ഞാൻ തെറ്റൊന്നും ചെയ്തില്ലമ്മേ അമ്മയെങ്കിലും ഒന്ന് വിശ്വസിക്ക്, അവൾ പറഞ്ഞു മുഴുമിക്കും മുൻപേ അകത്തേക്ക് പോയ അയാൾ..

(രചന: Ammus)

സെൻട്രൽ ജയിലിന്റെ കുഞ്ഞു വാതിൽ
പാറാവ് കാരൻ അകത്തുനിന്ന് വലിച്ചു തുറന്നതും ……. ഒരു ഗുഹക്കുള്ളിൽ നിന്ന് ഇറങ്ങി വരും പോലെ അവൾ അകത്തുനിന്നും പുറത്തേക്ക്  ഇറങ്ങിവന്നു.

വെളുത്തു മെലിഞ്ഞ് ഒരു ഇരുപത്തിമൂന്ന് ഇരുപത്തി നാല് വയസ്സ് വരുന്നൊരു പെൺകുട്ടി.
നിറം മങ്ങിയൊരു കോട്ടൻ സാരിയാണ് അവളുടെ വേഷം. ഇടുപ്പ് വരെ നീണ്ടു സമൃദ്ധമായ മുടി ഒരു ഹെയർ ബാൻഡ് ഇട്ട് അലസമായ് പുറകിൽ കെട്ടിയിട്ടുണ്ട്.

പുറത്തേക്ക് ഇറങ്ങിയതും അവൾ ചുറ്റും വീക്ഷിച്ചു…… തന്നെ കൊണ്ട് പോകാൻ ആരും വന്നില്ലേ…. അവൾ സ്വയം മനസ്സിൽ ചോദിച്ചു….
അച്ഛൻ വരുമെന്ന് അറിയാതെയെങ്കിലും ഒന്ന് പ്രധീക്ഷിച്ചിരുന്നു .

ശ്വാസം ഒന്ന് ഉള്ളിലേക്ക് എടുത്ത് ഒരു നീണ്ട നെടുവീർപ്പാലെ അവൾ ഒന്ന് പിൻതിരിഞ്ഞു
നോക്കി . ശേഷം തന്റെ മറ്റൊരു ജോഡി തുണി അടങ്ങുന്ന പ്ലാസ്റ്റിക് കവർ ചുരുട്ടി പിടിച്ച് തന്റെ വീട്ടിലേക്ക് പോകാൻ ഒരു കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിലേക്ക് അവൾ പതിയെ നടന്നു.

ഇതേ സമയം  മറ്റൊരു സ്ഥലത്ത് അവനും ജയിൽ മോചിതനായിരുന്നു. അവളെ പ്പോലെതന്നെ അവനേയും കൂട്ടിക്കൊണ്ട് പോകാൻ ആരും  എത്തിയിരുന്നില്ല. സ്വന്തം വീട്ടുകാരെ കാണാനുള്ള കൊതിയോടെ അവനും വീട്ടിലേക്ക് നടന്നു.

വീടിന്റെ  മുൻവശത്തേ ഗേറ്റിന് അരികിൽ എത്തിയതും അവളൊന്ന് നിന്നു.
നീണ്ട അഞ്ചു വർഷങ്ങൾ…………
നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ്
താൻ ഇന്ന് ഈ വീടിന്റ മുൻപിൽ നിൽക്കുന്നത്.

സങ്കടംകൊണ്ടും സന്തോഷം കൊണ്ടും അവളുടെ ഹൃദയം നിറഞ്ഞൊഴുകി. അവൾ സാരിയുടെ മുന്താണിയാൽ കണ്ണുകൾ തുടച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ഇരുനിലയുള്ള മനോഹരമായ ഒരു വീട്
വീടിന്റ മുൻവശത്തായ് മനോഹരമായ ഒരു പൂന്തോട്ടം…….

താൻ പോയതിനു ശേഷം ഒത്തിരി പുതിയ ചെടികൾ ഇവിടെ സ്ഥാനം പിടിച്ചു എന്നവൾക്ക് മനസ്സിലായി.

അവൾ മുന്നോട്ട് നടന്നു……

അപ്പോഴേക്കും വീടിനുള്ളിൽ നിന്നും ആരോ പുറത്തേക്ക് വന്നു. മുറ്റത്തു നിന്ന്  സിറ്റ് ഔട്ട്‌ലേക്ക് കയറാൻ വന്നവളെ  അവൾ ആശ്ചര്യത്തോടെ നോക്കിപ്പോയി.

ഗാ…. ഗായത്രി ചേച്ചി……

അവൾ വിക്കി വിക്കി  അവളുടെ പേര് വിളിച്ചു.

ചാരു….. മോളെ……..

അവൾ സന്തോഷത്തോടെ പടികൾ കയറി അവളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും…..

നിൽക്കെടി അവിടെ!!!!!

എന്ന അലർച്ച അവളെ അവിടെ പിടിച്ചു നിർത്തി.

ഞെട്ടലോടെ അവൾ  മുഖമുയർത്തി നോക്കി……..

അച്ഛൻ!!!!!!!

അച്ഛനോ….. ആരുടെ അച്ഛൻ……

പട്ടാപ്പകൽ  ഒരുത്തനെ വീട്ടിൽ വിളിച്ചു കയറ്റി.
അവനെ വെട്ടിക്കൊന്ന്  കുടുംബത്തിനു മുഴുവൻ നാണക്കേട് ഉണ്ടാക്കിയ നീ എന്ത് ധൈര്യത്തിലാടി ഇവിടെ കേറി വന്നത്.

ഇവിടെ നിന്റ ആരാ ഉള്ളത്……

അച്ഛാ….. ഞാൻ പറയുന്നത്……

ഒരു അവസരമെങ്കിലും തന്നൂടെ… ഞാൻ പറയുന്നത് കേൾക്കാൻ……

ഇനി നീ എന്ത് പറയാനാ…. നാലഞ്ചു വർഷം
ജയിലിൽ കിടന്നപ്പോ  പറയാൻ പറ്റാത്തതാ ഇനി പറയാൻ പോകുന്നത്…..

അച്ഛാ…. പ്ലീസ്!!

നീ ഇനി എന്നെ അങ്ങനെ വിളിക്കണമെന്നില്ല .
നിന്റെ പേരിൽ അത്രയ്ക്ക് ഞങ്ങൾ നാണക്കേട്‌ അനുഭവിച്ചു കഴിഞ്ഞു .

എനിക്കിനി ഒരു മോളെ ഉള്ളൂ……
ചാരു കൃഷ്ണകുമാർ എന്ന ഒരേ ഒരു മകൾ.

അല്ലെങ്കിൽ പോലും നിനക്ക് ഞാൻ എപ്പോഴും രണ്ടാനച്ചൻ തന്നെയാണ്. നിന്നെ സ്വന്തം എന്ന്‌ അംഗീകരിക്കാൻ ഇനി ഒരിക്കലും ഞാൻ തയ്യാറാവുകയും ഇല്ല. പിന്നെ നിന്റെ അമ്മ ….
അവൾ എന്റെ വാക്ക് ധിക്കരിച്ച്  ഒരക്ഷരം മിണ്ടി നോക്കട്ടെ ….

അപ്പോഴേക്കും അടുക്കളയിൽ ജോലിയിലായിരുന്ന അമ്മയെ ചാരു പോയി വിളിച്ചിരുന്നു.

ഭർത്താവിന്റെ അലറിയുള്ള സംസാരം കേട്ട് ആധിയോടെയാണ് അവർ മുൻവശത്തേക്ക് വന്നത്….

ഉമ്മറപ്പടിയിൽ ഒരു അഭയാർത്ഥിയേ പോലെ നിൽക്കുന്ന തന്റെ മകളെ കണ്ടതും ആ അമ്മയുടെ നെഞ്ച്പൊടിഞ്ഞു……

മോളെ…… ഗായത്രി…….

അമ്മേ…..

അവരെ കണ്ടതും അവൾ  വിതുമ്പി കരഞ്ഞു പോയി…….

അപ്പോഴേക്കും അയാൾ നന്ദിനിയേ ഒന്ന് ദേഷ്യത്തോടെ  നോക്കിയിട്ട് അകത്തേക്ക് കയറി പ്പോയി……

അവർ അവൾക്കടുത്തേക്ക് ചെന്നു……
അമ്മേ…….. എത്ര നാളായി അമ്മേ കണ്ടിട്ട്……

അവൾ അവരെ കെട്ടിപ്പിടിച്ചു.
എന്നെ കാണാൻ ഒന്ന് വരായിരുന്നില്ലേ അമ്മേ…..

ആഗ്രഹിച്ചതാ മോളെ….
പക്ഷെ അദ്ദേഹം സമ്മതിച്ചില്ല.

ഞാൻ തെറ്റൊന്നും ചെയ്തില്ലമ്മേ…. അമ്മയെങ്കിലും ഒന്ന് വിശ്വസിക്ക്…… അവൾ പറഞ്ഞു മുഴുമിക്കും മുൻപേ അകത്തേക്ക് പോയ അയാൾ ഒരു ബാഗ് എടുത്തുകൊണ്ട് വന്ന് മുറ്റത്തേക്ക് എറിഞ്ഞു.

ഇവിടെ ഉണ്ടായിരുന്ന നിന്റെ സാധനങ്ങൾ എല്ലാം ഉണ്ട് ഇതിൽ ഇവിടെ കടിച്ചു തൂങ്ങാതെ ഇപ്പോ ഇറങ്ങിക്കോളണം.

പെട്ടന്ന് അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്നു.

നിങ്ങൾ എന്തായീ കാണിക്കുന്നത് നമ്മുടെ മോള് അല്ലെ അവൾ…..

നമ്മുടെ അല്ല നിന്റെ നിന്റെ മാത്രം.

എനിക്ക് ഒരേ ഒരു മകളെ ഉള്ളൂ എന്റെ
ചാരു.

അവളെ പഠിപ്പിച്ച് കല്യാണം കഴിച്ച് അയക്കണം എനിക്ക്. ഇതിനെ പോലെ ഒരു വിഴിപ്പ് ഈ വീട്ടിൽ നിന്നാൽ ശെരിയാകില്ല .ഇവിടം മുടിയും .

അയാൾ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും ചാരു കൈയിൽ ഒരു പൊതിയുമായി പുറത്തേക്കു വന്നു  അതിൽ അഞ്ഞൂറിന്റ ഒരു കെട്ട് ആയിരുന്നു. അവൾ അത് അയാൾക്ക്‌ നൽകി.
ഇന്നാ ഇത് കൂടി കൊണ്ട് പൊക്കോ വല്ല ഹോസ്റ്റലിലോ വാടകയ്‌ക്കോ പോയി താമസിക്ക്.
അയാൾ ആ പണം അവളുടെ മുന്നിലേക്ക് ഇട്ടതും.

നന്ദിനി അയാളുടെ അരികിലേക്ക് വന്നു.
നിങ്ങൾ എന്താ ഈ കാണിക്കുന്നത്.

അവൾ…… അവളൊരു പെണ്ണ് അല്ലെ….
ആ മനുഷ്യത്വമെങ്കിലും കാണിക്ക്.

ഓഹ് മനുഷ്യത്വം……അത് കൂടി പോയത് കൊണ്ട് ആണല്ലോ നിന്റെ മോൾ ഒരുത്തനെ കുത്തിമലർത്തിയത്. അവർ കണ്ണുനീർ തുടച്ച് അയാളെ നോക്കി.

നിനക്ക് ഇവളുടെ കൂടെ പോകണമെങ്കിൽ പോകാം. പിന്നെ ഈ പടി നീ ചവിട്ടില്ല.എന്നെയും എന്റെ മോളെയും കാണുകയുമില്ല.

പിന്നെ പോകുന്നതിനു മുൻപ് അകത്ത് മരണം കാത്തു കിടക്കുന്ന നിന്റെ തള്ളയെ കൂടി കെട്ടിച്ചുമന്ന് നിന്റ തോളത്ത് വച്ചുതരും ഞാൻ.

ആലോചിക്ക് …… എന്തെ…. പോണോ നിനക്ക്….

അയാൾ ചോദിച്ചു… അവർ തലതാഴ്ത്തി.

വേണ്ട ഞാൻ കാരണം എന്റെ അമ്മയെ കൂടി ഇറക്കി വിടണ്ട…..

ഞാൻ പൊയ്ക്കോളാം…. എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.

മോളെ ഗായു….. വേണ്ടമ്മേ…. ഞാൻ പോകുവാ….
ഞാൻ നിന്നാൽ ഈ കുടുംബത്തിന് ഒരു സന്തോഷവും ഉണ്ടാകില്ല.

പിന്നെ…..

ഇവൾക്കൊരു നല്ല ജീവിതം കിട്ടുകയുമില്ല.
അവൾ കുറച്ചു മാറി നിന്ന് എല്ലാം കണ്ടുകൊണ്ടിരുന്ന ചാരുവിനെ നോക്കി പറഞ്ഞു.
ചാരുവിന്റെ ചുണ്ടുകളിൽ പുച്ഛമായിരുന്നു.
അത് അവൾക്ക് പകൽപോലെ വ്യക്തമായിരുന്നു. തന്റെ കാൽച്ചുവട്ടിൽ കിടന്ന പണവും
പുറത്തെ പൂഴിമണ്ണിൽ  കിടന്ന ബാഗും കൈയ്യിൽ ഉണ്ടായിരുന്ന കവറുമെടുത്ത് മുറുക്കേ പിടിച്ച് അവൾ മുന്നോട്ട് നടന്നു…….

പക്ഷേ മുന്നിൽ അവൾക്കൊരു  ശൂന്യതയായിരുന്നു….. എവിടെപോകും എങ്ങോട്ട് പോകും…????

ഒന്നും അറിയില്ല…..

ഇതേ സമയം തന്റെ വീടിന്റ മുന്നിലായി എത്തിയ അവനും അവസ്ഥ ഇതുതന്നെ യായിരുന്നു.
നിനക്ക് താഴെ ഒരു അനിയനും ഒരു പെങ്ങളും
ഉണ്ടെന്ന് അറിയോ നിനക്ക്…..

ഒരു ചേട്ടൻ വന്നിരിക്കുന്നു ……

കൂലിതല്ലും കൊട്ടേഷനുമായി നടക്കുന്ന ഒരുത്തനല്ലേ നിങ്ങളുടെ ചേട്ടനെന്ന്  അവരോട് ഓരോരുത്തർ ചോദിച്ചു നാണം കെടുത്തുവാ.
ഇപ്പോ എല്ലാത്തിനും ഉപരിയായി കൊലക്കേസിലെ പ്രതിയും. മതിയല്ലോ …

അച്ഛാ….. അമ്മേ….. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്. ഞാൻ ആരെയും കൊന്നിട്ടില്ല.
അത്രയ്ക്ക് ക്രൂരൻ ഒന്നുമല്ല ഞാൻ……
ഓഹ് എന്നിട്ടായിരിക്കും തെളിവുകൾ എല്ലാം
എതിരായി ജയിലിൽ കിടന്നത്.

നിന്നോട് അപേക്ഷയോടെ പറയുകയാ
ഇനിയും ഞങ്ങൾക്ക് അനുഭവിക്കാൻ വയ്യ.

അതുകൊണ്ട് ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങണം .

ഈ അപേക്ഷ മറ്റൊന്നും കൊണ്ട് അല്ല .

നിന്നെ പൊതിഞ്ഞു പിടിക്കാൻ നോക്കുമ്പോൾ  എന്റെ ബാക്കി രണ്ട് മക്കളുടെ ഭാവി തുലാസിൽ വയ്ക്കുന്നതു പോലെയാണ്.

അത് കൊണ്ട് ദയവ്ചെയ്ത്…..

അയാൾ അവനു നേരെ കൈകൂപ്പി…..
അവന്റ അമ്മ…… ഒന്നും പറയാനാകാതെ വിങ്ങിപ്പൊട്ടി

വേണ്ടാ……. സൂര്യൻ …..ഇറങ്ങുവാ…….

ആരും എന്നെ ഓർത്ത്‌ വിഷമിക്കണ്ട…….
ആർക്കും എന്നെ ക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല .അവൻ ഉമ്മറപ്പടിയിലേക്ക് ഇറങ്ങി മുന്നിലേക്ക്‌ നടന്നു…. പെട്ടന്ന് ഒന്ന് നിന്ന് തിരിഞ്ഞുനോക്കി

എന്നാലും അച്ഛാ……. തിരുത്താൻ ഒരു അവസരം താരമായിരുന്നു….. എനിക്ക്…. നിറഞ്ഞ കണ്ണുകൾ ഷോൾഡർ കൊണ്ട് തുടച്ച് അവൻ തിരിഞ്ഞ് നോക്കാതെ നടന്നു.കർക്കശമായ അയാളുടെ മുഖം ഒന്ന് അയഞ്ഞു….. ശേഷം  മകനെ തന്നെ നോക്കി നിന്നു…..

അവൾ റെയിൽവേ സ്റ്റേഷന്റെ ഇരുമ്പ് കസേരയിൽ ചാരിയിരുന്ന്…… എന്തോ ആലോചനയിലാണ്…….. ഇനി എന്ത് എന്നുള്ള ചോദ്യം മാത്രമാണ് അവൾക്കുള്ളിൽ……… ഹൃദയം പൊടിയുന്ന വേദനയാണ് ഉള്ളിൽ……
എല്ലാവരാലും ഉപേക്ഷിക്കപെട്ട് ഒറ്റപ്പെട്ട് ഒരു ലോകത്ത്…….

കണ്ണുനീർ വറ്റിവരണ്ട കണ്ണുകളെ അവൾ
മെല്ലെ ഒന്ന് ചിമ്മി. പീലികൾ നിറഞ്ഞ ആ കണ്ണുകൾ  എന്തോ ഒന്ന് പരസ്പരം പറഞ്ഞു……

ഇനി അടുത്ത ട്രെയിൻ എത്താൻ നാല് മണിക്കൂർ എടുക്കുമെന്ന് പറയുന്നത് കേട്ടു…… എവിടേക്ക് പോകണമെന്ന് അറിയില്ല.
ചിന്തകൾ വല്ലാത്ത കുത്തൊഴുക്കിലേക്ക് തന്നെ തള്ളിവിടുന്നത് പോലെ ….. അപ്പോഴാണ് തന്റെ അടുത്തായി ആരോ വന്ന് ഇരിക്കുന്നത് പോലെ അവൾക്കുതോന്നിയത്.

അവൾ തല ചരിച്ച് ഒന്ന് നോക്കി. ഒരു ചെറുപ്പക്കാരൻ….. തന്നെ പോലെ എവിടെയോ പോകാൻ ഇരിക്കുകയാണ്.
കൈയിൽ ഒരു ബാഗും ഉണ്ട്….. ദൂരേക്ക് നോക്കിയിരുന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഈ ലോകത്തൊന്നുമല്ല….. മനസ്സ് മറ്റെവിടയോ ആണ്.

ആ കണ്ണുകളും നിർവികാരമാണ്…
പ്രിയപ്പെട്ട ആരെയോ ഓർത്ത്‌ ഒന്ന് രണ്ട് തവണ അത് കരഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി.

തന്നെ ആരോ ഉറ്റുനോക്കുന്നെന്ന് മനസ്സിലായതും അവൻ ഒന്ന്  ചരിഞ്ഞു നോക്കി.

ഒരു പെൺകുട്ടിയാണ്……
അവൻ ഒന്ന് പുഞ്ചിരിച്ചു……
എന്തുകൊണ്ടോ…. ഉള്ളിലെ സങ്കടങ്ങൾ മറന്ന്
അവളും അവനെ നോക്കി ഒരു നിമിഷം പുഞ്ചിരിച്ചു……

അവന് അവളെ എവിടെയോ കണ്ടൊരു ഓർമ്മപോലെ തോന്നി
അവൻ നിമിഷനേരം
അവളുടെ മുഖത്തേക്കു നോക്കിയിരുന്നു

തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…..
അവൻ സംശയത്തോടെ ചോദിച്ചു.

എന്നെയോ…..

അതേ…..

ഈ അടുത്തൊന്നും അല്ല…..
മുന്നേ എപ്പോഴോ…..

ഈ അടുത്തൊന്നും എന്നെ കാണാൻ വഴിയില്ല.
അവൾ മെല്ലെ പറഞ്ഞു .

നിങ്ങളെയും ഞാൻ എവിടെയോ വച്ച് കണ്ട് മറന്നപോലെ….
ഇപ്പോഴൊന്നും അല്ല.

അവൻ മെല്ലെ പുഞ്ചിരിച്ചു…
ഈ അടുത്തൊന്നും എന്നെ കാണാൻ ഒരു സാധ്യതയുമില്ല.

അല്ലാ…… തന്റെ പേര് എന്താ ….

“”ഗായത്രി “”

അവൾ നേർമയിൽ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു .

തന്റെ പേരോ??

“”””സൂര്യൻ”””'”

അവൻ മെല്ലെ പുഞ്ചിരിച്ചു.

ഗായത്രി എവിടെപോകുവാ?

അത്…….. ഞാൻ….. അവൾ മെല്ലെ ഒന്ന് വിക്കി…..

ഞാൻ ….ഞാൻ കുറച്ചു ദൂരേക്കാ….

ആ ദൂര ദേശത്തിന് പേരില്ലേ…..
അവൻ വീണ്ടും ചോദിച്ചു….
അവൾ ഒരു വിളറിയ ചിരി ചിരിച്ചു.

പിന്നീട് അവൻ ചോദിച്ചതുമില്ല.

കുറച്ചു നേരം അങ്ങ് എവിടെയോ മറയുന്ന വിജനമായ ട്രെയിൻ പാളത്തെ നോക്കിയിരുന്നു അവർ……

കുറച്ചു നേരത്തേക്ക് മനസ്സിൽ നിന്നും മാറി നിന്ന  ചിന്തകൾ വീണ്ടും മനസ്സിലേക്ക് ചേക്കേറിയത് കൊണ്ടാകാം….

അല്ല സൂര്യൻ എവിടേക്കാ….
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ചോദിച്ചു.

ഞാനും…. താൻ പറഞ്ഞതു പോലെ……
കുറച്ച് ദൂരേക്കാ…..

ദൂരേ എന്ന് പറഞ്ഞാൽ……

ദൂരേക്ക് ……

അവൻ പറഞ്ഞു….. ഞാൻ സ്ഥലം പറയാത്തത് കൊണ്ടാണോ….
ഞാൻ പറഞ്ഞത് പോലെ എന്നോടും പറയുന്നേ….

അവൾ തിരക്കി…..

അല്ല ഡോ…….
അവൻ മെല്ലേ ചിരിച്ചു ….

താൻ എന്ത് ചെയ്യുന്നു…..

അവൻ അവളുടെ മുഖത്തേക്ക്
നോക്കി….. അല്ലാ…. ജോലി….

ജോലി ഒന്നും ഇല്ല…..
കുറച്ച് മുന്നേ ജയിലിൽ നിന്ന് ഇറങ്ങിയതേ ഉള്ളൂ.

അവൻ നിസാരമായി പറഞ്ഞു.

അത് കേട്ടിട്ടും അവളുടെ മുഖത്ത് ഭാവഭേദങ്ങൾ ഒന്നും ഉണ്ടാകത്തത് കണ്ട് അവൻ വീണ്ടും പറഞ്ഞു.

കാര്യമായി പറഞ്ഞതാടോ….
എന്ന് ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയതേ ഉള്ളൂ .ഇത്രയും നാൾ ഒരു കൊലക്കേസിൽ
പ്രതിയായി അകത്തായിരുന്നു.

ആ നിമിഷം അവളുടെ കണ്ണുകൾ അറിയാതെ അവന്റ മുഖത്ത് തന്നെ തങ്ങി നിന്നു.

താൻ ഒരു കൊലയാളി ആണെന്ന് അറിയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് ഉടലെടുക്കുന്ന ഭാവമാണ് അവൾക്കുമെന്നു തോന്നിയപ്പോൾ അവൻ ചുണ്ടിന്റെ കോണുയർത്തി  സ്വയം ഒന്ന് പുച്ഛിച്ചു.

തന്നെപോലെ ഞാനും ഇന്ന് റിലീസ് ആയതേ ഉള്ളൂ.

അവൻ അവളിൽ നിന്ന് മുഖം തിരിക്കാൻ   തുടങ്ങിയതും അവൾ പറഞ്ഞു .

അവൻ നെറ്റി ചുളിച്ച് അവളെ നോക്കി.

ഒരു കൊലക്കേസിൽ പ്രതിയായി അഞ്ചു വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു ഞാനും
ഇന്നാ റിലീസ് ആയത്.

അവൾ പറഞ്ഞത് കേട്ട് ആശ്ചര്യ ത്തോടെ അവൻ അവളെ നോക്കി.

പരസ്പരം കള്ളം പറഞ്ഞതാണെന്ന്  ഇരുവർക്കും തോന്നിയില്ല .

ശിക്ഷ കഴിഞ്ഞ് ഇന്ന് വീട്ടിൽ ചെന്നു കയറിയതും  എന്നെ ഇറക്കിവിട്ടു. ഞാൻ അവിടെ നിന്നാൽ എന്റെ അനിയത്തിയുടെ ജീവിതം കൂടി തുലാസിൽ ആകുമത്രേ…… അവളൊരു പുച്ഛച്ചിരിയോടെ പറഞ്ഞു.

അവിടന്ന് ഒരു ലക്ഷ്യമില്ലാതെ ഇറങ്ങി തിരിച്ചതാണ്  വന്നെത്തിയത് ഇവിടെയും.
അവൾ ഒരു നിശ്വാസത്താലേ പറഞ്ഞു നിർത്തി .

നമ്മൾ ഒരേ തോണിയിലെ യാത്രക്കാരാണല്ലോ ഡോ….. അവൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

വീട്ടുകാരെ കാണാനുള്ള കൊതിയോടെ ഇന്ന് വീട്ടിലേക്കു ചെന്നു കയറിയതാ ഞാനും …..
പക്ഷേ സഹോദരങ്ങളുടെ ഭാവിക്കുവേണ്ടി എനിക്കും ഇറങ്ങിക്കൊടുക്കേണ്ടി വന്നു.

അത്രയും പറഞ്ഞു കഴിഞ്ഞതും  ഇരുവർക്കുമിടയിൽ ഒരു മൗനം വന്നു നിറഞ്ഞു .

നിമി നേരം കഴിഞ്ഞതും അവൻ എന്തോ ഓർത്തെടുത്തപ്പോലെ അവളുടെ മുഖത്തേക്ക് നോക്കി .

ഇപ്പോൾ ഓർക്കുന്നു….. ഗായത്രിയേ ഞാൻ കണ്ടത്  കോടതി വരാന്തയിൽ വച്ചായിരുന്നു.

ഓർക്കുന്നോ….

അവൻ ചോദിച്ചു.

കൈയിൽ വിലങ്ങുമായി മുടി അഴിച്ചിട്ട്
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി…..
കോടതി വരാന്ത ഇറങ്ങുന്ന ഒരു പെൺകുട്ടി.

അഞ്ചു വർഷത്തേ ധൈർഗ്യമുണ്ട് ആ കാഴ്ച്ചക്ക്.
അവൻ പറഞ്ഞു.

അവൾ ആണെന്ന് തലയാട്ടി.

ഇപ്പോ ഓർക്കുന്നു ……
അന്ന് തന്നെയാണ് ഞാൻ സൂര്യ നേയും കണ്ടത്…..

കൈയിൽ വിലങ്ങും അണിഞ്ഞ്  മുഖത്ത് നിറയെ ആരോടോ ഉള്ള പകയും ദേഷ്യവും നിറച്ച് കോടതിക്ക് ഉള്ളിലേക്ക് കേറി പോകുന്ന ഒരു ചെറുപ്പക്കാരൻ……

അന്ന് നമ്മൾ കൂട്ടി മുട്ടിയിരുന്നു…..
വെറുതെ …..പരസ്പരമൊന്നു നോക്കിയിരുന്നു .
അതാകാം കൂടുതൽ ഓർത്തിരിക്കാൻ കാരണം.

അന്നത്തെ ഓർമ്മയിൽ ഇരുവരും മെല്ലെ ചിരിച്ചു.

അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു……
കുറച്ച് മുൻപ് വരെ യാത്രക്കാർ കുറവായിരുന്ന സ്റ്റേഷനിൽ പെട്ടന്ന് തിരക്കേറി. പതിനഞ്ചു മിനിറ്റോളം ട്രെയിൽ അവിടെ നിർത്തിയിരുന്നു

ഇരുവരും ട്രെയിനിന് ഉള്ളിലേക്ക് കയറി.
അടുത്തടുത്ത് തന്നെ ഇരിക്കുവാൻ സ്ഥലവും കിട്ടി.

പതിയെ പതിയെ  എന്തെല്ലാമോ പറഞ്ഞു തുടങ്ങി അവർ……

സംസാരിക്കാനും കേട്ടിരിക്കാനും ഇരുവർക്കും വല്ലാത്തൊരു ഉത്സാഹം ……. ഇതിനിടയിൽ മനസിലേക്ക് പാഞ്ഞ് എത്തുന്ന സങ്കടങ്ങൾ……. സംഘർഷങ്ങൾ
സംസാരങ്ങൾക്ക് ഇടയിൽ എവിടെയോ മാറി പോകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു.

ഇരുന്നിരുന്ന്  മടുത്തപ്പോൾ ……
ഇരുവരും ട്രെയിനിന്റെ വാതിലിനടുത്തായി വന്നു നിന്നു.

ഇരുവരും ഇരു കമ്പികളിലായി പിടിച്ച് പുറത്തേക്കുനോക്കി നിന്നു.

ഇരുൾ വീഴുന്ന വഴികളെ കീറി മുറിച്ച് ട്രയിൻ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ട് …….

“””””താൻ ആരെയാ കൊന്നത്””'”

പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളെ നോക്കി നിന്ന അവനോട് ആയി അവൾ ചോദിച്ചു .

ഞാൻ ആരെയും കൊന്നിട്ടില്ല.
ചോദ്യത്തിന് പിന്നാലെ മറുപടിയും എത്തി

പിന്നെ ……..

അവൾ അവന്റെ മുഖത്തേക്ക് തന്നെ ചോദ്യ രൂപേണ നോക്കി .

ഞാനും എന്റെ കൂട്ടുകാരും കുറച്ച് പാർട്ടി പ്രവർത്തനവും  സമരവും കൊടിപിടിക്കലും ഒക്കെ ആയി നടന്നവർ ആയിരുന്നു .
ചോര തിളപ്പ് വല്ലാതെ കൂടി നിന്ന സമയം .

അങ്ങനെ ഇരിക്കെയാണ്  എതിർ പാർട്ടിയിലേ ഒരുത്തനു മായി ചെറിയ അടി പിടി ഉണ്ടാകുന്നത് .

അവനെ ഒന്ന് തല്ലി ഒതുക്കണം പേടിക്കുന്ന പോലെ ഒന്ന് വിരട്ടണം അല്ലെങ്കിൽ ഇതുപോലുള്ള അടിപിടികളും വഴക്കുകളും വീണ്ടും ഉണ്ടാകും എന്നായിരുന്നു  ഞങ്ങൾക്ക് മുകളിൽ ഉള്ള നേതാക്കൻ മാർ ഞങ്ങൾക്ക് തന്ന നിർദ്ദേശം .

അങ്ങനെ പാർട്ടിക്ക് വേണ്ടി ഞങ്ങൾ മൂന്ന് നാലു പേർ ഒരുമിച്ച് ഇറങ്ങി . മറ്റവനെ കൈയിൽ കിട്ടിയതും നല്ല പോലെ വിരട്ടി രണ്ട് അടിയും കൊടുത്തു . തിരികെ പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു…….

ഞങ്ങൾക്ക് ഇടയിലേക്ക് കേറി വന്ന് ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ അവന്റെ പാർട്ടിക്കാർ അവനെ വെട്ടി വീഴ്ത്തിയത് .

ഞങ്ങൾ മുന്നിൽ കണ്ട കാഴ്ചയുടെ പകപ്പ് മാറാതെ നിന്നു പോയി ……

എല്ലാവരും നാലുപാടും ഓടി രക്ഷപ്പെട്ടു .

ഞാൻ വെട്ടേറ്റു കിടന്നവന്റെ അടുത്തേക്ക് ഓടി .
രക്ഷിക്കാനുള്ള ഒരു ശ്രമം .

പിന്നീട് അത് എനിക്ക് തന്നെ കുരുക്ക് തീർത്തു .

കൊന്നവർ തെളിവുകൾ എനിക്ക് എതിരക്കി എന്നെ കാണിച്ചു കൊടുത്തു. അതോടെ  ഞാൻ ജയിലിലുമായി. എനിക്ക് വേണ്ടി വാദിക്കാനോ വക്കാലത്ത് പറയുവാനോ ആരും ഉണ്ടായിരുന്നില്ല. ഞാൻ തോളിലേറ്റി നടന്ന എന്റെ പാർട്ടി പോലും .

അച്ഛൻ എന്നെ രക്ഷിക്കാൻ ശ്രമിച്ചിരിക്കണം.
അവസാനം കേസ് തോൽക്കുമെന്ന് ആയപ്പോൾ പ്രധീക്ഷനഷ്ടപെട്ട് പിന്മാറിയിരിക്കാം. അവൻ ഒരു നെടുവീർപ്പാലെ പറഞ്ഞ്  മുന്നിൽ ഓടി മറയുന്ന കാഴ്ചകളിലേക്കു നോക്കിനിന്നു.

കുറച്ച് നേരം അവർ പരസ്പരം ഒന്നും മിണ്ടിയില്ല . തിരിച്ചു തങ്ങളുടെ സീറ്റിലേക്ക് തന്നെ ഇരുവരും വന്നിരുന്നു .

ഇരുട്ട് മാത്രം വീണ വഴികളിൽ എവിടെയൊക്കെയോ തിളങ്ങുന്ന കുഞ്ഞ് പ്രകാശങ്ങൾ ട്രെയിനിന്റെ വേഗതയിൽ പിന്നിലേക്ക് മറഞ്ഞു കൊണ്ടിരുന്നു . അല്ലാ താൻ ആരെയാ കൊന്നത് ……
പുറത്തേ കാഴ്ചകളിൽ മുഴുകി ഇരുന്ന അവളോടായി അവൻ ചോദിച്ചു .

എന്റെ അനിയത്തിയുടെ കാമുകനെ.
അവൾ നിസാരമായി പറഞ്ഞു. അവൻ
അവളെ തെല്ല് അത്ഭുതത്തോടെ  നോക്കിയിരുന്നു. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന കൂട്ടത്തിൽ ഒരാളായിരുന്നു ചാരു. അതുകൊണ്ട് തന്നെ അവളുടെ സുഹൃത്തായ മഹിയുടെ വലയിൽ അവൾ പെട്ടന്ന് അകപ്പെട്ടു.

അവളുടെ ചില ചുറ്റിക്കളികൾ എനിക്ക് അറിയാമെങ്കിലും
ഒരു ചേച്ചിയുടെ അധികാര പരിധിവച്ച് അവളെ ഞാൻ  പലപ്പോഴും തിരുത്താറുണ്ട്.

പക്ഷെ ഞാൻ കാണിക്കുന്ന കരുതലും സ്നേഹവും പലപ്പോഴും അവൾക്ക് ഇഷ്ടപ്പെടാറില്ല. ഞാൻ അവളുടെ സ്വന്തം ചേച്ചി അല്ലല്ലോ . അമ്മയുടെ ആദ്യ വിവാഹത്തിൽ ജനിച്ചവൾ .
അതിന്റെ ഇഷ്ടക്കേട്‌ നല്ലത്പോലെ അവൾക്ക് എന്നോട് ഉണ്ടായിരുന്നു .

ഒരിക്കൽ അച്ഛനും അമ്മയും  ഇല്ലാത്ത ദിവസം അവൾ മഹിയെ വീട്ടിലേക്കു വിളിച്ചു.
മഹി അവന്റ സുഹൃത്ത്നേയും കൂട്ടിയാണ് വീട്ടിലേക്കു വന്നത്.

ഞങ്ങൾ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ . ഈ സമയത്ത്  അവനെ വീട്ടിലേക്ക് വിളിച്ചതിനെ ചൊല്ലി ഞാൻ  അവളോട്‌ ചൂടായി  സംസാരിച്ചു .

പക്ഷേ അവൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല .

എന്തെങ്കിലും കാണിക്കട്ടെ എന്ന് കരുതി പിന്നീട് ഞാനും ഒന്നും സംസാരിച്ചില്ല .
അമ്മ വരുമ്പോ ഈ കാര്യം സൂചിപ്പിക്കണം
എന്ന് തന്നെ ഞാൻ ഉറപ്പിച്ചു .

അവർ ഹാളിൽ ഇരുന്നു സംസാരിക്കുന്നതു കണ്ട് കൊണ്ട് ആണ് ഞാൻ എന്റെ മുറിയുലേക്കു പോയത്.

എന്നാൽ ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ
ചരുവിന്റെ ഒരു നിലവിളി കേട്ടു.

വന്നു നോക്കിയപ്പോൾ

അവളുടെ  വായ പൊത്തി പിടിച്ച് അടുത്ത് കാണുന്ന മുറിയിലേക്ക് കൊണ്ട് പോകാൻ നോക്കുന്ന മഹിയേയും കൂട്ടുകാരനെയും ആണ് കണ്ടത്.

ഞാൻ തറഞ്ഞു നിന്നു പോയി .

അവളെ വിടാൻ വേണ്ടി ഞാൻ ബഹളം
വച്ചു . അപ്പോൾ തന്നെ മഹിയുടെ കൂടെ വന്നവൻ എന്റെ നേർക്കു തിരിഞ്ഞു .

എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനെ തള്ളി മാറ്റി . ഉപദ്രവിക്കാൻ തുടങ്ങുന്നതിനു മുന്നേ മേശയിൽ  ഇരുന്ന ഒരു ഫ്‌ളവർ വെസ് എടുത്ത് അവന്റെ തലയ്ക്കു ആഞ്ഞ് അടിച്ചു.
പ്രധീക്ഷിക്കാതെ കിട്ടിയത് കൊണ്ട് തന്നെ അവൻ വീണുപോയി .

മഹി ഉടനെ ചാരുവിനെ വിട്ട്  എന്നെ പിടിച്ച് തള്ളി ആ സമയം കൊണ്ട് ചാരു മുറിക്കുള്ളിലേക്ക് കയറി കതക് അടക്കാൻ തിരിഞ്ഞതും മഹി അവളുടെ മുടിയിൽ ചുറ്റി പിടിച്ചു .

അവളെ വലിച്ചിഴച്ച്   ഉള്ളിലേക്ക് പോകാൻ തുനിഞ്ഞതും ഞാൻ  അടുത്തായി കിടന്ന ഒരു കമ്പി കഷ്ണം കൈയിൽ എടുത്തു   ചാരുവിന്റെ കരണത്ത്‌ മാറി മാറി അടിക്കുന്നത് കണ്ടതും
അവന്റെ പിന്നിൽ നിന്നും ഞാൻ കമ്പി കുത്തി ഇറക്കി പെട്ടന്ന് അവൻ ചാരുവിൽ ഉള്ള പിടി അയച്ചു.

നിലത്തു കിടന്ന അവന്റ സുഹൃത്ത് അപ്പോൾ തന്നെ ഇറങ്ങി ഓടിയിരുന്നു . ചെയ്തു കഴിഞ്ഞതിനു ശേഷമാണ് എന്താണ് ചെയ്തതെന്നു ബോധം വന്നത്…… അപ്പോഴൊന്നും അവൻ മരിച്ചിരുന്നില്ല .
ആശുപത്രിയിൽ എത്തിച്ചു ഒരു ദിവസം കഴിഞ്ഞാണ് മരിക്കുന്നത് .

പിന്നീട്  പോലീസും കേസും ഒക്കെ ആയപ്പോ

അച്ഛനും അമ്മയ്ക്കും ചാരുവിന്റ ഈ ചുറ്റിക്കളികൾ അറിയാത്തത് കൊണ്ട്  എല്ലാം
എന്റെ തലയിൽ ആയി.
ചാരു ഒന്നും അറിയാത്തത് പോലെ നിന്നു.ഞാൻ സത്യം ആരോടൊക്കെയോ തുറന്നു പറയാൻ ശ്രമിച്ചിരുന്നു . അതിനിടയിൽ എനിക്ക് ഇങ്ങനൊരു മകൾ  ഇല്ലന്നും കേസ് നടത്താൻ താല്പര്യമില്ലെന്നും അച്ഛൻ പറഞ്ഞതോടെ ഞാൻ ആകെ തളർന്നുപോയി.

എല്ലാവരാലും കൈഒഴിഞ്ഞ്  ഒറ്റപ്പെട്ട് പോയി  പിന്നീട് അഞ്ചു വർഷം എന്റെ ഭാവി നശിപ്പിച്ച അഞ്ചു വർഷം…… അവൾ ആ ഓർമ്മയിൽ  സീറ്റിലേക്ക് ഒന്ന് ചാരിയിരുന്നു . മിഴികൾക്ക് ഉള്ളിൽ ഒരു നീർത്തിളക്കത്തിന്
രൂപം നൽകിയ മനസ്സിനെ അവൾ പിടിച്ചു നിർത്തി .

കുറച്ച് നിമിഷങ്ങൾക്ക് ശേഷം സൂര്യനെ നോക്കിയപ്പോൾ അവൻ മെല്ലേ ഒന്ന് ചിരിച്ചു .

വല്ലാത്തൊരു ആശ്വാസം തോന്നി അവൾക്ക്  ……..

മയങ്ങാൻ എടുത്ത കുറച്ച് സമയം എടുത്താൽ ……ബാക്കി മുഴുവൻ അവർ ജീവിതത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു .

പരസ്പരം സാമ്യമുള്ള രണ്ട് ജീവിതങ്ങൾ ആയതു കൊണ്ട് …….സംസാരിക്കാൻ
ഒരു വേഗതയായിരുന്നു  .

പുലർച്ചേ  ആകാറായപ്പോൾ ട്രയിൻ  പാലക്കാട്‌ സ്റ്റേഷനിൽ എത്തിച്ചേർന്നു .
പരസ്പരം പിരിയാൻ സമയമായപ്പോൾ
വല്ലാത്തൊരു ഭാരം ഇരുവരുടെയും മനസ്സിൽ കയറിക്കൂടി

സൂര്യൻ ഇനി എങ്ങോട്ടാ ……
അവൾ ചോദിച്ചു …….

ഇവിടെ എന്റെ സുഹൃത്ത് ഒരാൾ ഉണ്ട് .
ഞാൻ ആകെ കോൺഡാക്റ്റ് ഉള്ളത് അവനുമായി മാത്രമാണ് .

അവന്റ അടുത്തേക്കാ പോകുന്നത് .

ഗായത്രിയോ …..
അവൻ ചോദിച്ചു ……
ഞാൻ ……ഞാൻ ഇവിടെ  ഏതെങ്കിലും ഹോസ്റ്റലിൽ ….. അവൾ മെല്ലെ വിക്കി .

ഹമ് …… ഹോസ്റ്റൽ കണ്ടുപിടിക്കാൻ ഞാൻ കൂടെ വരണോ . അവൻ ചോദിച്ചു …..
വേണ്ടാ ഡോ ഞാൻ പൊയ്ക്കോളാം .
ഇവിടെ കോളേജിന്റെ അടുത്ത് ഒരു ഹോസ്റ്റൽ ഉണ്ടെന്ന് കേട്ടു .
ഹ്മ്മ് …… ഒറ്റയ്ക്ക് ഗായത്രിക്ക് പേടിയില്ലേ …..
അവന്റെ ആ ചോദ്യത്തിന് അവൾ മെല്ലേ  ചിരിച്ചു .

അഞ്ചു വർഷം കൊണ്ട് ഞാൻ ഒത്തിരി ധൈര്യം സമ്പാദിച്ചു സൂര്യ …..

അവൾ യാത്ര പറഞ്ഞ് മുന്നിലേക്ക് നടന്നു……

ഡോ ഗായത്രി …….പെട്ടന്ന് അവന്റെ പിൻവിളിയിൽ അവളൊന്ന് നിന്നു.

അവൻ അവൾക്ക് അടുത്തേക്ക് വന്നു.
താൻ എന്റെ കൂടെ വരുന്നോ………
അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി….

ഈ ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് ആയി പോകുന്നതിനേക്കാൾ നല്ലത്……

എന്നെ വിശ്വാസമുണ്ടെങ്കിൽ വന്നാൽ മതി കേട്ടോ . എന്റെ വീട്ടിലുമുണ്ട് തന്നെക്കാൾ
പ്രായം കുറഞ്ഞ  ഒരു അനിയത്തിയു അമ്മയും.
കൈതാങ്ങിന് ഒരാൾ ഇല്ലാതെ താൻ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ തനിക്ക് അവരുടെ മുഖമാണെന്ന് എനിക്ക് തോന്നി.

താൻ വരുന്നോ…..
അവൻ അവളുടെ മുഖത്തേക്ക് നോക്കി……..
കുറച്ചു നേരം അവളൊന്ന് ചിന്തിച്ചു…..

ഒരു ദയയുമില്ലാതെ സ്വന്തം വീട്ടുകാർ തള്ളി ക്കളഞ്ഞപ്പോൾ തന്റെ സുരക്ഷ പോലും അവർ ചിന്തിച്ചില്ല.

അവൾക്ക് സ്വയം പുച്ഛം തോന്നി ……
സൂര്യനോട് എന്തോ ഒരു അടുപ്പവും വിശ്വാസവും തോന്നിപ്പോകുന്നു .

ശേഷം അവന്റെ മുഖത്തേക്ക് നോക്കി……

വരുന്നു……
അവൾ മെല്ലെ പറഞ്ഞു…..

വളവും തിരിവും ഇല്ലാതെ നീണ്ടു പോകുന്ന
ടാറിട്ട റോഡിന് ഇരുവശവും ഒരു നിലയും ഇരുനിലകളുമായുള്ള വീടുകൾ ……
വില്ലകൾ പോലെ ……അതിൽ ഒരു കുഞ്ഞ് ഇരുനില വീടിന്റ മുന്നിൽ അവൻ വന്ന് നിന്നു….
ആ വീടിന്റ താഴെ കടയാണ്……
മുകളിൽ മനോഹരമായൊരു വീടും…..

താഴെ നിന്നും സ്റ്റെയർ കയറുന്നതിനു മുൻപ് തന്നെ അവൻ
സ്റ്റെയറിന്  അടുത്ത ചുവരിലായി കണ്ട ബെല്ലിൽ അമർത്തി. ആ ശബ്ദം മുകളിൽ കേട്ടതും
മുകളിലത്തെ നിലയിൽ ഒരു തല പൊങ്ങി വന്നു…….

അളിയാ…. സൂര്യാ….. അവടെ നിന്ന് സമയം കളയാതെ ഇങ്ങോട്ട് കേറി വാടാ……അവൻ  സന്തോഷത്തോടെ നീട്ടി വിളിച്ചുപറഞ്ഞു .

സൂര്യൻ അവളെയും വിളിച്ചു കൊണ്ട് മുകളിലേക്കു കയറി.

മുകളിൽ എത്തിയതും അവൻ ഓടിവന്ന് സൂര്യനെ കെട്ടിപ്പിടിച്ചു.

ഉഫ്ഫ് മതിയെടാ കിച്ചു…..

എത്ര നാള് കൂടിട്ടാടാ  കാണുന്നേ……
കിച്ചു സൂര്യന്റെ  വയറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അവൻ അടുത്ത് നിന്ന ഗായത്രിയേ കാണുന്നത്.

എടാ……
നീ ഒറ്റക്ക്  വരുമെന്ന് അല്ലേ പറഞ്ഞത്……
പിന്നെ ഇത് ആരാ…..

എടാ അത് ….

ഓഹ് മനസ്സിലായി …… മറ്റേ കൊച്ച് ആണോ ടാ ….. നിന്റെ ദേവു…… സൂര്യൻ പറയാൻ വന്നതിനിടയിൽ കയറി അവൻ ചോദിച്ചു ….

എടാ അത് ഒരു സാഹചര്യത്തിൽ…..

ഓഹ് നീ ഒന്നും പറയണ്ട……
നിങ്ങള് ഒളിച്ചോടി വന്നതാണ് ല്ലേ……
കിച്ചു എന്തോ കണ്ടുപിടിച്ചത് പോലെ പറഞ്ഞു.

പോലീസ് എങ്ങാനം വരുവോ ഡേയ് അവൻ സൂര്യനോട് ചോദിച്ചു……

ഓഹ് ഒന്ന് നിർത്തെടാ…… പോലീസ് ഒന്നും വരില്ല. ആദ്യം ഞങ്ങൾ ഒന്ന്  റസ്റ്റ്‌ ചെയ്യട്ടെ…..
നീ ഒന്ന് വഴിമാറിയേ …..അവൻ കിച്ചുവിനെ കടന്ന്  അകത്തേക്ക് കയറി .

പുറകെ പോകാൻ തുടങ്ങിയ ഗായത്രിയെ
കിച്ചു പിന്നിൽ നിന്ന് വിളിച്ചു.

പെങ്ങളെ…….. അവൾ തിരിഞ്ഞു നോക്കി……
പെങ്ങളെ തിരക്കി ആരും വരില്ലല്ലോ ല്ലേ……

അവൾ ഒരു പുഞ്ചിരിയോടെ ഇല്ലന്ന് തല തലയാട്ടി .

ഇനി കോടതി കേറാൻ വയ്യാത്തത് കൊണ്ട് ചോദിച്ചതാ. കിച്ചു മുഖത്ത് നിഷ്കു ഭാവം വരുത്തി.

വേറൊന്നും കൊണ്ടല്ല. സൗദിയിലേക്ക് പോകാൻ വിസ വന്ന് നിൽക്കുവാണേ.
കുറച്ച് ദിവസത്തിനകം പോകുകയും ചെയ്യും.

അവൾ അവനെ നോക്കി മെല്ലേ ഒന്ന് ചിരിച്ചു .
ശേഷം അകത്തേക്ക് കയറി .
സൂര്യൻ സെറ്റിയിലേക്ക് വന്ന് ചാരി  ഇരിക്കുകയായിരുന്നു  .

കിച്ചു അവന്റെ അടുത്തേക്ക് വന്നിരുന്നു .

എടാ ഒരാഴ്ച കഴിഞ്ഞാൽ ഞാൻ സൗദിയിലേക്ക് പോകും കേട്ടോ .

ഇനി രണ്ട് വർഷം കഴിഞ്ഞേ വരുള്ളൂ.
നീ എല്ലാം ഒന്ന് നോക്കിക്കൊള്ളണം

അവനും സൂര്യന് അടുത്തായി വന്നിരുന്നു .

പിന്നെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ഇവിടെ താമസിച്ചാൽ മതി.

അച്ഛനോട് ഞാൻ പറഞ്ഞോളാം …..

താഴെ കട റെന്റിനു കൊടുത്തേക്കുവാ.
പെട്ടന്ന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അവിടുന്ന് വാങ്ങിയാൽ മതി ഇവിടെ ഒന്നും ഇരിപ്പില്ല . കടയിലെ ഗോപി ചേട്ടനോട് ഞാൻ പറഞ്ഞേക്കാം .

പിന്നെ എന്റെ ബൈക്ക് താഴെ ഇരിപ്പുണ്ട്.
ഞാൻ വരുന്നത് വരെ അത് നിന്റെ കൈയിൽ ഇരിക്കട്ടെ.

അവൻ പറയുന്നത് എല്ലാം കേട്ട് സൂര്യൻ തലയാട്ടി .

ഇവിടെ ജോലി സങ്കടിപ്പിക്കാൻ കുറച്ച് പാടാ ……
എന്തായാലും കുറച്ച് ദിവസം കഴിഞ്ഞിട്ട് നിനക്ക് ഒരു ജോലി  നോക്കാം.

പെട്ടന്ന് കിച്ചുവിന്റെ ഫോൺ റിങ്‌ ചെയ്തു .
ഞാൻ ഇറങ്ങട്ടെ ഡാ…… ഫോൺ നോക്കികൊണ്ട്‌ അവൻ പോകാൻ എഴുന്നേറ്റു .

കിച്ചു ഡാ നിന്നോട് ഒരു പ്രധാന കാര്യം ഞാൻ പറഞ്ഞില്ല. എന്താ ഡാ…. കിച്ചു അവനെ നോക്കി.
എടാ ഞങ്ങളുടെ……

സൂര്യൻ പറഞ്ഞ് തുടങ്ങും മുൻപേ  കിച്ചുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു.

ഓഹ് എടാ വീട്ടിൽ നിന്ന് അച്ഛൻ വിളിക്കുന്നതാ……

അവൻ ഫോൺ അറ്റൻഡ് ചെയ്തു…..

ഞാൻ ഇറങ്ങി അച്ഛാ…… ഒരു പത്ത് മിനിറ്റ്…..
അവൻ ഫോൺ വച്ചു…..

എടാ അത്യാവശ്യമായി വീട്ടിൽ ചെല്ലാൻ.. ഞാൻ വിളിക്കാം നിന്നെ.

ഇപ്പോൾ പോട്ടെ….. പോട്ടെ പെങ്ങളെ….
അവൻ ഗായത്രിയേ നോക്കി പറഞ്ഞു.
ശേഷം അവൻ ഇറങ്ങി…

കഥ തുടർന്ന് വായിക്കുവാൻ ലിങ്ക് സന്ദർശിക്കുക