അച്ഛനും ടീച്ചറും തമ്മിൽ സൗഹൃദത്തിനപ്പുറം എന്തൊ ഉണ്ടായിരുന്നു, പക്ഷെ എന്നും അത്..

കാണാമറയത്തെ മഴവിൽ കാഴ്ചകൾ
(രചന: Ammu Santhosh)

“അച്ഛാ ആ ഫിഷ് ഫ്രൈ അപ്പുവിനുള്ളതാ കേട്ടോ” പാത്രത്തിലേക്ക് എടുത്തു വെച്ച മീൻ വറുത്തത് നകുലൻ തിരിച്ചു വെച്ചു മരുമകളെ നോക്കി പുഞ്ചിരിച്ചു

“ഞാൻ കരുതി നിങ്ങൾ ഭക്ഷണം കഴിഞ്ഞു പോയിട്ടുണ്ടാവുമെന്ന്. രണ്ടു മണി കഴിഞ്ഞില്ലേ?”

“അപ്പു ട്യൂഷൻ കഴിഞ്ഞു എത്തിയതേയുള്ളു. ബാക്കി എല്ലാരും കഴിച്ചു. അച്ഛൻ കറി എടുത്തോളൂ അപ്പുവിന് കറി ഇഷ്ടമല്ല ”

“അത് സാരമില്ല അമ്മാ. ഞങ്ങൾ ഷെയർ ചെയ്തു കഴിച്ചോളാം.. അല്ലെ അപ്പൂപ്പാ? ഇത് അപ്പൂപ്പന്റെ favourite ഫിഷ് അല്ലെ?”

അപ്പു അവിടെ വന്നു നിന്നത് അപ്പോഴാണ് അവർ രണ്ടു പേരും കണ്ടത്

“ഹേയ് വേണ്ട മോനെ എനിക്ക് ഈ കറി തന്നെ ധാരാളം ” കുറച്ചു ചോറും കറിയും വിളമ്പി നകുലൻ ഡൈനിങ് ഹാളിലേക്ക് നടന്നു

മീര അപ്പുവിനെ സൂക്ഷിച്ചു ഒന്ന് നോക്കി

“This is not fair ” അവൻ മൂർച്ചയോടെ പറഞ്ഞു കൊണ്ട് അപ്പൂപ്പനരികിലേക്ക് പോയി.

വൈകുന്നേരം അവന്റെ അച്ഛൻ അഭി വന്നപ്പോൾ അതവൻ പറഞ്ഞും കൊടുത്തു. അഭി പലതവണയായി പലതും കാണുന്നു. കേൾക്കുന്നു.

പ്രണയിച്ചു നടന്ന കാലങ്ങളിൽ മീര വീട്ടിൽ വരുമ്പോൾ അച്ഛനോടായിരുന്നു കൂടുതൽ സംസാരിക്കുക. അച്ഛൻ ആയിരുന്നു അവളുടെ ഹീറോ.

“അഭി.. ഈ കാലത്ത് ഇങ്ങനെ ഒരു അച്ഛൻ… You are lucky ..ഭാര്യ മരിക്കാൻ കാത്തിരിക്കുകയാണ് ഓരോ ആണുങ്ങൾ രണ്ടാമത് കല്യാണം കഴിക്കാൻ.

ഇതിപ്പോ ഇരുപതു വർഷമായി ഒരാൾ കൂട്ടില്ലാതെ കഴിയുന്നു..ഗ്രേറ്റ്‌…എന്ത് നന്നായി കുക്ക് ചെയ്യുന്നു! awsom..പിന്നെ നിന്റെ നാട്..എനിക്കി നാട് ഒത്തിരി ഇഷ്ടായി.

കുളവും പുഴയും ക്ഷേത്രവും.. അച്ഛന് എത്ര കൂട്ടുകാരാണ്.. ഇവിടെ ഇത്രയും പേര് ദിവസം വരുമോ?”

അച്ഛനെ കുറിച്ച് പറയാൻ നുറു നാവായിരുന്നു അവൾക്ക്

അച്ഛൻ അധ്യാപകനാണ് പക്ഷെ അച്ഛന്റെ സുഹൃത്തുക്കളിൽ കൂലിപ്പണിക്കാരുണ്ട് രാഷ്ട്രീയക്കാരുണ്ട്, ഡോക്ടർമാരുണ്ട്..

അങ്ങനെ എല്ലാ വിഭാഗത്തിൽ പെട്ടവർ ഉണ്ട്. അത് കൊണ്ട് തന്നെ തനിക്കൊരിക്കലും മുഷിഞ്ഞിട്ടില്ല. ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടില്ല.

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അർച്ചന ടീച്ചർ ആയിരുന്നു തന്റെ ക്ലാസ്സ്‌ ടീച്ചർ. പഠന കാലം മുഴുവൻ ടീച്ചറുടെ മേൽ നോട്ടത്തിൽ ആയിരുന്നു. അതൊരു സുവർണ കാലമായിരുന്നു.

വിവാഹം കഴിഞ്ഞു മാളുവും അപ്പുവും ജനിച്ചതോടെ മീര മാറി. ഒരു പാട് മാറി.

ആദ്യം അച്ഛന്റെ പാചകം നിർത്തി. അടുക്കളയിൽ അവളുടെ ഭരണം. പിന്നെ കൂട്ടുകാരുടെ സന്ദർശനം നിർത്തി.

“മാളു വളർന്നു വരുവാ എങ്ങനെയാ ആൾക്കാരെ വിശ്വസിക്കുക?”

അച്ഛന്റെ മുഖം വിളറിപ്പോകുന്നത് കണ്ടു

ഒരു വഴക്ക് പാടില്ല എന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു.

“അവൾ പറയുന്നതിലും കാര്യമുണ്ട് മോനെ “അച്ഛൻ പറഞ്ഞു

ഒരു ദിവസം അച്ഛന്റെ മുറി അപ്പുവിനും മാളുവിനുമായി കൊടുത്തു. ആഴ്ചയിൽ ഒരിക്കൽ ആണ് താൻ ജോലി സ്ഥലത്ത് നിന്നു വരിക. അപ്പോഴാണ് പുതിയ ഭരണപരിഷ്‌കാരം ശ്രദ്ധിച്ചത്

“ഇതെന്താ ഇങ്ങനെ?”

“അച്ഛന് എന്തിന് അത്രയും വലിയ മുറി?കോണിച്ചുവട്ടിലെ മുറിക്ക് അത്യാവശ്യം വലിപ്പമുണ്ടല്ലോ “.

“അത് നീയാണോ തീരുമാനിക്കുന്നത്?”

“മോനെ… ശബ്ദം വേണ്ട… എനിക്ക് ഇത് മതി ” അച്ഛൻ പറയുമ്പോൾ പിന്നെ തിരിച്ചു പറയാൻ തോന്നില്ല

അച്ഛൻ ഈയിടെയായിഒരു പാട് ക്ഷീണിച്ചു. അവൻ കുറച്ചു നേരമെന്തോ ആലോചിച്ചിരുന്നു

ഒരു ജീവിതം മുഴുവൻ തനിക്ക് വേണ്ടി മാറ്റി വെച്ച മനുഷ്യൻ. എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് കരുതി….

അർച്ചന ടീച്ചറുടെ വീട്ടിൽ ചെല്ലുമ്പോൾ ടീച്ചർ പൂജാമുറിയിൽ ആയിരുന്നു

“ആഹാ അഭിക്കുട്ടൻ എപ്പോ വന്നു?”

“വന്നേയുള്ളു ടീച്ചർ “അവൻ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്നു എത്തി ഒരു മാങ്ങാ പൊട്ടിച്ചു കടിച്ചു

“നീ കുഞ്ഞായിരിക്കുമ്പോഴേ ഇങ്ങനെ തന്നെ “ടീച്ചർ വാത്സല്യത്തോടെ അവന്റെ ശിരസ്സിൽ തലോടി

“ടീച്ചർ ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് മീരയെയും കുട്ടികളെയും കൊണ്ട് പോവാ… ടീച്ചർ കുട്ടികളുടെ ടിസി ഒന്ന് ശരിയാക്കി തരണം ”

“അയ്യോ അപ്പൊ മാഷ് തനിച്ചാവൂലോ ”

അവൻ ആ കണ്ണിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി അവിടെ ഒരു പിടച്ചിൽ ഉണ്ട്. ഒരു നീറ്റൽ

“അച്ഛൻ തനിച്ചാകും.. സാരമില്ല അച്ഛൻ ഹെൽത്തി അല്ലെ സ്വന്തം കാര്യം നോക്കിക്കൊള്ളും ”

അവൻ നോട്ടം മാറ്റാതെ പറഞ്ഞു

“അത് പിന്നെ.. അത് പിന്നെ..”ടീച്ചർ ഒന്ന് വിക്കി “അഭി.. മാഷ് നിന്നേ പിരിഞ്ഞു നിന്നിട്ടില്ല. അത് അദ്ദേഹത്തിന് പറ്റുമോ?”

“നിങ്ങൾ ഒക്കെ ഇല്ലേ ടീച്ചർ… ടീച്ചർ ഇവിടെ ഒറ്റയ്ക്കല്ലേ? വിപിൻ സാർ പോയിട്ട് ഇപ്പൊ എത്രയോ വർഷമായി. ഒരു മോളുള്ളത് അമേരിക്കയിലും. ടീച്ചർ അച്ഛനെ ശ്രദ്ധിച്ചാൽ മതി ”

ടീച്ചറിന്റെ മുഖം പെട്ടെന്ന് ചുവന്നു പോയത് അവൻ കണ്ടു പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് അച്ഛനോട്…

“അച്ഛൻ എന്താ ഒരു കല്യാണം കഴിച്ചാൽ?”

“പറ്റിയ പെണ്ണിനെ കിട്ടണ്ടെടാ?”

അച്ഛന്റ്റെ തമാശ

“അർച്ചന ടീച്ചർ നല്ലതല്ലേ?”

അച്ഛന്റെയും ടീച്ചറുടെയും കൂട്ട് കണ്ടു ചോദിച്ചു പോയതായിരുന്നു അച്ഛന്റെ മുഖം ഒന്ന് വിളറിയത് ഇന്നും ഓർക്കുന്നു

“എനിക്ക് നീയുണ്ടല്ലോ “എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു അച്ഛൻ അന്ന്.

അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല. ടീച്ചറും അച്ഛനെ പോലെ തന്നെ ഒറ്റപ്പെട്ട് പോയതായിരുന്നു. മകളെ ഗർഭിണി ആയിരിക്കുമ്പോഴാണ് ഭർത്താവ് വിപിൻ സാർ ഒരപകടത്തിൽ മരിച്ചത്.

ടീച്ചർ ആ നാട്ടിൽ നിന്നിങ്ങോട്ട് വന്നു . ഇവിടെ നിറയെ സൗഹൃദങ്ങൾ ഉണ്ടായി.

പക്ഷെ അച്ഛനും ടീച്ചറും തമ്മിൽ സൗഹൃദത്തിനപ്പുറം എന്തൊ ഉണ്ടായിരുന്നു. പക്ഷെ എന്നും അത് അവരുടെ ഉള്ളിൽ തന്നെ ഇരുന്നു .

“ഞാൻ പോവാ ടീച്ചർ.. നാളെ ഞങ്ങൾ പോകും.. ടീച്ചർ വരില്ലേ?”

ടീച്ചർ മെല്ലെ തലയാട്ടി

പോകുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തില്ല. ചിലപ്പോൾ മീരയുടെ തീരുമാനമാണ് അതെന്ന് അച്ഛൻ കരുതി കാണും.

“ഇപ്പൊ എന്തിന ഞങ്ങൾ വരുന്നേ? കുട്ടികൾക്ക് ഇവിടെ ആണ് നല്ലത്.. അച്ഛൻ ഉള്ളത് കൊണ്ട് സേഫ് അല്ലെ?”

മീര പറഞ്ഞു കൊണ്ടിരുന്നു. അവൻ അത് ശ്രദ്ധിക്കാൻ പോയില്ല.

“നമുക്ക് നിന്റെ അച്ഛനോടും അമ്മയോടും ഇടക്ക് വീട്ടിൽ വന്നു നിക്കാൻ പറയാം . നിന്റെ വീട്ടിൽ നിന്നു അര മണിക്കൂറേയുള്ളു അവിടേയ്ക്ക്.”

“ഓ അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ? അവർക്ക് നൂറായിരം കാര്യങ്ങൾ കാണില്ലേ അവരുടേതായി…?നമുക്ക് വേണ്ടി ഒക്കെ മാറ്റി വെയ്ക്കണ്ടേ?”

അവൻ ഒന്ന് സൂക്ഷിച്ചു നോക്കി

“എന്റെ അച്ഛനും ഉണ്ടാകും അങ്ങനെ മാറ്റി വെയ്ക്കണ്ടാത്ത കുറച്ചു കാര്യങ്ങൾ. നമ്മുടെ സമാധാനത്തിനു വേണ്ടി മാത്രം ഉപേക്ഷിച്ച ഇഷ്ടങ്ങൾ. അച്ഛൻ ജീവിക്കട്ടെ.. ഇനി അച്ഛന്റെ ഇഷ്ടത്തിന് ”

അവൾ നിശബ്ദയായി

അടുത്ത മാസത്തിലെ രണ്ടാം ശനിയാഴ്ച മീരയെയും കുട്ടികളെയും സ്വന്തം വീട്ടിലേക്ക് വിട്ട് അഭി അച്ഛനരികിലെത്തി

അവൻ എത്തുമ്പോൾ സായാഹ്നമായിരുന്നു വീട് മുഴുവൻ അച്ഛന്റെ കൂട്ടുകാർ അച്ഛൻ പാചകത്തിലാണ്

“അടുക്കളയിൽ വറുക്കുന്ന മീനിന്റെ മണം അങ്ങ് ജംഗ്ഷനിൽ നിന്നു കിട്ടി ”

അവൻ അച്ഛനെ പിന്നിൽ നിന്നിറുക്കി കെട്ടിപ്പിടിച്ചു പറഞ്ഞു

“മീൻ നീ ഫോൺ ചെയ്തു വരുമെന്ന് പറഞ്ഞപ്പോൾ വാങ്ങിയതാ… പിന്നെ കപ്പ പുഴുങ്ങിയത് ദേ അർച്ചന കൊണ്ട് വന്നു..

നീ വരുമെന്ന് അറിഞ്ഞപ്പോൾ എല്ലാരും അവരുടെ വക കുഞ്ഞ് പൊതികൾ… അങ്ങനെ നിറയെ ഭക്ഷണം ആയി. നീ ഒറ്റയ്ക്കാ വന്നത്?”

“ഉം ”

അവൻ ഒന്ന് മൂളി

അച്ഛൻ പെട്ടെന്ന് ചെറുപ്പമായത് പോലെ. പത്തു വയസ്സ് കുറഞ്ഞത് പോലെ..

“മാഷേ ദേ ഇല മുറിച്ചു വെച്ചേ ”

അർച്ചന ടീച്ചർ

“ആഹാ.. വൈകുന്നല്ലോ എന്ന് ഇപ്പൊ മാഷ് പറഞ്ഞേയുള്ളു ”
ടീച്ചർ നേർമ്മയായ് ചിരിച്ചു

“രണ്ടു ദിവസം ഉണ്ടാവില്ലേ?”

“തിങ്കളാഴ്ചയേ പോകുന്നുള്ളൂ “അവൻ മറുപടി പറഞ്ഞു

“അത് നന്നായി.. അപ്പൊ ഞാൻ പോവ ട്ടോ. സന്ധ്യയായി. വിളക്ക് വെയ്ക്കണം..”

“നീ കുറച്ചു ഭക്ഷണം എടുത്തിട്ട് പൊ.. ഇനി രാത്രി ഒന്നും വെയ്ക്കണ്ട “അച്ഛന്റെ സ്വരത്തിൽ സ്നേഹം ഉണ്ട്.
സ്നേഹം മാത്രമല്ല ഒരധികാരം, കരുതൽ.

ടീച്ചർ മറുത്തൊന്നും പറയാതെ കുറച്ചു ഭക്ഷണം ഒരു പാത്രത്തിലാക്കി യാത്ര പറഞ്ഞു പോയി രാത്രി അച്ഛന്റെ പഴയ മുറിയിൽ അച്ഛന്റെ കട്ടിലിൽ അച്ഛനോട് ചേർന്ന് കിടക്കവേ അവൻ പഴയ കുട്ടിയായി

“ടീച്ചർ ഒറ്റയ്ക്കല്ലേ അച്ഛാ ടീച്ചർക്ക് ഇവിടെ താമസിച്ചു കൂടെ?”

പെട്ടെന്ന് അവൻ ചോദിച്ചു

“രണ്ടിലൊരാൾക്ക് ആവതില്ലാതെ വരട്ടെ.. അപ്പൊ താമസിക്കാം “മടിയൊന്നുമില്ലാതെ അച്ഛൻ മറുപടി പറഞ്ഞു

“അതെന്തിന അച്ഛാ അങ്ങനെയൊരു വാശി?”

“വാശി ഒന്നുമല്ല…. അവൾക്ക് ജോലിയുണ്ട്.. റിട്ടയർ ആവട്ടെ. അവളും തീർത്തും ഒറ്റയ്ക്കാവുമ്പോൾ ഇവിടെ താമസിച്ചോട്ടെ..

അവൾക്ക് ഞാനുണ്ടെന്ന് ഇവിടെ താമസിക്കാതെ തന്നെ അവൾക്ക് അറിയാം.. തിരിച്ച് എനിക്കും ”

അവൻ അച്ഛനെ ഒന്ന് ചേർത്ത് പിടിച്ചു പിന്നെ കണ്ണുകളടച്ചു അച്ഛൻ അവനെയും..

Leave a Reply

Your email address will not be published. Required fields are marked *