്കിടയില്‍ ആഗ്നസ് ടീച്ചറുടെ മുഖം! പണ്ടാരമടങ്ങാന്‍; ചത്താലും ഇവര്‍ സ്വൈര്യംതരില്ലേ?

ഒന്‍പതാംക്ലാസില്‍ എന്റെ ക്ലാസ് അധ്യാപികയായിട്ടാണ് ആഗ്നസ് ടീച്ചര്‍ എന്റെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ കടന്നുവന്നത്. ഞങ്ങളുടെ സ്ക്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതായിരുന്നു അവര്‍.

കണക്കായിരുന്നു അവര്‍ പഠിപ്പിച്ചത്. ടീച്ചറുടെ മോളായ സെലിനെ ഞങ്ങളുടെ ക്ലാസില്‍ ചേര്‍ത്തു. ഒരു വെള്ളിയാഴ്ചയായിരുന്നു അവരുടെ ആദ്യ ക്ലാസ്. ആദ്യദിവസംതന്നെ ഒരുകുട്ട ഹോംവര്‍ക്ക് തന്നു.

“തിങ്കളാഴ്ച ചെയ്തോണ്ട് വരണം. ഇല്ലെങ്കില്‍..” അവര്‍ ഒന്ന് നിര്‍ത്തി. പിന്നെ ക്ലാസില്‍നിന്ന് ഇറങ്ങിപ്പോയി.

ശനിയാഴ്ച ക്രിക്കറ്റ്മാച്ചായതുകൊണ്ട് ഹോംവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച അല്ലെങ്കിലും ഞാന്‍ ഒന്നും പഠിക്കില്ല. അന്ന് പരിശുദ്ധദിവസമായി ആചരിക്കണം.

രാവിലെ എറച്ചിമേടിക്കാന്‍ പോണം. ഉച്ചവരെ പള്ളിയും വേദപാഠവും. ഉച്ചയ്ക്ക് ഇറച്ചിക്കറിയൊക്കെക്കൂട്ടി ഊണുകഴിച്ചു കിടന്നുറങ്ങും. വൈകുന്നേരം അള്‍ത്താരബാലന്‍മാര്‍ക്കുള്ള മീറ്റിംഗ്. പിന്നെ എവിടെയാ സമയം?

എനിക്കെല്ലാവിഷയത്തിലും നല്ലപോലെ മാര്‍ക്ക് കുറവായിരുന്നു. അതുകൊണ്ട് പി. ടി.എ മീറ്റിംഗില്‍ നിര്‍ബന്ധമായി വീട്ടില്‍നിന്ന് ആളെ വിളിച്ചുകൊണ്ടു വരണം എന്ന് ടീച്ചര്‍ നിര്‍ബന്ധിച്ചു.

തിങ്കളാഴ്ച വന്നു. ഹോംവര്‍ക്ക് ചെയ്യാത്തവരെ ആഗ്നസ് ടീച്ചര്‍ എഴുന്നേല്‍പ്പിച്ചു നിറുത്തി.

“ഹോംവര്‍ക്ക് ഒരു കണക്കെങ്കിലും ചെയ്തവര് ഇരുന്നോ.” അവര്‍ പറഞ്ഞു.

നില്‍ക്കുന്നവരില്‍ താന്‍ മാത്രമായി ബാക്കി. മിക്കവാറും ഇറക്കിവിടും. അതൊരു പുതിയകാര്യമല്ലാത്തതുകൊണ്ട് വലിയ പ്രശ്നമില്ല.

“ഇവിടെ വാടോ.” അവര്‍ അരികിലേക്ക് വിളിച്ചു.

“തന്റെ പേരെന്താ?’”

‘ജോമോന്‍.’

“നല്ല പേര്. ജോമോനൊരു കാര്യംചെയ്യ്. സ്റ്റാഫ്റൂമില്‍ ചെന്ന് എന്റെ സീറ്റിലിരിക്കുന്ന ചൂരല്‍ എടുത്തോണ്ട് വാ.”

ക്ലാസ്സ് നിശബ്ദമായി. ഒന്‍പതാംക്ലാസ്സില്‍, ചൂരല്‍കൊണ്ടു തല്ലുന്ന അധ്യാപകരാരുമില്ല. അടുത്ത വര്‍ഷം പത്താംക്ലാസില്‍ എത്തുന്ന മുതിര്‍ന്ന പിള്ളേരാണ്. സ്റ്റാഫ്റൂമില്‍ ചെന്ന് ആഗ്നസ് ടീച്ചറുടെ സീറ്റ് അന്വേഷിച്ചു.

“ജോമോനെ നീയെന്താ ഇവിടെ? നിന്നെ ക്ലാസ് ലീഡര്‍ വല്ലതും ആക്കിയോ?” ബയോളജി പഠിപ്പിക്കുന്ന ഡൊമിനിക്ക് സര്‍ പുച്ഛത്തില്‍ ചോദിച്ചു.

“ഇല്ല സര്‍. ടീച്ചര്‍ക്ക് എന്നെ ഭയങ്കര കാര്യമായ കൊണ്ടാ..”

ചൂരല്‍ എടുത്തുകൊണ്ട് പോകുന്നതു കണ്ട് സാലി ടീച്ചര്‍ ചോദിച്ചു.

“ആഹാ ഒന്‍പതാംക്ലാസില്‍വരെ ചൂരല്‍പ്രയോഗമുണ്ടോ ?”

“പിള്ളേരെല്ലാം ഉഴപ്പാ ടീച്ചര്‍.’’ അത്രയും പറഞ്ഞു വേഗം സ്റ്റാഫ്റൂമില്‍നിന്ന് ഊരി. ക്ലാസില്‍ തിരികെയെത്തി.

ആഗ്നസ് ടീച്ചര്‍ എന്നെ നോക്കി നിൽക്കുകയായിരുന്നു. വടി ടീച്ചറുടെ കൈയില്‍ കൊടുത്തു. പിന്നെ കൈനീട്ടി.

“അതിനു നിന്റെ കൈയിലാണ് തല്ലുന്നതെന്ന് ആരാ പറഞ്ഞത്. തിരിഞ്ഞു നില്‍ക്കെടാ..” അവര്‍ ഒറ്റ അലര്‍ച്ചയായിരുന്നു.

അവരുടെ ഭാവമാറ്റം കണ്ടു ഭയന്നുവിറച്ചുപോയി. ഞാന്‍ മാത്രമല്ല ക്ലാസിലെ മറ്റു കുട്ടികളും.

ചൂരല്‍ വായുവില്‍ പുളയുന്ന സ്വരം കേട്ടപ്പോള്‍ മനസ്സില്‍ അടക്കിവച്ച ഭയം മുഴുവന്‍ ഒരുനിമിഷംകൊണ്ട് പുറത്തുചാടി. ഒരു മിന്നല്‍പോലെ ചൂരല്‍ ചന്തിയില്‍ പതിഞ്ഞതും അറിയാതെ മൂത്രമൊഴിച്ചു പോയി.

മൂന്നു പ്രാവശ്യം അവര്‍ തല്ലി. തിരിഞ്ഞു നിന്നപ്പോള്‍ പാന്റിന്റെ മുന്‍ഭാഗത്തെ നനവ്‌ അവര്‍ കണ്ടു. പിന്നെ തന്റെ മൂക്ക് പൊത്തിക്കൊണ്ട് അലറി.

“ഇറങ്ങി പോടാ..”

പാന്റില്‍ മുള്ളിയത് എല്ലാവരും കണ്ടു. പക്ഷേ ആരും ചിരിച്ചില്ല. സഹതാപം കൊണ്ടായിരിക്കും.

എങ്കിലും ആ സംഭവത്തോടെ എന്റെ മാനം പോയി. ഇനി ഞാന്‍ എങ്ങിനെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുഖത്ത് നോക്കും? അതുവരെ ചെറിയതോതില്‍ ഉണ്ടായിരുന്ന ഉഴപ്പ് അതോടെ പൂര്‍ണ്ണമായി.

പള്ളിയുടെ സമീപത്തായിരുന്നു സ്ക്കൂള്‍. ഒരു ഞായറാഴ്ചദിവസം ഞാന്‍ കുര്‍ബ്ബാനയ്ക്ക് അള്‍ത്താരശുശ്രൂഷിയായി പങ്കെടുക്കുകയായിരുന്നു. കുര്‍ബ്ബാന സ്വീകരണത്തിന്റെ സമയമാണ്.

വിശ്വാസികള്‍ വിശുദ്ധ ഓസ്തി സ്വീകരിക്കുന്നതിനായി വരിവരിയായി അച്ചന്റെ അടുത്തേക്ക് വരുന്നു. ഞാന്‍ തട്ടവുമായി അച്ചന്റെ അരികില്‍ നിന്ന് അച്ചനെ സഹായിക്കുന്നു.

ആളുകള്‍ക്കിടയില്‍ ആഗ്നസ് ടീച്ചര്‍ നില്‍പ്പുണ്ട്. ഭക്തിനിര്‍ഭരമായ മുഖം. ഒരു മാലാഖയുടെപോലെ ശാന്തമായ കണ്ണുകള്‍ പാതിയടഞ്ഞിരിക്കുന്നു.

ഒരു ദിവ്യപ്രഭാവലയം ടീച്ചറിന്റെ ശിരസ്സിനുമുകളില്‍ പ്രത്യക്ഷപ്പെട്ടതായി എനിക്ക് തോന്നി. അവര്‍ എന്നെ ശ്രദ്ധിച്ചില്ല.

“ഈശോമിശിഹായുടെ തിരുരക്തവും ശരീരവും.” അച്ചന്‍ ചൊല്ലിക്കൊണ്ടു ഓസ്തി അവരുടെ ഉള്ളംകൈയില്‍ വച്ചു. ആ നിമിഷം അവര്‍ എന്നെ കണ്ടു. ഭക്തിയുടെ സ്ഥാനത്ത്, പരിഹാസം മിന്നിമറയുന്നത് ഒരു മിന്നായംപോലെ ഞാന്‍ കണ്ടു.

കഠിനമായ വെറുപ്പിന്റെ പുഴുക്കുത്ത് കൊണ്ട് മനസ്സ് അസ്വസ്ഥമായി. കുര്‍ബ്ബാന കഴിഞ്ഞു സങ്കീര്‍ത്തിയിലെത്തിയപ്പോള്‍ ഞാന്‍ കപ്യാര് തോമസുകുട്ടി ചേട്ടനോട് പറഞ്ഞു.

“ഞാനിന്നത്തോടെ ഈ പരിപാടി നിര്‍ത്തി.”

“എന്ത് പറ്റി ?” പുള്ളി കരുണയോടെ തിരക്കി.

“കര്‍ത്താവിന്റെ അടുത്തു നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല.”

“അതെന്താ നീ കുളിക്കാതെയാണോ ഇപ്പോ പള്ളിയിലോട്ട് വരുന്നത് ?”

“തോമസുകുട്ടി ചേട്ടന്‍ തമാശിക്കല്ല്. ഞാന്‍ സീരിയസായി പറഞ്ഞതാണ്.” ഞാന്‍ പറഞ്ഞു.

അച്ചന്‍മാരറിയാതെ പള്ളിയുടെ റബ്ബര്‍ത്തോട്ടത്തിലെ പുകപ്പുരയില്‍നിന്ന് ഷീറ്റ് അടിച്ചോണ്ടുപോയി പുറത്തു വില്‍ക്കാന്‍ ഞാന്‍ അങ്ങേരെ പലവട്ടം സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നെ വളരെ ഇഷ്ടമാണ് തോമസുകുട്ടി ചേട്ടന്.

ഞാന്‍ ആഗ്നസ് ടീച്ചറിനോടുള്ള വെറുപ്പും അതിനുള്ള കാരണവും കപ്യാരെ അറിയിച്ചു. എല്ലാം കേട്ടശേഷം അങ്ങേരെന്നോട് ചോദിച്ചു.

“ഇന്ന് കുര്‍ബ്ബാന കഴിഞ്ഞു ചൊല്ലുന്ന ഒപ്പീസ് ആര്‍ക്കുള്ളതാന്നു നിനക്കറിയാവോ ?”

“പഴേ വേദപാഠം ഹെഡ് മാസ്റ്റര്‍. കല്ലുങ്കലെ.”

“അതെ. കല്ലുങ്കല്‍ ഔതസാര്‍. എന്നെ കൊറേനാള് പഠിപ്പിച്ചതാ. പുള്ളിക്കിതുപോലെ ഭയങ്കര ചൊറിച്ചിലായിരുന്നു.

എന്റെ വലിയപ്പന്‍ പണ്ട് പുള്ളീടെ കപ്പ മോഷ്ടിച്ചോണ്ടുപോയ ചരിത്രം എല്ലാവരും കേള്‍ക്കെ ഇടയ്ക്കിടെ പറയും.’’

“എന്നിട്ട്?”

“എന്നിട്ടൊന്നുമില്ല. അങ്ങേരുടെ കിണറില്‍, ചത്ത എലിയെ ഒരു ദിവസം കൊണ്ടെയിട്ടു.” ഞാന്‍ അന്തംവിട്ടു.

“നല്ല പണിയങ്ങോട്ടു കൊടുക്കണം. എന്നിട്ട് കാണുമ്പോള്‍ ചുമ്മാ ചിരിക്കണം.”

തോമസ്കുട്ടിച്ചേട്ടന്‍ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞു..

എനിക്ക് വേണ്ട മോട്ടിവേഷന്‍ ആ ചിരിയിലുണ്ടായിരുന്നു. സ്ക്കൂള്‍ മാനേജരായ വികാരിയച്ചന്റെ മുറിയില്‍നിന്ന് ആരും അറിയാതെ സ്റ്റാഫ് റൂമിന്റെ താക്കോല്‍ അങ്ങേരെനിക്ക് എടുത്തുതന്നു.

വേദപാഠംക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞെന്നുറപ്പായപ്പോള്‍ ഞാന്‍ സ്റ്റാഫ്റൂമില്‍ കയറി. അരപ്പാട്ട പെയിന്റ്കൂടി ഞാന്‍ കരുതിയിരുന്നു.
ആഗ്നസ് ടീച്ചറിന്റെ സീറ്റിനു മുകളിലെ ഭിത്തിയിലും അവരുടെ മേശയിലും ഞാന്‍ ചില പെയിന്റിംഗുകള്‍ നടത്തി.

“ആഗ്നസ് ടീച്ചര്‍ = ഡാഷ് മോള്‍”.
അതായിരുന്നു എന്റെ പെയിന്റിംഗിന്റെ കാപ്ഷന്‍. പിന്നെ ആഗ്നസ് ടീച്ചറിന്റെ വികൃതമായ രൂപവും.

മൊത്തം ചെയ്തുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ക്രൂരമായ ഒരു തൃപ്തി തോന്നി. അപ്പോള്‍ എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. ഒന്നും നോക്കിയില്ല, അവരുടെ കസേരയില്‍ത്തന്നെ മൂത്രമൊഴിച്ചു.

പിറ്റേന്ന് സ്കൂളിലേക്ക് പോയപ്പോള്‍ ഒരു വലിയ ഭൂകമ്പം പ്രതീക്ഷിച്ചുതന്നെയാണ് പോയത്.

പക്ഷേ അതിനകംതന്നെ ആഗ്നസ് ടീച്ചര്‍ പല ക്ലാസ്സുകളിലായി പല കുട്ടികളെ ശത്രുക്കളാക്കിയിരുന്നതുകൊണ്ട് പ്രതിയാരാണ് എന്ന് ഊഹിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് കൺഫ്യൂഷന്‍ ഉണ്ടായി.

“ഇത് ഞാനാ ചെയ്തത്. സാര്‍ എന്നെ ശിക്ഷിക്കണം.”

എന്നെ ചോദ്യംചെയ്യുന്നതിനുമുമ്പേ എല്ലാവരും കേള്‍ക്കെ ഞാന്‍ സംഭവം അന്വേഷിക്കാന്‍ നിയുക്തനായ ഡൊമിനിക്ക് സാറിനോട് പറഞ്ഞു.

“അതിനു നീയാണ് എന്ന് ആരെങ്കിലും പറഞ്ഞോ?” ഞാന്‍ അങ്ങോട്ട്‌ കുറ്റമേറ്റതോടെ ഡൊമിനിക്ക് സാര്‍ ആശയക്കുഴപ്പത്തിലായി. തല്ലിയും ഭീഷണിപ്പെടുത്തിയും കുട്ടികള്‍ക്കിടയില്‍നിന്ന് പ്രതിയെ കണ്ടുപിടിക്കാനായിരുന്നു അങ്ങേരുടെ ഉദ്ദേശ്യം.

“അല്ല, എന്തായാലും ഇത് എന്റെ തലേല്‍തന്നെ വരും. ഞാനാണല്ലോ മിസ്സിന്റെ ഏറ്റവും വലിയ ശത്രു. ഞാന്‍ അനുഭവിക്കാന്‍ തയ്യാറാ.”

ഞാന്‍ വികാരഭരിതനായി പറഞ്ഞു.
ആ ഒറ്റ ഡയലോഗോടെ ഞാന്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായി.

അന്ന് ആഗ്നസ് ടീച്ചര്‍ ക്ലാസില്‍ വന്നപ്പോള്‍ ഞങ്ങളുടെ നോട്ടമിടഞ്ഞു. എന്റെ മനസ്സില്‍ കപ്യാരുടെ ഉപദേശം ഓര്‍മ്മവന്നു. ഞാന്‍ ചെറുതായി ടീച്ചറിനെനോക്കി ഒന്ന് മന്ദഹസിച്ചു.

അവര്‍ എന്നെ പിടിച്ചിറക്കി ചന്തിയില്‍ ചൂരല്‍പ്രയോഗം നടത്തുമെന്നാണ് ഞാന്‍ വിചാരിച്ചത്.
ഒന്നുമുണ്ടായില്ല.

പക്ഷേ അവരുടെ നോട്ടത്തില്‍ മറ്റെന്തോ ഉണ്ടായിരുന്നു. അര്‍ത്ഥമില്ലാത്ത ഭീതിപ്പെടുത്തുന്ന എന്തോ ഒന്ന്. അന്നുമുതല്‍ എന്നോട് ആഗ്നസ് ടീച്ചര്‍ സംസാരിക്കാതെയായി.

ക്ലാസില്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കില്ല. തല്ലില്ല. അവരെന്നെ പൂര്‍ണ്ണമായി ഒഴിവാക്കി. മറ്റു കുട്ടികള്‍ക്ക് ആദ്യം മനസ്സിലായില്ലെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എനിക്ക് പന്തികേട് തോന്നിത്തുടങ്ങി.

എല്ലാ ആദ്യവെള്ളിയാഴ്ച്ചയും ക്രിസ്ത്യന്‍കുട്ടികള്‍ക്ക് സ്കൂളില്‍നിന്ന് കുര്‍ബാനക്ക് പങ്കെടുക്കണം. ആവശ്യമുള്ളവര്‍ക്ക് വ്യാഴാഴ്ച്ച അവസാനത്തെ പീരിയഡില്‍ കുമ്പസാരിക്കാന്‍ പോകാം.

കുമ്പസാരിക്കാന്‍ തനിച്ചു പള്ളിയിലേക്ക് നടന്നുകൊണ്ടിരുന്ന ടീച്ചറിന്റെ മകള്‍ സെലിന്റെ അടുത്തു ഞാനെത്തി. രണ്ടും കല്പിച്ച് കാര്യം പറഞ്ഞു. അവളെന്നെ ഒന്ന് നോക്കി.

“ജോമോനല്ലേ ആ പണി കാണിച്ചത്? മമ്മിക്കത്‌ മനസ്സിലായി.” അവള്‍ പറഞ്ഞു.

“ഹേയ് ഞാനൊന്നുമല്ല.” എന്തായാലും കുമ്പസാരിക്കണമല്ലോ എന്നോര്‍ത്തു ഞാനൊരു നുണ പറഞ്ഞു. അവള്‍ വിശ്വാസംവരാത്തപോലെ എന്നെ നോക്കി.

‘’എനിക്കറിയില്ല. എന്തായാലും മമ്മിക്ക് ഉറപ്പുണ്ട്. മമ്മിയെ പറ്റിക്കാന്‍ പാടാ ജോമോനെ.” അവള്‍ ഒന്ന് നിര്‍ത്തി. പിന്നെ പറഞ്ഞു.

“ജോമോന്‍ അങ്ങിനെ ചെയ്തതില്‍ ഞാന്‍ കുറ്റമൊന്നും പറയില്ല. അന്ന് മമ്മി ജോമോനോട് ചെയ്തത് ഭയങ്കര ഓവറായിപ്പോയി.

പക്ഷേ ജോമോന്‍ അടികിട്ടുമ്പോള്‍ മുള്ളിപ്പോകും എന്നൊന്നും മമ്മി ഓര്‍ത്തുകാണില്ല.”
ഞാന്‍ വല്ലാതായി.

“എനിക്ക് ചൂരലു ഭയങ്കര പേടിയാ. ചൂരൽ വീശുന്ന ശബ്ദം കേട്ടാ ഉറക്കത്തില്‍പോലും ഞാന്‍ മുള്ളിപ്പോകും.” ഞാന്‍ ഉള്ള സത്യം പറഞ്ഞു.

“അതെന്താ ?”

“അത്..അത് പിന്നെ.. ഞാന്‍ കുഞ്ഞായിരുന്നപ്പോ
അപ്പന്‍ വീട്ടില്‍ ഭയങ്കര ഉപദ്രവമായിരുന്നു. അപ്പന് കുടി. പിന്നെ അമ്മയെ സംശയം. രാത്രി വഴക്കുണ്ടാകുമ്പോള്‍ അമ്മയെ ചൂരല്‍കൊണ്ട് തല്ലും.”

നുണപറഞ്ഞതിന്റെ ശിക്ഷയായി സത്യംപറയുന്നതിന്റെ കയ്പ് ഞാന്‍ അനുഭവിച്ചു.

അവളുടെ നോട്ടത്തില്‍ ഞെട്ടലുണ്ടായിരുന്നു.

“എന്നിട്ട് ജോമോന്റെ അപ്പന്‍ ഇപ്പൊ ഉപദ്രവിക്കാറുണ്ടോ?”

“ഇല്ല. ഞാന്‍ ആറില്‍ പഠിക്കുമ്പോ അപ്പന്‍ തൂങ്ങിമരിച്ചു. അതായിരുന്നു ലാസ്റ്റത്തെ ഉപദ്രവം.”

ഞാന്‍ പറഞ്ഞു. സെലിനുമായ് സംസാരിക്കാന്‍ പോയത് അബദ്ധമായിപ്പോയെന്നു എനിക്ക് തോന്നി. ഇതൊന്നും പറയേണ്ടിവരില്ലായിരുന്നു.
അവളുടെ കണ്ണ് നിറഞ്ഞു.

ഞങ്ങള്‍ പള്ളിയുടെ മുമ്പിലെത്തിയിരുന്നു. പള്ളിയിലേക്ക് കയറുന്നതിനു മുമ്പ് അവള്‍ തിരിഞ്ഞുനിന്ന് എന്നോട് പറഞ്ഞു.
“മമ്മിയോട് പോകാന്‍ പറ. എനിക്ക് ജോമോനെ ഭയങ്കര ഇഷ്ടവാ.”

അന്നുമുതല്‍ എനിക്ക് സ്ക്കൂളില്‍ പോകാന്‍ ഉത്സാഹം കൂടി. ദിവസങ്ങള്‍ക്ക് ഒരു മധുരം അനുഭവപ്പെട്ടു. ഞങ്ങള്‍തമ്മിലുള്ള അടുപ്പം ഒരു കുഞ്ഞുപോലും അറിഞ്ഞില്ല. ഇടയ്ക്ക് ഞങ്ങള്‍ ലവ് ലെറ്ററുകള്‍ കൈമാറി.

സ്ക്കൂള്‍ഗ്രൌണ്ടിനരികിലെ ഇല്ലികൂട്ടത്തിനിടയില്‍ വച്ച് ആരും കാണാതെ ഞാന്‍ സെലിനെ ഉമ്മവച്ചു. കല്‍ക്കണ്ടം അലിഞ്ഞു തീരുന്നതുപോലെ ഒന്‍പതാംക്ലാസ്സ് തീരാറായി.

ഒന്‍പതാംക്ലാസ്സിലെ അവസാനക്ലാസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുള്ളുകാലാ അച്ചന്‍ വന്നു കുട്ടികളോട് സംസാരിച്ചു.

“എഴുപത്തിയഞ്ചു പിള്ളേര്‍ എഴുതിയ പത്താംക്ലാസ് പരീക്ഷയില്‍ രണ്ടവന്‍മാര്‍ മാത്രം തോറ്റു. അവന്‍മാര് കാരണം സ്കൂളിന്റെ നൂറുശതമാനം പോയി. അടുത്ത പ്രാവശ്യം അങ്ങിനെ സംഭവിക്കാന്‍ ഒക്കുകേല.

ഒന്‍പതില്‍നിന്ന് നല്ലപോലെ പഠിക്കുന്ന പിള്ളേരെ മാത്രമേ പത്തിലോട്ട് പ്രോമോട്ട് ചെയ്യൂ…” അച്ചന്‍ പറഞ്ഞു. അതിനു ശേഷം അച്ചന്‍ എന്നെ ഒന്നു നോക്കി.

“ജോമോനെ, നീയും ആ പുറകിലിരിക്കുന്നവന്‍മാരുംകൂടി കേള്‍ക്കാനാ പറയുന്നത്.”

ഞാന്‍ അള്‍ത്താര ബാലസഖ്യത്തില്‍നിന്ന് പിരിഞ്ഞതും ആഗ്നസ് ടീച്ചറുമായുള്ള പ്രശ്നങ്ങളും എന്നെ അച്ചന്റെ നോട്ടപ്പുള്ളിയാക്കിയിരുന്നു. സാധാരണ എല്ലാവരുടെയും ജീവിതത്തിലെ ഒരു മൈല്‍സ്റ്റോണ്‍ ആണ് പത്താംക്ലാസ്.

പക്ഷേ എന്റെ ജീവിതത്തിലെ മൈല്‍സ്റ്റോണ്‍ ഒന്‍പതാംക്ലാസ് ആയിരുന്നു. ഒന്‍പതില്‍നിന്ന് പത്തിലേക്ക് ജയിച്ചാലല്ലേ ഈ മൈല്‍സ്റ്റോണിലെത്താന്‍ പറ്റൂ.
ബാക്കി എല്ലാ വിഷയങ്ങളും പാസ്സാകും. പക്ഷേ കണക്ക്..

നാളെമുതല്‍ പരീക്ഷയ്ക്കുള്ള അവധിയാണ്. ഇനി സ്ക്കൂള്‍ തുറക്കാതെ സെലിനെ കാണാന്‍ കഴിയില്ല.

“അമ്മ ഇന്ന് രാത്രിയില്‍ ചോദ്യപേപ്പര്‍ റെഡിയാക്കും. നാളെ സ്കൂളില്‍ കൊടുക്കും. ഇന്ന് രാത്രിയില്‍ വീട്ടില്‍വന്നാല്‍…”

സെലിന്‍ ഐഡിയ പറഞ്ഞു. അവള്‍ക്ക് ഞാനെങ്ങിനെ എങ്കിലും ജയിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.

നിലാവുള്ള രാത്രി. അര്‍ദ്ധരാത്രിയായി, അമ്മ ഉറങ്ങിയെന്നു ഉറപ്പായശേഷം പാത്തുംപതുങ്ങിയും ഞാന്‍ വെളിയില്‍ ഇറങ്ങി.

ചോദ്യക്കടലാസ് കിട്ടിയാല്‍ അത് വേഗം പകര്‍ത്തിയെഴുതി മുറ്റത്തെ ചെടിച്ചട്ടിക്കിടയില്‍ ചുരുട്ടി ഇടാമെന്നെന്നായിരുന്നു സെലിന്‍ ഏറ്റിരുന്നത്.

പാലക്കുഴയില്‍വീടും പരിസരവും ഇരുട്ടില്‍ മുങ്ങി കിടക്കുന്നു. മതിലുചാടി ശബ്ദമുണ്ടാക്കാതെ ഞാന്‍ മുറ്റത്ത്‌ കടന്നു. അതാ ഒരു ചെറുപന്തുപോലെ കടലാസ് ചുരുട്ടിയിട്ടിരിക്കുന്നു.

അതെടുക്കാനായി കുനിഞ്ഞതും തലയ്ക്കു പിന്നില്‍ അടിയേറ്റു ഞാന്‍ കറങ്ങിപ്പോയി. അപ്രതിക്ഷിതമായ ആക്രമണത്തില്‍ ഞാന്‍ നിലവിളിച്ചു. ഒരു നിമിഷംകൊണ്ട് ബോധം മറഞ്ഞു.

കണ്ണ് തുറക്കുമ്പോള്‍ പാലക്കുഴിയില്‍വീടും പരിസരവും അയല്‍പ്പക്കക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ആഗ്നസ് ടീച്ചറിന്റെ ആങ്ങള സെബാസ്റ്റ്യനാണ് എന്നെ കമ്പിവടികൊണ്ട് ആക്രമിച്ചത്.

പോലീസില്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞു നല്ലവരായ അയല്‍ക്കാര്‍ ബഹളംവച്ചെങ്കിലും അമ്മയുടെ കരച്ചിലിന് മുമ്പില്‍ അവര്‍ ഒരുവിധത്തിലടങ്ങി.

അപമാനത്തെക്കാള്‍ എന്നെ തളര്‍ത്തിയത് സെലിനായിരുന്നു. ഒരിക്കല്‍പോലും അവള്‍ വീടിനു വെളിയില്‍ വന്നില്ല.

അമ്മയുംമോളുംകൂടി ചേര്‍ന്ന് തനിക്ക് പകരംതന്നപണിയാണിതെന്നു എനിക്ക് തോന്നി. ഒന്‍പതാംക്ലാസില്‍ ഞാന്‍ തോറ്റു.

സെലിന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒന്‍പതില്‍ പഠിക്കുന്നതും അവളേയും അവളുടെ തള്ളയേയും എന്നും കാണുന്നതും എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു.

മറ്റൊരു സ്ക്കൂളില്‍ ചേരണം എന്ന് പറഞ്ഞു ഞാന്‍ ബഹളം വച്ചു. പക്ഷേ അപ്പോഴേക്കും മുള്ളുകാലായിലച്ചനു പകരം ആഗ്നസ് ടീച്ചര്‍ ഹെഡ്മിസ്ട്രസായി.

എന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ അവര്‍ വളരെമോശം എന്നെഴുതി.
പിന്നെ ഒരു കുന്നിനുമുകളില്‍നിന്ന് ഉരുണ്ടുപിരണ്ടു താഴെവീഴുന്നത് പോലെയായി ജീവിതം.

പത്താംക്ലാസ് പൂര്‍ത്തിയാക്കിയില്ല. ജോലിയും കൂലിയുമില്ലാതെ തേരാപ്പാരാ.. ഇടയ്ക്ക് ക്രിമിനല്‍സംഘങ്ങളുമായി കൂട്ടുകെട്ട്. ക്വട്ടേഷന്‍, മോഷണം, ജയില്‍വാസം. കുറച്ചു പൈസ കൈയില്‍ വരുമ്പോള്‍ വീട്ടില്‍ വരും.

അമ്മച്ചിയുടെകൂടെ താമസിക്കും. ഇപ്പോള്‍ അമ്മച്ചി ഉപദേശിക്കുന്നതും നിര്‍ത്തിയിരിക്കുന്നു. പെണ്ണ് കിട്ടില്ല എന്ന് ഉറപ്പാണ്.

താന്‍ രക്ഷപ്പെടില്ല എന്ന വസ്തുതയോട് അമ്മച്ചി പൊരുത്തപ്പെട്ടു. അസുഖകരമായ ഒരു നിശബ്ദതയായി ജീവിതത്തിലെ സമാധാനം മാറി.
എല്ലാത്തിനും കാരണം ആ ചൂരല്‍പ്രയോഗമാണ്.

വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നുപോയത്. ആഗ്നസ് ടീച്ചര്‍ വിരമിച്ചു. സെലിന്‍ പഠിച്ചു ഡോക്ടറായി അമേരിക്കയില്‍ പോയി.

കല്യാണം കഴിച്ചെങ്കിലും അത് അധികം താമസിയാതെ വിവാഹമോചനത്തില്‍ കലാശിച്ചുവെന്ന് കേട്ടു. ആഗ്നസ് ടീച്ചര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടും മകള്‍ നാട്ടിലേക്ക് അധികം വന്നില്ല. അമ്മയേയും മകളേയും പിന്നെ അധികം നേരില്‍ കണ്ടില്ല.

അസുഖം വഷളായതോടെ ആഗ്നസ് ടീച്ചര്‍ വീടും ഹോസ്പിറ്റലുമായി കഴിയുകയായിരുന്നു. ഒരിക്കല്‍ ആട്ടോറിക്ഷയോടിച്ചുനടക്കുന്ന നാളുകളില്‍ ടീച്ചര്‍ ആട്ടോറിക്ഷയില്‍ കയറി.

ആശുപത്രിയില്‍ പോകാനായിരുന്നു. ഞാനാണ് ഓടിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ മുഖം വിവര്‍ണ്ണമായി.
ഇറങ്ങാന്‍ നേരം ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു.

“ജോമോന് നേരമുള്ളപ്പൊ വീട് വരെ വരണം.”

വരുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പക്ഷേ ഒരിക്കലും പോയില്ല. രണ്ടുകൂട്ടരേയും കാലം ശിക്ഷിച്ചുകൊണ്ടിരുന്നു.

ഒന്നോ രണ്ടോ മണിക്കൂര്‍ കഴിയുമ്പോള്‍ ആഗ്നസ് ടീച്ചര്‍ സെയിന്റ്മാര്‍ത്താ പള്ളിയിലെ സെമിത്തേരിയില്‍ ഉറങ്ങാന്‍ പോകും.

കൈ ചുരുട്ടി ഭിത്തിയിലിടിച്ചു. അവര്‍ മരിച്ചാല്‍ തന്റെ പകതീരുമോ? തന്റെ ജീവിതത്തിലെ ഗതിമാറുമോ?

മൊബൈല്‍ ബെല്ലടിച്ചു. അമ്മച്ചിയാണ്.
“നീ ഇവിടംവരെ വരണം. വന്നേ പറ്റൂ..” അത്രയും പറഞ്ഞു അമ്മച്ചി ഫോണ്‍ കട്ട് ചെയ്തു.

മരണവീടാന്നു തോന്നിക്കാന്‍ ആകെയുള്ളത് ഗേറ്റിനരികില്‍ കിടക്കുന്ന ആംബുലന്‍സാണ്. ഗേറ്റ് കടന്നു അകത്തേക്കു നടക്കുമ്പോള്‍ ആ പഴയ രാത്രി ഓര്‍മ്മവന്നു. ഭയത്തിന്റെ ഓര്‍മ്മയില്‍ തല ഒന്ന് പെരുത്തു.

ഹാളില്‍ കിടത്തിയിരിക്കുന്ന ശവം. ഒരു വൃദ്ധയുടെ ദൈന്യത തോന്നിക്കുന്ന മുഖം. ആഗ്നസ് ടീച്ചര്‍ ഇത്ര മാറിപ്പോയി എന്ന് അറിഞ്ഞില്ല.

“ടാ ഇവര്‍ക്ക് വേറെയാരുമില്ല. ബന്ധുക്കള്‍ ആരും വന്നിട്ടുമില്ല.” അമ്മ തന്നെ വിളിച്ചു മാറ്റിനിര്‍ത്തി പറഞ്ഞു.

“ഞാനെന്തു വേണമെന്നാ പറയുന്നത് ?’ ഞാന്‍ ചോദിച്ചു..

“ഞാനുംകൂടെ ആ കൊച്ചിന്റെകൂടെ പള്ളിയിലോട്ട് പോകുവാ. വീട്ടുകാവലിനു ആരുമില്ല. ഞങ്ങള്‍ വരുന്നത് വരെ നീ ഇവിടുണ്ടാകണം.” അമ്മച്ചി പറഞ്ഞു. പിന്നെ അല്പംകൂടി ശബ്ദം താഴ്ത്തി പറഞ്ഞു.

“സെലിന്റെ പൈസയും ഗോള്‍ഡും ഒക്കെ ഇരിപ്പുണ്ട്. അതാ ..” എതിര്‍ക്കാന്‍ വാ തുറന്നതാണ്. അപ്പോഴാണ്‌ സെലിനെ കണ്ടത്.

ഇലക്ട്രിക്ക് കമ്പിയില്‍ മഴനനഞ്ഞിരിക്കുന്ന പ്രാവിന്റെ ചിത്രമാണ്‌ ഓര്‍മ്മവന്നത്. അവള്‍ തന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.

പിന്നെ താക്കോല്‍ക്കൂട്ടം അമ്മച്ചിയുടെ കൈയില്‍ കൊടുത്തു.
അധികം സമയമെടുത്തില്ല.

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആഗ്നസ് ടീച്ചറുമായി ആംബുലന്‍സ് പള്ളിയിലേക്ക് പുറപ്പെട്ടു. തൊട്ടുപിറകെ മകളുടെ ബെന്‍സും.
ഒറ്റക്ക് ഒരു മരണവീട്ടില്‍ കഴിയുന്നത്‌ വല്ലാത്ത അനുഭവമാണ്‌.

ഈ മുറ്റത്ത്‌ വച്ചാണ് താന്‍ അടിയേറ്റുവീണത്‌. തന്റെ ജീവിതംതുലച്ച സ്ത്രീയുടെ വീടാണിത്. പെട്ടെന്ന് പക ഒട്ടും പ്രതീക്ഷിക്കാതെ പൂര്‍വാധികം ശക്തിയോടെ മനസ്സില്‍ ആളിക്കത്തി. ഒപ്പം ഇങ്ങനെയായതില്‍ വെറുപ്പും.

മെല്ലെ അകത്തെ മുറികളില്‍ കയറി പരിശോധിച്ചു. ആഗ്നസ് ടീച്ചറിന്റെ ബെഡ്റൂമില്‍ ഒരു വലിയ അലമാര ഇരിപ്പുണ്ട്.

പക്ഷേ പൂട്ടിയിരിക്കുന്നു. കൈയിലുള്ള താക്കോല്‍ക്കൂട്ടത്തില്‍നിന്ന് ഓരോന്നായി എടുത്തു ഉപയോഗിച്ചു. ഒരെണ്ണം വര്‍ക്കായി. കുറച്ചു നോട്ടുകെട്ടുകള്‍. പിന്നെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‍.

ആംബുലന്‍സിന്റെ പിറകെ ഇറങ്ങിപ്പോകുന്ന കറുത്ത ബെന്‍സ് മനസ്സിലോടി വന്നു. പിന്നെ തലയ്ക്ക് പിന്നിലേറ്റ അടിയും. ഈ പണവും സ്വര്‍ണ്ണവുമായി എങ്ങോട്ടെങ്കിലും പോയാല്‍..

കുറച്ചുകാലംകൂടി സുഖമായി ജീവിക്കാം. ഇപ്പോള്‍ തോറ്റ് നില്‍ക്കുന്നത് താനാണ്. ഇതൊരു നല്ല അവസരമാണ്. ഇതുപോലൊരു അവസരം ഇനി ഉണ്ടാവില്ല. പക്ഷേ അതിനുമുമ്പ് ചില തയ്യാറെടുപ്പുകള്‍ നടത്തണം.

ബാക്കി അലമാരകള്‍ കൂടി പരിശോധിക്കണം. രക്ഷപ്പെടാന്‍ വാഹനം. ആലോചിക്കുന്നതിനിടെയാണ് അലമാരയുടെ പാളിയില്‍ ഭദ്രമായി കെട്ടിവച്ചിരിക്കുന്ന ആ വസ്തു കണ്ടത്.

ഒന്‍പതാംക്ലാസില്‍വച്ച് തന്നെ തല്ലാന്‍ ആഗ്നസ് ടീച്ചര്‍ ഉപയോഗിച്ച വെള്ളികെട്ടിയ ചൂരല്‍. പതിയെ ഒന്ന് തൊട്ടു. പിന്നെ മെല്ലെ കെട്ടഴിച്ച് വലിച്ചൂരിയെടുത്തു.

ആ പഴയ അടിയുടെ ശബ്ദം ഒരിക്കല്‍ക്കൂടി ഓര്‍മ്മയില്‍ തെളിഞ്ഞു. ഉടലിലൂടെ ഒരു വിറയല്‍ കടന്നുപോയി. എടുത്തതു പോലെ ചൂരല്‍ തിരികെ വച്ചു. ആ വീട്ടില്‍നിന്ന് ഒരു മൊട്ടുസൂചിപോലും മോഷ്ടിക്കാനുള്ള ധൈര്യം ചോര്‍ന്നുപോയി.

“ഇത് വരെ ആ പേടി മാറിയില്ലേ?” ശബ്ദംകേട്ടു ഞെട്ടലോടെ തിരിഞ്ഞുനോക്കി. വാതില്‍ചാരി നില്‍ക്കുന്ന സെലിന്‍. അവള്‍ മെല്ലെ തന്റെ അടുത്തേക്ക് നടന്നുവന്നു.

“മമ്മി മരിച്ചു ജോമോനെ… ജോമോനെ തല്ലിയില്ലേ.. ശരിക്കും അന്നാണ് മമ്മി മരിച്ചത്. താനെത്ര വലിയ മുറിവാണ് ഉണ്ടാക്കുന്നതെന്ന് മമ്മിക്ക് അറിയില്ലായിരുന്നു. പക്ഷേ പിന്നീട്….” അവള്‍ ഒന്ന് നിര്‍ത്തി.

അവള്‍ താന്‍ അടച്ച അലമാര വീണ്ടും തുറന്നു..അതില്‍നിന്ന് ആ ചൂരല്‍ എടുത്തു തന്റെ കൈയില്‍ വച്ചു.

ഉള്ളില്‍ പണ്ട് തറഞ്ഞുകയറിയ മുള്ളാണ് തന്റെ കൈയിലിരിക്കുന്നത്. ഒരു ജീവിതത്തിന്റെ പകയും സങ്കടവും ധമനികളിലേക്ക് ഇരച്ചെത്തി.

“എനിക്കറിയാം ജോമോനിപ്പോഴും ഇതിന്റെ തല്ലുവാങ്ങിക്കൊണ്ടിരിക്കുവാ… അതങ്ങ് പൊട്ടിച്ചു കള. ചങ്കില്‍നിന്ന് അതങ്ങു പോട്ടെ..”

ചൂരല്‍ വില്ല് പോലെ വളഞ്ഞു.

ഒരിക്കല്‍കൂടി സെലിനെ നോക്കി. കൈയിലിരുന്ന ചൂരല്‍ ഒരു കീറ്റല്‍ശബ്ദത്തോടെ പിളര്‍ന്നു.
കണ്ണുനീര്‍പ്പാടയ്ക്കപ്പുറം ആ പഴയ ഒന്‍പതാംക്ലാസ്സുകാരി നില്‍ക്കുന്നത് കണ്ടു. ഒരു സ്വപ്നംപോലെ.

Leave a Reply

Your email address will not be published. Required fields are marked *