അളിയനും പെങ്ങളും ണ്ടാർന്നപ്പോ എങ്ങനെ നടന്നാ ചെക്കനാ ന്റെ ഭഗവാനെ, ഇപ്പൊ കണ്ടില്ലേ പിച്ചക്കാരുടെ കൂട്ട് അവരുടെ..

കമ്മാരൻ
(രചന: Aneesh Anu)

നെല്ല് കുത്തി കൊണ്ട് വന്ന ചാക്കിന്ന് ഒരു കരണ്ടി അരിയെടുത്തു അടുപ്പത്തെ വെള്ളം തിളയ്ക്കുന്ന പാത്രത്തിലേക്ക് ഇട്ടതും പുറത്ത് ഒരടി വന്നു വീണു.

വേദന സഹിക്കാൻ വയ്യാതെ അയാൾ തിരിഞ്ഞു നോക്കി ഉറഞ്ഞു തുള്ളി നിക്കാണ് ഏട്ടത്തിയമ്മ.

“നായെ ചേറാത്ത അരിയാണ്ടാ അടുപ്പത്ത് ഇടണേ” അവർ അയാളോട് കയർത്തു.

വയറുതലോടി കമ്മാരൻ വിശപ്പ് കൊണ്ടാണെന്നു ആംഗ്യം കാണിച്ചു.

“നെന്റൊരു വിശപ്പ് എത്രാ തിന്നാലാടാ തീരാ” അവർ അയാൾക്ക് നേരെ വീണ്ടും കയ്യൊങ്ങി, ആ കൈ പിടിച്ചു തിരികെ ചെകിടടച്ചു ഒന്ന് പൊട്ടിച്ചു അവർ വേച്ചു താഴേക്ക് ഇരുന്നു.

“നീയ്യ് എന്നേ തല്ലി അല്ലെടാ ഏട്ടനിങ്ങു വരട്ടെ കാണിച്ചു തരാം ഞാൻ” അവിടെ കിടന്ന് അവർ ചിലച്ചോണ്ട് ഇരുന്നു അയാൾ അതൊന്നും കൂസാക്കാതെ അകത്തേക്ക് കയറി പോയി.

തിരികെ മടങ്ങുമ്പോൾ കയ്യിലൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്ത പഴകിയ തുണികളും ചേർന്നു. വേലിക്കപ്പുറം കടന്ന് പോകുമ്പോഴും പുറകിൽ അവരുടെ അസഭ്യവർഷങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. എല്ലാം കണ്ടും കേട്ടും വേലിയ്ക്കപ്പുറം സേതുഏട്ടത്തി നിൽപ്പുണ്ട്.

“ടാ നീയ്യ് എങ്ങട്ടാ പോണേ”

‘എങ്ങോട്ടേലും പോവാ’ അയാൾ ആംഗ്യം കാണിച്ചു.

“ന്നാ ഈ കഞ്ഞിന്റെ വെള്ളം മോന്തിട്ട് പോ വയർ വിശന്നു വന്നതല്ലേ. നെന്റെ ഏട്ടൻ വന്നാൽ ഓൾടെ വാക്കും കേട്ട് നിന്നെ തല്ലി ചതയ്ക്കും.”

അവർ ഒരു പാത്രം കഞ്ഞി എടുത്തു കൊണ്ട് കൊടുത്തു അയാൾ ആർത്തിയോടെ അതെടുത്തു മോന്തി.

“പാവം തന്തേം തള്ളേം ഉള്ളപ്പോ രാജാവിനെ പോലെ കഴിഞ്ഞോനാ ഇപ്പൊ പട്ടിയെ പോലെ ഇട്ട് ആട്ടുന്നു അതിന്റെ വിധി.”

അവർ ആത്മഗതം പറഞ്ഞു. കഞ്ഞി പാത്രം അവിടെ വെച്ച് കൂടുതൽ ഒന്നും പറയാതെ അയാൾ ഇറങ്ങി നടന്നു.

ഉച്ചയോടെ അപ്പുറത്തെ വീട്ടിൽ അവന്റെ ഏട്ടൻ വന്നു കേറുന്നതും ഏട്ടത്തിയമ്മ പൊലിപ്പും തോങ്ങലും വെച്ച് കരഞ്ഞു കൂവി കാര്യങ്ങൾ വിശദീകരിക്കുന്നതും എല്ലാം സേതുഏട്ടത്തിയുടെ കാതിലും എത്തി.

“ഏട്ടത്തിയേ ആ പൊട്ടൻ ഇങ്ങോട്ട് വന്നോന്നും” അയാൾ കലിതുള്ളി അവരുടെ ഉമ്മറത്തേക്കും എത്തി.

‘ആ വിശന്നു വലഞ്ഞു വന്നപ്പോ ഞാനിത്തിരി കഞ്ഞി കൊടുത്തു അതും കുടിച്ചു അങ്ങനെ പോയ്‌’

“പുന്നാരമോൻ അവളുടെ മുഖം അടിച്ചു പൊളിച്ചിരിക്കണ്, ഇങ്ങട് വരട്ടെ നായാ”

‘അവനിനി വരും തോന്നണില്യ ഉള്ള കീറതുണി ഒക്കെ എടുത്തോണ്ടാ പോയത്.’

“എവടെ പോവാൻ പട്ടിണി കിടക്കുമ്പോ താനെ വന്നോളുംന്ന്” അയാൾ അഹങ്കാരത്തോടെ പറഞ്ഞു.

‘പട്ടിണി അവനു പുത്തരിയല്ലല്ലോ നേരാവണ്ണം തിന്നാൻ കിട്ടിരുന്നേൽ അവൻ അടുപ്പത്ത് ചേറാത്ത അരി കോരി ഇടില്യലോ.

പണി എടുപ്പിച്ചു പൈസ വാങ്ങി വെച്ചാൽ മാത്രം പോരാ തിന്നാനും കൊടുക്കണംന്ന് പറ കെട്ട്യോളോട് ‘ അവർ അത് പറഞ്ഞപ്പോഴേക്കും അയാൾ ഇറങ്ങി നടന്നിരുന്നു.

“നിങ്ങൾ നാളെ ചന്തെന്ന് ചെക്കന് മുണ്ടും തുണിയും വാങ്ങണം ട്ടോ” അരുത്തിണ്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണ കമ്മരാനെ നോക്കി കെട്ട്യോനോട് അവർ പറഞ്ഞു.

‘ന്തേ അങ്ങനെ പറയാൻ’

“ആ നനഞ്ഞ അടിവസ്ത്രം മുറുകെ പിഴിഞ്ഞാ ഓൻ ഇട്ടിരിക്കണേ ആ കീറസഞ്ചിയിൽ മുഴിഞ്ഞു നാറിയ ഒരു ഷർട്ട് മാത്രേള്ളൂ”.

‘അളിയനും പെങ്ങളും ണ്ടാർന്നപ്പോ എങ്ങനെ നടന്നാ ചെക്കനാ ന്റെ ഭഗവാനെ, ഇപ്പൊ കണ്ടില്ലേ പിച്ചക്കാരുടെ കൂട്ട്’ അവരുടെ സംസാരം കേട്ട് അയാളുടെ കണ്ണ് നിറഞ്ഞു.

“നീ വിഷമിക്കണ്ട ടാ അമ്മേടെ ഓഹരി ഇവിടെണ്ട് നിനക്ക് പണി എടുക്കാൻ ആവതും അത് മതി. കയ്യിൽ പൈസ വല്ലതും ണ്ടോ ടാ”

‘അവന്റെൽ ഉണ്ടേൽ ഇത്രേം ദൂരം നടന്നു വരോ മനുഷ്യാ, പാവം കാലൊക്കെ പൊട്ടിരിക്കുന്നു കിട്ടുന്ന കൂലി മൊത്തം അവൻ വാങ്ങുംന്ന്. ഉണ്ടാരുന്ന ചില്ലറ കൊണ്ടാ വല്യങ്ങാടി വരെ വന്നേന്ന് ഓൻ പറഞ്ഞില്ലേ’

“സാരല്യടാ മ്മക്ക് നോക്കാം പട്ടിണി കിടക്കാൻ നീ ഇനി അങ്ങട്ട് പോവണ്ടാ” അയാൾ ആശ്വസിപ്പിച്ചു. കുറെ നാളുകൾക്കു ശേഷം വയറു നിറയെ ഭക്ഷണം കഴിച്ച സന്തോഷത്തിൽ അയാൾ ഉറങ്ങി.

പിറ്റേന്ന് പുലർച്ചെ അമ്മാവൻ ചന്തയിൽ പോയി അവനു വേണ്ട സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു കൊടുത്തു. കുറെ നാളുകൾക്കു ശേഷം ചീത്ത വിളികൾ ഇല്ലാത്ത നാളുകൾ അയാളിലേക്ക് വന്നു ചേർന്നു.

പകൽ മുഴുവൻ തോട്ടത്തിലും പാടത്തും ആയി പണിയുണ്ടാകും എങ്കിലും വയറുനിറയെ ഭക്ഷണവും പണിക്ക് ഉള്ള കൂലിയും അയാൾക്ക് കൃത്യമായി കിട്ടിയിരുന്നു.

പാടത്ത് പണി കഴിഞ്ഞു വന്നു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ അങ്ങനെ കിടക്കുമ്പോഴാണ് പുറത്ത് നിന്ന് പരിചയമുള്ളൊരു ശബ്ദം കേട്ടത്.

“നിങ്ങൾ ആ പൊട്ടനെ ഇവിടെ പിടിച്ചു വച്ചേക്കാലെ, ആ പാടത്തും പറമ്പിലും പണിയാൻ ഓസിന് ഒരാളായിലോ”

‘നാവിൽ ഒതുങ്ങിയ വർത്താനം പറയെടാ നായെ, അതിനെ ഊറ്റി ഊറ്റി നീ ചീർത്ത്. നേരത്ത് ഭക്ഷണം പോലും കൊടുക്കാതെ പട്ടിണി കിടന്ന് വയ്യാണ്ടായപ്പോ അല്ലേടാ അവനിങ്ങോട്ട് ഇറങ്ങി പോന്നേ’

“അവൻ ന്റെ പെണ്ണിനേം തച്ചോണ്ടാ പോന്നേ, ഇങ്ങട് വിളിക്ക് ആ നായെ”

കമ്മാരൻ പതിയെ പുറത്തേക്ക് ഇറങ്ങി ചെന്ന് ഞാനിവിടെ ഉണ്ടെന്ന ഭാവത്തിൽ നിന്നു. അയാൾ അവനെ അടിമുടി ഒന്ന് നോക്കി പട്ടിണിക്കോലം ആകെ മാറി കീറിയതും മുഷിഞ്ഞതുമായ തുണികളും ഇല്ലാ.

” ഓ നീ ഇവിടെ വന്നു മണവാളൻ ചമഞ്ഞു നടക്കാ അല്ലേടാ, മര്യാദക്ക് കൂടും കുടുക്കേം എടുത്തു എന്റെ കൂടെ പോന്നോ”

‘ഞാൻ വരില്ല, അവിടെ വന്നു പണിയും വലിച്ചു പട്ടിണി കിടക്കാൻ നിക്ക് വയ്യ’ അയാൾ ആംഗ്യം കാണിച്ചു.

“നിന്നേം ഞാൻ കൊണ്ട് പോകും” അയാൾ അവന്റെ അടുത്ത് ബലം പ്രയോഗിക്കാൻ ശ്രമിച്ചു.

‘അവനെ വിട്ടേക്ക് അവനിഷ്ടം അല്ലെങ്കി നി കൂടുതൽ ബലം പിടിക്കേണ്ട’

” ഓ നിങ്ങൾ അവനെ പിടിച്ചു നിർത്തി മോളെ കെട്ടിച്ചു സ്വത്തിനു അവകാശം പറഞ്ഞു പോരാൻ ആണല്ലേ” അത് വരെ മിണ്ടാതിരുന്ന ഏട്ടത്തിയമ്മ ചിലച്ചു തുടങ്ങി.

‘ആ അതന്നെ ഉദേശിച്ചത്‌ അല്ലാണ്ട് നിന്നെ പോലെ പട്ടിണിക്കിട്ട് കൊല്ലാൻ അല്ല.

കിട്ടുന്ന കൂലി മൊത്തം പിടുങ്ങി ചെക്കനെ എല്ലും കോലും ആക്കിട്ട് അവൾ നിന്ന് ചിലക്കുന്നു. ഇപ്പൊ ഇറങ്ങിക്കോണം രണ്ടും ഇവിടുന്ന്.’ അയാളുടെ വാക്കുകൾക്ക് കടുപ്പം കൂടി.

“ആ ഞങ്ങൾ പോണ് പൊട്ടന് മോളെ കെട്ടിച്ചു കൊടുക്കുമ്പോ വിളിക്ക്, വാടി പോകാം.

‘നീഇതൊന്നും കണ്ട് പേടിക്കണ്ട നിന്നെ ഇനി ആരും ഉപദ്രവിക്കില്ല. നിന്റെ സ്വത്ത്‌ മുതലും ഒന്നും അന്യാധീനപെട്ട് പോവേമില്യ’

“നിക്ക് അതൊന്നും വേണ്ട മാമേ”

‘അതൊക്കെ വേണം നിപ്പോ അവൻ പറഞ്ഞ പോലെ ന്റെ മോളെ വേണേൽ ഓൾക്ക് സമ്മതം ആണേൽ അതും’

അതും പറഞ്ഞു അയാൾ മോളെ ഒന്ന് നോക്കി അവൾ നാണത്താൽ തല താഴ്ത്തി. കമ്മാരൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നടന്നു…