എന്താ എനിക്കൊരു അനിയനും അനിയത്തിയും ഇല്ലാത്തെ മമ്മീ, ശ്രവ്യയുടെ പ്രസവത്തിനു..

റിറ്റ
(രചന: Anish Francis)

ഡോര്‍ബ്ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഒപ്പം ശ്രവ്യമോള്‍ വാതില്‍ക്കലോട്ട് ഓടുന്നതും കേട്ടു. “മമ്മീ,റിറ്റ വന്നു കേട്ടോ ..”

വാതില്‍ക്കല്‍നിന്ന് ശ്രവ്യയുടെ ഉത്സാഹവും ആനന്ദവും നിറഞ്ഞ സ്വരം. അത് കേട്ടതും മനസ്സില്‍ വല്ലാത്ത വെറുപ്പ് നിറഞ്ഞു.

താഴത്തെ നിലയിലെ ഫ്ലാറ്റില്‍ താമസിക്കൂന്ന ഏഴു വയസ്സുകാരിയാണ് റിറ്റ. അഞ്ചു വയസ്സുള്ള തന്റെ മോളുടെ ഏറ്റവും വലിയ കൂട്ടുകാരി.ആ കൊച്ചുകുഞ്ഞിനോട് എന്തിനാണ് ഇത്ര വലിയ വെറുപ്പ്..

“മോളെ ബേസ്മെന്റില്‍മാത്രേ കളിക്കാവൂ.. റോഡിലോട്ട് ഒന്നും ഇറങ്ങി പോകുരുത്..” അടുക്കളയില്‍നിന്ന് അതും പറഞ്ഞുകൊണ്ട് ഫ്ലാറ്റിന്റെ വാതില്‍ക്കല്‍ ചെന്നപ്പോഴേക്കും രണ്ട് പേരും ഓടുന്ന ശബ്ദം കേട്ടു.

“ഓക്കെ ആന്റി ..” എന്ന റിറ്റയുടെ സ്വരത്തിനൊപ്പം ലിഫ്റ്റ്‌ സ്റ്റാര്‍ട്ടാകുന്നതും കേട്ടു.

റിറ്റ..റിറ്റ…റിറ്റ… ആ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ വല്ലാത്ത അസ്വസ്ഥത. തന്റെ മകള്‍ക്കിപ്പോ റിറ്റയെ മതി.

“മമ്മി ,ഇന്ന് റിറ്റ മാഗി നൂഡില്‍സുണ്ടാക്കി.. എന്ത് രുചിയാരുന്നു.”

“മമ്മി ,റിറ്റ ഇന്ന് എന്റെ നഖം വെട്ടി ക്യൂട്ടക്ക്സ് ഇട്ടു തന്നു.”

“റിറ്റയുടെ മമ്മി ,ഇന്ന് ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കി..”

മോള്‍ക്കിപ്പോ റിറ്റയുടെ വിശേഷം പറയാനേ നേരമുള്ളൂ. തനിക്ക് പക്ഷേ ..
വീണ്ടും ഡോര്‍ ബെല്‍. ഓഫിസില്‍നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവാണ്. ഡോര്‍ തുറന്നയുടനെ പുള്ളി ചോദിച്ചു.

“എന്താടോ മുഖം വല്ലാതെയിരിക്കുന്നത് . ഇന്ന് റിറ്റ വന്നോ ?” റിറ്റയോടുള്ള ദേഷ്യം ഇപ്പൊ ഭര്‍ത്താവിനും മനസ്സിലായിത്തുടങ്ങി.

“ഓ,വന്നു. രണ്ടു പേരും കൂടെ ഇപ്പം താഴോട്ടു കളിക്കാന്‍ പോയിട്ടുണ്ട്.” ഈര്‍ഷ്യയോടെ പറഞ്ഞു.

“ഹാ ,സാരമില്ലടോ..കൊച്ചു കുട്ടികളല്ലേ.. താനിങ്ങനെ ടെന്‍ഷന്‍ അടിക്കാതെ..” ലാപ്ടോപ്പ് ബാഗ് ടേബിളില്‍ വച്ച് ടി. വിയുടെ റിമോട്ടുമായി സോഫയിലേക്ക് അമരുന്നതിനിടെ ഭര്‍ത്താവ് പറഞ്ഞു.

എന്താണ് റിറ്റയോട് തനിക്കിത്ര ദേഷ്യം തോന്നാന്‍ കാരണം..? അദ്ദേഹത്തിന് ചായ എടുക്കുന്നതിനിടയില്‍ വീണ്ടും ആ ചിന്ത മനസ്സില്‍ കയറിവന്നു.

ശ്രവ്യമോള്‍ ജനിച്ചപ്പോള്‍ മുതല്‍ ഈ ഫ്ലാറ്റിലാണ് താമസം. ഇതുവരെ അവള്‍ക്ക് ഈ ഫ്ലാറ്റില്‍ കളിക്കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.

അതിനിടയിലാണ് റിറ്റയും അവളുടെ കുടുംബവും കൂടി ഇങ്ങോട്ട് പുതിയ താമസക്കാരായി വരുന്നത്.

താമസം തുടങ്ങി പിറ്റേന്ന് തന്നെ റിറ്റ എല്ലാ ഫ്ലാറ്റിലും സ്വീറ്റ്സുമായി ചെന്നു. അങ്ങിനെയാണ് ഇവിടെയും വന്നത്.

ചുറുചുറുക്കുള്ള ഇരുനിറമുള്ള കൊച്ചു പെണ്‍കുട്ടി. ഇളം നിറങ്ങളുള്ള ഫ്രോക്കാണ് റിറ്റയുടെ സ്ഥിരം വേഷം. നല്ല വൃത്തിയും വെടിപ്പും. സില്‍ക്ക് പോലെ സുന്ദരമായ മുടി രണ്ടായി പിന്നി റിബ്ബണ്‍ കെട്ടിയിരിക്കുന്നു.

“ആന്റി ,ശ്രവ്യയെ എന്റെ കൂടെ കളിക്കാന്‍ വിടാമോ ?” രണ്ടാമത്തെ ദിവസം ഫ്ലാറ്റില്‍ വന്നു റിറ്റ ചോദിച്ചപ്പോള്‍ ആദ്യമൊന്നു മടിച്ചു.

ഒഴികഴിവ് പറഞ്ഞെങ്കിലും ,ശ്രവ്യ വാശികൂടി കരയാന്‍ തുടങ്ങിയപ്പോള്‍ വിട്ടയച്ചു.

ശ്രവ്യ വാശിപിടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു രക്ഷയുമില്ല. വിട്ടുകൊടുത്തേ പറ്റൂ. ഒരു കുഞ്ഞ് എന്ന് പറഞ്ഞ് താനും ഭര്‍ത്താവുംകൂടി ലാളിച്ചതിന്റെ പ്രശ്നം…

“ഇത്ര നാളും അവള്‍ക്ക് കളിക്കൂട്ടുകാര്‍ ഇല്ലാതെ വളരുന്നതിന്റെ സങ്കടമായിരുന്നു വലുത്. ഇപ്പൊ പറ്റിയ ഒരു കൂട്ട് കിട്ടിയപ്പോള്‍ വിടാന്‍ മടി..” ഭര്‍ത്താവ് കളിയാക്കി.

റിറ്റയുടെ കൂടെ കളിക്കാന്‍ പോയതിനു ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
കളി കഴിഞ്ഞു വൈകുന്നേരം ഫ്ലാറ്റില്‍ തിരിച്ചെത്തിയയുടന്‍ ശ്രവ്യ ചോദിച്ചു.

“മമ്മി ,എന്റെ മതമേതാ ?”

“മതമോ ?”

“ആ ..മതം . റിറ്റയുടെ ഫ്ലാറ്റില്‍ ക്രൈസ്റ്റിന്റെ പടം ഉണ്ടല്ലോ..ദേയാര്‍ ക്രിസ്ത്യന്‍..നമ്മളോ..””

“അതൊക്കെ നിനക്ക് പ്രായമാകുമ്പോള്‍ മനസ്സിലാകും.” അങ്ങിനെ പറഞ്ഞു അവളെ വഴക്ക് പറഞ്ഞു ഓടിച്ചുവെങ്കിലും മനസില്‍ പൊടുന്നനെ ഒരു പാറ കയറ്റി വച്ച പ്രതീതി.

അന്ന് വൈകുന്നേരം ഭര്‍ത്താവ് വന്നപ്പോള്‍ അതും പറഞ്ഞു ചെറുതായ് വഴക്കുണ്ടായി.

“അന്ന് നീയല്ലേ പറഞ്ഞത് ,മോള്‍ക്ക് റിലിജ്യന്‍ വേണ്ടാ..പ്രായമാകുമ്പോള്‍ അവള്‍ തന്നെ ചൂസ് ചെയ്യട്ടെയെന്നു…” അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു.

“അത്..ശരിയാ..പക്ഷേ പിന്നീട് അവള്‍ക്ക് ഒരു രണ്ടു വയസ്സുള്ളപ്പൊ മുതല്‍ ഞാന്‍ പറയുന്നതല്ലേ…” പ്രതിഷേധിക്കാന്‍ തുടങ്ങിയത് ഭര്‍ത്താവ് കാര്യമാക്കിയില്ല.

“നീയെന്താ ഈ പറയുന്നത് …. അവള്‍ക്കിപ്പോ പ്രായമാകും..അപ്പൊ അവളു തീരുമാനിക്കട്ടെ ഇഷ്ടമുള്ള മതം.

എന്റെ പള്ളി വേണോ അതോ നിന്റെ അമ്പലം വേണോ എന്നൊക്കെ.. പിന്നെ എനിക്ക് തോന്നുന്നത് അവള്‍ക്ക് പ്രായമാകുമ്പോ ഈ മതങ്ങള്‍ക്കൊന്നും ഇത്ര പോലും പ്രസക്തി കാണില്ല എന്നാണ്..

ഇപ്പോ തന്നെ കണ്ടില്ലേ . ലോക്ക് ഡൌണ്‍ തുടങ്ങിയതിനുശേഷം ഏറ്റവും കഷ്ടം മതസ്ഥാപനങ്ങളുടെ കാര്യമാ..പൊക്കി പിടിച്ചു കൊണ്ട് നടക്കാന്‍ ആളില്ലെങ്കില്‍ തീരുന്ന ബിസിനസ്സാ ഈ മതങ്ങളുടെയൊക്കെ ..”

അതിനുശേഷം താന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. എങ്കിലും ഉള്ളിലെ ഭയം അധികരിച്ചു. തങ്ങളുടേത് ഒരു പ്രണയവിവാഹമായിരുന്നു. രണ്ടു വീട്ടുകാരും കഠിനമായ്‌ എതിര്‍ത്തു.

രണ്ടു പേരും രണ്ടു മതമായിരുന്നു എന്നതായിരുന്നു എതിര്‍പ്പിനുള്ള പ്രധാന കാരണം. എങ്കിലും എല്ലാം മറികടന്നു തങ്ങള്‍ കല്യാണം കഴിച്ചു. ശ്രവ്യ ഉണ്ടായപ്പോള്‍ തങ്ങള്‍ യോജിച്ചെടുത്ത തീരുമാനമാണ് അവള്‍ക്ക് ഒരു മതം വേണ്ടന്ന് .

പക്ഷേ റിറ്റയുടെ കൂടെ കളിക്കാന്‍ പോയി വന്നശേഷം അവള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തന്റെ ഭാഗത്ത്‌ ഒരു ഉത്തരമില്ലാത്തത് പോലെ..

എങ്ങിനെയാണ് ഒരു കൊച്ചുകുട്ടിക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കുക..

എല്ലാത്തിനും കാരണം ശ്രവ്യയുടെ പുതിയ കൂട്ടാണ്..റിറ്റ…

അടുത്ത ദിവസങ്ങളില്‍ റിറ്റയുടെ ഫ്ലാറ്റില്‍ പോയി വന്നശേഷം ശ്രവ്യയുടെ ചോദ്യങ്ങളുടെ എണ്ണം കൂടി…

“എന്താ എന്റെ അപ്പൂപ്പനും അമ്മൂമ്മയുടെ നമ്മടെ വീട്ടില്‍ വരാത്തെ ..”

“നമ്മുടെ ഫ്ലാറ്റില്‍ മാത്രം എന്താ ദൈവത്തിന്റെ പടം വക്കാത്തെ..”

“റിറ്റയുടെ വീട്ടില്‍ എന്ന് വൈകുന്നേരം പ്രാര്‍ത്ഥനയുണ്ട്. നമ്മള്‍ക്ക് എന്താ ഇല്ലാത്തെ ?”

ഓരോന്നിനും തട്ടിമുട്ടി മറുപടി പറയുമ്പോള്‍ ശ്രവ്യയുടെ മുഖത്തൊരു അതൃപ്തി കലര്‍ന്ന സംശയഭാവം വിടരും. അത് കാണുമ്പോള്‍ റിറ്റയോടുള്ള ദേഷ്യം കൂടും.

ഒരു ദിവസം വന്നപ്പോള്‍ അവള്‍ ചോദിച്ചത് കേട്ട് ആകെ തകര്‍ന്നു പോയി.

“എന്താ എനിക്കൊരു അനിയനും അനിയത്തിയും ഇല്ലാത്തെ മമ്മീ ?”

ശ്രവ്യയുടെ പ്രസവത്തിനുശേഷം ആറുമാസം കഴിഞ്ഞാണ് യൂട്രസില്‍ മുഴ കണ്ടത്. സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിലേക്ക് പോകാതിരിക്കാന്‍ ഗര്‍ഭപാത്രം മാറ്റുക എന്നത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു.ആ സര്‍ജറിയും അതിനുശേഷമുള്ള മാസങ്ങളും…

ഒറ്റക്കുള്ള ജീവിതം അക്ഷരാര്‍ത്ഥത്തില്‍ നരകമായിരുന്നു. പ്രണയവിവാഹം ചെയ്തതിനു വീട്ടുകാരുടെ ശാപം ഫലിച്ചു എന്ന് പോലും വിശ്വസിച്ചു. പിന്നെ ഭര്‍ത്താവ് ഉറച്ച പിന്തുണയുമായി കൂടെയുണ്ടായിരുന്നത് കൊണ്ട് മെല്ലെ കര കയറി.

എല്ലാം മറന്നു തുടങ്ങുകയായിരുന്നു. ഒരു ദിവസം ശ്രവ്യക്ക് എല്ലാം പറഞ്ഞുകൊടുക്കണം എന്നും കരുതിയിരുന്നു . പക്ഷേ അതിനു മുന്‍പേ റിറ്റ…

“റിറ്റക്ക് ഒരു ബ്രദര്‍ ഉണ്ട് അറിയാവോ . അവള്‍ടെ പപ്പേടെ കൂടെ നാട്ടിലാ. എനിക്കും അത് പോലെ കളിക്കാന്‍ ഒരു ബ്രദര്‍ വേണം..” ശ്രവ്യയുടെ പറച്ചില്‍ കേട്ടപ്പോള്‍ ദു:ഖമിരട്ടിച്ചു.

“അടുക്കളയിലിരുന്നു ഉറങ്ങിയോ.. എന്താലോചിച്ചോണ്ടിരിക്കുകയാ.. ആ ചായ വേഗമിങ്ങു കൊണ്ടുവാ..” ഭര്‍ത്താവിന്റെ വിളി കേട്ടപ്പോഴാണ് ചിന്തയില്‍നിന്ന് ഉണര്‍ന്നത്.

പെട്ടെന്ന് വാതില്‍ തുറന്നു ശ്രവ്യ സ്വീകരണമുറിയിലേക്ക് ഓടി വന്നു.

“നീ എവിടാരുന്നെടി ഇത് വരെ.. ഇന്നത്തോടെ നിര്‍ത്തിക്കോണം നിന്റെ പോക്ക് ..” എന്ന് വഴക്ക് പറയാന്‍ തുടങ്ങിയതായിരുന്നു.

അപ്പോഴാണ്‌ അവള്‍ കയ്യിലിരുന്ന ഡ്രോയിംഗ് ബുക്ക് നിവര്‍ത്തി കാണിച്ചത്.

“ഇത് കണ്ടോ പപ്പാ ഇന്ന് ഞങ്ങള്‍ ഇതിന്റെ പാതി കളര്‍ ചെയ്തു. റിറ്റയെന്നെ ഹെല്പ് ചെയ്തു..”

അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ചിത്രങ്ങളിലൂടെ പഠിക്കാനുള്ള ഡ്രോയിംഗ് ബുക്കാണ്. ഇതില്‍ ഒരു ചിത്രമെങ്കിലും ശ്രവ്യയെക്കൊണ്ട് കളര്‍ ചെയ്യിക്കാന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി താന്‍ പാടുപെടുകയായിരുന്നു.

ആ കാര്യമാണ് പുല്ലു പോലെ റിറ്റ ചെയ്യിച്ചത്. വാശിക്കാരിയായ തന്റെ മോളെ മെരുക്കാന്‍ അവളുടെ കയ്യില്‍ എന്ത് മാന്ത്രികവടിയാണ് ഉള്ളത് ?

റിറ്റ ആള് കൊള്ളാമല്ലോ എന്ന ഭര്‍ത്താവിന്റെ കമന്റു കൂടിയായപ്പോള്‍ തന്റെ ദേഷ്യം കൂടി.

“മമ്മി ഞാന്‍ ഇന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..” പിറ്റേന്ന് വൈകുന്നേരം റിറ്റയുടെ ഫ്ലാറ്റില്‍ പോയി വന്നപ്പോള്‍ ശ്രവ്യ പറഞ്ഞു.

“പ്രാര്‍ത്ഥിക്കാനോ …മോള്‍ എന്തിനാ പ്രാര്‍ത്ഥിക്കുന്നത് ?” ആശ്ച്ചര്യത്തോടെ ചോദിച്ചു.

“റിറ്റയുടെ മമ്മിയെ ജോലിന്നു പിരിച്ചു വിട്ടു. റിറ്റ ഭയങ്കര കരച്ചിലാരുന്നു.” ശ്രവ്യ ദു:ഖത്തോടെ പറഞ്ഞു.

കേട്ടപ്പോള്‍ ആകെ വല്ലായ്ക തോന്നി. കൊ റോ ണ കാരണം പലരെയും കമ്പനികള്‍ ജോലിയില്‍നിന്ന് പിരിച്ചു വിടുന്ന കാര്യം ഭര്‍ത്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“അല്ല ,അതിനു നിനക്ക് പ്രാര്‍ത്ഥിക്കാനൊക്കെ അറിയാമോ ?”

“റിറ്റ ചെയ്യുന്ന കണ്ടു ഞാനും പഠിച്ചമ്മേ..” അവള്‍ ഉത്സാഹത്തോടെ പറഞു. പിന്നെ സോഫയുടെ മുന്നില്‍ പോയി മുട്ട് കുത്തി കണ്ണടച്ച് നില്‍ക്കുന്നത് കണ്ടു. ഏറെ നേരം.

മനസ്സില്‍ അപ്പോള്‍ എന്താണ് തോന്നിയത് ?

റിറ്റയുടെ മമ്മിക്ക് ജോലി കിട്ടാതിരുന്നെങ്കില്‍ ,മതങ്ങളുടെയുടെ ദൈവത്തിന്റെയും കുറ്റം ശ്രവ്യയെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു. ദൈവങ്ങളല്ല മനുഷ്യരാണ് മനുഷ്യരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് മോളോട് പറയാമായിരുന്നു.

വല്ലാത്ത ഒരു ചിന്തയായിരുന്നു അത് . എല്ലാ കാര്യങ്ങളും ഭര്‍ത്താവിന്റെ അടുത്ത് തുറന്നു പറയുന്നതാണ്.

അത് കൊണ്ട് അപ്പോള്‍ ശ്രവ്യ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആ കാര്യവും പറഞ്ഞു.

“ച്ചെ, താനിത്ര ചീപ്പായി ചിന്തിച്ചല്ലോ. തനിക്കീയിടെയായി എന്താ പറ്റിയത് ?” ഭര്‍ത്താവ് ഒച്ചയുയര്‍ത്തി ചോദിച്ചു.

പറയണ്ടായിരുന്നു എന്ന് തോന്നി. മൌനം പാലിച്ചു. അദ്ദേഹം പറഞ്ഞതും ശരിയാണ്. തനിക്കീയിടെയായി എന്താണ് കുഴപ്പം..

റിറ്റ വെറുമൊരു ഏഴു വയസ്സുകാരിയല്ലേ.. ആ കുട്ടി മൂലം മുപ്പത്തിരണ്ടുകാരിയായ താന്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്..

“എനിക്ക് മനസ്സിലായി. തനിക്ക് നാട്ടി പോണം. എല്ലാരുമായി രമ്യതയിലാകണം. അതല്ലേ ഉള്ളില്‍ ഉള്ളത്…” അദ്ദേഹം ചോദിച്ചപോള്‍ മറുപടി പറയാന്‍ കഴിഞ്ഞില്ല.

ഉള്ളില്‍ തനിക്ക് അങ്ങിനെയൊരു ചിന്തയില്ലേ…അന്യരാജ്യത്തെ ,ഈ മരുഭൂമിയില്‍, ഒറ്റക്കുള്ള തുഴച്ചില്‍ മടുത്തു. നാട്ടില്‍ പോയി അച്ഛനെയും അമ്മയെയും കാണാന്‍ കൊതിയാകുന്നു.

ഇടക്ക് റിറ്റയുടെ മമ്മിയുടെ കാര്യം ഓര്‍ക്കും. അവര്‍ ഒരുപക്ഷേ തന്നെക്കാള്‍ എഫിഷ്യന്റ് ആണെന്ന് ഒരു തോന്നല്‍. തന്റെ ജീവിതം പോലെയായിരിക്കില്ല എല്ലാവരുടെയും.

അവര്‍ക്ക് താന്‍ കടന്നുപോന്ന അത്ര ഭീകരതയൊന്നും ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകും മോളെ നന്നായി വളര്‍ത്താന്‍ കഴിയുന്നത്‌.

മാതാപിതാക്കളുടെ സന്തോഷവും ജീവിതത്തിനോടുള്ള ആഭിമുഖ്യവുമാണല്ലോ മക്കള്‍ക്ക് കിട്ടുന്നത്. റിറ്റയുടെ പ്രസരിപ്പും സന്തോഷവും അവളുടെ മമ്മിയില്‍നിന്നാണ്. വിവാഹത്തിന് ശേഷം തനിക്ക് ജീവിതത്തിനോട് പക തോന്നി.

ആ പകയാണ് ശ്രവ്യയില്‍ ദുര്‍വാശിയുടെ രൂപത്തില്‍ പ്രത്യക്ഷപെടുന്നത് എന്ന് ഭര്‍ത്താവ് ഇടയ്ക്കിടെ പറയും.

മനശാസ്ത്രത്തിലെ ബിരുദത്തിനൊപ്പം നല്ല വായനയും ഉള്ളത് കൊണ്ട് തന്റെ ഭര്‍ത്താവിനു ആളുകളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനു കഴിയും.

അസൂയയോ ,കാരണമില്ലാത്ത ദേഷ്യമോ.. റിറ്റയുടെ മമ്മിയെ കാണാന്‍ തോന്നിയില്ല..താന്‍ ഒരു ഹൗസ് വൈഫ്.. അവര്‍ ഏതോ കമ്പനിയില്‍ നല്ല ജോലിയുള്ള മിടുക്കിയായ യുവതി.

രാവിലെ അവര്‍ ജോലിക്ക് പോയാല്‍ വൈകുന്നേരം വൈകിയാണ് തിരികെ എത്തുന്നത് എന്ന് റിറ്റയുടെ സംഭാഷണത്തില്‍നിന്ന് മനസ്സിലാക്കി… ശ്രവ്യ ഇടയ്ക്കിടെ നിര്‍ബന്ധിച്ചുവെങ്കിലും സമയക്കുറവിന്റെ കാരണം പറഞ്ഞു ഒഴിഞ്ഞു മാറി..

കുറച്ചു ദിവസങ്ങളായി റിറ്റയെ കാണാനില്ല. മോളാണെങ്കില്‍ റിറ്റയെ കാണാഞ്ഞിട്ട് ഭയങ്കര വിഷമത്തിലും. അന്വേഷിച്ചപ്പോള്‍ അവര്‍ നാട്ടില്‍ പോയിരിക്കുകയാണ് എന്ന് മനസ്സിലായി.

അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. അവധിയായത് കൊണ്ട് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. ഡോര്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു.

“മമ്മീ റിറ്റ വന്നു..” ശ്രവ്യയുടെ ഉറക്കെയുള്ള ബഹളം കേട്ടു. വാതില്ക്കല്‍ ഭര്‍ത്താവ് ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടത് കൊണ്ട് ചെന്നു.

സ്വീകരണമുറിയില്‍ റിറ്റയും മമ്മിയും.
വെളുത്തു മെലിഞ്ഞ ,തന്റെ പ്രായമുള്ള ഒരു യുവതി. മുഖത്തു നല്ല ക്ഷീണമുണ്ട്.

“റിറ്റ ഭയങ്കര ശല്യമാണോ ?” അവര്‍ ചിരിയോടെ ചോദിച്ചു.

“ഹേയ് അങ്ങിനൊന്നുമില്ല ,റിറ്റയാ ന്റെ മോളെ നോക്കുന്നത്..”

താന്‍ അങ്ങിനെ പറയുന്നത്‌ കേട്ടപ്പോള്‍ ഭര്‍ത്താവ് തന്നെ നോക്കി അര്‍ത്ഥഗര്‍ഭം പൂണ്ട ചിരി ചിരിക്കുന്നത് കണ്ടിലെന്ന് നടിച്ചു.

“റിറ്റ എന്നും ശ്രവ്യയുടെ മമ്മിടെ കാര്യം പറയും. എന്നും കാണണം എന്ന് വിചാരിക്കും..പക്ഷേ ഓരോ തിരക്കുകള്‍ കാരണം ..”

തന്റെ സാരിത്തുമ്പില്‍ ചുറ്റി പിടിച്ചു നില്‍ക്കുന്ന റിറ്റയുടെ ശിരസ്സില്‍ തലോടി ഒരു ക്ഷമാപണസ്വരത്തില്‍ അവര്‍ പറഞ്ഞു.

“അത് സാരമില്ല…”

“പിന്നെ ഞാനൊരു താങ്ക്സ് പറയാന്‍ കൂടിയാ വന്നത്…ശ്രവ്യയുടെ പ്രാര്‍ത്ഥനകൂടി ഫലം കാരണമാണ്.. എനിക്ക് ഒരു ജോലി ശരിയായി..” അവര്‍ പ്രകാശം നിറഞ്ഞ മുഖത്തോടെ പറഞ്ഞു.

അത് കേട്ടു ശ്രവ്യ തുള്ളിച്ചാടി.. ഭര്‍ത്താവും താനും അഭിനന്ദനങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു.

കാപ്പി വയ്ക്കാന്‍ അടുക്കളയിലേക്ക് കയറിയപ്പോള്‍ അവര്‍ പിറകെ വന്നു.

“അല്ല ..കുറച്ചു ദിവസം കാണുന്നില്ലാരുന്നല്ലോ.. എവിടാരുന്നു.” താന്‍ തിരക്കി.

“അത്..അത് പിന്നെ..” അവര്‍ ഒന്ന് നിര്‍ത്തി. പിന്നെ ദീര്‍ഘമായി നിശ്വസിച്ചു.

“വിവാഹമോചനത്തിന്റെ ഫൈനല്‍ പ്രോസീജ്യര്‍ ഇപ്പോഴാ കഴിഞ്ഞത്.. അതിന്റെ കുറച്ചു ആവശ്യങ്ങള്‍ക്കായി..”

“അപ്പൊ മോന്‍ ?”

“മോന് പുള്ളിക്കാരനെയാ കൂടുതലിഷ്ടം.. അത് കൊണ്ട്…ഇടക്ക് കാണും…ഇടക്ക്..”

അവരുടെ സ്വരമൊന്നു ഇടറി. മുഖത്തു സങ്കടത്തിന്റെ കാര്‍മേഘങ്ങള്‍ നിരക്കുന്നത് കണ്ടു. കൂടുതല്‍ ചോദിക്കാന്‍ നിന്നില്ല. കാപ്പി കുടിക്കുമ്പോള്‍ പുതിയ ജോലിയെക്കുറിച്ച് തിരക്കി. കുറച്ചു അകലെയുള്ള പട്ടണത്തിലാണ് ജോലി ലഭിച്ചതെന്നു അവര്‍ പറഞ്ഞു.

“കുറച്ചു അകലെയാണ്..അവിടെ ആഴ്ചയില്‍ മിനിമം നാല് ദിവസമെങ്കിലും കമ്പനി ഹോസ്റ്റലില്‍ താമസിക്കേണ്ടി വരും. റിറ്റയെ ഒപ്പം കൊണ്ട് പോകാനും കഴിയില്ല.”

“അപ്പൊ ജോലിക്കു പോകുമ്പോൾ റിറ്റയെ നോക്കുന്നത് …?”

“നാട്ടില്‍നിന്ന് അമ്മയെ കൊണ്ട്വരാമെന്ന് കരുതുന്നു. അമ്മക്ക് അസുഖങ്ങള്‍ ഒക്കെയുള്ളത്‌ കൊണ്ട് എങ്ങിനെയാകും എന്ന് അറിയില്ല. എന്തെങ്കിലും വഴി ദൈവം കാണിച്ചുതരാതിരിക്കില്ല..”

അവര്‍ നെടുവീര്‍പ്പോടെ പറഞ്ഞു.

അവര്‍ യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് പറഞ്ഞു.

“ഇങ്ങോട്ട് വരാന്‍ അമ്മയെ അധികം നിര്‍ബന്ധിക്കണ്ട.” അവര്‍ മനസ്സിലാകാത്തമട്ടില്‍ തന്നെ നോക്കി.

“റിറ്റയെ ഞാന്‍ നോക്കിക്കൊള്ളാം. ഞാന്‍ ജോലിക്ക് പോകുന്നില്ല .ഒരു കുട്ടിയെ കൂടി നോക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല..”

റിറ്റയെ ചേര്‍ത്തു നിര്‍ത്തി ,അവളുടെ ശിരസ്സ്‌ തലോടിക്കൊണ്ട് ഉറച്ച സ്വരത്തില്‍ പറഞ്ഞു.

“മോളെ ..ഇങ്ങനെയാണു ദൈവം ഓരോ വഴി കാണിച്ചു കൊടുക്കുന്നത് കേട്ടോ..” ഭര്‍ത്താവ് ശ്രവ്യക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ റിറ്റയുടെ മമ്മിയുടെ കണ്ണ് നിറയുന്നത് കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *