സൂര്യൻ അവളുടെ മുഖത്തേക്ക്  നോക്കി, സൂര്യാ മ്മ്മ് ഈ ദേവു ആരാ..

സൂര്യൻ അവളുടെ മുഖത്തേക്ക്  നോക്കി.

സൂര്യാ….. മ്മ്മ് …… ഈ ദേവു ആരാ……
ഒരു മുഖവുര ഇല്ലാതെ അവൾ ചോദിച്ചു…..
അവൻ മെല്ലെ ഒന്ന് ചിരിച്ചു…..

തന്റെ കൂട്ടുകാരൻ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയല്ലേ അതുകൊണ്ട് ചോദിച്ചതാ…….

ദേവു…… അവൾ  ഞാൻ സ്നേഹിച്ചപെൺകുട്ടി യായിരുന്നു.

ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് അവളെ.
ഞങ്ങളുടെ വീടും അടുത്ത് അടുത്ത് തന്നെയായിരുന്നു.

പക്ഷെ അവളുടെ അച്ഛന് എന്നെ ഇഷ്ടമല്ലായിരുന്നു ഞങ്ങളുടെ ബന്ധവും ഇഷ്ടമല്ലായിരുന്നു…….. അതേ തുടർന്ന് കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു …..

അവൾക്ക് കല്യാണ ആലോചനകൾ വന്ന്  തുടങ്ങിയപ്പോ അവളെ വിളിച്ചിറക്കി കൊണ്ട് പോയി വിവാഹം കഴിക്കാനിരുന്നതാ ഞാൻ.

അപ്പോഴാ… ഈ കേസിൽ പെട്ട് അകത്താകുന്നത്.

അതോടെ അവളുടെ അച്ഛൻ പെട്ടന്ന് അവളുടെ വിവാഹം നടത്തി. അന്ന് ജയിലിൽ കിച്ചു കാണാൻ വന്നപ്പോ ഞാൻ പറഞ്ഞിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങിയ ഉടനേ അവളെ വിളിച്ചിറക്കി കൊണ്ട് വന്ന് കെട്ടുമെന്ന്.
പക്ഷേ കേസ് നീണ്ട് പോയി.

അതിനിടയിൽ അവളുടെ കല്യാണം കഴിഞ്ഞു .കിച്ചു അത്  അറിഞ്ഞിട്ടുണ്ടാകില്ല.
അതാ നമ്മളെ കണ്ടപ്പോ അവൻ അങ്ങനെ ചോദിച്ചേ…..

എന്തായാലും ഈ കാര്യം അവനോട് പിന്നെ പറയാം…. താൻ പോയി ഫ്രഷ് ആയിക്കോ…….
ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങാം.

ദിവസങ്ങൾ മെല്ലെ നീങ്ങി കിച്ചു സൗദിയിലേക്ക് പോയി…..

സൂര്യന്  ഒരു സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിൽ ചെറിയൊരു ജോലിയും സങ്കടിപ്പിച്ചു കൊടുത്തു.

ഗായത്രിക്കും വീട്ടിൽ വെറുതെ ഇരിക്കൻ താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് വീട്ടിൽ ഇരുന്നു ചെയ്യുന്ന ചെറിയ ചെറിയ ജോലികളിൽ അവളും മുഴുകി.

അവർക്ക് ഇരുവർക്കുമുള്ള ആഹാരം അവൾ തന്നെ പാകം ചെയ്തു വയ്ക്കും. വൈകിട്ട് സൂര്യൻ എത്തുമ്പോൾ ഒരുമിച്ചിരുന്നു കഴിക്കും. ശേഷം കുറച്ച് നേരം കൂടി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നതിന് ശേഷം ഇരുവരും ഗുഡ് നൈറ്റ്‌ പറഞ്ഞ് ഇരുവരുടെയും മുറികളിലേക്ക് പോകും…….

ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിലും അതുപോലൊരു ജീവിതം . എന്തുകൊണ്ടോ ഒരു സംതൃപ്തിയും സമാധാനവും ഇരുവർക്കും ഒരുപോലെ ഈ ഒരു ജീവിതസാഹചര്യത്തോട് തോന്നിയിരുന്നു…..

രാവിലെ സൂര്യൻ പോയി കഴിഞ്ഞാൽ
അവൾ കേക്ക് ഉണ്ടാക്കുന്നതിലും പുതിയ പാചക പരീക്ഷണങ്ങളിലും ഏർപ്പെടും. ഇപ്പോൾ ഉണ്ടാക്കുന്ന കപ്പ്‌ കേക്കുകളും മറ്റും  അടുത്ത കടകളിൽ കൊണ്ട് പോയി വിൽക്കാറുണ്ട് അവൾ.

അതിൽ നിന്ന് ഒക്കെ കിട്ടുന്ന ചെറിയ വരുമാനത്തിൽ……. വീട്ടിലെ കുറച്ച് കാര്യങ്ങൾ ഒക്കെ അവൾ ചെയ്യാറുമുണ്ട്. ഇങ്ങനെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ അവൾ പുഞ്ചിരിക്കുമ്പോൾ ….. സൂര്യൻ എല്ലാത്തിനും പൂർണ്ണ പിന്തുണ നൽകും.

ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അവൻ അവളെയും കൂട്ടി പുറത്ത് പോയിരുന്നു.

ആദ്യമായി അവന്റ ബൈക്കിന്റ പിന്നിലിരിക്കുന്ന ഒരു ചളിപ്പും ഉണ്ടായിരുന്നു അവൾക്കുള്ളിൽ.

കുറച്ച് ഡ്രെസ്സും വീട്ടിലേക്കുള്ള സാധനങ്ങളുമായി വൈകാതെ അവർ വീട്ടിലെത്തി.

ഗായത്രിയുമായി അയൽപ്പക്കത്തുള്ള വീടുകൾ നല്ല കൂട്ട് ആണ് ഇപ്പോൾ . കേക്കുകളും സ്നാക്സും ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് തന്നെ…… എപ്പോൾ കണ്ടാലും അവളോട് എന്തെങ്കിലുമൊക്കെ എല്ലാവരും കുശലം ചോദിക്കും……

ഇന്ന് ജോലിക്ക് പോയിട്ട് അല്പം നേരത്തെ യാണ് സൂര്യൻ വീട്ടിൽ എത്തിയത്……

കോളിങ് ബെൽ അടിച്ചിട്ടും അവൾ കെട്ടിരുന്നില്ല……. അകത്തേക്ക് വന്നപ്പോൾ എന്തൊക്കെയോ ചിന്തിച്ച് അടുക്കള വാതിൽ ചാരി നിൽക്കുന്നവളെ യാണ് അവൻ കണ്ടത്..

ഡോ ഗായു…..

താൻ എന്താ വാതിലും തുറന്നിട്ട്‌ ഇവിടെ വന്ന് ചിന്തിച്ചു നിക്കുന്നെ….. അവൻ അടുത്തേക്ക് വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു
അവൾ വെപ്രാളത്തോടെ അത് തുടക്കുകയായിരുന്നു.

എന്താടോ എന്തിനാ താൻ കരഞ്ഞേ……
അത്….. ഒന്നൂല്യ സൂര്യാ……

എന്തോ ഉണ്ട് …… പറയെടോ……..
എന്നോട് ഷെയർ ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ തന്റെ ലൈഫിൽ ഇല്ലാന്ന് പറഞ്ഞിട്ട് ഒളിച്ചു വയ്ക്കുവാണോ….

ഏയ്യ് ഇല്ല സൂര്യാ…… വെറുതെ ഇരുന്നപ്പോ……
അമ്മയേയും ചാരുവിനേയും വീട്ടിലെ കാര്യങ്ങളുമൊക്കെ  ഓർമ്മ വന്നു.
അതാ…. ഓഹ് അതാണോ….. എന്നാലേ …..അമ്മയൊഴിച്ചു താൻ ആരേം കാര്യം ചിന്തിക്കേണ്ട…….. കേട്ടോ അവൻ അവളുടെ കവിളിൽ മെല്ലെ തട്ടിപ്പറഞ്ഞു.
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്നു കേട്ടിട്ടില്ലേ . അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നു എങ്കിൽ നമ്മളെ അവർ ചേർത്ത് പിടിക്കുമായിരുന്നു ….

അത് പറയുമ്പോൾ അവന്റെ മുഖവും മാറിയിരുന്നു …..

അത് കണ്ടതും

ഇന്ന് എന്താ നേരത്തെ വന്നേ…….
പെട്ടന്ന് വിഷയം മാറ്റികൊണ്ട് അവൾ ചോദിച്ചു .

ഇന്ന് ഒരു സിനിമയ്ക്ക് പോകാം ന്നു കരുതി.
അവൻ ഒരു കുഞ്ഞ് ചിരിയോടെ പറഞ്ഞു .

സിനിമയ്ക്കോ….
അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

ഞാൻ ഈ ലാലേട്ടൻ മമ്മൂക്കയുടെ ഒക്കെ
കട്ടഫാനാണ്…… അവരുടെ ഏത് സിനിമ ഇറങ്ങിയാലും അന്ന് തന്നെ പോയി ക്കാണുമായിരുന്നു .

കുറച് വർഷങ്ങൾ കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. ഇനി വേണം അന്നത്തെ ആ ശീലം വീണ്ടും തുടങ്ങാൻ……

അന്നത്തെ ആ ശീലം മാത്രേ തുടങ്ങുന്നുള്ളു
അതോ വേറെ എന്തെങ്കിലും കൂടി തുടങ്ങുന്നുണ്ടോ ……
അവൾ അവനോട് ചോദിച്ചു…….

ഏയ്യ് ഇല്ല നല്ല ശീലങ്ങൾ മാത്രം അവൻ മെല്ലെ ചിരിച്ചു……

താൻ പോയി റെഡി ആയി വാ അല്ലെങ്കിൽ
ഇന്ന് ടിക്കെറ്റ് കിട്ടില്ല…..
അവൻ ചിരിയോടെ പറഞ്ഞു…..

അവൾ തിരിഞ്ഞ് അവളുടെ മുറിയിലേക്ക് നടന്നു…..
അതേ…. ഗായു……

അവൾ തിരിഞ്ഞു നോക്കി
എന്താ സൂര്യാ….
ഗായു…. ആ ഇളം നീല നിറമുള്ള സാരി ഉടുക്കുമോ……

അവൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്…..
അതിന്റ തെല്ല് അതിശയവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

ഉടുക്കാം….. അവൾ ഒരു ഇളം ചിരിയോടെ  തലയാട്ടി….മുറിയിലേക്ക് നടന്നു….

അന്ന് സിനിമ കണ്ട് കുറച്ച് വൈകിയാണ്  അവർ വീട്ടിലേക്ക് എത്തിയത്……. കൂട്ടിന് ഒരു കുഞ്ഞു ചാറ്റൽ മഴയും…… പൂർണ്ണമായും മഴ നനയും മുൻപേ അവർ വീട്ടിൽ എത്തിയിരുന്നു.

അന്ന് പതിവിലും ഭംഗിയുള്ള ഒരു ചിരി രണ്ട് പേരുടേയും ചുണ്ടുകളിൽ ഉണ്ടായിരുന്നു …..

രണ്ട് മുറികളിൽ  എന്തോ ഒരിഷ്ടം മറച്ചു പിടിക്കുന്ന രണ്ട് മനസ്സുകൾ …..

പിന്നീട് യാത്രകൾ പതിവാക്കി ……

അപ്പോഴേക്കും …….പരസ്പരം ഒരുപാട് മനസ്സിലാക്കി കഴിഞ്ഞു രണ്ട്‌ പേരും…..

ഇപ്പോ ഒരു കുഞ്ഞ് ജീവിതം അവർ ആഗ്രഹിക്കുന്നുണ്ട് . എന്നാൽ തുറന്ന് പറയുന്നില്ലെന്നു മാത്രം .

സുന്ദരസ്വപ്നങ്ങൾ പോലെ ദിവസങ്ങൾ പിന്നെയും  കൊഴിഞ്ഞു കൊണ്ടേയിരുന്നു……

ഇന്ന് നാല് മാസം കഴിഞ്ഞിരിക്കുന്നു സൂര്യനും ഗായത്രിയും ആ വീട്ടിൽ  താമസിച്ചു  തുടങ്ങിയിട്ട് .

സന്തോഷവും സമാധാനവും തരുന്നൊരു
വീടും സാഹചര്യവും അതിനേക്കാൾ ഉപരി പരസ്പരം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട്‌ പേർ .
അവരുടെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും കുഞ്ഞ് കുഞ്ഞ് സങ്കടങ്ങളും ആ വീട്ടിലെ ഓരോ ചുവരുകൾക്ക് പോലും  ഇപ്പോൾ കാണാപാഠമാണ്.

ഓരോ ദിവസം കൂടും തോറും  പരസ്പരം ഒത്തിരി സ്നേഹിച്ചു പോകുന്നു ഇരുവരും .
മനോഹരമായ പുഞ്ചിരികളിൽ കൂടി
മാത്രം ആ സ്നേഹവും ഉള്ളിന്റെ ഉള്ളിൽ മുള
പൊട്ടുന്ന ഇഷ്ടവും കൈമാറുന്നു . അത്രമാത്രം

ഇന്ന് ഞായറാഴ്ദിവസം ആയതു കൊണ്ട് സൂര്യന് അവധി ദിവസമാണ് .അതുകൊണ്ട് തന്നെ പാചകത്തിനായി അവനും അടുക്കളയിൽ കൂടിയിട്ടുണ്ട് .

വ്യത്യസ്തമായി അവൻ വയ്ക്കാറുള്ള ചിക്കൻ കറി തന്നെയാണ് ഇന്നും സ്പെഷ്യൽ .

അടുക്കളയുടെ സ്ലാബിൽ കയറിയിരുന്ന്
അവന്റെ ഓരോ പ്രവർത്തിയും കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുകയാണ് അവൾ . പെട്ടന്നാണ് വെള്ളം തങ്ങി നിന്ന  കറിവേപ്പിലതണ്ട് അവളുടെ മുഖത്തേക്ക് അവൻ കുടഞ്ഞത് .

പെട്ടന്ന്  അവൾ ഒന്ന് പിന്നോട്ട് ഒന്ന് ആഞ്ഞു പോയി .

“”””ഇപ്പോൾ ഗായത്രി ക്കുട്ടിക്ക് ഭയങ്കര സ്വപ്നം കാണൽ ആണല്ലോ ..””””
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു .
അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി .

ഓഹോ ഈ പറയുന്ന ആള് ഒട്ടും സ്വപ്നം കാണാറില്ല ല്ലേ ….. അവൾ ചുണ്ട് കോട്ടി .

ശേഷം കൃത്രിമ ദേഷ്യം കാട്ടി അവന്റെ കൈയിൽ ഇരുന്ന കറിവേപ്പില പിടിച്ച് വാങ്ങി
കറിക്ക് കടു താളിക്കാനായി തിരിഞ്ഞു .

ചുണ്ടിൽ തത്തിക്കളിക്കുന്ന ചിരി മറയ്ക്കാനാണ് ഈ പ്രവർത്തിയെന്ന് അവനറിയാം . എന്നാലും അറിയാത്ത ഭാവം നടിച്ചു നിന്നു. ഉച്ചക്ക് ആഹാരവും കഴിച്ച് എന്തൊക്കെയോ സംസാരിച്ച് അവർ സോഫയിൽ തന്നെയിരുന്നു .

പെട്ടന്ന് സൂര്യൻ നെറ്റിയിൽ കൈ വച്ചു …..
ഡോ ഗായു ……എനിക്ക് ഭയങ്കര തലവേദന .

അതെന്തു പറ്റി പെട്ടന്ന് അവൾ ചെറിയ ആകുലതയോടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .
അറിയില്ല ഡോ

അവൻ നെറ്റിയിൽ കൈവച്ച് തന്നെയിരുന്നു .
ഞാൻ ബാം എടുത്തിട്ട് വരാം .

ബാം ഒന്നും വേണ്ട ഗായു ……
എഴുന്നേൽക്കാൻ പോയ അവളെ അവൻ സോഫയിലേക്ക് പിടിച്ചിരിത്തി .

പിന്നെ ……

നീ പതിയെ ഈ കൈ വിരലുകൾ വച്ച് എന്റെ തലയോന്ന് മസാജ് ചെയ്തു തന്നാൽ മതി .
തലവേദന പെട്ടന്ന് മാറും .

അവൾ ഒറ്റ പിരികം പൊക്കി അവനെ ഒന്ന് നോക്കി .

അവൻ നന്നായി നിഷ്കു ഭാവം അഭിനയിച്ചു .

ശേഷം സോഫയ്ക്ക് താഴെ അവൾക്ക് അടുത്തായ് ഇരുന്നു .

അവൾ വേണോ വേണ്ടയോ എന്നപോലെ പിന്നിൽ ഇരുന്ന് നിമിഷ നേരം നോക്കിപ്പോയി

അപ്പോഴേക്കും അവളുടെ രണ്ട് കൈകളും
അവൻ  എടുത്ത്  അവന്റെ ചുരുണ്ട തലമുടിയിൽ വച്ചിരുന്നു .

അവളുടെ വിരലുകൾ മെല്ലെ ചലിച്ചു തുടങ്ങിയപ്പോൾ വല്ലാത്തൊരു ഫീൽ .
പെട്ടന്ന് അമ്മയുടെ കൈകൾ അവന് ഓർമ്മവന്നു …….

അവൾ പതിയെ വിരലുകൾ കൊണ്ട് ആ മുടിയിഴകളെ ഇളക്കി മെല്ലേ തലോടി ……

അതേ സൂര്യാ …….

എന്താ ഗായു ……..

മസാജ് ചെയ്യണമെങ്കിൽ ആദ്യമേ അങ്ങ് പറഞ്ഞാൽ പോരേ എന്തിനാ നുണ പറഞ്ഞേ .

അവൻ തിരിഞ്ഞു നോക്കി നന്നായി ഇളിച്ചു കാണിച്ചു .

മനസ്സിലായോ ……

മനസ്സിലായി അതേ ടോണിൽ അവൾ തിരികേ പറഞ്ഞു .

വീട്ടിൽ അമ്മയും ഇങ്ങനെയാ ചുമ്മാ  മസാജ് ചെയ്യാൻ ആണെന്ന് പറഞ്ഞാൽ സമ്മതിക്കില്ല .

തലവേദന യെന്ന് പറഞ്ഞാൽ പെട്ടന്ന് അടുത്ത് ഇരുത്തും ഇതുപോലെ ചെയ്യും .

അവൾ മെല്ലേ ചിരിച്ചു .

വീണ്ടും അവന്റെ മുടിയിഴകളിൽ അവളുടെ കൈകൾ മെല്ലെ ഇഴഞ്ഞു .

കുറച്ച് സമയം കഴിഞ്ഞതും

സൂര്യന്റെ ഫോൺ റിങ് ചെയ്തു .
സൂര്യൻ പല്ല് കടിച്ചു പിടിച്ചു …… ആർക്കായാലും വിളിക്കാൻ കണ്ട സമയം …….
അവളുടെ കൈ വിരലുകൾ നിശ്ചല മായതും അവൻ മനസ്സിൽ പറഞ്ഞു .

ഫോൺ എടുക്ക് സൂര്യ …..

മ്മ്മ്മ് …..
അവൻ മൂളിക്കൊണ്ട് എഴുന്നേറ്റു .

ഫോൺ എടുത്തതും കിച്ചുവിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞു .

ഓഹ് വേതാളം ഇന്ന് നേരത്തേ ആണല്ലോ .

ഹലോ ……
എന്താ ടാ ……

ആഹ്ഹ് ടാ  ഒരു സീരിയസ് കാര്യമുണ്ട് .

എന്താ ടാ  …..

നിന്റെ അമ്മക്ക് വയ്യെന്ന് അറിഞ്ഞെടാ
നാട്ടിൽ നിന്ന് നിന്റെ അച്ഛൻ വിളിച്ചിരുന്നു എന്നെ നീ എവിടെ ഉണ്ടെന്നാ  ആദ്യം ചോദിച്ചത്  .

ഞാൻ എനിക്ക് അറിയില്ലെന്ന് പറഞ്ഞു .

അപ്പോഴാ പറഞ്ഞേ ……
എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അന്യഷിക്കണം  അവൾക്ക് ഒട്ടും വയ്യ അവനെ കാണണം എന്ന് വാശിപിടിക്കുക യാണ് എന്ന് .

ഞാൻ ഒന്ന് തിരക്കട്ടെന്നു പറഞ്ഞു .

മ്മ്മ്മ് ……സൂര്യൻ ഒന്ന് മൂളി

നാളെ തന്നെ പോകാം ടാ …..
ഒട്ടും വയ്യായിരിക്കും  അമ്മയ്ക്ക് .

അവൻ നേർത്ത ശബ്ദത്തോടെ പറഞ്ഞു .

എന്നാ ഞാൻ പിന്നെ വിളിക്കാം ടാ …

മ്മ് ശെരി .

ഫോൺ വച്ചതും ……. അവൻ ഗായത്രിയെ ഒന്ന് നോക്കി .

എടോ നാളെ നമുക്ക് നാട്ടിൽ പോണം ….

നാട്ടിലോ എന്താ സൂര്യ …..
എന്തേലും പ്രശ്നം …..

മ്മ്മ്മ്മ് ….അമ്മക്ക് വയ്യെന്ന് ……
എന്നെ കാണണം എന്ന്
ഞാൻ  എവിടെയാണെന്ന് അച്ഛൻ അവനോട് വിളിച്ചു ചോദിച്ചു .

അപ്പോൾ തീരെ വയ്യാണ്ടായിക്കാണും .
അവൻ വല്ലായ്മയോടെ സോഫയിലേക്ക് ഇരുന്നു .

ഒന്നും ഉണ്ടാകില്ല സൂര്യ അവൾ അവന്റെ തോളിൽ കൈ വച്ചു ………

പിറ്റേ ദിവസം പുലർച്ചെ തന്നെ അവർ നാട്ടിലേക്ക് പുറപ്പെട്ടു .

ഗായത്രി വരുന്നില്ലെന്ന് പറഞ്ഞിരുന്നു .
മറ്റൊന്നും കൊണ്ട് അല്ല ആ നാട്ടിലേക്ക് എത്തുമ്പോൾ വേട്ടയാടുന്ന ചില ഓർമ്മകൾ അതുകൊണ്ട് മാത്രം .

പക്ഷേ സൂര്യൻ അവളെ ഒറ്റയ്ക്ക് നിൽക്കാൻ  സമ്മതിച്ചില്ല .

പിറ്റേന്ന് പുലർച്ചെയോടെ സൂര്യന്റെ വീട്ടിൽ ഇരുവരും എത്തിയിരുന്നു .

എന്നാൽ !!!!!!!!

അവരെ വരവേറ്റത്  അമ്മയുടെ മരണവാർത്തയായിരുന്നു ……

മുറ്റത്ത്‌ വലിച്ചു കെട്ടിയ ടാർപ്പോളിൻ ഷീറ്റും
കസേരകളും തെക്കേതൊടിയിൽ എരിഞ്ഞു തീർന്ന ചിതയും ആ വർത്തക്ക് കൂടുതൽ
ബലം നൽകി.

സൂര്യൻ വല്ലാതെ തളർന്നു പോയിരുന്നു ……..
തന്നെ ഒന്ന് കാണാൻ ഒത്തിരി കൊതിച്ചതല്ലേ അമ്മ ……. എന്നിട്ടോ …… അവസാനമായി ആ മുഖം പോലും ഒന്ന് കാണാൻ കഴിഞ്ഞില്ല .
അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു .

ആരൊക്കെയോ ചൂഴ്ന്നു നോട്ടവും അടക്കി പിടിച്ച സംസാരങ്ങളുമായി തങ്ങൾക്ക് പിന്നാലെ ഉണ്ട് .
എന്നാൽ അതൊന്നും ഗായു കാര്യമക്കാതെ
അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു.
ഒരു കൈതാങ്ങ് എന്നപോലെ .

ഇടക്ക് എപ്പോഴോ  സൂര്യൻ  അച്ഛനെ കണ്ടിരുന്നു .

തന്നെ അന്ന്  ഇറക്കി വിട്ടപ്പോൾ ഉള്ള അത്രയും ഗൗരവമില്ല ഇപ്പോ ഗായത്രിയേ ആരാണെന്ന്  മനസ്സിലാകാതെ നോക്കുന്നുണ്ട് . പക്ഷേ ഒന്നും മിണ്ടുന്നില്ല .

സൂര്യന്റെ സഹോദരങ്ങൾ അവന്റെ അടുത്തേക്ക് പോലും വന്നിരുന്നില്ല അത് അവനിൽ  മറ്റൊരു സങ്കടം തീർത്തു .

പക്ഷേ ഗായു ഉണ്ടായിരുന്നത് കൊണ്ട്
മനസ്സിന് ബലം നൽകി പിടിച്ചു നിന്നു.

പിറ്റേ ദിവസം ഇനിയുള്ള അമ്മയുടെ കർമ്മങ്ങൾ എങ്ങനെയെന്ന് ചോദിക്കാനായിരുന്നു അവൻ അച്ഛന്റെ അടുത്ത് എത്തിയത് .

പക്ഷേ അന്നേരമത്രയുംമൗനിയായിരുന്ന  അയാൾ അപ്പോൾ  അവനോട് ചോദിച്ചു
നീ  പോകുന്നില്ലേ എന്ന് …….

പിന്നീട് അവിടെ നിന്ന് സമയം കളഞ്ഞില്ല.
അവൻ തന്നെ കാത്ത് നിന്ന ഗായത്രിയുടെ അരികിൽ എത്തി.

പോകാം ഗായു …….

എന്താ സൂര്യാ …… ഇത്ര പെട്ടന്ന് ……
ചടങ്ങുകൾ ഒക്കെ എങ്ങനെ എന്ന് ചോദിക്കാനല്ലേ സൂര്യൻ അച്ഛന്റെ അടുത്തേക്ക് പോയത് ?

ഹ്മ്മ് ……
പോയെടോ ……

പക്ഷേ അച്ഛന് നമ്മൾ ഇവിടെ നിൽക്കുന്നതിലോ ചടങ്ങുകളിൽ ഒന്നും പങ്കെടുക്കുന്നതിലോ താല്പര്യമില്ലാ……

അതെന്താ …….

നമ്മൾ രണ്ട് പേരും ജയിലിൽ കിടന്നവർ അല്ലേ …….. പ്രതേകിച്ച് ഞാൻ ….

തന്റെ കാര്യം അച്ഛന് അറിയില്ല …..
എന്നാലും ബന്ധുക്കൾ ആരെങ്കിലും ചെവിയിൽ എത്തിച്ചിട്ടുണ്ടാകും .

അതൊക്ക  അച്ഛന് വലിയ നാണക്കേട് ആണത്രേ .

അവൻ ഒന്ന് പുച്ഛത്തോടെ പറഞ്ഞു .

സൂര്യന് സംസാരിക്കാമായിരുന്നില്ലേ …..
സ്വന്തം അമ്മയുടെ ചടങ്ങുകൾ അല്ലേ ……

സംസാരിച്ചെഡോ …….. അച്ഛന്റെ കണ്ണിൽ ഞാൻ എന്നും തെറ്റുകാരനാണ് . അച്ഛന്റെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തിയവനാണ് …….. അതുകൊണ്ട് ഒരിക്കലും എന്നെ കേൾക്കാൻ മനസ്സ് കാണിക്കില്ല . ഈ വീട് അച്ഛന്റെ പേരിലാണ് ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങികൊടുക്കണം  നമ്മൾ ……..

പിന്നെ ……

എന്റെ വേദനയും സങ്കടവും എപ്പോഴും എന്റെ അമ്മയ്ക്ക് അറിയാം . അതുകൊണ്ട് എല്ലായിപ്പോഴും അമ്മയുടെ ആത്മാവ് നമ്മുടെ കൂടെ ഉണ്ടാകും .

അവൾ അവനെ തന്നെ നോക്കി നിന്നു.

ഇനി നിന്ന് വൈകണ്ട ഡോ നമുക്ക് ഇറങ്ങാം .

ഹ്മ്മ് …….
ഇറങ്ങാം സൂര്യാ ……

അവർ മുറിക്ക് പുറത്തേക്ക് ഇറങ്ങി .
അച്ഛൻ  ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

ബന്ധുക്കൾ ആരൊക്കെയോ തിണ്ണമേൽ ഇരിപ്പുണ്ട് .

അവർ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല .
അച്ഛന്റെ മുന്നിലേക്ക്‌ വന്നു .

ഞാൻ ഇറങ്ങുവാ …….

അയാൾ ഒന്നും മിണ്ടിയില്ല .

പോകും മുന്നേ ഒരു കാര്യം കൂടി പറയാം …….
അച്ഛൻ ഈ കാണിച്ചു കൂട്ടുന്ന ഓരോ ദുർവാശികൾക്കും തീർച്ചയായും ഒരിക്കൽ മറുപടി പറയേണ്ടി വരും .

അയാൾ അവനെ സൂക്ഷിച്ചു നോക്കി .

അന്ന് അച്ഛൻ എന്നെ തേടി വരും .

അല്ലെങ്കിൽ ദെയ്‌വം എന്റെ മുന്നിൽ കൊണ്ട് വരും. അന്ന് ഈ അഹങ്കാരം അച്ഛന്റെ മുഖത്തു കാണില്ല . കാലം എല്ലാ കണക്കുകൾക്കും മറുപടി കൊടുക്കുമെന്ന് ആണല്ലോ.

നീ ആരെയാ സൂര്യാ ഭീഷണി പ്പെടുത്തുന്നത്.

എന്നെയോ …..
അയാൾ ചാരുകസേരയിൽ ഒന്ന് നിവർന്നിരുന്നു കൊണ്ട് ചോദിച്ചു .

ഭീഷണി പ്പെടുത്താൻ ഞാൻ ആളല്ല അച്ഛാ .

ഇത്രയും പ്രായമായ നിങ്ങളോട് എന്റെ ദേഷ്യവും ഉശിരും കാണിച്ചിട്ട്  ഒരു കാര്യവുമില്ല….. നിങ്ങളത് താങ്ങില്ല .

അയാളിൽ നിന്ന്  മുഖം തിരിച്ചു .

ഇറങ്ങുവാ…………

വാ ഗായു …….

പിന്നിൽ നിന്ന അവളെ വിളിച്ചു കൊണ്ട് അവനാ പടിയിറങ്ങി .

തിരിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ  സൂര്യൻ തികച്ചും നിശബ്ദനായിരുന്നു .

അമ്മയെ അവസാനമായി ഒന്ന് കാണാൻ കഴിയാത്തതിന്റെ സങ്കടമാണ് ആ മുഖം നിറയെ എന്ന് അവൾക്ക് വ്യക്തമായിരുന്നു .

അവനെ ആശ്വസിപ്പിക്കാനായി അവന്റെ അരികിലേക്ക് ഒന്ന് നീങ്ങിയിരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു …..

പിന്നിൽ നിന്നും ആരോ മോളെ “”ഗായത്രി”” എന്ന് വിളിച്ചത് .

സൂര്യനും ഗായത്രിയും ഒരുമിച്ച് തിരിഞ്ഞു നോക്കി .

പ്രായമായ ഒരു സ്ത്രീയും ഏട്ട് ഒൻപത് വയസ്സ് പ്രായമുള്ള ഒരു കുട്ടിയും .

ആ സ്ത്രീ അവളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു .

എന്നെ മനസ്സിലായോ മോളെ ……..

അവൾ അവരുടെ മുഖത്തേക്ക് തന്നെ നോക്കി .

അത് എനിക്ക് …….

ഞാൻ മോളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ശാലിനി ചേച്ചിയാ …….

മോൾക്ക് ഓർമ്മ വന്നോ ……..

ആഹ് ….. ശാലിനി ചേച്ചി…..
ഇപ്പോ മനസ്സിലായി .

ചേച്ചി എവിടെ പോകുവാ …….

ആഹ്ഹ് അതോ …..
ഇത് മോന്റെ കുഞ്ഞാ ഇവൾക്ക് ഒരു വഴിപാട് ഉണ്ട് അതിന് വേണ്ടി കൊണ്ട് പോകുവാ .

കൊച്ച് എവിടെ പോകുവാ ……
ഞാൻ പാലക്കാട്‌ …..

മോള് ജയിലിൽ നിന്ന് ഇറങ്ങിയ വിവരം ഒക്കെ ഞാൻ അറിഞ്ഞിരുന്നു .

ഹ്മ്മ് …..ഗായത്രി മെല്ലെ ഒന്ന് മൂളി .

സൂര്യൻ എല്ലാം കേട്ടുകൊണ്ട് ദൂരെക്ക് നോക്കിയിരുന്നു . ആ ഇരുപ്പ് കണ്ടാൽ അവൻ അവർക്ക് അരികിൽ ഇരിക്കുന്ന ഒരു അപരിചിതനാണെന്നേ തോന്നു .

ശാലിനി അതൊന്നും ശ്രദ്ധിക്കുന്നില്ല .
സംസാരം മുഴുവൻ ഗായത്രിയെ നോക്കി മാത്രമാണ് . പാലക്കാട്‌ മോൾക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ  അവർ വീണ്ടും സംശയത്തോടെ അവളോട് ചോദിച്ചു .

മ്മ്മ് …….
എന്റെ ഫ്രണ്ട്‌ ഉണ്ട് ആളുടെ വീട്ടിലാ ഞാൻ .

മ്മ് …..
എന്താ ചെയ്യാ അല്ലേ മോളെ …..
വീട്ടിൽ വന്നപ്പോൾ തന്നെ അച്ഛൻ ഇറക്കി വിട്ടു അല്ലേ .

അവൾ  ഒന്നും മിണ്ടിയില്ല .

എന്നിട്ട് എന്തായി മോളുടെ വീട്ടിലെ അവസ്ഥ .
അവർ ഒരു പുച്ഛത്തോടെ പറഞ്ഞു .

അവൾ പെട്ടന്ന്  മുഖമുയർത്തി .
വീട്ടിൽ …..വീട്ടിൽ എന്ത്‌ പറ്റി .

അവൾ സംശയത്തോടെ ചോദിച്ചു ?

ആഹാ അപ്പോൾ മോള് ഒന്നും അറിഞ്ഞില്ല ല്ലേ …..

ഇല്ലാ…….

മോൾക്ക് ഒരു അനിയത്തി കൊച്ച് ഇല്ലേ ….
ചാരു ……
അവള് വീട്ടിലെ സ്വർണ്ണവും പണവും ഒക്കെ എടുത്ത് ഏതോ ഒരുത്തൻന്റെ കൂടെ ഇറങ്ങിപ്പോയെന്ന് .

അങ്ങനെ ആകെ പ്രശ്നമായിരുന്നു അവിടെ .
അപ്പോ തന്നെ മോളുടെ അച്ഛൻ കുഴഞ്ഞു വീണു .

അത് കേട്ടതും അവൾ ഇരുന്നിടത്ത് നിന്നും പെട്ടന്ന് എഴുന്നേറ്റു .

അച്ഛൻ ……..

മ്മ്മ്……

ഇതൊക്ക നടന്നിട്ട് ഒരു മാസത്തോളം ആയി മോളെ . എന്റെ ഭർത്താവ് വിളിച്ച് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചിരുന്നു ….
ഹോസ്പിറ്റലിൽ തന്നെയാണ്  എപ്പോഴും .
ഒരു വശം തളർന്നെന്നോ മറ്റോ ആണ് അറിഞ്ഞിത് ……

അവൾ അവരെ തന്നെ കണ്ണ് മിഴിച്ചു നോക്കി നിന്നു.

സത്യത്തിൽ മോൾക്ക്  വിഷമം വരേണ്ട
ഒരാവശ്യവും ഇല്ല .
കാരണം അത്രയ്ക്കുള്ള ദ്രോഹമല്ലേ ഒരു പെൺകുട്ടിയായ മോളോട് അവർ ചെയ്തത്

മോളുടെ അനിയത്തി കൊച്ചു കാരണം ആണ് മോള് ജയിലിൽ പോകേണ്ടി വന്നതെന്ന് തന്നെയാ ഇപ്പോ നാട്ടിലെയൊക്കെ ചർച്ച .

അവൾ ഒന്നും മിണ്ടിയില്ല .

അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു .

അത് കണ്ടതും അവർ പോകാനായി അടുത്ത് നിന്ന കുഞ്ഞിന്റെ കൈ പിടിച്ചു .

കേറാം മോളെ …… അവർ അവളോട്‌ ചോദിച്ചു ……

ചേച്ചി കേറിക്കോ ….. ഞാൻ കേറിയേക്കാം …..

അഹ് ശെരി …. അവർ കുഞ്ഞിനേയും വിളിച്ചുകൊണ്ട്  ട്രയിനിൽ കയറി .

സൂര്യൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവൻ  അവളെ തട്ടി വിളിച്ചു .

ഡോ …..
ഗായു ……..

സൂര്യാ…..

നമുക്ക് അച്ഛനെ ഒന്ന് കാണാൻ പോയിട്ട് തിരിച്ചു നമ്മുടെ വീട്ടിലേക്ക് പോകാം .

ഗായു അവർ പറഞ്ഞതൊക്കെ സത്യം തന്നെയായിരിക്കുവോ ….. എനിക്ക് അവരുടെ സംസാരം കേട്ടിട്ട് അയൽവക്കത്തേ ചില പരദൂഷണ  പെണ്ണുങ്ങൾ ഇല്ലേ അവരെ പോലെയാ തോന്നിയത് .

അതൊക്കെ ശെരിതന്നെയാണ് സൂര്യാ ……
അവിടത്തെ പരദൂഷണക്കൂട്ടത്തിലെ ഒരാൾ തന്നെയാണ് ഇവരും അതുകൊണ്ട് തന്നെയാണ് …..പറയുകയും കേൾക്കുകയും ഒക്കെ ചെയ്തപ്പോൾ  എല്ലാത്തിനും മിതമായ
മറുപടി ഞാൻ നൽകിയത് .

പക്ഷേ അച്ചന്റെയും ചാരുവിന്റെയും ഒക്കെ കാര്യങ്ങൾ എനിക്ക് നുണയായി തോന്നുന്നില്ല .

നമുക്ക് പോകാം സൂര്യാ ….
ഒറ്റ തവണ മതി ………..

ഈ ഒരു അവസ്ഥയിൽ തന്നെ അച്ഛനെ എനിക്ക് കാണണം . എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യണം ……..

എന്നെ തള്ളിപ്പറഞ്ഞതിനും  ഇറക്കി വിട്ടതിനും  എന്നെ മാറ്റി നിർത്തി ചാരുവിനെ മാത്രം സ്നേഹിച്ചതിനും ഒക്കെ …… ഞാൻ നൽകുന്ന ഏറ്റവും വലിയ മറുപടി ആണിത് ……

സൂര്യൻ  ഇന്ന് അച്ഛനോട് പറഞ്ഞത് പോലെ കാലം ഏതൊരു പ്രവർത്തിയും എഴുതി സൂക്ഷിക്കും . സമയമാകുമ്പോൾ അതിന് കണക്ക് ചോദിക്കും .

നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം സൂര്യാ …..

ഹ്മ്മ് പോകാം വാ …..

അവർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ ഇറങ്ങി .

സൂര്യനും ഗായുവും വൈകാതെ അച്ഛൻ അഡ്മിറ്റ് ആയിരുന്ന ഹോസ്പിറ്റലിൽ എത്തിച്ചേർന്നു……… റിസപ്ഷനിൽ പേരും ഡീറ്റെയിൽസും പറഞ്ഞപ്പോൾ തന്നെ അവർ റൂം നമ്പർ പറഞ്ഞു തന്നു .

റൂമിൽ എത്തി ഡോറിൽ മെല്ലേ ഒന്ന്
തട്ടി …… പക്ഷെ തുറന്നില്ല ……. സൂര്യൻ ഡോർ മെല്ലേ തുറന്നു ലോക്ക് അല്ലാത്തത് കൊണ്ട് തുറന്ന് വന്നു ….. ഗായത്രി മെല്ലേ ഉള്ളിലേക്ക് എത്തി നോക്കി . അവരുടെ റൂം തന്നെയാണ് .

അച്ഛൻ ബെഡിൽ ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട് …..

അമ്മ കസേരയിൽ  ചാരിയിരുന്ന്  മയങ്ങുന്നു .

അവൾ മെല്ലെ അകത്തേക്ക് കയറി
അമ്മയുടെ അടുത്ത് വന്ന് ആ കൈയിൽ മെല്ലേ ഒന്ന് തൊട്ടു കൈയിൽ ഒരു കരസ്പർശം അറിഞ്ഞതും അവർ  കണ്ണ് തുറന്നു .

മുന്നിൽ ഗായത്രിയെ കണ്ടതും അവർ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു .

മോളെ ഗായു …….

അവർ പെട്ടന്ന് തന്നെ എഴുന്നേറ്റു .
താൻ കാണുന്നത് സ്വപ്നമാണോ എന്ന് പോലും അവർക്ക് തോന്നി പ്പോയി .

അമ്മേ ……..

മോളെ നീ ഇങ്ങനെ …….എവിടെ ആയിരുന്നു ….
അവർ വൈകിപ്പോയി ….

അവർ അവളെ മുഖമാകെ തലോടി …..
നീ എവിടെ ആണെന്നോ എങ്ങനെ  ആണെന്നോ അറിയാതെ ഇത്രയും ദിവസം ഉരുകുകകയായിരുന്നു ഞാൻ ……

ഓരോ ദിവസവും പ്രാർത്ഥനയോടെയാ ഇരുന്നത് നിനക്ക് ആപത്തൊന്നും ഉണ്ടാകല്ലേന്ന് .

എനിക്ക് ഒന്നും ഉണ്ടാകില്ല അമ്മാ ……
ദെയ്‌വം അങ്ങനെ എന്നെ കൈവിടില്ല ല്ലോ .

എങ്ങനെ …….എങ്ങനെ അറിഞ്ഞു മോളെ നീ

അതൊക്കെ അറിഞ്ഞമ്മേ …….

ചാരു ചതിച്ചു അല്ലേ ………

മ്മ്മ്മ് …….

പാല് കൊടുത്ത കൈക്ക് അവൾ കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു മോളെ …….

അതുപോലെ സംഭവിച്ചു …..

“””””എനിക്കും അറിയാമായിരുന്നു .”””’

അവൾ ബെഡിൽ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്ന അച്ഛനെ തന്നെ നോക്കി .

അന്ന് വീണതാ അച്ഛൻ ……

ഒരു വശം തളർന്നു പോയിരുന്നു .

കുറച്ച് ദിവസം ആയതേ ഉള്ളൂ  റൂമിലേക്ക്‌ മാറ്റിയിട്ട് .

അവർ ഒന്ന് നെടുവീർപ്പെട്ടു ……

അവളെ മാത്രം ശ്രദ്ധിച്ചു നിന്ന അവർ
അപ്പോഴാണ് അവൾക്ക് പിന്നിൽ നിന്ന സൂര്യനെ കാണുന്നത് …….

മോളെ ….ഇത് ……

അവർ അവനെ സംശയത്തോടെ നോക്കി ….

ഇത് സൂര്യൻ …….

എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ …….
ഒരു താങ്ങ് ഇല്ലാതെ ഒറ്റയ്ക്ക് ആയപ്പോൾ എന്റെ കൂടെ നിൽക്കാനും ഒരു സംരക്ഷണം നൽകാനും സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ………..

അവർ അവനെ തന്നെ കണ്ണ് നിറച്ച് നോക്കി .

സൂര്യൻ അവരെ നോക്കി മെല്ലേ ഒന്ന് പുഞ്ചിരിച്ചു .

അപ്പോഴേക്കും സംസാരിക്കുന്ന ശബ്ദങ്ങൾ
കേട്ട് അച്ഛൻ ഉണർന്നിരുന്നു .

അത് കണ്ടതും ഗായത്രി  അയാൾക്ക് അടുത്തേക്ക് മെല്ലേ ചെന്നു .

ശരീരം അനക്കുന്നില്ല എങ്കിലും കണ്ണിന്റെ കൃഷ്ണ മണികൾ അവളെ കണ്ട്  അങ്ങോട്ടു മിങ്ങോട്ടും പായുന്നുണ്ട്  .

അവൾ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

പക്ഷെ അയാൾക്ക് അവളെ അഭിമുഖികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . തന്റെ ഇന്നത്തെ അവസ്ഥയും  ചാരു ചെയ്ത ചതിയും
ഗായത്രിയേ ഒരു സഹതാപവും കൂടാതെ വീട്ടിൽ നിന്ന് ഇറക്കി വിട്ട രംഗവും ………
എല്ലാംകൊണ്ടും അയാളുടെ മുഖം വല്ലാതെയായി ………

അത് കണ്ടതും അച്ഛന്റെ മനസ്സ് മുഴുവൻ ഇപ്പോൾ  എന്താണെന്ന് അവൾക്ക് മനസ്സിലായി .

ആ മുഖത്തേക്ക് നോക്കിനിന്നതല്ലാതെ
അവൾ ഒന്നും മിണ്ടിയില്ല .

മൗനത്തേക്കാൾ വലിയ ശിക്ഷകൾ ഒന്നുമില്ല ല്ലോ ……..

അവൾ അമ്മയെ നോക്കി ……
എന്നാ അമ്മേ ഡിസ്ചാർജ് പറഞ്ഞേക്കുന്നത് ……

മറ്റന്നാൾ ആണ് മോളെ ……..

മ്മ്മ്മ് …… അവൾ ഒന്നു മൂളി

ഞാൻ ഇപ്പോ വരാം കേട്ടോ …… അവൾ അമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .

സൂര്യൻ കുറച്ച് മുന്നേ തന്നെ പുറത്ത് ഇറങ്ങി നിൽക്കുകയായിരുന്നു ………..

സൂര്യാ നമുക്ക് പുറത്തേക്ക് ഒന്ന് പോയാലോ ..

എന്തിനാ ഗായു ……

വാ സൂര്യാ …….. പറയാം …….

അവൾ അവന്റെ കൈ പിടിച്ച് പുറത്തേക്ക്
നടന്നു……

ആ നടത്തം ചെന്നു നിന്നത് ധനലക്ഷ്മി എന്ന
ഒരു ചെറിയ ഫൈനാൻസിന്റെ മുന്നിലാണ് .
അവൻ അവളെ തന്നെ നോക്കി നിന്നു . ശേഷം കടക്കയ്ക്ക് പുറത്ത് വച്ച് തന്നെ
അവൾ സ്വന്തം കൈയിൽ ഉണ്ടായിരുന്ന
സിമ്പിൾ ആയ സ്വർണവള ഊരി എടുത്തു .
ശേഷം അവന്റെ മുഖത്തേക്ക് നോക്കി .

ഗായു ……എന്താ നീയീ കാണിക്കുന്നേ …..
ഇത് നമുക്ക് പണയം വയ്ക്കാം സൂര്യാ …. അമ്മയുടെ കൈയിൽ ഒന്നും ഉണ്ടാകില്ല .
ഉള്ളത് എല്ലാം അവൾ എടുത്തുകൊണ്ടു പോയില്ലേ ……..

സൂര്യൻ മെല്ലെ ഒന്നു മൂളി

പിന്നെ അവൻ  ഒന്നും പറഞ്ഞില്ല …….
വള പണയം വച്ചു പരമാവധി തുകയും എടുത്തു .

തിരിച്ചു ഹോസ്പിറ്റലിൽ എത്തി അമ്മയുടെ കൈയിലേക്ക് അത് വച്ചു കൊടുത്തു .

അമ്മ അവളെ ഉറ്റു നോക്കി നിന്നു.

ഇത് വച്ചോ അമ്മേ …….
ആവശ്യമായി വരും ………….

അച്ഛൻ അവളെ നോക്കുന്നു എന്ന് അല്ലാതെ
ഒന്നും പറയുന്നില്ല ……

അമ്മേ ഞങ്ങൾ ഇറങ്ങുവാ കേട്ടോ …….
അവൾ തിരിഞ്ഞ് അമ്മയുടെ കൈ പുണർന്നു കൊണ്ട് പറഞ്ഞു …….

പോകുവാണോ …….

മ്മ്മ്മ് പോണം അമ്മേ ……

ഈ നാട്ടിൽ നിൽക്കാൻ എനിക്ക് ഇഷ്ടമല്ല .
ആ വീട്ടിലും ….. കാരണം അത്രത്തോളം വേദനിപ്പിക്കുന്ന അനുഭവങ്ങളൾ മാത്രമാണ് എനിക്ക് ഉള്ളത് .
അവൾ  ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി ……..

ദീർഘ നേരത്തിനു ശേഷം അവർ അവിടെ നിന്ന് ഒരുമിച്ച്  ഇറങ്ങുമ്പോൾ ………

ഗായത്രിയുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……..പശ്ചാത്തപിക്കുന്ന പോലെ
ഇറങ്ങും മുന്നേ …. അമ്മ സൂര്യന്റെ കൈ പിടിച്ച് ഇവളെ എന്നും ഇങ്ങനെ നോക്കിക്കോളണേയെന്നു പറയാതെ പറഞ്ഞു ……

തിരികെ വീട്ടിൽ എത്തിക്കഴിഞ്ഞതും
കുറച്ച് ദിവസങ്ങൾ അവർക്ക് ഇരുവർക്കും  വല്ലാത്ത ഭാരമായിരുന്നു മനസ്സിൽ ……..

പിന്നെ പിന്നെ പതിയെ അത് മാറി തുടങ്ങി
പഴയ ജീവിതത്തിലേക്ക് വീണ്ടും ചെന്ന് എത്തി ……

ഇപ്പോ ഒരു മാസം കൂടി കഴിയുന്നു …….
ഗായത്രി ഇടക്ക് വീട്ടിൽ വിളിക്കാറുണ്ട് .
സൂര്യൻ  അമ്മയെക്കുറിച്ച് എന്നും ഓർക്കാറുണ്ട് …… അവസാനമായി അമ്മയെ
ഒന്നു കാണാതെ പോയ വേദന യുണ്ട് അവന്റെ മനസ്സിൽ . കൂടാതെ പേഴ്സിൽ ഇരുന്ന അമ്മയുടെ ഒരു ഫോട്ടോ അവൻ ഹാളിലായി ഫ്രേം ചെയ്തു വച്ചു ……

ഗായത്രിയെ വീട്ടിൽ നിർത്താതെ
ഒരു കോഴ്സ് ചെയ്യാനായി ചേർത്തു .

സൂര്യൻ നിൽക്കുന്ന ഷോപ്പിൽ ബില്ലിംഗ് സെക്ഷനിൽ സ്റ്റാഫ്‌നെ അടുത്ത് തന്നെ ആവശ്യമുണ്ട് . ഗായത്രി ഡിഗ്രി  ഏകോണോമിക്സ് ആയിരുന്നു പഠിച്ചത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല അവൾക്ക്… എന്നാലും കണക്ക് ഒത്തിരി ഇഷ്ടവുമാണ് അവൾക്ക് ….. അതുകൊണ്ട് കൂടിയാണ് സൂര്യന്റെ ഈ നീക്കം ….. പിന്നെ തന്റെ അടുത്ത് തന്നെ എപ്പോഴും കാണുമല്ലോ ….

ആ ചിന്ത മനസ്സിലുണ്ട് എങ്കിലും അവൻ പുറത്തു കാണിച്ചില്ല .

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങി .

ഇന്ന് സൂര്യന്റെ പിറന്നാളാണ് അതുകൊണ്ട്  തന്നെ രാവിലെ ഇരുവരും  ക്ഷേത്രത്തിൽ പോയിരുന്നു ……. തൊഴുത് ഇറങ്ങി പ്രസാദവും വാങ്ങി ആൽമരചുവട്ടിൽ മെല്ലേ ഇരുന്നപ്പോൾ ….

സൂര്യൻ എന്തോ ചോദിക്കാൻ ഉള്ളത് പോലെ അവളെ നോക്കി . ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഗായു…… അത് കേട്ടതും അവൾ  അവന്റെ  മുഖത്തേക്ക് നോക്കി .

എന്നോട് എന്തെങ്ങിലും ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ
സൂര്യാ ???….

അവൻ മെല്ലേ  ചിരിച്ചു …….

ഗായു ഒരു സീരിയസ് ആയ കാര്യമാണ് …..

അവൾ അവനെ കേൾക്കാനെന്നോണം അവന്റെ മുഖത്തേക്ക് തന്നെ നോക്കി .

“”””””നമുക്ക് ഒരുമിച്ച് ഒരു
വിവാഹജീവിതത്തേ കുറിച്ച് ചിന്തിച്ചുകൂടെ…””

അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു  .

ഗായു താൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് …..
എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ…. തനിക്ക് ഇഷ്ടമില്ലെങ്കിൽ …… പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നെ
അവൾ അവന്റെ കൈയിൽ പിടിച്ചു …..

എനിക്ക് സൂര്യനെ ഒത്തിരി ഒത്തിരി  ഇഷ്ടാണ്…..

സൂര്യന്റെ ഭാര്യയാകാനും സമ്മതമാണ്.
അവൾ കണ്ണു ചിമ്മിക്കൊണ്ട് പറഞ്ഞു . പിന്നെ ഈ ചോദ്യം സൂര്യനിൽ നിന്ന് മുന്നേ പ്രധീക്ഷിച്ചിരുന്നു ……..
ചോദിച്ചില്ലെങ്കിൽ അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ …..

അവൻ മെല്ലെ ചിരിച്ചു …..
അപ്പോൾ ഗായത്രികുട്ടിക്ക് സമ്മതം .

“””അതേ …..”””

ആ സമ്മതം മാത്രം മതിയായിരുന്നു അവന് പിന്നെ ഒന്നും നോക്കിയില്ല.

രണ്ട്‌ ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ വച്ച് ദൈവങ്ങളെ സാക്ഷിയാക്കി ……. ഒരു മഞ്ഞചരടിൽ കോർത്തെടുത്ത താലി അവനവളുടെ കഴുത്തിൽ  ചാർത്തി.

ഗായത്രി അമ്മയെ വിളിച്ച് ഒന്ന് അറിയിച്ചിരുന്നു അത്ര മാത്രം.

ഇന്ന് സമയം ഏഴ് മണിയോട് അടുത്തിട്ടുണ്ട് .
ചൂട് കട്ടൻ കാപ്പി ചുണ്ടോട് മുട്ടിച്ച്……
ജാലകവാതിലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ഗായത്രി …..

പെട്ടന്ന് പിന്നിൽ നിന്ന്  രണ്ട് കൈകൾ  അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു…..
തോളിൽ മുഖമമർത്തി അവൻ അവളോട്‌ ചേർന്നു നിന്നു.

“””””ഗായത്രിക്കുട്ടീ അവളുടെ ചെവിയോരം ചേർന്ന് അവൻ വിളിച്ചു .”””” അവൾ ഇക്കിളിപെട്ടത് പോലെ കഴുത്ത്‌ വെട്ടിച്ചു മെല്ലെ ചിരിച്ചു……

നല്ല തണുപ്പ് അല്ലേ ഗായു……..
ഹ്മ്മ്മ്മ്….. അവൾ  മെല്ലെ മൂളി……..

അവൻ കുറച്ചുകൂടി അവളിലേക്ക്‌ ചേർന്ന് നിന്നു……..

പുറത്തേ കുഞ്ഞ് ചാറ്റൽ മഴയും ……. അകത്തേക്ക് അരിച്ചു കയറുന്ന കുഞ്ഞ് തണുപ്പും മനസ്സിൽ നിറയുന്ന പ്രണയുവും ഇരുവരെയും വല്ലാത്തൊരു അനുഭൂതിയിൽ എത്തിക്കുന്നുണ്ട്……..

ജീവിതത്തിലെ അത്രമേൽ സുന്ദരമായ നിമിഷങ്ങൾ…….. ഇരുവരും കൈകൾ കോർത്ത്‌ പിടിച്ചു. മെല്ലേ  പതിഞ്ഞ ചിരി ഇരുവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചു കൊണ്ടിരുന്നു.

ഇനിയുള്ള ജീവിതം ഒരു മനസ്സോടെ ഒരു ശരീരത്തോടെ ഒന്നുപോൽ ജീവിക്കാനെന്ന വണ്ണം ആ കൈകളുടെ മുറുക്കം അത്രമേൽ മുറുകി…….