ഒരു ഔദ്യോഗിക വിവാഹലോചനയായിരുന്നു അത്, ഒട്ടും പ്രിപയെർഡ് അല്ലാഞ്ഞിട്ടും അവൻ അമ്മയുടെ നിർബന്ധം..

കടലോളം
(രചന: Ammu Santhosh)

“എനിക്ക് കരയുന്ന ആണുങ്ങളെ ഇഷ്ടാണ്.. കരയുന്ന ആണുങ്ങൾ മിക്കവാറും ഒരു ഈഗോയുമില്ലാത്ത പാവങ്ങൾ ആയിരിക്കും ”

അവർ കടൽക്കരയിലായിരുന്നു… അശോകും കല്യാണിയും…

“ശരിക്കും കരയുന്ന ആണുങ്ങൾ പാവങ്ങളാണെന്നെ ” അവൾ വീണ്ടും പറഞ്ഞു

“കള്ളത്തരം ഉള്ളവരും കരഞ്ഞു കാര്യങ്ങൾ സാധിക്കാറുണ്ട്. അങ്ങനെ ജനറലൈസ്
ചെയ്യണ്ട ”

അവൻ വാച്ചിൽ നോക്കി പറഞ്ഞു
ഒരു ഔദ്യോഗിക വിവാഹലോചനയായിരുന്നു അത്. ഒട്ടും പ്രിപയെർഡ് അല്ലാഞ്ഞിട്ടും അവൻ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രം കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണ്.

തനിച്ചു മീറ്റ് ചെയ്യണമെന്നും പരസ്പരം ഇഷ്ടപെട്ടാൽ മാത്രം വീട്ടുകാർ ഉൾപ്പെടുന്ന ചടങ്ങ് നടത്തിയ മതിയെന്നും പെൺകുട്ടി തന്നെ ആണ് പറഞ്ഞത്.

അമ്മ അത് സമ്മതിച്ചു പോന്നപ്പോൾ അവന് നല്ല ദേഷ്യം വന്നതാണ്. പിന്നെ പാവത്തിന്റെ മുഖം കാണുമ്പോൾ ഒന്നും പറയാനും തോന്നില്ല.

“അശോക് പോലീസ് ആയത് കൊണ്ട അങ്ങനെ പറഞ്ഞത്. നിങ്ങൾ കൂടുതലും കള്ളന്മാരുമായല്ലേ സഹവാസം?” അവൾ കുസൃതിയിൽ ചിരിച്ചു

“എന്തായാലും അപ്പൊ തനിക്ക് എന്നെ ഇഷ്ടപ്പെടാൻ യാതൊരു വഴിയുമില്ല. ഞാൻ കരയാറില്ല. പൊതുവെ കരയുന്ന ആണുങ്ങളെ
എനിക്കിഷ്ടവുമല്ല ”

കല്യാണിയുടെ ചിരി മാഞ്ഞു

എനിക്ക് നിങ്ങളെ വളരെ ഇഷ്ടായി എന്നൊരു വാചകം അവളുടെ തൊണ്ടയിൽ വന്നു തടഞ്ഞു നിന്നു.

“നമുക്ക് പോയാലോ? എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയം ആകുന്നു ”

അവൻ നടന്നു തുടങ്ങി

“അശോക് വീട്ടിൽ ചെന്ന് എന്ത് പറയും?”

“തല്ക്കാലം വേണ്ട എന്ന് പറയും. ”

അവൾ അല്പം നിരാശയോടെ അവനെ നോക്കി. അവനാകട്ടെ അവളെ നോക്കിയത് പോലുമില്ല. അവൾ ബസിൽ കയറി പോകും വരെ കാത്തു നിന്നുമില്ല

“മുരടൻ “അവൾ പിറുപിറുത്തു

“അതൊന്നും ശരിയാവില്ലമ്മേ ആ കുട്ടിക്ക് വേറെ തരം ആണുങ്ങളെയാണ് ഇഷ്ടം.”എന്നുഴപ്പി പറഞ്ഞിട്ട് അവൻ സ്റ്റേഷനിലേക്ക് പോയി

“നല്ല ആളാണ്.. പക്ഷെ ഉടനെ വേണ്ട. കുറച്ചു കഴിഞ്ഞോട്ടെ “എന്ന് അവളും അവളുടെ വീട്ടിൽ പറഞ്ഞു.

പിന്നെ ആലോചിച്ചു നോക്കിയപ്പോൾ അവൾ ഓർത്തു

തങ്ങൾ ഓപ്പോസിറ്റ് ആണ്. താൻ വെജിറ്റേറിയൻ അയാൾ നോൺ. തനിക്ക് യാത്ര ഇഷ്ടമാണ്. അയാൾക്ക് അത് വലിയ ഇഷ്ടമുള്ള കാര്യമല്ല. തനിക്ക് വായന ഇഷ്ടം. ബുക്ക്‌ കാണുമ്പോൾ ഞാൻ ഉറങ്ങും എന്ന് അയാൾ.

ഒരു പാട് സംസാരിക്കും എന്ന് താൻ പറഞ്ഞപ്പോ എനിക്ക് ഒത്തിരി സംസാരം വേഗം മുഷിയും എന്ന് ആൾ പറഞ്ഞു.

പോട്ടെ വിട്ടേക്കാം. അവൾ കട്ടിലിൽ വീണ് പുതപ്പ് വലിച്ചു മൂടി. പക്ഷെ എന്തൊ ഒന്ന് കൊളുത്തി വലിക്കുന്ന പോലെ

ആ കണ്ണുകൾ. ഇളം തവിട്ട് നിറമുള്ള കണ്ണുകൾ. അയാളുടെ കണ്ണുകൾ ഒരു പ്രശ്നം ആയല്ലോ ഈശ്വര എന്ന് ഓർത്തവൾ കണ്ണുകൾ ഇറുക്കി അടച്ചു.

അശോകിന്റെ ചിന്തകളിലേക്ക് പിന്നെ അവൾ വന്നത് രണ്ട് ദിവസം കഴിഞ്ഞ് ഒരു പകൽ സ്റ്റേഷനിൽ വന്ന ഒരു മോഷണ കേസിന്റെ ഇടയിലായിരുന്നു. പ്രതിയെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരൻ വല്ലാതെ കരയുന്നത് കണ്ടപ്പോൾ പെട്ടന്ന് അവളെ അവൻ ഓർത്തു

“പാവമാ സാറെ ഇവൻ. എനിക്ക് നേരിട്ട് അറിയാവുന്ന പയ്യനാ.പാവം കക്കുകയൊന്നുന്നില്ല” കോൺസ്റ്റബിൾ അവനോട് പറഞ്ഞു.

ചോദിക്കണ്ട രീതിയിൽ ചോദിച്ചപ്പോൾ കേസ് വെറും കള്ളക്കേസ് ആവുകയും വാദി പ്രതിയാവുകയും ചെയ്തു

പോകാൻ നേരം നന്ദി പറയുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കല്യാണിയുടെ നമ്പർ . ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ അപ്പൊ അവൻ വിളിച്ചേനെ.

പിറ്റേന്ന് പകൽ ഒരു കൂട്ടം പെൺകുട്ടികൾ കാണാൻ വന്നപ്പോൾ അവൻ ആദ്യം ഒന്ന് അമ്പരന്നു. സ്ഥലത്തെ കോളേജ് വിദ്യാർഥിനികളാണ്.

കോളേജിൽ ഒരു കരാട്ടെ ക്ലാസ്സ്‌ തുടങ്ങുന്നു. അത് മാത്രം അല്ല മാർഷൽ ആർട്സ് എല്ലാം. ഉത്ഘാടനം ചെയ്തു തരണം എന്ന് കുട്ടികളുടെ ലീഡർ പറഞ്ഞപ്പോൾ അവൻ ഒഴിയാൻ നോക്കി. പിന്നെ കോളേജിന്റെ പേര് കേട്ടപ്പോൾ.. അത് കല്യാണി പഠിക്കുന്ന കോളേജ് ആണല്ലോ എന്നോർത്തു. പോയാലോ…

പരിപാടികൾക്കിടയിൽ ഒരിക്കൽ പോലും അവളെ കണ്ടില്ല. തീർച്ചയായും താൻ വരുന്നത് അവൾ അറിഞ്ഞിട്ടുണ്ട്. കോളേജിൽ നോട്ടീസ്, ബാനർ ഒക്കെ ഉണ്ടായിരുന്നു. അവന് ഒരു വല്ലായ്മ തോന്നി

തിരിച്ചു മുറിയിൽ വന്നതും ഒരു ഫോൺ കാൾ.

“കാൾ സാറിനാണ് കണക്ട് ചെയ്തേക്കട്ടെ “കോൺസ്റ്റബിൾ നൗഫൽ

“ആരാ എന്ന് ചോദിക്ക്. എമർജൻസി ആണെങ്കിൽ മതി ”

“ഒരു കല്യാണി..” അവൻ വിളറിപ്പോയി

“കണക്ട് ചെയ്യ് ”

കാൾ കണക്റ്റഡ് ആയി

“ഹലോ.”

“താൻ എന്തിനാ ഇങ്ങോട്ട് വിളിച്ചത്?” പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് അവന് തോന്നിയത്

“സോറി “ഒരു അടഞ്ഞ ശബ്ദം
ഫോൺ കട്ട്‌ ആയി.

ശേ വേണ്ടായിരുന്നു… തനിക്ക് സംസാരിക്കാൻ അറിയില്ല. അവൻ സ്വയം കുറ്റപ്പെടുത്തി

“നൗഫൽ ഇപ്പൊ വന്ന കാൾ കട്ട്‌ ആയി
ആ നമ്പർ ഒന്ന് എടുത്തു തന്നേയ്‌ക്കെ ” അവൻ സ്വാഭാവികം ആയ ഒരു ഭാവം മുഖത്ത് വരുത്തി.

നൗഫലിന്റെ മുഖത്ത് കള്ളച്ചിരി.

“ആ കൊച്ച് മൂന്നാല് തവണ വിളിച്ചാരുന്നു. പരിചയം ഉള്ള ആളാണോ സാറെ?”

അവൻ ഒന്ന് മൂളി…

നമ്പർ കിട്ടിയെങ്കിലും തിരിച്ചു വിളിച്ചത് രാത്രി ആണ്. പട്രോളിംഗിന് റോഡിൽ നിൽക്കുമ്പോൾ.

“കല്യാണി ഐ ആം സോറി “അവൻ തുടക്കത്തിൽ തന്നെ പറഞ്ഞു.

“അത് സാരോല്ല.എനിക്കിന്നു കോളേജിൽ വരണം ന്നുണ്ടായിരുന്നു. പറ്റിയില്ല. സാർ വരുമെന്ന് അറിഞ്ഞ് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.

എക്സൈറ്റ്മെന്റ് കൂടിയപ്പോൾ സ്കൂട്ടി ഒന്ന് സ്കിഡ് ആയി.ഞാൻ ബെഡിലുമായി. പ്രോഗ്രാം അടിപൊളി ആയിരുന്നു എന്ന് ഫ്രണ്ട്സ് പറഞ്ഞു. എസ് ഐ സാറിന് ഇപ്പൊ കോളേജിൽ നിറച്ചും ഫാൻസ്‌ ആണ് ”

അവൻ നടുക്കത്തോടെ നിന്നു പോയി

“എങ്ങനെ ഉണ്ട് ഇപ്പൊ?”അവൻ ചോദിച്ചു

“നെറ്റിയിലും കയ്യിലും കാൽമുട്ടിലും പെയിന്റ് പോയി.പിന്നെ കാൽപ്പാദത്തിൽ രണ്ടു സ്റ്റിച്ച്. അത്രേം ഉള്ളു..”

“ഓക്കേ ”

“വീട്ടിലാണോ?”

“അല്ല റോഡിലാ.. ഡ്യൂട്ടിയിൽ ”

“രാത്രി മുഴുവനും?”

“ഉം ”

“കഴിച്ചോ?” അവന്റെ ഉള്ളിൽ എവിടെയോ ചെന്നു കൊണ്ടു ആ ചോദ്യം.

“ഇല്ല ”

“കഴിക്ക് ട്ടോ.. താങ്ക്സ് എന്നെ വിളിച്ചതിന്.. ഗുഡ് നൈറ്റ്‌ ”

“ഗുഡ് നൈറ്റ്‌ ”

അവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞു

“സാറിന്റെ കണ്ണ് നിറഞ്ഞല്ലോ.. ആരായിരുന്നു ഫോണിൽ?”

നൗഫൽ…

അവൻ നൗഫലിന്റെ തോളിൽ ഒന്ന് തട്ടി.

“പോയി ജോലി ചെയ്യ് നൗഫലെ ”

നൗഫൽ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ആൾ റഫ് ഒക്കെയാണെങ്കിലും ഇപ്പൊ ആ മനസ്സ് കലങ്ങിയിട്ടുണ്ട്. കല്യാണി കളവാണി… അവൻ ആ പാട്ട് ഒന്ന് മൂളി

“വേണ്ട കേട്ടോ “അശോക് റോഡിലേക്ക് നോക്കി. നൗഫൽ കുസൃതി ചിരിയോടെ അവനെ കടന്ന് പോയി .

“മോനെ ദേ ഈ കൊച്ചിനെ കണ്ടോ. നമ്മുടെ രമ്യ കൊണ്ടു വന്ന ആലോചനയാ. കോളേജ് പ്രൊഫസർ ആണ്..”അമ്മ നീട്ടിയ ഫോട്ടോ അവൻ നോക്കാതെ മേശപ്പുറത്ത് വെച്ചു

“ജാതകം ചേരും അമ്മ നോക്കിച്ചായിരുന്നു ”

“എന്റെ പൊന്നേ ഞാൻ വല്ല നാട്ടിലോട്ടും ട്രാൻസ്ഫർ വാങ്ങി പോകും കേട്ടോ.. എനിക്ക് ഇപ്പൊ കല്യാണം വേണ്ട “അവൻ മുറിയിൽ കടന്ന് വാതിൽ അടച്ചു

കല്യാണി പിന്നെ വിളിച്ചില്ല. താനും വിളിച്ചില്ല. അവൾക്ക് ഇങ്ങോട്ട് വിളിച്ചാലെന്താ? വയ്യാതെ ഇരിക്കുന്ന ആളെ നിനക്ക് അങ്ങോട്ട് വിളിച്ചാലെന്താ?

ഹൃദയം അവനോട് ചോദിച്ചു ഒടുവിൽ അവൻ തോറ്റു. അവളെ വിളിച്ചു.

“കോളേജിൽ ആണ് പിന്നെ വിളിക്കാം ട്ടോ ”
അടക്കി പറഞ്ഞിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.

പിന്നെ അവൾ അങ്ങോട്ട് വിളിച്ചിട്ട് എടുത്തില്ല.

ശ്ശെടാ ഈ കക്ഷി!

“സാർ ഒരു പെൺകുട്ടി കാണാൻ വന്നിരിക്കുന്നു “അവന്റെ നെഞ്ചിൽ ഒരു പിടപ്പ് ഉയർന്നു

നൗഫൽ ചിരിക്കുന്നത് കണ്ടാൽ അറിയാം അത് കല്യാണി ആണെന്ന്.അവൾ പേര് പറഞ്ഞു കാണും.

“എന്താ ഫോൺ എടുക്കാഞ്ഞേ?”
അവൾ മുറിയിൽ കയറിയതും ചോദിച്ചു

“ബിസി ആയിരുന്നു ”

“നുണ.. ഈഗോ അതാണ് ” അവൾ കസേര വലിച്ചിട്ട് ഇരുന്നു

നെറ്റിയിലെ മുറിപ്പാട് ഉണങ്ങി വരുന്നേയുള്ളൂ അവൻ നോക്കി. കയ്യിലും വെച്ചു കെട്ടുണ്ട്

“കാൽ എങ്ങനെ?”

“അയ്യടാ അറിയണ്ട..”

“ചായ പറയട്ടെ?”

“വേണ്ട.. എനിക്ക് ഒന്ന് കാണാൻ തോന്നി.വന്നു കണ്ടു. പോവാ ” അവൻ പെട്ടെന്ന് ആ കയ്യിൽ പിടിച്ചു

“ആഹ് “അവൾ വേദനിച്ച പോലെ നെറ്റി ചുളിച്ചു.

“ഉയ്യോ സോറി. വേദനിച്ചോ?”

മുറിവിൽ അവൻ തൊട്ടു

“പിന്നെ വേദനിക്കില്ലേ? ഇത് മാത്രം അല്ല.നല്ല തല വേദനയാണ് ഇപ്പൊ. നാളെ സ്കാനിംഗ് പറഞ്ഞേക്കുവാ. ആക്‌സിഡന്റ് നടന്നപ്പോൾ തല ഇടിച്ചോ എന്ന് എനിക്ക് ഓർമയില്ലായിരുന്നു.. ഇപ്പൊ ഓർക്കുമ്പോൾ ഇടിച്ചു കാണും എന്ന് തോന്നുന്നു.”

അവൻ തെല്ല് ഭയത്തോടെ അവളെ നോക്കി

“പോട്ടെ…”

“ഞാൻ കൊണ്ടു വിടാം “അവൻ കീ എടുത്തു

അവളെ വീട്ടിൽ വിട്ട് തിരിച്ചു പോരുമ്പോൾ മനസ്സ് എന്തോ പോലെ. സ്കാനിംഗ് കഴിഞ്ഞു പുറത്ത് വരുമ്പോൾ അവനെ കണ്ടമ്പരന്നു കല്യാണി.

“കുഴപ്പമില്ല എന്നാ ഡോക്ടർ..”

അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടവൾ നിർത്തി. അവൻ വേഗം നടന്നു പോകുകയും ചെയ്തു. കടൽത്തീരം വിജനമായിരുന്നു. ഉച്ച സമയം ആയിരുന്നു അത്.

“നട്ടുച്ചക്ക് ഇവിടെ വന്നു നിൽക്കാൻ വട്ട് ആണോ എന്ന് ആൾക്കാർ ചോദിക്കുമെ ”

അവൾ ചിരിയോടെ അവനെ നോക്കി

“കല്യാണി…..?”

“ഉം?”

“ഞാൻ ഇപ്പൊ ഇടക്ക് കരയാറുണ്ട് ” കല്യാണി പെട്ടെന്ന് അവനെ ഇമ വെട്ടാതെ നോക്കി…

“പക്ഷെ ഞാൻ പാവമൊന്നുമല്ല. ഈഗോ ഉണ്ട്, വാശി ഉണ്ട്, പെട്ടന്ന് ദേഷ്യം വരും. ചുരുക്കത്തിൽ ഒരു തെമ്മാടി പോലീസ് ആണ് ”

അവൾ ചിരിച്ചു പോയി… പിന്നെ കൈ നീട്ടി ആ കയ്യിൽ പിടിച്ചു… ഒന്നിച്ചു നടന്നു…

“ഈ കടൽ പോലെയാണ് അശോക്.. എപ്പോഴും ഇളകി മറിഞ്ഞ്.. ഞാൻ ഈ കര പോലെയും..പക്ഷെ കടലിന് കരയിലേക്ക് വന്നല്ലേ പറ്റു?”അവൾ മെല്ലെ പറഞ്ഞു.

“ഒത്തിരി വായിക്കുംഎന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ”

അവൻ ചിരിയടക്കി പറഞ്ഞു

“അയ്യടാ കോമഡി..”

“സാർ മാറ്റി അശോക് വിളി ആയത് എനിക്ക് ഇഷ്ടായി ” അവൻ ചിരിയോടെ പറഞ്ഞു

അവൾ ആ മുഖത്തേക്ക് ഒന്ന് നോക്കി

“വീട്ടിൽ എന്ത് പറയും?”

“കടലിന് ഇനി കരയെ കാത്തിരിക്കാൻ വയ്യെന്ന് പറയും “അവൻ കുസൃതിയിൽ പറഞ്ഞു

അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു.. അവൻ പുഞ്ചിരിച്ചു…

“ബുക്സ് വായിക്കില്ല എന്ന് പറഞ്ഞിട്ട്…”
അവളുടെ ശബ്ദം ഒന്ന് അടച്ചു അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു…

“ഇഷ്ടങ്ങൾ..മാറും.. ഇഷ്ടമുള്ളവരുടെ ഇഷ്ടങ്ങളിലേക്ക് നമ്മളും മാറും..” അവൾ കണ്ണീരോടെ അവനെ നോക്കി ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *