അധ്യാപകരുടെ അടുത്തു പോകാനുള്ള ലിഡിയയുടെ ഭയം അറിയാവുന്നത് കൊണ്ട് ആരും..

നിശ്ശബ്ദയായ പെൺകുട്ടി
(രചന: Anish Francis)

പാര്‍ക്കിലെ ഐസ്ക്രീം പാര്‍ലറിനുമുന്‍പില്‍ ക്യൂ നില്‍ക്കുന്ന നീല ചുരിദാറും ഓറഞ്ച് ഷാളും അണിഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ പേര് ലിഡിയാ ജോര്‍ജ് എന്നാണ്.

അവളറിയാതെ ഞാനവളെ പ്രേമിക്കാന്‍ തുടങ്ങിയിട്ടു അഞ്ചു വര്‍ഷമായി. ഇപ്പോഴും അവളോട്‌ പ്രേമം തുറന്നുപറയാനുള്ള ധൈര്യം എനിക്കില്ല.

എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷമാണു മറ്റൊരു കോളേജില്‍നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി ലിഡിയ ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കോളേജില്‍ ചേര്‍ന്നത്‌. കട്ടപ്പനക്കാരി. ഗോതമ്പ് നിറം. ഒരല്‍പം ചെമ്പിച്ച മുടിയിഴകള്‍.

ചെറുപ്പത്തില്‍ വായിച്ച ബൈബിള്‍ ചിത്രകഥകളിലെ ജറുസലേം സുന്ദരിമാരുടെ ഓര്‍മ്മയുണര്‍ത്തുന്ന രൂപം.

പക്ഷേ ലിഡിയ മറ്റു പെണ്‍കുട്ടികളില്‍നിന്ന് ഒരു കാര്യത്തില്‍ വ്യതസ്തതയായിരുന്നു.

“അടുത്തതായി സെമിനാര്‍ എടുക്കാന്‍ വരുന്നത് ലിഡിയ ജോര്‍ജാണ്.” ടീച്ചര്‍ പറയുബോള്‍ ബഹളമായ ക്ലാസ് തനിയെ നിശബ്ദമാകും.

നിലം വേദനിപ്പിക്കാതെ ചുവടുകള്‍ വച്ച് ലിഡിയ ക്ലാസിന്റെ ഏറ്റവും പിന്നില്‍നിന്ന് നടന്നു മുഖം കുനിച്ചു നടന്നുവരും.

തല കുനിച്ചു ,ആരുടേയും മുഖത്ത് നോക്കാതെ ഒരു യന്ത്രത്തെപ്പോലെ സെമിനാറിന്റെ ഭാഗമായ കാര്യങ്ങള്‍ സംസാരിക്കും. അവളുടെ ശബ്ദം ഏറ്റവും മുന്‍പിലെ ബഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് പോലും ബുദ്ധിമുട്ടാണ്.

അതിനാല്‍ത്തന്നെ അവള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ ക്ലാസിലെ ബാക്കിയുള്ള കുട്ടികള്‍ ടീച്ചറുടെ ഇടപെടല്‍ ഇല്ലാതെ തന്നെ നിശബ്ദത പാലിക്കും.

ലിഡിയയുടെ സെമിനാര്‍ കഴിയുമ്പോള്‍ ക്ലാസ് വീണ്ടും ശബ്ദമുഖരിതമാകും.

മറ്റുള്ളവരോട് ഇടപെടാനുള്ള ബുദ്ധിമുട്ട് , ഉറക്കെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ അറിയാവുന്ന അധ്യാപകരും ലിഡിയയെ കഴിവതും ബുദ്ധിമുട്ടിച്ചില്ല.

അധ്യാപകര്‍ നോക്കുമ്പോള്‍ തന്നെ അവള്‍ ആലില പോലെ വിറയ്ക്കും. അതെല്ലാം അറിയാവുന്നത് കൊണ്ട് എല്ലാവരും അവള്‍ക്ക് മാത്രം ഒരു പരിഗണന നല്‍കി.

കോളേജില്‍ കാല്‍കുത്തുമ്പോള്‍ അവള്‍ അദൃശ്യമായ മൗനത്തിന്റെ കൂടാരത്തില്‍ പ്രവേശിക്കും. എന്ത് ചോദിച്ചാലും നിശബ്ദതയാണ് മറുപടി.

ഒരു നിവര്‍ത്തിയുമില്ലെങ്കില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ സംസാരിക്കും.

ചിലപ്പോള്‍ ചിരിക്കും. അപൂര്‍വമായി മാത്രമേ ഞാന്‍ അവളുടെ ശബ്ദം കേട്ടു. അപൂര്‍വമായി മാത്രം ആ പുഞ്ചിരി കണ്ടു. അപ്പോഴെല്ലാം ഉള്ളില്‍ പൂന്തോട്ടത്തില്‍ വസന്തം വിടര്‍ന്നു.

“ചില കുട്ടികള്‍ അങ്ങിനെയാണ്. അതൊരു പഴ്സണാലിറ്റി ഡിസോര്‍ഡറാണ്.” ശ്യാംകൃഷ്ണന്‍ സര്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് ലിഡിയയെ അറിയാം.

ശ്യാം സര്‍ ഞങ്ങള്‍ക്ക് ഒരു ജ്യേഷ്ടസഹോദരനെപ്പോലെയാണ്. ലിഡിയയുടെ ആദ്യത്തെ കോളേജിലെ ലക്ചററായിരുന്ന ശ്യാം സര്‍ മൂന്നാം കൊല്ലമാണ് ഞങ്ങളുടെ കോളെജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി വന്നത്.

ലിഡിയയുടെ മാതാപിതാക്കള്‍ അവളെ കോളേജില്‍ ചേര്‍ക്കുന്ന സമയത്ത് അധ്യാപകരെ വന്നുകണ്ടുവെന്നും അവളുടെ ബുദ്ധിമുട്ടിന്റെ കാര്യം അറിയിച്ചുവെന്ന കാര്യവും ശ്യാംസര്‍ എന്നോട് പറഞ്ഞു.

ഏതോ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് അവള്‍ ഇടക്കിടെക്ക് കൌണ്‍സിലിംഗിന് പോകുന്ന കാര്യവും അവര്‍ പറഞ്ഞതായി ശ്യാം സര്‍ എന്നോട് പറഞ്ഞു.

ആ കാര്യം ശ്യാം സര്‍ എന്നോട് മാത്രമേ പറഞ്ഞുള്ളൂ. അവളോട്‌ എനിക്ക് ഒരു പ്രത്യേക താല്പര്യം ഉള്ളതായി സാറിനു തോന്നിയിട്ടുണ്ടാവും.

“പ്രേമം എന്നൊക്കെ പറയുന്നത് ഈ സന്ദര്‍ഭത്തില്‍ അവളുടെ അവസ്ഥ ഭീകരമാക്കുകയെയുള്ളൂ.”

എന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയാനുള്ള ത്വര തകര്‍ത്തുകൊണ്ട് ശ്യാം സര്‍ ഒരു ദിവസം പറഞ്ഞു.

“അവള്‍ക്ക് ഇപ്പോള്‍ വേണ്ടത് നല്ലൊരു സുഹൃത്താണ്.”

എന്നെ ആശ്വസിപ്പിക്കാനായി ശ്യാം സര്‍ കൂട്ടിചേര്‍ത്തു. പക്ഷെ എന്റെ വിശ്വാസം മുഴുവന്‍ മാറിമറിഞ്ഞത് ഒരു യാത്രയിലാണ്.

ഫൈനലിയര്‍…

നാട്ടിലെ കൂട്ടുകാരുമായി രണ്ടു ബൈക്കില്‍ ഷോളയാര്‍-ഉദുമല്‍പ്പെട്ടു -സര്‍ക്യൂട്ടില്‍ ഒരു ബൈക്ക് ട്രിപ്പ് നടത്തി. കട്ടപ്പന വഴിയായിരുന്നു ട്രിപ്പ്.
അതൊരു മഴക്കാലമായിരുന്നു.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഒരു ഷോര്‍ട്ട് കട്ട് വഴിയിലൂടെ പോവുകയായിരുന്നു ഞങ്ങള്‍.

റോഡിന്റെ ഓരം ചേര്‍ന്ന് പോവുകയായിരുന്ന കൊച്ചു പെണ്‍കുട്ടിയുടെ മേല്‍ ചെളി തെറിച്ചത്‌ മുന്‍പില്‍ പോയ ബൈക്കിലെ കൂട്ടുകാര്‍ ശ്രദ്ധിച്ചില്ല.

ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പിന്നാലെ ഒരു സ്കൂട്ടര്‍ വരുന്നത് കണ്ടു. വഴിയിലെ ചായക്കടയുടെ മുന്‍പില്‍ ചായ കുടിക്കാനായി ഞങ്ങള്‍ ബൈക്കുകള്‍ ഒതുക്കിയതും ആ സ്കൂട്ടര്‍ കടയുടെ മുന്‍പില്‍ പാഞ്ഞുവന്നു നിന്നു.

“എതവനാടാ എന്റെ അനിയത്തിയുടെ ദേഹത്തു ചളി തെറിപ്പിച്ചത് ?” സ്കൂട്ടറില്‍നിന്നിറങ്ങിയ പെണ്‍കുട്ടി ആക്രോശിച്ചു.

ലിഡിയ ജോര്‍ജ്.

അപ്പോഴേക്കും ചായക്കടയില്‍നിന്ന് രണ്ടു മൂന്നു പേര്‍ ഇറങ്ങി വന്നു.

“എന്നാടി ലിഡിയെ പ്രശ്നം ?”അവരില്‍ ഒരാള്‍ തിരക്കി.

“കൊച്ചിനെ കണ്ടോ പാപ്പച്ചന്‍ ചേട്ടാ , അതിന്റെ ദേഹം മൊത്തം ഇവന്‍മാര് ചളി തെറിപ്പിച്ചു. റൈഡ് , കോപ്പ് എന്നൊക്കെ പറഞ്ഞു ഓരോരുത്തര്‍ ഇറങ്ങിക്കോളും.” ലിഡിയയുടെ ഒച്ച വീണ്ടുമുയര്‍ന്നു.

“സോറി പെങ്ങളെ ,റോഡിനൊട്ടും വീതിയില്ലാരുന്നു.” രംഗം പന്തിയല്ലെന്ന് മനസ്സിലായ എന്റെ കൂട്ടുകാരില്‍ ഒരാള്‍ ക്ഷമാപണം നടത്തി.

എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കോളേജില്‍ വച്ച് ഞാന്‍ കാണുന്ന ലിഡിയ തന്നെയാണോ ഇത് ?

തീ പാറുന്ന കണ്ണുകള്‍ .ഉറച്ച ശബ്ദം. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം. ഹെല്‍മെറ്റ് വച്ചിരുന്നത് കൊണ്ട് ലിഡിയക്ക് എന്നെ മനസ്സിലായില്ല.

കോളേജില്‍നിന്ന് പത്തു മുന്നൂറു കിലോമീറ്റര്‍ അകലെ ഒരു കുഗ്രാമത്തില്‍ ക്ലാസില്‍നിന്നൊരാള്‍ വരുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ലല്ലോ.

ഞാന്‍ പതുക്കെ പിന്‍വലിഞ്ഞു. ലിഡിയ എന്നെ മനസ്സിലാകാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.
ആ യാത്രയിലുടനീളം ഞാന്‍ ല്‍ ലിഡിയയെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു.

പിറ്റേ ആഴ്ച കോളേജ് തുറന്നപ്പോള്‍ ലിഡിയയെ വീണ്ടും കോളേജില്‍ വച്ച് കണ്ടുമുട്ടി. പഴയത് പോലെ , മൗനത്തിന്റെ മുഖംമൂടിയണിഞ്ഞ് , ആരുടേയും മുഖത്ത് നോക്കാതെ…

അവളെ ഗ്രാമത്തില്‍വച്ച് കണ്ടുമുട്ടിയതും ,അവളുടെ പെരുമാറ്റത്തിലെ വിചിത്രതയെക്കുറിച്ചും എനിക്ക് ആരോടെങ്കിലും പറയണണം എന്നുണ്ടായിരുന്നു. പക്ഷെ പിന്നീട് വേണ്ടെന്നുവച്ചു.

ആരും അത് വിശ്വസിക്കില്ല. മാത്രമല്ല കോഴ്സ് അവസാനിക്കുന്നതിന്റെ തിരക്കില്‍ ആര്‍ക്കും മിസ്റ്ററിയുടെ പുറകെ പോകാന്‍ നേരമില്ലായിരുന്നു . എനിക്കും..

പക്ഷേ മറക്കാനാകാത്ത ഒരു സംഗതി അവസാനദിവസങ്ങളില്‍ സംഭവിച്ചു.

ഒരു ദിവസം ഞാന്‍ ക്ലാസില്‍ കയറി വന്നപ്പോള്‍ ലിഡിയ പൊട്ടിക്കരയുന്നു. അവളുടെ ഹാന്‍ഡ് ബാഗ് കാണുന്നില്ല.

കോളേജില്‍നിന്ന് ലഭിക്കുന്ന സ്റ്റൈപ്പന്‍ഡിന്റെ തുക സംബന്ധിക്കുന്ന രേഖകള്‍ അതിലാണ് വച്ചിരുന്നത്. അത് മിസ്സായിരിക്കുന്നു. മറ്റു പെണ്‍കുട്ടികള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

“ശ്യാം സര്‍ അല്ലെ സ്റ്റൈപ്പന്‍ഡിന്റെ കാര്യമൊക്കെ നോക്കുന്നെ..നമുക്ക് സാറിനോട് പറയാം..” ആരോ പറഞ്ഞു.
പെട്ടെന്ന് ലിഡിയയുടെ ഭാവം മാറി.

“വേണ്ട. ഞാന്‍ മാനേജ് ചെയ്തോളാം..” അവള്‍ കണ്ണ് തുടച്ചുകൊണ്ട് പതിയെ പറഞ്ഞു.

അധ്യാപകരുടെ അടുത്തു പോകാനുള്ള ലിഡിയയുടെ ഭയം അറിയാവുന്നത് കൊണ്ട് ആരും പിന്നീട് കൂടുതല്‍ ശ്രമിച്ചില്ല.

അന്ന് സ്ഥിരം യാത്ര ചെയ്യുന്ന പ്രൈവറ്റ് ബസ്സിലെ കിളി എന്നെ ഫോണ്‍ ചെയ്തു. അവരുടെ ബസ്സില്‍ നിന്ന് ആരുടെയോ ഹാന്‍ഡ് ബാഗ് കിട്ടിയത്രെ.

ഹാന്‍ഡ് ബാഗ് ഏല്‍പ്പിക്കുമ്പോള്‍ ലിഡിയ എന്നെ നന്ദിപൂര്‍വം നോക്കി. പിന്നെ ചെറുതായി ചിരിച്ചു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ആ ചെറുചിരി ധാരാളം മതിയായിരുന്നു.

കോഴ്സ് കഴിഞ്ഞു. ഓരോരുത്തരും ഓരോ വഴിക്കായി. ലിഡിയ നഴ്സായ അവളുടെ ആന്റിയുടെ ലണ്ടനിലേക്കോ മറ്റോ പോയെന്നു ഞാന്‍ അറിഞ്ഞു.
എത്ര വലിയ ഇഷ്ടങ്ങളും കുറെ കഴിയുമ്പോ മാഞ്ഞു തുടങ്ങും.

എങ്കിലും ലിഡിയയോടുള്ള ഇഷ്ടം കൂടി വന്നതെയുള്ളൂ. ഫെയ്സ് ബുക്കില്‍ അവള്‍ പുതിയ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ വെറുതെ നോക്കിയിരിക്കും. അവളുടെ കണ്ണുകളുടെ നിഗൂഡത നിറഞ്ഞ ഭംഗി കൂടിയിട്ടെയുള്ളൂ.

അതിനിടയിലാണ് ദു:ഖകരമായ ഒരു സംഗതിയുണ്ടായത്.

ശ്യാം സര്‍ മരിച്ചു. ആരും പ്രതീക്ഷിക്കാത്ത തരം ഒരു മരണം.

ആ ത്മഹത്യ.

അദ്ദേഹത്തെപോലെ ഒരാള്‍ അത് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ അധികം പേര്‍ മരണവീട്ടിലെത്തിയിരുന്നില്ല. പക്ഷേ എനിക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല.

അദ്ദേഹം കോളേജില്‍ ഒരു കൂടുകാരനെ പോലെയായിരുന്നല്ലോ. ശ്യാംസാറിന്റെ വിദ്യാര്‍ത്ഥിയാണ് എന്നറിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ സ്വയം പരിചയപ്പെടുത്തി.
ഡോക്ടര്‍ കൃഷ്ണദാസ്.

“മനസ്സാക്ഷിക്കുത്ത് പോലെയൊരു വിഷമില്ല. ശ്യാമിനെ കൊന്നതും അതാണ്‌.” അദ്ദേഹം പറഞ്ഞു.

“ഇപ്പോള്‍ അവന്‍ മരിച്ചു. പക്ഷേ അവന്‍ ഒരുപാട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്‌. വേട്ടയുടെ രസം ഒരു ദിവസം അവസാനിക്കും. അന്ന് മുതല്‍ മനസ്സാക്ഷി ആത്മാവിനെ നോക്കി പല്ലിളിക്കാന്‍ തുടങ്ങും.”

അദ്ദേഹത്തിന്റെ മരണവിവരം പറഞ്ഞപ്പോള്‍ ലിഡിയ നാല് ചിരിക്കുന്ന സ്മൈലികള്‍ എനിക്കയച്ചു തന്നു. പെട്ടെന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു.

“സോറി. മാറി പോയതാ.”
അവള്‍ പറഞ്ഞു.

“എനിക്കത് മനസ്സിലാകും. നിനക്ക് അല്ലെങ്കിലും പെട്ടെന്ന് മാറുന്ന സ്വഭാവമാണല്ലോ .”

“മനസ്സിലായില്ല.”

“എനിക്കെല്ലാം അറിയാം. നിനക്ക് കോളേജില്‍ ഒരു രൂപം. നാട്ടില്‍ മറ്റൊരു രൂപം.”

ഏറെ നേരം അവള്‍ നിശബ്ദയായി. പിന്നെ ഒരു മെസേജ് കൂടി വന്നു.

“പേടി കാരണമായിരുന്നു.” ‘

“പേടി .ആരെ ?എന്തിന് ?”

അവള്‍ അതിനു മറുപടി പറഞ്ഞില്ല.
“ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. കാണാന്‍ പറ്റുമോ ?” അവള്‍ ചോദിച്ചു.

രണ്ടു കയ്യിലും ഐസ് ക്രീം കപ്പുകളുമായി ലിഡിയ ഉത്സാഹവതിയായി നടന്നുവരുന്നു.

ഞങ്ങള്‍ ഈ പാര്‍ക്കിലിരുന്നു സംസാരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അത് രണ്ടു മിനിട്ട് പോലെ കഴിഞ്ഞു. എന്ത് പ്രസരിപ്പാണവള്‍ക്കിപ്പോ.

എന്ത് തിളക്കമാണ് അവളുടെ പുഞ്ചിരിക്ക്. അവളുടെ മൗനമെങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവള്‍ക്ക് ഭയമില്ല. പണ്ട് അവള്‍ ഭയന്നതിന്റെ കാരണം ചോദിക്കാന്‍ ഞാന്‍ മറന്നു.

ഞാനിപ്പോള്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നത് ഒന്ന് മാത്രം….

Leave a Reply

Your email address will not be published.