അച്ഛനു ഡല്‍ഹിയില്‍ വേറെ ഭാര്യയും മോനും ഉണ്ടെന്നു അമ്മ പറയുന്നത് ശരിയാണോ..

ഹൃദയങ്ങള്‍ കോര്‍ത്തിട്ട മുള്‍വേലി
(രചന: Anish Francis)

ഒറ്റ സൈഡ് സീറ്റും ഫ്രീയില്ല. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി പാട്ടും കേട്ടു കാറ്റും കൊണ്ട് യാത്ര ആസ്വദിക്കണമെങ്കില്‍ സൈഡ് സീറ്റ് തന്നെ കിട്ടണം.

പക്ഷേ ഈ ബസ്സ് പോയാല്‍ ഒരു മണിക്കൂര്‍ കാത്തിരുന്നാലെ എനിക്ക് പോകണ്ട സ്ഥലത്തേക്ക് ബസ് ഉള്ളു. സുഖം നോക്കണ്ട. കയറിയേക്കാം.

മൂന്ന് പേര്‍ക്കിരിക്കാവുന്ന ഒരു സീറ്റ് ഫ്രീയാണ്. അതിന്റെ അറ്റത്ത്‌ ,നരച്ച ജീന്‍സും ബനിയനും ധരിച്ച ഒരു ചെറുപ്പക്കാരനിരിക്കുന്നു.

ഒരു തടിയന്‍. ഒരു കാലു ചരിച്ചു ,വീട്ടിലെ ചാരുകസേരയിലിരിക്കുന്ന മട്ടില്‍ വിശാലമായാണ് അവനിരിക്കുന്നത്.

മ ദ്യത്തിന്റെ നാറ്റവും. എന്തായാലും ഞാന്‍ സീറ്റിന്റെ അറ്റത്ത് ഇരിപ്പുറപ്പിച്ചു. സഹിക്കുക തന്നെ. എങ്ങാനും അവന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഭാഗ്യമായി.

അവന്‍ വാട്സാപ്പില്‍ ആരോടോ ചാറ്റ് ചെയ്യുകയാണ്. ഒന്ന് പാളി നോക്കിയപ്പോള്‍ ചുംബനസ്മൈലികള്‍ പറന്നു പോകുന്നത് കണ്ടു. ഇതിനിടെ അവന്റെ ജീന്‍സിന്റെ പോക്കറ്റില്‍ കിടന്നു വേറൊരു ഫോണ്‍ ബെല്ലടിച്ചു.

ആദ്യത്തെ ഫോണില്‍ ചാറ്റ് തുടര്‍ന്നു കൊണ്ട് തന്നെ അവന്‍ രണ്ടാമത്തെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അതില്‍നിന്നു ഒരു പെണ്‍സ്വരം കേട്ടു. അവനു ചിലപ്പോള്‍ ഒന്നിലേറെ കാമുകിമാര്‍ കാണും.

യാത്രക്കാര്‍ മിക്കവരും ഫോണിലാണ്.

ഒരു മദ്ധ്യവയസ്ക്കന്‍ മാത്രം വെളിയിലേക്ക് നോക്കിയിരിക്കുന്നു. വല്ലാത്ത ഒരു ദു:ഖഭാവമാണ് അയാളുടെ മുഖത്ത്. ചിലപ്പോള്‍ അയാള്‍ക്ക് മൂന്നു പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു അയക്കാനുണ്ടാവും.

അതല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ കടം ഉണ്ടാവും. ഞാന്‍ അയാളുടെ വിഷാദത്തിന്റെ കാരണങ്ങള്‍ ഓരോന്നായി മെനയാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ എനിക്കത് മടുത്തു.

ഞാന്‍ വീണ്ടും അടുത്തിരിക്കുന്നവനെ ശ്രദ്ധിച്ചു നോക്കി. അവന്റെ ഇരിപ്പു കണ്ടിട്ട് ഉടനെ ഇറങ്ങി പോകുന്ന ലക്ഷണം ഒന്നുമില്ല.

സ്ഥിരമായ്‌ ബസ്സില്‍ യാത്ര ചെയ്യുന്നതുകൊണ്ട് യാത്രക്കാര്‍ അടുത്തിറങ്ങേണ്ടവരാണോ അല്ലയോ എന്നൊക്കെ ഊഹിക്കാനുള്ള കഴിവ് ഞാന്‍ സ്വായത്തമാക്കിയിരുന്നു.

സ്റ്റോപ്പ്‌ അടുക്കാറാകുമ്പോള്‍ മിക്കവാറും യാത്രക്കാര്‍ക്ക് ഒരു വെപ്രാളമുണ്ടാകും. ചിലര്‍ ഒന്ന് കൂടി നിവര്‍ന്നിരിക്കും.

ചിലര്‍ മുഖം ഒന്ന് തുടച്ചു ,കയ്യില്‍ ബാഗോ മറ്റോ ഉണ്ടെങ്കില്‍ അതെടുത്തു കയ്യില്‍ പിടിക്കും.

എന്നാല്‍ എന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ കാല്‍ ഒന്നുകൂടി അലസമായി നീട്ടി വച്ച് ഫോണ്‍ സംഭാഷണത്തില്‍ മുഴുകുകയാണ്. അവന്‍ ഉടനെ ഒന്നും ഇറങ്ങുന്ന ലക്ഷണമില്ല.

ദേഷ്യം പിടിച്ച മുഖഭാവവുമായി കണ്ടക്ടര്‍ ബസ്സില്‍ കയറി. ഞാന്‍ വേഗം ഒരു അന്‍പത് രൂപയും രണ്ട് രൂപാത്തുട്ടും പഴ്സില്‍ നിന്ന് എടുത്തു തയ്യാറായി .നാല്പത്തിരണ്ടു രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

അമ്പത് രൂപ കൊടുക്കുമ്പോള്‍ അയാള്‍ ദേഷ്യത്തോടെ രണ്ടു രൂപ ചില്ലറ ചോദിക്കും. ഇല്ല എന്ന് ഉത്തരം പ്രതീക്ഷിച്ചാണ് ചോദ്യം. എന്നാല്‍ ചോദിക്കാതെതന്നെ രണ്ടു രൂപ കൊടുക്കുമ്പോള്‍ അയാളുടെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്.

ടിക്കറ്റ് എടുത്തു കഴിഞ്ഞാല്‍ ഒരു ഭാരം ഒഴിഞ്ഞത് പോലെയാണ്. പിന്നെ യാത്ര തീരുന്നത് വരെ ദിവാസ്വപ്നം കാണാം. പാട്ട് കേട്ടു ഉറങ്ങാം. മനസ്സുകൊണ്ട് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കും മുന്‍പിലേക്കും യാത്ര തിരിക്കാം.

ബസ് മെല്ലെ നീങ്ങിത്തുടങ്ങി..ഞാന്‍ ഫെയ്സ് ബുക്ക് തുറന്നു. ഏതോ സ്ത്രീ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്ന വാര്‍ത്തയാണ് ആദ്യം കണ്ടത് .

ഞാന്‍ അടുത്തിരുന്നു രണ്ട് ഫോണിലൂടെ കാമുകിമാരുമായ് സല്ലപിക്കുന്ന തടിയനെ നോക്കി.

“ടിക്കറ്റ് ?’ കണ്ടക്ടര്‍ അടുത്തു വന്നു .

ഞാന്‍ സ്ഥലം പറഞ്ഞു. പിന്നെ അമ്പതു രൂപ കൊടുത്തു.

“രണ്ടു രൂപ ചില്ലറയുണ്ടോ ?”

“ഇല്ല.” ഞാന്‍ കടുപ്പത്തില്‍ പറഞ്ഞു.
വിന്‍ഡോ സീറ്റും അപഹരിച്ചു സൊള്ളിക്കൊണ്ടിരിക്കുന്ന കാമുകനോട് തോന്നിയ ദേഷ്യം ഞാന്‍ കണ്ടക്ടറോട് തീര്‍ത്തു.

അയാള്‍ എന്തോ പിറുപിറുത്തുകൊണ്ട് ബാക്കി തന്നു. ബസ് അപ്പോഴേക്കും വിമന്‍സ് കോളേജിന്റെ മുന്‍പിലെ സ്റ്റോപ്പില്‍ എത്തിയിരുന്നു. ധാരാളം കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബസ്സിലേക്ക് ഇരച്ചു കയറി.

“ആരെങ്കിലും ഡോര്‍ അടച്ചേ ?” കണ്ടക്ടര്‍ കുട്ടികളോട് ആജ്ഞാപിച്ചു.

ഇതിനിടയിലാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കണ്ടക്ടര്‍ എനിക്ക് മാത്രമേ ടിക്കറ്റ് തന്നിട്ടുള്ളൂ. എന്റെ അടുത്തിരിക്കുന്ന ശത്രു ടിക്കറ്റ് കാശ് ചുരുട്ടി കയ്യില്‍ പിടിച്ചുകൊണ്ട് ഫോണിലൂടെ കാമുകിയുമായി സംസാരിക്കുകയാണ്.

കണ്ടക്ടര്‍ ഉടനെ തിരിച്ചു വരുമെന്നും അയാളുടെ കയ്യില്‍ നിന്ന് ടിക്കറ്റ് വാങ്ങുമെന്നും അപ്പോള്‍ തടിയന്‍ ഇറങ്ങേണ്ട സ്ഥലം പറയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.

അടുത്ത സ്റ്റോപ്പ് വല്ലതുമാണെങ്കില്‍ രക്ഷപെട്ടു. തടിയന്റെ കയ്യിലിരിക്കുന്നത്‌ ഒരു അഞ്ഞൂറ് രൂപയാണ്.ഈ അഞ്ഞൂറ് കൊടുത്താല്‍ തടിയന് നല്ല ചീത്ത കിട്ടുമെന്ന് ഉറപ്പാണ്‌.

കണ്ടക്ടര്‍ അയാളെ ചീത്ത വിളിക്കുന്ന കാര്യം ഞാന്‍ ഭാവനയില്‍ കണ്ടു. അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. എന്നാല്‍ അതിനെക്കാള്‍ വലിയ സന്തോഷം വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.

മുന്‍പത്തെ സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടികളില്‍ ഒരാള്‍ സീറ്റ് ഇല്ലാത്തതിനാല്‍ എന്റെ അടുത്ത് വന്നിരുന്നു. മൂന്നാമത്തെയാള്‍ വന്നതോടെ തടിയന് ഒതുങ്ങി ഇരിക്കേണ്ടി വന്നു.

ഫോണ്‍ ചെയ്യുന്നതിനിടയില്‍ തടിയന്‍ എന്നെ അസൂയയോടെ നോക്കി. ഇളം നീല ചുരിദാറും പിങ്ക് നിറമുള്ള കമ്മീസും ധരിച്ച പെണ്‍കുട്ടി ഒരു കോളേജ് വിദ്യാര്‍ത്ഥിനിയല്ലെന്ന് എനിക്ക് തോന്നി.

കോളേജ് വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേര്‍ ഞങ്ങളിരുന്ന സീറ്റിന്റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ കയറി ഇരുന്നു. നീല ചുരിദാറുകാരിക്ക് അവരെക്കാള്‍ കൂടുതല്‍ പ്രായം തോന്നിച്ചു.

എന്റെ അടുത്തിരുന്ന പെണ്‍കുട്ടിക്ക് ഞാന്‍ ചില പേരുകള്‍ ഇടാന്‍ ശ്രമിച്ചു..ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അവളുടെ നെറ്റിയില്‍ ഒരു ചന്ദനക്കുറി മായാന്‍ തുടങ്ങിയത് പോലെ എനിക്ക് തോന്നി.

അതോടെ നിമ്മി ,ജൂലി തുടങ്ങിയ ക്രിസ്ത്യന്‍ പേരുകള്‍ ഇടാന്‍ തുടങ്ങിയ ഞാന്‍ അത് വേണ്ടെന്നു വച്ചു . എന്നാല്‍ എന്റെയുള്ളിലെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ് ഈ ചിന്തയെ ശക്തമായി എതിര്‍ത്തു.

ചന്ദനക്കുറി ഇട്ടു എന്ന് കരുതി അവള്‍ ഹിന്ദു തന്നെയാണ് എന്ന് എങ്ങിനെ ഉറപ്പിച്ചു പറയാന്‍ പറ്റും ?ചന്ദനക്കുറി ഒരു മതത്തിന്റെ മാത്രം സ്വന്തമാണോ ?ബോറന്‍ രാഷ്ട്രീയചിന്തകളിലേക്ക് എന്റെ മനസ്സു പായാന്‍ തുടങ്ങി.

അപ്പോഴേക്കും കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവള്‍ക്ക് എന്റെ സ്റ്റോപ്പില്‍ തന്നെയാണ് ഇറങ്ങേണ്ടത് എന്ന വിവരം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. അവളെ മുല്ലപൂക്കള്‍ വാസനിച്ചു.

അവള്‍ പിങ്ക് നിറമുള്ള സ്വര്‍ണ്ണ ബോര്‍ഡറുകളുള്ള ഹാന്‍ഡ് ബാഗില്‍നിന്നു ടിക്കറ്റിനുള്ള പൈസ എടുക്കുന്ന നേരം കൊണ്ട് ഞാന്‍ അവളുമായി കാട്ടുമുല്ലയും ചെമ്പകവും പൂത്തു നില്‍ക്കുന്ന മഞ്ഞുമൂടിയ ഒരു കുന്നിന്‍ചരിവില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഒരു ഉരുളന്‍ പാറയില്‍ ഞങ്ങള്‍ ചേര്‍ന്നിരുന്നു. ഞങ്ങളെക്കണ്ട് മരപ്പൊത്തുകളില്‍ വെളുത്ത പ്രാവുകള്‍ കുറുകി. ഞാനവിടെ വച്ച് അവള്‍ക്ക് ജാസ്മിന്‍ എന്ന് പേരിട്ടു.

പെട്ടെന്നാണ് എന്റെ കാലിലേക്ക് തടിയന്റെ ഫോണ്‍ വന്നു വീഴുന്നതും ഞാന്‍ സ്വപ്നത്തില്‍ നിന്നുണരുന്നതും.

“സോറി..സോറി “ എന്ന് പറഞ്ഞു തടിയന്‍ ഫോണ്‍ എടുക്കാനായി കുനിഞ്ഞപ്പോള്‍ എന്റെയും ജാസ്മിന്റെയും ശരീരങ്ങള്‍ കൂടുതല്‍ ഒട്ടി.

തടിയന്‍ മൊബൈല്‍ എടുക്കാനായി കൂടുതല്‍ സമയം എടുക്കുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. എന്നാല്‍ അവന്‍ ഒട്ടും സമയം കളയാതെ മൊബൈല്‍ എടുത്തു നിവര്‍ന്നു.

ഫോണ്‍ എടുത്തു നിവര്‍ന്നപ്പോള്‍ തടിയന്‍ വീണ്ടും സോറി പറഞ്ഞു. ഇപ്രാവശ്യം സോറി പറഞ്ഞത് ജാസ്മിനെ നോക്കിയാണ്.

സോറിക്ക് ശേഷം തടിയന്‍ ജാസ്മിനെ നോക്കി പുഞ്ചിരിച്ചു. ജാസ്മിനും അയാളെ നോക്കി ചിരിച്ചു. തുടര്‍ന്ന് നടുക്കിരുന്ന എന്നെ നിഷ്പ്രഭനാക്കി തടിയന്‍ കഴുത്തു നീട്ടി അവളോട്‌ സംസാരിക്കാന്‍ തുടങ്ങി.

“സെയിന്റ് മേരിസ് ഹോസ്പിറ്റലിലാണോ വര്‍ക്ക് ചെയ്യുന്നത് ?” തടിയന്‍ ചോദിച്ചു.

“അതെ.” ജാസ്മിന്‍ പറഞ്ഞു. അവളുടെ സ്വരം ഗായിക ചിത്രയുടെ ചെറുപ്പത്തിലെ സ്വരംപോലെയുണ്ടായിരുന്നു.

“ഒരു കണ്ടുപരിചയം. മെഡിക്കല്‍ റെപ്പായിരുന്നു കാലത്ത് അവിടെ വന്നിട്ടുണ്ട്.”

“ഉവ്വോ. അത് ശരി.” ജാസ്മിന്‍ തടിയനെ നോക്കി ഉപചാരപൂര്‍വ്വം ചിരിച്ചു. പിന്നെ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആ പെണ്‍കുട്ടിയും ഞാനും തനിച്ചു ഒരു ദിവസം യാത്ര ചെയ്താലും ഇങ്ങനെ ഇടിച്ചു കേറി മിണ്ടാന്‍ എനിക്ക് കഴിയില്ല .

തടിയന്റെ ആ കഴിവാണ് അവനെ രണ്ട് ഫോണില്‍ സൊള്ളാനുള്ള പ്രാപ്തി നല്‍കിയത്. പക്ഷേ ഇതൊന്നും വലിയ കാര്യമല്ല എന്നാ ക്ലീഷേ അസൂയയോടെ ഞാന്‍ തടിയന്റെ പ്രകടനത്തെ ചുവന്ന മഷി കൊണ്ട് വെട്ടി .

“അവിടെ ആര്‍ ടി പി സി ആര്‍ ടെസ്റ്റിനു എത്രയാ ?” ജാസ്മിന്‍ അവഗണിച്ചിട്ടും തടിയന്‍ വിടാന്‍ ഭാവമില്ല.

സംസാരിക്കുന്നതിനിടയിലും കണ്ടക്ടര്‍ വരുന്നുണ്ടോയെന്ന് തടിയന്‍ ഇടയ്ക്കിടെ വേവലാതിയോടെ നോക്കുന്നുണ്ട്. തടിയന്റെ കയ്യില്‍ ഇപ്പോഴും ആ അഞ്ഞൂറ് ചുരുട്ടിയതിരുപ്പുണ്ട്.

അല്പം കഴിഞ്ഞപ്പോള്‍ തടിയന്‍ കാശ് തിരികെ പഴ്സില്‍ വച്ചു. ടിക്കറ്റ് എടുക്കാതെ മുങ്ങാനാണ് ഭാവം!

“കണ്ടക്ടര്‍ ഈ വൃത്തികെട്ടവന്‍ ടിക്കറ്റ് എടുത്തിട്ടില്ല.” എനിക്ക് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി. പക്ഷേ കണ്ടക്ടര്‍ ഏറ്റവും പിറകിലെ കശപിശ ഒതുക്കുന്ന ശ്രമത്തിലായിരുന്നു. പിറകില്‍ ഒരു മദ്യപന്‍ ഒച്ചയുണ്ടാക്കുന്നു.

“നമ്മളെല്ലാം കഴിഞ്ഞ ജന്മത്തില്‍ പരിചയക്കാരായിരുന്നു. അതുകൊണ്ടാ ഇപ്പൊ ഈ ബസ്സേല്‍ ഇപ്പൊ ഒന്നിച്ചു പോകുന്നെ..” വെളുത്ത ജൂബയും മുണ്ടും ധരിച്ച ഒരു വൃദ്ധന്‍ കമ്പിയില്‍ ചാരി നിന്ന് പ്രസംഗിക്കുന്നു..

“കക്ഷി പെന്‍ഷന്‍ വാങ്ങി വരുന്ന വരവാ.” ആരോ പറയുന്നു.

കണ്ടക്ടര്‍ ആടുന്ന പ്രാസംഗികനെ ഒരു സീറ്റില്‍ ഇരുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തടിയന്‍ അതൊന്നും ശ്രദ്ധിക്കാതെ തല കുനിച്ചു ഉറങ്ങാന്‍ തുടങ്ങിയിരുന്നു. കണ്ടക്ടര്‍ പിടികൂടാതിരിക്കാനുള്ള കള്ള ഉറക്കം തന്നെ!

“കഴിഞ്ഞ ജന്മത്തിലെ എന്റെ ശത്രുക്കളും മിത്രങ്ങളും കെട്ടിയോളും പിള്ളേരും ഒക്കെ ഈ ബസ്സേല്‍ കാണും.”

വൃദ്ധന്റെ ഡയലോഗു കേട്ടു ജാസ്മിന്റെ മുഖത്തും ഒരു ചിരി പരന്നു. അവള്‍ എന്നോട് ഒന്ന് ചേര്‍ന്നിരുന്നു. അതോ എനിക്ക് തോന്നിയതാണോ?

ഞാന്‍ ഫോണെടുത്തു ഒരു പഴയ പാട്ട് തിരഞ്ഞു. ചിത്ര ചെറുപ്പത്തില്‍ പാടിയ ആ പാട്ട് ഒടുവില്‍ ഞാന്‍ കണ്ടുപിടിച്ചു.

“നിമിഷം …സുവര്‍ണ്ണ നിമിഷം ..ഞാന്‍ തേടിവന്ന നിമിഷം..”

ചിത്രയുടെ മഴ നനഞ്ഞതുപോലെയുള്ള സ്വരം. ജാസ്മിന്‍ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. അവള്‍ക്ക് ഒരു രഹസ്യ പ്രണയം ഉണ്ടായിരിക്കുമോ ?ഹേയ് ഉണ്ടാവില്ല..

അവളും ഏതെങ്കിലും ഓര്‍മ്മയിലായിരിക്കും. ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക മനുഷ്യരുടെയും മുഖങ്ങള്‍ ശ്രദ്ധിച്ചാലറിയാം. അവര്‍ ഓര്‍മ്മകളില്‍നിന്ന് ഓര്‍മ്മകളിലേക്ക് തെന്നുകയാണ്..

ഞാന്‍ വീണ്ടും കണ്ണടച്ചു. അവളുടെ കയ്യും പിടിച്ചു ചുവന്ന ചമ്പകപ്പൂക്കള്‍ ചിതറിക്കിടക്കുന്ന മഞ്ഞുമൂടിയ ആ കുന്നിന്‍ചരിവിലെക്ക് ,ചിത്രയുടെ പാട്ടിനൊപ്പം ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങിയതാണ്. അപ്പോള്‍ മുന്‍ സീറ്റില്‍ നിന്ന് ഒരു വിതുമ്പല്‍ കേട്ടു.

മുന്‍പിലത്തെ സീറ്റിലിരുന്ന രണ്ടു കോളേജ് പെണ്‍കുട്ടികളും എന്തോ കാര്യം പറഞ്ഞു വഴക്ക് തുടങ്ങിയിരിക്കുന്നു. ഒരുത്തി കല്ല്‌പോലത്തെ മുഖഭാവവുമായി പുറത്തേക്ക് നോക്കിയിരിക്കുന്നു.

രണ്ടാമത്തെയാള്‍ തലകുനിച്ചിരുന്നു കരയുന്നു. എല്ലാവരുടെയും ശ്രദ്ധ പിറകിലത്തെ മദ്യപനില്‍ നിന്നും മാറി ഈ പെണ്‍കുട്ടികളിലാണ്.

പെട്ടെന്നു കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടി ചാടി എഴുന്നേറ്റു.

“ നീയിനി മേലില്‍ എന്നോട് മിണ്ടിപ്പോകരുത്.” അവള്‍ മറ്റേ പെണ്‍കുട്ടിയോട് ആക്രോശിച്ചു.
“റിയാ പ്ലീസ്.. ഞാൻ പറയുന്നതൊന്നു കേൾക്കൂ..

രണ്ടാമത്തെ പെൺകുട്ടി അവളെ തടയാൻ ശ്രമിച്ചു. എന്നാൽ റിയ അവൾ പറഞ്ഞതു കേൾക്കാതെ അപ്പുറത്തെ സൈഡിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് പോയിരുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മിച്ചു.

ഒരു മധ്യവേനലവധിക്കാലത്ത് ഞാന്‍ അച്ഛന്റെ കൂടെ എങ്ങോട്ടോ യാത്ര ചെയ്യുകയായിരുന്നു. അച്ഛനു ഡല്‍ഹിയിലായിരുന്നു ജോലി. വര്‍ഷത്തില്‍ ഒരിക്കല്‍ , അവധിക്കാലത്ത്‌ അച്ഛന്‍ ഞങ്ങളെ കാണാന്‍ വരും.

“അച്ഛനു ഡല്‍ഹിയില്‍ വേറെ ഭാര്യയും മോനും ഉണ്ടെന്നു അമ്മ പറയുന്നത് ശരിയാണോ ?”

ഞാന്‍ അച്ഛനോട് ചോദിച്ചു. അച്ഛനും അമ്മയും തമ്മില്‍ അന്ന് സ്ഥിരം വഴക്കായിരുന്നു.

അച്ഛന്‍ ഇല്ല എന്നു പറയുമെന്നും ഇക്കാര്യം ചോദിച്ചതിനു എന്നെ വഴക്ക് പറയുമെന്നുമായിരുന്നു ഞാന്‍ വിചാരിച്ചത്.

എന്നാല്‍ അച്ഛന്‍ റിയയുടെ കൂട്ടുകാരി ചെയ്തത് പോലെ കല്ലിച്ച മുഖഭാവവുമായി പുറത്തേക്ക് നോക്കിയിരിക്കുകയാണ് ചെയ്തത്. വല്ലാത്ത ദേഷ്യം വന്ന ഞാന്‍ റിയ ചെയ്തത് പോലെ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

പിന്നീടൊരിക്കലും ഞാന്‍ അച്ഛന്റെ അരികില്‍ ഇരുന്നില്ല.

“റിയാ കം ഹിയര്‍. ഐ കാന്‍ എക്സ്പ്ലെയിന്‍.” കൂട്ടുകാരി ചിലമ്പിച്ച സ്വരത്തില്‍ നിര്‍ബന്ധിച്ചു.

“ഫ ക്ക് യൂ.” റിയ മറ്റവളെ നോക്കി ചുണ്ടനക്കി. എന്നിട്ട് വീണ്ടും തല കുനിച്ചു കിടന്നു കരച്ചില്‍ തുടര്‍ന്നു.

ജാസ്മിന്‍ ആ പെണ്‍കുട്ടികളെ ശ്രദ്ധിക്കുകയായിരുന്നു.

“ആരോ ആരെയോ ചതിച്ചു എന്ന് തോന്നുന്നു.” . അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ അത് കേട്ടു ചിരിച്ചു.

ഞാന്‍ ഒന്നും സംസാരിക്കാത്തത് കൊണ്ടാവണം ജാസ്മിന്റെ മുഖത്ത് ഒരു വല്ലായ്മ പുരണ്ടു. അവള്‍ ഫോണെടുത്തു എന്തോ നോക്കാന്‍ തുടങ്ങി. കണ്ടക്ടര്‍ ഏറ്റവും മുന്‍പില്‍ പോയി ഡ്രൈവറുമായി കത്തി വയ്ക്കുകയാണ്..

കണ്ടക്ര്‍ ഉടനെ വരില്ല എന്ന പ്രതീക്ഷയില്‍ തടിയന്‍ കള്ള ഉറക്കം മതിയാക്കി ഫോണില്‍ വീണ്ടും സൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. റിയ.. റിയ കരയുകയാണ്. ഞാന്‍ വീണ്ടും അച്ഛനെ ഓര്‍ത്തു.

ഒരു വൃദ്ധമന്ദിരത്തിലാണ് അച്ഛനിപ്പോള്‍ കഴിയുന്നത്‌. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ അച്ഛനെ കാണാന്‍ ഞാന്‍ പോകും.

കഴിഞ്ഞ തവണ പോയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ കൊണ്ടുവരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ആ പുസ്തകം എടുക്കാന്‍ മറന്നോ? എനിക്ക് സംശയം തോന്നി. ഞാന്‍ വേഗം ബാഗ് തുറന്നു തിരഞ്ഞു.

ഉവ്വ്.ആ പുസ്തകമുണ്ട്.

“വിക്ടര്‍ ലീനസിന്റെ കഥകള്‍ അല്ലെ ?”എന്റെ കയ്യിലെ പുസ്തകം കണ്ടു കൗതുകത്തോടെ ജാസ്മിന്‍ ചോദിച്ചു.

“ഞാനൊരുപാട് നാള്‍ ഈ പുസ്തകം തിരഞ്ഞു നടന്നതാണ്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാന്‍ പുസ്തകം അവള്‍ക്ക് നേരെ നീട്ടി.

“വിക്ടര്‍ ലീനസിന്റെ കഥകള്‍ ഇഷ്ടമാണോ ?”

അവള്‍ താളുകള്‍ മറിക്കുന്നതിനിടയില്‍ ചോദിച്ചു.

“ഞാന്‍ വായിച്ചിട്ടില്ല..”

ചോരത്തുള്ളികള്‍ കിനിഞ്ഞു നില്‍ക്കുന്ന ഒരു മുള്‍വേലിയാണ് ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം.ആ കവര്‍ചിത്രം കണ്ടാണ്‌ ഞാന്‍ ആ പുസ്തകം വാങ്ങിയത്.

എനിക്കും അച്ഛനുമിടയിലെ അദൃശ്യമായ മുള്ളുവേലിയെ ആ ചിത്രം ഓര്‍മിപ്പിച്ചു. അത്രമാത്രം.

“ആണോ..അപ്പോള്‍ പിന്നെ ഈ പുസ്തകം .?”അവള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.

ബസ് ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്നു. റിയയുടെ അടുത്തിരുന്ന ആള്‍ ഇറങ്ങിപ്പോയിരിക്കുന്നു. മറ്റേ പെണ്‍കുട്ടി റിയയുടെ അരികില്‍ ചെന്നിരുന്നു അവളുമായി സംസാരിക്കുമെന്ന് ഞാന്‍ കൊതിച്ചു. പക്ഷേ അതുണ്ടായില്ല.

“അത് ഒരു പരിചയക്കാരന്‍ പറഞ്ഞിട്ടു വാങ്ങിയതാണ്.” ഞാന്‍ ക്രൂരമായ തൃപ്തിയോടെ പറഞ്ഞു.

“എവിടെയാണ് ഇറങ്ങുന്നത് ?” അവള്‍ ചോദിച്ചു.

ഞാന്‍ സ്റ്റോപ്പിന്റെ പേര് പറഞ്ഞു.

“ഞാനും അവിടെയാണ് ഇറങ്ങുന്നത് .” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇനിയും അരമുക്കാല്‍ മണിക്കൂര്‍കൂടിയുണ്ട്. പുസ്തകം വായിച്ചുകൊള്ളൂ..” ഞാന്‍ പറഞ്ഞു.

അവള്‍ നന്ദിപൂര്‍വ്വം തലയാട്ടി. പിന്നെ പുസ്തകത്തിലേക്ക് മിഴികള്‍ കുമ്പിട്ടു.

“നീയറിയില്ലെന്‍ നിനവുകളില്‍ ..നീ പകരുന്നൊരു നിര്‍വൃതികള്‍…” ഇയര്‍ഫോണിനുള്ളില്‍ ചിത്ര പാടിക്കൊണ്ടിരുന്നു.

എനിക്ക് അവളുടെ പേര് ചോദിക്കണമെന്നും കൂടുതല്‍ സംസാരിക്കണം എന്നുമുണ്ടായിരുന്നു. എന്നാല്‍ ആ പുസ്തകത്തിന്റെ പുറംചട്ടയിലെ മുള്ളുകമ്പി ഉള്ളിലെന്തോ ഉരസലുണ്ടാക്കുന്നു.

“റിയാ..റിയാ എന്റെ ടിക്കറ്റ്..” റിയയുടെ കൂട്ടുകാരി അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നു.. അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്.

പരീക്ഷാഹാളിലിരിക്കുന്ന കുട്ടികള്‍ കോപ്പിയടിക്കുന്നുണ്ടോ എന്ന പരിശോധിക്കുന്ന അധ്യാപകനെപ്പോലെ ഷേവ് ചെയ്യാത്ത മുഖവും പാതി ഇന്‍സര്‍ട്ട് ചെയ്ത മുഷിഞ്ഞഷര്‍ട്ടുമായി കുടവയറുള്ള ഒരു മധ്യവയസ്ക്കന്‍ എല്ലാവരുടെയും ടിക്കറ്റ് പരിശോധിക്കുന്നു.

ഞാന്‍ തടിയനെ ശ്രദ്ധിച്ചു. ചെക്കര്‍ കയറിയ വിവരം അവന്‍ അറിഞ്ഞിട്ടില്ല. ഉറക്കം അഭിനിയച്ചഭിനയിച്ച് തടിയന്‍ ഇപ്രാവശ്യം ശരിക്കും ഉറങ്ങിപ്പോയിരിക്കുന്നു!

“ടീ എന്റെ കയ്യില്‍ പൈസയില്ല. പ്ലീസ്..ഗിവ് ദ ടിക്കറ്റ്..” റിയയുടെ കൂട്ടുകാരി കെഞ്ചുന്നു
.
അതിനു മറുപടിയായി റിയ ആ ടിക്കറ്റ് വലിച്ചു കീറിക്കളയുന്നു.

റിയയുടെ കൂട്ടുകാരിയെയും തടിയനെയും ചെക്കര്‍ പിടികൂടും.

പിടിക്കപ്പെടണം. സ്നേഹിക്കുന്നവരെ ചതിക്കുന്നവരുടെയെല്ലാം ടിക്കറ്റ് കീറണം. വിക്ടര്‍ ലീനസിന്റെ പുസ്തകത്തിലെ മുള്ളുവേലിയില്‍ അവരുടെ ഹൃദയങ്ങള്‍ കോര്‍ത്തിടണം.

അടുത്ത സ്റ്റോപ്പായി. വേറെ ഏതോ വണ്ടിയുടെ ഉറക്കെയുള്ള ഹോണ്‍ കേട്ടാവണം തടിയന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ വെളിയിലേക്ക് പകച്ചു നോക്കി.

അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.

“ആളിറങ്ങാനുണ്ട്.” തടിയന്‍ വിളിച്ചുപറഞ്ഞു. അതിനുശേഷം ഞങ്ങളെ രണ്ടുപേരെയും ഞെരിച്ചുകൊണ്ട് സീറ്റിനു വെളിയിലേക്ക് നൂണ്ടിറങ്ങി.

കണ്ടക്ടര്‍ ചീത്ത വിളിച്ചുകൊണ്ടു ബെല്ലടിച്ചു. വണ്ടിയുടെ വേഗം കുറയുന്നതും തടിയന്‍ ഓടിയിറങ്ങുന്നതും ഞാന്‍ അരിശത്തോടെ നോക്കിയിരുന്നു.

ജീവിതം അങ്ങിനെയാണ്. ചതിക്കുന്നവര്‍ക്ക് ശിക്ഷയില്ല. അവര്‍ ചെക്കര്‍മാരുടെ കയ്യില്‍നിന്ന് രക്ഷപെടും. ഉപേക്ഷിച്ച മക്കള്‍ പുസ്തകവുമായി വരാന്‍ കാത്തിരിക്കും.

താന്‍ ആരെയും ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്നത് സൗകര്യപൂര്‍വ്വം മറക്കും.

തടിയന് വേണ്ടി വണ്ടി നിര്‍ത്തിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ എന്ന വണ്ണം ബസ് പൂര്‍വാധികം വേഗത്തില്‍ പാഞ്ഞു.

തടിയന്‍ ഇറങ്ങിയതോടെ ഞാനും അവളും തനിച്ചായി. ഞാന്‍ വിന്‍ഡോയോട് ചേര്‍ന്നിരുന്നു. ചിത്രയുടെ പാട്ട് കഴിഞ്ഞെങ്കിലും ഞാന്‍ വീണ്ടും അത് പ്ലേ ചെയ്തു.

അവള്‍ എന്നെ നോക്കി ചിരിച്ചു.

“പേരെന്താ ?” ഞാന്‍ ചോദിച്ചു.

അവള്‍ മറുപടി പറയാന്‍ ചുണ്ടനക്കിയതും വലിയൊരു ശബ്ദം കേട്ടു. ബസ്സിന്റെ മുന്‍ചില്ലുകള്‍ തകര്‍ത്ത് ഒരു ടിപ്പര്‍ ഞങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി.

ഒരു നിമിഷം ! എല്ലാ ശബ്ദവും നഷ്ടമായി. ഭീകരമായ ഒരു നിശബ്ദത ഒരു നിമിഷാര്‍ത്ഥം മനസ്സിനെ മൂടി.

ബോധം തിരിച്ചുവന്നപ്പോള്‍ കട്ടച്ചോരയുടെ ഗന്ധമാണ് ആദ്യം അറിഞ്ഞത്. അകലെനിന്ന് എന്നപോലെ ആളുകളുടെ വിലാപം കേട്ടു. ഞങ്ങളിരുന്ന സീറ്റ് എന്റെ തലയ്ക്കു മുകളില്‍ ചരിഞ്ഞുനിന്നു.

വീണ്ടും എന്റെ ബോധം നഷ്ടമായി. ഉണര്‍ന്നപ്പോള്‍ തടിയന്റെ മുഖം ഒരു മിന്നായംപോലെ കണ്ടു. അയാള്‍ ഞാന്‍ കുടുങ്ങിക്കിടക്കുന്ന ഭാഗം വെട്ടിപ്പൊളിച്ചു എന്നെ പുറത്തെടുത്തു.

രക്തം പുരണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ പോലെ കാഴ്ചകള്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു.

റിയയും അവളുടെ കൂട്ടുകാരിയും ഒരു സീറ്റിനടിയില്‍ ഒരുമിച്ചു കിടക്കുന്ന നിലയില്‍.. മ ദ്യപനച്ചായന്റെ വെളുത്ത ജൂബക്ക് ചുവന്ന നിറമായിരിക്കുന്നു. മരിച്ചെങ്കിലും കണ്ടക്ടര്‍ ടിക്കറ്റ് മെഷീന്‍ ഇപ്പോഴും മുറുക്കെപ്പിടിച്ചിട്ടുണ്ട്.

പുറത്തു ,പുല്‍പ്പരപ്പില്‍ അവളുടെ അരികിലാണ് എന്നെ കിടത്തിയത്‌. അവളുടെ കയ്യില്‍ വിക്ടര്‍ ലീനസിന്റെ പുസ്തകമുണ്ടായിരുന്നു. അതിന്റെ പുറംചട്ടയിലെ മുള്ളു വേലിയില്‍ ഹൃദയാകൃതിയില്‍ രണ്ടു രക്തത്തുള്ളികള്‍ അടുത്തടുത്തിരുന്നു.

“പേരെന്താ ?” ഞാന്‍ ശബ്ദമില്ലാതെ അവളോട് വീണ്ടും ചോദിച്ചു.

“ജാസ്മിന്‍.” അവള്‍ ശബ്ദമില്ലാതെ പറഞ്ഞു.

“ഇരുള്ളിനുള്ളില്‍ നിന്നെ തിരയുംനേരം ഒരു കിനാവുപോല്‍ അരികില്‍ വന്നുവോ …. നീയിന്നെന്റെ മൗനമോ..” ശിരസ്സിനുള്ളില്‍ ചിത്ര അപ്പോഴും പാടിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *