മക്കളില്ലാത്ത ടീച്ചർക്കും ഭർത്താവിനും ആ സന്ദർശനം വല്ലാത്തൊരു..

ടീച്ചറമ്മ
(രചന: Aneesh Anu)

“നിനക്ക് പണ്ട് കൊതിയാരുന്നല്ലോ കഴിച്ചു നോക്ക്”.

ചായക്ക് ഒപ്പം കിട്ടിയ സമൂസയും കയ്യിൽ പിടിച്ചിരിക്കുന്ന നിരഞ്ജനോട് മൃണാളിനി ടീച്ചർ പറഞ്ഞു.

‘ഇപ്പോ ആ പഴയ ടേസ്റ്റ് ഇല്ലാ ടീച്ചറെ അന്നന്നു കിട്ടുന്ന ഏറ്റവും വില കുറഞ്ഞ പച്ചക്കറികളാണ് ഇന്ന് ഇതിൽ ഇടുന്നത്’.മൊരിഞ്ഞ സമൂസ ഒരെണ്ണം എടുത്തു കടിച്ചു കൊണ്ട് നിരഞ്ജൻ മറുപടി പറഞ്ഞു.

“ആ കാലമൊക്കെ കഴിഞ്ഞു പോയില്ലേ ഡാ മധുരിക്കുന്ന ഓർമ്മകൾ”. ടീച്ചറുടെ കണ്ണുനീർ രണ്ടിറ്റ് താഴോട്ട് പതിച്ചു, നിരഞ്ജൻ പഴയ ഓർമ്മകളിലേക്ക് വലയെറിഞ്ഞു.

പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം രാവിലെ 8: 30 ആവുമ്പോഴേക്കും സ്കൂളിലേക്ക് ഇറങ്ങും. അമ്മക്ക് രാവിലെ പണിക്ക് പോണം അപ്പൊ ആ നേരത്ത് ഒരുക്കി പറഞ്ഞയക്കും.

പാടത്ത് കാണുന്ന തുമ്പിയോടും കിളികളോടുമൊക്കെ കഥ പറഞ്ഞു കൂട്ടുകാരോടോത്തു സ്കൂൾ എത്തുമ്പോഴേക്കും 9: 30 ആവും.

ആദ്യം ഓടുന്നത് നെല്ലിമരച്ചോട്ടിലേക്കാണ് വീണു കിട്ടുന്ന നെല്ലിക്കയുമായി നേരെ കഞ്ഞിപ്പുരയിലേക്ക്.

കഞ്ഞി വെക്കുന്ന ചേച്ചി കാണാതെ രണ്ടു കല്ല് ഉപ്പുമെടുത്തു നെല്ലിക്കയും കടിച്ചാൽ ആഹാ എന്താ സ്വാദ്‌. അത്‌ കഴിയുമ്പോഴേക്കും പ്രാർത്ഥനയ്ക്കുള്ള ബെല്ലടിക്കും ബാഗും തൂക്കി നേരെ ക്ലാസ്സിലേക്ക്.

ക്ലാസ്സ്‌ തുടങ്ങി ആദ്യ പീരിയഡ് കഴിയുമ്പോഴേക്കും പങ്കുവേട്ടന്റെ ചായക്കടയിൽ നിന്നും മസാലപുരട്ടിയ സമൂസ എണ്ണയിലേക്ക് ഇടുന്ന മണമിങ്ങനെ വന്ന് തുടങ്ങും.

ഇന്റർവെലിന് ടീച്ചേർസ്ന് കഴിക്കാൻ ഉണ്ടാക്കുന്ന പലഹാരമാണ്. പിന്നെ ശ്രദ്ധ മൊത്തം അങ്ങോട്ടാവും അന്നൊക്കെ സമൂസ കിട്ടണമെങ്കിൽ വല്ല വല്യ വീട്ടിലെ കല്യാണത്തിന് പോണം.

എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന പൈസക്ക് റേഷൻ അരി വാങ്ങിച്ചു ജീവിച്ചു പോകുന്ന വീട്ടിലെ കുട്ടിയാണ്. അത്‌ കൊണ്ട് പങ്കുവേട്ടന്റെ സമൂസ കിട്ടാകനിയാണെന്ന് അറിയാമായിരുന്നു.

രണ്ടാം ക്ലാസ്സിലേക്ക് എത്തിയപ്പോഴാണ് മൃണാളിനി ടീച്ചർ സ്കൂളിൽ വന്ന് തുടങ്ങിയത്. പതിവ് ടീച്ചർമാരിൽ നിന്നും വ്യത്യസ്തമായ പേരും അവരുടെ ഭംഗിയും വല്ലാതെ ആകർഷിച്ചിരുന്നു.

കൃത്യമായി അവർ തന്നെ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആയും വന്നു. എല്ലാവരോടും ചിരിച്ചും കളിച്ചും ഇടപഴകി പെട്ടെന്ന് തന്നേ ടീച്ചർ ഞങ്ങളെയൊക്കെ കയ്യിലെടുത്തു.

ഒരു ദിവസം പതിവ് പോലെ പങ്കുവേട്ടന്റെ സമൂസയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി തുടങ്ങി.

“ഹോ എന്തൊരു സ്വാദ്‌ ആയിരിക്കും ആ സമൂസക്ക്” അറിയാതെ നാവിൽ നിന്നും അങ്ങനെ വന്നുപോയി.

‘ഓഹോ നി അപ്പൊ എന്റെ ക്ലാസ്സിൽ അല്ല അപ്പുറത്തെ ചായക്കടയിൽ ആണല്ലേ നിരഞ്ജാ’ ടീച്ചറുടെ കണ്ണുകൾ ദേഷ്യം കൊണ്ട് തുടുത്തു.

“അത്‌ ടീച്ചർ ഞാൻ”

‘നീ ഒന്നും പറയണ്ട ഇന്റർവെലിന് ടീച്ചേർസ് റൂമിൽ വാ’

“ഈശ്വരാ ഇനീപ്പോ വല്യടീച്ചറോട് ഒക്കെ പറഞ്ഞാൽ അമ്മ അറിയും ഇന്നിനി വീട്ടിൽ ചെന്നാലും അടിടെ പൂരം ആയിരിക്കുമല്ലോ” ടീച്ചറെ ദയനീമായി ഒന്ന് നോക്കി അവടെ തന്നെയിരിന്നു.

നെഞ്ചിടിപ്പ് ഏറ്റി കൊണ്ട് വൈകാതെ ഇന്റർവെല്ലിന് ഉള്ള ബെൽ അടിച്ചു.

രൂക്ഷമായി എന്നെയൊന്നു നോക്കി കൊണ്ട് അങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു ടീച്ചർ പുറത്തേക്ക് നടന്നു. പതിവ് പോലെ മൂത്രപുരയിലേക്ക് പോയി അടിവാങ്ങുമ്പോ മുള്ളി ഉള്ള വില കളയണ്ടലോ.

പേടിച്ചു വിറച്ചു ടീച്ചേർസ് റൂമിന്റെ അടുത്തെത്തി ക്ലാസ്സ്‌ റൂമിന്റെ ഇടയ്ക്ക് പരുമ്പ് ചതുരത്തിൽ ഫ്രെയിം ആക്കി മറച്ച ഒരു മുറിയാണത്.

“ആ നീ വന്നോ ഇങ്ങട്ട് വാടാ”

‘ടീച്ചറെ ഞാൻ’

“നീ ഒന്നും പറയണ്ട ക്ലാസ്സ്‌ എടുക്കുന്ന ടൈമിൽ പങ്കുവേട്ടന്റെ കടയിൽ പോകുന്ന പരിപാടി ഇന്നത്തോടെ നിർത്തിക്കോളണം” ടീച്ചറുടെ മറുപടി കേട്ട് ഇവൻ എപ്പോ കടയിൽ വന്നു എന്ന ഭാവത്തിൽ പങ്കുവേട്ടൻ എന്നേ നോക്കി.

‘ഇല്ലാ ടീച്ചറെ ഇനി അങ്ങനെ ണ്ടാവില്ല വല്യടീച്ചറോട് പറയല്ലേ അമ്മ അറിഞ്ഞാൽ വിഷമം ആവും’ അത്‌ പറഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു.

“അയ്യേ നീ എന്തിനാ കരയണെ ഞാൻ നിന്നെ തല്ലാൻ ഒന്നും വിളിച്ചതല്ല. പങ്കുവേട്ടാ ഇവന് രണ്ടു സമൂസകൊടുക്ക്” നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് അവനാ സമൂസ മുഴുവൻ കൊതിയോടെ തിന്ന് തീർത്തു.

“ഇനി നിനക്ക് കൊതി തോന്നുമ്പോ ടീച്ചറോട് പറഞ്ഞോളുട്ടോ”

‘ഇനി വേണ്ടാ ടീച്ചർ’ ടീച്ചർക്ക് ഒരു പുഞ്ചിരി നൽകി കണ്ണും തുടച്ചു പോകാൻ ഒരുങ്ങിയപ്പോ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ നൽകി ടീച്ചർ. അവർക്കപ്പൊ അമ്മയുടെ മണമായിരുന്നു.

പിന്നീട് പലവട്ടം ടീച്ചറമ്മയോട് ഒരുമിച്ചു സമൂസ കഴിച്ചെന്നോ. സ്കൂളും പഠിപ്പും എല്ലാം കഴിഞ്ഞു ജോലിക്കായി പ്രവാസത്തിലേക്ക് ചേക്കേറും വരെ ആ വീട് തനിക്ക് അന്യമല്ലായിരുന്നു.

മക്കളില്ലാത്ത ടീച്ചർക്കും ഭർത്താവിനും ആ സന്ദർശനം വല്ലാത്തൊരു ആശ്വാസമായിരുന്നു.

പ്രവാസത്തിനിടയ്ക്ക് താൻ ചില സ്വപ്ന സൗദങ്ങൾ പുറകെ പാഞ്ഞപ്പോ കാണാതെ പോയത് ടീച്ചറമ്മേയെയാണ്.

ഒടുവിൽ കുറ്റബോധം തോന്നി അന്വേക്ഷിച്ചു എത്തിയപ്പോഴേക്കും വിധിയുടെ വിളയാട്ടത്തിൽ ഒറ്റയ്ക്കായി പോയ ടീച്ചർ ആ നാട് വിട്ടിരുന്നു ഒരുപാട് നാളത്തെ അലച്ചിലിനോടുവിലാണ് ഇന്നിവിടെ എത്തി ചേർന്നത്.

“നീ എന്താണ് ആലോചിക്കുന്നത് നിങ്ങക്കിന്ന് മടങ്ങണ്ടേ” മോനെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.

‘നമ്മൾ ഒരുമിച്ചാ അച്ഛമ്മേ പോണത്’ അവൻ ടീച്ചറുടെ മടിയിലിരുന്ന് കൊഞ്ചി.

“നമ്മളോ” ടീച്ചർ ആശ്ചര്യപ്പെട്ടു.

‘അതേ ടീച്ചറമ്മയെ കൊണ്ട് പോകാനാണ് ഞങ്ങൾ വന്നത് ഇവിടം നമ്മൾ വിടുവാ’

“ഏയ് അതൊന്നും വേണ്ടടാ വയസ്സുകാലത്ത് നിങ്ങൾക്ക് ഒരു ബാധ്യതയാവാൻ ഞാനില്ല”.

‘ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ അമ്മ വാ’ പൗർണമി ടീച്ചറുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു. അപ്പോഴേക്കും ടീച്ചറുടെ ബാഗും സാധനങ്ങളും എല്ലാം എടുത്തു വെച്ചു അവിടത്തെ കൂട്ടുകാരും യാത്രയാക്കാനെത്തി.

“ഞാനെന്റ മകന്റെ കൂടെ പോവാ ഞങ്ങടെ വീട്ടിലേക്ക് ഇടയ്ക്ക് വരാം ട്ടോ”

നിരഞ്ജന്റെ കയ്യിൽ ചേർത്ത് പിടിച്ചു കൊണ്ട് ടീച്ചർ അവരോട് യാത്ര പറഞ്ഞു. പതിയെ വാഹനം ആ ആശ്രമം വിട്ട് ഞങ്ങളുടെ സ്വർഗത്തിലേക്ക് കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *